'When things dont work well with bedroom, they dont work well in the living room either'

 -William H. Masters

രു രാഷ്ട്രവും ജനതയും എത്രമേൽ ജനാധിപത്യപരമാണ് എന്നറിയാൻ ആ രാജ്യത്തെ ലൈംഗികസ്വാതന്ത്ര്യത്തിന്റെ അളവും തോതും ശ്രദ്ധിച്ചാൽ മതി. കാരണം ലൈംഗികതയോളം സൂക്ഷ്മമായി ഒരു ജനതയെയും സമൂഹത്തെയും നിർവചിക്കുന്ന മറ്റൊരു രാഷ്ട്രീയമില്ല. ജാതി, മത, ദേശ, വർഗ, വർണ, ലിംഗഭേദങ്ങളെല്ലാം മറികടന്ന് രാജ്യത്തിന്റെയും സമൂഹത്തിന്റെയും സാംസ്‌കാരികാബോധങ്ങളെ നിർണയിക്കുന്നതിലും നിർവഹിക്കുന്നതിലും ലൈംഗികതക്കുള്ള പങ്ക് മറ്റൊരു ജീവിതമണ്ഡലത്തിനുമില്ല. ഭരണഘടന മുതൽ വ്യക്തിസ്വാതന്ത്ര്യം വരെയും മതവിശ്വാസം മുതൽ ലിംഗാധികാരം വരെയുമുള്ള ഏതു വ്യവസ്ഥയുമെടുത്തോളൂ. ലൈംഗികസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ നിലനിൽക്കുന്ന പൊതുബോധത്തോളം സമൂർത്തമായി ഒരു ജനതയുടെ ജീവിതസംസ്‌കാരത്തെ ജനാധിപത്യത്തോട് ചേർത്തോ വിടർത്തിയോ നിർവചിക്കുന്ന മറ്റൊരു മൂല്യഘടനയില്ലതന്നെ.

ഒട്ടുമേ ജനാധിപത്യപരമായല്ലാതെ നിലനിൽക്കുന്ന മലയാളിയുടെ ലൈംഗിക സംസ്‌കാരത്തിന്റെ വർത്തമാനകാല നിലവാരങ്ങളെക്കുറിച്ചും ഭാവിസാധ്യതകളെക്കുറിച്ചുമുള്ള ഒരന്വേഷണമായി മുരളി തുമ്മാരുകുടിയും നീരജ ജാനകിയും ചേർന്നെഴുതിയ ഈ പുസ്തകത്തിന്റെ പ്രസക്തി ഇവിടെയാണ്. മലയാളി തന്റെ കണ്ണും കാതും കൊട്ടിയടച്ചുകളയുന്ന സെക്‌സ് എന്ന സുന്ദരകലയുടെ മോഹനമാർഗങ്ങളെക്കുറിച്ചുള്ള ഓരോർമ്മപ്പെടുത്തൽ. അതേസമയംതന്നെ 'സമ്മതം' എന്ന താക്കോൽ വാക്കിനുമേൽ മാത്രം കെട്ടിപ്പൊക്കാൻ കഴിയുന്ന സെക്‌സിന്റെ ആനന്ദലോകങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയവിചാരങ്ങളും.

