- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആധുനികതയും നോവലും: കോളനിയനന്തര വായനകൾ
ചോദ്യം : സഖാവേ, കലയിലും സാഹിത്യത്തിലുമൊക്കെ സ്ത്രീപുരുഷന്മാർ തമ്മിൽ ചുംബിക്കുന്നതും മറ്റും ചിത്രീകരിക്കുന്നത് ശരിയാണോ?
ഇഎംഎസ് : വർഗസമരത്തിന്റെ ഭാഗവും വർഗവിപ്ലവത്തിനു സഹായകവുമാണെങ്കിൽ കലാസാഹിത്യാദികളിൽ സ്ത്രീപുരുഷന്മാർ തമ്മിൽ ചുംബിക്കുന്നതും മറ്റും ചിത്രീകരിക്കുന്നതു തെറ്റല്ല.
സവിശേഷമായ ഒരു രാഷ്ട്രീയനിലപാടിന്റെ ഭാഗവും ഭാഗധേയവുമായി മാത്രം കലാസാഹിത്യരൂപങ്ങളെയും അവയുടെ ആവിഷ്‌ക്കാരങ്ങളെയും കാണുന്ന രീതി എത്രമേൽ പരിമിതവും പരിഹാസ്യവുമാണെന്നതിന് കേരളീയസന്ദർഭത്തിൽ ചൂണ്ടിക്കാണിക്കാറുള്ള ഏറ്റവും കുപ്രസിദ്ധമായ ഉദാഹരണമാണ് മേലുദ്ധരിച്ചത്. ഇങ്ങനെയൊരു ചോദ്യവും ഉത്തരവും യഥാർഥത്തിൽ ഉണ്ടായതാണോ എന്നറിയില്ല. ഒരുപക്ഷെ ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ആരെങ്കിലും ഒരു ട്രോൾ നിർമ്മിച്ചതാകാം. അല്ലെങ്കിൽ, കമ്യൂണിസ്റ്റ് ഭരണം വന്നാൽ താൻ വിഷം കുടിച്ചു മരിക്കുമെന്ന് കെ.സി. മാമ്മന്മാപ്പിള്ള പറഞ്ഞുവെന്നതുപോലെ ഒരു കല്പിതകഥയാകാനും മതി. (മാമ്മന്മാപ്പിള 1953ൽ മരിച്ചതിനാൽ ആ ആത്മഹത്യ ഒഴിവായി എന്നു പറയുന്നവരുണ്ട്.) അതെന്തായാലും രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങൾ കലയുടെയും സാഹിത്യത്തിന്റെയുമൊക്കെ സൗന്ദര്യശാസ്ത്രങ്ങൾക്കുമേൽ അന്തിമമായ വിധിയെഴുത്തും കല്ലേപ്പിളർക്കുന്ന കല്പനയും ഏകപ്രമാണപത്രവുമായി സ്വയം അവരോധിക്കുന്നതിന്റെ സാംസ്‌കാരിക വിപര്യയത്തെക്കുറിച്ചുള്ള മലയാളമിത്ത് എന്ന നിലയിൽ മേല്പറഞ്ഞ ചോദ്യവും ഉത്തരവും ഇന്നും പ്രസക്തമാണ്.
ആധുനികതയെക്കുറിച്ചു രൂപംകൊണ്ട യാന്ത്രികവും അതിനിർണയവാദപരവുമായ ഇത്തരം രാഷ്ട്രീയ, മത, സാമൂഹിക, സദാചാരവായനകളുടെ കാലം കഴിഞ്ഞു. ചരിത്രപരവും പ്രത്യയശാസ്ത്രപരവും സൗന്ദര്യശാസ്ത്രപരവുമായ ബഹുസ്വരതകളെ മാനിക്കുന്ന കാലം വന്നു. കോളനിയനന്തരവാദത്തിന്റെ സാഹിത്യ, കലാതത്വവിചാരങ്ങളാണ് ഈ പുതിയ ഭാവുകത്വമണ്ഡലത്തിൽ ഏറെ ശ്രദ്ധേയമായി മാറിയ ഒന്ന്. ചരിത്രം, സാമ്രാജ്യത്തം, ദേശീയത, ആധുനികത, മുതലാളിത്തം, ജനാധിപത്യം, സാങ്കേതികത, ശാസ്ത്രം, രാഷ്ട്രം, സമൂഹം, സ്ഥലം, വ്യക്തി, ഭാഷ, അധികാരം, മാനവികത, ശരീരം, കാമനകൾ, ജാതി, മതം, വംശം, വർഗം, ലിംഗം... എന്നിങ്ങനെ കൊളോണിയലിസത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയങ്ങളെ നിർണയിച്ച നാനാതരം വ്യവഹാരങ്ങളെയും സമവാക്യങ്ങളെയും പാഠവൽക്കരിച്ചും രാഷ്ട്രീയവൽക്കരിച്ചും പ്രശ്‌നവൽക്കരിച്ചും പ്രത്യയശാസ്ത്രവൽക്കരിച്ചും സാഹിത്യം നിർവഹിച്ച സാമൂഹ്യദൗത്യങ്ങളെ തിരിച്ചറിയുക എന്നതാണ് ഈ പഠനപദ്ധതിയുടെ മാർഗവും ലക്ഷ്യവും. കലാസാഹിത്യാദികളുടെ രചനാകാലത്തെയും ഭാവിതകാലത്തെയും വായനാകാലത്തെയും ഒരുപോലെ പരിഗണിച്ചുകൊണ്ടാണ് ഇത് സാധ്യമാകുക.
1450-1950 കാലത്ത് സാമ്രാജ്യത്തവും കൊളോണിയലിസവും സൃഷ്ടിച്ച സാംസ്‌കാരികാധിനിവേശത്തിന്റെ രാഷ്ട്രീയാപനിർമ്മാണമാണ് കോളനിയനന്തരവാദം. മറ്റൊരു രീതിയിൽ പറഞ്ഞാൽ, കൊളോണിയൽ അധിനിവേശത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയങ്ങളുടെ പ്രത്യയശാസ്ത്ര വിമർശനമാണിത്. ആധുനികത, മുതലാളിത്തം, ദേശീയത, വ്യവസായവിപ്ലവം, ശാസ്ത്രം, അച്ചടി.... എന്നിങ്ങനെ കൊളോണിയലിസത്തിന്റെ സാംസ്‌കാരിക മണ്ഡലങ്ങളായി വികസിച്ചുവന്ന മനുഷ്യാനുഭവങ്ങളുടെയും അവസ്ഥകളുടെയും പ്രതിനിധാനങ്ങളുടെ പുനർവായന. മുഖ്യമായും രണ്ടു സമീപനങ്ങളിലാണ് കോളനിയനന്തരവാദത്തിന്റെ പ്രയോഗം സാധ്യമാകുന്നത്. ഒന്ന്, കൊളോണിയൽ സംസ്‌കാരം സൃഷ്ടിച്ച സാഹിത്യവും കലകളും മാധ്യമങ്ങളും വിദ്യാഭ്യാസവും വിജ്ഞാനങ്ങളും സ്ഥാപനങ്ങളും ഭരണകൂടവ്യവഹാരങ്ങളും മറ്റും മറ്റും പ്രതിനിധാനം ചെയ്യുന്ന, കോളനികളിലെ മനുഷ്യാനുഭവങ്ങളുടെ അപഗ്രഥനമെന്ന നിലയിൽ. രണ്ട്, കൊളോണിയൽ ആധുനികതയുടെ മൂല്യങ്ങളും വ്യവസ്ഥകളുമൊക്കെ കോളനിയനന്തരകാലത്തും നിലനിൽക്കുന്നതിന്റെ വിശകലനമെന്ന നിലയിൽ. കൊളോണിയൽ, കൊളോണിയൽപൂർവ, കോളനിയനന്തരകാലങ്ങളിലെ തദ്ദേശീയസംസ്‌കൃതികളും അധിനിവേശകരുടെ സംസ്‌കൃതികളും തമ്മിലുള്ള വൈരുധ്യങ്ങളും അവ നിർമ്മിക്കുന്ന അപരത്വങ്ങളും പ്രത്യയശാസ്ത്രപരമായി വ്യാഖ്യാനിക്കുകയാണ് ഈ പദ്ധതിയുടെ രീതിശാസ്ത്രം.
അമി സിസെയർ, ഫ്രാൻസ് ഫാനൻ, എൻ ഗൂഗി വാതിയോംഗൊ തുടങ്ങിയവരുടെ പ്രമാണഗ്രന്ഥങ്ങളും എഡ്വേർഡ് സൈദ്, ഗായത്രി സ്പിവാക്ക്, ഹോമി ഭാഭ തുടങ്ങിയവരുടെ സൈദ്ധാന്തികപഠനങ്ങളും ബെനഡിക്ട് ആൻഡേഴ്‌സൺ, പാർത്ഥ ചാറ്റർജി, അർജുൻ അപ്പാദുരൈ തുടങ്ങിയവരുടെ പ്രയോഗസമ്പ്രദായങ്ങളും കോളനിയനന്തരവാദത്തിന്റെ അക്കാദമിക അടിത്തറ രൂപപ്പെടുത്തി, മാർക്‌സിസം, മനോവിജ്ഞാനീയം, അപനിർമ്മാണം, കീഴാളപഠനങ്ങൾ, ലിംഗപദവീപഠനങ്ങൾ, ദേശീയതാപഠനങ്ങൾ, പ്രാദേശിക പഠനങ്ങൾ, വംശീയപഠനങ്ങൾ.... എന്നിങ്ങനെ നിരവധി വൈജ്ഞാനിക സമീപനങ്ങൾ സമീകരിച്ചും സമന്വയിപ്പിച്ചുമാണ് കോളനിയനന്തരവാദം രൂപപ്പെട്ടത്. വൈയക്തികം എന്നതിനെക്കാൾ സാമൂഹികവും വരേണ്യമെന്നതിനെക്കാൾ ജനകീയവും മാർഗി എന്നതിനെക്കാൾ ദേശിയും ക്ലാസിക് എന്നതിനെക്കാൾ ഫോക്കും ലിഖിതമെന്നതിനെക്കാൾ വാമൊഴിയും പ്രാധാന്യം നേടുന്ന അപഗ്രഥനരീതി ഈ പദ്ധതി പിന്തുടരുന്നു.
മലയാളത്തിൽ ഈ സമീപനം മുൻനിർത്തി സാഹിത്യവിമർശനത്തിൽ ഇടപെടുന്നവരിൽ പ്രമുഖർ ഇ.വി. രാമകൃഷ്ണനും പി. പവിത്രനുമാണ്. കോളനീകരണത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ രൂപവും പ്രത്യയശാസ്ത്രപാഠവുമായി നിലവിൽവന്ന നോവലാണ് കോളനിയനന്തരവാദത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സാഹിത്യരൂപം. അക്കാദമികവും സാമൂഹ്യശാസ്ത്രപരവുമായ ആധുനികതാവാദനിരൂപണപദ്ധതികളുടെയും ക്ലാസിക്കൽ മാർക്‌സിയൻ നിരൂപണത്തിന്റെയും ഭാവുകത്വ പരിമിതികളെ മറികടന്ന് മലയാള നോവലിനെക്കുറിച്ച് ഇവർ നടത്തുന്ന പഠനങ്ങൾ ഒരേസമയംതന്നെ മലയാളത്തിലെ ആധുനികതയെക്കുറിച്ചും നോവലിനെക്കുറിച്ചുമുള്ള പലതരം പുനർവായനകളായി മാറുന്നു. കോളനിയനന്തരവാദത്തോട് മനോവിജ്ഞാനീയം, മാർക്‌സിസം എന്നീ സമീപനങ്ങൾ സമീകരിച്ചു പിന്തുടരുന്നതിലൂടെ യഥാക്രമം ചരിത്രവായനകളും കാമനാപഠനങ്ങളും പ്രത്യയശാസ്ത്രവിശകലനങ്ങളുമായി മാറുന്ന പവിത്രന്റെ നോവൽനിരൂപണങ്ങളുടെ സമാഹാരമായ 'ഭൂപടം തലതിരിക്കുമ്പോൾ' ആധുനികതയെയും നോവലിനെയും കുറിച്ച് മലയാളത്തിലെഴുതപ്പെട്ടിട്ടുള്ള ഏറ്റവും മൗലികവും ശ്രദ്ധേയവുമായ പോസ്റ്റ് കൊളോണിയൽ വിമർശനഗ്രന്ഥമാണ്.
1997 മുതൽ 2021 വരെയുള്ള കാൽനൂറ്റാണ്ടുകാലത്ത് പവിത്രനെഴുതിയ 21 നോവൽപഠനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. മലയാളത്തിൽ, അക്കാദമികരംഗത്ത്, കോളനിയനന്തരവാദത്തിന്റെ സിദ്ധാന്തവും പ്രയോഗവും ഇത്രമേൽ നിരന്തരവും നിഷ്‌കൃഷ്ടവുമായി അന്വേഷിക്കുകയും അവതരിപ്പിക്കുകയും പിന്തുടരുകയും ചെയ്ത മറ്റൊരാളില്ല. കഴിഞ്ഞ ഒരു ദശകത്തിലധികമായി മലയാളവുമായി ബന്ധപ്പെട്ട് നടക്കുന്ന മാതൃഭാഷാസംവാദങ്ങളിൽ പോലും പവിത്രൻ വഹിക്കുന്ന നേതൃപരമായ പങ്കിന്റെ പശ്ചാത്തലം ഈയൊരു വൈജ്ഞാനിക രാഷ്ട്രീയമാണ്.
ആധുനികതയുടെ സാംസ്‌കാരിക പ്രത്യയശാസ്ത്രരൂപങ്ങളെന്ന നിലയിൽ സാഹിത്യത്തെ, വിശേഷിച്ചും നോവലിനെ സമീപിക്കുകയും (1) ആധുനികതയുടെ ചരിത്രബോധ്യങ്ങൾ, (2) ദേശീയതയുടെ രാഷ്ട്രീയവിമർശനങ്ങൾ, (3) കോളനിയനന്തരതയുടെ ഭാവുകത്വ സമീപനങ്ങൾ, (4) അന്തർപാഠങ്ങളുടെ ബഹുസ്വരവായനകൾ, (5) നോവലിന്റെ രൂപവിചാരങ്ങൾ എന്നീ തലങ്ങളെ കൂട്ടിയിണക്കി സാംസ്‌കാരിക പഠനങ്ങളുടെ (Cultural Studies) മലയാളവഴികളെ വേറിട്ടു ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നവയാണ് പവിത്രന്റെ നോവൽപഠനങ്ങൾ.
മൂന്നാം ലോകത്തിന്റെ സാംസ്‌കാരികാസ്തിത്വങ്ങൾ മുൻനിർത്തി ആധുനികതയുടെ യൂറോകേന്ദ്രിതത്വത്തെയും വികസന-പാരിസ്ഥിതിക രാഷ്ട്രീയങ്ങൾ മുൻനിർത്തി മനുഷ്യകേന്ദ്രിതത്വത്തെയും വിമർശിക്കുന്ന പവിത്രൻ കർഷകരുടെയും തൊഴിലാളികളുടെയും വിമോചനസമരങ്ങൾ മുൻനിർത്തി ഫ്യൂഡൽ, മുതലാളിത്ത സമ്പദ്ഘടനകളെ അപനിർമ്മിക്കുന്നു.
സ്ത്രീത്വത്തിന്റെ കർതൃപദവികൾ മുൻനിർത്തി ആധുനികതയുടെ ആൺകോയ്മകളെയും കീഴാള, ദളിത് സ്വത്വബോധങ്ങൾ മുൻനിർത്തി വംശീയവും ജാതീയവുമായ അധീശത്വങ്ങളെയും ചോദ്യം ചെയ്യുന്നു.
പ്രാദേശികതകളുടെ തന്മ മുൻനിർത്തി ദേശീയതാവാദത്തിന്റെ തീർപ്പുകളെയും ഭാഷ മുതൽ വൈജ്ഞാനികത വരെയുള്ളവയുടെ തദ്ദേശീയാസ്തിത്വങ്ങൾ മുൻനിർത്തി കൊളോണിയൽ അധിനിവേശത്തിന്റെ സാംസ്‌കാരിക യുക്തികളെയും വിചാരണ ചെയ്യുന്നു.
