ച്ചടിയാധുനികതയുടെ സാംസ്‌കാരിക സമവാക്യങ്ങളിലൊന്നായി രൂപംകൊണ്ട നോവലിന് ദേശീയതയുമായുള്ള രാഷ്ട്രീയബന്ധത്തിൽ ഏറ്റവും വലിയ ദിശാവ്യതിയാനം സംഭവിക്കുന്നത് കോളനിയനന്തരതയുടെ സന്ദർഭത്തിലാണ്. ആ സാഹിത്യരൂപത്തിന് ഏതാണ്ട് മൂന്നരനൂറ്റാണ്ട് പ്രായമായ കാലത്ത്. ദേശ-ദേശരാഷ്ട്ര-ദേശീയതാസ്വത്വങ്ങളെ അപനിർമ്മിച്ചുകൊണ്ട് നോവൽ അതിന്റെ ആഖ്യാനകലയുടെ ചരിത്രത്തിലെ ഏറ്റവും തീഷ്ണമായ ചില ഭാവുകത്വസ്വരൂപങ്ങൾ പ്രകടിപ്പിച്ചുതുടങ്ങുന്നത് അപ്പോഴാണ്. നോവലിൽ മാത്രമല്ല ആധുനികാനന്തരതയുടെ കാവ്യശാസ്ത്രപദ്ധതികളിൽ തന്നെയും ദേശീയതാബോധത്തിന്റെ വിഘടനംപോലെ പ്രാധാന്യം കൈവന്ന മറ്റൊരു രാഷ്ട്രീയ-സാംസ്‌കാരിക സമവാക്യമില്ല. അഴിഞ്ഞുപോകുന്ന ദേശരാഷ്ട്ര-ദേശീയതാസങ്കല്പനങ്ങളെ പ്രശ്‌നവൽക്കരിച്ചും പ്രത്യയശാസ്ത്രവൽക്കരിച്ചും രചിക്കപ്പെട്ട സാഹിത്യകൃതികളിൽ ഏറ്റവും വിഖ്യാതമായി സ്വീകരിക്കപ്പെട്ട പ്രമേയവും മനുഷ്യാവസ്ഥയും കാല-ലോകസ്ഥിതിയും പലായനത്തിന്റേതായിരുന്നു. യുദ്ധങ്ങളും അധിനിവേശങ്ങളും കലാപങ്ങളും വിഭജനങ്ങളും ശിഥിലീകരിച്ച ദേശീയതാസ്വത്വങ്ങളുടെ സാഹിത്യപാഠങ്ങൾ ലോകമെങ്ങുമുള്ള ഭാഷകളിലെന്നപോലെ മലയാളത്തിലും താമസിയാതെ എഴുതപ്പെട്ടു തുടങ്ങുന്നു. 1984ൽ പ്രസിദ്ധീകരിക്കപ്പെട്ട ആനന്ദിന്റെ 'അഭയാർഥികൾ' ആണ് ഈ ഭാവുകത്വവ്യതിയാനത്തിന്റെ മലയാളമാനിഫെസ്റ്റോ.

          തുടർന്നിങ്ങോട്ട്, സവർണ ദേശീയതയോട് കലഹിക്കുന്ന കീഴാളരാഷ്ട്രീയവും ഭൂരിപക്ഷ ദേശീയതയോട് ക്ഷോഭിക്കുന്ന ന്യൂനപക്ഷ രാഷ്ട്രീയവും ആണത്തദേശീയതയോട് വിയോജിക്കുന്ന സ്ത്രീപക്ഷരാഷ്ട്രീയവും ദേശരാഷ്ട്രാധിപത്യത്തോട് തന്നെ മുഖം തിരിക്കുന്ന പ്രാദേശികതയുടെ രാഷ്ട്രീയവും നോവൽ ഉൾപ്പെടെയുള്ള മലയാളസാഹിത്യഭാവനകളെ ആധുനികതാവാദത്തിൽ നിന്നു മുന്നോട്ടു കുതിപ്പിച്ചു. ആനന്ദിനു പിന്നാലെ ഒ.വി. വിജയനും സക്കറിയയും എൻ. എസ്. മാധവനും സാറാജോസഫും എൻ. പ്രഭാകരനും നാരായനും കെ.പി. ഉണ്ണിയും അംബികാസുതൻ മാങ്ങാടും സി. അഷ്‌റഫും എസ്. ഹരീഷുമൊക്കെയെഴുതിയ നിരവധിയായ നോവലുകൾ ഉദാഹരണമാണ്.

          സമാന്തരമായി ദേശാന്തര-രാജ്യാന്തര പൗരത്വങ്ങളിലേക്കും പൗരത്വരാഹിത്യങ്ങളിലേക്കും ഗോത്ര-വംശ വിഭാഗീയതകളിലേക്കും സഞ്ചരിച്ചെത്തുന്ന മറ്റൊരു മലയാളഭാവനയും ഈ രാഷ്ട്ര-രാഷ്ട്രീയ സ്വത്വങ്ങളുടെ പിളർപ്പുകൾക്കു വേദിയൊരുക്കി. പി. മോഹനൻ, ബെന്യാമിൻ, ടി.ഡി. രാമകൃഷ്ണൻ, ഖദീജാമുംതാസ്, കെ.വി. പ്രവീൺ, ജുനൈദ് അബൂബക്കർ തുടങ്ങിയവരുടെ നോവലുകളിൽ രൂപംകൊള്ളുന്ന പ്രശ്‌നഭരിതവും പ്രത്യയശാസ്ത്രനിഷ്ഠവുമായ വൈദേശിക സാംസ്‌കാരിക ഭൂമിശാസ്ത്രങ്ങളും തദ്ദേശീയ ജനപദങ്ങളും പ്രവാസിസമൂഹങ്ങളും രാജ്യാന്തര-വംശാന്തര പലായികളും മറ്റുമാണ് ഇവിടെ സൂചിതം. അറേബ്യൻ എണ്ണരാജ്യങ്ങൾ മുതൽ അമേരിക്കൻ അധോലോകങ്ങൾ വരെ. ആഫ്രിക്കയും മധ്യേഷ്യയും പശ്ചിമേഷ്യയും മുതൽ യൂറോ-അമേരിക്കൻ നാഗരികതകൾ വരെ. നോവലിന്റെ സ്ഥലപടങ്ങൾ വിശാലമാക്കുന്ന ഭാവനയുടെ ലോകസഞ്ചാരങ്ങളായി മാറി, ഇവ. യുദ്ധങ്ങൾ മുതൽ വിഭജനങ്ങൾ വരെയും വംശീയകലാപങ്ങൾ മുതൽ മതതീവ്ര-ഭീകരവാദങ്ങൾ വരെയും ഭരണകൂടഭീകരവാദങ്ങൾ മുതൽ സാങ്കേതികവിദ്യകളുടെ അധിനിവേശങ്ങൾ വരെയും പ്രത്യയശാസ്ത്രഹിംസകൾ മുതൽ വിപണിമുതലാളിത്തത്തിന്റെ ജരാസന്ധപർവങ്ങൾ വരെയുമുള്ള രാഷ്ട്രീയാനുഭവങ്ങളിൽ പൊള്ളിത്തിളയ്ക്കുന്ന ഭൂഖണ്ഡാന്തര നരജീവിതങ്ങളുടെ നരകഭൂപടങ്ങളായി ചോരയിലും കണ്ണീരിലും വരയ്ക്കപ്പെടുന്ന ഈ നോവലുകളുടെ ഗണത്തിലേക്ക് ഏറ്റവുമൊടുവിൽ കണ്ണിചേരുന്ന മലയാളരചനയാണ് ഷീലാടോമിയുടെ 'ആ നദിയോട് പേര് ചോദിക്കരുത്'.

         

          ഷീലയുടെ ആദ്യനോവലായ 'വല്ലി'യുടെ സാംസ്‌കാരിക ഭൂമിശാസ്ത്രത്തിൽനിന്നു തന്നെയാണ് 'ആ നദിയോട് പേര് ചോദിക്കരുതി'ന്റെയും ഉറവക്കണ്ണു പൊട്ടുന്നത്. വയനാട്ടിലെ പടമല എന്ന കുടിയേറ്റ ഗ്രാമത്തിൽനിന്ന് ആദ്യം റിയാദിലേക്കും പിന്നീട് ഇരുപതുവർഷത്തിനുശേഷം ദുബായിലേക്കും അവിടെനിന്ന് ഇസ്രയേലിലേക്കും പിന്നീട് സ്വിറ്റ്‌സർലാണ്ടിലേക്കും തൊഴിലും ജീവിതവും തേടി പലായനം ചെയ്യുന്ന റൂത്ത് എന്ന സ്ത്രീയുടെ സഹനങ്ങളുടെയും ഉയിർത്തെഴുന്നേല്പുകളുടെയും സുവിശേഷമാണ് 'ആ നദിയോട് പേര് ചോദിക്കരുത്'. രാജ്യാന്തര, വംശാന്തര, ഭാഷാന്തര ലോകങ്ങളുടെ അനുപമായ ഒരു ഭാവഭൂപടം. മലയാളനോവലിൽ ഫലസ്തീനിയൻ-ഇസ്രയേൽ രാഷ്ട്രീയത്തിന്റെ ചാവുകടൽ ഈ വിധം മൂർത്തമായും ചരിത്രബദ്ധമായും തിരയടിക്കുന്ന മറ്റൊരു രചനയില്ല. കാൽനൂറ്റാണ്ടിന്റെ പ്രത്യക്ഷ കാലപടത്തിൽ സംഭവിക്കുന്ന, മുക്കാൽ നൂറ്റാണ്ടുപിന്നിടുന്ന പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ആളിക്കത്തലുകൾ അവശേഷിപ്പിക്കുന്ന പൊള്ളലുകളും തിണർപ്പുകളുമാണ് 'ആ നദി'യുടെ രാഷ്ട്രീയജീവിതവും ജീവിതരാഷ്ട്രീയവുമായി മാറുന്നത്.

