- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദുത്വദേശീയത: ഗോദ്‌സെയിൽനിന്ന് ഗോധ്രയിലേക്ക്
'with sufficient repetition, it would not be impossible to prove that a square is infact a circle' - Joseph Goebbels
''ചരിത്രം ഒരു അപസർപ്പക കഥയാണ്''
വിനായക് നാഥുറാം ഗോദ്‌സെയെ 'മഹാത്മാ' എന്നു വിശേഷിപ്പിച്ചത് ഗാന്ധിവധക്കേസിലെ പ്രതികളിലൊരാളായ ഡോ. ദത്താത്രേയ സദാശിവ പാർച്ചുറെയാണ്. 1983-ൽ സ്‌പെക്ടേറ്റർ മാഗസിനുവേണ്ടി ഇയാൻ ജാക്ക് എന്ന പത്രപ്രവർത്തകൻ പാർച്ചുറെയുമായി നടത്തിയ അഭിമുഖത്തിലാണ് ഈ പ്രയോഗം കടന്നുവരുന്നത്. 'A Mahatma who shot Gandhi' എന്നായിരുന്നു ആ അഭിമുഖത്തിന്റെ തലക്കെട്ട്. ഗ്വാളിയറിലെ ഹിന്ദുമഹാസഭാ നേതാവും തത്യാറാവു സവർക്കറുടെ വിശ്വസ്തനും ഗ്വാളിയർ രാജകുടുംബത്തിന്റെ ഡോക്ടറുമായിരുന്നു പാർച്ചുറെ. ആയുധവ്യാപാരിയായിരുന്ന ജഗദീഷ് പ്രസാദ് ഗോയൽ വഴി '9 mm ബെരേറ്റ' എന്ന ഇറ്റാലിയൻ നിർമ്മിത സെമി ഓട്ടോമാറ്റിക് പിസ്റ്റൾ ഗോദ്‌സെക്കു ലഭ്യമാക്കിയത് പാർച്ചുറെയാണ്. ആ തോക്കുകൊണ്ടാണ് ഗോദ്‌സെ ഗാന്ധിയെ വെടിവെച്ചു കൊന്നത്. ഗ്വാളിയർ മഹാരാജാവിന്റെ മിലിട്ടറി സെക്രട്ടറി വി.വി. ജോഷിയുടേതായിരുന്നു ഗോദ്‌സെ 300 രൂപ കൊടുത്തു വാങ്ങിയ ആ തോക്ക്.
ആർഎസ്എസിനു സമാന്തരമായി രൂപംകൊണ്ട ഹിന്ദുമഹാസഭയുടെ പ്രതിനിധിയായി ശ്യാമപ്രസാദ് മുഖർജി നെഹ്രു മന്ത്രിസഭയിൽ അംഗമായിരുന്നു. ഹിന്ദുമഹാസഭക്ക് തീവ്രത പോരാ എന്നുപറഞ്ഞ് ഹിന്ദുരാഷ്ട്രദൾ, ഹിന്ദുരാഷ്ട്രസേന തുടങ്ങിയ സംഘടനകളുണ്ടാക്കി സവർക്കറുടെയും ഇതര നേതാക്കളുടെയും അനുഗ്രഹത്തോടെതന്നെ തങ്ങളുടെ തീവ്രഹിന്ദുത്വവും മുസ്ലിം വിരോധവും ഒന്നിച്ചു സാക്ഷാത്കരിക്കുന്ന നിരവധി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയവരിൽ ഒരാളായിരുന്നു പാർച്ചുറെ. ഗാന്ധിയായിരുന്നു അവരുടെ ഏറ്റവും വലിയ ശത്രു. ഗാന്ധിയെ വധിക്കുക എന്നതായിരുന്നു അവരുടെ ഏറ്റവും വലിയ ലക്ഷ്യവും സ്വപ്നവും. അതു നടപ്പിലാക്കിയതുകൊണ്ടാണ് ഗോദ്‌സെയെ മഹാത്മാവെന്ന് നിസംശയം പാർച്ചുറെ വിശേഷിപ്പിച്ചത്.
1997 വരെ ഡൽഹിയിലെ നാഷണൽ ഗാന്ധി മ്യൂസിയത്തിൽ അദ്ദേഹം ഉപയോഗിച്ചിരുന്ന മറ്റു വസ്തുക്കൾക്കൊപ്പം 9 mm ബെരേറ്റയും പൊതുദർശനത്തിനു വച്ചിരുന്നു. പിന്നീടത് ലോക്കറിലേക്ക് മാറ്റി. ഗാന്ധി മ്യൂസിയം സന്ദർശിക്കുന്നവരുടെ മനസ്സിൽ നെഗറ്റീവ് ചിന്ത രൂപപ്പെടാം എന്ന കാരണം പറഞ്ഞാണ് ആ തോക്ക് മാറ്റിയത് എന്നു കരുതപ്പെടുന്നു.
മേല്പറഞ്ഞ രണ്ടു സന്ദർഭങ്ങളിൽനിന്ന്, ഗാന്ധിവധത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ആധുനിക ഇന്ത്യയുടെ ചരിത്രത്തെ വഴിതിരിച്ചു വിട്ടതിന്റെ അസാധാരണമായ ഒരു ഡോക്യുഫിക്ഷനും ചരിത്രനോവലും രൂപപ്പെടുത്തുകയാണ് വിനോദ്കൃഷ്ണ 9mm ബെരേറ്റയിൽ. ലോകചരിത്രത്തിലെതന്നെ ഏറ്റവും പ്രസിദ്ധവും നിഷ്ഠൂരവുമായ കൊലപാതകങ്ങളിലൊന്നിന്റെ കഥമാത്രമല്ല 9 mm ബെരേറ്റ. ആ കൊലപാതകത്തിനു പ്രേരണ നൽകിയ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ തുടർജീവിതം ഇന്ത്യയുടെ പിൽക്കാല രാഷ്ട്രീയത്തെ ഹിംസാത്മകമായി പുനർവിഭാവനം ചെയ്തതിന്റെ ചരിത്രവുമാണ്.
രണ്ടു സമാന്തര ധാരകളിലാണ് 9mm ബെരേറ്റയുടെ ആഖ്യാനം മുന്നേറുന്നത്. 1948 ജനുവരി ആദ്യം മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നാഥുറാം ഗോദ്‌സെ, നാരായൺ ആപ്‌തെ എന്നിവരുടെ നേതൃത്വത്തിലും ദിഗംബർ ബഡ്‌ഗെ, വിഷ്ണുരാമകൃഷ്ണ കർക്കറെ, ഗോപാൽ ഗോദ്‌സെ, ശങ്കർ കിസ്തയ്യ, മദൻലാൽ പഹ്‌വ എന്നിവരുടെ പങ്കാളിത്തത്തിലും സവർക്കറുടെ അനുഗ്രഹാശ്ശിസ്സുകളിലും ദാദാ മഹാരാജ് മുതൽ ദത്താത്രേയ പാർച്ചുറെ വരെയുള്ളവരുടെ ഉപദേശത്തിലും വൻകിട വ്യവസായികൾ മുതൽ ബാങ്കർമാർ വരെയുള്ളവരുടെ പിന്തുണയിലും ആയുധക്കച്ചവടക്കാർ മുതൽ നാട്ടുരാജാക്കന്മാർ വരെയുള്ളവരുടെ സഹായത്തിലും നടപ്പായ ഗാന്ധിവധശ്രമങ്ങളുടെ അസാധാരണമായ ആസൂത്രണങ്ങളും ചെറിയ ചില മുന്നേറ്റങ്ങളും വലിയ ചില പാളിച്ചകളും അപ്രതീക്ഷിതമായ തിരിച്ചടികളും അമ്പരപ്പിക്കുന്ന അന്തിമവിജയവുമാണ് ഒരു ധാര.
നൂറ്റാണ്ടുകളായി നിലനിന്ന ബ്രാഹ്മണാധിപത്യം, കരാളരൂപം കൈക്കൊണ്ട ജാതിപീഡനങ്ങൾ, പതിറ്റാണ്ടുകളായി ആവർത്തിച്ചുകൊണ്ടിരുന്ന ഹിന്ദു-മുസ്ലിം വർഗീയലഹളകൾ, ബ്രിട്ടീഷ് ഭരണത്തിന്റെ ഒടുവിൽ സംഭവിച്ച ഇന്ത്യാ-പാക് വിഭജനം, അത് സൃഷ്ടിച്ച നരകതുല്യമായ അഭയാർഥിപ്രവാഹങ്ങൾ, സമാനതകളില്ലാത്ത കൂട്ടക്കൊലകൾ, ബലാൽക്കാരങ്ങൾ, സാമൂഹികവും സാമ്പത്തികവുമായ ദുരന്തങ്ങൾ... എന്നിവയൊക്കെ ഇതിന്റെ ഭാഗമായി മാറുന്നു. അതിസൂക്ഷ്മമായ ഭാവകന്ദങ്ങളിൽ, അതിസാന്ദ്രമായ കാമനാബന്ധങ്ങളിൽ, വ്യക്തികൾക്കിടയിൽ രൂപംകൊള്ളുന്ന നരജീവിതത്തിന്റെ മഴവിൽ വൈവിധ്യം ഈ ചരിത്രാനുഭവങ്ങളെയും രാഷ്ട്രീയലോകങ്ങളെയും മൂർത്തവും തീവ്രവുമായ വികാരകുംഭങ്ങളിൽ സംഭരിക്കുന്നു; വിചാരസൗന്ദര്യങ്ങളോടെ പ്രതിഫലിപ്പിക്കുന്നു.
രണ്ടാമത്തെ ധാര, ഗുജറാത്ത് കലാപാനന്തര ഇന്ത്യൻ രാഷ്ട്രീയത്തിൽ രൂപംകൊണ്ട ഹിന്ദുത്വ വാദമുന്നേറ്റത്തിന്റെ രക്തരൂഷിതമായ സമീപകാല ചരിത്രത്തിന്റേതാണ്. ഇന്ത്യാവിഭജനവും ഗാന്ധിവധവും മുതൽ ബാബ്‌റി മസ്ജിദിന്റെ തകർക്കൽ വരെയും പിന്നീടൊരു പതിറ്റാണ്ടും ഇന്ത്യയിലങ്ങോളമിങ്ങോളം നടന്നുകൊണ്ടിരുന്ന ഹിന്ദുത്വരാഷ്ട്രീയ ധ്രുവീകരണത്തിന്റെ മൂന്നാം ഘട്ടമാണിത്. ഈ ഘട്ടത്തിലെ പതിനഞ്ചോളം സന്ദർഭങ്ങൾക്കു പിന്നിൽ ആസൂത്രകരായി പ്രവർത്തിക്കുന്ന ശിവറാം ഗോധ്ര, വിമൽ വൻസാര എന്നിവരെ കേന്ദ്രീകരിച്ചാണ് ഈ ആഖ്യാനം മുന്നോട്ടുപോകുന്നത്. ഏറെക്കുറെ ആപ്‌തെ-ഗോദ്‌സെ സഖ്യംപോലെയാണ് ഗോധ്ര-വൻസാര സംഖ്യവും. കാലം മാറി എന്നു മാത്രം. ഒപ്പം ആയുധങ്ങളും തന്ത്രങ്ങളും. നാഥുറാം ഗോദ്‌സെയിൽനിന്ന് ശിവറാം ഗോധ്രയിലേക്കു കൈമാറിയെത്തിയ ഹിന്ദുത്വ ഇന്ത്യയുടെ രാഷ്ട്രീയജീവിതമാണ് ഈ രണ്ടാം ധാരയുടെ പശ്ചാത്തലം. ആപ്‌തെയും വൻസാരയും ഉറ്റതോഴരായി അവരുടെ കൂടെനിന്നു. സിലിക്കൺ വാലിയിൽ രൂപംകൊണ്ട സൈബർ ഹിന്ദുത്വത്തിന് ഇന്ത്യൻ പൊതുമണ്ഡലത്തിലേക്കുണ്ടായ വ്യാപനത്തിന്റെ മുഖങ്ങളാണ് ശിവറാമും വിമലും. സൈബർ മാധ്യമലോകം നിയന്ത്രിക്കുന്ന ഗുജറാത്തനന്തര ഇന്ത്യയുടെ മൂർത്തവും പ്രത്യക്ഷവുമായ രാഷ്ട്രീയചരിത്രം. ആപ്‌തെക്കും ഗോദ്‌സെക്കും കൂട്ടാളികളും സഹായികളും സംരക്ഷകരും ഉപദേശകരുമായുണ്ടായിരുന്നവർക്ക് ഏറെക്കുറെ സമാനരായി ലക്ഷ്മൺ ഗാവന്തും അജ്മൽ റാസയെന്ന രാംചമറും മേധാകെഹ്‌ലയും സ്വാമി ശിവാനന്ദയും പ്രകൃതിഠാക്കൂറും അമിത്ചന്ദ്രപുരോഹിതും 'ദൈവം' എന്നു സൂചിപ്പിക്കപ്പെടുന്ന ഹിന്ദുത്വത്തിന്റെ ബിഗ്ബ്രദറും ഈ രണ്ടാം ധാരയെ നിയന്ത്രിക്കുന്നു, നിർണയിക്കുന്നു.