ബഹുസ്വരതയിലൂന്നിയ സാമൂഹ്യനിലപാടുകൾകൊണ്ട് നിരവധിയായ ബൃഹദാഖ്യാനങ്ങളെയും ജനാധിപത്യബോധത്തിലൂന്നിയ രാഷ്ട്രീയനിലപാടുകൾകൊണ്ട് നാനാതരം വരേണ്യതാവാദങ്ങളെയും റദ്ദു ചെയ്യുന്നു.
കഥ, കവിത, നോവൽ തുടങ്ങിയ ആഖ്യാനമാതൃകകളും ചരിത്രം, മനഃശാസ്ത്രം, നരവംശശാസ്ത്രം തുടങ്ങിയ ജ്ഞാനവ്യവഹാരങ്ങളും ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം തുടങ്ങിയ പാഠരൂപങ്ങളും ഇടകലർത്തിയും ഇഴപിരിച്ചും മുന്നേറുന്ന വിമർശനരീതിയാണ് പവിത്രൻ ഈ രചനകളിലെല്ലാം പിന്തുടരുന്നത്.
കൊളോണിയലിസത്തിന്റെ സാംസ്‌കാരിക-രാഷ്ട്രീയ ചിഹ്നങ്ങൾ നേരിട്ടവതരിപ്പിക്കപ്പെടുന്ന നോവലുകളെന്ന നിലയിൽ 'ഘാതകവധം' മുതൽ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' വരെയുള്ളവ ഒരുവശത്ത് പഠിക്കപ്പെടുമ്പോൾ കൊളോണിയൽ മൂല്യങ്ങളെ (സ്ത്രീത്വം, ജാതീയത, മതേതരത്വം, ജനാധിപത്യം, പൊതുമണ്ഡലം, ദേശീയത...) പ്രശ്‌നവൽക്കരിക്കുന്ന നോവലുകളെന്ന നിലയിൽ 'മീനാക്ഷി' മുതൽ 'ജീവിതത്തിന്റെ പുസ്തകം' വരെയുള്ളവ മറ്റൊരു വശത്ത് പഠിക്കപ്പെടുന്നു.
സംഗ്രഹിച്ചു പറഞ്ഞാൽ, (1) സാമൂഹ്യവ്യവസ്ഥ, (2) സമ്പദ്ഘടന, (3) ചരിത്രപാഠങ്ങൾ, (4) കാമനാരൂപങ്ങൾ എന്നിവയെ ആസ്പദമാക്കിയുള്ള നോവൽവിചാരങ്ങളാണ് ഈ വിമർശനഗ്രന്ഥത്തിന്റെ ഉള്ളടക്കം.
വർഗം, ലിംഗം, ജാതി, മതം, കുടുംബം തുടങ്ങിയവയാണ് ഒന്നാം വിഭാഗത്തിൽ പെടുന്ന സാമൂഹ്യപഠനങ്ങളിലെ അപഗ്രഥന സമവാക്യങ്ങൾ. ചന്തുമേനോനും പോത്തേരി കുഞ്ഞമ്പുവും തകഴിയും ഉറൂബും എം ടി.യും പുനത്തിലും മുതൽ വിജയൻ വരെയുള്ളവരുടെ രചനകൾ മുൻനിർത്തിയുള്ള ചർച്ചകളുടെ ഊന്നലുകളിലൊന്ന് ഇതാണ്.
ഭൂമി, കൃഷി, വ്യവസായം, മുതലാളിത്തം, കയറ്റുമതി, ബാങ്കിങ് തുടങ്ങിയവയാണ് സമ്പദ്ഘടനാപഠനങ്ങളുടെ ആധാരശിലകൾ. തകഴിയും ചെറുകാടും മുതൽ രാമനുണ്ണി വരെയുള്ളവരുടെ രചനകളുടെ പഠനം ഈ രീതിയിലാണ് പ്രധാനമായും നടക്കുന്നത്.
ദേശീയത, രാഷ്ട്രം, ഭൂപടം, യുദ്ധം, അഭയാർഥിത്വം, പ്രവാസം തുടങ്ങിയ സമവാക്യങ്ങളിൽ ഊന്നിയുള്ള പഠനങ്ങളാണ് ചരിത്രത്തെ കേന്ദ്രീകരിക്കുന്ന രചനകളിൽ. ചന്തുമേനോൻ മുതൽ സി.വി.യും ഉറൂബും വി.കെ. എന്നും വിജയനും മുകുന്ദനും ആനന്ദും വരെയുള്ളവരുടെ നോവലുകൾ വിമർശനത്തിനെടുക്കുമ്പോൾ ഗ്രന്ഥകാരൻ സ്വീകരിക്കുന്ന സമീപനങ്ങളിലൊന്ന് ഇതാണ്.
ലൈംഗികത, ശരീരം, അധികാരം തുടങ്ങിയവ നിരന്തരം പ്രശ്‌നവൽക്കരിച്ചുകൊണ്ടാണ് കാമനകളുടെ ബോധാബോധലോകങ്ങൾ ഉറൂബിന്റെയും എം ടി.യുടെയും മുകുന്ദന്റെയും പുനത്തിലിന്റെയും മറ്റും രചനകളിൽ പവിത്രൻ അപഗ്രഥിക്കുന്നത്.
ഒട്ടാകെ ഇരുപത്തൊന്ന് ലേഖനങ്ങൾ. കൃതികളുടെ കാലാനുക്രമം സാമാന്യമായി പാലിച്ചുകൊണ്ടവതരിപ്പിക്കപ്പെടുന്ന ഈ പഠനങ്ങളിൽ കഴിഞ്ഞ ഒന്നരനൂറ്റാണ്ടിലധികം കാലത്തെ ചരിത്രജീവിതമുള്ള മലയാളനോവലിന്റെ ഭാവുകത്വപരിണാമങ്ങളെ കോളനിയനന്തരവാദത്തിന്റെ രാഷ്ട്രീയ-സൗന്ദര്യശാസ്ത്രസമീപനങ്ങൾ മുൻനിർത്തി വിശകലനം ചെയ്യുന്നതിൽ പവിത്രൻ പുലർത്തുന്ന സൈദ്ധാന്തിക സൂക്ഷ്മതയും പ്രയോഗസുതാര്യതയും ആദ്യന്തം പ്രകടമാണ്. ഒരേസമയംതന്നെ ഒറ്റയൊറ്റ നോവൽനിരൂപണങ്ങളായും മലയാളനോവലിന്റെയും നോവൽചരിത്രത്തിന്റെയും കോളനിയനന്തരവായനയായും കൈവരുന്ന ഉഭയസ്വഭാവമാണ് ഈ പഠനത്തിന്റെ സവിശേഷത. (ചരിത്രപരമായ) ആധുനികീകരണം, (രാഷ്ട്രീയമായ) കോളനീകരണം, (സാഹിതീയമായ) നോവലീകരണം എന്ന മൂന്നു പ്രക്രിയകളെ മലയാളത്തിന്റെ ഭാവനാഭൂപടമായി വിന്യസിക്കുന്ന ഗ്രന്ഥം. സൈദ്ധാന്തികതയെ സൗന്ദര്യാത്മകതയോടിണക്കിച്ചേർക്കുന്നതിൽ ഈ പഠനലേഖനങ്ങൾ പ്രകടിപ്പിക്കുന്ന ആസ്ഥയും ആർജ്ജവവുമാണ് ഇവയെ അക്കാദമികമായി ഏറെ സ്വീകാര്യമാക്കുന്നത്. ഈ പഠനങ്ങളുടെ പൊതുഭൂമികയായി കാണാവുന്ന ഒന്നാണ് ആധുനികതയുടെ രാഷ്ട്രീയ വൈവിധ്യങ്ങളെ നോവലിന്റെ സ്വരൂപവുമായി സമീകരിക്കുന്ന നിരൂപകന്റെ നിലപാട്. പവിത്രൻ എഴുതുന്നു:
'ആധുനികീകരണം എന്ന ചരിത്രസാമൂഹ്യപ്രക്രിയ(Modernisation)യും ആധുനികത എന്ന ചിന്താപദ്ധതി(Enlightenment Modernity)യും ആധുനികതാവാദം (Modernism) എന്ന കലാസാഹിത്യപ്രസ്ഥാനവും പരസ്പര ബന്ധമുള്ളവയാണെങ്കിലും വ്യത്യസ്ത ഊന്നലുകളുള്ളവയുമാണ്. മൂന്നാം ലോകസമൂഹത്തിൽ ആധുനികത എന്ന സാമൂഹ്യപ്രക്രിയയുടെ പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ് എന്നതിന് അനേകം ഉത്തരങ്ങളുണ്ട്.
അത് കോളനീകരണത്തിന്റെ ഫലമാണ് എന്നതാണ് ഒരു വാദം. യൂറോപ്യൻ ആധിപത്യത്തിന് വിമോചകമായ ധർമമുണ്ടെന്നാണ് ഈ ധാരണയുടെ വക്താക്കൾ കരുതുന്നത്. യൂറോകേന്ദ്രീകരണപരമായ മനുഷ്യചരിത്രത്തിലേക്ക് മൂന്നാം ലോകത്തെ കണ്ണിചേർക്കുക വഴി അത് കോളനിയിലെ ചരിത്രപ്രക്രിയയെ വേഗത്തിലാക്കി എന്നാണ് ഇവിടെ വാദം, ചരിത്രത്തിൽനിന്ന് ഒറ്റപ്പെട്ടുനിന്ന കോളനിയെ യൂറോപ്പുമായി ബന്ധിപ്പിച്ച് ലോകചരിത്രപ്രക്രിയയുടെ ഭാഗമാക്കി എന്ന്. എന്നാൽ യൂറോകേന്ദ്രീകരണപരമെന്ന പേരിൽ ഇന്ന് പരക്കെ ആക്ഷേപിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട് ഈ മാതൃക.
കോളനീകരണംതന്നെയാണ് നമ്മുടെ സ്വതഃസിദ്ധമായ ആധുനികതയെ വികസിക്കുന്നതിൽനിന്ന് തടഞ്ഞത് എന്നതാണ് മറ്റൊരു വാദം. യഥാർത്ഥമായി മൂന്നാം ലോകത്തിലുണ്ടാകേണ്ട വികാസത്തെ തടയുന്നതു വഴി ആശ്രിതത്വപരമായ സാമ്പത്തിക രാഷ്ട്രീയരൂപങ്ങളും അനുഭവരീതികളും അത് മൂന്നാം ലോകത്തിൽ അടിച്ചേല്പിച്ചു എന്നാണ് ഇവരുടെ വാദം. യൂറോപ്യൻ വികാസമാതൃകയുടെ തനിയാവർത്തനംതന്നെ മൂന്നാം ലോകത്തിന് കല്പിച്ചുകൊടുത്തിരിക്കുന്നു എന്ന വിമർശനം ഈ മാതൃക ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.
കോളനീകരണത്തോടും നാടുവാഴിത്താധികാരത്തോടുമുള്ള ജനതയുടെ ചെറുത്തുനില്പിന്റെ രൂപങ്ങളാണ് നമ്മുടെ ആധുനികതയിൽ നിർണ്ണായകം എന്നതാണ് മറ്റൊരു വാദം. ഇതിൽ മൂന്നാം ലോകത്തെ ആധുനികതയുടെ അനുഭവരീതികൾതന്നെ വ്യത്യസ്തമാണ് എന്ന തിരിച്ചറിവാണുള്ളത്. കർഷകസമരങ്ങൾ ആധുനികതയിൽ വഹിച്ച പങ്കിനെപ്പറ്റി ഇന്ത്യയിലെ കീഴാളചരിത്രകാരന്മാർ പറയുന്നിടത്തും കോളനിവിരുദ്ധസമരങ്ങൾ മൂന്നാം ലോകത്തുണ്ടാക്കിയ വിമോചനപരമായ ബന്ധരൂപങ്ങളെ പറ്റി അൾജീരിയൻ സ്വാതന്ത്ര്യസമര പോരാളിയായ ഫ്രാൻസ് ഫാനൻ പറയുന്നിടത്തും ഈ നിലപാടാണ് വ്യക്തമാകുന്നത്.
എല്ലാ മൂന്നാം ലോകസമൂഹങ്ങളിലുമെന്നപോലെ കോളനീകരണം നമ്മുടെയും ആധുനികതയുടെ ഒരു വശമായിരുന്നു. എന്താണ് ആധുനികത എന്നതിന് വ്യത്യസ്തമായ ഉത്തരങ്ങളാണ് നമ്മുടെ സാഹിത്യകൃതികളും നൽകിയത്. ഏതിനെയാണ് നാം ജീവിതവിജയം എന്നു വിളിക്കുന്നത്? എന്താണ് വികാസം? എന്നീ ചോദ്യങ്ങൾക്ക് ഏത് പ്രത്യയശാസ്ത്രത്തിനകത്തുനിന്നാണോ എഴുത്തുകാർ ഉത്തരം കാണാൻ ശ്രമിച്ചത് അതിനനുസരിച്ചാണ് അവർ വിമോചനത്തെയും വികാസത്തെയും സ്ഥാനപ്പെടുത്തിയത്. അത് എഴുത്തുകാരന്റെ തികച്ചും സ്വകാര്യമായ ഒരു തെരഞ്ഞെടുപ്പായിരുന്നില്ല എന്നു നമുക്ക് ഇന്നറിയാം. അയാൾ ഇടപെടുന്ന വ്യവഹാരങ്ങളും അയാൾ ഉപയോഗിക്കുന്ന രൂപങ്ങളും ചേർന്നാണ് ബോധപൂർവമെന്ന് അയാൾ കരുതുന്ന ഈ രൂപങ്ങളെയും അതിലെ ലോകബോധത്തെയും നിർമ്മിച്ചെടുത്തിട്ടുള്ളത്'.
വേണമെങ്കിൽ മൂന്നൂ ഭാഗമായി വകതിരിച്ചു കാണാവുന്നവയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പ്രൊട്ടസ്റ്റന്റ് മാനവികതയുടെയും (മിഷനറി ആധുനികത എന്ന് നിരൂപകൻ) കൊളോണിയൽ ആധുനികതയുടെയും സാംസ്‌കാരിക പാഠരൂപങ്ങളായി ഭാവനചെയ്യപ്പെട്ട നോവലുകളും; ചന്തുമേനോൻ, സി.വി, പോത്തേരി കുഞ്ഞമ്പു തുടങ്ങിയവരുടെ നോവലുകളും ചർച്ചചെയ്യുന്ന ഏഴു ലേഖനങ്ങൾ ഒന്നാം ഭാഗത്തുവരുന്നു. കൊളോണിയൽ/നവോത്ഥാനാധുനികതയിൽനിന്ന് ദേശീയാധുനികതയിലേക്കു സംക്രമിക്കുന്ന കേരളത്തിന്റെ ചരിത്രാനുഭവങ്ങളുടെ ഭാവഭൂപടമാണ് ഈ രചനകളിൽ അപഗ്രഥിക്കപ്പെടുന്നത്. അധിനിവേശത്തെ തന്നെ വിമോചനവുമായും അടിമത്തത്തെത്തന്നെ നവോത്ഥാനവുമായും കാണേണ്ടിവരുന്ന കൊളോണിയലിസത്തിന്റെ സാംസ്‌കാരിക വിപര്യയം ഇവിടെ സയുക്തികമായി വിശകലനം ചെയ്യപ്പെടുന്നു.
ദേശീയാധുനികതയിൽ രൂപംകൊണ്ട നവോത്ഥാന നോവലുകളുടെയും ആധുനികതാവാദത്തിലേക്കുള്ള അവയുടെ ചുവടുവയ്പുകളുടെയും കാലം മുൻനിർത്തിയെഴുതപ്പെട്ട നാലു ലേഖനങ്ങളുൾക്കൊള്ളുന്നതാണ് രണ്ടാം ഭാഗം. ഉറൂബും തകഴിയും ചെറുകാടുമാണ് ഇവിടെ പ്രധാനമായും പഠിക്കപ്പെടുന്നത്.