വയനാടൻ ഗ്രാമത്തിൽ ജനിച്ച്, മാതാപിതാക്കൾ നഷ്ടമായി കന്യാസ്ത്രീകളുടെ സംരക്ഷണത്തിൽ വളർന്ന റൂത്ത്, ശരാശരി അടിസ്ഥാന-മധ്യവർഗ കേരളീയ ക്രിസ്ത്യൻ പെൺകുട്ടികളുടെ ഏറ്റവും വലിയ തൊഴിൽസ്വപ്നങ്ങളിലൊന്നായ നഴ്‌സിങ്പഠനം പൂർത്തിയാക്കി റിയാദിലെത്തുന്നത് ഇരുപതാം വയസ്സിലാണ്. വലിയ ഒരു ചതിക്കുഴിയിലായിരുന്നു മറ്റ് നാല് മലയാളി നഴ്‌സുമാർക്കൊപ്പം അവളും ചെന്നുപെട്ടത്. കഷ്ടതകളുടെ നാളുകൾ താണ്ടി അവിടെ നിന്നു രക്ഷപെട്ട് നാട്ടിൽ തിരിച്ചെത്തിയ റൂത്തിനെ ആൽബർട്ട് വിവാഹം കഴിക്കുന്നു. രണ്ടു പെൺകുട്ടികളുണ്ടായി അവർക്ക്. തെരേസയും കാതറിനും. ഒരു വാഹനാപകടത്തിൽ നട്ടെല്ലു തകർന്ന് കിടപ്പിലായ ആൽബർട്ടിനെയും മക്കളെയും പോറ്റാൻ റൂത്തിനു മുന്നിൽ മറ്റുവഴികളുണ്ടായിരുന്നില്ല. അവൾ വീണ്ടും വിദേശത്തേക്കു പോകുന്നു. ഇത്തവണ ദുബായിയിലാണ് എത്തിയതെങ്കിലും അവിടെയും റൂത്തിനെ വാ പിളർന്ന് കാത്തിരുന്നത് നരകമായിരുന്നു. എയർപോർട്ടിൽ വച്ചുതന്നെ അവളുടെ ലഗേജ് ബാഗ് നഷ്ടമായി. സ്വീകരിക്കാൻ വന്ന ഏജന്റ് അവളെ ഒരജ്ഞാതകേന്ദ്രത്തിൽ തടവിലാക്കി. സ്വന്തം ജീവൻ പണയംവച്ച് അവളെ രക്ഷിക്കുന്ന ഷാജഹാൻ എന്ന ജോലിക്കാരൻപയ്യൻ, എയർപോർട്ടിൽ വച്ചു പരിചയപ്പെട്ട് പിന്നീടവളുടെ സഹായത്തിനെത്തുന്ന റേഡിയോസ്റ്റേഷൻ ഉദ്യോഗസ്ഥൻ അരവിന്ദ്, രക്ഷപെട്ടോടും മധ്യേ അവളെ കാത്ത വീട്ടുജോലിക്കാരി നൂർജഹാൻ.... ദുബായിൽ റൂത്തിന്റെ ജീവിതം തലകീഴ്മറിഞ്ഞുമറിഞ്ഞ് ഒടുവിൽ നീന എന്ന സന്നദ്ധസംഘടനാപ്രവർത്തകയുടെ സംരക്ഷണത്തിലാകുന്നു. അതിനിടെ ഒരു വധശ്രമത്തിൽനിന്ന്, ആ കാര്യം ചെയ്യാനേറ്റയാളുടെ കാരുണ്യംകൊണ്ടുമാത്രം അവൾ രക്ഷപ്പെടുന്നുമുണ്ട്. ദുബായിയിൽ തന്റെ ജീവിതം അപകടത്തിലാണ് എന്നു മനസ്സിലായ റൂത്ത് ഇസ്രയേലിൽ രോഗികളെ ശുശ്രൂഷിക്കുന്ന മെത്തപ്പോലേത്ത് ജോലി സംഘടിപ്പിച്ച് നീനയുടെ സഹായത്തോടെ, വിശുദ്ധനാടുകളിലേക്ക് തീർത്ഥയാത്ര പോകുന്ന മലയാളികളുടെ ഒരു സംഘത്തോടൊപ്പം ചേർന്ന്, അവിടെയെത്തുന്നു.

നസറെത്ത് എന്ന ഗ്രാമത്തിലായിരുന്നു അവൾക്കു ജോലികിട്ടിയ ദവീദ് മെനഹെമിന്റെ കുടുംബം താമസിച്ചിരുന്നത്. ഇസ്രയേൽ രൂപീകരണകാലത്ത് പിതൃഭൂമിയിലേക്കു പലായനം ചെയ്‌തെത്തിയ അറബിയഹൂദരായിരുന്നു മെനഹെംകുടുംബം. നാലുവർഷത്തോളം ആ കുടുംബത്തിൽ ദവീദിന്റെ മെത്തപ്പോലത്തായി കഴിഞ്ഞ കാലത്ത് റൂത്ത് കടന്നുപോകുന്ന ജീവിതമാണ് നോവലിന്റെ കേന്ദ്രകഥാലോകം. ദവീദിന്റെ ഭാര്യ എസ്‌തെർ, മകൻ അഷർ, മകൾ ലെയ, അഷറിന്റെ സുഹൃത്തും ജന്മനാട്ടിൽതന്നെ അഭയാർഥികളായി മാറിയ ഫലസ്തീനികൾക്കായി പ്രവർത്തിക്കുന്ന മുസ്ലിം യുവാവുമായ സഹൽ എന്നിവരാണ് ആ കഥയിലെ പ്രധാന കഥാപാത്രങ്ങൾ. ഒപ്പം, സഹലിന്റെ സഹോദരങ്ങൾ ഗസാനും സാറയും സാറയെ സംരക്ഷിക്കുന്ന യാക്കോബ് കുടുംബവും ഹോളോകോസ്റ്റ് അതിജീവിത നയോമി ബെർഗ്മാനും റൂത്ത് കണ്ടുമുട്ടുന്ന മറിയം, പഴയകാല സൂഹൃത്തുക്കളായ ലില്ലി, ബിനു തുടങ്ങിയവരും. സംഭവപൂർണവും സംഘർഷപൂരിതവുമായ നാലുവർഷങ്ങൾക്കൊടുവിൽ, 2021ൽ, കോവിഡ് ബാധിതനായി ദവീദ് മെനഹെം മരിക്കുകയും സഹലിനെയും സാറായെയും അതിർത്തികടത്തിവിടാനുള്ള ശ്രമത്തിൽ അഷേർ പൊലീസ്പിടിയിലാവുകയും ചെയ്യുന്നു. സാറ അതിർത്തികടന്നെങ്കിലും സഹലിന് അതു കഴിയുന്നില്ല. അയാൾ അപ്രത്യക്ഷനാകുന്നു. റൂത്ത് സ്വിറ്റ്‌സർലാണ്ടിലുള്ള സുഹൃത്ത് ആഗ്നസ് ക്ഷണിച്ചതനുസരിച്ച് അവിടേക്കു യാത്രയാകുന്നു.

          നോവലിന്റെ അവസാന സന്ദർഭമെന്നത് വീണ്ടും ഒരഞ്ചുവർഷം കഴിഞ്ഞ്, 2026ൽ നടക്കുന്ന ഒരു പുസ്തകപ്രകാശനമാണ്. സഹൽ അൽഫാദി തന്റെ അകംപൊള്ളിത്തിളയ്ക്കുന്ന അനുഭവങ്ങൾ കൊണ്ടെഴുതിയ ആത്മകഥയായ 'മരണമേ... സ്വാതന്ത്ര്യമേ' ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രശസ്തനായ ഒരു അറബ് കവി പ്രകാശനം ചെയ്യുന്നത് റൂത്തിന്റെ മകളും ദുബായിയിൽ നഴ്‌സുമായ തെരേസക്കു നൽകിക്കൊണ്ടാണ്. വേദിയിൽ സാറയുണ്ട്. അന്ന് ജയിൽമോചിതനായി എത്തിയ അഷേറിനെയാകാം, അവൾ സദസ്സിൽ കാണുന്നു. അതോ ജീവിച്ചിരിപ്പുണ്ട് എന്ന് സാറ ഇപ്പോഴും വിശ്വസിക്കുന്ന സഹൽ ആണോ? നോവൽ വെളിപ്പെടുത്തുന്നില്ല.

ആത്യന്തികമായി പലായനങ്ങളുടെ പുസ്തകമാണ് 'ആ നദി....' വിഖ്യാത ഫലസ്തീനിയൻ കവി മുഹമ്മദ് ദർവീഷിന്റെ വരികൾ നിരവധി തവണ, നിരവധി തലങ്ങളിൽ ഉദ്ധരിച്ചും വ്യാഖ്യാനിച്ചും ചേർക്കുന്ന ഷീല, ഒരു രാഷ്ട്രീയ സംഭവം എന്നതിനപ്പുറം മനുഷ്യാവസ്ഥ എന്ന നിലയിലാണ് ഈ ചരിത്രാനുഭവത്തെ കാണുന്നതും പലായനങ്ങളുടെയും അഭയാർഥിത്വത്തിന്റെയും സങ്കീർത്തനപ്പുസ്തകംപോലെ തന്റെ നോവൽ ഭാവന ചെയ്യുന്നതും. നസറെത്ത് എന്ന പേരിൽ റൂത്ത് ചെയ്യുന്ന വ്‌ളോഗിന്റെ രാഷ്ട്രീയം 'പോരാട്ടം അല്ലെങ്കിൽ മരണം' എന്ന സമവാക്യത്തിലാണ് ഓരോ തവണയും ചെന്നുമുട്ടാറുള്ളത്. സഹൽ ഫാദിയുടെ ആത്മകഥയുടെ പേരും സമാനമാണല്ലോ. 1948ന് മുൻപും പിൻപുമുള്ള പശ്ചമേഷ്യൻ വംശീയരാഷ്ട്രീയങ്ങളുടെ രക്തപ്പുഴകളും കണ്ണീർപ്പാടങ്ങളും നീന്തിക്കടന്ന് മനുഷ്യജീവിതം മുന്നോട്ടുപോകുന്നതിന്റെ രേഖാചിത്രങ്ങളായി മാറുന്നു, ഓരോ വ്‌ളോഗും. ഇറാക്കി യഹൂദരായിരുന്ന മെനഹെംകുടുംബത്തിന്റെ പുറപ്പാടുകളുടെ കഥക്കൊപ്പം നോവൽ പറയുന്ന മറ്റു രണ്ടു കഥകൾ അൽഫാദി സഹോദരങ്ങളുടെ ചിതറിത്തെറിക്കലിന്റെയും ജർമൻയഹൂദയായിരുന്ന നയോമി ബർഗ്മാന്റെ ഓഷ്‌വിറ്റ്‌സ് അതിജീവനത്തിന്റേതുമാണ്. ഹമാസും സയണിസ്റ്റുകളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായി ഫലസ്തീനിലും ഇസ്രയേലിലും തീവ്രവാദത്തിന്റെ തോക്കിൻകുഴലുകൾ കൊണ്ട് പരസ്പരം സംസാരിക്കുന്നു. ജറുസലേം, മൂന്നു മതങ്ങളുടെയും മൂന്നു സംസ്‌കാരങ്ങളുടെയും ലോകാവസാനം വരേയ്ക്കുമുള്ള അക്കൽദാമയായി മാറുന്നു. ഒരുവശത്ത് പിറന്ന മണ്ണിൽനിന്ന് പലായനം ചെയ്യേണ്ടിവന്ന ഒരു ജനത പിൽക്കാലത്ത് പുനഃസൃഷ്ടിച്ച പിതൃഭൂമിയിൽ അവർ കെട്ടിപ്പടുത്ത സായുധസാമ്രാജ്യത്തിന്റെ വീറ്. മറുവശത്ത് മാതൃഭൂമിയിൽ തന്നെ അഭയാർഥികളാകേണ്ടി വരുന്ന മറ്റൊരു ജനതയുടെ മണ്ണിനോടും മതത്തോടുമുള്ള കൂറും. ഗസ്സയിലും വെസ്റ്റ്ബാങ്കിലും ദശകങ്ങളായി തിളച്ചുതൂകുന്ന ഇസ്രയേൽ-ഫലസ്തീൻ സംഘർഷങ്ങളുടെ തീക്കാറ്റുകൾക്കിടയിലേക്കാണ് റൂത്ത് തന്റെ ജന്മനാട്ടിൽനിന്നും ഗൾഫിൽനിന്നുമുള്ള പലായിയായി ചെന്നുവീഴുന്നത്. അവളുടെ ശലഭച്ചിറകുകൾ കരിഞ്ഞേ പോയി. എന്നിട്ടും അവൾ ജീവിതത്തെയും ജീവിതം അവളെയും കൈവിട്ടില്ല.