ആരാണ് ലൈംഗികമലയാളി? സെക്‌സ് എന്ന വാക്കിനെയും സങ്കല്പത്തെയും സ്വാതന്ത്ര്യം എന്ന വാക്കിനും സങ്കല്പത്തിനും വിപരീതമായി കാണാൻ ശീലിച്ചിട്ടുള്ള മലയാളിയുടെ പൊതു, സ്വകാര്യ ജീവിതബോധങ്ങളെ രക്താർബുദം പോലെ ബാധിച്ചിരിക്കുന്ന ലൈംഗികഭാവനാദാരിദ്ര്യം, ആണധികാരം, കുടുംബ-മത യാഥാസ്ഥിതികത്വം, സദാചാരഭ്രാന്ത്, ലൈംഗികാസൂയ, സ്ത്രീവിരുദ്ധത തുടങ്ങിയ മുഴുവൻ അവസ്ഥകളുടെയും രൂക്ഷത മനസ്സിലാകണമെങ്കിൽ രണ്ടുവർഷം മുൻപ് മലയാളികൾ കൊണ്ടാടിയ ഒരു സിനിമയുടെ സ്വഭാവം ഓർത്താൽ മതി. 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ'. ഭാര്യപറഞ്ഞ 'ഫോർപ്ലേ' എന്ന ഒരു വാക്കും ആ ലൈംഗികസങ്കല്പവും എത്രമേൽ അപകടകരമായാണോ ആ സിനിമയിലെ നായകൻ കണ്ടത് അതേ അവസ്ഥയിലാണ് ശരാശരി മലയാളിയും അവയെ കണ്ടത് എന്നതല്ല ഇവിടെ ചൂണ്ടിക്കാണിക്കാനാഗ്രഹിക്കുന്ന കാര്യം. ഈയൊരു വാക്കിലും സങ്കല്പത്തിലും ഊന്നി ഒരു ജനസമൂഹത്തെ പിടിച്ചിരുത്താൻ ആ സിനിമക്കു കഴിഞ്ഞുവെന്നതാണ്. യഥാർഥത്തിൽ മലയാളിയുടെ ലൈംഗിക ജീവിതവും ഭാവനയും കെട്ടിനിൽക്കുന്ന പരിതാപകരവും ജീർണവുമായ നിലവാരത്തിന്റെ അളവുകോലാണ് ആ സിനിമ. വിജയിച്ച രാഷ്ട്രീയ സിനിമയായി 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' മാറുന്നത് പരാജയപ്പെട്ട രാഷ്ട്രീയസമൂഹമായി മലയാളി മാറുന്നിടത്താണ് എന്നു ചുരുക്കം.