എം ടി.യിൽ തുടങ്ങി, വി.കെ.എൻ, ആനന്ദ്, വിജയൻ, മുകുന്ദൻ, കുഞ്ഞബ്ദുള്ള എന്നിവരിലൂടെ രാമനുണ്ണിയിലെത്തി നിൽക്കുന്ന മൂന്നാം ഭാഗത്തെ പത്തുലേഖനങ്ങൾ പൊതുവെ ആധുനികതാവാദത്തിന്റെ നാലുപതിറ്റാണ്ടു നീണ്ട മലയാളജീവിതത്തെ ആഴത്തിൽ ചർച്ചചെയ്യുകയും ആധുനികാനന്തരതയിലേക്കു പരിണമിക്കുന്ന നോവൽഭാവുകത്വത്തിന്റെ സൗന്ദര്യരാഷ്ട്രീയങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
മധ്യകാല ഫ്യൂഡൽസംസ്‌കാരത്തിന്റെ ബാക്കിപത്രമായി നിലനിന്നിരുന്ന മതാത്മകവും ജാതിനിർണീതവും മിത്തിക്കലുമായിരുന്ന കാവ്യരൂപങ്ങളിലും ഭാവനയിലും നിന്നു ഭിന്നമായി കൊളോണിയൽ ആധുനികതയിൽ നോവൽ രൂപംകൊടുത്ത രാഷ്ട്രീയഭാവനയുടെ ജാത്യതീതവും ബ്രാഹ്മണ്യവിരുദ്ധവുമായ മാനങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് 'ഇന്ദുലേഖ'യെക്കുറിച്ചുള്ള രണ്ടുലേഖനങ്ങൾ പവിത്രൻ അവതരിപ്പിക്കുന്നത്. ആദ്യലേഖനത്തിൽ സവർണ, ബ്രാഹ്മണ പ്രത്യയശാസ്ത്രങ്ങളെ നിരാകരിക്കുന്ന ആധുനികതയുടെ വ്യക്തിമൂല്യങ്ങളും സാമൂഹ്യലോകങ്ങളും ഇന്ദുലേഖയുടെ ലാവണ്യശാസ്ത്രമായി വികസിക്കുന്നതിനെക്കുറിച്ചെഴുതുന്ന പവിത്രൻ മറ്റൊരു ലേഖനത്തിൽ ഇന്ദുലേഖക്ക് പ്രവേശനവും പ്രാതിനിധ്യവുമില്ലാത്ത പതിനെട്ടാമധ്യായത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം അപഗ്രഥിക്കുന്നു. മുഖ്യമായും ചാൾസ് ബ്രാഡ്‌ലായുടെ ചിന്താപദ്ധതിയിലൂടെ നിരീശ്വരവാദത്തിന്റെയും ബ്രിട്ടീഷ്ഭരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലൂന്നി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും പ്രസക്തി ചർച്ചചെയ്യുകയാണ് പതിനെട്ടാമധ്യായം. രണ്ടു ലേഖനങ്ങളും ഊന്നിപ്പറയുന്ന കാര്യം കൊളോണിയൽ ആധുനികതയുടെ രാഷ്ട്രീയമൂല്യങ്ങളുടെ സംവാദാത്മകവും അതേസമയംതന്നെ സന്ദിഗ്ദ്ധവുമായ സാന്നിധ്യം ഇന്ദുലേഖയുടെ സൗന്ദര്യശാസ്ത്രവും പ്രത്യയശാസ്ത്രവുമായി മാറുന്നതെങ്ങനെ എന്നാണ്.
'മുത്തശ്ശിക്കഥകളുടെ ഏകാന്തമായ ഇരുണ്ട കാലബോധത്തെയും മിത്തിക്കലായ ഈ സ്ഥലവിന്യാസത്തെയുമാണ് നോവൽ എന്ന മാധ്യമം ലംഘിച്ചത്. അച്ചടിക്കുശേഷം പിറന്ന ഈ ജനുസ്സ് അതിന്റെ ജനിതകം ഉൾക്കൊണ്ടിരുന്നു. നോവൽ വർത്തമാനത്തിന്റെ വെളിച്ചത്തിലേക്കും തിരശ്ചീനമായ ഒരു ഭൂമിശാസ്ത്രത്തിലേക്കും ഭാവനയുടെ ശ്രദ്ധ തിരിച്ചു. ദൈവങ്ങളാൽ ചുറ്റപ്പെട്ട ഭൂമിക്കു പകരം കോപ്പർനിക്കസിനുശേഷമുള്ള ഗ്രഹമായ ഭൂമി എന്ന ഭൗതികയാഥാർഥ്യത്തെയും ഈ ജനുസ്സ് ഉൾക്കൊണ്ടിരുന്നു. ഏകാന്തദ്വീപിൽ ചെന്നുപെട്ട റോബിൻസൺ ക്രൂസോവിലും ചെറിയവരുടെയും വലിയവരുടെയും നാട്ടിലെത്തിച്ചേരുന്ന ഗള്ളിവറിലും കോളനീകരണത്തിന്റെ പുതിയ രാഷ്ട്രീയ ഭൂമിശാസ്ത്രമുണ്ട്.
അതുവരെ കേരളീയ അക്ഷരസംസ്‌കൃതിയുടെ മുഖ്യധാരയായ നിയോക്ലാസിക് കവിതയിൽ മറഞ്ഞുകിടന്ന ഫ്യൂഡൽ ഘടനയുടെ മിത്തിക്കൽ ഭൂമിശാസ്ത്രത്തിനു പകരം മുതലാളിത്തത്തിന്റെ ഒരു ആഗോളരാഷ്ട്രീയ ഭൂമിശാസ്ത്രമായിരുന്നു നോവലിന്റേത്. നോവലിന്റെ പകൽവെളിച്ചത്തിൽ ദൈവങ്ങൾക്കിരിക്കാനുള്ള ഇരുണ്ട കാഞ്ഞിരമരങ്ങളോ കടന്നുചാടാവുന്ന സമുദ്രങ്ങളോ പൊങ്ങിപ്പോകാനുള്ള സ്വർഗമോ ചവിട്ടിത്താഴ്‌ച്ചാനുള്ള പാതാളമോ ഉണ്ടായിരുന്നില്ല. വസന്തന് അവിടെ മരങ്ങളിൽ പൂക്കൾ നിറയ്ക്കാനോ കാമദേവന് നെഞ്ചിൽ ബാണങ്ങളയക്കാനോ കഴിയുമായിരുന്നില്ല. ലതാനികുഞ്ജങ്ങളോ പുളിനങ്ങളോ ഉണ്ടായിരുന്നില്ല. ദിവ്യദൃഷ്ടിയുള്ള ഋഷിമാരോ പുഷ്പവൃഷ്ടിയോ ബ്രഹ്മവർഷമോ മൃതസഞ്ജീവനിയോ കാണുമായിരുന്നില്ല. എല്ലാവർക്കും മനുഷ്യന്റെ ആയുസ്സായിരുന്നു. പുഷ്പകവിമാനങ്ങൾക്കും അക്ഷൗഹിണികൾക്കും പകരം ആവിക്കപ്പലുകളും തീവണ്ടികളും. നോവലിന്റെ ജനിതകച്ചുരുളുകൾ അഴിയുന്തോറും വർത്തമാനം ഭൂതത്തെ നിഷ്‌കാസനം ചെയ്യുകയായിരുന്നു. അരൂപിയാകുവാനോ രൂപം മാറുവാനോ കഴിയാത്തവിധം ആധുനിക ഗുരുത്വാകർഷണനിയമങ്ങളാൽ ബന്ധിതരായിരുന്നു എല്ലാവരും. പൂജിക്കുവാനോ നിന്ദിക്കുവാനോ അനുഗ്രഹിക്കുവാനോ ശപിക്കുവാനോ അവിടെ ദൈവങ്ങൾ ആരുമുണ്ടായിരുന്നില്ല. ദൈവങ്ങൾ നഷ്ടപ്പെട്ട മനുഷ്യന്റെ ഏകാന്തവും എന്നാൽ വാസ്തവികവുമായ സ്ഥലകാലബോധമായിരുന്നു നോവൽ. കോപ്പർനിക്കസിനും മുതലാളിത്തത്തിനും മുമ്പുള്ള പ്രപഞ്ചബോധത്തിൽനിന്നും പ്രത്യയശാസ്ത്രത്തിൽനിന്നുമുള്ള വിച്ഛേദമായിരുന്നു അത്. പുതിയൊരു രാഷ്ട്രീയ വ്യവസ്ഥയുടെ നിയമങ്ങൾ പങ്കുവെക്കുന്ന കർത്തൃത്വങ്ങൾ കുശലം പറഞ്ഞുനീങ്ങുന്ന, നിറയെ ജനാലകളുള്ള ആധുനിക കെട്ടിടമായിരുന്നു അത്.
അച്ചടി, വായനയെ പരസ്യപ്പെടുത്തുകയും ലാഘവപ്പെടുത്തുകയും ചെയ്തു. ടെലഗ്രാഫ് ആഗോളമായ ഒരു ഇന്നിനെ-ലോകത്തിലെ എല്ലാ വൻകരകളിലും ജീവിക്കുന്ന മനുഷ്യർ തിരശ്ചീനമായി പങ്കിടുന്ന ഒരു വർത്തമാനനിമിഷത്തെ-ആഗോളവാർത്താദിനത്തെ നിർമ്മിച്ചു. യുഗചക്രത്തിലെ തിരിഞ്ഞുവരുന്ന കാലത്തിൽനിന്നും അതിലെ പുനർജന്മ-അവതാരബോധത്തിൽനിന്നും പുരോഗമനസ്വഭാവിയായ കാലബോധത്തിലേക്കുള്ള മാർഗം കൂടലായിരുന്നു അപ്പോൾ സംഭവിച്ചത്. നിയോക്ലാസിക്കൽ, മിത്തിക്കൽ ലോകബോധത്തിൽനിന്നും ആധുനിക മനുഷ്യൻ ഈ പുതിയ വർത്തമാനത്തിന്റെ പരപ്പിൽ വീണു ചിതറിപ്പോയി. മേലാപ്പു നഷ്ടപ്പെട്ട ഭൂമിയുടെ ഈ നഗ്നതയുടെ തിരിച്ചറിവായിരുന്നു നോവൽ. വർത്തമാനത്തിലേക്ക് ചിതറിപ്പോയ മനുഷ്യൻതന്നെ പെറുക്കിയെടുത്തു ചേർത്തുനിർത്തുന്ന ശ്രമമായി പിന്നീട് നോവൽ രൂപം മാറുകയായിരുന്നു.
മലയാളത്തിൽ ഇത് ഇന്ദുലേഖയിൽ ആരംഭിക്കുന്നു. ഇന്ദുലേഖയ്ക്കു മുമ്പ് മലയാളത്തിൽ മൂന്നു നോവൽ മാതൃകകൾ ഉണ്ടായിട്ടുണ്ട്. മദാം കോളിൻസിന്റെ ഘാതകവധം, ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലികുഞ്ചു, അപ്പുനെടുങ്ങാടിയുടെ കുന്ദലത. രാമായണ-നമ്പൂതിരി പൂജയ്ക്കു പകരം ബൈബിൾ-ക്രിസ്തീയ പൂജയെ ആവശ്യപ്പെടുന്നതായിരുന്നു ആദ്യത്തെ രണ്ടു നോവലുകളും. ബൈബിൾ വായിച്ച് ജാതിധർമം ലംഘിക്കുകയാണ് കഥാപാത്രങ്ങൾ. ജാതിവ്യവസ്ഥയ്‌ക്കെതിരെ ചിന്തിക്കുന്നവർക്ക് ബൈബിൾ ആധികാരികതയാവുകയായിരുന്നു. മതത്തിന്റെ പിടിയിൽനിന്ന് ആദ്യത്തെ രണ്ടു നോവലുകളും സ്വതന്ത്രമായിരുന്നില്ലെങ്കിൽ മൂന്നാമത്തെ നോവലായ കുന്ദലത അദ്ഭുതസിദ്ധികളുള്ള യോഗിവര്യന്മാരുടെ പഴയ ലോകത്തിൽനിന്നും വിട്ടുപോന്നിരുന്നില്ല. ഐതിഹ്യത്തിന്റെയും ചരിത്രത്തിന്റെയും ഇടയിൽ നില്ക്കുന്നു അതിന്റെ കാലബോധം. എന്നാൽ ഇന്ദുലേഖയിൽ മതാധികാരത്തിന്റെയും പഴയ പ്രപഞ്ചബോധത്തിന്റെയും സമ്പൂർണ നിരാസമാണ് കാണുന്നത്.
മലയാളത്തിൽ നോവൽ എന്ന ജനുസ്സിന്റെ ആരംഭം ബ്രാഹ്മണ്യത്തിന്റെയും ബ്രാഹ്മണപ്രത്യയശാസ്ത്രബോധത്തിന്റെയും നിരാകരണവുമായി ബന്ധപ്പെട്ടതാണെന്ന് ഇതു കാണിക്കുന്നു. ബ്രാഹ്മണപ്രത്യയശാസ്ത്രത്തിന്റെ ഭാഗമായിരുന്നു അതിനു മുമ്പുള്ള നിയോക്ലാസിക് ജനുസ്സുകളുടെ പ്രത്യയശാസ്ത്രപരമായ ഭൂമിശാസ്ത്രം. ഈ ഭൂമിശാസ്ത്രത്തിലായിരുന്നു നിയോക്ലാസിക് കൃതികൾ കഥകളെയും കഥാപാത്രങ്ങളെയും രൂപപ്പെടുത്തിയത്. ആ ഭൂമിശാസ്ത്രം രാമായണ മഹാഭാരതങ്ങളുടേതായിരുന്നു. ഭാഷാപരമായി സംസ്‌കൃതവുമായും സ്ഥലപരമായി ഉത്തരേന്ത്യയുമായും ബന്ധപ്പെട്ട ബ്രാഹ്മണ്യത്തിന്റെ അധികാരത്തെ സ്ഥാപിക്കുന്നതായിരുന്നു ഈ ഭൂമിശാസ്ത്രം. നിയോക്ലാസിക് സാക്ഷരത ഈ പ്രത്യയശാസ്ത്രപരമായ ഭൂമിശാസ്ത്രത്തിന് കേരളീയരെ പ്രജകളാക്കുന്നതിനുള്ളതായിരുന്നു. നിയോക്ലാസിക് കവിതയിൽ ബ്രാഹ്മണാധിപത്യത്തിന്റെ പ്രത്യയശാസ്ത്രഘടകങ്ങൾ ഘടനാപരമായ നിർബന്ധങ്ങളായി നിലനിന്നിരുന്നു. ഈ ഘടനാനിർബന്ധങ്ങളാണ് സവർണേതര ജനതയിൽനിന്ന് പത്തൊമ്പതാം നൂറ്റാണ്ടുവരെ വരമൊഴി മുഖ്യധാരാസാഹിത്യത്തിൽ എഴുത്തുകാർ ഉയർന്നുവരാതിരുന്നതിനും കാരണം. ഉയർന്നുവന്നവർ സവർണപ്രത്യയശാസ്ത്രത്തിനകത്താണുണ്ടായിരുന്നത്. പുറത്തുനിന്ന് നിരാകരിക്കുകയല്ല, അകത്തുനിന്ന് നിഷേധരൂപങ്ങൾ നിർമ്മിക്കുകയാണവർ ചെയ്തത്. എന്നാൽ നോവൽ ഈ പ്രത്യയശാസ്ത്രപരമായ ഭൂമിശാസ്ത്രത്തെ നിഷേധിക്കുന്ന ജനുസ്സായതിനാൽ ബ്രാഹ്മണ്യത്തിന്റെ നിരാകരണത്തിന്റെ ഭൂമിശാസ്ത്രത്തെ അതിന് സമ്പൂർണമായി ഉൾക്കൊള്ളാൻ കഴിഞ്ഞു'.