          ഹമാസ് തീവ്രവാദിയായി മുദ്രകുത്തി ഇസ്രയേൽ വേട്ടയാടുന്ന സഹലിന്റെയും അയാളുടെ യഥാർഥ ജീവിതവും രാഷ്ട്രീയവും തിരിച്ചറിഞ്ഞ് സഹായിക്കാനിറങ്ങുന്ന അഷേറിന്റെയും അനുഭവങ്ങളിലൂടെയാണ് മുഖ്യമായും നോവൽ പശ്ചിമേഷ്യയുടെ അതിസങ്കീർണമായ വംശ, മത, ദേശീയതാ രാഷ്ട്രീയങ്ങളിലേക്കു കടന്നുചെല്ലുന്നത്. സഹലിനും സയണിസ്റ്റ് നിലപാടുകളിലുറച്ചുനിന്ന് സഹലിനെ വിമർശിക്കുന്ന എസ്തറിനുമിടയിൽ ദവീദും അഷേറും ലെയയുമുണ്ട്. റൂത്ത്, സ്വന്തം ജീവിതവും അനുഭവങ്ങളും നൽകിയ ബോധ്യങ്ങളുമായി ഇവർക്കൊപ്പം കഴിയുന്നു.

          എഴുത്തിന്റെ പ്രൊഫണലിസത്തിലും ആഖ്യാനത്തിന്റെ രാഷ്ട്രീയസൂക്ഷ്മതകളിലും കലയുടെ പാഠാന്തര സാധ്യതകളിലും മലയാളനോവൽ എത്തിനിൽക്കുന്ന ഉയരങ്ങളുടെ മാതൃകാപാഠമായി 'ആ നദി...' മാറുന്നത് മുഖ്യമായും നാലു ഭാവതലങ്ങളിൽ ഈ കൃതി കൈവരിച്ച മികവ് കൊണ്ടാണ്.

ഒന്ന്, പ്രവാസനോവൽ എന്ന ഗണത്തിന്റെ സാധ്യതകൾ മുൻനിർത്തി മലയാളത്തിൽ ഇതാദ്യമായി ഭാവനചെയ്യപ്പെടുന്ന പശ്ചിമേഷ്യൻ സാംസ്‌കാരിക ഭൂമിശാസ്ത്രത്തിന്റെ തലം.

രണ്ട്, ഫലസ്തീൻ-ഇസ്രയേൽ ചരിത്ര-രാഷ്ട്രീയങ്ങളുടെ സങ്കീർണവും സംഘർഷാത്മകവുമായ ജീവിതസന്ദർഭങ്ങളിലുള്ള ഇടപെടൽ.

മൂന്ന്, സ്വന്തം കർതൃപദവിയിലും സ്വത്വനിർണയത്തിലുമുള്ള ഒരുപറ്റം സ്ത്രീകളുടെ സുദൃഢമായ നിലപാടുകൾ.

നാല്, കവിത മുതൽ ആത്മകഥ വരെയും മ്യൂസിക് റേഡിയോ മുതൽ വാർത്താടെലിവിഷൻ വരെയും ഫേസ്‌ബുക്ക് മുതൽ വ്‌ളോഗ് വരെയും ആർക്കിയോളജിക്കൽ ഗവേഷണം മുതൽ ആക്ടിവിസ്റ്റ് സംഘടനാപ്രവർത്തനം വരെയുമുള്ള വ്യവഹാരങ്ങളുടെ പാഠാന്തരസാന്നിധ്യങ്ങൾ.

          മലയാളനോവലിൽ പ്രവാസജീവിതവും പ്രവാസിദേശീയതയും സൃഷ്ടിച്ച ഭാവനാഭൂപടത്തിന് രണ്ട് ഘട്ടമുണ്ട്, തൊഴിൽ തേടി അന്യദേശങ്ങളിലെത്തിപ്പെട്ട് നാട്ടിലും മറുനാട്ടിലുമായി സൃഷ്ടിച്ച ഉഭയജീവിതങ്ങളുടെ കഥകളാണ് ഒന്നാം ഘട്ടത്തിലുള്ളത്. മുഖ്യമായും പുരുഷന്മാർ തന്നെ. പട്ടാളനോവലുകൾ മുതൽ ഡൽഹിനോവലുകൾ വരെയുള്ളവയും ആദ്യകാല ഗൾഫ്‌രചനകളും മറ്റുമാണ് ഈ ഗണത്തിൽ പെടുന്നവ. ആധുനികതാവാദത്തിന്റെ പാഠമാതൃകകളായി ഇവയിൽ പലതും ശ്രദ്ധനേടുകയും ചെയ്തു. പാറപ്പുറത്തും കോവിലനും വി.കെ.എന്നും വിജയനും മുകുന്ദനും ആനന്ദും കാക്കനാടനും പുനത്തിലും.... മറ്റും മറ്റും രചിച്ചവ. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ പശ്ചാത്തലത്തിൽ ദേശരാഷ്ട്ര-ദേശീയതാസങ്കല്പനങ്ങളെ സൂക്ഷ്മാർഥത്തിൽ വിമർശിച്ചു തുടങ്ങുന്നുവെങ്കിലും ദേശാന്തര വ്യക്തി-കുടുംബ ജീവിതങ്ങളുടെ ഭാവസംഘർഷങ്ങളിലായിരുന്നു ഇവയുടെ മുഖ്യ ഊന്നൽ.

         

ദേശീയതാനന്തരതയുടെ സൂക്ഷ്മരാഷ്ട്രീയം പങ്കിടുന്ന, ദേശരാഷ്ട്രാതിർത്തികൾ അഴിഞ്ഞുവീഴുന്ന പ്രവാസ സാഹിത്യരചനകളുടേതാണ് രണ്ടാം ഘട്ടം. ആനന്ദിന്റെ അഭയാർഥികളിലാണ് ഈ ഘട്ടമാരംഭിക്കുന്നത്. തുടർന്ന് കേരളത്തിനു വെളിയിൽ ഇന്ത്യക്കുള്ളിലും പുറത്തും എത്തിപ്പെടുന്ന മലയാളിയുടെ സ്വത്വസംഘർഷങ്ങളുടെ മുഖ്യമണ്ഡലമായി ഈ രാഷ്ട്രീയജീവിതവും അപ-രാഷ്ട്രഭാവനയും മാറുന്നു. ഏഷ്യയും ആഫ്രിക്കയും യൂറോപ്പും അമേരിക്കകളും ഉൾപ്പെടെയുള്ള ഭൂഖണ്ഡങ്ങളിൽ വംശം മുതൽ പ്രത്യയശാസ്ത്രങ്ങൾ വരെയുള്ളവ മുൻനിർത്തി നാനാവിധത്തിൽ ചിതറിപ്പോകുന്ന പൗരജീവിതങ്ങളുടെയും ദേശഭാവനകളുടെയും പാഠരൂപങ്ങളായി പി. മോഹനനും ബെന്യാമിനും ടി.ഡി. രാമകൃഷ്ണനും ജുനൈദും മറ്റുമെഴുതിയ നോവലുകളിലാണ് ആദ്യന്തം രാഷ്ട്രീയവൽക്കരിക്കപ്പെടുന്ന ഈ ഭാവലോകസംഘർഷങ്ങൾ നാം കാണുന്നത്. ഷീലാടോമിയുടെ 'ആ നദി...' ഈ രണ്ടാംഘട്ട പ്രവാസിനോവലിന്റെ രാഷ്ട്രീയജീവിതത്തെ അസാധാരണമാംവിധം ചരിത്രവൽക്കരിക്കുകയും ലാവണ്യവൽക്കരിക്കുകയും ചെയ്യുന്ന രചനയാണ്. മുൻപ് സൂചിപ്പിച്ചതുപോലെ, പശ്ചിമേഷ്യൻ രാഷ്ട്രീയത്തിന്റെ അകനാടകങ്ങളിൽ ചോരപ്പങ്ക് പറ്റുന്ന ആദ്യ മലയാളനോവൽ. വയനാടും റിയാദും ദുബായിയും ഇസ്രയേലും ഫലസ്തീനും സ്വിറ്റ്‌സർലാണ്ടും സൃഷ്ടിച്ചുനൽകുന്ന വ്യക്തിബന്ധങ്ങളെയും സാമൂഹ്യാനുഭവങ്ങളെയും വംശീയസംഘർഷങ്ങളെയും ദേശരാഷ്ട്രപ്പിളർപ്പുകളെയും തന്റെ രാഷ്ട്രീയജീവിതമായി പരിവർത്തിപ്പിക്കുന്ന ഒരു മലയാളിസ്ത്രീയുടെ പലായനങ്ങളുടെ പുസ്തകം. ജറുസലേമിന്റെയും ഗസ്സയുടെയും രാഷ്ട്രീയഭൂമിശാസ്ത്രം സൂക്ഷ്മതലങ്ങളിൽ നോവലിന്റെ ഊടും പാവും നെയ്യുന്ന ചരിത്രത്തിന്റെ പുനർവിഭാവനം. റൂത്തിന്റേത് നിഷ്പക്ഷമായ ദൃക്‌സാക്ഷിത്വമല്ല, നിലപാടുകളുള്ള രക്ത-സാക്ഷിത്വമാണ്. 'ആ നദി...'യെ മലയാളനോവലിന്റെ ചരിത്രഭൂപടത്തിൽ സ്ഥാനപ്പെടുത്തുന്ന ഒന്നാമത്തെ ഭാവബന്ധവും ഇതുതന്നെയാണ്.

         