ഇവിടംകൊണ്ടു തീരുന്നില്ല, 1948ന്റെ സമാന്തര പുനർവിഭാവനങ്ങൾ. ബ്രാഹ്മണ്യത്തിന്റെ ജാതിഹിംസ രണ്ടു കാലത്തും അങ്ങേയറ്റം ആസൂത്രിതമായി നടപ്പാക്കപ്പെടുന്നതിന്റേതാണ് ഒരു സമാന്തരത. മതവെറി നിയന്ത്രിക്കുന്ന ആൾക്കൂട്ടഹിംസകളുടെയും വ്യക്തിഹത്യകളുടെയും അറപ്പേതുമില്ലാത്ത നടപ്പാക്കലുകളുടേതാണ് മറ്റൊന്ന്. രാഷ്ട്രത്തെത്തന്നെ കീറിമുറിക്കുന്ന യുക്തികൾകൊണ്ട് ഭരണകൂടം മുതൽ തീവ്രവാദ സംഘടനകൾ വരെ നടത്തുന്ന രാഷ്ട്രീയവ്യാപാരങ്ങളുടേതാണ് ഇനിയുമൊരു സമാന്തരത. സാംസ്‌കാരിക ദേശീയതയെന്ന ഓമനപ്പേരിൽ പോറ്റിവളർത്തപ്പെടുന്ന മതദേശീയതയുടെയും മതരാഷ്ട്രവാദത്തിന്റെയും ഹിംസ്രസ്വരൂപമാണ് മറ്റൊരു സമാന്തരത. മുസ്ലിംവെറി, വംശീയകലാപങ്ങൾ മുതൽ ഭരണകൂടഭീകരത വരെയുള്ള കിരാതത്വങ്ങളായി ഇന്ത്യയെ വികല്പങ്ങളിൽനിന്ന് വികല്പങ്ങളിലേക്കു നയിക്കുന്നതിന്റേതാണ് വേറൊരു സമാന്തരത. ഗാന്ധിയെ വധിക്കാൻ ഗോദ്‌സെ ഉപയോഗിച്ച 9mm ബെരേറ്റയെന്ന സെമി ഓട്ടോമാറ്റിക് പിസ്റ്റൾ അരനൂറ്റാണ്ടുകാലം പൊതുജനങ്ങൾക്കു കാണാൻ പ്രദർശിപ്പിച്ചിരുന്ന മ്യൂസിയത്തിൽനിന്ന് മോഷ്ടിച്ച് അതു വലിയൊരു വിവാദമാക്കുകയും കശ്മിരിലെ കുപ്‌വാരയിൽനിന്നുള്ള ആബിയ എന്ന മുസ്ലിം വിദ്യാർത്ഥിനിയെ കോളേജ് കാമ്പസിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ആൾക്കൂട്ടവിചാരണ നടത്തി പരസ്യമായി വെടിവച്ചു കൊല്ലാൻ അതേ തോക്ക് ഉപയോഗിക്കുകയും ചെയ്യുന്നു, ശിവറാം ഗോധ്ര. ഗോദ്‌സെ ഗാന്ധിയെ വധിച്ച അതേസമയത്തുതന്നെ. വൈകുന്നേരം 5.17ന്. ഒരുപക്ഷെ ഈ നോവലിന്റെ ഇതിവൃത്തപരവും പ്രത്യയശാസ്ത്രപരവുമായ സ്വഭാവത്തെയും ചരിത്രപരവും രാഷ്ട്രീയവുമായ സ്വരൂപത്തെയും രണ്ടുകാലങ്ങളിലേക്ക് സമബലത്തോടെ വിടർത്തിനിർത്തുന്ന ഏറ്റവും മൂർത്തമായ രൂപകം '9mm ബെരേറ്റ'യെന്ന ഈ ആയുധമാണ്; അത് സൃഷ്ടിച്ച രക്തസാക്ഷിത്വങ്ങളുടെ സാംസ്‌കാരിക മൂലധനമാണ്. കഴിഞ്ഞ നൂറ്റാണ്ടിൽനിന്ന് ഈ നൂറ്റാണ്ടിലേക്ക് രക്തപ്പുഴകൾ പലതും സൃഷ്ടിച്ചൊഴുകിയെത്തിയ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഹിംസാത്മക പ്രത്യയശാസ്ത്രത്തെയാണ് '9mm ബെരേറ്റ' പ്രതീകവൽക്കരിക്കുന്നത്. പ്രതിനിധാനം ചെയ്യുന്നതും. സംഗ്രഹിച്ചു പറഞ്ഞാൽ ഫാസിസവും നാസിസവും കമ്യൂണിസവും ഇരുപതാം നൂറ്റാണ്ടിൽ യൂറോപ്പിന്റെയും ചൈനയുടെയും വിധി നിശ്ചയിച്ചതുപോലെ ഹിന്ദുത്വം ഒരു അധീശപ്രത്യയശാസ്ത്രവും കിരാതപ്രയോഗവുമായി ഇന്ത്യയുടെ രാഷ്ട്രീയവിധി ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിർണയിക്കുന്നതിന്റെ ഡോക്യുമെന്റേഷനാണ് 9mm ബെരേറ്റ.
ഗോദ്‌സെയുടെ കാലാന്തരജീവിതം പോലുള്ള ഗോധ്രയിലേക്കു സഞ്ചരിക്കുന്ന നോവൽ, എന്തിനും തുനിഞ്ഞിറങ്ങുന്ന രണ്ടു വ്യക്തികളെയെന്നതിനെക്കാൾ, ഹിന്ദുത്വം ഒരു രാഷ്ട്രത്തിന്റെ രണ്ടുകാലങ്ങളെ വെറുപ്പിന്റെ ചോരക്കറുപ്പിൽ അടയാളപ്പെടുത്തുന്ന ഹിംസാത്മക രാഷ്ട്രീയത്തിന്റെ ചരിത്രത്തുടർച്ചകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. 9mm ബെരേറ്റ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഏറ്റവും തീക്ഷ്ണവും തീവ്രവുമായ രാഷ്ട്രീയവിപര്യയത്തിന്റെ രക്തസ്‌നാതമായ ഭാവചരിത്രമായി മാറുന്നത് അങ്ങനെയാണ്.
തത്യാറാവു സവർക്കർ, നാരായൺ ആപ്‌തെ, നാഥുറാം ഗോദ്‌സെ എന്നിവർ തൊട്ട്, ഇന്ത്യാചരിത്രം വഴിതിരിച്ചുവിട്ട ഗാന്ധിവധത്തിനു മുന്നിലും പിന്നിലും പ്രവർത്തിച്ച ഹിന്ദുമഹാസഭാപ്രവർത്തകർ ഒരുവശത്ത്. ഗാന്ധിയും നെഹ്രുവും പട്ടേലും മുതൽ ബിർളാഹൗസിൽ ഗാന്ധിക്കൊപ്പമുള്ള ശിഷ്യരും സഹായികളും വരെയുള്ളവർ മറുവശത്ത്. കൃപാൽസിങ് എന്ന ഒറ്റയാളേയുള്ളു ഈ ആഖ്യാനധാരയിൽ ഭാവിതകഥാപാത്രം. കിങ്‌സ്മാർട്ടിനെപ്പോലുള്ള പത്രപ്രവർത്തകരും ഹെന്റി കാർട്ടിയർ ബ്രെസനെപ്പോലുള്ള ഫോട്ടോഗ്രാഫർമാരും യഥാർഥ ചരിത്രത്തിലുള്ളവർതന്നെ. ഗോദ്‌സെയും സംഘവും സഞ്ചരിച്ച വഴികളും താമസിച്ച ഇടങ്ങളും സംഭവിച്ച കാര്യങ്ങളും അങ്ങനെതന്നെ. വിപുലമായ ഗവേഷണവും സൂക്ഷ്മമായ റഫറൻസുകളും കണിശമായ കാഴ്ചപ്പാടുകളും നിശിതമായ നിലപാടുകളും കൊണ്ട് വർഗീയകലാപങ്ങൾക്കെതിരെ ഗാന്ധി പ്രഖ്യാപിച്ച നിരാഹാരസമരത്തിന്റെ രാഷ്ട്രീയവും ഗാന്ധിയെ വധിക്കാൻ ആപ്‌തെ-ഗോദ്‌സെ സംഘം തീരുമാനിച്ചതിന്റെ യുക്തിയും വിനോദ്കൃഷ്ണ നോവൽവൽക്കരിക്കുന്നു. ജനുവരി 20ന്റെ വധശ്രമം പാളിയതിനെത്തുടർന്ന് പൂണെയിൽ തിരിച്ചെത്തി സവർക്കറെ കണ്ട് പദ്ധതി പുനരാലോചിച്ചും പാർച്ചുറെയുടെ പക്കൽനിന്ന് പുതിയ തോക്ക് കൈപ്പറ്റിയും അതുവരെ ഗാന്ധിവധപദ്ധതികൾ നിയന്ത്രിച്ചിരുന്ന ആപ്‌തെയെ മറികടന്ന് സ്വന്തം തീരുമാനപ്രകാരം കാര്യങ്ങളുടെ നിയന്ത്രണം ഗോദ്‌സെ ഏറ്റെടുക്കുന്നു. സാക്ഷിമൊഴികളും വസ്തുതകളും തെളിവുകളും കൊണ്ട് സമ്പന്നമായ കപൂർ കമ്മീഷന്റെ റിപ്പോർട്ടാണ് ഗൂഢാലോചനകളുടെയും വധപദ്ധതിയുടെയും കഥപറയാൻ വിനോദ് മുഖ്യ സ്രോതസാക്കുന്നത്. ഒപ്പം 'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്' പോലുള്ള ധാരാളം ഗ്രന്ഥങ്ങളും. ഗാന്ധിയുടെ ദീർഘകാല ജീവിതവും അദ്ദേഹം പലകാലങ്ങളിൽ പറഞ്ഞ വാക്കുകളും വിഭജനാനന്തര രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ബിർളാഹൗസിൽ നടക്കുന്ന നിരാഹാര സത്യാഗ്രഹസമരദിനങ്ങളിലേക്ക് നോവൽ പുനരാനയിക്കുന്നു.
സമാന്തരമായി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹിന്ദുത്വപ്രത്യയശാസ്ത്രത്തിനു കൈവന്ന നാനാതരം ഹിംസാത്മക പ്രകരണങ്ങളുടെ തുടർക്കഥകളും. ഗോധ്ര കൂട്ടക്കൊല മുതൽ ജെഎൻയുവിലെ വിദ്യാർത്ഥിപ്രക്ഷോഭം വരെ-പതിനഞ്ചോളം യഥാർഥ സംഭവങ്ങളെയും നരേന്ദ്ര മോദിയും അമിത്ഷായും മുതൽ മോഹൻഭഗവതും പ്രഗ്യാസിങ് ഠാക്കൂറും 'I am a troll' എന്ന ഗ്രന്ഥമെഴുതിയ സ്വാതിചതുർവേദിയും വരെയുള്ള നിരവധി വ്യക്തികളെയും ഓർമ്മയിലെത്തിക്കുന്ന സന്ദർഭങ്ങളിലൂടെയാണ് നോവലിന്റെ ഈ രണ്ടാം ധാര കടന്നുപോകുന്നത്. ബോംബെയിൽ, ഒരു മുസ്ലിം കലാകാരന്റെ ചിത്രപ്രദർശനത്തോടനുബന്ധിച്ച് ഗാലറിയിൽ നടന്ന സ്‌ഫോടനമായിരുന്നു ശിവറാം ഗോധ്രയുടെയും വിമൽ വൻസാരയുടെയും അരങ്ങേറ്റം കുറിച്ചത്. ആപ്‌തെയും ഗോദ്‌സെയും ബഡ്‌ഗെയും കാർക്കറെയുമൊക്കെ നേരിട്ടുതന്നെ ആക്രമണങ്ങളിൽ പങ്കെടുക്കുകയായിരുന്നുവെങ്കിൽ ശിവറാമും വിമലും പിന്നണിയിൽനിന്നു കളിക്കുകയാണ്. കിരൺ ഡോലാക്കിയയുടെയും ആബിയയുടെയും വധം മാത്രമാണ് ഗോധ്ര നേരിട്ടുനടത്തുന്നത്.
പൂണെയിൽ, യുക്തിവാദിയും ബ്രാഹ്മണ്യവിമർശകനുമായ നരേന്ദ്ര കനിത്കറുടെ വധമായിരുന്നു, അടുത്തത്. ഒഡീഷ്സയിൽ ആസ്‌ട്രേലിയൻ മിഷനറി ഏബ്രഹാം സ്‌ട്രെയിനിനെയും മകനെയും വാഹനത്തിൽ ചുട്ടുകൊന്നതാണ് പിന്നീടുണ്ടായ നീക്കം. മേല്പറഞ്ഞ മൂന്നു സംഭവങ്ങളിലും ഇരകളുടെ പേരുകൾ അല്പമൊന്നു മാറ്റി എന്നതൊഴിച്ചാൽ ചരിത്രം നഗ്നവും നിഷ്ഠൂരവുമായി നിവർന്നുനിൽക്കുകയാണ് നമുക്കു മുന്നിൽ. തുടർന്നുള്ള സംഭവങ്ങളുടെ രീതിയും ഭിന്നമല്ല. ബോളിവുഡിൽ വൻ ജനപ്രീതി നേടുന്ന മുസ്ലിം നടന്മാർക്കെതിരെയുള്ള നീക്കങ്ങൾ, ഹിന്ദുദൈവങ്ങളെ കഥാപാത്രങ്ങളാക്കുന്ന പരസ്യങ്ങൾക്കെതിരെയുള്ള പ്രചരണം, യുപി തെരഞ്ഞെടുപ്പും ഫലവും നിയന്ത്രിക്കാനുള്ള ഡിജിറ്റൽ ഇടപെടലുകളും ട്രോൾ ആർമിയുടെ രൂപീകരണവും, കുപ്‌വാരയിൽ മുസ്ലിം യുവാക്കൾക്കു നേരെ നടന്ന ഭരണകൂട അതിക്രമത്തിന്റെ ഇരകളിലൊരാളായ ആബിയ മഖ്ധുമിക്കുമേൽ നടത്തുന്ന ക്രൂരമായ കയ്യേറ്റങ്ങൾ എന്നിവ പിന്നാലെ വരുന്നു. തങ്ങളുടെ കൂടെനിന്ന് ഹിംസകൾ നടപ്പിലാക്കുന്ന രാംചമറിനെയും നാഗേശ്വർ മഹാതോയെയും നിഷ്‌കരുണം കൊന്നുതള്ളുന്നതും ഗോദ്‌സെയെ മഹാത്മാവായി ചിത്രീകരിച്ച് സിനിമ നിർമ്മിക്കാനാവില്ല എന്നു പറയുന്ന സംവിധായകൻ കിരൺ ഡൊലാക്കിയയെ വധിക്കുന്നതും ക്ഷേത്രമണിഘോഷയാത്രയോടനുബന്ധിച്ച് കലാപം ആസൂത്രണം ചെയ്യുന്നതും ദംഗിലെ സർവമതസമ്മേളനവേദിയിൽ ബോംബ് സ്‌ഫോടനം നടത്തുന്നതും വ്യാജ ഏറ്റുമുട്ടലുകൾ ഉണ്ടാക്കി മുസ്ലിങ്ങളെയും ദളിതരെയും വകവരുത്തുന്നതും രാഷ്ട്രീയനേതാവിനെതിരെ നിലപാടെടുത്ത പൊലീസ് ഓഫീസറും ദളിതനുമായ അശോക് ചാവ്‌ഡെയെ ക്രൂരമായി വേട്ടയാടുന്നതും ജെഎൻയു കാമ്പസിൽ സമരം നടത്തിയ വിദ്യാർത്ഥികളെ ദേശവിരുദ്ധകലാപകാരികളായി മുദ്രകുത്തി ജയിലിലടക്കുന്നതും... ഗോധ്രയും വൻസാരയും ആസൂത്രണം ചെയ്യുന്ന രാഷ്ട്രീയ ഭൂകമ്പങ്ങൾ ഇങ്ങനെ നീളുകയാണ്. ഹിന്ദുത്വദേശീയതയെ ഹിംസാത്മക രാഷ്ട്രീയമായി സ്ഥാപിച്ചെടുക്കുന്ന ബൗദ്ധിക വിധാതാക്കളായി രൂപാന്തരപ്പെടുകയാണ് ശിവറാമും വിമലും.