കൊളോണിയൽ ആധുനികതയിൽ നോവലുകൾ ഉൾപ്പെടെയുള്ള സാഹിത്യപാഠങ്ങൾ സ്ത്രീയുടെ ലൈംഗികപദവിയെ പുതുരീതിയിൽ ക്രമീകരിച്ചതിന്റെ വിശകലനമാണ് ഇനിയൊരു ലേഖനം. സ്ത്രീയെ പതിവ്രതയാക്കിയ ഭരണകൂടനിയമങ്ങളുടെയും വിക്ടോറിയൻ മതമൂല്യങ്ങളുടെയും ശരീരത്തെയും മനസിനെയുംവിരുദ്ധദ്വന്ദ്വമാക്കി സ്ഥാപിച്ച മുതലാളിത്തത്തിന്റെയും സംബന്ധം മുതൽ മാതൃദായക്രമം വരെയുള്ളവ മറികടന്ന പരിഷ്‌ക്കരണശ്രമങ്ങളുടെയുമൊക്കെ ആത്യന്തികഫലം സ്ത്രീയുടെ പതിവ്രതാപദവി ഊട്ടിയുറപ്പിക്കലായിരുന്നു. ഇന്ദുലേഖ, ലക്ഷ്മീകേശവം, മീനാക്ഷി തുടങ്ങിയ നോവലുകളിലും കൊച്ചുസീത, മഗ്ദലനമറിയം, പിംഗള, കരുണ തുടങ്ങിയ കവിതകളിലും പ്രകടമാകുന്ന ഈയൊരു സാമൂഹ്യധർമത്തെ തലകീഴ് മറിച്ച സി.വി. കുഞ്ഞുരാമന്റെ ഒരു ചെറുകഥയെക്കുറിച്ചാണ് മറ്റൊരു ലേഖനം-'പതിവ്രതയെ സ്ത്രീയാക്കിയത്'. ലളിതാംബിക അന്തർജനവും മാധവിക്കുട്ടിയുമൊക്കെ തുറന്നിട്ട സ്ത്രീത്വത്തിന്റെ വാതിലുകളിലേക്കു നീട്ടിവെട്ടിയ മലയാളത്തിലെ ആദ്യ സാഹിത്യവഴിയായി പവിത്രൻ ഈ രചന വിശകലനം ചെയ്യുന്നു. ('ഇന്ദുലേഖ'ക്കും മൂന്നുപതിറ്റാണ്ടു മുൻപ് എഴുതപ്പെട്ട 'ഘാതകവധ'ത്തിൽ, ആധുനിക കേരളീയ സ്ത്രീയുടെ ആത്മബോധ്യങ്ങളിലടിയുറച്ച ആദ്യകഥാപാത്രമായ മറിയം പറയുന്ന ഒരു വാക്യമുണ്ട്: 'ഇനിക്കു വിവാഹത്തിനു മനസ്സില്ല. എന്തെന്നാൽ അതു എന്നെക്കൊല്ലും'.)
സി.വി. രാമൻപിള്ളയുടെ നോവലുകളിൽ നാട് രാഷ്ട്രമായി മാറുന്ന നിർണായകമായ ചരിത്രഘട്ടം മാത്രമല്ല പ്രതിനിധാനം ചെയ്യപ്പെടുന്നതെന്നും ഫ്യൂഡൽ ഘട്ടത്തിലെ സാമുദായികമായ ബഹുത്വം അതിന്റെ മേൾകീഴ് ബന്ധങ്ങളോടെ അവയിൽ പ്രത്യക്ഷമാകുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് 'ആനന്ദവനത്തിൽ നിന്ന് അനന്തപുരിയിലേക്കു'ള്ള പ്രതീകാത്മകമായ സ്ഥലപരിണാമത്തെ പവിത്രൻ വിശദീകരിക്കുന്നത്. ആധുനികീകരണമെന്നാൽ ബ്രാഹ്മണീകരണവുമാണെന്നതിന് തിരുവിതാംകൂർ നൽകിയതുപോലുള്ള ഉദാഹരണം മറ്റധികം നാട്ടുരാജ്യങ്ങൾ നൽകുന്നില്ല. സി.വി. ഈ രാഷ്ട്രീയം പിൻപറ്റുകയും അതേസമയംതന്നെ ദളവയിൽ നിന്ന് ദിവാനിലേക്കുണ്ടായ സ്ഥാനമാറ്റം തെളിയിക്കുന്നതുപോലെ, ഉരുവം കൊണ്ടുവരുന്ന ദേശരാഷ്ട്രത്തിന്റെ അപരങ്ങളെയും ദളിതങ്ങളെയും ദമിതങ്ങളെയും ചരിത്രത്തിൽനിന്ന് അവയുടെ കർതൃപദവികളോടെതന്നെ നോവലിന്റെ ആഖ്യാനഭൂമികയിലേക്ക് സ്വാംശീകരിക്കുകയും ചെയ്യുന്നു. ഭൂമിശാസ്ത്രം മുതൽ നരവംശശാസ്ത്രം വരെയും ജാതി മുതൽ മതം വരെയും അധിനിവേശം മുതൽ നവോത്ഥാനം വരെയുമുള്ള സന്ദർഭങ്ങളോരോന്നും മുൻനിർത്തി പവിത്രൻ സി.വി. കൃതികളുടെ രാഷ്ട്രീയാബോധം കണ്ടെടുക്കുന്നു.
'സരസ്വതീവിജയം' മുന്നോട്ടുവയ്ക്കുന്ന കൊളോണിയൽ വിമോചനപദ്ധതിയുടെ പരിമിതികൾ, സി.പി. അച്യുതമേനോന്റെ നിശിതമായ നിരൂപണം മുൻനിർത്തി ചർച്ചചെയ്യുന്നു, അടുത്ത ലേഖനം. സരസ്വതീവിജയത്തിലെ ബ്രാഹ്മണവിമർശനത്തെ ഹിന്ദുമതത്തിനെതിരെയുള്ള വിമർശനമായി കണ്ട് നോവലിനെതിരെ രംഗത്തുവരികയാണ് സി.പി. പോത്തേരി കുഞ്ഞമ്പുവിന്റെ നവോത്ഥാനനിലപാടുകളും ജാതിധ്വംസന രാഷ്ട്രീയവും ചൂണ്ടിക്കാണിച്ചുകൊണ്ട് കൊളോണയിൽ/മിഷനറി ആധുനികതയുടെ വിമോചനമൂല്യങ്ങളെ നോവലിന്റെ കലയും പ്രത്യയശാസ്ത്രവുമായി അദ്ദേഹം ഏറ്റെടുത്തതെങ്ങനെയെന്ന് വിശദീകരിക്കുകയും ചന്തുമേനോന്റേതുപോലെ കുഞ്ഞമ്പുവിന്റെയും നിലപാടുകൾ നിരവധി പരിമിതികൾ പേറുന്നതാണെന്ന് വിമർശിക്കുകയും ചെയ്യുന്നു.
'ഒരു ജനതയെ മതത്തിന്റെയും നരവംശശാസ്ത്രപരമായ പഠനത്തിന്റെയും ഭാഗമായി കാണുന്ന കൊളോണിയൽ വീക്ഷണത്തിൽനിന്ന് പോത്തേരി കുഞ്ഞമ്പു സ്വതന്ത്രനാകുന്നില്ല. പഴയ ഭാരതത്തെ പിന്തള്ളി രൂപപ്പെട്ടുകൊണ്ടിരുന്ന ആധുനിക ഇന്ത്യയിലെ പുതിയ ദേശീയ സമവാക്യങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുമില്ല. അന്നത്തെ ഏറ്റവും വലിയ പുരോഗമനവാദികളിലൊരാളായ അദ്ദേഹത്തിന് അത് കഴിയാതെ പോയതുകൊളോണിയൽ ആധുനികതയുടെ സംവർഗങ്ങൾക്കകത്താണ് അദ്ദേഹം മനുഷ്യനെയും ചരിത്രത്തെയും നാടിനെയും നോക്കിക്കണ്ടത് എന്നുള്ളതിനാലാണ്.
വെള്ളക്കാരായ ഭടന്മാരുടെ ലൈംഗികമായ താത്പര്യങ്ങൾ കുഞ്ഞമ്പു വിശദമാക്കുന്നതിനും മുമ്പ് അതിന് ഇരകളായ സ്ത്രീകൾ നാടൻപാട്ടുകളിലൂടെ നേരത്തേതന്നെ തങ്ങളുടെ അനുഭവം വ്യക്തമാക്കിയിട്ടുണ്ടെന്നു കാണാം. വടക്കൻപാട്ടിൽ വെള്ളക്കാരുടെ സ്ത്രീവേട്ട ചിത്രീകരിക്കുന്നുണ്ട്. അതും കുഞ്ഞമ്പു ഇടപെടുന്ന മേഖലയിൽനിന്ന് അകലെയല്ലാത്ത തലശ്ശേരിയിൽ തന്നെയാണ്.
ആദി തലശ്ശേരിതന്നെയാണ്
മോതിരംപോലെ വളഞ്ഞ നാട്
അങ്ങനെയുള്ളൊരു നാട്ടിലാണ്
വെള്ളക്കാർ വന്നിങ്ങ് കീഞ്ഞോണ്ടത്
.....................................................................
ഓലോലെ കണ്ണാലെ കാണുന്നല്ലോ
കുഞ്ഞു മുലച്യേള് പെണ്ണുങ്ങള്.
മാറും തുറന്നിട്ട് പോകുന്നത്
ഓരോരോ പെണ്ണിന്റെ പിന്നാലെയോ
ഓലങ്ങ് പാഞ്ഞിറ്റും പോകുന്നല്ലോ
കുഞ്ഞിമരക്കാരെക്കുറിച്ചുള്ള മാപ്പിളപ്പാട്ടിലും ഇതുപോലെ വെള്ളക്കാർ കപ്പലിൽ നാട്ടുകാരി സ്ത്രീയെ പിടിച്ചുകൊണ്ടുപോയതും അതു ചോദ്യം ചെയ്തതും മരക്കാർ മരിച്ചുവീണതും വർണിക്കുന്നുണ്ട്. ആദിവാസിപ്പാട്ടിലും സമാന സന്ദർഭങ്ങളുണ്ട്.
ഇന്ത്യയിലെ ചുവന്ന തെരുവുകൾ എല്ലാംതന്നെ കൊളോണിയൽ കാലഘട്ടത്തിലെ പട്ടാളക്കാർക്കുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പട്ടാളക്കാരായും ഉദ്യോഗസ്ഥരായും ഇവിടെ ജീവിക്കുന്ന വെള്ളക്കാർക്കു വേണ്ടി നാട്ടുകാരികളായ സ്ത്രീകളെ നിയമപരമായിത്തന്നെ നൽകാൻ അധികാരികൾ ബാധ്യസ്ഥരാണ് എന്ന ഈ വിചാരം പഴയ നമ്പൂതിരിസംബന്ധത്തിന്റെ യുക്തിയെയും പുതിയ പട്ടാളമേധാവിത്വത്തിന്റെ യുക്തിയെയും ഒരുമിപ്പിക്കുന്നതുമാണ്.
മിഷണറിപ്രവർത്തനം അവർണ ജനതയിൽ സൃഷ്ടിച്ച ഗുണാത്മക ഫലങ്ങളെ നമുക്ക് മിഷണറി ആധുനികത എന്നു വിളിക്കാം. പത്തൊമ്പതാം നൂറ്റാണ്ടിൽ നമ്മുടെ ആദ്യകാല നോവലുകളിലെ പ്രമേയങ്ങളിൽ മുഖ്യമായ ഒരു വിഷയമായിരുന്നു ഇത്. മിഷണറി ആധുനികതയെ കോളനീകരണവുമായി കൂട്ടിക്കുഴച്ചാണ് പോത്തേരി കുഞ്ഞമ്പു നോവലിലും വിഭാവനം ചെയ്തത്. അതുകൊണ്ടാണ് മാപ്പിളമാർ കള്ളസാക്ഷി പറയുന്നവരായതും മറ്റെല്ലാം കേസുകളും ഒഴിവായിട്ടും യേശുദാസന്റെ ഉദാരമായ വിധിയിലും മാപ്പിളമാരുടെ ഇതു സംബന്ധമായ കേസുകൾ ബാക്കിയായതും. ഇന്ദുലേഖയിൽ കണ്ട പ്രതിനിധാനപരമായ ഈ പരിമിതിയിൽനിന്ന് സരസ്വതീവിജയവും പൂർണമായും സ്വതന്ത്രമല്ല.
കൊളോണിയൽ ആധുനികത അവർണജനതയിലുണ്ടാക്കുന്ന പ്രത്യക്ഷമയ ഗുണഫലങ്ങളാണ് പോത്തേരി കുഞ്ഞമ്പു സ്വരസ്വതീവിജയത്തിൽ ചിത്രീകരിച്ചത്. എന്നാൽ ഒരു ജനതയുടെ ആകപ്പാടെയുള്ള വിമോചനം കോളനീകരണത്തിലൂടെ സാധ്യമാകും എന്ന തെറ്റിദ്ധാരണയിലേക്ക് എത്തിച്ചേരുമ്പോഴാകട്ടെ അത് ചിന്തയിലെ ചരിത്രപരമായ പരിമിതിയാകുന്നു. വരാനിരിക്കുന്ന സമുദായ പരിഷ്‌കരണപ്രസ്ഥാനങ്ങളും ദേശീയപ്രസ്ഥാനവും നടത്തേണ്ട ദൗത്യങ്ങൾകൂടി കൊളോണിയൽ ശക്തികൾക്ക് കല്പിച്ചു കൊടുക്കുന്നിടത്ത് പോത്തേരി കുഞ്ഞമ്പുവിന്റെ വാദം ഈ പരിമിതി കൂടുതൽ വ്യക്തമാക്കുന്നു. എന്നാൽ കോളനീകരണത്തെ ജാതിവ്യവസ്ഥകൊണ്ടുണ്ടായ ഒരു ദുർവിധിയായും ആശ്രിതത്വംതന്നെയുമായാണ് അദ്ദേഹം കണ്ടത് എന്നതും ഓർമിക്കണം. 'ഈ ജാതിനിർണയം ജനങ്ങൾക്കു തീർത്താൽ തീരാത്ത വിധത്തിൽ ഉള്ള ആപത്തു വലിച്ചിട്ടു ജനങ്ങളെ അധമന്മാരുടെ നിലയിൽനിന്ന് എന്നെന്നും അന്യരാജ്യക്കാരുടെ ആശ്രിതന്മാരാക്കിത്തീർക്കാൻ ഇടവരുത്തി' എന്ന് നോവലിന്റെ മുഖവുരയിൽ അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. എഴുത്തുകാരനും കൊളോണിയൽ സാമ്പത്തിക ചൂഷണത്തെ തുറന്നു കാട്ടിയ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ആർ.സി. ദത്തിനെയാണ് അദ്ദേഹം ഇക്കാര്യത്തിൽ ഉദ്ധരിക്കുന്നത്. മിശ്രവിവാഹത്തിനും വിധവാവിവാഹത്തിനും വേണ്ടി നിലകൊണ്ട ദത്ത് 1899-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനുമായിരുന്നു. സമരോന്മുഖമായ ഒരു ദേശീയബോധത്തിലേക്ക് ഇതിനെ വികസിപ്പിക്കാൻ ആ കാലഘട്ടത്തിലെ കേരളത്തിലെ സാമുദായികവും രാഷ്ട്രീയവുമായ ഘടകങ്ങൾ തമ്മിലുള്ള സമവാക്യം കുഞ്ഞമ്പുവിനെ അനുവദിക്കുന്നില്ലെന്നു മാത്രം.
സരസ്വതീവിജയത്തിലെ ജാതിവ്യവസ്ഥയുടെയും മനുസ്മൃതിയുൾപ്പെടെയുള്ള കൃതികളുടെയും വിമർശനത്തെ കോളനീകരണത്തിന്റെതന്നെ സൃഷ്ടിയായ പൗരസ്ത്യവാദപരമായ ഒരു ഭൂതകാല സങ്കല്പത്തിൽ നിന്നുകൊണ്ട് നേരിടാനാണ് നമ്മുടെ ആദ്യകാല നിരൂപകനിൽ പ്രമുഖനായ സി.പി. അച്യുതമേനോൻ ശ്രമിച്ചത്. ഏതു മതമാണ് മെച്ചം എന്ന തർക്കമായി അത് പരിണമിക്കുകയാണ് ചെയ്തത്. ബ്രിട്ടീഷ് ഭരണം സമീപഭാവിയിൽ അവസാനിക്കും എന്ന ധാരണ രണ്ടുപേർക്കുമുണ്ടായിരുന്നില്ല.