ഫലസ്തീൻ-ഇസ്രയേൽ സംഘർഷങ്ങളുടെ മുക്കാൽ നൂറ്റാണ്ടു പിന്നിടുന്ന രക്തരൂഷിതമായ ചരിത്രത്തിൽ ഇത്രമേൽ ആർജ്ജവത്തോടെയും ആകുലതയോടെയും ഇടപെടുന്ന മറ്റൊരു നോവൽ മലയാളത്തിൽ എഴുതപ്പെട്ടിട്ടില്ല. ആധുനികലോകത്തെ ഏറ്റവും വലിയ വംശീയ, രാഷ്ട്രീയ സംഘർഷങ്ങളിലൊന്ന്, വറ്റിത്തീരാത്ത എണ്ണക്കിണർപോലെ ഇന്നും കത്തിനിൽക്കുന്ന ഭൂമിയിലെ തന്നെ ഏറ്റവും അപകടകരമായ ഇടമാണ് ഗസ്സ. ലോകം രണ്ടായി പിളർന്ന് ഇസ്രയേലിനെയോ ഫലസ്തീനിനെയോ പിന്തുണക്കുന്നതിന്റെ രാഷ്ട്രീയം ഒരുവശത്ത്. യഹൂദ, ഇസ്ലാംമതങ്ങൾ തമ്മിൽ ഒരു തുണ്ട് ഭൂമിക്കുവേണ്ടി നടക്കുന്ന ആശയങ്ങളും ആയുധങ്ങളും കൊണ്ടുള്ള യുദ്ധത്തിന്റെ രാഷ്ട്രീയം മറുവശത്ത്, ചുടുരക്തത്തിന്റെ രുചിയറിഞ്ഞുകളിക്കുന്ന ക്രിസ്തുമതത്തിന്റെ സമാനതകളില്ലാത്ത ഹിംസാരതി ഇനിയുമൊരു വശത്ത്. മിതവാദങ്ങളെ നിഷ്പ്രഭമാക്കുന്ന തീവ്രവാദത്തിന്റെ മതമണ്ഡലങ്ങളായി ഹമാസും സയനിസവും യഥാക്രമം ഫലസ്തീനിലും ഇസ്രയേലിലും ഭരണകൂടങ്ങളെപ്പോലും നിഷ്പ്രഭമാക്കി ബോംബുകൾ കൊണ്ടു പറയുന്ന കഥകൾ മറ്റൊരു വശത്ത്. ഒരൊറ്റ ദൈവത്തിന്റെ പേരിൽ മൂന്നു മതങ്ങൾ മൂന്നായി വിഭജിച്ച 'വിശുദ്ധ'നഗരത്തിന് കരിഞ്ഞ മനുഷ്യമാംസത്തിന്റെയും പുളിച്ച രക്തത്തിന്റെയും ഗന്ധമാണ്. പുറപ്പാടുകളുടെ പുസ്തകമായി രചിക്കപ്പെട്ട യഹൂദരുടെ ചരിത്രത്തിലും അധിനിവേശങ്ങളുടെ ഇരകളായി മാറിയ ഫലസ്തീനികളുടെ ചരിത്രത്തിലും നിറയെ വേരുറപ്പിക്കാനാവാത്ത പ്രവാസങ്ങളുടെയും അഭയാർഥിത്വങ്ങളുടെയും കഥകളാണ്. യുദ്ധങ്ങളും വിഭജനങ്ങളും അവരെ കനലുകൾക്കുമേൽ നടത്തിയ കാലങ്ങളുടെ സ്മൃതികൾ. അതുകൊണ്ടുതന്നെ ഫലസ്തീനികൾക്കും യഹൂദർക്കും സ്വന്തം സ്വന്തം ന്യായങ്ങളുണ്ട്. കാലകല്പനകളും കാവ്യപാഠങ്ങളുമുണ്ട്. പലായനങ്ങളുടെ പൊള്ളുന്ന ഓർമ്മകളും വർത്തമാനവുമുണ്ട്. ഇസ്രയേലിലെത്തിയ അറബ്യഹൂദൻ ദവീദ് മെനഹെമിന്റെ പലായനത്തിന്റെയും സ്വന്തം വംശത്തിനും ദേശരാഷ്ട്രത്തിനുമുള്ളിലും അതിജീവനത്തിനായി സഹിച്ച ദുരിതങ്ങളുടെയും ഈ കഥ കേൾക്കൂ:

'ബാഗ്ദാദിലെ ആ സന്ധ്യ മ്ലാനവും മൂകവുമായിരുന്നു.

         

ശ്മശാനതുല്യം മങ്ങി വിഷണ്ണമായ നിരത്തുകൾ. ഇടയ്ക്കിടെ പട്ടാളവണ്ടികൾ മരണത്തിന്റെ സൈറൺ മുഴക്കിപ്പാഞ്ഞു. ഇയോബ് മെനഹേം പതിവില്ലാതെ നേരത്തെ ഷോറൂം അടച്ച് ഒന്നാം നിലയിലെ അപ്പാർട്ട്‌മെന്റിലേക്ക് ഓടിക്കയറുമ്പോൾ ആറു വയസ്സുകാരൻ ദവീദ് ജനാലയ്ക്കരികിൽ നിൽക്കുന്നു. തെരുവിൽ, ബേക്കറിയുടെ മുന്നിലൂടെ, എലിയാഹു അമ്മാവൻ ഓടിവരുന്നത് കണ്ട് കൈവീശാൻ തുടങ്ങുകയായിരുന്നു അവൻ. പെട്ടെന്ന് എങ്ങുനിന്നോ ഒരുകൂട്ടം മനുഷ്യർ പാഞ്ഞുവരുന്നത് കണ്ടു. അവർ എലിയാഹു ദോദിനെ ചവിട്ടിക്കൂട്ടുന്നു. ആയുധങ്ങൾ കൊണ്ട് ആഞ്ഞാഞ്ഞു കുത്തുന്നു. വെട്ടുന്നു. നിലവിളിക്കാനാവാതെ ദവീദ് തരിച്ചുനിന്നു. പിന്നിൽനിന്ന് ആരോ ഉടൻ അവന്റെ വാപൊത്തി. തിരിഞ്ഞു നോക്കുമ്പോൾ പിതാവ് ഇയോബ് മെനഹേം മരവിച്ചു നിൽക്കുന്നു. കൊച്ചു ദവീദ് പിതാവിനെ വട്ടംപിടിച്ചു കരിഞ്ഞുണങ്ങിയ ഒരു മരത്തെ പുണരുംപോലെ...

          മിനിറ്റുകൾക്കകം വാതിലിൽ ഉറക്കെയുറക്കെ മുട്ടു കേട്ടു.

          'തുറക്കെടാ ചെകുത്താനേ....' മുക്രയിടുകയാണ് അക്രമികൾ.

          വിളക്കുകൾ അണച്ച് അവർ കെട്ടിപ്പിടിച്ചിരുന്നു. മിനിറ്റുകൾക്കുശേഷം, രക്തദാഹികൾ പടിയിറങ്ങിയോടുന്ന ശബ്ദം കേട്ടു. തെരുവിൽ പ്രത്യക്ഷപ്പെട്ട പുതിയ ഇരയുടെ പിന്നാലെ ഓടിയതാവാം അവർ. മറ്റൊരു നിർഭാഗ്യവാന്റെ പിന്നാലെ...

         

ആ ഭീകരരാവിൽ കൈയിൽ കിട്ടിയ രേഖകൾ കെട്ടിപ്പെറുക്കി മെനഹേം കുടുംബം സമീപഗ്രാമത്തിലേക്ക് ഒളിച്ചുകടന്നു. ഒരു പരിചയക്കാരന്റെ കാലികളെ കൊണ്ടുപോകുന്ന ട്രക്കിൽ. ഏതു നിമിഷവും മുന്നിൽവന്നു ചാടാവുന്ന കൊലപാതകികളെ പ്രതീക്ഷിച്ച്, ഭീതിയിൽ, ചാണകമണത്തിൽ, കുലുങ്ങിയിരുന്ന ആ ബാലൻ ജീവിതകാലം മുഴുവൻ ദവീദ് മെനഹേമിന്റെ മനസ്സിൽ വിറകൊണ്ടു നിൽക്കും.

          ബാഗ്ദാദ് അന്നൊരു കൂട്ടനിലവിളിയായിരുന്നു.

          രണ്ടാം ലോകയുദ്ധം തുടങ്ങിയ കാലമായിരുന്നു. ഇസ്രയേലിനെതിരെ പോരാടാൻ സമ്മതമുള്ള കുറ്റവാളികളെ ജയിലിൽനിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് ഇടിത്തീപോലെ വന്നിറഹ്ങി. നഗരവീഥികളിൽ കൊള്ളക്കാരും കൊലയാളികളും പുളച്ചുനടന്നു. കൈയിൽക്കിട്ടുന്ന യഹൂദനെ തവിടുപൊടിയാക്കാൻ അവർ തക്കംപാർത്തുനിന്നു. ഇടതുയഹൂദൻ തെരുവിൽ പിടിക്കപ്പെട്ടാൽ കൊല്ലപ്പെടുമെന്ന് ഉറപ്പായിരുന്നു. ഭാഗ്യംകൊണ്ടു മാത്രമാണ് മെനഹേം കുടുംബം ആ കഠിനകാലം അതിജീവിച്ചത്.

         

സംഘർഷങ്ങൾ പെട്ടെന്നൊന്നും കെട്ടടങ്ങിയില്ല. അങ്ങനെയിരിക്കെ ഒരുനാൾ ദവീദിന്റെ കൈപിടിച്ച് ഇയോബ് മെനഹേം കെടുതികളുടെ നഗരത്തിലേക്ക് തിരികേ നടന്നു. അക്രമികൾ പിന്മാറിയിട്ടും തെരുവുകൾ ഏതോ ദുരന്തത്തെ കാത്തുകിടക്കുന്നപോലെ. എലിയാഹു ദോദിനെ കാണാൻ ദവീദിനു കൊതിയായി. ഒന്നാം നിലയിലെ ഫ്‌ളാറ്റിൽനിന്ന് ദോദ് സമ്മാനിച്ച കളിക്കോപ്പുകൾ എടുത്തുകൊണ്ടുവരണമെന്നും അവൻ മോഹിച്ചു. എന്നാൽ ഹൃദയഭേദകമായ കാഴ്ചകളാണ് അവരെ കാത്തിരുന്നത്. കെട്ടിടവും ചുറ്റുവട്ടവും കത്തിയമർന്ന് കിടക്കുന്നു! കൂനകൂടിയ ചാരം. എരിഞ്ഞുതീരാത്ത ഇഷ്ടികകൾ. പ്രേതരൂപികളായ ലോഹക്കഷണങ്ങൾ. എലിയാഹു കുത്തേറ്റു വീണ വഴിയിലെ ഇലക്ട്രിക് പോസ്റ്റിനു കീഴെ ഇയോബ് മെനഹേം തളർന്നിരുന്നു. സൂര്യൻ പൂർവാധികം ശക്തിയോടെ കത്തിജ്ജ്വലിച്ചു. ആ ദിവസം ദവീദിന്റെ മനസ്സിൽനിന്ന് ഒരിക്കലും മാഞ്ഞുപോവില്ല.

         

'ടെൽ അവീവ് ഞങ്ങൾ ചുട്ടുകരിക്കും' എന്ന് അലറിപ്പാടുന്ന ഇറാക്കി റേഡിയോയുടെ ശബ്ദം ദവീദിന്റെ ഉറക്കം കെടുത്തും. അനേകം വേനലുകൾക്കു ശേഷവും.

          ഇസ്രയേലിലേക്കുണ്ടായ മഹാപ്രവാഹത്തിന്റെ ഭാഗമായി മെനഹേം കുടുംബം ജീവനുംകൊണ്ട് പായുകയായിരുന്നു ഹൈഫയിലേക്ക്. അവിടെ അവകെ കാത്തിരുന്നതും നല്ലകാലമല്ല. ബാഗ്ദാദിന്റെ കാറ്റും വെളിച്ചവും ഹൃദയത്തിൽ സൂക്ഷിച്ചവരെ എതിരേറ്റതുകൊടുംശൂന്യത. എങ്ങും വേർതിരിവുകളും മാറ്റിനിർത്തലുകളും. ആയിരം യഹൂദന്മാർക്കിടയിൽ ആയിരം വർഗ്ഗങ്ങൾ. യൂറോപ്പുകാരായ അഷ്‌കെനാസി  യഹൂദർക്ക് എവിടെയും പ്രാമുഖ്യം. അറബ് യഹൂദർ അവർക്കുമുന്നിൽ വെറും ഗുഹാവാസികൾ. പ്രാകൃതരിൽ പ്രാകൃതർ. നികൃഷ്ടജീവികൾ. പകർച്ചവ്യാധികൾ പരത്താൻ വന്നവർ. വലിയ ക്യാമ്പുകളിൽ അവർ മാറ്റിപ്പാർപ്പിക്കപ്പെട്ടു. വാഗ്ദത്തനാടിന്റെ അവകാശികളെന്ന് ഊറ്റംകൊണ്ടവർ അപകർഷതയിൽ ചുരുങ്ങി.