ഒരേ പ്രത്യയശാസ്ത്രത്തിന്റെ രണ്ടു കാലങ്ങളിലെ പ്രയോഗരൂപങ്ങളെ സമാന്തരമായി സന്നിവേശിപ്പിക്കുകയും ഒടുവിൽ വിസ്മയകരമാം വിധം സന്ധിപ്പിക്കുകയും ചെയ്യുന്ന നോവലിലെ ഈ ആഖ്യാനധാരകൾ, 'പാരലൽ നരേറ്റിവ്' എന്ന ചലച്ചിത്രാഖ്യാനകലയുടെ അതിഗംഭീരമായ ആദേശമാണ്. ഒരർഥത്തിൽ, 20-25 മണിക്കൂർ ദൈർഘ്യമുള്ള അതിബൃഹത്തായ ഒരു പീരിയഡ് ഫിലിം പോലെയാണ് 9mm ബെരേറ്റ എന്നു പറയാം. അടിമുടി ചലച്ചിത്രാത്മകം. ആദ്യന്തം ചരിത്രാത്മകം. നിസംശയം പറയാം, പാരലൽ നരേറ്റിവിന്റെ ആഖ്യാനകലയ്ക്ക് മലയാളനോവലിൽ ഇത്രമേൽ മികവുറ്റ മറ്റൊരു പാഠമാതൃകയില്ല. ഇതിനും പുറമെയാണ് മൊണ്ടാഷിന്റെയും മിസ്ൻ സീനിന്റെയും ഡീപ് ഫോക്കസിന്റെയും സ്ഥല-കാലബദ്ധമായ ആഖ്യാനകലകളുടെ എത്രയെങ്കിലും സൂക്ഷ്മസുന്ദരമായ സന്ദർഭങ്ങളും വിനോദ് തന്റെ നോവലിൽ കൂട്ടിച്ചേർക്കുന്നത്. പലേടങ്ങളിലും നിങ്ങൾ 9mm ബെരേറ്റ അക്ഷരങ്ങളും വാക്കുകളുമായി വായിക്കുകയല്ല, സീനുകളും സീക്വൻസുകളുമായി ഒരു 70mm സ്‌ക്രീനിൽ കാണുകതന്നെയാണ്.
9mm ബെരേറ്റക്ക് സിനിമയുമായുള്ള ബന്ധം ഈ ആഖ്യാനസാങ്കേതികതയിൽ അവസാനിക്കുന്നില്ല. ഗാന്ധിയെ വധിക്കുന്നതിനു തൊട്ടുതലേന്നുപോലും ആപ്‌തെയും കർക്കറെയും സിനിമക്കു പോകുന്നുണ്ട്. റീഗൽ തീയറ്റർ നോവലിലെ ഒരു വൈകാരിക ഇടം തന്നെയാണ്. ഗോദ്‌സെയുടെ സ്വവർഗരത്യനുഭവങ്ങളിലൊന്ന് ചിത്രീകരിക്കപ്പെടുന്നത് സിനിമാതീയറ്ററിലാണ്. ഇന്ത്യയിലെ ആദ്യ പരസ്യമോഡലും പഴയകാല നടിയുമായ ലീലാ ചിട്‌നിസിനെക്കുറിച്ചുള്ള കഥ ആപ്‌തെ തന്റെ കാമുകി മനോരമ സാൽവിയോടു പറയുന്നുണ്ട്. പ്രശസ്ത നടി ശാന്താമോദക്കിനെ തീവണ്ടിയിൽ ആപ്‌തെ കണ്ടുമുട്ടി സൗഹൃദം സ്ഥാപിക്കുന്നതിനു സമാന്തരമായി വൻസാര ഊർമിള കപൂറിനെ കണ്ടുമുട്ടുകയും അവർവഴി പ്രശസ്ത സംവിധായകൻ കിരൺ ഡൊലാക്കിയയെ പരിചയപ്പെടുകയും ചെയ്യുന്നു. വിഭജനത്തിന്റെ ദുരന്തകഥ പറയുന്ന പഴയകാല പാക്‌സിനിമ, 'ബൂട്ടാസിംഗി'ന്റെ റീമേക്കിങ് കിരണിന്റെ ആലോചനയിലുള്ള സമയത്താണ് ഗോദ്‌സെയെക്കുറിച്ചുള്ള സിനിമ നിർമ്മിക്കാനുള്ള തങ്ങളുടെ പദ്ധതിയുമായി ഗോധ്രയും വൻസാരയും അയാളെ സമീപിക്കുന്നതും, ഗോദ്‌സെയെ പുച്ഛിക്കുന്ന കിരണിനെ കുപിതനായ ഗോധ്ര വെടിവച്ചു കൊല്ലുന്നതും. ആത്മഹത്യയായി ഭരണകൂടം എഴുതിത്ത്ത്ത്തള്ളിയ സംവിധായകന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് രംഗത്തുവന്ന ഊർമ്മിളയെ സൈബർ ആക്രമണത്തിലും നേറ്റ്കാംപയിനിലും കൂടി തകർത്തുകളയുന്നു ഗോധ്ര-വൻസാര ടീമിന്റെ ട്രോൾ ആർമി. ബോളിവുഡിലെ മുസ്ലിം നടന്മാരെയും ഇതേ ട്രോൾ ആർമിയെക്കൊണ്ടാണ് ഗോധ്രയും വൻസാരയും വെല്ലുവിളിക്കുന്നത്. ആനന്ദിന്റെ 'പരിണാമത്തിന്റെ ഭൂതങ്ങ'ളിൽ മാത്രമാണ് മുൻപ് ഇതേ രീതിയിൽ സിനിമയുടെ രാഷ്ട്രീയം മുൻനിർത്തി ഇന്ത്യാചരിത്രത്തിലെ ചില സന്ദിഗ്ദ്ധഘട്ടങ്ങൾ നോവൽവൽക്കരിച്ചു കണ്ടിട്ടുള്ളത്. അവിടെയും ബോംബെ തന്നെയായിരുന്നു പശ്ചാത്തലം.
1948 പുനഃസൃഷ്ടിക്കാൻ ഒരുങ്ങിപ്പുറപ്പെട്ടവരാണ് ശിവറാം ഗോധ്രയും വിമൽ വൻസാരയും. ഗ്വാളിയറിൽനിന്ന് ഡൽഹിയിലേക്ക് ഗോദ്‌സെയും ആപ്‌തെയും നടത്തിയ തീവണ്ടിയാത്രയെക്കുറിച്ചാണ്, നാഗ്പൂരിൽ വെളുത്ത കട്ടിമീശയുള്ള ദൈവത്തെക്കാണാൻ വൻസാരക്കൊപ്പം പോകുമ്പോൾ ശിവറാം ഓർക്കുന്നത്. മുസ്ലിം വിരോധത്തിലും ജാതിവെറിയിലും ബലാൽക്കാരങ്ങളിലും ക്രൂരതകളിലും രക്തദാഹത്തിലും മാംസഭോഗത്തിലും അയാൾ ആപ്‌തെയുടെ പുനർജന്മം തന്നെയായിരുന്നു. കാര്യങ്ങളുടെ നടത്തിപ്പിലും മനഃസ്ഥൈര്യത്തിലും അമിതദേശീയതയാവേശിച്ച തീവ്രവിശ്വാസത്തിലും ഗോദ്‌സെയുടെയും. ഒരർഥത്തിൽ ഈ നോവലിലെ ഏറ്റവും പ്രധാന കഥാപാത്രം നാരായൺ ആപ്‌തെയാണ്. പ്രത്യക്ഷവും പരോക്ഷവുമായ സാന്നിധ്യമാണയാൾ. ജീവിതവൈരുധ്യങ്ങളുടെയും മാനുഷികവൈചിത്ര്യങ്ങളുടെയും ആൾരൂപം. ചതിയുടെയും വഞ്ചനയുടെയും ചിരപ്രതിഷ്ഠാപകൻ. രതിയുടെയും മൃതിയുടെയും നിത്യകാമുകൻ. സൈമൺ ബൊളിവറെ നായകനാക്കി ഗാർസിയാ മാർക്കേസ് എഴുതിയ The General in his Labyrinth എന്ന നോവലിൽ ചരിത്രവസ്തുതകളെക്കാൾ ഭാവന ഏറിനിൽക്കുന്നു എന്ന ആക്ഷേപമുയർന്നപ്പോൾ മാർക്കേസ് പറഞ്ഞ മറുപടി വിനോദിന്റെ ആപ്‌തെക്കും ചേരും: 'I stripped away his uniform'. വായിക്കൂ:
''ജന്മനാ കാല്പനികനായ ഒരു മനുഷ്യൻ വർഗീയവാദിയായി തീരുമ്പോൾ ഭൂമിയിൽ പൂന്തോട്ടവും ശ്മശാനവും ഒരേ പ്രാമുഖ്യത്തോടെ സൃഷ്ടിക്കപ്പെടും. നാരായൺ ആപ്‌തെ ഇത്തരം സവിശേഷതകളുള്ള വ്യക്തിയാണ്. കാമുകിക്ക് റോസാപുഷ്പം സമ്മാനിക്കുമ്പോഴും, ആൾക്കൂട്ടത്തിനു നേരെ കൈബോംബ് എറിയുമ്പോഴും അയാൾക്കു ലഭിക്കുന്നത് ഒരേ ആനന്ദമാണ്.
വൈരുധ്യങ്ങൾ ഒന്നിച്ചു പാർക്കുന്ന വീടാണ് നാരായൺ ആപ്‌തെയുടെ മനസ്സ്. തന്റെ സ്‌നേഹപരിധിയിലേക്ക് വന്നുവീഴുന്ന സ്ത്രീകളെ കൂടാതെ താൻ തേടി പിടിച്ചും ബലം പ്രയോഗിച്ചും വശത്താക്കി കിടപ്പറ പങ്കിട്ട അനേകം സ്ത്രീകളുടെ ഓർമ്മ അയാളെ ചില അർദ്ധരാത്രികളിലും കൊച്ചുവെളുപ്പാൻകാലത്തെ ഉണർച്ചകളിലും അലട്ടാറുണ്ടായിരുന്നു.
താൽക്കാലിക അസ്വസ്ഥതകൾ അയാൾ മനോരമ സാൽവിയുടെ പുഞ്ചിരിക്കുന്ന മുഖം ഓർത്തെടുത്താണ് മറികടക്കാറുള്ളത്. മനോരമ സാൽവിയും അമേരിക്കൻ മിഷൻ ഹൈസ്‌കൂളിലെ അയാളുടെ വിദ്യാർത്ഥി ആയിരുന്നു. അന്യമതസ്ഥർ നടത്തുന്ന സ്ഥാപനത്തിൽ ആപ്‌തെ ജോലി ചെയ്യുന്നത് ഹിന്ദുമഹാസഭയുടെ തലപ്പത്തിരിക്കുന്നവർക്ക് ദഹിച്ചിരുന്നില്ല. അവർ കളിയാക്കിയും സമ്മർദ്ദം ചെലുത്തിയും അയാളെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയിട്ടും അത് വിജയിക്കാതെ പോയതിന്റെ പ്രധാന കാരണം ആപ്‌തെയ്ക്ക് തന്റെ വിദ്യാർത്ഥിനികളുമായുണ്ടായിരുന്ന മാനസികവും ശാരീരികവുമായ ബന്ധമായിരുന്നു. സ്‌കൂൾ വിട്ടുപോകുമ്പോൾ പലർക്കും നാരായൺ ആപ്‌തെ തന്റെ പൂനയിലെ മേൽവിലാസം നൽകാൻ മറന്നിരുന്നില്ല. മനോരമ സാൽവിക്കാണ് അയാളോട് ഏറെ ദൃഢബന്ധം ഉണ്ടായിരുന്നത്. അയാളുടെ ജീവിതത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കരുത്തയും സുന്ദരിയുമായ കാമുകി. അവളെ കാണുമ്പോഴൊക്കെ നാരായൺ ആപ്‌തെയുടെ സകല ശരീരരോമങ്ങളും സ്‌നേഹപൂർവ്വം എഴുന്നുനിൽക്കുമായിരുന്നു. അവളുടെ കണ്ണുകൾ, കറുത്ത് ചുരുണ്ട മുടി, ചുണ്ടുകൾ എല്ലാം പ്രത്യേകത നിറഞ്ഞതാണ്. അവൾ കഴുത്തിൽ അണിഞ്ഞിരുന്ന സ്വർണ്ണത്തിന്റെ നേരിയ കുരിശുമാല മാത്രമാണ് അവളിലേക്ക് ചേർന്നുനിൽക്കുമ്പോൾ നാരായൺ ആപ്‌തെയെ ഒരു നിമിഷം അലോസരപ്പെടുത്താറുള്ളത്. വിയർപ്പിന്റെ വാടകൾ ഒന്നായിത്തീരുന്ന, ഇരുവരുടെയും ശ്വാസം ഒന്നായിത്തീരുന്ന നിർവൃതികളിൽ അയാൾ ആ കാര്യം അരണയെപ്പോലെ മറന്നുപോകും. ''വെടിമരുന്ന് മണക്കുന്ന മനുഷ്യാ, നിങ്ങൾ എന്റെ പ്രണയത്തിന്റെ ഗുരുനാഥനാണ്''. ആളൊഴിഞ്ഞ വരാന്തകളിൽ വച്ച് നാരായൺ ആപ്‌തെ ശ്വാസം നിലയ്ക്കും വിധം ചേർത്ത് പിടിച്ച് അമർത്തുമ്പോൾ അവൾ കുതറി മാറി നിശ്വസിച്ചിട്ടുമുണ്ട്. സ്‌കൂൾവിട്ടു പോകുമ്പോൾ, ഒരു മുതിർന്ന പെണ്ണിന് കിട്ടുന്നതിനെക്കാൾ നഖക്ഷതങ്ങൾ അവളുടെ ശരീരം സമ്പാദിച്ചിരുന്നു. അങ്ങനെ ഒരാളെ നാരായൺ ആപ്‌തെയ്ക്ക് എങ്ങനെയാണ് ഒഴിവാക്കാനാവുക, മറക്കാനാവുക. മനോരമ സാൽവിക്കും അയാൾ ജീവശ്വാസമായിരുന്നു. വിട്ടുനിൽക്കുമ്പോഴും ഓടിവന്നു മനസ്സിനെ കുളിർപ്പിക്കുന്ന ഒരു ദിവ്യാനുഭവം.