മിഷണറി ആധുനികത സാമുദായിക നവോത്ഥാന പ്രസ്ഥാനത്തിനും ദേശീയ പ്രസ്ഥാനത്തിനും വഴി മാറുന്നതാണ് യഥാർഥ ചരിത്രത്തിൽ നാം തുടർന്നു കാണുന്നത്. തിരുവിതാംകൂറിൽ പറയസമുദായത്തിൽ ജനിച്ച പൊയ്കയിൽ അപ്പച്ചൻ ആദ്യം ക്രിസ്തുമതമാണ് രക്ഷ എന്നു കരുതി അതിൽ ചേർന്നതിനുശേഷം അതല്ല മോചനമാർഗം എന്നു വ്യക്തമാക്കിക്കൊണ്ട് 1908-ൽ ബൈബിൾ കത്തിക്കുന്നതോടെ മിഷണറി ആധുനികത ഒരു സാംസ്‌കാരിക മുന്നേറ്റമെന്ന നിലയിൽ മലയാളത്തിൽ അവസാനിച്ചുവെന്നും പറയാം. സരസ്വതീവിജയത്തിലെ മരത്തനെപ്പോലെ ആദ്യം ക്രൈസ്തവ സഭയിൽ ചേർന്ന പൊയ്കയിൽ അപ്പച്ചൻ അതു വെടിഞ്ഞ് തനതായ സാമുദായിക മാർഗമാണ് പിന്നീട് വെട്ടിത്തുറന്നത്.
ഹിന്ദുമതത്തിൻ പുറവഴിയേ നമ്മൾ
അനാഥരെന്നപോൽ സഞ്ചരിച്ചു
ക്രിസ്തുമതത്തിൻ പുറവഴിയേ നമ്മൾ
അനാഥരെന്നപോൽ സഞ്ചരിച്ചു
ഹിന്ദുമതത്തിലും ചേർക്കയില്ല നമ്മെ-
ക്രിസ്തുമതത്തിലും ചേർക്കയില്ല (പൊയ്കയിൽ അപ്പച്ചൻ)
ക്രൈസ്തവസഭയിലുള്ള അംഗത്വം വെടിഞ്ഞ അപ്പച്ചൻ ആധുനിക പാർലമെന്റിൽ, ശ്രീമൂലം പ്രജാസഭയിൽ അംഗമായിക്കൊണ്ടാണ് അയ്യങ്കാളിക്കൊപ്പം ദലിതമോചനത്തിന്റെ അടുത്ത വഴി തുറന്നത്. മതമാണ് മോചനം എന്നതിൽനിന്ന് ആധുനിക ജനാധിപത്യപ്രക്രിയയിലെ പങ്കാളിത്തമാണ് മോചനമെന്നിടത്തേക്കുള്ള മാറ്റമാണിത്. പ്രജയിൽനിന്ന് പൗരനിലേക്കുള്ള പരിണാമം. മതമേതായാലും മതമില്ലെങ്കിലും മനുഷ്യൻ നന്നായാൽ മതി എന്ന ആധുനിക സമൂഹസങ്കല്പവുമാണത്'.
'ഇന്ദുലേഖ'യിൽ സൂചിതമാകുന്ന രാജ്യാന്തര സഞ്ചാരങ്ങളുടെയും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയും ആധുനികതാ സമവാക്യങ്ങളെ കെ.പി. കേശവമേനോന്റെ 'ബിലാത്തിവിശേഷം' എന്ന യാത്രാവിവരണത്തിലേക്കു വ്യാപിപ്പിച്ച് ചർച്ചചെയ്യുകയാണ് ഇനിയൊരു ലേഖനം. മാധവന്റെ കൊളേണിയൽ വിധേയത്വവും കേശവന്റെ കൊളോണിയൽ വിമർശനവും കേരളീയാധുനികതയുടെ ഇരുധ്രുവങ്ങളായി പവിത്രൻ ചൂണ്ടിക്കാണിക്കുന്നു.
ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും' ദേശീയപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയുമൊക്കെ വിശാലലോകങ്ങൾ തുറന്നിടുമ്പോഴും ഭൂമിയുടെ അറ്റം കാണാൻ ശ്രമിക്കുന്ന മനുഷ്യനെ നായകനാക്കുമ്പോഴും കുടുംബമെന്ന സ്ഥാപനത്തിനുള്ളിലേക്ക് ഒതുങ്ങിപ്പോകുന്ന പ്രത്യയശാസ്ത്രപരിമിതി പേറുന്ന രചനയാണെന്ന് നിരീക്ഷിക്കുന്നു, അടുത്ത ലേഖനം. വായിക്കൂ:
'എന്തുകൊണ്ട് ഇത്തരമൊരു യുക്തിക്ക് നോവൽ കീഴടങ്ങി എന്നതിന് അതിന്റെ മധ്യവർഗപരമായ പരിചരണം ഒരു കാരണമാണ് എന്ന മറുപടി പറയാൻ കഴിയും. നായർ മധ്യവർഗത്തിന്റെ പ്രത്യയശാസ്ത്രത്തിനപ്പുറത്തേക്ക് നോവലിന് വലുതായൊന്നും കടക്കാൻ കഴിയുന്നില്ല. പൊതുവായ അധ്വാനമണ്ഡലങ്ങളെയോ അടിസ്ഥാനനർഗ യാഥാർഥ്യങ്ങളെയോ കുടുംബേതരമായ കൂട്ടായ്മകളെയോ ഒരു പരിധിക്കപ്പുറത്തേക്ക് കൊണ്ടുപോകാൻ നോവൽ മിനക്കെടുന്നില്ല. കുടുംബം കെട്ടിപ്പൊക്കാനുള്ള സ്ത്രീപുരുഷന്മാരുടെ ശ്രമത്തിനപ്പുറത്തേക്ക് കടക്കുന്നിടത്തൊക്കെ കുടുംബത്തിലേക്ക് മടങ്ങിപ്പോകുന്നതിന്റെ ഒരു എതിർബലതന്ത്രവും പ്രവർത്തിക്കുന്നുണ്ട്.
ഭൂമിയുടെ അറ്റം അന്വേഷിച്ചുപോ. വിശ്വം തലചുറ്റിവീഴുന്നത് പ്രൗഢമായ ഒരു വീടിന്റെ മുമ്പിലാണ്. ജീവിതത്തിന്റെ നാനാതരം വൈവിധ്യങ്ങളിലേക്ക് കണ്ണുതുറന്നിട്ടും സുന്ദരികളും സുന്ദരന്മാരും ഗാർഹികയുക്തിയുടെ പ്രത്യയശാസ്ത്രത്തിനു മുമ്പിൽത്തന്നെയാണ് അവസാനിക്കുന്നത്. തീർച്ചയായും യാഥാർഥ്യത്തിന്റെ നോവലീകരണത്തിന്റെ ഈ പരിമിതി നമ്മുടെ ആധുനികീകരണത്തിന്റെ ഒരു പരിമിതിയെക്കൂടിയാണ് വെളിവാക്കുന്നത്'.
തകഴിയുടെ 'രണ്ടിടങ്ങഴി' കീഴാളജീവിതത്തിന്റെയും സ്വത്വങ്ങളുടെയും ആധുനികീകരണം ലൈംഗികവും സാമൂഹികവും ഉല്പാദനപരവുമായ തലങ്ങളിൽ ചിത്രീകരിക്കുമ്പോഴും ആൺകോയ്മയുടെ ഉരുക്കുമുഷ്ടികൾക്കു മുന്നിൽ തളർന്നുപോകുന്ന പെണ്മയുടെ കഥകൂടിയായി മാറുന്നു. 'വിപ്ലവ'ത്തിന്റെ രണ്ടിടങ്ങഴിയിൽ ആണിന്റെ ഇടങ്ങഴി നിറഞ്ഞിരിക്കുമ്പോൾ പെണ്ണിന്റേത് ഒഴിഞ്ഞിരിക്കുന്നുവെന്നു സൂചിപ്പിച്ചുകൊണ്ട് പവിത്രൻ എഴുതുന്നു:
'മുഖ്യധാര എപ്പോഴും സ്വകാര്യസ്വത്തിലധിഷ്ഠിതമായ പുരുഷാധികാര കുടുംബമൂല്യങ്ങളുമായി ഒത്തുതീർപ്പിലെത്തുന്നതിനാൽ സ്ത്രീലൈംഗികതയുടെ സാമൂഹ്യവൽക്കരണവും ആധുനികീകരണവും വേണ്ടത്ര നടക്കാതെ പോയി. ലൈംഗികതയെ സാമൂഹ്യബന്ധങ്ങളായി സാക്ഷാത്കരിക്കുന്നതിന് തടസ്സം വന്നു. കുടുംബത്തിലൂടെ മാത്രമേ സ്ത്രീക്ക് സാമൂഹ്യജീവിതത്തിലേക്ക് പ്രവേശനമുള്ളൂ എന്നു വന്നു. സ്‌ത്രൈണലൈംഗികതയുടെ സാമൂഹ്യവൽക്കരണത്തിന്റെ ഈ അഭാവം പുരുഷലൈംഗികതയെയും അപൂർണമാക്കി. കുടുംബലൈംഗികതയ്ക്ക് പകരമായി കുടുംബേതരലൈംഗികത എന്ന കേവലദ്വന്ദ്വയുക്തിയായി ഇന്ന് അത് രൂപപ്പെടുന്നുണ്ട്. ആധുനികയുക്തിതന്നെയാണ് ഇവിടെ പുനരാനയിക്കപ്പെടുന്നത്. അത് ഇന്ന് കേവലമായ ലൈംഗികതയെ പുനരുത്പാദിപ്പിക്കുന്ന ഒന്നായി വഴുതിയതിന്റെ കാരണവും മറ്റൊന്നല്ല. സ്ത്രീപ്രശ്‌നങ്ങളോടുള്ള സംവേദനക്ഷമതയില്ലായ്മ ഇടതുപക്ഷപാർട്ടികളിൽതന്നെ നിലനിൽക്കുമ്പോഴാണ് കേവലലൈംഗികതയുടെ നിയോ ലിബറൽ അജണ്ട രൂപപ്പെടുന്നത്'.
ചെറുകാടിന്റെ 'മണ്ണിന്റെ മാറിൽ', 'ഭൂപ്രഭു' എന്നീ നോവലുകളിലെ മണ്ണും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീർണതകളും സംഘർഷങ്ങളുമപഗ്രഥിക്കുന്നു, 'ആധുനികതയുടെ ബലിക്കാട്' എന്ന ലേഖം: ജാതി, ഭൂമി, ദേശരാഷ്ട്രം, മുതലാളിത്തം, കുടുംബം, വ്യക്തി, കാമന തുടങ്ങിയ സംവർഗങ്ങൾ ആധുനികതയിൽ എങ്ങനെ പരസ്പരം ഇണങ്ങിയും പൂരിപ്പിച്ചും നിലനിന്നുവെന്നതിന്റെ ചരിത്രപാഠങ്ങളാണ് ചെറുകാടിന്റെ നോവലുകൾ. ആധുനികതയിൽ കീഴാളരുടെ തമസ്‌കരണവും മധ്യവർഗത്തിന്റെ ഉയർച്ചയും നടന്നതിന്റെ സാഹിത്യപാഠങ്ങളായി പവിത്രൻ ഈ നോവലുകളെ വായിച്ചെടുക്കുന്നു.
'കുടിയൊഴിക്ക'ലിൽ നിന്ന് നാലുകെട്ടിലേക്കു നീളുന്ന ഫ്യൂഡൽ മധ്യവർഗത്തിന്റെ കേരളീയ ജീവിതപരിണാമങ്ങളുടെ കൗതുകകരമായ വിശകലനമാണ് മറ്റൊരു ലേഖനത്തിന്റെ ഉള്ളടക്കം. ഈ രണ്ടു രചനകളിലെയും നായകന്മാരിൽനിന്ന് ആധുനികതാവാദനോവലുകളിലെ പ്രവാസികളായ നായകർ കേരളത്തെയും ഇന്ത്യയെയും പുനർനിർവചിച്ചതിന്റെ ആമുഖചർച്ചയായിക്കൂടി മാറുന്നുണ്ട് ഈ പഠനം. വിശേഷിച്ചും വിജയന്റെയും ആനന്ദിന്റെയും വിപരീതധ്രുവങ്ങളിലുള്ള ഭാരതീയതാദർശനങ്ങളുടെ താരതമ്യവിമർശനമായി. ഈ പുസ്തകത്തിലെ, ഇനിവരുന്ന മൂന്നാം ഭാഗത്തെ പഠനലേഖനങ്ങളിലേക്കുള്ള വഴിതുറക്കലായും ഈ രചനയെ കാണാം. (ചന്തുമേനോൻ, സി.വി, തകഴി, എം ടി, വി.കെ.എൻ. എന്നിവരിൽനിന്ന് ഉറൂബിലെത്തുന്ന മലയാളനോവൽഭാവന സവിശേഷമായ ഒരു നരവംശഭൂപടം മടക്കി, കോവിലൻ, വിജയൻ, ആനന്ദ്, മുകുന്ദൻ തുടങ്ങിയവരിലൂടെ മറ്റൊരു ഭൂപടം നിവർത്തുന്നതിന്റെ വായന ഇനിയും നടക്കേണ്ടതുണ്ട് എന്നു തോന്നുന്നു.)
എം ടി.യിൽ തന്നെയാണ് തുടക്കം. മനോവിജ്ഞാനീയവും കോളനിയനന്തരവാദവും കൂട്ടിയിണക്കി 'നാലുകെട്ടി'ന്റെ സാമൂഹ്യ മനുഷ്യവിജ്ഞാനം വിശകലനം ചെയ്യുന്നു, പവിത്രൻ. പിതൃദായ കുടുംബക്രമത്തിലൂന്നിയ ഫ്രോയ്ഡിയൻ ഈഡിപ്പൽ സങ്കല്പത്തെ മാതൃദായക്രമത്തിലൂന്നിയ കേരളീയ നായർതറവാടിന്റെ ഭൂമികയിലേക്കാനയിച്ച് 'നാലുകെട്ടി'ലെ കാമനാബലതന്ത്രങ്ങളുടെ കെട്ടഴിച്ചുവിടുന്ന പഠനം.
വി.കെ.എൻ. നോവലുകളെക്കുറിച്ചുള്ള രണ്ടു പഠനങ്ങൾ തുടർന്നുവരുന്നു. കൊളേണിയൽ ആധുനികതയുടെ ചരിത്രഭൂതത്തിൽ നിലയുറപ്പിച്ച് ഭാഷയുടെയും സമ്പദ്ഘടനയുടെയും ജാതിയുടെയും ലൈംഗികതയുടെയും വേരുപടലങ്ങളെ നാട്ടുതനിമകളിൽ പ്രതിഷ്ഠിച്ച് വി.കെ.എൻ. സൃഷ്ടിക്കുന്ന ബദൽ ആധുനികതയുടെ ഭാവലോകങ്ങൾ പവിത്രൻ മറനീക്കുന്നു. ദേശരാഷ്ട്രത്തിന്റെയും ദേശീയതാബോധത്തിന്റെയും ഏറ്റവും സമർഥമായ രാഷ്ട്രീയാട്ടിമറി നടത്തുന്ന മലയാളനോവലുകൾ എന്ന നിലയിൽ വി.കെ.എൻ. കൃതികളുടെ മൂന്നാംലോക വായനയാണ് ഇവിടെ നടക്കുന്നത്. കയ്പുള്ള കാഞ്ഞിരമരങ്ങളും ഏറുകളുടെ തമ്പുരാക്കന്മാരായ കുട്ടിച്ചാത്തന്മാരും നിലനിൽക്കുന്ന ഭാഷാസമൂഹങ്ങളുടെ സൗന്ദര്യശാസ്ത്രമാണ് അവിടെ അനാവരണം ചെയ്യപ്പെടുന്നത്. ഈ രൂപകസംവിധാനത്തെ ചരിത്രവൽക്കരിച്ചുകൊണ്ട്, വി.കെ.എൻ. നോവലുകളുടെ പ്രത്യയശാസ്ത്രഘടനയെക്കുറിച്ച് പവിത്രൻ എഴുതുന്നു:
'ഡോളറിന്റെ ഏകാധിപത്യത്തോടും ഏകാർത്ഥത്തോടുമുള്ള പിതാമഹനിലെ ചാത്തുവിന്റെ പ്രതിഷേധവും നെല്ലിന്റെ നാനാർത്ഥശേഷിയിലുള്ള വിശ്വാസവും വി.കെ.എന്നിന്റെ സൗന്ദര്യബോധത്തിന്റെയും രാഷ്ട്രീയബോധത്തിന്റെയും സൂചനകൾ വ്യക്തമാക്കുന്നതാണ്. കോളനീകരണത്തോടും അതു സൃഷ്ടിച്ച ആധുനികവും ആധുനികോത്തരവുമായ പുതിയ ലോകത്തോടുമുള്ള കലാപരമായ ചെറുത്തുനില്പാണ് വി.കെ.എന്നിന്റേത് എന്നു വ്യക്തമാണ്.