ഹൈഫയിലെ അരക്ഷിതമായ ബാല്യകൗമാരങ്ങൾ... ചുണയും ചൊടിയുമെല്ലാം വാർന്ന് തൂങ്ങിപ്പിടിച്ചിരിക്കുന്ന പിതാവ് ഇയോബ്. പഴയ കളിചിരികളോ പ്രൗഢിയോ ഇല്ലാത്ത തോറ്റ മനുഷ്യൻ. പിരിച്ചുനട്ട് നാളുകൾക്കുള്ളിൽത്തന്നെ വാടിപ്പോയ ചെടിയായിരുന്നു അദ്ദേഹം. ബാഗ്ദാദിലെ കുലീനനായ കാർ ഡീലർ ഹൈഫയിൽ വെറുമൊരു വർക്ക്‌ഷോപ് ജീവനക്കാരനായി അഷ്‌കെനാസി അധികാരികൾക്ക് മുന്നിൽ ഓച്ഛാനിച്ചു നിന്ന്, നിങ്ങൾക്ക് കിട്ടുന്നതെല്ലാം ഞങ്ങളുടെ ഔദാര്യമെന്ന അഷ്‌കെനാസി വീമ്പുകൾ കേട്ടുമടുത്ത്, മനസ്സ് വ്രണപ്പെട്ടു. അഭിമാനം മുറിപ്പെട്ടു. ഇരന്നുനേടുന്ന അവകാശങ്ങൾ ഇയോബിനെ ക്രുദ്ധനും വിഷാദാവാനുമാക്കി. എമിഗ്രേഷൻ കടലാസുകൾ ശരിയാക്കാൻ അവരുടെ കാലുപിടിക്കേണ്ടി വന്ന ദിവസം വീട്ടിൽ വന്നുകയറി പൊട്ടിത്തെറിക്കുന്ന പിതാവിന്റെ മുഖം ദവീദിന്റെ മനസ്സിൽ ഇന്നുമുണ്ട്. അന്നൊക്കെ വീട് ഒരു കുന്ന് ദുഃഖവും മൂകതയും മാത്രമായിരുന്നു. ദവീദിന്റെ ഈമാ മിറിയാം മെനഹേം അതിനിടയിലെ നുറുങ്ങുവെളിച്ചമായിരുന്നു. തകർച്ചയുടെ വക്കിൽ ഇയോബിന് തുണ പത്‌നിയുടെ മനക്കരുത്ത് മാത്രമായിരുന്നു.

         

ഒടുവിൽ ഇയോബ് ഹൈഫയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. എന്നാൽ പാർട്ടിയിലും ഇയോബ് തൃപ്തനായില്ല. പാർട്ടിയിലുള്ളവർ ഒന്നുകിൽ കടുത്ത യഹൂദവിരോധികൾ. അല്ലെങ്കിൽ അറബ് വിരുദ്ധ യഹൂദർ. അതിനോടൊന്നും പൊരുത്തപ്പെടാനാവാതെ തെറ്റിപ്പിരിഞ്ഞ് ഇയോബ് പാർട്ടി വിട്ടു. എങ്ങനെയും മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം. അത് മാത്രമായിരുന്നു മിറിയാമിന്റെ ആഗ്രഹം.ദേശം ഉറങ്ങുന്നതും സ്വപ്നം കാണുന്നതും ഹീബ്രുവിലാണ്. ചിന്തിക്കുന്നതും ചിരിക്കുന്നതും കരയുന്നതും ഹീബ്രുവിലാണ്. ദേശം ശ്വസിക്കുന്നത് ഹീബ്രുവാണ്. ആ തിരിച്ചറിവിൽ ചെറുപ്പത്തിൽതന്നെ മിറിയാം മക്കളെ ഹീബ്രു പഠിപ്പിച്ചു. എത്ര നല്ല തീരുമാനമായിരുന്നു ഈമായുടേതെന്ന് പിന്നീട് പലപ്പോഴും ദവീദ് ഓർത്തിട്ടുണ്ട്.

          ഏതാണ് എന്റെ ദേശം? തീയും പുകയും ഹിംസയും അലർച്ചയും അവശേഷിപ്പിച്ച ബാഗ്ദാദ്? അപരനാക്കിമാറ്റിയ അതേ ബാഗ്ദാദ്? അതോ എന്നും അപരനായി മാത്രം കാണുന്ന ഹൈഫ? ചെറുപ്പത്തിൽ ദവീദിനെ കുഴക്കിമറിച്ചിരുന്ന ചോദ്യമായിരുന്നു അത്.

          ബാല്യത്തിന്റെ പീഡനപർവ്വം പിന്നിട്ട ദവീദ് അറബ് ഇസ്രയേൽ സംഘട്ടനങ്ങളിലേക്ക് ചെന്നുവീണു. സിക്‌സ്‌ഡേ വാർ, ലബനൻ അധിനിവേശം, ഇൻതിഫാദകൾ എല്ലാം കണ്ടു. കേട്ടു. അനുഭവിച്ചു. യുദ്ധങ്ങളിലും പലായനങ്ങളിലും മനസ്സ് മരവിച്ചു. ആബായ്ക്കറിയാം നാട് വിട്ടോടേണ്ടിവരുന്നവരുടെ ഉള്ളിൽ മരവിപ്പ് മാത്രമാണ്. ലോകത്തിലെ പീഡിതർക്കെല്ലാം പറയാനുള്ളത് ഒരേ സങ്കടമാണെന്ന്. ആബായ്ക്കറിയാം, പിതാക്കളുടെ കുനിയുന്ന ശിരസ്സിൽ തീ മാത്രമാണെന്ന്'.

         

അസാധാരണമായ കർതൃപദവി കൈവരിക്കുന്ന സ്ത്രീകൾ ദേശാന്തര-രാജ്യാന്തരസന്ദർഭങ്ങളിൽ നടത്തുന്ന ജീവിതസമരങ്ങളുടെ കഥകളാണ് ആ നദിയെ വേറിട്ടുനിർത്തുന്ന മറ്റൊരു ഭാവബന്ധം. കുടുംബം മുതൽ രാജ്യങ്ങൾ വരെ വേദിയാകുന്ന ഓരോ യുദ്ധത്തിലും വിഭജനത്തിലും ഇരകൾ സ്ത്രീകളാണെന്നും ഒരു ദേശവും അവർക്ക് സ്വസ്ഥത നൽകുന്നില്ലെന്നും ഈ നോവലിലെ മുഴുവൻ സ്ത്രീകളും സാക്ഷ്യപ്പെടുത്തുന്നു. റൂത്ത് മാത്രമല്ല നീനയും എസ്‌തേറും ലെയയും സാറയും മറിയവും നയോമിയും ലില്ലിയും നൂർജഹാനും കന്യയും റബേക്കയും.... ഓരോരോ ഇടങ്ങളിൽ ബഹിഷ്‌കൃതരും ഓരോരോ ദേശങ്ങളിൽ പലായികളും ഓരോരോ രാഷ്ട്രങ്ങളിൽ അഭയാർഥികളുമായി ജീവിക്കേണ്ടിവരുന്നു. അവർ കടന്നുപോകുന്ന മുൾക്കാടുകളും അവരെ വീശിപ്പോകുന്ന തീക്കാറ്റുകളും അവർ താണ്ടുന്ന അതിർത്തികളും അവർ പങ്കും സാക്ഷ്യവും വഹിച്ച യുദ്ധങ്ങളും ആ സ്ത്രീകളെ അടിമുടി പുനർനിർമ്മിക്കുകതന്നെ ചെയ്യുന്നു. ഓരോരുത്തർക്കുമുണ്ട് ഓരോ ദുരിതപർവങ്ങൾ. കുരിശിന്റെ വഴികൾ. വ്യാകുലനാളുകൾ. അതിജീവനത്തിന്റെ വ്യഥകൾ. മുഴവൻ സങ്കടങ്ങൾക്കും സഹനങ്ങൾക്കും നടുവിലും അവർ പരസ്പരം പുണർന്നും താങ്ങിയും തണൽപകർന്നും താന്താങ്ങളുടെ സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും സാർഥകമാക്കി. അഷേലും സഹലും യാക്കോബും തമ്മിലുള്ള സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ആർജ്ജവംപോലെതന്നെയാണ് ഈ സ്ത്രീകൾ അന്യോന്യം പുലർത്തുന്ന ബന്ധങ്ങളുടെ നനവും. ചോര, ചോരയിലെന്നപോലെ അവർ സ്‌നേഹത്തിൽ പരസ്പരമിണങ്ങിച്ചേർന്നു. കണ്ണീരൊപ്പി. നസറെത്ത് എന്ന വ്‌ളോഗിലൂടെ റൂത്ത് നടത്തുന്ന വിട്ടുവീഴ്ചകളില്ലാത്ത രാഷ്ട്രീയ ഇടപെടലുകൾ ഒരുഭാഗത്ത്. Denying to be Foes എന്ന സംഘനടയിലൂടെ നയോമി വെളിപ്പെടുത്തുന്ന ജീവിതരാഷ്ട്രീയം മറ്റൊരുഭാഗത്ത്. സയനിസ്റ്റുകൾക്കും (എസ്‌തേർ ഒഴികെ) ഹമാസുകൾക്കുമെതിരെ മാനവികതയുടെ ഒലിവുചില്ലകൾ വീശുന്നു, ഓരോ സ്ത്രീയും (പുരുഷനും). ഭരണകൂടഭീകരതകൾക്കു മുന്നിൽ തെല്ലും കൂസാതെ തങ്ങളുടെ ശരീരവും ആത്മാവുംകൊണ്ട് ചെറുത്തുനിൽക്കുന്നു, അവർ. പതിനാലാം വയസ്സിൽ ഹിറ്റ്‌ലറുടെ ഗ്യാസ്‌ചേംബറുകളെ അതിജീവിച്ച് എൺപതിലെത്തിയ നയോമിയുടെ ഈ അനുഭവവിവരണം വായിക്കൂ:

          'ശലോം ലെ കുലാം. എന്റെ കഥ കേൾക്കാൻ ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്ന നിങ്ങളെ കാണുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മവരുന്നു. എന്റെ കുടുംബപ്പേരാണ് ബെർഗ്മാൻ. ആ വാക്കിന്റെ അർത്ഥം 'മലനിരകളിൽനിന്ന്' എന്നാണ്. പക്ഷേ, ഞാൻ വരുന്നത് അഗ്‌നിപർവ്വതത്തിന്റെ മുകളിൽ നിന്നാണ്. മഞ്ഞു വീണ മലമുകളിൽനിന്ന് ഒരു രാവിൽ അവർ ഞങ്ങളെ പിടിച്ചു കൊണ്ടുപോയി. ഇതുപോലെ വട്ടംകൂടിയിരുന്ന് സാബ്ത പറഞ്ഞ കഥകൾക്ക് ചെവി കൊടുത്തിരുന്ന ഒരു രാത്രി. ഒന്നിലും പതറാതെ പിടിച്ചുനിൽക്കാൻ ഉദ്‌ബോധിപ്പിക്കുന്ന ഒരു കഥയായിരുന്നു അന്ന് സാബ്ത പറഞ്ഞിരുന്നത്. ഇടിച്ചുകയറി അകത്തു കടന്നവർ സാബായെയും സാബ്തയെയും ഇറക്കിക്കൊണ്ടുപോയി. അവർ പോയതിനു തൊട്ടുപിന്നാലെ മൂന്നോ നാലോ വെടിയൊച്ചകൾ കേട്ടു. മുതിർന്നവർ വാപൊത്തിക്കരയാൻ തുടങ്ങി. അപ്പോഴും ഞങ്ങൾ കുട്ടികൾ കഥയുടെ ബാക്കി കേൾക്കാൻ കാത്തിരിക്കുകയായിരുന്നു. പിന്നെ ഒരിക്കലും ഞങ്ങൾ സാബയെയും സാബ്തയെയും കണ്ടിട്ടില്ല. എല്ലാം ഇന്നലെ എന്നപോലെ ഓർക്കുന്നു.