          മുഖ്യമായും ഓൺലൈൻ, സാമൂഹ്യ മാധ്യമമണ്ഡലത്തിലെ ഇടപെടലുകളിലൂടെ ഒരുപതിറ്റാണ്ടുകാലമായി കേരളീയരുടെ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടാനും സ്വാധീനം ചെലുത്താനും കഴിഞ്ഞ മലയാളികളിലൊരാളാണ് മുരളി തുമ്മാരുകുടി. വിശേഷിച്ചും 2015ലെ ചെന്നൈ വെള്ളപ്പൊക്കവും 2018ലെ കേരളത്തിലെ പ്രളയവും തൊട്ടിങ്ങോട്ടുണ്ടായ നിരവധിയായ പ്രകൃതി, മനുഷ്യനിർമ്മിത ദുരന്തങ്ങളുടെയും 2020 ൽ തുടങ്ങിയ കോവിഡ് വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ 'ദുരന്തനിവാരണം' എന്ന സങ്കല്പത്തിന് കേരളീയ പൊതുമണ്ഡലത്തിൽ കൈവന്ന സ്വീകാര്യതക്കു പിന്നിൽ മുരളിയുടെ സംഭാവനകളോളം പങ്കുവഹിച്ച മറ്റൊരു ഘടകമില്ലതന്നെ. വിയോജിപ്പുകളുണ്ടാകാം, വിമർശനങ്ങളുമുണ്ടാകാം. പക്ഷെ മുരളി ഈ രംഗത്ത് നടത്തിയ ഇടപെടലുകൾക്കു ലഭിച്ച പ്രാധാന്യം ഒട്ടും കുറച്ചുകാണേണ്ടതില്ല. മറ്റൊരാളും കാണാത്ത കാഴ്ചക്കോണുകളിൽ, മറ്റൊരാളും മുന്നോട്ടുവയ്ക്കാത്ത മാർഗോപദേശങ്ങളിൽ, മറ്റൊരാളും പ്രകടിപ്പിക്കാത്ത അനുഭവപരിചയത്തിൽ, മറ്റൊരാളും പ്രദർശിപ്പിക്കാത്ത ആർജ്ജവത്തിൽ മുരളി നൽകിയ മുന്നറിയിപ്പുകളും പുനരധിവാസ നിർദ്ദേശങ്ങളും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കരുതൽതത്വങ്ങളും കേരളീയ സമൂഹത്തിൽ സൃഷ്ടിച്ച സംവാദങ്ങളോളം പോന്ന മറ്റൊരുദാഹരണം ഈ രംഗത്തില്ല. സമാനമാണ് ആഗോള മലയാളിയെന്ന സങ്കല്പത്തെ അതിന്റെ വൈവിധ്യങ്ങളിലും ബഹുസ്വരതയിലും പൊതുസംവാദങ്ങളിലെത്തിക്കാൻ മുരളി നടത്തിയ ശ്രമങ്ങളും. കേരളത്തിലെ കാമ്പസുകളിലും രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക വേദികളിലും മുരളിക്കു ലഭിച്ച വൻ സ്വീകാര്യതയുടെ കാരണവും മറ്റൊന്നല്ല. ദുരന്തനിവാരണം മുതൽ വിദേശവിദ്യാഭ്യാസം വരെ; സെൽഫിസംസ്‌കാരം മുതൽ സ്വതന്ത്രലൈംഗികതവരെ-പ്രൊഫഷണലിസവും ചരിത്രബോധവും നർമ്മഭാവനയും പ്രായോഗികതയും സമാസമം കൂട്ടിച്ചേർത്ത് മുരളിയവതരിപ്പിക്കുന്ന കാഴ്ചപ്പാടുകൾ നേടിയ ജനപ്രീതി ഒന്നു വേറെതന്നെയാണ്. ഏറ്റവുമൊടുവിൽ, വിദ്യാഭ്യാസ, മനഃശാസ്ത്രപ്രവർത്തകയായ നീരജ ജാനകിക്കൊപ്പം ചേർന്ന് മുരളി എഴുതിയ 'സെക്‌സ്-21'ന്റെ സാമൂഹ്യശാസ്ത്രസ്വഭാവവും ജനപ്രിയസ്വരൂപവും ഈയൊരു സമീപനത്തിന്റെ തുടർച്ചയായിത്തന്നെ കാണാം. ലൈംഗികമലയാളിയുടെ ദുരവസ്ഥകളുടെ വിമർശനവും തെറ്റിദ്ധാരണകളുടെ തിരുത്തലും സാധ്യതകളുടെ സൂചനയും സന്തോഷങ്ങളുടെ രഹസ്യവും സംയോഗങ്ങളുടെ സൗന്ദര്യവും സമ്മതത്തിന്റെ രാഷ്ട്രീയവും സാർഥകമായി നിർവഹിക്കുകയും നിർവചിക്കുകയും ചെയ്യുന്ന രചന.

         

ചെറുതും വലുതുമായ ഇരുപത്തെട്ടു ലേഖനങ്ങൾ. ശാസ്ത്രീയവും സാമൂഹികവും മനഃശാസ്ത്രപരവുമായ ഉൾക്കാഴ്ചകളോടെ ലൈംഗികതയുടെ സൗന്ദര്യശാസ്ത്രമാനങ്ങൾ അപഗ്രഥിക്കുന്ന രചനകൾ. സെക്‌സോളജിയുടെ സമകാല ധാരണകൾക്ക് ആത്മനിഷ്ഠവും അനുഭവനിഷ്ഠവുമായ അവബോധങ്ങളുടെ പിൻബലത്തോടെ നൽകുന്ന വ്യാഖ്യാനങ്ങൾ. ലൈംഗികതയെന്ന വിഷയത്തിന്റെ നിയമപരവും ധാർമ്മികവും സദാചാരപരവും വൈദ്യശാസ്ത്രപരവും നരവംശശാസ്ത്രപരവും മറ്റുമായ അവലോകനസാധ്യതകൾ തിരഞ്ഞുപോകുന്ന സമീപനങ്ങൾ. ഒപ്പം, വിഷയാവതരണത്തിന് അക്കാദമികഗൗരവം കൈവരുത്തുന്ന വിപുലമായ റഫറൻസും.