മുസ്ലിം പള്ളികളിൽ ഹിന്ദുദൈവങ്ങളെ സ്ഥാപിക്കുക, ഇസ്ലാം വിശ്വാസികളെ താറടിക്കുക, മുസ്ലിം വ്യാപാരികളെ കൊള്ളയടിക്കുക, മുസ്ലിം സ്ത്രീകളെയും കന്യാസ്ത്രീകളെയും ശാരീരികമായി ഉപദ്രവിക്കുക, പ്രേമം നടിച്ചു ഗർഭിണികളാക്കുക ഇതൊക്കെ അയാൾ വളരെ ശക്തമായി ചെയ്തത് തന്റെ ഏറ്റവും മനോഹരമായ പ്രണയത്തിലൂടെ കടന്നുപോകുന്ന അവസരത്തിൽതന്നെയായിരുന്നു. വൈദ്യുതിപോലെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട സ്വഭാവം അയാളുടെ നീക്കങ്ങളെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തി. വിഷാദവതിയായ ഭാര്യ ചംപാതായിയോടു സ്‌നേഹപൂർവ്വം പെരുമാറിയിരുന്ന ഒരു കാലം ഉണ്ടായിരുന്നെങ്കിലും ജന്മനാ ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു കുഞ്ഞിനെ അവൾ പ്രസവിച്ചതോടെയാണ് നാരായൺ ആപ്‌തെ അടിമുടി മാറി തുടങ്ങിയത്. അതിനു മുമ്പേ കിടപ്പറയിൽ വളരെ ആരാധനയോടെയാണ് നാരായൺ ആപ്‌തെ അവരോട് ഇടപെട്ടിരുന്നത്. സ്വയം വീരപുത്രനായി കണക്കാക്കിയിരുന്ന ഒരാൾ അപമാനിതനായി തുടങ്ങിയത് അച്ഛനായതോടെയായിരുന്നു. കഴിവുകെട്ട ഒരു കുഞ്ഞിന്റെ തന്ത ആവുകയെന്ന ദുരന്തം അയാളുടെ മനസ്സിന്റെ ഇത്തിരി നന്മയേയും ചോർത്തിക്കളഞ്ഞു. ഭൂമിയിൽ വെറുപ്പു വിതയ്ക്കാൻ ജന്മം എടുത്തവന് എങ്ങനെയാണ് ഒരു നന്മ മരം ആയി പൂവിടാനാവുക. മകനെ ഓർത്ത് വിഷാദത്തിലേക്ക് അധികനാൾ വീണുപോകാതെ അയാൾക്ക് കരകേറാൻ ആയത് സ്ത്രീസേവ ജന്മസിദ്ധമായി കിട്ടിയതുകൊണ്ടാവണം. പുതിയ പെണ്ണുങ്ങളെ പ്രാപിക്കുമ്പോൾ തന്റെ ഉള്ളിലെ വെറുപ്പുകളെല്ലാം കുറച്ചു നേരത്തേക്കെങ്കിലും ഒഴുകി പോകുന്നതിന്റെ ആശ്വാസം അയാളുടെ പിന്നീടുള്ള ഏതാനും മണിക്കൂർ ജീവിതത്തിൽ പ്രകാശിച്ചിരുന്നു. പക്ഷേ, അത്തരം സമയങ്ങളിൽ അയാൾ മുറി വിട്ടു പുറത്തു പോയിരുന്നതേയില്ല. മറ്റു പ്രണയത്തിൽ ഏർപ്പെട്ടിരുന്ന കാലത്ത് അയാൾ ഭാര്യയോട് നീരസം കാണിക്കുകയോ അവരെ ഉപദ്രവിക്കുകയോ ചെയ്തില്ല. തന്റെ വ്യക്തിജീവിതത്തിലെ മോഹഭംഗത്തിന് ഉത്തരവാദി ചംപാതായി ആണെന്ന് ഒരിക്കലും അയാൾ കുറ്റപ്പെടുത്തിയില്ല. ചംപയ്ക്ക് അയാളുടെ പ്രണയജീവിതത്തെക്കുറിച്ചു വലിയ പിടിയും ഉണ്ടായിരുന്നില്ല. പിരിമുറുക്കം വരുന്ന ദിവസങ്ങളിൽ അയാൾ മനോരമ സാൽവിയെ ഓർക്കും. അവളുമായി ശയിച്ചതിന്റെ ഓർമ്മയിൽ ഭാര്യയെ പ്രാപിക്കാൻ ശ്രമിക്കും. പ്രഭാതരതി അയാളുടെ വലിയ ആനന്ദമായിരുന്നു.
പൂനയിലെ ഒരു കൊച്ചു തണുത്ത വെളുപ്പാൻകാലത്ത്, തലേന്ന് രാത്രി രണ്ടു മുസ്ലിം യുവാക്കളെ കഴുത്തിന് വെട്ടിയതിന്റെ പിരിമുറുക്കം ഉറക്കം മുറിച്ചപ്പോൾ അയാൾ മനോരമ സാൽവിയെ ഓർത്തുകൊണ്ട്, ഉറങ്ങി കിടന്ന ഭാര്യയുടെ സാരി വലിച്ചൂരി. ഉറക്കച്ചടവിൽ കണ്ണ് അവളുടെ വാടിയ മുഖം ഇരു കൈകൾകൊണ്ടും തഴുകി. കാതിൽ അയാൾ മെല്ലെ വിളിച്ചു. ''എന്റെ കൊച്ചു പെണ്ണേ, സാൽവി...''.
ഒന്നും മനസ്സിലാവാതെ ആലസ്യത്തിൽ കിടക്കാനേ ചംപാതായിക്ക് കഴിഞ്ഞുള്ളൂ. അവളിലേക്ക് ബലമായി പ്രവേശിക്കുന്നതിനിടയിൽ ശരീരചലനത്തിനൊത്ത് അയാൾ മനോരമ സാൽവിയെ ഉരുവിട്ട് പഠിപ്പിച്ച പാഠഭാഗങ്ങൾ മുറി നിറയുമാറുച്ചത്തിൽ ആവർത്തിക്കാൻ ശ്രമിച്ചു. പതിവുപോലെ ആധിപത്തിനു വഴങ്ങിക്കൊണ്ട് നേർത്ത ഒച്ച പുറപ്പെടുവിക്കാനേ ആ സാധുസ്ത്രീക്ക് സാധിച്ചുള്ളൂ. അയാളുടെ ചലന വേഗങ്ങളിൽ കട്ടിൽ കുലുങ്ങി കുട്ടി കരയാൻ തുടങ്ങിയപ്പോൾ അവൾ എന്തോ പറയാൻ ശ്രമിച്ചെങ്കിലും അയാൾ വായ പൊത്തി ഒരു ചൂട് നനവ് അവളിലേക്ക് പടർത്തി. എന്നിട്ട് ചംപാതായിയെ കെട്ടിപ്പിടിച്ച് കഴുത്തിൽ കടിച്ചു. സാൽവിയെ ആദ്യമായി കടിച്ചതുപോലെ ഒട്ടും വേദനിപ്പിക്കാതെ. ചംപാതായി ചെരിഞ്ഞു കിടന്നു കുട്ടിയെ കെട്ടിപ്പിടിച്ച് തേങ്ങി. കുട്ടി കരച്ചിൽ നിർത്തി. തള്ളയും കുഞ്ഞും മയങ്ങി തുടങ്ങിയപ്പോൾ മുറിയിൽ പാൽമണം നിറഞ്ഞു. അയാൾ മുറിവിട്ട് പുറത്തിറങ്ങി. ഒരു സിഗരറ്റ് കത്തിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും അത് വേണ്ടെന്നു വച്ചു. നേരത്തെ ഉണർന്നുപോയ ചില കിളികളുടെ കരച്ചിൽ മാത്രമേ അപ്പോൾ അന്തരീക്ഷത്തിൽ ഉണ്ടായിരുന്നുള്ളൂ. മഞ്ഞിന്റെ തണുപ്പോ, മഴവില്ലഴകോ, മഴ നനഞ്ഞ മണ്ണിന്റെ മണമോ ഒന്നും നാരായൺ ആപ്‌തെയെ വൈകാരികമായി പൊതിയാറില്ല. ആപ്‌തെ പ്രകൃതിയുടെ ചിന്തകൾക്കെതിരെ പ്രവർത്തിക്കുന്നവനാണ്. ഏതു സാഹചര്യത്തിലും പ്രണയവും മരണവും, നിറഞ്ഞ മനസ്സോടെ ഏറ്റുവാങ്ങാൻ ധൈര്യമുള്ളവനാണ്. ഉൾവിളികളിൽ മാത്രം വിശ്വസിക്കുന്നവൻ. ചുണ്ടിൽ വച്ച സിഗരറ്റ് ചുരുട്ടി ഒടിച്ചു പുറത്തേക്കു വലിച്ചെറിഞ്ഞ്, ആപ്‌തെ അകത്തു കയറി. ഭാര്യയ്ക്കും കുഞ്ഞിനും തണുക്കാതിരിക്കാൻ പുതപ്പ് നേരാംവണ്ണം ഇട്ടുകൊടുത്തു. താൻ ബഡ്‌ഗേയോടു വില പേശി വാങ്ങിച്ച അഞ്ച് ഗ്രനേഡുകൾ, ചാക്കിൽ നിന്നെടുത്തു, പുറത്തേക്കിറങ്ങിപ്പോയി.
അഭയാർഥികളായി എത്തിയ മുസ്ലിം കുടുംബം സഞ്ചരിച്ച ഒരു ലോറി റോഡിൽ നിർത്തിയിട്ടതായി കണ്ടു. ലോറിക്കടിയിൽ ദയനീയ മുഖഭാവമുള്ള ചെറുപ്പക്കാരും വൃദ്ധരും കിടന്നുറങ്ങുന്നുണ്ടായിരുന്നു. നേരം വെളുത്താൽ ഭാവിയെക്കുറിച്ച് ആശങ്കപ്പെടാനായി മാത്രം ഉറങ്ങുന്ന അവരുടെ ഉറ്റവരും ഉടയവരും വണ്ടിക്കുള്ളിലും ഉണ്ടായിരുന്നു. എത്ര മനോഹരമായ പ്രഭാതമാണിത്. നാരായൺ ആപ്‌തെ ഭൂമിദേവിയെ നമിച്ചു. ഒരു പിടി മണ്ണെടുത്ത് കാറ്റിൽ തൂകി. കാറ്റ് അലങ്കോലമാക്കിയ തന്റെ നീണ്ട മുടി ഒതുക്കിയ ശേഷം കീശയിൽനിന്ന് ഒരു ഗ്രനേഡ് എടുത്തു ലോറിയുടെ ഇന്ധനടാങ്ക് ലക്ഷ്യമാക്കി എറിഞ്ഞു. ലോറി പുകയാൻ തുടങ്ങിയപ്പോൾ അയാൾ ഒന്നിന് പുറകെ ഒന്നായി ഗ്രനേഡ് വലിച്ചെറിഞ്ഞു. ലോറി പല ശബ്ദത്തിൽ കത്തുകയും പൊട്ടുകയും ചെയ്തു. തീനാളങ്ങളിൽനിന്ന് ഒരു കുഞ്ഞു തല തെറിച്ചു പോകുന്നതയാൾ കണ്ടു. ഒന്നും സംഭവിക്കാത്ത മട്ടിൽ നിർവൃതിയോടെ ആപ്‌തെ വീട്ടിലേക്കു നടന്നു. കുറേ ദൂരം ചെന്നപ്പോൾ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു പശു വഴിവക്കത്ത് അന്തംവിട്ട് നിൽക്കുന്നതയാൾ കണ്ടു. ആപ്‌തെ പശുവിന്റെ തലയിലും മനോഹരമായ കഴുത്തിലും തലോടാൻ തുടങ്ങിയപ്പോൾ നേരം പുലർന്നു. അയാൾ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞ് അതിവേഗം വീട് പിടിച്ചു''.
ചംപതായിയെ ആപ്‌തെയും അലിസിയ ഗാർസയെ ശിവറാമും ഒരേ തീവ്രതയിൽ ചതിക്കുന്നു. മനോരമയെയും പ്രകൃതി ഠാക്കൂറിനെയും അതേ തീവ്രതയിൽ പ്രാപിക്കുന്നു. പെണ്ണിനും പെണ്ണുടലിനും മേൽ ഹിന്ദുത്വം നടത്തുന്ന താണ്ഡവത്തിന്റെ ആവിഷ്‌ക്കാരങ്ങൾ നോവലിൽ ആദ്യവസാനമുണ്ട്. ക്രമമായും അക്രമമായും. രാഷ്ട്രത്തിലും മനുഷ്യരിലും ചരിത്രം ആവർത്തിക്കുകതന്നെയായിരുന്നു. ഭിന്നരൂപത്തിലും ഭാവത്തിലുമായിരുന്നുവെന്നു മാത്രം. ആപ്‌തെയും ഗോദ്‌സെയും സൃഷ്ടിച്ച പൈതൃകം ശിവറാമും യൻസാരയും മുന്നോട്ടു കൊണ്ടുപോകുന്നു. സവർക്കറുടെ സ്ഥാനത്ത് നാഗ്പൂരിലെ ദൈവവും ദൈവത്തെക്കാൾ വലിയവനായ ഡൽഹിയിലെ അമിത്ചന്ദ്രപുരോഹിതും വന്നു. അവർ ഗോധ്ര-യൻസാര ടീമിന്റെ തലച്ചോറിനു വിലപറഞ്ഞു. സ്വവർഗരതിയുടെ ആവേഗങ്ങളിൽ ബഡ്‌ഗേ ശങ്കർ കിസ്തയ്യയെയും ഹിജഡവേഷക്കാരൻ രാംചമറിനെയും ഗോദ്‌സെ തീയറ്ററിൽ കണ്ടുമുട്ടിയ പയ്യയെയുമൊക്കെ പ്രാപിക്കുമ്പോൾ ആപ്‌തെയും മനോരമ സാൽവിയും തമ്മിലും ഗോധ്രയും പ്രകൃതി ഠാക്കൂറും തമ്മിലുള്ള രതിമേളങ്ങൾ കാമനയുടെ മറുകര കാണുന്നു. വായിക്കൂ:
''അയാൾക്ക് അവളോട് വല്ലാത്ത ആകർഷണം തോന്നി. പ്രലോഭനം അടക്കാൻ അയാൾക്കായില്ല. ചൂടുള്ള വിരലുകൾകൊണ്ട് അയാൾ അവളുടെ തുടയിൽ തൊട്ടു.