         

വ്യക്തിയെ, ജനതയെ, മാനസികമായും ശാരീരികമായും തകർക്കാൻ നാസികൾ ഭീകരതയുടെ മനഃശാസ്ത്രം പ്രയോഗിക്കുകയായിരുന്നു. ഏതു നേരവും വന്നുകയറാവുന്ന പട്ടാളത്തെ ഭയന്ന് ഒളിച്ചിരുന്ന ആ ദിനങ്ങളിലാണ് എന്റെ ഓർമ്മകൾ തുടങ്ങുന്നത്. പാർക്കിലോ കളിസ്ഥലത്തോ ഭക്ഷണശാലകളിലോ ഒന്നും പോകാനാവാതെ പേടിച്ചിരുന്ന പോളണ്ട് ദിനങ്ങൾ. ഒടുവിൽ ഒരുനാൾ ഞങ്ങളെ കൊണ്ടുപോകാൻ അവരെത്തി ഞാനും അനിയൻ അഡോണും കള്ളനും പൊലീസും കളിക്കുന്ന നേരം. സാധനങ്ങൾ എടുക്കാൻ പത്തുമിനിറ്റ് അനുവദിച്ചു. ഞങ്ങളേക്കണക്ക് അറുപതോളം മാടുകളെ കുത്തിനിറച്ച കാർ ട്രെയിൻ ബോഗിയിലേക്ക് ഓടിക്കയറുമ്പോൾ അത് കള്ളനും പൊലീസും കളിയുടെ തുടർച്ചയാണെന്ന് അഡോൺ കരുതി. വെള്ളമില്ലാതെ, ആഹാരമില്ലാതെ, വായുവില്ലാതെ, ശ്വാസംമുട്ടിക്കുന്ന മണിക്കൂറുകൾ കാത്തിരിക്കുന്നുണ്ടെന്ന് ഞങ്ങളങ്ങനെ അറിയാൻ! കുറച്ചങ്ങു പോയപ്പോൾ ബോഗി ഒരു കൂട്ടക്കരച്ചിലായി. മുതിർന്നവരും കുട്ടികളും ഉറക്കെ കരയാൻ തുടങ്ങി. നമുക്ക് കളി മതിയാക്കാമെന്ന് പറഞ്ഞാണ് അഡോൺ കരഞ്ഞത്. ഞങ്ങൾ കളികളറിയാത്ത കുഞ്ഞുങ്ങൾ...

          ഹൊ... പിന്നെയാണത് സംഭവിച്ചത്. ഏതോ ഒരു സ്റ്റേഷനിൽ ഞങ്ങളെ അവർ ആട്ടിയിറക്കി. അനന്തരം ലെഫ്റ്റ് എന്നും റൈറ്റ് എന്നും ഒരു വിരൽചൂണ്ടലിൽ ജീവിതത്തിന്റെയും മരണത്തിന്റെയും അതിരു നിയന്ത്രിക്കുന്ന വെളുത്ത കോട്ടിട്ട ഡോക്ടറുടെ മുമ്പിലേക്ക്... ഞങ്ങൾ കളികളറിയാത്ത കുഞ്ഞുങ്ങൾ...

          മെല്ലിച്ച എട്ടുവയസ്സുകാരിയെ ഡോക്ടർ ജീവിക്കേണ്ടവരുടെ ഗണത്തിലേക്ക് കൈചൂണ്ടിവിട്ടു. ആ നിമിഷം അഡോൺ എന്റെ നേരേ കൈനീട്ടി ഉറക്കെ കരഞ്ഞത്, അവന്റെ അവസാന നോട്ടം, എന്റെ ഈമായുടെ കണ്ണുനീർ, എല്ലാം എങ്ങനെ ഞാൻ മറക്കും! ദിനേന കിട്ടുന്ന ഒരു കഷണം ബ്രെഡ്ഡിൽ ജീവിതം പിടിച്ചു നിർത്തേണ്ടി വന്നതും മാറാവ്യാധികൾ ബാധിച്ചവർക്കിടയിൽ മറ്റൊരു കൃമിയായി ഉറഞ്ഞുപോയതും എങ്ങനെ ഞാൻ വിവരിക്കും! ഗ്യാസ് ചേമ്പറിൽനിന്ന് ഉയരുന്ന പുകച്ചുരുളുകൾ നോക്കി കാര്യമറിയാതെ പകച്ചുനിന്ന ദിവസങ്ങൾ... ഈമായും അഡോണും ആബായും എന്നെങ്കിലും എന്നെ തേടിയെത്തും എന്നാശിച്ച് കാത്തിരുന്ന നാളുകൾ... ജോലിചെയ്യാൻ പാകമാകാത്തവരെയും അമ്മമാരെയും ഗ്യാസ്‌ചേമ്പറിൽ തട്ടിയിട്ടുണ്ടാവുമെന്ന് ചുവന്ന കണ്ണുകളുള്ള ഒരു മനുഷ്യൻ പറഞ്ഞതുകേട്ട് ഹൃദയം തകർന്ന നിമിഷങ്ങൾ... അന്നൊക്കെ ഞാൻ ഒരു തീവണ്ടിയായിരുന്നു. ഒരു കരച്ചിൽ തീവണ്ടി. ശ്വാസംമുട്ടി പായുന്ന തീവണ്ടി. ഞാൻ മാത്രമല്ല. എന്നേകണക്ക് ആയിരങ്ങൾ. ഞങ്ങൾ കളികളറിയാത്ത കുഞ്ഞുങ്ങൾ...

ഒടുവിൽ ഒരു സന്നദ്ധപ്രവർത്തകയുടെ കാരുണ്യത്തിൽ, പാതിജീവനായി, മിലിട്ടറി ഹോസ്പിറ്റലിലേക്ക്. ശേഷം ജീവിതത്തിന്റെ തിവണ്ടിയിൽ സ്വിറ്റ്‌സർലാൻഡിലെ ക്യാമ്പിലേക്ക്. അപ്പോഴേക്കും യുദ്ധം അവസാനിച്ചിരുന്നു. കുറേക്കാലം കാത്തിരുന്നു. എന്റെ എല്ലാമായവർ മറ്റേതെങ്കിലും അഭയാർത്ഥി ക്യാമ്പിൽ ഉയിരോടെ ഉണ്ടാകുമെന്നാശിച്ച്, വിശ്വസിച്ച്, പ്രാർത്ഥിച്ച്.....അവർക്കുവേണ്ടി ഇക്കാലമത്രയും എന്റെ കണ്ണുകൾ ഈ മനോഹരപ്രപഞ്ചത്തെ കണ്ടുകൊണ്ടിരുന്നു. അവർക്കുവേണ്ടി ഇക്കാലമത്രയും ഞാൻ ജീവിക്കുകയായിരുന്നു. അവർക്കുവേണ്ടി ഇക്കാലമത്രയും ഞാൻ മനുഷ്യരെ സ്‌നേഹിക്കുകയായിരുന്നു. Still I am glad that Auschwitz could not take away my soul....'.

          മുകളിൽ പറഞ്ഞ മൂന്നു ഭാവതലങ്ങളെയും രാഷ്ട്രീയമായും ലാവണ്യാത്മകമായും കൂട്ടിയിണക്കുന്ന എത്രയെങ്കിലും പാഠാന്തര ആഖ്യാനങ്ങളുടെ പരമ്പരകൾ തന്നെയുണ്ട് 'ആ നദി...'യിൽ. മുഹമ്മദ് ദർവീഷിന്റെ ഒരു കാവ്യകല്പനയിൽ നിന്നു രൂപപ്പെടുത്തിയ നോവലിന്റെ പേര് മുതൽ അവസാന അധ്യായത്തിൽ പ്രകാശനം ചെയ്യപ്പെടുന്ന സഹൽ അൽഫാദിയുടെ ആത്മകഥ വരെ-എഴുത്തിന്റെയും ഭാവനയുടെയും ബഹുസ്വരലോകബന്ധങ്ങൾ ഓരോ അധ്യായത്തിലും പല രീതികളിൽ തിരയടിച്ചെത്തുന്നുണ്ട്. പുറപ്പാടുകളുടെയും വേർപാടുകളുടെയും ഫലസ്തീനിയൻ ക്ലാസിക്കുകളെഴുതിയ ദർവീഷിന്റെ മാത്രമല്ല ഖലീൽ ജിബ്രാന്റെയും മുരീദ് ബർഗൂദിയുടെയും വരികൾ നോവൽ ഉടനീളം കൂടെ കൊണ്ടുപോകുന്നു. അൽഫാദിയുടെ അനുഭവകഥകളും കവിതകളും നാലോ അഞ്ചോ അധ്യായങ്ങളിൽ അസാധാരണമായ ഭാവതീവ്രതയോടെ ആഖ്യാനം ചെയ്യപ്പെടുന്നു. നസറെത്ത് എന്ന വ്‌ളോഗിലൂടെ റൂത്ത് ആ നദി...യിലെ സ്ത്രീത്വത്തിന്റെയെന്നപോലെ ഫലസ്തീൻ-ഇസ്രയേൽ സംഘർഷങ്ങളുടെയും രക്തവിലാപങ്ങൾ ലോകത്തിനു മുന്നിലെത്തിക്കുന്നു. സമാന്തരമായി അഷേൽ 'Warrior of light' എന്ന ഫേസ്‌ബുക്ക് പേജിലൂടെ ഭരണകൂടങ്ങളുടെ കിരാതനീക്കങ്ങൾ തുറന്നുകാട്ടുന്നു. റേഡിയോസ്റ്റേഷൻ വഴിയാണ് റൂത്തിന്റെ നരകാനുഭവങ്ങൾ ചില നല്ല മനുഷ്യർ അറിയുന്നതും അവർ അവളുടെ ജീവിതം വഴിതിരിച്ചു വിടുന്നതും. ശിവകാമിയും റഫീക്കും അരവിന്ദും റൂത്തിന്റെ ജീവനും ജീവിതവും രക്ഷിക്കുന്നതിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. Hope എന്ന സന്നദ്ധസംഘടന വഴി സഹലും Denying to be Foes വഴി നയോമിയും ദവീദും പലായികൾക്കും അഭയാർഥികൾക്കും മുന്നിൽ തുറന്നിടുന്ന ലോകം നോവലിന്റെ ഏറ്റവും ദീപ്തമായ സാമൂഹ്യപാഠമാകുന്നു. അഷേർ ജോലി ചെയ്യുന്നത് ജറുസലേമിലെ റോക്‌ഫെല്ലർ ആർക്കിയോളജിക്കൽ മ്യൂസിയത്തിലാണ്. ചെറുപ്പത്തിലേ രാജ്യാന്തര പ്രശസ്തി നേടിയ ചിത്രകാരനും കവിയുമാണ് സഹൽ. അൽജസീറയിലാണ് അയാളുടെ പല രചനകളും വെളിച്ചം കാണുന്നത്. സഹലിനെ പൊലീസ് കസ്റ്റഡിയിൽ നിന്നു പലപ്പോഴും രക്ഷിക്കുന്നത് ഹീബ്രു യൂണിവേഴ്‌സിറ്റിയിലെ ചരിത്രഗവേഷകയായ ഐലാത്ത് മസറാണ്. ഫ്‌ളാവിയസ് ജോസഫിന്റെ ചരിത്രരചനകളാണ് നോവൽ ഉപയോഗപ്പെടുത്തുന്ന ഒരു യഥാർഥ സ്രോതസ്.