          പ്രധാനമായും അഞ്ച് വിഭാഗത്തിൽ പെടുത്താം ഈ പുസ്തകത്തിലെ രചനകളെ.

ഒന്ന്, ലൈംഗികവിജ്ഞാനം (sexology) എന്ന വിഷയത്തിൽ പ്രശസ്തമായ പ്രാചീനഗ്രന്ഥങ്ങൾ മുതൽ കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ശ്രദ്ധേയമായ ശാസ്ത്രീയപഠനങ്ങൾ വരെയുള്ളവ ചൂണ്ടിക്കാണിച്ചും പിന്തുടർന്നും സ്വരൂപിക്കുന്ന ലൈംഗികത(sex)യെന്ന വിഷയത്തിന്റെ സാമാന്യാവലോകനങ്ങൾ.

രണ്ട്, ലൈംഗിക വിദ്യാഭ്യാസം, ലൈംഗികപ്രവണതകൾ, ലൈംഗികതയെക്കുറിച്ചുള്ള മിത്തുകൾ, തെറ്റിദ്ധാരണകൾ തുടങ്ങിയവ സൂചിപ്പിച്ചുകൊണ്ട് ഈ രംഗത്തുണ്ടാകേണ്ട ആരോഗ്യകരവും സയുക്തികവുമായ അവബോധങ്ങളെക്കുറിച്ചുള്ള ചർച്ചകൾ.

മൂന്ന്, ലൈംഗികതയെയും ലൈംഗികജീവിതത്തെയും ലൈംഗികസംസ്‌കാരത്തെയും നിർണയിക്കേണ്ട സാമൂഹികവും മാനുഷികവും ധാർമ്മികവുമായ തത്വങ്ങളെക്കുറിച്ചുള്ള സൂചനകൾ.

നാല്, ലൈംഗിക കുറ്റകൃത്യങ്ങൾ വിവരിച്ച്, അവ തടയേണ്ടതിന്റെ ആവശ്യകതയെയും നിയമപരമായി നേരിടേണ്ട രീതികളെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ.

അഞ്ച്, ലൈംഗികതയുടെ സാങ്കേതികവും ഭാവനാപരവും ലാവണ്യപരവുമൊക്കെയായ ഭാവിസാധ്യതകളെക്കുറിച്ചുള്ള വിചാരങ്ങൾ.

          വത്സ്യായനന്റെ 'കാമസൂത്ര'ത്തെ നർമ്മഭരിതവും വസ്തുതാപരവുമായി അപനിർമ്മിച്ചും ആധുനികകാലത്തു രൂപം കൊണ്ട നിരവധി പഠനങ്ങൾ (ഹൈറ്റ് റിപ്പോർട്ട് മുതൽ മാസ്റ്റേഴ്‌സ് ആൻഡ് ജോൺസൻ ഗവേഷണങ്ങൾ വരെ) ചൂണ്ടിക്കാണിച്ചും ലൈംഗികവിജ്ഞാനത്തിന്റെ സമകാല സ്വഭാവങ്ങൾ വിശദീകരിക്കുന്ന പല ലേഖനങ്ങളുണ്ട് ഈ പുസ്തകത്തിൽ. ശരീരശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമൊക്കെയായി ലൈംഗികകാമനകൾക്കും വിനിമയങ്ങൾക്കുമുള്ള സാധ്യതകൾ ഇവ ചർച്ചചെയ്യുന്നു.