''ഇതുപോലെ പലരും എന്നെ പ്രെപ്പോസ് ചെയ്തിട്ടുണ്ട്.'' പ്രകൃതി അയാളുടെ കൈ തട്ടിമാറ്റി. ''പക്ഷേ, ഇന്നെനിക്കത് വേണം.'' അവൾ ശിവറാമിന്റെ കവിളിൽ ഉമ്മ വെച്ചു. എത്രയും പെട്ടെന്ന് അവൾ സമ്മതപ്പെടുമെന്ന് അയാൾ കരുതിയിരുന്നില്ല. അവൾ തന്നെ മേലുടുപ്പ് ഊരി യെറിഞ്ഞു.
''എനിക്ക് ആണുങ്ങളെ ഭയമായിരുന്നു.'''
''എന്തിന്?'' ശിവറാം അവളുടെ കഴുത്തിൽ തലോടി.
''ചെറുപ്പത്തിൽ ഞാനും അച്ഛനും അമ്മയും ഒരേ കട്ടിലിൽ ആയിരുന്നു കിടന്നുറങ്ങാറ്. ഒരു ദിവസം രാത്രി ഞാൻ ഉറക്കം ഞെട്ടിയപ്പോൾ കണ്ടത് കട്ടിലിനു താഴെ അമ്മയുടെ മുകളിൽ ഒരു നിഴലിന്റെ ശ്വാസം താഴ്ന്നുപൊങ്ങുന്നതാണ്. ഞാൻ പേടിച്ചുപോയി. ഇരുട്ടിൽ സൂക്ഷിച്ചു നോക്കിയപ്പോൾ അച്ഛൻ അമ്മയുടെ കഴുത്തിന് പിടിച്ചു ഞെക്കുന്നതാണ് കണ്ടത്. അവരുടെ കിതപ്പിൽ എന്റെ പേടി പിടയുന്ന ശ്വാസഗതി ആരും കേട്ടില്ല. കുറേ മുതിർന്നപ്പോഴാണ് അന്നു രാത്രിയിലെ സംഭവം എനിക്ക് കൃത്യമായി പിടികിട്ടിയത്. ആ കാഴ്ചയാവാം എന്നിൽ വിരക്തിയുണ്ടാക്കിയത്.'' പ്രകൃതി ശിവറാമിലേക്കു ചാഞ്ഞു.
അയാൾ അവളിലേക്ക് അമർന്നപ്പോൾ ചൂടുനിശ്വാസം മുറി നിറഞ്ഞു. തുടക്കത്തിൽ ആസക്തിയില്ലാത്ത അനുകൂലഭാവം മാത്രമാണവൾ പ്രകടമാക്കിയത്. ഉദാസീനവും അതേ സമയം വ്യഗ്രത നിറഞ്ഞതുമായ പ്രകൃതിയുടെ ആ ഭാവം, എന്നിട്ടും ശിവറാമിനെ ആവേശഭരിതനാക്കി. ഒട്ടും മയമില്ലാതെ അയാൾ അവളുടെ അടിയുടുപ്പ് അഴിച്ചു. അവളുടെ സഹകരണം ആനന്ദത്തിന്റെ തുടക്കം മാത്രമായിരുന്നു. ഇളം ചൂടുള്ള അവിടം തലോടിയപ്പോൾ, അതിന്റെ കൂമ്പി നിൽക്കുന്ന ആകൃതിയും പുറത്തെ പകുക്കുന്ന നീണ്ട ഋജുവായ കുഴിയും വിരലറിഞ്ഞു.
''ശിവറാം എനിക്ക് എന്തെല്ലാമോ ആകുന്നു.''
പ്രകൃതി ചരിഞ്ഞും കമിഴ്ന്നും ശിവറാമിന് പുറം തിരിഞ്ഞും തല തിരിച്ചും കണ്ണടച്ചുകിടന്നു.
അവളുടെ ചന്ദനനിറമുള്ള തൊലിയുടെ നിറം എല്ലാ ഭാഗത്തും ഒരു പോലെയായിരുന്നു. അലിസിയ ഗർസയുടെ ദേഹത്തുണ്ടായിരുന്നതു പോലെ സൂര്യതാപമേറ്റ പാടുകളോ നിറംമാറ്റമോ പുള്ളിക്കുത്തുകളോ ഉണ്ടായിരുന്നില്ല. അയാൾ മേലെമ്പാടും നക്കിയശേഷം അവളെ മലർത്തിയിട്ടു. മുഴുത്ത മുലകളിൽ ചുണ്ടമർത്തി.
''എനിക്ക് കുട്ടിക്കാലത്തെ ആ രാത്രി ഓർമ്മ വരുന്നു.''
''ഭയമുണ്ടോ?'' അയാൾ അവളിലേക്ക് അമർന്നു.
അയാളുടെ കഴുത്തിൽ കടിച്ചുകൊണ്ട് അവൾ പുളഞ്ഞു. ''നീയെന്നെ കൊല്ലും.''
മെഴുകുപോലെ മൃദുലമായ കാൽവണ്ണകളിൽ രോമം വടിച്ചു കളഞ്ഞതിന്റെ പരുപരുപ്പ് ഒട്ടും ഉണ്ടായിരുന്നില്ല. തുടകളിൽ താൻ പ്രതീക്ഷിച്ചതുപോലെ ഉണലുകളും ചൊറിയടയാളങ്ങളും കാണാനില്ലെന്നത് അയാളെ അത്ഭുതപ്പെടുത്തി.
നേർത്ത വേദനയോടെ ശിവറാമിന്റെ കനം ഏറ്റുവാങ്ങുമ്പോൾ, കണ്ണിൽ ആനന്ദത്തിന്റെ നനവ് പടർത്തിക്കൊണ്ടു പ്രകൃതി അയാളുടെ പുറം മാന്തി ശ്വാസം വിട്ടു.
''റാസ്‌കൽ ഐ ആം എ വെർജിൻ.''
ശിവറാമിന്റെ പല്ലും നഖവും തട്ടി പ്രകൃതിയുടെ തൊലി ചുവന്നു തുടുത്തു. എല്ലാം കഴിഞ്ഞു കാലുകൾക്കിടയിൽ പരതിയപ്പോൾ വിരലുകളിൽ പറ്റിയ ഉപ്പുരസമുള്ള ഗന്ധം പ്രകൃതിയിൽ കൂടുതൽ നാണം നിറച്ചു. അത് അയാൾ കാണാതിരിക്കാനായി അവൾ കെട്ടിപ്പിടിച്ചു കിടന്നു. അപ്പോൾ ഇരുവരെയും മണ്ണ് മണത്തു.
ഫോൺ നിരന്തരം ശബ്ദിക്കാൻ തുടങ്ങി. പ്രകൃതി അയാളിൽനിന്ന് അടരാതെ മൊബൈൽ തലയിണക്കിടയിൽനിന്ന് തപ്പിയെടുത്തു.
ഫോൺ നോക്കിയ ശേഷം അവൾ അനർത്ഥം സംഭവിച്ചതുപോലെ കട്ടിലിൽ കാൽ പിണച്ചിരുന്നു.
''എന്തുപറ്റി പ്രകൃതി?''
''അശോക് ചാവ്ഡ പണി പറ്റിച്ചു. ഔദ്യോഗിക രഹസ്യം അയാൾ ആ തേവിടിശ്ശിയോടു പറഞ്ഞുകാണും.''
അവൾ എഴുന്നേറ്റു ചെന്ന് കുപ്പിതുറന്നു പാമ്പിനെ കൈയിലെടുത്തു തലോടി. എന്നിട്ട് അതിവേഗം അതിനെ കുപ്പിയിൽ അടച്ച ശേഷം ട്രോളി ബാഗിൽ എടുത്തു വെച്ചു. പ്രകൃതി കുനിഞ്ഞുകൊണ്ടത് ചെയ്യുമ്പോൾ, നിതംബത്തിൽ താൻ കടിച്ചതിന്റെ പാടുകൾ ശിവറാം കണ്ടു. അയാൾ എന്തെങ്കിലും ചെയ്യാൻ തുനിയുന്നതിനു മുമ്പേ കട്ടിലിൽ വന്നു കിടന്നു. കൊണ്ട് പ്രകൃതി ആവേശത്തോടെ പറഞ്ഞു:
''എനിക്ക് ഒരു വട്ടം കൂടി വേണം.''
എന്നിട്ട്, ശിവറാമിന്റെ കൈപിടിച്ച് താൻ ആഗ്രഹിക്കുന്നിടത്ത് വെക്കാൻ തുടങ്ങി''.
വേട്ടക്കാരെയും ഇരകളെയും മുഖാമുഖം നിർത്തി ചരിത്രത്തിന്റെ കഥ പറയുന്ന കലയിൽ 9mm ബെരേറ്റ അസാധാരണമായ മികവ് പ്രകടിപ്പിക്കുന്നു. മുസ്ലിങ്ങളും ദളിതരും ഗാന്ധിയും മാത്രമല്ല ഇവിടെ ഇരകൾ. വേട്ടക്കു കൂട്ടുനിൽക്കുന്നവർതന്നെ വേട്ട കഴിയുന്ന മണിക്കൂറുകളിൽ സ്വയം ഇരകളായി മാറും. അഭയാർഥികളും പലായികളും അതൃപ്തരും ഭ്രഷ്ടരും നിരക്ഷരരും ഏകാകികളും അനാഥരും ദരിദ്രരുമായിരുന്ന മനുഷ്യർ വേട്ടക്കാരുടെ കുപ്പായമണിയാൻ തയ്യാറാകുന്നതിന്റെ വൈരുധ്യം നോവൽ നാനാതലങ്ങളിൽ തുറന്നുകാണിക്കുന്നുണ്ട്. കിസ്തയ്യയുടെയും ചമറിന്റെയും ഗാവന്തിന്റെയും നാഗേശ്വർ മഹാതോയുടെയും മദൻലാലിന്റെയും വിധികൾ ഉദാഹരണമാണ്. വിഭജനത്തിന്റെ ഇരകളായ കൃപാൽ സിംഗിന്റെയും ബൂട്ടാസിംഗിന്റെയും താഹിർഹസന്റെയും കഥകൾ സമാനതയില്ലാത്ത മനുഷ്യജീവിതദുരന്തങ്ങളുടെ പാഠരൂപങ്ങളാകുന്നു.
കശ്മീർ മുസ്ലിങ്ങൾ കടന്നുപോകുന്ന ഇരട്ടവേട്ടയുടെ ഇരുതല മൂർച്ചയുള്ള രാഷ്ട്രീയാനുഭവങ്ങളിലേക്കാണ് 1948ന്റെ ഏറ്റവും വിശദവും വിമർശനാത്മകവുമായ ചരിത്രപുനർവിഭാവനം നോവൽ സങ്കല്പിക്കുന്നത്. വിഭജനകാലത്തെ കൊടിയ വർഗീയ ധ്രുവീകരണത്തിന്റെയും വംശോന്മൂലനത്തിന്റെയും ആവർത്തനം പോലെ കശ്മീർ കത്തിയെരിയുകയാണ്. അസമാനമായ യാതനകളിലൂടെയും അതുല്യമായ സഹനങ്ങളിലൂടെയും കടന്നുപോകുന്ന കശ്മീർ മുസ്ലിങ്ങളുടെ വിധിക്ക് രക്തം കൊണ്ടടിവരയിടുകയാണ് നോവൽ. വായിക്കൂ:
''ഡൽഹിയിലെ ഹോസ്റ്റൽ മുറിയിൽ പാതിരാവ് കഴിഞ്ഞും നേർത്ത പ്രകാശം ഉണ്ടായിരുന്നു. ആബിയ മഖ്ധൂമി എഴുതുകയാണ്. അവളുടെ ജീവിതം. അവളുടെ ഭായിജാന്റെ ജീവിതം. സഹമുറിയരെല്ലാം ഉറക്കത്തിലായിരിക്കുമ്പോൾ എഴുതാനിരിക്കും. മഞ്ഞിന്റെ ഭൂപടത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള ദൂരം അത്ര നിസ്സാരമല്ലായിരുന്നു. മുറിക്കുള്ളിലെ ഏകാന്ത നിശ്ശബ്ദതയിൽ ഇരുന്നുകൊണ്ട് അന്ന് എഴുതിയതത്രയും ആബിയ വായിച്ചു. ഒരു ഡ്രാഫ്റ്റ് എഴുതിക്കഴിഞ്ഞാൽ അത് ഉറക്കെ വായിക്കുന്നത് ശീലമാക്കിയിരുന്നു. ടേബിൾ ലാമ്പിന്റെ പ്രകാശം കുറച്ചു കൂടി താഴ്‌ത്തിക്കൊണ്ട് ആബിയ ആത്മാവിന്റെ ആവിഷ്‌കാരം വായിച്ചു.
''ഉറങ്ങാൻ പോകുന്നതിനുമുമ്പ് റൊട്ടിയും പാലും മേശമേൽ മറന്നു വെക്കരുത്. അത് മരിച്ചവരെ ആകർഷിക്കും.''