          സിനിമയുടെ ആഖ്യാനകല അടിമുടി കീഴടക്കിയ മലയാളനോവലിന്റെ സമകാല പ്രവണതയിൽനിന്ന് 'ആ നദി...'ക്കും മോചനമില്ല. ഒപ്പം, ലാറ്റിനമേരിക്കൻ, മധ്യ-പൂർവേഷ്യൻ നോവലെഴുത്തിൽനിന്ന് മലയാളി എഴുത്തുകാർ സ്വാംശീകരിച്ച ഭാവിപ്രത്യയങ്ങൾ നിറഞ്ഞ വർത്തമാനകാല വാക്യങ്ങളുടെ ധാരാളിത്തത്തിൽനിന്നും, 'മുൻകൂട്ടി പ്രവചിക്കപ്പെടുന്ന പുരാവൃത്തങ്ങളുടെ കലാപദ്ധതിയെന്ന നിലയിൽ ഈയൊരു ആഖ്യാനശൈലി മലയാളത്തിൽ ഇപ്പോൾ പലരും ഉപയോഗപ്പെടുത്തുന്നുണ്ടല്ലോ.

         

ഏതർഥത്തിലും, നോവലിന്റെ ആഖ്യാനകലയിലും പ്രത്യയശാസ്ത്രത്തിലും മലയാളഭാവന കൈവരിച്ച ലോകാന്തര രീതിപദ്ധതികളുടെ മികച്ച പാഠമാതൃകയായി മാറുന്നുണ്ട് 'ആ നദിയോട് പേരു ചോദിക്കരുത്'.

നോവലിൽനിന്ന്

'നബലയിൽനിന്നും ലിഡയിൽനിന്നും കന്നുകാലികളെപ്പോലെ ഞങ്ങൾ ആട്ടിത്തെളിക്കപ്പെട്ടു. കുട്ടിക്കാലത്തിന്റെ ഭാണ്ഡങ്ങളും പേറി മുടന്തി മുടന്തി ഞങ്ങൾ നടന്നു. മാമമാരുടെ മനസ്സ് അപ്പോഴും റൊട്ടിചുടുന്ന അടുപ്പുകല്ലുകൾക്കരികിലായിരുന്നു. ഇനി ഒരിക്കലും തിരികെ കിട്ടാത്ത അടുക്കളകളിൽ. ബാബമാർ അപ്പോഴും ഇല്ലാത്ത ഒലിവുമരങ്ങളുടെ ചുവട്ടിലായിരുന്നു. ഇനി ഒരിക്കലും തിരികെ കിട്ടാത്ത കുന്നിൻചരിവുകളിൽ. ഒരു കഷണം ബ്രെഡ്ഡിനുവേണ്ടി ചുടുവെയിലിൽ മണിക്കൂറുകൾ കാത്തുനിന്ന് കാൽ കുഴയുമ്പോഴും ദേഹം തളരുമ്പോഴും അവർ വസന്തത്തിന്റെയും വിളവെടുപ്പിന്റെയും കഥകൾ പറഞ്ഞു. ഇനി ഒരിക്കലും തിരികെ കിട്ടാത്ത ഗോതമ്പുപാടങ്ങളുടെ കഥകൾ. സാറയ്ക്കും ഗസാനും എനിക്കും കഥ പറഞ്ഞുതരാൻ ബാബയോ മാമയോ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ദിനങ്ങൾക്ക് കരിഞ്ഞ മാംസത്തിന്റെ ഗന്ധമായിരുന്നു. ഞങ്ങളുടെ കഥകളിൽ പുകയും പൊടിയും പടർന്നിരുന്നു. ഞങ്ങൾ കളിക്കാനും ചിരിക്കാനും മറന്നവരായിരുന്നു. കുളിക്കാനും നനയ്ക്കാനും മറന്നവർ. കടവുകളിലേക്കുള്ള വഴികൾ അവർ നിർദ്ദയം കൊട്ടിയടച്ചിരുന്നു. മതിലുകൾക്കപ്പുറം അപ്പോഴും വെള്ളത്തിന്റെ ഇരമ്പം കേൾക്കാമായിരുന്നു. ഒരിക്കൽ ഞങ്ങൾ കുത്തിമറിഞ്ഞു കളിച്ച ജോർദ്ദാന്റെ കൈവഴികളുടെ ഇരമ്പം. ജീവന്റെ ഇരമ്പം.

പുഴകൾ ഞങ്ങളെയോർത്ത് കരയുകയായിരുന്നു...

ആരുടെയെല്ലാമോ അലിവിൽ ഞങ്ങൾ വളർന്നു. സാറയും ഗസാനും ഞാനും മറ്റനേകം കുഞ്ഞുങ്ങളും. ആ ഭയങ്കര സംഭവം നടക്കുമ്പോൾ ഞങ്ങൾ ജലസോൺ ക്യാമ്പിലായിരുന്നു. യു എൻ റിലീഫ് ഏജൻസി നടത്തുന്ന സ്‌കൂളിലാണ് പഠനം. സ്‌കൂൾ ഒട്ടകലെയാണ്. ഏറെ ദൂരം നടന്നുപോകണം. ഫലസ്തീന്റെ ഭൂമി കൈയേറി മുളച്ചുപൊന്തിയ ഒരു യഹൂദ സെറ്റിൽമെന്റിന്റെ ചാരത്ത്, പട്ടാളനിയന്ത്രണത്തിലുള്ള പ്രദേശത്ത്, ആ പാഠശാലയുടെ കിടപ്പുതന്നെ പ്രശ്‌നമായിരുന്നു. ഇടയ്ക്കിടെ അവിടെ ഹമാസും ഇസ്രയേലി പട്ടാളക്കാരും തമ്മിൽ സംഘർഷമുണ്ടാകും. ഭയമായിരുന്നു ഞങ്ങൾക്ക് ഇരുകൂട്ടരെയും. ചിലനേരം സുരക്ഷാസേനയുടെ മിന്നൽപരിശോധന നടക്കും. ആയുധശേഖരമുണ്ടെന്ന് അറിവുകിട്ടിയെന്നോ അല്ലെങ്കിൽ ഹമാസ് തീവ്രവാദികൾ അകത്ത് ഒളിച്ചിരിപ്പുണ്ടെന്ന് വിവരം ലഭിച്ചെന്നോ ഒക്കെ ഓരോരോ കാരണങ്ങളുണ്ടാക്കി അവർ സ്‌കൂളിൽ കയറി നിരങ്ങും. ടിയർ ഗ്യാസ് പൊട്ടുമ്പോൾ ഞങ്ങൾ കുട്ടികൾ ചിതറി ഓടും. ഓട്ടത്തിനിടയിൽ വീണുപോയാൽ ഒടിവും ചതവും ഉറപ്പ്. ചിലപ്പോൾ ജീവൻ പോലും നഷ്ടമായേക്കാം. ചവിട്ടേറ്റാണ് എന്റെ ഫാത്തിമ മരിച്ചത്. കൂട്ടയോട്ടത്തിനിടയിൽ കാത്തുനിന്നതാണ് അവളെന്നെ. പക്ഷേ... മുൻബെഞ്ചിൽ എന്നെത്തന്നെ നോക്കിയിരിക്കാറുണ്ടായിരുന്ന നീലക്കണ്ണുകൾ പിന്നെ ഒരിക്കലും ഞാൻ കണ്ടില്ല.

          ഞങ്ങളുടെ ജീവിതത്തിലെ അത്ര നിസ്സാരക്കാരനല്ലാത്ത വില്ലനാണ് കണ്ണീർ വാതകം. നിരന്തരം അത് ശ്വസിച്ച് ശ്വസിച്ച് ഞങ്ങൾ രോഗികളാകും. പലർക്കും കടുത്ത ആസ്ത്മാ പിടിപെടും. പലർക്കും പഠിക്കാൻ പറ്റാതെയാവും. എന്തിന്, കളിക്കാൻ പോലും പറ്റാതെയാവും. ശ്വാസം കിട്ടാതെ പിടഞ്ഞ ഗസാനു കാവലിരുന്ന രാത്രികൾ... ഹോ! അവയായിരുന്നു ലോകത്തിലേക്കും നീളമുള്ള രാത്രികൾ. പുലരില്ല ഒരിക്കലുമെന്ന് പേടിപ്പിച്ച രാത്രികൾ. വയറിളകി അല്പപ്രാണയായ സാറയെ താങ്ങിപ്പിടിച്ച് ക്യാമ്പിൽ വല്ലപ്പോഴും വരുന്ന ഡോക്ടറെ കാത്തുനിന്ന പകലുകളായിരുന്നു ലോകത്തിലേക്കും ദൈർഘ്യമേറിയ പകലുകൾ. ഒരിക്കലും അസ്തമിക്കില്ലെന്ന് എന്നെ പേടിപ്പിച്ച പകലുകൾ.

          ഞങ്ങളുടെ കഥകളിൽ ആമയുടെയും മുയലിന്റെയും പാഠശാലകളുണ്ട്. ഞങ്ങളുടെ കഥകളിൽ മുയലുകൾ ഉറങ്ങാറേയില്ല. ഞങ്ങളുടെ കഥകളിൽ ആമകൾ ഒരിക്കലും ജയിക്കാറുമില്ല. ഞങ്ങളായിരുന്നു ആ ആമകൾ. ഇഴഞ്ഞിഴഞ്ഞ് ലക്ഷ്യത്തിൽ എത്തുമ്പോഴേക്കും അപ്പക്കൊട്ടകൾ എന്നും ശൂന്യം. വിശപ്പ്. വിശപ്പ്. വിശപ്പ് മാത്രമായിരുന്നു ഞങ്ങൾ. എന്നാലും ഞങ്ങൾ കരഞ്ഞത് മധുരപലഹാരങ്ങൾക്കോ റൊട്ടിത്തുണ്ടുകൾക്കോ പാവക്കുട്ടികൾക്കോ വേണ്ടിയല്ല. അകാരണമായി, ഓർക്കാപ്പുറത്ത്, ബാറ്റൺകൊണ്ടുള്ള അടികൾ പുറത്ത് വീഴുമ്പോഴാണ് ഞങ്ങൾ കരഞ്ഞത്.