          'സമ്മതം' (consent) എന്ന താക്കോൽ സങ്കല്പനത്തെ ലൈംഗികതയുടെ അടിസ്ഥാന ജീവിത സമവാക്യവും സൗന്ദര്യരാഷ്ട്രീയവുമായി വ്യാഖ്യാനിച്ചുകൊണ്ടാണ് തങ്ങളുടെ ലേഖനങ്ങളുടെ ഭൂമിക മുരളിയും നീരജയും ഒരുക്കുന്നത്. ഇതിനപ്പുറം പ്രാധാന്യമോ പ്രസക്തിയോ ഉള്ള മറ്റൊരു ജീവിതാവസ്ഥ ലൈംഗികതയിലില്ല. സ്വവർഗരതി മുതൽ വദനസുരതം വരെയുള്ള ലൈംഗികതാൽപ്പര്യങ്ങളെ കുറ്റവും വൈകൃതവുമായി ചിത്രീകരിക്കുന്ന സാമൂഹ്യവീക്ഷണങ്ങൾക്കെതിരെ നിശിതമായ നിലപാടെടുത്തും പ്രണയത്തിലെ ലൈംഗിക സാധ്യതകളെക്കുറിച്ചുള്ള യുക്തിസഹമായ കാഴ്ചപ്പാടുകളവതരിപ്പിച്ചും ലൈംഗികത്തൊഴിലിന്റെ സാർവലൗകികവും സാർവകാലികവുമായ മാനുഷികാവശ്യങ്ങൾ ചർച്ചചെയ്തും വിവാഹത്തിനുള്ളിലും പുറത്തുമുള്ള ലൈംഗികജീവിതങ്ങളുടെ രീതിവിശേഷങ്ങൾ ചൂണ്ടിക്കാണിച്ചും.... ഈ വിഷയത്തിന്റെ വ്യാപ്തി ഗ്രന്ഥകർത്താക്കൾ മറനീക്കുന്നു. വായിക്കുക:

'ലൈംഗികത കലരാത്ത, ശാരീരികാകർഷണമില്ലാത്ത സ്‌നേഹമാണ് പരിശുദ്ധമായത് എന്നൊക്കെ പലരും പറയാറുണ്ടെങ്കിലും ശുദ്ധവങ്കത്തരമാണത്. ഒന്നാമതായി, 'ലൈംഗികത' ഒരു ബന്ധത്തിന്റെ പരിശുദ്ധിയളക്കുന്ന അളവുകോലല്ല. മറ്റൊന്ന്, പ്രേമത്തിൽ ലൈംഗികത കടന്നുവരുന്നത് വളരെ സ്വാഭാവികമാണ്. ശാരീരികമായി ബന്ധപ്പെടാനുള്ള പ്രകൃതിനിയമത്തിന്റെ സാമൂഹ്യകോഡിങ് മാത്രമാണ് പ്രേമം. അതിന്റെ ഭാഗമായിട്ടാണ്, മറ്റു വ്യക്തികളോട് ആകർഷണം തോന്നുകയും അവരെ കാണുമ്പോളും ഓർക്കുമ്പോളും വികാരോദ്ദീപനമുണ്ടാകുകയും ചെയ്യുന്നത്. വളരുന്ന പ്രായത്തിൽ മറ്റുള്ളവരോട് ആകർഷണം തോന്നുന്നത് സ്വാഭാവികമാണ്. മുൻപ് പറഞ്ഞതുപോലെ അത് ജനറ്റിക് കോഡിങ്ങിന്റെ ഭാഗമാണ്. പേടിക്കേണ്ടതോ അത്ഭുതപ്പെടേണ്ടതോ ആയ യാതൊന്നും അതിലില്ല. ടീനേജിൽ തന്നെ കുട്ടികൾ അവരിലുണ്ടാകുന്ന ഈ മാറ്റം തിരിച്ചറിയാറുണ്ട്. ശരിയായ ലൈംഗികവിദ്യാഭ്യാസം നേടി, തങ്ങളിലുണ്ടാകുന്ന ജൈവികമാറ്റങ്ങൾ മനസ്സിലാക്കുന്നതും അത്തരം മാറ്റങ്ങളെ ആസ്വാദ്യമാക്കി തീർക്കുന്നതുമാണ് സ്വാഭാവികമായത്.