ഒലിവ് പച്ചനിറത്തിലുള്ള പട്ടാളവണ്ടി വീടിന്റെ മുമ്പിൽ വന്നു നിന്നപ്പോൾ ഞങ്ങളാരും തന്നെ ഭാവി ഇത്രമാത്രം ഇരുൾ നിറഞ്ഞതും വിഷാദഭരിതവും ഉയിർത്തെഴുന്നേൽക്കാൻ ആവാത്ത വിധം സങ്കടകരവുമായിരിക്കുമെന്ന് നിനച്ചിരുന്നില്ല. മേജർ ഗോർപാൽ സിങ് വണ്ടിയിൽ നിന്നിറങ്ങി വീട്ടിലേക്ക് വന്നപ്പോൾ ഉമ്മിയും ഞാനും വിചാരിച്ചത് അബ്ബയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടിക്കാണും എന്നാണ്. പക്ഷേ, അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശ്യം വേറെയായിരുന്നു.
''താഹിർ ഹസൻ മഖ്ധൂമി നിങ്ങളുടെ മകനല്ലേ?'' ഓഫീസർ ചോദിച്ചു. ഉമ്മി അതേ എന്ന് തലയാട്ടി.
''അയാൾ വീട്ടിലുണ്ടോ?''
എന്റെ ജീവന്റെ ജീവനായ ഭായിജാൻ അപ്പോൾ ഉറങ്ങുകയായിരുന്നു. ഞാനാണ് അകത്തു ചെന്ന് ഉണർത്തിയത്. കൂടുതൽ ചോദ്യവും പറച്ചിലുമൊന്നും ഇല്ലാതെ അവർ താഹിറിനെ പിടിച്ചുകൊണ്ടുപോയി. ഉമ്മി അപ്പോൾതന്നെ തലകറങ്ങി വീണിരുന്നു. എനിക്കും മിണ്ടാട്ടം മുട്ടി പോയി. ഒലിവ് പച്ചനിറത്തിലുള്ള വാഹനം അകന്നു പോകുന്നത് ഇപ്പോഴും എന്റെ കണ്ണിലുദിക്കുന്നുണ്ട്. ആർമിക്കുവേണ്ടി രഹസ്യം ചോർത്തി കൊടുക്കുന്ന ആളായിരുന്നു താഹിർ എന്നാണു പിന്നീട് ഒരു പട്ടാളക്കാരൻ ഉമ്മിയോടു പറഞ്ഞത്. എന്റെ ഭായിജാനെ അതിൽ പിന്നെ ഞങ്ങൾ കണ്ടിട്ടേയില്ല. ഞാനും ഉമ്മിയും അവനെ അന്വേഷിച്ച് എത്ര തവണയാണ് ആർമി യൂണിറ്റിൽ പോയതെന്ന് ഞങ്ങൾക്കുതന്നെ യാതൊരു നിശ്ചയവുമില്ല. എല്ലാ ദിവസവും ഉമ്മി കണ്ണിൽ എണ്ണയൊഴിച്ചു കാത്തു നിൽക്കും. പക്ഷേ, താഹിർ വന്നില്ല. അബ്ബജാൻ പോയ വഴിയിലൂടെ അവനും അപ്രത്യക്ഷമാവുമോ എന്ന് ദുഃസ്വപ്നം കണ്ട് ഉമ്മി രാത്രിനേരങ്ങളിൽ ഞെട്ടിയുണരുന്നതിന് ഞാൻ എത്ര തവണ സാക്ഷിയായിട്ടുണ്ടെന്നോ. അങ്ങനെ പാതി മുറിഞ്ഞ ഉറക്കം പൂർത്തിയാക്കാൻ ഉമ്മിക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. കനത്ത മഞ്ഞുവീഴ്ച വകവെക്കാതെ ഞങ്ങൾ ആർമി യൂണിറ്റിൽ അന്വേഷിക്കാൻ ചെല്ലും. പ്രതീക്ഷാനിർഭരമായ അത്തരം യാത്രകളിൽ ഉമ്മി എന്നോട് ഒന്നുംതന്നെ മിണ്ടാറില്ല. തിരിച്ചുവരുമ്പോൾ ഉള്ള മൗനമാണ് എനിക്കും തീരെ സഹിക്കാൻ പറ്റാത്തത്. സ്‌നേഹമുള്ള മനുഷ്യർ മിണ്ടാതായാൽ ഈ ഭൂമിതന്നെ നശിച്ചുപോകില്ലേ?
ഒരു നശിച്ച ദിവസമാണ് അതേ ആർമി ഓഫീസർ അതേ പച്ചനിറത്തിലുള്ള വണ്ടിയുമായി വീട്ടിൽ വീണ്ടും വന്നത്. അദ്ദേഹത്തിന്റെ കൂടെ കുറച്ചധികം പട്ടാളക്കാരുണ്ടായിരുന്നു. അയാൾ അകത്തേക്ക് കയറി ഇരുന്നു. കൈയിലുള്ള ഒരു പൊതി മേശപ്പുറത്ത് വച്ചു. ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല. പട്ടാളക്കാരുടെ ബൂട്ട് ശബ്ദം നിലച്ചപ്പോൾ മേജർ ഉമ്മിയെ നോക്കിക്കൊണ്ട് ഒരു പുരോഹിതനെപ്പോലെ സംസാരിക്കാൻ തുടങ്ങി.
''താഹിറിനെക്കുറിച്ച് നല്ലതല്ലാത്ത ഒരു വാർത്ത പറയാനാണ് ഞാൻ വന്നത്. കഴിഞ്ഞ രാത്രിയിൽ കുപ്പ്‌വാരയിൽ നടന്ന IED സ്‌ഫോടനത്തിൽ കുറേ പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. അതിൽ ഒരാൾ താഹിർ ആണ്.''
ഇത് കേട്ടതും ഉമ്മിയെ എനിക്ക് താങ്ങേണ്ടിവന്നു.
''താഹിറിന്റെ ശരീരത്തിൽനിന്ന് ഒരു കിലോഗ്രാം ഇറച്ചി മാത്രമേ ഞങ്ങൾക്ക് കണ്ടെടുക്കാനായുള്ളൂ.'' അയാൾ ബഹുമാനപൂർവ്വം പൊതിയെടുത്ത് ഉമ്മിയുടെ കൈയിൽ വച്ചുകൊടുത്തു.
താഹിറിനെ പിടിച്ചുകൊണ്ട് പോയ ദിവസത്തേതുപോലെ ഉമ്മി അലറി കരയുകയോ തല കറങ്ങി വീഴുകയോ ഉണ്ടായില്ല. ഏക മകൻ ഒരു കിലോഗ്രാം ഇറച്ചിയായി വീടിലെത്തിയാൽ പെറ്റതള്ളയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അല്ലാഹുഗ് ഫിർലഹ വർഹംഹുവ ആഫിഹിവ അഹു അന്ഹു വ അക്രിം....
ഒരു കിലോ ഇറച്ചി മനുഷ്യന്റെതും കുറുക്കന്റെതും അടുത്തടുത്ത് വച്ചാൽ അത് നിങ്ങൾക്ക് തിരിച്ചറിയാനാവുമോ?
ഒരു പിഞ്ചുകുഞ്ഞിനെ എന്നോണം താഹിറിന്റെ ശരീരമാംസം കൈയിലെടുത്തതിൽ പിന്നെ ഉമ്മിയെ ഞാൻ പുഞ്ചിരിക്കുന്ന മുഖത്തോടെ കണ്ടിട്ടേയില്ല.
മരണവീട്ടിൽ ഉറക്കമിളച്ചിരിക്കുന്നവരുടെ മുഖഭാവമായിരുന്നു പിന്നീട് ഉമ്മിയുടെ സ്ഥായീഭാവം.
ശരീരത്തിൽനിന്ന് അടർന്നുപോയ ഒരു കിലോഗ്രാം ഇറച്ചിയുടെ മാതൃഭാഷ എന്താവും? കത്തിക്കരിഞ്ഞ ശരീരത്തിൽ അവശേഷിച്ച ഒരു കിലോ ഇറച്ചിയുടെ ദേശീയത എന്താവും. അതിനു ഭാഷയോ സംസ്‌കാരമോ മതമോ ജാതിയോ ഉണ്ടാവുമോ?''.
നോവലിന്റെ അവസാനം, ഗാന്ധിയെ ഗോദ്‌സെ വധിച്ച 9mm ബെരേറ്റ കൊണ്ടുതന്നെ ആബിയയെ വെടിവച്ചു കൊല്ലുമ്പോൾ ശിവറാം അനുഭവിച്ച സംഘർഷവും ആത്മസുഖവും ഗോദ്‌സെ അനുഭവിച്ചതുതന്നെയായിരുന്നു.
''കുറച്ചു കഴിഞ്ഞപ്പോൾ വലിയ ആരവങ്ങൾ കേട്ടു. അമിത് പുരോഹിതിന്റെ പ്രസംഗം. ജനം കൈയടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നുണ്ട്. വീണ്ടും വണ്ടിയുടെ വാതിൽ തുറക്കപ്പെട്ടു. ഇപ്രാവശ്യം അകത്തുകയറിയതു ശിവറാം ഗോധ്രയാണ്. അയാൾ അവളെ പിടിച്ചു വലിച്ചു പുറത്തിറക്കി. രണ്ടുപേർ ചേർന്ന് സാഹസപ്പെട്ട് ഇടിവണ്ടിയുടെ മുകളിൽ അവളെ കയറ്റി. അപ്പോഴാണ് ആബിയ ജനസമുദ്രത്തെ കണ്ടത്. എല്ലാവരും അവളെത്തന്നെ നോക്കിനിൽപ്പാണ്. അമിത് പുരോഹിതിന്റെ പ്രസംഗം അവസാനിച്ചപ്പോൾ ജനം പാത്രം കൊട്ടി. ആബിയ മഖ്ധൂമിക്കു സഹിക്കാനായില്ല. അവൾ ചെവിപൊത്തി. ഈ സമയം കൊണ്ടു മറ്റൊരു ഇടിവണ്ടിയുടെ മുകളിലേക്ക് ശിവറാം ഗോധ്ര ഒരു പട്ടാളക്കാരന്റെ മിടുക്കോടെ വലിഞ്ഞു കയറി. അയാൾ ആബിയയ്ക്ക് അഭിമുഖമായി നിന്നു. ജനം ആർത്തുവിളിച്ചു. എന്താണ് നടക്കാൻ പോകുന്നതെന്ന് ആബിയയ്ക്കു മനസ്സിലായില്ല. പാത്രങ്ങൾ കൂട്ടിയിടിക്കുന്ന ശബ്ദം കുറഞ്ഞു വന്നപ്പോൾ ജനങ്ങൾക്ക് പശുവിന്റെ കൊമ്പു മുളയ്ക്കുന്നതായും വാല് വരുന്നതായും ആബിയ കണ്ടു. അവൾക്കു തല ചുറ്റി. വീഴാതിരിക്കാൻ കിണഞ്ഞു ശ്രമിച്ചു.
സമയം 5.17. ശിവറാം ഗോധ്ര പോക്കറ്റിൽനിന്നു 9mm ബെരേറ്റ കൈയിലെടുത്തു.
''തീവ്രവാദിയെ കൊല്ല്. രാജ്യദ്രോഹിയെ കൊല്ല്.'' ജനം ആർത്തട്ടഹസിച്ചു. വണ്ടി കുലുങ്ങി, താൻ താഴെ വീഴുമെന്ന് ആബിയയ്ക്ക് തോന്നി. കൺപോളകൾക്കു കനം വെച്ചു. കണ്ണടഞ്ഞു പോകുന്നു.
ശിവറാം ഗോധ്ര കാഞ്ചിയിൽ വിരൽ തൊട്ടു. നാഥുറാം വിനായക് ഗോഡ്‌സെ ഗാന്ധിയെ കൊല്ലുന്നതിനു തൊട്ടുമുമ്പ് അനുഭവിച്ച അതേ സംഘർഷം, ആത്മസുഖം ശിവറാം ഗോധ്രയും അറിഞ്ഞു.
വെടി പൊട്ടി.
''യാ അള്ളാഹ്.''
രക്തസാക്ഷിത്വം സ്വാതന്ത്ര്യസമരമാണ്''.
1948 ജനുവരി 20ന് നടന്ന ഗാന്ധിവധശ്രമത്തെത്തുടർന്ന് സംഭവിച്ച ഗുരുതരമായ സുരക്ഷാപാളിച്ചകളെയും ജനുവരി 30ന് നടന്ന ഗാന്ധിവധത്തെയും മുൻനിർത്തി രൂപംകൊണ്ട ഏറ്റവും പ്രസിദ്ധമായ രാഷ്ട്രീയവിവാദത്തിലേക്കും 9mm ബെരേറ്റ കടന്നുചെല്ലുന്നുണ്ട്. ഗോധ്രയും വൻസാരയും തമ്മിലുള്ള ഈ സംഭാഷണം ശ്രദ്ധിക്കൂ. രണ്ടേ രണ്ടു വാക്യങ്ങളിൽ, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തലവര മാറ്റിയെഴുതിയ ആ സംഭവം വിനോദ് സംഗ്രഹിക്കുന്നു;
''ഗോഡ്‌സെജിയെ തൂക്കി കൊന്നശേഷം മൃതശരീരം ജയിൽവളപ്പിൽ ദഹിപ്പിക്കാതെ വിട്ടുകൊടുത്തിരുന്നെങ്കിൽ ചരിത്രം മറ്റൊന്നായേനെ''. വിമൽ വൻസാര പറഞ്ഞു.
''അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ പട്ടേലിന്റെ പ്രതിമ നിർമ്മിക്കേണ്ടി വരില്ലായിരുന്നു!''
സമീപകാലത്ത് മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മികച്ച നോവലുകളിലൊന്നായി '9mm ബെരേറ്റ' മാറുന്നത് മുഖ്യമായും രണ്ടു കാരണങ്ങൾ കൊണ്ടാണ്. (ആനന്ദിന്റെ 'ആൾക്കൂട്ടം' മുതലിങ്ങോട്ട് മലയാളനോവലിൽ രൂപംകൊണ്ട 'ഇന്ത്യൻ നോവൽ' ജനുസിലും ബെരേറ്റ വേറിട്ടുനിൽക്കുന്ന രചനയാണ്. സ്ഥലം, ചരിത്രം, ജീവിതം, രാഷ്ട്രീയം, ആഖ്യാനം എന്നീ അഞ്ച് കലാഭൂമികകളിലും ഒരുപോലെ സൃഷ്ടിക്കുന്ന ഭാവുകത്വവ്യതിയാനമാണ് 'ഇന്ത്യൻ' എന്നു വിശേഷിപ്പിക്കാവുന്ന തലത്തിലേക്ക് മലയാളനോവലിനെ പരിവർത്തിപ്പിക്കുന്നത്. ആനന്ദിനു പിന്നാലെ കോവിലനും വികെഎന്നും മുകുന്ദനും മറ്റും ചുവടുറപ്പിച്ച ഈ ജനുസ്സിൽ കെപി ഉണ്ണി മുതൽ ഇ. സന്തോഷ്‌കുമാർ വരെയും സാറാജോസഫ് മുതൽ കെ.ആർ. മീര വരെയും തങ്ങളുടെ ഏറ്റവും മികച്ച രചനകൾക്ക് രൂപം കൊടുത്തു).