പട്ടാളം സ്‌കൂളിലെത്തിയ ആ ദിവസം എങ്ങനെ ഞാൻ മറക്കും! ഇരുട്ട് വീണിട്ടും ഗസാൻ ക്യാമ്പിൽ തിരിച്ചെത്തിയില്ല. കൂട്ടുകാർക്കൊപ്പം അവൻ ഏതെങ്കിലും കൂടാരത്തിൽ കാണുമെന്ന് ആശ്വസിച്ചു. അല്ലെങ്കിൽ നല്ലവനായ അദ്ധ്യാപകൻ അവനെ കൂടെകൂട്ടിയിട്ടുണ്ടാവും. കാത്തിരുന്ന് മടുത്ത് സാറ ഉറക്കമായി. ഞാനും ഇടയ്‌ക്കെപ്പോഴോ ഒന്ന് മയങ്ങിപ്പോയി. കണ്ണടച്ചപ്പോൾ ഒരു ഭയങ്കര സ്വപ്നം... ഏതോ ഇരുട്ടുമുറിയിൽ തനിച്ചിരുന്ന് കരയുകയാണ് എന്റെ ഗസാൻ! നേരം വെളുത്തിട്ടില്ല. രണ്ടും കല്പിച്ച് ഞാൻ കൂടാരത്തിനു വെളിയിലിറങ്ങി. നക്ഷത്രമില്ലാത്ത ആകാശം. ഇരുണ്ട രാത്രി. അത്തിമരത്തിൽ ഏതോ കിളി ചിറകടിച്ചു. ഈന്തപ്പനയുടെ ഓലകൾ പ്രേതങ്ങളെക്കണക്ക് ഇളകിയാടി. എനിക്ക് വല്ലാത്ത പേടി തോന്നി. ദൂരെ സ്‌കൂൾ കെട്ടിടം ഇരുളിൽ മൂടിനിൽക്കുന്നു. ഞാൻ വേഗത്തിൽ കുന്നുകൾ കയറിയിറങ്ങി. ഒലിവ് തോട്ടം മുറിച്ചുകടന്ന് ഉറങ്ങുന്ന കെട്ടിടങ്ങൾക്കിടയിലൂടെ മദ്രസ ലക്ഷ്യംവെച്ച് നടന്നു. അടഞ്ഞുകിടക്കുകയാണ് കൂറ്റൻ ഗേറ്റ്. ഇനി എന്തു ചെയ്യും! മതിലിൽ പിടിച്ചു കയറാൻ വൃഥാ ഒരു ശ്രമം നടത്തിനോക്കി. ഉരുണ്ടുപിരണ്ടു പൊത്തോന്ന് താഴേക്ക്. മുട്ടുകൾ പൊട്ടി ചോരയൊലിക്കാനും തുടങ്ങി. ഗസാൻ... ഞാൻ വിളിച്ചു. ഒച്ച പൊന്തുന്നില്ല. ഗസാൻ..... നീ എവിടെ? വീണ്ടും വിളിച്ചു. വീണ്ടും വീണ്ടും വിളിച്ചു. രാവിന്റെ ഒച്ചകളിൽ എന്റെ ദുർബലശബ്ദം നൂറുനുറുങ്ങായി ചിതറി. നിസ്സഹായനായി, പരിഭ്രാന്തനായി, ഗേറ്റിനു മുന്നിലിരുന്ന് ഞാൻ കരയാൻ തുടങ്ങി. പെട്ടെന്ന് ഒരു പട്ടാളക്കാൻ എങ്ങുനിന്നോ പ്രത്യക്ഷനായി. അയാൾ എന്നെ തുറിച്ചുനോക്കി. രാത്രിയിൽ അലഞ്ഞുനടക്കുന്നതിന് വേണ്ടുവോളം ശകാരിച്ചു. ക്യാമ്പിലേക്ക് ഓടെടാ എന്ന് അയാൾ ഒച്ചയിട്ടു. ഗസാനെ കണ്ടുപിടിക്കാതെ എങ്ങനെ ഞാൻ മടങ്ങും! ആ ഭീകരനെ വകവെക്കാതെ ലക്ഷ്യമില്ലാതെ ഞാൻ മുടന്തി മുടന്തി നടന്നു. എങ്ങനെ ഞാൻ മറക്കും ആ രാത്രി!         

          കിഴക്കുണർന്നു. നടന്നുനടന്ന് ഞാൻ സെറ്റിൽമെന്റിന്റെ വേലിക്കരികിലെത്തി. അള്ളാഹുവേ ആ കാഴ്ച! മുൾവേലിക്കപ്പുറം വീണുകിടക്കുന്നു എന്റെ ഗസാൻ... വെള്ള യൂണിഫോം ചോരയിൽ ചുവന്ന്... സ്‌കൂൾബാൾ തുറന്ന്.. ചിതറിയ റൊട്ടിക്കഷണത്തിൽ കൊത്തിപ്പെറുക്കുന്ന പക്ഷികൾ... തുറന്നുപിടിച്ച ആ കണ്ണുകളിലേക്ക് ഒരിക്കലേ ഞാൻ നോക്കിയുള്ളു. അവന്റെ കണ്ണുകൾ ഇന്നും എന്നെ പിന്തുടരുകയാണ്.

          വേലിക്കപ്പുറത്തേക്ക് കഷ്ടപ്പെട്ടാണ് നൂണ്ടുകയറിയത്. മുട്ടുകൾ ഉരഞ്ഞു നാശമായി. മുള്ളുകൾ മുതുകിൽ കുത്തിക്കയറി. ഞാൻ വേദന അറിഞ്ഞതേയില്ല. ഗസാന്റെ ചലനമറ്റ ശരീരം മടിയിൽ വെച്ച് കരയാൻപോലും കഴിയാതെ തളർന്നിരുന്നു. നാലുപാടും നോക്കി വ്യസനവും സംഭ്രമവും തിങ്ങിവിങ്ങി ഇരുന്ന ആ ഇരിപ്പ് ഒരു കാലത്തും ഞാൻ മറക്കില്ല. ഗസാന്റെ രക്തംവാർന്നു വിളറിയ മുഖവും ആ ചുവന്ന മണ്ണും ഇതെഴുതുമ്പോഴും കൺമുമ്പിലുണ്ട്. മരവിച്ച ഇരിപ്പിലെപ്പോഴോ പൊടിപറത്തിക്കൊണ്ട് പറഞ്ഞുവരുന്ന മരണവണ്ടി ഞാൻ കണ്ടു! ഒരു വെടിയുണ്ട ഏതു നിമിഷവും എന്റെ നേരേ പറന്നുവരാം. കനത്ത ലാത്തിയടി പുറത്തു വീഴാം. സാറയ്ക്ക് ഈ ലോകത്തിൽ ആരുമില്ലാതാകും. ഗസാൻ, ഞാൻ പോകുന്നു.. നെറുകയിൽ ചുംബിക്കുമ്പോൾ ചെറിയ ചൂടുണ്ട് അവനെന്ന് എനിക്ക് തോന്നി. അവന്റെ അവസാന സ്പർശം ഇപ്പോഴും എന്റെ ചുണ്ടിലുണ്ട്. വേലിക്കിടയിലൂടെ വീണ്ടും നിരങ്ങിയിറങ്ങി സകലശക്തിയും സംഭരിച്ച് തിരിഞ്ഞുനോക്കാതെ പായുകയായിരുന്നു. കരുണയറ്റ വെയിലിലൂടെ കള്ളിമുള്ളുകൾക്കിടയിലൂടെ. പിന്നീട് ഒരുപാടു കാലം ഉറക്കത്തിൽപ്പോലും ഓടുകയായിരുന്നു ഞാൻ. മരണത്തിൽനിന്ന് ജീവിതത്തിലേക്ക്....

വഴിയരികിൽ ബോധമറ്റ് വീണുകിടന്ന എന്നെ ആരോ ഒരാൾ അന്ന് ക്യാമ്പിൽ എത്തിച്ചു. ദിവസങ്ങളോളം ഒരു വാക്ക് മിണ്ടാൻ എനിക്കായില്ല. അവനായിരുന്നല്ലോ എന്റെ ശബ്ദം. എന്റെ ആഹ്ലാദം. എന്റെ ജീവൻ.

          പിറ്റേന്ന് 'ദി ഫലസ്തീൻ ടെലഗ്രാഫി'ൽ വാർത്ത വന്നു.

          ഗസാൻ അൽ ഫാദി. ആറ് വയസ്സ്, മിസ്സിങ് ഫ്രം ജലസോൺ ക്യാമ്പ്.

          അതിനടുത്ത ദിവസം, അതേ പത്രത്തിൽ, അവന്റെ ചിത്രം പ്രത്യക്ഷപ്പെട്ടു. സെറ്റിൽമെന്റ് ഏരിയയിലെ മുൾവേലി മുറിച്ചുകടക്കെ മൈൻപൊട്ടി മരിച്ച അനാഥബാലൻ... ഏതോ ഒരു ഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണിൽ പതിഞ്ഞത്...

          പിന്നീട് എപ്പോൾ ഒരു പട്ടാളവണ്ടി കണ്ടാലും വലിച്ചെറിയാൻ പാകത്തിന് നൂറു കല്ലുകൾ വഴിയോരങ്ങളിൽ എന്നെ കാത്തുകിടന്നു.

          പ്രേതങ്ങൾ ചുവന്ന നാവുനീട്ടി പേടിപ്പിച്ച ആ രാത്രിയിൽ പൂട്ടിയിട്ട സ്‌കൂൾ ഗേറ്റിനു പുറത്തിരുന്ന് ഗസാനെ കാണാതെ കരഞ്ഞ സഹൽ ഇന്നും എന്റെയുള്ളിൽ കരച്ചിൽ തുടരുന്നു. ഇന്നും റോന്തുചുറ്റുന്ന ഒരു പട്ടാളക്കാരൻ രാത്രിയിൽ കറങ്ങിനടക്കുന്നതിന് എന്നെ വലിയവായിൽ ശകാരിക്കുന്നു. ഇന്നും മതിലിൽ തപ്പിപ്പിടിച്ച് കയറി ഗസാനെ ഞാൻ വിളിക്കുന്നു. മുൾവേലിക്കപ്പുറം ചോര ചീന്തിക്കിടക്കുന്ന ഒരു തൂണ്ട് ജീവിതത്തെ, എന്റെ ജീവന്റെ ജീവനെ, ഇന്നും ഞാൻ കണ്ടുകൊണ്ടിരിക്കുന്നു. ഇന്നലെയെന്നപോലെ.

          ഗസാൻ, നീ കളിച്ചുനടക്കേണ്ട വഴികൾ നിനക്കുവേണ്ടി നടന്നുതീർക്കാൻ എനിക്ക് കൊതിയുണ്ട്. നീ കയറേണ്ട മരങ്ങളിൽ നിനക്കുവേണ്ടി കയറാനും ഊഞ്ഞാലാടാനും ബാബാ ഈണത്തിൽ പാടിത്തന്ന ശീലുകൾ നിന്നെയോർത്ത് പാടാനും എനിക്ക് കൊതിയുണ്ട്. പക്ഷേ, നമ്മുടെ വഴികൾ ഇന്ന് നമ്മുടേതല്ല ഗസാൻ. നമ്മുടെ മരങ്ങൾ നമ്മുടേതല്ല ഗസാൻ. നമ്മുടെ പാട്ടുകൾ അവർ കട്ടെടുത്തു ഗസാൻ. കേൾക്കാമോ നിനക്കെന്നെ ഗസാൻ? ജെറുസലേമിന്റെ കുന്നുകളിൽ എന്റെ ഡ്രോണുകൾ ഒലിവില വർഷിക്കുന്ന കാലം വരും. നിശ്ചയമായും വരും. നോക്കൂ, അന്ന് ഞാൻ രൂപകല്പന ചെയ്യുന്ന യന്ത്രമനുഷ്യനെ നിന്റെ പേരിട്ടു വിളിക്കും. നമ്മുടെ മണ്ണ് അവർ കൊണ്ടുപോയി. നമ്മുടെ വഴികളും. എന്നാൽ ആർക്കും ജ്ഞാനവും വിദ്യയും ആത്മാവും മോഷ്ടിക്കാനാവില്ല ഗസാൻ'. 

ആ നദിയോട് പേരു ചോദിക്കരുത്
ഷീലാടോമി
ഡി.സി. ബുക്‌സ്
2022
360 രൂപ