          എന്നാൽ വളരെ സ്വാഭാവികമായ ഈ മാറ്റത്തെ വീട്ടുകാരും അദ്ധ്യാപകരും നാട്ടുകാരും എന്തിനേറെ, മനഃശാസ്ത്രജ്ഞർ പോലും ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത ഒരു തെറ്റായി കണക്കാക്കുന്നു. പ്രേമത്തെയും പ്രത്യേകിച്ച് പ്രേമത്തിനുള്ളിലെ സെക്‌സിനെയും ശാരീരിക/മാനസിക പീഡനമുറകളാലും ഉപദേശങ്ങളുടെ രൂപത്തിലും ഒന്നിച്ചു നേരിടുന്നു. സ്‌കൂളുകളിലും, എന്തിന് കോളേജുകളിൽപോലും കുട്ടികളുടെ പ്രണയങ്ങൾ കണ്ടുപിടിക്കാനും ശിക്ഷിക്കാനും ചില അദ്ധ്യാപകർ 'ചാരന്മാരെ' പോലും നിയോഗിക്കാറുണ്ട്. കുട്ടികൾക്ക് പതിനെട്ടു വയസായതിനുശേഷവും കഥയിൽ വലിയ മാറ്റങ്ങളൊന്നുമുണ്ടാവുന്നില്ല! പ്രായപൂർത്തിയായാൽ ഇന്ത്യൻ പ്രധാനമന്ത്രിയെവരെ തിരഞ്ഞെടുക്കുന്നവർ, സ്വന്തം ഇണയുടെ കാര്യത്തിൽ വീട്ടുകാരുടെയും നാട്ടിലുള്ള സർവ്വമനുഷ്യരുടെയും അഭിപ്രായം അനുസരിക്കേണ്ട ഗതികേടിലേക്കെത്തുന്നു. പ്രണയത്തിനിടയിലെ ലൈംഗികതയെ സ്വാഭാവികമായി കാണാൻ കഴിയണമെന്നാണ് വ്യക്തിപരമായ അഭിപ്രായം'.

ലൈംഗികവിദ്യാഭ്യാസമെന്ന ഏറെ പ്രശ്‌നഭരിതമായ വിഷയം മുതൽ സ്വയംഭോഗത്തെയും സ്വവർഗരതിയെയും കുറിച്ചുള്ള അശാസ്ത്രീയവും അമാനവികവുമായ ധാരണകൾ വരെയുള്ളവ  ചർച്ചചെയ്യുന്നു, മറ്റു ചില ലേഖനങ്ങൾ. ജനപ്രിയ, വനിതാമാസികകളിൽ മനഃശാസ്ത്രജ്ഞരും ചേച്ചിമാരും മതപുരോഹിതരും സദാചാരപ്പൊലീസുകാരും അദ്ധ്യാപകരും കൗൺസിലർമാരുമൊക്കെ ചേർന്ന് മലയാളിക്കു സൃഷ്ടിച്ചുകൊടുത്തിട്ടുള്ള വികലലൈംഗിക വിജ്ഞാനത്തിന്റെയും അസംബന്ധധാരണകളുടെയും പുകമറ മായ്ച്ചുകളഞ്ഞ് മുരളിയും നീരജയും തങ്ങളുടെ നിലപാടുകൾ അവതരിപ്പിക്കുന്നു. നോക്കുക:

          'കുട്ടികൾക്ക് ലൈംഗിക വളർച്ചയുണ്ടാകുകയും ലൈംഗിക ആകർഷണമുണ്ടാകുകയും ലൈംഗികത ആസ്വദിക്കുകയും ചെയ്യുന്ന കാലമാണ് കൗമാരം. ഇക്കാലത്ത് കുട്ടികൾക്ക് നൽകേണ്ട അറിവുകൾ താഴെ പറയുന്നവയാണ്.