ചരിത്രബോധത്തിന്റെ ലാവണ്യരാഷ്ട്രീയത്തിലും രാഷ്ട്രീയബോധത്തിന്റെ ചരിത്രസൂക്ഷ്മതയിലും ബെരേറ്റ പ്രകടിപ്പിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് ഒന്നാമത്തേത്. രൂപനിഷ്ഠവും ഭാവബദ്ധവുമായ ആഖ്യാനപദ്ധതിയിൽ നോവൽ കൈവരിക്കുന്ന അസാധാരണമായ കലാത്മകതയാണ് രണ്ടാമത്തേത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വിധ്വംസകമായ പ്രത്യയശാസ്ത്രവിതാനങ്ങളെ മുക്കാൽ നൂറ്റാണ്ടിന്റെ കാലഭൂമികയിലേക്കു വിവർത്തനം ചെയ്യുന്നതിലും അനന്തവൈവിധ്യമാർന്ന മനുഷ്യപ്രകൃതത്തിന്റെയും ദമിത കാമനകളുടെയും ഭാവലോകങ്ങളെ ദൃശ്യബിംബങ്ങളുടെയും സിനിമാറ്റിക് സീക്വൻസുകളുടെയും അനുപമമായ സൗന്ദര്യപദ്ധതിയിലേക്ക് പരാവർത്തനം ചെയ്യുന്നതിലും നോവൽ കൈവരിക്കുന്ന വിജയമാണിത്.
''അക്‌ബർ റോഡിന്റെ വളവു കഴിഞ്ഞപ്പോൾ നാരായൺ ആപ്‌തെ ഡ്രൈവറോട് പറഞ്ഞു: ''അൽബുക്കർക്യു റോഡ് തുടങ്ങുന്നിടത്തു വിട്ടാൽ മതി''.
അവിടെ അധികം തിരക്കില്ലായിരുന്നു. ബിർളാ ഹൗസിന്റെ പ്രധാന കവാടത്തിനു മുന്നിലും വിജനമാണ്. സന്ദർശകർ എത്തിത്തുടങ്ങിയിട്ടില്ല. ഇരുവരും അൽബുക്കർക്യു റോഡിലൂടെ രണ്ടു വട്ടം അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഒരു കുതിരവണ്ടിക്കാരൻ അവരെ കടന്നുപോയി. പിന്നെ ഏതാനും കാൽനടയാത്രക്കാരും സൈക്കിൾ യാത്രികരും മാത്രമ ആ വഴി കടന്നു പോയിരുന്നുള്ളൂ. ആ ഗേറ്റ് വഴി അകത്തേക്ക് നോക്കി. ബിർളാ ഹൗസിൽ കുറേ പേര് ഉലാത്തുന്നുണ്ട്. ഗേറ്റിനു പുറത്തോ വളപ്പിനുള്ളിലോ യൂണിഫോമിട്ട പൊലീസുകാരെ കാണാൻ കഴിഞ്ഞില്ല. പാറാവുകാരൻ തോട്ടക്കാരനോട് സംസാരിച്ചുനിൽപ്പുണ്ട്. ആശ്രമം പോലെ ശാന്തമായിരുന്നു ബിർളാ ഹൗസ് പരിസരം. പുൽത്തകിടിയിൽ മരങ്ങളുടെ നിഴൽ മാത്രം അനങ്ങുന്നുണ്ടായിരുന്നു.
''ഏതാനും മണിക്കൂറിനുള്ളിൽ രണ്ടുകൂട്ടരുടെ ജീവിതത്തിന് തീരുമാനമുണ്ടാകും.'' ആപ്‌തെ തന്റെ തലയിൽ വീണ ഒരു ചെറിയ ഇല എടുത്തു മാറ്റുന്നതിനിടയിൽ ഓർത്തു. ഒന്നും സംസാരിക്കാനാവാത്ത വിധം കാർക്കറെയുടെ ഹൃദയമിടിച്ചു. നിരീക്ഷിക്കാൻ വരേണ്ടിയിരുന്നില്ല. ചില ഉച്ചവെയിൽ അസ്തമയങ്ങളെക്കാൾ വിഷാദമുണ്ടാക്കും!
ഇറങ്ങിയ ഇടത്തുനിന്നും കുറച്ചുകൂടി മുന്നോട്ടു നടന്ന ശേഷം എഡ്വേർഡ് റോഡ് ഓഫീസർസ് മെസ്സിന്റെ അടുത്തുനിന്നും അവർ ടാക്‌സി പിടിച്ചു.
''എല്ലാം സുരക്ഷിതമാണ്. ജീവിതമൊഴിച്ച്...'' കാർക്കറെ ഉള്ളിൽ സംസാരിക്കാൻ തുടങ്ങി.
പ്രിയപ്പെട്ടവരുടെ ശവമടക്കിനു വന്നവരെപ്പോലെയായിരുന്നു പ്ലാറ്റ് ഫാമിലെ അഭയാർത്ഥികൾ. ആരും ചിരിക്കുന്നില്ല. തുറന്നു സംസാരിക്കുന്നില്ല. വിലാപത്തിന്റെ സംഗീതം പേറുന്നവർ. ആപ്‌തെയും വിഷ്ണു കാർക്കറെയും കൂട്ടം തെറ്റാതെ അവർക്കിടയിലൂടെ നടന്നു.
''ഇന്ന് വൈകുന്നേരത്തിനു ശേഷം നിങ്ങളും ഞാനും ഉണ്ടാവില്ല വ്യാസ്. ഗാന്ധിയും ഗോഡ്‌സെയും മാത്രമേ കാണൂ. ആപ്‌തെ ആൾക്കാരെ മുട്ടിനടക്കുമ്പോൾ പറഞ്ഞു.
''ചരിത്രം ഒരു അപസർപ്പകകഥയാണ്.''
അന്നേവരെ ഉണ്ടാവാത്ത രീതിയിൽ അവരുടെ മനസ്സുകൾ ഐക്യപ്പെട്ടു. കാർക്കറെ ഇടറിയ സ്വരത്തിൽ ചോദിച്ചു.
''അയാളുടെ മരണത്തോടെ നമ്മുടെ സ്വപ്നം പൂവണിയുമോ?''
''പകുതി''
''അപ്പോൾ മറുപകുതി എന്തായിരിക്കും?''
''ഗാന്ധിയുടെ ജീവിതം തുടരും. രക്തസാക്ഷിത്വം പുനർജന്മമാണ്.''
അപ്രതീക്ഷിതമായി ഒരു തീവണ്ടി ചൂളം വിളിച്ചു. ഒഴിഞ്ഞ ട്രാക്കിലൂടെ ഒരു കറുത്ത നീരാവി എൻജിൻ മാത്രം കടന്നുപോയി. കാർക്കറെ ആപ്‌തെയുടെ കൈപിടിച്ചു.
''ഇനി നമ്മൾക്ക് എന്ന് വീടെത്താനാവും?'' അയാൾ ചോദിച്ചു.
''പൂന നമ്മളിൽനിന്ന് ഏറെ അകലെയാണ്.''
അവർ വെയ്റ്റിങ് റൂമിൽ എത്തുമ്പോൾ ഗോഡ്‌സെ പുസ്തകം വായിച്ചിരിക്കുകയായിരുന്നു. പെറി മാസൺ നോവൽ. വർഷങ്ങൾക്ക് മുമ്പ് ആപ്‌തെയാണ് അയാളെ ഇത്തരം നോവലിലേക്കും സ്‌കാർഫേസ് പോലുള്ള സിനിമകളിലേക്കും അടുപ്പിച്ചത്. വായനയിൽ, കാഴ്ചയിൽ ഗോഡ്‌സെ തന്റെ പുരുഷകാമനകളെ തിരിച്ചുപിടിക്കാൻ ശ്രമിച്ചിരുന്നു. പൂനയിലെ ക്യാപിറ്റോൾ തിയേറ്ററിൽ ഒന്നിച്ചുപോയ നിമിഷങ്ങൾ, ലൈബ്ര റിയിൽനിന്ന് എടുത്തുകൊടുത്ത ക്രൈം നോവലുകൾ. വെറും തയ്യൽക്കാരനായി ഒടുങ്ങേണ്ടിയിരുന്ന ഗോഡ്‌സെയെ താൻ പരിചയപ്പെടുത്തിക്കൊടുത്ത പുസ്തകങ്ങളും സിനിമകളുമാണ് ഉയർത്തെഴുന്നേൽപ്പിച്ചത്. ഗോഡ്‌സെ ആസ്വദിച്ചു വായിക്കുന്നതു കണ്ട് ആപ്‌തെയ്ക്കു സന്തോഷം തോന്നി. താൻ നല്ല അദ്ധ്യാപകനായത് അയാൾക്കു മാത്രമാണ്.
പ്ലാറ്റ്‌ഫോമിലെ വലിയ ഘടികാരത്തിൽ സമയം മൂന്ന് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.
''അവിടെയെല്ലാം ശാന്തമാണ്. എല്ലാം അനുകൂലം.''
കാർക്കറെ പറഞ്ഞ കാര്യം ഗോഡ്‌സെ കേട്ടഭാവം നടിച്ചില്ല. അയാൾ പുസ്തകത്തിൽ ലയിച്ചിരിക്കുകയാണ്. അവസാന പേജ് വായിച്ചുതീർത്ത അയാളുടെ മുഖം പ്രസന്നമായി. ഗോഡ്‌സെ പുസ്തകം അടച്ചു. കുറ്റകൃത്യത്തിന്റെ പുസ്തകം എത്രമാത്രം സമാധാനം തരുമെന്ന് ആപ്‌തെയ്ക്കു നന്നായറിയാം.''
'9mm ബെരേറ്റ'യിൽ ആദ്യന്തം ചിതറിക്കിടക്കുന്ന, ഒറ്റവാക്യങ്ങളിലെ നക്ഷത്രഭംഗിയും വജ്രമൂർച്ചയുമുള്ള ഭാവരൂപകങ്ങളുടെയും കാവ്യഭാവനകളുടെയും എണ്ണം വിസ്മയിപ്പിക്കുംവിധം വലുതാണ്. ചിലത് നോക്കൂ:
'ഒരു വെടിയിൽ തീരാനുള്ള വാർധക്യമാണ് അയാളുടെ ജീവിതമെങ്കിൽ ഞാൻ മൂന്നുവട്ടം നിറയൊഴിക്കും'.
'അമിത ദേശീയത പടക്കംപൊട്ടുന്നതുപോലുള്ള കാര്യമാണ്. ഏതു ഭൂഖണ്ഡത്തിലുള്ളവർ തീ കൊടുത്താലും അതു പൊട്ടും'.
'അസാധാരണ ശാന്തതയുള്ള മനുഷ്യനായിരിക്കും ലോകത്തെ ഏറ്റവും അപകടകാരിയായ മനുഷ്യൻ'.
'ആർഎസ്എസ് രാജ്യദ്രോഹികളോ കൊള്ളക്കാരോ അല്ല. രാജ്യത്തെ സ്‌നേഹിക്കുന്ന ദേശാഭിമാനികളാണവർ' (സർദാർ പട്ടേൽ)
'ബന്ധങ്ങളാണ് എല്ലാ മനുഷ്യരെയും തകർക്കുന്നത്......'.
'മനുഷ്യരുടെ പേരിനും ജീവിതത്തിനും അർഥമുണ്ടാകും അല്ലേ? പശുക്കളുടെ ഭൂമിക എന്നാണ് ഗോധ്രയുടെ അർഥം'.
'ചോരക്കറ കഴുകിയാൽ പോകും. പാപക്കറ എന്തുചെയ്യും?'.
'വിശപ്പിനു മാത്രമേ ഓർമ്മകളെ കൊല്ലാൻ കഴിയൂ'.
'ഒരാളുടെ ചോര വാർന്നാൽ ആളുകൾ ഓടിക്കൂടും. എന്നാൽ ആത്മാവിൽനിന്ന് സ്‌നേഹമൊഴിഞ്ഞുപോയാൽ ആരറിയാനാണ്?'.
'സ്ത്രീകൾ ജാതിക്കതീതരാണ്'.
'ബ്രാഹ്മണന്റേതല്ലാത്തതൊന്നും ക്ഷേത്രങ്ങളല്ല. അതൊക്കെ ചൈതന്യമില്ലാത്ത വെറും കെട്ടിടങ്ങളല്ലേ?'.
'ഒരു പുരുഷന് പ്രണയത്തെക്കാൾ വലുത് രാജ്യസ്‌നേഹമാണ്'.
'യുദ്ധം നടക്കുന്ന രാജ്യത്തെ ജനങ്ങൾക്കേ മരണം സ്വപ്നം കാണാൻ കഴിയൂ'.
'പ്രണയിക്കുന്നവർക്ക് ജീവിതമേയുള്ളു. മരണമില്ല'.
'പുസ്തകം സരസ്വതിയാണ്. ആയുധവും സരസ്വതിയാണ്'.
'സ്ത്രീകളുടെ നിർത്താതെയുള്ള കരച്ചിൽ വിനാശത്തിന്റെ സൂചനയാണ്'.
'പ്രത്യയശാസ്ത്രത്തിന്റെ തടവുകാരായ മനുഷ്യർ മിഠായി നുണയുന്ന കുട്ടികളെപ്പോലെയാണ്. ആനന്ദം അകത്തും പുറത്തും പ്രകടമാകും'.
'ദ്രവിച്ചുതീരും മുൻപ് ഭൂമിയിൽ ജീവിക്കാൻ ബാക്കിവച്ച ജീവിതമാണ് ഒരാൾ ഖബറിൽ ജീവിക്കുക'.