ജന്മിത്തം തകർന്ന് മുതലാളിത്തത്തിലെത്തിയ യൂറോപ്പിന്റെ ഒന്നാം ലോകാവസ്ഥയിൽനിന്നും ജന്മിത്തത്തിൽനിന്ന് സോഷ്യലിസ്റ്റ് ലോകത്തിലേക്ക് കടന്ന രണ്ടാം ലോകാനുഭവത്തിൽനിന്നും വേറിട്ട മൂന്നാം ലോകത്തിന്റെ ചരിത്രസാഹചര്യത്തിൽ മാത്രമേ ഒരു വി.കെ.എൻ. സാധ്യമാവൂ. ജന്മിത്തത്തിനു മുമ്പുള്ള നാട്ടുകൂട്ടായ്മകളുടെയും ജന്മിത്തത്തിന്റെയും ജാതികോയ്മയുടെയും സാന്നിധ്യത്തോടൊപ്പം അതിനെ നിരാകരിക്കാതെ കടന്നുവന്ന വ്യവസായ നാഗരികതയും ആധുനികതയും മൂന്നാം ലോകാനുഭവത്തെ ചരിത്രത്തിലെ ഒരസംബന്ധമാക്കി. പുരോഗമനമെന്നാൽ എന്താണ്, വികസനമെന്നാൽ എന്താണ് എന്ന് ഇന്ന് വ്യാപകമായി ഉന്നയിക്കപ്പെടുന്ന ചോദ്യവും അതിന് ഒരേ പാളയത്തിൽനിന്നു വരുന്ന വ്യത്യസ്ത ഉത്തരങ്ങളും ഈ പ്രതിസന്ധിയുടെ രാഷ്ട്രീയതലമാണ് വ്യക്തമാക്കുന്നതും. പല ചരിത്രഘട്ടങ്ങളുടെ ഏകകാലത്തിലുള്ള ഈ സാന്നിധ്യമാണ് വി.കെ.എന്നിന്റെ കൃതികളിലെയും സ്ഥലകാലസങ്കല്പങ്ങളെ രൂപപ്പെടുത്തിയത്. ഒരൊറ്റ സ്ഥലത്തുനിന്ന് രേഖീയമായി പുരോഗമിക്കുന്ന ചരിത്രമാകൃക ഇവിടെ സാധ്യമായി.
ജാതിപരമായ തൊഴിൽവിഭജനം പിന്നീടും ഭാഗികമായി തുടരുകയും അതിന്റെ ഉത്പാദനകൂട്ടായ്മയായ ചെറുനാടുകളും അവയുടെ ഭാഷാഭേദവും നിലനിൽക്കുകയും ചെയ്തപ്പോൾ പഴമ സ്വത്വത്തിൽ വിട്ടുപോകാത്ത ഒരു വർത്തമാന അനുഭവമായി. അതേസമയം കോളനീകരണം രാഷ്ട്രങ്ങളായി തിരിഞ്ഞ ഒരു പുതിയ ലോകസമൂഹത്തെയും അനുഭവത്തിലെത്തിച്ചു. ഇതിന് രണ്ടിനുമിടയിൽ രാഷ്ട്രം എന്ന അധികാരഘടന നാട്ടുകാരനോട് പഴമയുടെ മുദ്രകൾ ഉപേക്ഷിച്ച് പൗരനാവാൻ നിർബന്ധിക്കുകയും ചെയ്തു. നാട്ടുകാരനും രാഷ്ട്രപൗരനും വിശ്വപൗരനുമായി പലതായി ജീവിക്കുന്ന മൂന്നാം ലോകസാക്ഷരന്റെ അനുഭവത്തിന്റെ അസംബന്ധസ്വഭാവംതന്നെയാണ് ഭാഷയിലും പ്രമേയത്തിലും വി.കെ.എൻ. ആവിഷ്‌കരിച്ചത്.
സ്വത്വത്തിനുള്ളിലെ പഴമയിൽനിന്ന് പുതുമയിലേക്ക് നോക്കിയപ്പോഴും പുതുമയിൽനിന്ന് സ്വത്വത്തിലെ പഴമയിലേക്ക് നോക്കിയപ്പോഴും ഒരേ അസംബന്ധമാണ് വി.കെ.എൻ. കണ്ടത്. ഭിന്നകാലങ്ങളായി, ഭിന്നസ്ഥലങ്ങളായി, ഭിന്നവ്യവഹാരങ്ങളായി പിരിഞ്ഞു നിൽക്കുന്ന ഈ സ്വത്വപ്രതിസന്ധിയെ ഭാഷാതന്ത്രങ്ങൾ കൊണ്ട് അതിജീവിക്കുവാനാണ് വി.കെ.എൻ. കൃതികൾ മലയാളിയെ പഠിപ്പിച്ചത്. അതിജീവനത്തിന്റെ ഈ ഭാഷാതന്ത്രങ്ങളുടെ വേരുകളാകട്ടെ ഇതേ പീഡനത്തിന്റെ ഒരു ഭൂതകാലത്തിലൂടെ കടന്നുപോയ കേരളീയ കീഴാള പാരമ്പര്യത്തിലുമാണ്.
ഫ്യൂഡൽ അവശിഷ്ടത്തിന്റെ ഒരു ഭാവുകത്വതലം വി.കെ.എൻ. കൃതികൾക്കുണ്ട് എന്നു ചരിത്രഭാഷയിൽ ന്യായമായും പറയാം. യാഥാസ്ഥിതികരായ അനേകം ആളുകൾക്ക് വി.കെ.എന്നിനെ അഭികാമ്യമാക്കിയത് ഈ ഘടകമാണ്. പരിഷ്‌കാരത്തെ പുച്ഛിച്ചു തള്ളുന്ന യാഥാസ്ഥിതികതയെ അത് ന്യായീകരിക്കുന്നു എന്നു വായിച്ചെടുക്കാം. പുരുഷാധിപത്യത്തിന്റെ ഏകസ്വരതയും തീർച്ചയായും ശ്രവിക്കാം. എന്നാൽ വി.കെ.എൻ. കൃതികൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം അവിടെ അവസാനിക്കുന്നില്ല, ആരംഭിക്കുകയാണ്. അത് വ്യക്തമാവുക ഭാഷയുടെയും കോളനീകരണത്തിന്റെയും ചരിത്രത്തെ ഒന്നിച്ചുവെച്ചു കാണുമ്പോഴാണ്.
നാട് ലോകമായി വളരുന്നതിനെയാണ് ആധുനികത എന്നു വിളിച്ചത്. ഇതിന്റെ പ്രതിസന്ധി നമ്മുടെ ആധുനികരുടെ പൊതുപ്രശ്‌നവുമായിരുന്നു. നമ്മുടെ ആധുനികരെല്ലാം നാടുപേക്ഷിച്ച് ലോകത്തിലേക്ക് പോകുകയാണ് ചെയ്തത്. ലോകതലസ്ഥാനത്തുനിന്നോ രാഷ്ട്രതലസ്ഥാനത്തുനിന്നോ ഉള്ള സാക്ഷരബുദ്ധിജീവിയുടെ തിരിഞ്ഞു നോട്ടമായിരുന്നു നമ്മുടെ ആധുനികത. എന്നാൽ ചരിത്രത്തിന്റെ രക്ഷാകർത്തൃത്വവും സംരക്ഷണയുമില്ലാതെ തകർന്നുകൊണ്ടിരുന്ന ചെറുനാടിനെ വിട്ടുപോവുന്നതിനു പകരം, അതിന്റെ അതിർത്തിക്കുള്ളിൽ ഉറപ്പിച്ചു നിന്നുകൊണ്ട് പുതിയ ലോകത്തെ സംബോധന ചെയ്യുക എന്ന ധിക്കാരമാണ് വി.കെ.എന്നിൽ പ്രവർത്തിച്ചത്.
നാട്ടതിർത്തിക്കകത്തുനിന്നു ലഭിച്ച കരളുറപ്പിലാണ് വി.കെ.എന്നിന് ഈ സംബോധന സാധ്യമായത്. മറ്റാർക്കും ലഭിക്കാതെ പോയ ഈ ആത്മവിശ്വാസത്തിന്റെ ഒരാസ്പദം ഫ്യൂഡലായ സാംസ്‌കാരിക മൂലധനമാണ്. രണ്ടാമത്തേത് ആധുനികതയ്ക്കും അച്ചടിക്കും കീഴടങ്ങാതെ നാട്ടുകാരന്റെ ശരീരത്തിൽ കുറിച്ചിട്ട നാട്ടുഭാഷയുടെ ജനിതക ശേഷിയും. ഫ്യൂഡലായ സാംസ്‌കാരിക മൂലധനം ചാത്തുനായരെപ്പോലുള്ള കഥാപാത്രമായി ഉയിർക്കൊണ്ടപ്പോൾ നാട്ടുഭാഷയുടെ ജനിതക ശേഷി അധികാരത്തിന്റെ അപരത്വത്തെ ആക്രമിക്കാനുള്ള ആയുധപ്പുരയായി. കാലത്തിലും സ്ഥലത്തിലും തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന വാക്കുകൾ മൂന്നാം ലോകത്തെ രേഖീയചരിത്രത്തിന്റെ അസംബന്ധത്തെ കലയിലെ സംബന്ധമാക്കി മാറ്റി. 'അധികൃതസ്ഥാനങ്ങളുമായി എഴുത്തുകുത്തുകൾ നടത്തണം. എഴുത്തിലുമധികം കുത്തുകൾ. ചിലപ്പോൾ മാരകമായി മുറിവേറ്റെന്നു വരും. ആർക്കെന്നും നിശ്ചയമുണ്ടാവില്ല. അതുകൊണ്ട് രണ്ടും കല്പിച്ച് മുന്നോട്ടുപോകാൻ സ്വയം കല്പിച്ച് ചാത്തൻസ് കെട്ടിടത്തിന്റെ വരാന്തയിൽ കയറി തൂൺ ചേർന്നു നിന്നു. അക്ഷരബന്ധുക്കൾക്കു നടുവിൽ ഒരു ചോദ്യചിഹ്നംപോലെ സ്വയം അവശേഷിപ്പിച്ചു' (ജനറൽ ചാത്തൻസ്).
ലോകത്തെ ഒരാൾ അനുഭവിക്കുന്നത് ഭാഷയിലൂടെയാണ്. നാട്ടുഭാഷയിലൂടെ വിനിമയം ചെയ്യപ്പെട്ട നാടിന്റെയും ബഹുത്വത്തിന്റെയും നാടുവാഴിത്തത്തിന്റെയും പഴയലോകവും ഇംഗ്ലീഷിലൂടെ വെളിപ്പെട്ട പുതിയ കൊളോണിയൽ ലോകവും തമ്മിലുള്ള ആധുനികതയിലെ സംഘർഷത്തിന് ഭാഷാപരമായ ഒരു കലഹത്തിന്റെ സ്വഭാവമുണ്ട്. ഇംഗ്ലീഷിലൂടെ തെളിയുന്ന പുതിയ ലോകത്തെ മലയാളഭാഷയുടെ അനുഭവമണ്ഡലത്തിലേക്ക് വിവർത്തനം ചെയ്യുന്നിടത്ത് രൂപപ്പെട്ട സംഘർഷം രണ്ടു ഭാഷകളും രണ്ടു ലോകങ്ങളും രണ്ടു കാലങ്ങളും തമ്മിലുള്ളതുകൂടിയായിരുന്നു. രണ്ടു ബോധരീതികൾ സംഗമിക്കുന്ന ഹൈബ്രിഡിറ്റിയുടെയും കൂടലായിരുന്നു അത്. ഒരു ജനതയെന്ന നിലയിൽ ജന്മിത്തത്തിന്റെ തുടർച്ച വഹിക്കുന്ന ഗ്രാമീണനായ നാടൻ മലയാളി ആധുനികലോകത്തിൽ നിലനിൽക്കുന്നതിന്റെ സാധുതയുടെയും അസംബന്ധത്തിന്റെയും അന്വേഷണമായിരുന്നു അത്. ഗ്രാമീണനായ നാടൻ മലയാളിയും പുതിയ ലോകക്രമവും തമ്മിലുള്ള ഭാഷാവിനിമയവും ചരക്കു-നാണയ വിനിമയവും ആണ് സംസ്‌കാരത്തിന്റെയും സമ്പത്തിന്റെയും മണ്ഡലത്തിലെ വി.കെ.എൻ. കൃതികളിലെ രാഷ്ട്രീയത്തെ നിശ്ചയിച്ചത്.
പഴയ ജന്മിഗ്രാമം, പുതിയ കൊളോണിയൽ നാഗരിക ലോകം എന്ന് രണ്ടായി ലോകത്തെ പകുക്കുമ്പോൾ അത് മലയാളത്തിലെ രചനാവഴക്കങ്ങൾക്ക് പുതിയതായിരുന്നു. ജന്മിത്താധികാരത്തോടെ നിന്ന ഗ്രാമത്തോട് കീഴാളപക്ഷത്തുനിന്ന് ഏറ്റുമുട്ടി വളർന്നുവന്ന നവോത്ഥാനസാഹിത്യം ഉപയോഗിച്ച പ്രതിഷേധസ്വരം കലർന്ന യഥാതഥരീതിയിൽനിന്നും വ്യക്തമായും ഭിന്നമായിരുന്നു വി.കെ.എൻ. ഭാഷ. ജന്മിത്തത്തിൽനിന്ന് രക്ഷപ്പെട്ട് നാഗരികതയെ പുൽകിയ ആധുനികതാവാദത്തിന്റെ ദാർശനികഗൗരവത്തിൽനിന്നും വി.കെ.എന്നിന്റെ രചനാരീതി വിഭിന്നമായത് നാട്ടുവഴക്കങ്ങളിൽ നിന്നുകൊണ്ട് കൊളോണിയൽ വ്യവഹാരങ്ങളെ സംബോധന ചെയ്യുന്ന പുതുമകൊണ്ടുമാണ്'.
ആനന്ദിന്റെ 'ആൾക്കൂട്ടം', 'അഭയാർഥികൾ' എന്നീ നോവലുകൾ മുൻനിർത്തി, ദേശരാഷ്ട്രയുക്തികൾ മൂന്നാംലോക നോവലുകളിൽ ചോദ്യം ചെയ്യപ്പെടുന്നതിന്റെ ശ്രദ്ധേയമായ മലയാളസന്ദർഭങ്ങൾ വിശകലനം ചെയ്യുന്ന രചനയാണ് 'ഭൂപടം തലതിരിക്കുമ്പോൾ'. കോവലിൻ, വി.കെ.എൻ, വിജയൻ, മുകുന്ദൻ എന്നിവർക്കൊപ്പം കേരളത്തിൽനിന്ന് ഇന്ത്യയിലേക്കു സഞ്ചരിച്ചെത്തിയ ആനന്ദിന്റെ ചരിത്ര, രാഷ്ട്രീയബോധ്യങ്ങൾ ആധുനികതയുടെയും ദേശരാഷ്ട്രത്തിന്റെയും പ്രതിസന്ധികളെയാണ് നോവലുകളിൽ ഏറ്റെടുക്കുന്നത്. പ്രധാനമായും 'ആൾക്കൂട്ട'ത്തിലെ ജോസഫിനെയും 'അഭയാർഥികളി'ലെ ഗൗതമനെയും മുൻനിർത്തി പവിത്രൻ ഈ വിഷയം ചർച്ചചെയ്യുന്നു. ദക്ഷിണേന്ത്യയെ ഒഴിവാക്കി നിലകൊള്ളുന്ന ആനന്ദിന്റെ ഇന്ത്യാവീക്ഷണത്തിന്റെ പരിമിതിയെ ഭൂപടത്തിലെ മേൽകീഴ് നില/ഘടനയോടു ചേർത്തുവച്ച് വിശദീകരിക്കുകയാണ് ലേഖനം. 'ലിഖിതരാഷ്ട്രചരിത്രത്തിന്റെയും അതിന്റെ ഇതിഹാസപാരമ്പര്യത്തിന്റെയും സാംസ്‌കാരിക മൂലധനത്തിൽ കെട്ടിപ്പടുക്കുന്ന ഭാഷണങ്ങളുടെ വൈരുധ്യം' എന്ന നിലയിലാണ് പവിത്രൻ ഈ വാദം അവതരിപ്പിക്കുന്നത്.