1. ലൈംഗികത ആസ്വദിക്കേണ്ട ഒന്നാണ്. വ്യക്തിപരമായ ആരോഗ്യവും പങ്കാളിയുടെ സമ്മതവുമാണ് സന്തോഷകരമായ ലൈംഗികതയുടെ അടിസ്ഥാനം.

2. മറ്റുള്ളവരോട് ലൈംഗിക ആകർഷണം തോന്നുന്നത് തികച്ചും സ്വാഭാവികമാണ്.

3. ഓരോരുത്തരുടെയും ശരീരം ഓരോ തരത്തിലാണ്. ലൈംഗികാസ്വാദനം എന്നത് കൃത്യമായ അഴകളവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒന്നല്ല. നിങ്ങളുടെ നിറമോ, ശരീര വടിവോ, ലൈംഗിക അവയവങ്ങളുടെ പുഷ്ടിയോ വലിപ്പമോ രൂപമോ ഒന്നുംതന്നെ നിങ്ങളെ മോശക്കാരാക്കുന്നില്ല.

4. പ്രായപൂർത്തിയായവർ ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്നത് ഗർഭത്തിലേക്ക് നയിക്കും. ചെറുപ്രായത്തിൽ ഗർഭിണിയാകുന്നത് കുട്ടിക്കും അമ്മയ്ക്കും മാനസിക-ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കും.

5. ഗർഭനിരോധനത്തിന് പല മാർഗങ്ങളുണ്ടെങ്കിലും അവയൊന്നും പൂർണ സുരക്ഷിതമല്ല.

6. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങൾ ലൈംഗികരോഗങ്ങൾക്ക് കാരണമാകാം. അതൊഴിവാക്കാനെടുക്കുന്ന മുൻകരുതലുകൾ പാളി രോഗം പിടിപെട്ടാൽ മറ്റ് ഏതൊരു രോഗത്തിനും ചികിത്സ തേടുന്നതുപോലെ ചികിത്സ ആവശ്യമാണ്.

7. ലൈംഗികരോഗമായ HIV/AIDSന് ഇതുവരെ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല. അതിനാൽ രോഗം വരാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. ലൈംഗികബന്ധസമയത്ത് ഗർഭനിരോധന ഉറ ഉപയോഗിക്കുന്നത് HIVയും മറ്റുപല ലൈംഗികരോഗങ്ങളും തടയാൻ സഹായിക്കും. നൂറു ശതമാനം സുരക്ഷിതത്വം അതിനുമില്ല.

8. പുരുഷന് സ്ത്രീയോടും സ്ത്രീക്ക് പുരുഷനോടും മാത്രമല്ല, സ്വവർഗ്ഗത്തിൽപ്പെട്ടവരോടും ലൈംഗികതാത്പര്യം തോന്നുന്നത് സ്വാഭാവികമാണ്.

9. പങ്കാളിയുടെ സമ്മതമില്ലാതെ അവരുടെ ശരീരത്തിൽ സ്പർശിക്കുന്നതുപോലും തെറ്റാണ്, നിയമവിരുദ്ധവും. സമ്മതം എന്നത് ഓരോ തവണയും ചോദിച്ചുവാങ്ങേണ്ട ഒന്നാണ്. ഇന്നലത്തെ സമ്മതം ഇന്നത്തെ സമ്മതമല്ല. ലോകത്ത് ഓരോ രാജ്യത്തും ലൈംഗിക ബന്ധത്തിന് സമ്മതം നൽകാനുള്ള പ്രായം (പ്രായപൂർത്തിയാകുന്നത്) വ്യത്യസ്തമാണ്. മദ്യപിച്ചിരിക്കുമ്പോഴോ മയക്കുമരുന്നുകൾ കഴിച്ചിരിക്കുമ്പോഴോ നൽകുന്ന സമ്മതം നിയമത്തിന് മുൻപിൽ നിലനിൽക്കുന്നതല്ല.