'വിഭജനത്തിന്റെ ചരിത്രം സ്ത്രീശരീരമാണ്'.
'ഒരാളുടെ കാലൻ അയാളുടെ നിഴൽ കൂടെയില്ലാത്തപ്പോൾ പോലും ഒപ്പം കാണും'.
'കാമുകിമാരില്ലാത്തവർക്ക് കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും കഴിയും'.
'ഗാന്ധി കള്ളനാണയമാണ്. ജീവിതത്തിൽ ഉപ്പുവർജ്ജിച്ചയാൾ തന്നെയാണ് ഉപ്പുസത്യാഗ്രഹം നടത്തിയത്'.
'രാജ്യത്തിനുവേണ്ടിയുള്ള കൊലപാതകം പ്രണയംപോലെ പവിത്രമായിരിക്കും'.
'കാത്തുനിൽപ്പും ജീവിതമാണ്. പ്രതീക്ഷ നശിക്കാത്തിടത്തോളം അതൊരു പാഴ്‌വേലയല്ല'.
'കണ്ണിനു പകരം കണ്ണ് എന്നാണെങ്കിൽ ലോകം അന്ധതയിലാണ്ടുപോകും' (ഗാന്ധി).
'ചരിത്രം ഒരു അപസർപ്പക കഥയാണ്'.
'ജയിലിൽ ഞങ്ങൾ ഒട്ടും സമയം പാഴാക്കിയില്ല. വിഷമിച്ചിരുന്നു ജീവിതം തുലച്ചതുമില്ല. ഞങ്ങളുടെ വിധി ഞങ്ങളുടെ തെരഞ്ഞെടുപ്പാണ്. ജീവിക്കാൻ ആരുടെയും ഔദാര്യം ആവശ്യമില്ല. ദൃഢനിശ്ചയം മാത്രം മതി'.
'ഘാതകന് ആത്മസംയമനം വേണം. ഇരയുടെ മഹത്വം ഭാരമാകുമ്പോഴാണ് കൊലയാളി പതറുക'.
'രക്തസാക്ഷിത്വം പുനർജന്മമാണ്'.
നോവലിൽനിന്ന്
''ബിർളാ ഹൗസിന്റെ നൂറു വാര അകലെയാണ് അവർ വണ്ടിയിറങ്ങിയത്. അകത്തു കടക്കുമ്പോൾ, പ്രാർത്ഥനായോഗത്തിനുള്ള ജനം തിങ്ങിയിരുന്നു. കാർക്കറെ ആത്മവിശ്വാസത്തോടെ ആപ്‌തെയ്ക്കു പിറകേ ആൾക്കൂട്ടത്തിലേക്കിറങ്ങി. പ്രാർത്ഥനാവേദിക്കു കുറച്ചകലെയായി ഗോഡ്‌സെ നിലയുറപ്പിച്ചത് അവർ കണ്ടു. ഇരുവരും അങ്ങോട്ട് നടന്നു. അപരിചിതരെപ്പോലെ അടുത്തടുത്തു നിന്നു. കൊലയാളിക്ക് ആത്മധൈര്യം കിട്ടി. മൂവരും യുഗപുരുഷനെ കാത്തുനിന്നു.
സമയം അഞ്ചുമണിയോടടുത്തിരുന്നു. ഗാന്ധി, സർദാർ പട്ടേലുമായി ചർച്ച തുടരുകയാണ്. മനുവിന് വെപ്രാളമായി. അഞ്ചുമണിക്കാണ് പ്രാർത്ഥനായോഗം തുടങ്ങേണ്ടത്. ബാപ്പുവിന്റെ ശ്രദ്ധ ആകർഷിക്കാനെന്നോണം മനു ഭക്ഷണം മുന്നിൽകൊണ്ട് വെച്ചു. അദ്ദേഹം അത് കണ്ടില്ല. ഗൗരവമായ ചർച്ച തടസ്സപ്പെടുത്തി എങ്ങനെ കാര്യം അവതരിപ്പിക്കും എന്ന വിഷമവൃത്തത്തിലായിരുന്നു മനു. അവർ പട്ടേലിന്റെ കൂടെ വന്ന മകളോടും കാര്യം പറഞ്ഞു. ഭാഗ്യത്തിന് അവർ ഇടപെടും മുമ്പേ ചർച്ച അവസാനിച്ചു. സമയം വൈകിയതറിഞ്ഞു ഗാന്ധി അസ്വസ്ഥനായി. വേഗം കാലും മുഖവും കഴുകി ചെരുപ്പെടുത്തണിഞ്ഞു.
''നിങ്ങളാണെന്റെ സമയത്തിന്റെ കാവൽക്കാർ. എന്തുകൊണ്ടെന്നെ ഓർമ്മപ്പെടുത്തിയില്ല?'' ബാപ്പു മനുവിനോടും ആഭയോടും ചോദിച്ചു. അദ്ദേഹം ഇടുങ്ങിയ വാതിലിലൂടെ പുറത്തേക്കിറങ്ങി. മനുവും ആഭയും ഊന്നുവടികളായി. അദ്ദേഹം തണുപ്പകറ്റാൻ പുതച്ചിരുന്ന ഷാൾ നേരെയാക്കി. ആഭ ഇടതും മനു വലതും അദ്ദേഹത്തെ താങ്ങി. പതിവുപോലെ മനുവിന്റെ കൈയിൽ ഗാന്ധിയുടെ കണ്ണടക്കവറും തുപ്പൽപാത്രവും ജപമാലയും നോട്ട്ബുക്കും ഉണ്ടായിരുന്നു.
ഗാന്ധിക്ക് പിറകിലായി ബ്രജ് കൃഷ്ണയും ബിർളാ ഹൗസിലെ കുടുംബാംഗങ്ങളിൽ ചിലരും കാതൃവാർഡിൽനിന്നു ഗാന്ധിയെ കാണാൻ വന്ന നേതാക്കളും നടന്നു. മറ്റൊരു വാതിലിലൂടെ പുറത്തേക്കിറങ്ങിയതിനാൽ, ഗാന്ധിക്ക് വഴിയൊരുക്കികൊടുത്തിരുന്ന ഗർഭജൻ സിങ്ങിന് അവരുടെ മുന്നിലെത്താനായില്ല.
സമയം 5.15 ആയിട്ടും ഗാന്ധിയെ കാണാഞ്ഞു ഗോഡ്‌സെ അക്ഷമനായി. അയാൾ മാത്രമല്ല യോഗത്തിൽ പങ്കുകൊള്ളാൻ വന്നവരെല്ലാം ആകാംക്ഷയിലായിരുന്നു. ഗാന്ധി ഒരിക്കലും സമയം തെറ്റിക്കാറില്ല. എല്ലാദിവസവും കൃത്യം അഞ്ചുമണിക്ക് യോഗം ആരംഭിക്കാറുള്ളതാണ്. ഇന്ന് എന്തുപറ്റി? ജനം ശ്വാസം അടക്കിപിടിച്ചിരുന്നു. നേർത്ത കാറ്റ് വീശി. പൊടുന്നനെ ജനങ്ങൾക്കിടയിൽനിന്നു ഹർഷാരവങ്ങൾ ഉണ്ടായി. ബാപ്പു വരുന്നു.
ആപ്‌തെ അദ്ദേഹത്തെ ദൂരെനിന്നു കണ്ടു. അയാൾ ഗോഡ്‌സെയ്ക്ക് സൂചന നൽകി. മാർഗം തടസപ്പെടുത്താൻ എളുപ്പമുള്ള ഒരിടത്തേക്ക് നാഥുറാം വിനായക് ഗോഡ്‌സെ സ്ഥാനം പിടിച്ചു. ആളുകൾ തിക്കിത്തിരക്കി. വിഷ്ണു കാർക്കറെ ശ്വാസം അടക്കി ദൈവത്തെ വിളിച്ചു. അയാളുടെ അടിവസ്ത്രം ഒരു തുള്ളി മൂത്രം കൊണ്ടു നനഞ്ഞു.
ഗാന്ധി നടന്നടുത്തുകൊണ്ടിരുന്നു. ആൾക്കൂട്ടം. അദ്ദേഹത്തെ കാണാനും തൊടാനും വെമ്പൽ കൊണ്ടു. വഴിയൊരുക്കാനായി ഗർഭജൻ സിങ് ആളുകൾക്കിടയിലൂടെ മുന്നോട്ടുവരാൻ പാടുപെട്ടു. ജനം അച്ചടക്കം ശീലിച്ചവരായിരുന്നു. കടൽ വഴിമാറുന്നതുപോലെ അവർ ഗാന്ധിക്ക് പോകാൻ ഇടമൊരുക്കിക്കൊടുത്തു.
ഗാന്ധി ആൾക്കൂട്ടത്തിന്റെ ആഹ്ലാദാരവങ്ങളിൽ സന്തോഷവാനായി. അദ്ദേഹം മനുവിന്റെയും ആഭയുടെയും തോളിൽ നിന്നും കൈയെടുത്തു. പോക്കുവെയിൽ ഇടയ്ക്ക് മങ്ങി. ഗാന്ധി എല്ലാവരോടും കൈകൂപ്പി. വേദിയിലേക്ക് ഇനി ഏതാനും കാലടികൾ വച്ചാൽ മതി. ആരാധനാ പുരുഷനെ ജീവനോടെ കണ്ട ജനങ്ങളുടെ നെടുവീർപ്പുകൾ അന്തരീക്ഷത്തിനു ഭക്തിയുടെ നിറവുനൽകി.
നാഥുറാം വിനായക് ഗോഡ്‌സെയുടെ കാലുകൾ ചലിച്ചു. വലതു വശത്തു നിന്ന് അയാൾ ഗാന്ധിയുടെ വഴിമുടക്കി. മനുവിന് ആ മുഖം പിടികിട്ടി. രാവിലെ ബാപ്പുവിനെ കാണാൻ വന്ന മനുഷ്യൻ!
''നമസ്‌തേ ബാപ്പു.'' നാഥുറാം വിനായക് ഗോഡ്‌സെ കൈകൂപ്പി. ഗാന്ധി അയാളുടെ കണ്ണിൽ തന്റെ മരണം കണ്ടു.
''സഹോദരാ. ബാപ്പുജി ഇപ്പോൾ തന്നെ വൈകി. വഴിമുടക്കാതെ മാറി...'' മനുവിന് വാക്കുകൾ പൂർത്തിയാകാൻ കഴിഞ്ഞില്ല. ഗോഡ്‌സെ മനുവിനെ തട്ടിമാറ്റി. മനു നിലത്ത് വീണു. ജപമാലയും തുപ്പൽ പാത്രവും നോട്ട്ബുക്കും തെറിച്ചുപോയി.
ഞൊടിയിടയിൽ ഗോഡ്‌സെ കീശയിൽനിന്ന് 9 mm ബെരേറ്റ പുറത്തെടുത്തു. ഗാന്ധിക്ക് നേരെ ചൂണ്ടി. വെളിച്ചം കെട്ടു. ദൃക്‌സാക്ഷികളുടെ കണ്ണിൽ ഇരുട്ടു കയറി.
ഒന്നിന് പിറകെ ഒന്നായി മൂന്ന് വെടി പൊട്ടി...
ആദ്യ തിര അടിവയർ തുളച്ചു പുറത്തുകടന്നു. രണ്ടാമത്തേത് വയറിന്റെ മധ്യഭാഗത്ത്. ഉണ്ട വസ്ത്രത്തിന്റെ ചുളുവിൽ പറ്റിക്കിടന്നു. മൂന്നാമത്തെ ഉണ്ട നെഞ്ചിന്റെ ഇടതു ഭാഗത്തു തുളഞ്ഞു കയറി. ഗാന്ധി നിലംപൊത്തി വീണു. അദ്ദേഹത്തിന്റെ കണ്ണടയും ചെരുപ്പും തെറിച്ചു. പോയി. മനുവിന്റെയും ആഭയുടെയും മടിയിൽ അദ്ദേഹം ചോരവാർന്ന് കിടന്നു. എങ്ങും ഏങ്ങലടികൾ ഉയർന്നു. തോക്കിൻ കുഴലിൽ നിന്നു പുക പരന്നപ്പോൾ കൂടിനിന്നവരുടെ കണ്ണിൽ ഇരുട്ടുകയറി.
''ഒരു മുസ്ലിം ബാപ്പുവിനെ കൊന്നു.''
നാരായൺ ആപ്‌തെ ആൾക്കൂട്ടത്തിൽ നിന്നു വിളിച്ചുകൂവി. അയാൾ നിലത്തൊന്നുമായിരുന്നില്ല. ആപ്‌തെയുടെ ജീവിതത്തിലെ അവസാനത്തെ ഉന്മാദം.
''ഒരു മുസ്ലിം ബാപ്പുവിനെ കൊന്നു.'' വിഷ്ണു കാർക്കറെയും ആവേശത്തോടെ ഏറ്റുവിളിച്ചു. ജനം ഇളകി. കേട്ടവർ കേട്ടവർ ഏറ്റുവിളിച്ചു.
''ബാപ്പുവിനെ കൊന്ന മുസ്ലിമിനെ വെറുതെ വിടരുത്.'' ആൾക്കൂട്ടം ആർത്തിരമ്പി.
ഗാന്ധിയുടെ ചോര വീണ മണ്ണ് ഒരുപിടി വാരിയെടുത്ത പയ്യൻ, പൊലീസിനെക്കണ്ട് ഓടി മറഞ്ഞു. കാർക്കറെയും ആപ്‌തെയും ഗേറ്റ് കടന്ന് ഓടി.
ഓട്ടത്തിനിടയിൽ കിതച്ചുകൊണ്ട് വിഷ്ണു കാർക്കറെ ചോദിച്ചു.
''ജനം ഗോഡ്‌സെയെ തമർത്തിക്കാണുമോ?''
ആപ്‌തെ കിതച്ചുകൊണ്ട് പറഞ്ഞു.
''ഇല്ല, അഹിംസയുടെ സന്തതികൾ അവനെ രക്ഷിക്കും''.''
9mm ബെരേറ്റ
വിനോദ്കൃഷ്ണ
ഡി.സി. ബുക്‌സ്
2022
550 രൂപ
കേരള സര്വകലാശാലയില് ഗവേഷകവിദ്യാര്ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില് തുടര്ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില് ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള് പുറത്തുവന്നിട്ടുണ്ട്.