'വിജയന്റെ യാത്രകൾ' എന്ന ദീർഘപ്രബന്ധം ആധുനികതാവാദ മലയാളനോവലിനു കൈവന്ന സവിശേഷമായ ദേശീയ, മത, ലാവണ്യ രാഷ്ട്രീയങ്ങളുടെ വിമർശനാത്മക പാഠമാതൃകകളായി ഖസാക്ക്, ധർമപുരാണം, ഗുരുസാഗരം, മധുരാഗായതി, പ്രവാചകന്റെ വഴി, തലമുറകൾ എന്നീ നോവലുകൾ വിശകലനം ചെയ്യുന്നു. മാർക്‌സ്, ഗാന്ധി, അംബേദ്കർ എന്നിവരുടെ രാഷ്ട്രീയ തത്വചിന്തകൾ മുൻനിർത്തി വിജയന്റെ ചിന്തയും ഭാവനയും സഞ്ചരിച്ച വിചാരമാർഗങ്ങൾ പവിത്രൻ അപഗ്രഥിക്കുന്നു.
'സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ദേശീയ ജീവിതത്തിൽ ഏറ്റുമുട്ടിയ രണ്ടു പ്രവണതകളുടെ പരിണതഫലമാണ് വിജയന്റെ രചനകളെന്നാണ് കൃതികളുടെ വായനകൾ വ്യക്തമാക്കിയത്. യൂറോപ്യൻ മുതലാളിത്തമാതൃകയിൽ, കോളനിനിവാസികളുടെ ഉത്പാദനശേഷിയെ സമ്പൂർണമായി നിരാകരിച്ച് നെഹ്‌റുവിയൻ കാലം മുതൽ നിർമ്മിച്ചുകൊണ്ടിരുന്ന രാഷ്ട്രയുക്തിയുടെ ആഴത്തിലുള്ള വിമർശനമാണ് വിജയന്റെ കൃതികൾ. മാർക്‌സിസത്തിന്റെയും അംബേദ്കറിസത്തിന്റെയും സ്വാധീനം ചിലയിടങ്ങളിൽ വിജയനിൽ കാണാൻ കഴിഞ്ഞേക്കും. പക്ഷേ, ആത്യന്തിക വിശകലനത്തിൽ വിജയന്റെ ദാർശനികാടിത്തറ ബുദ്ധിസത്തിലും അതിന്റെ പുനരവതാരമായ ഗാന്ധിസത്തിലുമാണ് കുടികൊള്ളുന്നത്'.
'വിരാഗിയായി സർവമുപേക്ഷിച്ച സിദ്ധാർത്ഥനാണ് അനുപമമായ കൃപാനിധിയായി, അകിലബാന്ധവനായി തിരിച്ചുവരുന്നത്. മനുഷ്യസമുദായത്തിലേക്കു മാത്രമായിരുന്നില്ല ഈ തിരിച്ചുവരവ്. സസ്യജന്തുലോകത്തിലേക്ക് ആകെയുള്ള ബന്ധുത്വത്തെയാണ് ബുദ്ധന്റെ മൈത്രീതത്വം സാക്ഷാത്കരിച്ചത്. മാറിലൊഴുകുന്ന ചോരയെ രതിയിലൂടെ അമ്മിഞ്ഞപ്പാലാക്കുന്നത് ഏതു തത്ത്വമാണോ അതിനെയാണ് ബുദ്ധദർശനത്തിൽ മൈത്രി എന്നു വിളിക്കുന്നത് എന്നാണ് മഹാകവി വ്യക്തമാക്കിയത്. വിജയന്റെ കൃതികൾ ആകെ നിറഞ്ഞുനിൽക്കുന്ന ബന്ധുത്വത്തിന്റെ ഭാഷയുടെ ആസ്പദം എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ട ആധുനിക മാനവികതയ്ക്കു നേരേയുള്ള കരുണയും മൈത്രിയുമാണ്'.
എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന നോവലിനെ ആധുനികതാവാദത്തിന്റെ മലയാളസന്ദർഭം മുൻനിർത്തി സമീപിക്കുന്ന ലേഖനം, കൊളോണിയൽ അധിനിവേശകരുടെ പ്രത്യക്ഷസാന്നിധ്യവും വിമോചനപ്രസ്ഥാനങ്ങളുടെ സമരകാലവും സൃഷ്ടിക്കുന്ന ഭാവപരിസരങ്ങളെ മനോവിജ്ഞാനീയപരവും സാമൂഹ്യ നരവംശശാസ്ത്രപരവും കോളനിയനന്തരവാദപരവുമായ കാഴ്ചപ്പാടിൽ അവലോകനം ചെയ്യുന്നു. മതം, ജാതി, ഭാഷ, ദേശം, രാഷ്ട്രീയം, ലൈംഗികത.... എന്നിങ്ങനെ ഓരോ ഘടകവും സവിശേഷമായ കൊളോണിയൽ വിനിമയത്തിന്റെ യുക്തിയിൽ നിലയുറപ്പിക്കുകയാണ് മയ്യഴിപ്പുഴയിൽ. കോളനിയനന്തര സമൂഹങ്ങളിൽ രൂപപ്പെടുന്ന ജീവിതകാമനകളുടെ വിളറിയ പ്രതിരൂപങ്ങളായി മാറുന്ന കഥാപാത്രങ്ങൾ. ചരിത്രവും മിത്തും മതവും യുക്തിയും ഭൂതവും വർത്തമാനവും മയ്യഴിയുടെ സംസ്‌കാരത്തിൽ ഇഴപിരിഞ്ഞുനിൽക്കുന്നത് ഇതേ കൊളോണിയൽ അവശിഷ്ടങ്ങളായാണ്.
മറ്റൊരു ലേഖനത്തിൽ, മുകുന്ദന്റെ തന്നെ 'ഡൽഹി' എന്ന നോവലിനെ ജാതിനിർണീതം കൂടിയായ ദേശീയതയോടും ദേശരാഷ്ട്രത്തോടും കലഹിച്ചുനിൽക്കുന്ന കലാഭാവനയുടെ രാഷ്ട്രീയമായി പവിത്രൻ വിശദീകരിക്കുന്നു.
മാപ്പിള, മുസ്ലിം, ഇസ്ലാം എന്നീ സങ്കല്പനങ്ങളെ പര്യായപദങ്ങളായുപയോഗിക്കാൻ അനുവദിക്കാത്ത ഒരു സൗന്ദര്യശാസ്ത്രം പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കൃതികളിലുണ്ട് എന്നു സ്ഥാപിക്കുകയാണ് 'മുസ്ലീമും ഹിന്ദുവുമല്ലാത്ത ഒരു മാപ്പിള' എന്ന ലേഖനം. 'സ്മാരകശിലകൾ', 'അലിഗഡിലെ തടവുകാരൻ', 'കന്യാവനങ്ങൾ' എന്നീ നോവലുകൾ ചേർത്തുവച്ച് യഥാക്രമം മലബാർ, ഉത്തരേന്ത്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ മതസ്വത്വബോധങ്ങളെ പ്രശ്‌നവൽക്കരിക്കുന്നു, പവിത്രൻ. കടത്തനാടൻ ജന്മിയായ പൂക്കോയത്തങ്ങളും അച്ഛനാരെന്നറിയാത്ത കുഞ്ഞാലിയും പ്രതിനിധാനം ചെയ്യുന്ന സ്മാരകശിലകളിലെ ഹിന്ദു- മുസ്ലിം സ്വത്വങ്ങളുടെ കഥയും നാട്ടുമാപ്പിളയിൽ നിന്ന് നാഗരിക സ്ഥലരാശിയിലെ മുസ്ലിമായി മാറുന്ന അലിഗഡിലെ ബഷീറിന്റെ കഥയും സൗദിയിൽ എഞ്ചിനീയർമാരായ ഹബീബിന്റെയും സോമന്റെയും ജീവിതങ്ങൾക്കു സംഭവിക്കുന്ന വിപര്യയങ്ങളുടെ കഥയും പലനിലകളിൽ തുടർച്ചകളുള്ളതാണ്.
അനുഭൂതികളെ ചരിത്രവൽക്കരിച്ചും സൗന്ദര്യത്തെ രാഷ്ട്രീയവൽക്കരിച്ചും മലയാളഭാവനയെ ഒന്നരനൂറ്റാണ്ടോളം പിന്തുടർന്ന് പവിത്രൻ നടത്തുന്ന ഈ വായനകൾ അക്കാദമിക നോവൽവിമർശനത്തിന്റെ ആധുനികാനന്തര ഘട്ടത്തെ സൈദ്ധാന്തികവും ലാവണ്യാത്മകവുമായി പ്രതിനിധാനം ചെയ്യുന്ന മികച്ച പഠനങ്ങളാണ്. കോളനിയനന്തരവാദത്തിന്റെ തദ്ദേശീയവും ആധുനികാനന്തരതയുടെ സയുക്തികവുമായ വ്യാഖ്യാനപാഠങ്ങൾ എന്ന നിലയിൽ ഈ രചനകൾ മലയാളനോവലിന്റെയും ആധുനികതയുടെയും സാംസ്‌കാരികമായ പുനർവായനകളായി മാറുകയും ചെയ്യുന്നു.
പുസ്തകത്തിൽനിന്ന്
'കുടുംബത്തിലേക്ക് യുക്തിയുക്തമായ ചർച്ച കടത്തിക്കൊണ്ടു വന്നുവെന്നതാണ് പതിനെട്ടാം അധ്യായത്തിലെ വിപ്ലവപരത. അച്ഛനും മകനും തമ്മിൽ തത്ത്വചിന്തയും രാഷ്ട്രീയവും ചർച്ചചെയ്യാൻ കഴിയുന്ന പുതിയ അന്തരീക്ഷം സാധ്യമാക്കിയത് നോവൽ എന്ന സാഹിത്യഗണമാണ്. ആ ചർച്ച നടത്താൻ അച്ഛൻ, മകൻ എന്ന കർത്തൃത്വബോധങ്ങൾ പാരമ്പര്യമായി പ്രവർത്തിക്കുന്ന വീട്ടുപരിസരം വിട്ട് ബോംബെ നഗരത്തിലെത്തേണ്ടി വന്നുവെന്നത് നാഗരികതയും നോവലും തമ്മിലുള്ള ബന്ധവും എടുത്തുകാട്ടുന്നുണ്ട്. പിതാവും പുത്രനുമായിരിക്കെത്തന്നെ രണ്ടുപേരും പൗരരാണ് എന്ന പുതുരാഷ്ട്രയുക്തി അവരെ ബന്ധിപ്പിക്കുന്നുണ്ട്.
മറ്റെല്ലാ അധ്യായങ്ങളിലും ഇന്ദുലേഖ നിറഞ്ഞുനില്ക്കുമ്പോൾ പതിനെട്ടാം അധ്യായത്തിലേക്ക് ഇന്ദുലേഖയ്ക്ക് പ്രവേശനമില്ല. ആ ചർച്ചയിലൊന്നുംതന്നെ സ്ത്രീയില്ലെന്നുള്ളത് ശ്രദ്ധേയമാണ്. പൊതുജീവിതവുമായി പൗരത്വത്തെ ബന്ധിപ്പിക്കുന്ന പത്രവായനയെ ആണിനു മാത്രമായി നൽകുന്ന യുക്തിയിൽതന്നെ ഇതുണ്ട്.
ഇന്ദുലേഖയ്ക്ക് തന്നോട് പ്രണയമുണ്ടോ എന്ന് ഉറപ്പില്ലാതെ അസ്വസ്ഥനായ ഘട്ടത്തിൽ തന്റെ കോച്ചിന്മേൽ ഉള്ള ന്യൂസ് പേപ്പർ വായിച്ചു കിടക്കാൻ ഇന്ദുലേഖ മാധവനെ ഉപദേശിക്കുന്നുണ്ട്. മാധവൻ കോച്ചിന്മേൽ കിടന്നെങ്കിലും ന്യൂസ് പേപ്പർ തൊട്ടില്ല. അതിന് ന്യൂസ് പേപ്പർ എന്തു പിഴച്ചു എന്ന് ഇന്ദുലേഖ ചിരിച്ചുകൊണ്ട് ചോദിക്കുന്നുണ്ട് (ഇന്ദുലേഖ 49). പത്രം അങ്ങനെ അവർക്കിടയിൽ പ്രണയകലഹം വ്യക്തമാക്കുന്നതിനുള്ള ആലങ്കാരികമായ ഉപാധി മാത്രമായി മാറുകയാണ്. കാരണം പത്രത്തിലെ വാർത്തകൾ പരസ്പരം പങ്കിടുന്ന ഒരു പൊതുമണ്ഡലം മാധവനും ഇന്ദുലേയ്ക്കുമിടയിൽ നിലനില്ക്കുന്നില്ല എന്നതുതന്നെ. എന്നാൽ ഈ പത്രങ്ങളുടെ ആശയലോകം പിന്നീട് പങ്കിടുന്നത് പുരുഷന്മാരാണ്.
ബ്രാഡ്‌ലായുടെ ആശയം ചർച്ച ചെയ്യപ്പെടുമ്പോഴും അദ്ദേഹത്തിന്റെ സുഹൃത്തും അക്കാലത്ത് ഇംഗ്ലണ്ടിൽ മതേതരത്വത്തിനും സ്ഥിതിസമത്വത്തിനും വേണ്ടി നിലകൊണ്ട റബലുമായ ആനിബസന്റ് പതിനെട്ടാം അധ്യായത്തിലേക്ക് കടന്നുവരുന്നതേയില്ല. വീട്ടിൽവെച്ച് സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് മാധവനോട് പ്രണയകലഹഘട്ടത്തിൽ വാദിക്കുന്ന ഇന്ദുലേഖകൂടി പതിനെട്ടാം അധ്യായത്തിൽ പങ്കാളിയായിരുന്നെങ്കിൽ തീർച്ചയായും ആനിബസന്റിന്റെ പേര് അവർ ഉച്ചരിക്കുമായിരുന്നു. ഇന്ദുലേഖയ്ക്ക് ഐക്യപ്പെടാവുന്ന പൊതുമണ്ഡലത്തിലെ സ്ത്രീയാകുമായിരുന്നു പിൽക്കാലത്ത് കോൺഗ്രസ് അധ്യക്ഷകൂടിയായിത്തീർന്ന ആനിബസന്റ്. നിരീശ്വരവാദത്തിന്റെ പേരിൽ ഭർത്താവുമായി വേർപിരിഞ്ഞ ആനിബസന്റ് എന്തായാലും മാധവനോ ചന്തുമേനോനോ ലക്ഷണമൊത്ത നോവലിലേക്ക് കടത്തിവിടാവുന്ന ആദർശസ്ത്രീയായിരിക്കുകയില്ല. കലക്ടറുടെ ഭാര്യ എന്ന പരിമിതിയിലേക്ക് ഒതുക്കാൻ പോകുന്ന ഇന്ദുലേഖയെ പതിനെട്ടാം അധ്യായത്തിലേക്ക് പ്രവേശിപ്പിക്കേണ്ട ഉത്തരവാദിത്വം നോവലിസ്റ്റിന് സ്വാഭാവികമായുമില്ലതന്നെ. കോളനികളായ ഇന്ത്യയിലെയും അയർലണ്ടിലെയും ജനങ്ങൾക്കൊപ്പം നിലകൊള്ളുക മാത്രമല്ല 1888-ലെ സ്ത്രീത്തൊഴിലാളികളുടെ ഐതിഹാസികമായ തീപ്പെട്ടിസമരത്തിന്റെ കാരണക്കാരിയും പങ്കാളിയുംകൂടിയായിരുന്നു ആനിബസന്റ്.
കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾ പ്രതിനിധികളായി പങ്കെടുത്തതും ഇന്ദുലേഖ പുറത്തിറങ്ങിയ അതേ മാസത്തിൽ നടന്ന സമ്മേളനത്തിലാണ്. പണ്ഡിറ്റ് രമാഭായ്, വിദ്യാഗുരു നീലകണ്ഠ, രമാഭായ് റാനഡെ, ശ്രീമതി നികംബ്, കാദംബിനി ഗാംഗുലി, സ്വർണകുമാരി ഘോഷാൽ എന്നിവരായിരുന്നു സ്ത്രീപ്രതിനിധികൾ. ചർച്ചയിൽ പങ്കെടുത്ത രാമചന്ദ്രബോസ് എന്ന പ്രതിനിധി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേവലം ഒരു രാഷ്ട്രീയമാറ്റത്തിനുള്ള സംഘടന മാത്രമല്ലെന്നും സാമൂഹ്യപരിഷ്‌കരണത്തിനുവേണ്ടി നിലകൊള്ളുന്നതാണെന്നും പ്രഖ്യാപിക്കുന്നുണ്ട്. സമ്മേളനത്തിലെ സ്ത്രീപ്രാതിനിധ്യം അതിലേക്കുള്ള സൂചനയാണെന്നും അദ്ദേഹം പറയുന്നുണ്ട്. സാമൂഹ്യശാസ്ത്രത്തിന്റെയും ധാർമികതയുടെയും മേഖലകൾ കോൺഗ്രസ് സ്പർശിക്കുന്നുണ്ട്. സ്ത്രീകളുടെ ശേഷിയെയും ദൗത്യത്തെയും സംബന്ധിച്ച് വിശാല ധാരണകളിലേക്ക് രാഷ്ട്രം ഉണരുകയാണെന്ന് അദ്ദേഹം ഈ സമ്മേളനത്തെ മുൻനിർത്തി ചൂണ്ടിക്കാണിച്ചു.
കോൺഗ്രസ് സാമൂഹ്യപ്രശ്‌നങ്ങളിൽ ഇടപെടുന്നില്ല എന്ന ഇന്ദുലേഖയിലെ ഗോവിന്ദൻകുട്ടി മേനോന്റെ വിമർശനത്തിനുള്ള മറുപടിയും കോൺഗ്രസ് സമ്മേളനം തന്നെ ഈ നിലയിൽ നൽകുന്നുണ്ട്.
സഹോദരി, സഹോദരന്മാരെ എന്ന് ആദ്യമായി സംബോധന വന്നതും ഈ സമ്മേളനത്തിലാണ്. സുരേന്ദ്രനാഥ ബാനർജിയാണ് ഈ സംബോധന നടത്തിയത്. സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം എന്ന് ശ്രീനാരായണഗുരു അരുവിപ്പുറത്തെ പുതിയ ഇടത്തെ വിശേഷിപ്പിച്ചതിന്റെ അടുത്ത വർഷം, വിവേകാനന്ദന്റെ 1891-ലെ ഷിക്കാഗോ മതസമ്മേളനത്തിനു മുമ്പുതന്നെ കോൺഗ്രസിൽ ഈ സംബോധന വന്നു.
കോൺഗ്രസ് സമ്മേളനത്തിലുള്ള സ്ത്രീകളുടെ സാന്നിധ്യത്തിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. നിർണായക അവസരങ്ങളിൽ പുരുഷന്മാരെക്കാൾ ശേഷി കാണിക്കുന്നവരാണ് സ്ത്രീകൾ എന്നാണ് തങ്ങൾ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
വോട്ടവകാശം പുരുഷന്മാർക്ക് മാത്രമായിരിക്കണം എന്ന ഭേദഗതി 1889 ഡിസംബറിലെ കോൺഗ്രസ് സമ്മേളനം ശക്തിയായി തള്ളുകയാണുണ്ടായത്. കൽക്കത്ത സർവകലാശാലയിൽ നിന്നുള്ള ഒരു ബിരുദധാരിണിയുടെ ഭർത്താവാണ് ഈ സ്ത്രീവിരുദ്ധപ്രമേയം കൊമ്ടുവന്നത് എന്നതിലെ വൈരുദ്ധ്യം മിനുട്‌സിൽ എടുത്തു പറയുന്നുണ്ട്. ഒന്നല്ലെങ്കിൽ മറ്റൊരു രംഗത്ത് കഴിവുതെളിയിച്ചവരായിരുന്നു കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത സ്ത്രീപ്രതിനിധികൾ. ഇന്ത്യയിലാകമാനം വരുന്ന ഉണർവിന്റെ സൂചനയാണിതെന്നും മിനുട്‌സിൽ വ്യക്തമാക്കുന്നു. പതിനെട്ടാം അധ്യായത്തിലെ ചർച്ചയിൽ പങ്കെടുക്കുന്ന പുരോഗമനവാദിയായ ഒരു പുരുഷനും വേണമെങ്കിൽ കോൺഗ്രസിൽ സ്ത്രീ വോട്ടവകാശത്തിന് എതിരേ നിലപാടെടുക്കാമെന്നത് വ്യക്തമാണ്. ജ്യൂസ് എന്ന സമകാല ഡോക്യുമെന്ററി സിനിമയിൽ കാണിക്കുന്നതുപോലെ കോലായ ചർച്ചയിലേക്ക് സ്ത്രീ കാലെടുത്തു വെക്കുന്നതോടെ അവിടം നിശ്ശബ്ദമാകുന്നു.
മാധവൻ ബോംബെയിൽനിന്ന് കൽക്കത്തയിലേക്കുള്ള യാത്രയിൽ മെറീന എന്ന കപ്പലിൽനിന്ന് നാട്ടിലേക്ക് നോട്ടം പായിച്ചുവെങ്കിൽ ഗാന്ധിജി ഇംഗ്ലണ്ടിൽനിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുള്ള യാത്രയിൽ എസ് എസ് കിൽഡോമൻ എന്ന കപ്പലിൽനിന്ന് ഇന്ത്യയിലേക്ക് മറ്റൊരു നോട്ടം പായിക്കുന്നുണ്ട്. ഹിന്ദ് സ്വരാജ് (1909) എന്ന കൃതിയായിരുന്നു ആ നോട്ടത്തിന്റെ ഫലം. കപ്പലിലിരുന്നാണ് അതെഴുതിയത്. മാധവന്റെ നോട്ടം ബ്രിട്ടീഷ് കപ്പലിൽനിന്ന് സ്വന്തം വീട്ടിലേക്കായിരുന്നെങ്കിൽ ഗാന്ധിയുടെ നോട്ടം ഇന്ത്യൻ ഗ്രാമങ്ങളിൽനിന്ന് ബ്രിട്ടീഷ് ഭരണത്തിനു നേരെയായിരുന്നു. ഇന്ദുലേഖയിൽ വാഴ്‌ത്തിയതെല്ലാം തന്നെയാണ് ഹിന്ദ് സ്വരാജിൽ വിമർശിക്കപ്പെട്ടത്. ഇന്ദുലേഖയിൽനിന്ന് ഹിന്ദ് സ്വരാജിലേക്കുള്ള ദൂരം ബ്രിട്ടീഷ് അനുകൂല കോൺഗ്രസിൽനിന്ന് പൂർണ സ്വരാജിലേക്കുള്ള പ്രയാണത്തിന്റെ ദൂരം കൂടിയാണ്.
ബ്രാഡ്‌ലായുടെ മറ്റൊരു തുടർച്ച ഗാന്ധിയിലുണ്ട്. 1891-ൽ അന്തരിച്ച ബ്രാഡ്‌ലായുടെ വിലാപയാത്രയിൽ ലണ്ടനിൽ പഠിക്കാനെത്തിയ മോഹൻദാസ് ഗാന്ധി പങ്കെടുക്കുന്നുണ്ട്. ലണ്ടനിലുള്ള ഇന്ത്യക്കാരൊന്നടങ്കം ഇതിൽ പങ്കെടുത്തു എന്നാണ് ഗാന്ധിജി ഈ വിലാപയാത്രയെപ്പറ്റി പിന്നീട് പറഞ്ഞത്.
ഇന്ദുലേഖയിൽ ഇംഗ്ലീഷിന് നൽകിയ പ്രാധാന്യവും ഉത്തരേന്ത്യൻ ബാബുമാരുടെ ബംഗ്ലാവുകൾക്കും വസ്ത്രാഡംബരങ്ങൾക്കും നൽകിയ വിപുലമായ വർണനകളും ഗാന്ധിജിയുടെ വരവിനു മുമ്പുള്ള കോൺഗ്രസിലെ ഉന്നത വർഗത്തിന്റെ ലോകബോധത്തിന്റെ ഭാഗമായിരുന്നു. ബനാറസ് ഹിന്ദു സർവകലാശാലയിൽ 1916-ൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ അദ്ദേഹം വിമർശിച്ചത് ഇംഗ്ലീഷിനെയും ബ്രിട്ടീഷുകാരുടെയും നാട്ടുരാജാക്കന്മാരുടെയും ആഡംബരത്തെയുമായിരുന്നു. വിദ്യാഭ്യാസ മാധ്യമം ഹിന്ദുസ്ഥാനിയാകണമെന്ന ആശയമാണ് ഗാന്ധി മുന്നോട്ടുവെച്ചത്. സൂരിനമ്പൂതിരിപ്പാടിന്റെ ആഡംബരത്തെ വിമർശിച്ച ചന്തുമേനോന് ബാബുമാരുടെ ആഡംബരം ആദരണീയമായാണ് തോന്നിയത്. ആ ആദരവിൽ സ്വാഭാവികമായും കർഷകരോടുള്ള പുച്ഛവും ഉണ്ടായിരുന്നു. കർഷകരുടെ വിയർപ്പിന്റെ ഫലമാണ് ആഡംബരങ്ങളായി രാജാക്കന്മാർ അണിഞ്ഞിരിക്കുന്നതെന്നും അത് തുടരുന്നിടത്തോളം സ്വരാജ് സാധ്യമല്ലെന്നുമാണ് ഗാന്ധിജി ബനാറസിൽവെച്ച് രാജാക്കന്മാരുടെ മുഖത്തു നോക്കി പറഞ്ഞത്.
ഗാന്ധിജിയുടെ വരവോടെ കോൺഗ്രസിലുണ്ടായ മാറ്റം നെഹ്‌റു ഇന്ത്യയെ കണ്ടെത്തലിൽ വിവരിക്കുന്നുണ്ട് (പു. 422). ഇംഗ്ലിഷ് സംസാരിക്കുന്നവരായ ഉപരിവർഗത്തിൽനിന്നും കോൺഗ്രസ് വേദി ദരിദ്രരായ ഹിന്ദുസ്ഥാനം സംസാരിക്കുന്ന സാധാരണക്കാരിലേക്ക് മാറിത്തീർന്നത് നെഹ്‌റു നിരീക്ഷിക്കുന്നുണ്ട്. 'വൈസ്രോയിയുടെയും നാട്ടുരാജാക്കന്മാരുടെയും ആഡംബരങ്ങളും ആർഭാടങ്ങളും പണ്ടൊക്കെ ആളുകളെ കണ്ണഞ്ചിപ്പിച്ചിരുന്നത് പെട്ടെന്ന് അത്യന്തം പരിഹാസ്യവും പ്രാകൃതവും-ജനങ്ങളുടെ ദാരിദ്ര്യവും കഷ്ടപ്പാടുകളും അവരുടെ ചുറ്റും നടമാടിക്കൊണ്ടിരിക്കെ-ഏറെക്കുറെ ലജ്ജാവഹവുമായിത്തോന്നി. പണക്കാർക്ക് അവരുടെ സമ്പത്ത് പ്രദർശിപ്പിക്കാൻ ഉത്കണ്ഠ കുറഞ്ഞു. അവരിൽ പലരും പുറമേക്കെങ്കിലും കൂടുതൽ സരളരീതികൾ അംഗീകരിച്ചു. അവരുടെ വസ്ത്രംകൊണ്ട് താഴ്ന്ന തരക്കാരിൽനിന്ന് വേർതിരിച്ചറിയാൻ സാധ്യമല്ലെന്നും വന്നു' (നെഹ്‌റു 422). ചന്തുമേനോൻ വഹിക്കുന്ന റാവു ബഹദൂർ ഉൾപ്പെടെയുള്ള ബിരുദങ്ങളുടെ പ്രഭ മങ്ങിയതിനെക്കുറിച്ചും നെഹ്‌റു സൂചിപ്പിക്കുന്നുണ്ട്.
കോൺഗ്രസിൽ വന്നു നിറഞ്ഞ ഹിന്ദുസ്ഥാനി സംസാരിക്കുന്നവരായ കുചേലന്മാരുടെ കൂട്ടത്തെ വെറുക്കുന്നവർ കോൺഗ്രസ് വിട്ടു പോയിത്തുടങ്ങിയതായും നെഹ്‌റു പറയുന്നു. എ.ഒ. ഹ്യൂമിന്റെ കോൺഗ്രസിനല്ലാതെ ഗാന്ധിജിയുടെ കോൺഗ്രസിന് ഇന്ദുലേഖയിലേക്ക് കടന്നുചെല്ലാൻ കഴിയുമായിരുന്നില്ല. ഗാന്ധി കടന്നുചെല്ലുമ്പോൾ ഇറങ്ങിപ്പോകുന്നവരുടെ കൂട്ടത്തിൽ ബംഗാളി ബാബുമാരോടൊപ്പം പതിനെട്ടാം അധ്യായത്തിൽ അത് സ്വയം സാക്ഷ്യപ്പെടുത്തിയ മാധവനുമുണ്ടാകുമെന്നുള്ളത് തീർച്ച. നിസ്സഹകരണപ്രസ്ഥാന ഘട്ടത്തിൽ കോൺഗ്രസ്ബന്ധമുപേക്ഷിച്ചവരിൽ മലയാളിയായിരുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ സർ. സി. ശങ്കരൻനായരും കേരള പത്രികയുടെ പത്രാധിപരായിരുന്ന ചെങ്കളത്ത് കുഞ്ഞിരാമമേനോനുമുൾപ്പെടെയുള്ളവരുണ്ടായിരുന്നു എന്നുമോർമിക്കാം.
ഇന്ദുലേഖയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥയുക്തിക്ക് ഒരിക്കലും സ്ത്രീസ്വാതന്ത്ര്യത്തെ കുടുംബത്തിന് പുറത്തേക്ക് കൊണ്ടുപോകാനാകുമായിരുന്നില്ല. കൊളോണിയൽ ആധുനികതയുടെയും ഇംഗ്ലിഷ് ഭാഷാപ്രാമാണ്യത്തിന്റെയും പരിധികൾ തകർക്കപ്പെടുമ്പോൾ മാത്രമാണ് അത് സംഭവിക്കുന്നത്. മാധവന്മാർ കോൺഗ്രസ് വിട്ട സന്ദർഭത്തിലാണതുണ്ടാവുന്നത്.
പക്ഷേ, സ്വാതന്ത്ര്യപ്രേമിയായ ഇന്ദുലേഖമാർ ഗാർഹിക നോവലുകളുടെ പ്രത്യയശാസ്ത്രപരിധികൾ വിട്ട് പിന്നീട് കോൺഗ്രസിലും ഗാന്ധിയൻ പ്രസ്ഥാനത്തിലും സജീവമായി. വ്യക്തിപ്രണയത്തെ സാമൂഹിക മണ്ഡലത്തിലെ രാഷ്ട്രീയമാക്കി വികസിപ്പിച്ചുകൊണ്ടാണ് ജയപ്രകാശും പ്രഭാവതിയും സുചേതയും കൃപലാനിയും മറ്റും കോൺഗ്രസിലൂടെയും ഗാന്ധിയൻ പ്രസ്ഥാനത്തിലൂടെയും ഇന്ത്യൻ പൊതുജീവിതത്തിലേക്ക് കടന്നുവന്നത്. അത്തരമൊരു തുറവിയെ ഭയപ്പെടുകയാണ് കൊളോണിയൽ ആധുനികതയുടെ പ്രത്യയശാസ്ത്രത്തിനകത്ത് എഴുതപ്പെട്ട ഇന്ദുലേഖ. ആ നോവലിന്റെ വിമോചന മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ ഇന്ന് ഇതു പറയാം. മലയാളിയുടെ സാഹിത്യഭാവുകത്വത്തെ ഇന്നും പിന്തുടരുന്ന പരിമിതിയുമാണിത്'.
ഭൂപടം തലതിരിക്കുമ്പോൾ
പി. പവിത്രൻ
ഡി.സി. ബുക്‌സ്
2022
440 രൂപ
കേരള സര്വകലാശാലയില് ഗവേഷകവിദ്യാര്ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില് തുടര്ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില് ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള് പുറത്തുവന്നിട്ടുണ്ട്.