10. വളരുന്ന പ്രായത്തിൽ ലൈംഗികത പരീക്ഷിക്കുന്നതിലും ആസ്വദിക്കുന്നതിലും ഒരു തെറ്റുമില്ല. സ്വയംഭോഗം എന്നത് തികച്ചും സ്വാഭാവികവും ഏറെ ലൈംഗികസംതൃപ്തി നൽകുന്നതും എല്ലാവരുംതന്നെ ചെയ്യുന്നതുമായ കാര്യമാണ്. അതിൽ കുറ്റബോധം തോന്നേണ്ടതായി ഒന്നുമില്ല. സ്വകാര്യമായി ചെയ്യുക, ശരീരഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക ഇതൊക്കെയാണ് പ്രധാനം.

11. ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനകാര്യങ്ങളിലൊന്നാണ് നല്ലൊരു ലൈംഗിക ജീവിതം. അതുകൊണ്ടുതന്നെ ലൈംഗിക ജീവിതം പുഷ്ടിപ്പെടുത്താനുള്ള കാര്യങ്ങൾ വായിച്ചറിയുന്നതിലും മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കുന്നതിലും ഒരു തെറ്റുമില്ല. മറ്റേത് വിഷയവുംപോലെ ചർച്ചചെയ്യേണ്ടതും അറിവുകൾ സമ്പാദിക്കേണ്ടതുമായ ഒരു വിഷയമാണിത്.

ഇത്രയും അടിസ്ഥാന കാര്യങ്ങൾ നമ്മൾ കുട്ടികളെ പതിനെട്ട് വയസിനു മുൻപേ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ആരോഗ്യപരമായ ലൈംഗികജീവിതത്തിന് അടിത്തറയിട്ടു എന്ന് പറയാം. മുൻപ് പറഞ്ഞപോലെ ഇത്തരം കാര്യങ്ങൾ ഒരു ദിവസം സ്‌പെഷ്യൽ ക്ലാസ്സ് നടത്തി പറയാതെ, സ്‌കൂളിലും വീട്ടിലും അവസരങ്ങൾ ഉള്ളപ്പോഴും ഉണ്ടാക്കിയും പഠിപ്പിക്കണം, ചർച്ചചെയ്യണം. ലൈംഗികത ഒരു പോസിറ്റീവ് സംഭവമാണെന്ന മനോഭാവം അടുത്ത തലമുറയിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം'.

          ലൈംഗികതയെ ഒരു ജീവിതസംസ്‌കാരമായി കണ്ട് അതിൽ പ്രസക്തമാകുന്ന നിരവധി തലങ്ങളെക്കുറിച്ചു നടത്തുന്ന ചർച്ചകളാണ് ഇനിയൊരു വിഭാഗം ലേഖനങ്ങൾ. ലൈംഗികത്തൊഴിൽ, പ്രണയം, കുടുംബം, വിവാഹബന്ധങ്ങളിലെ ലൈംഗികത, വിവാഹബാഹ്യ ലൈംഗികത, ഇന്റർനെറ്റും ലൈംഗികതയും, ഭിന്നശേഷിക്കാരുടെ ലൈംഗികജീവിതം, ലൈംഗികവിഷയങ്ങൾ ആവിഷ്‌ക്കരിക്കാനുള്ള ഭാഷ.... എന്നിങ്ങനെ ധാരാളം വിഷയങ്ങൾ ഇവിടെ പരിഗണിക്കുന്നു.

          'ലൈംഗികത്തൊഴിൽ എന്നത് തൊഴിലാണോ ചൂഷണമാണോ എന്ന കാര്യത്തിൽ വികസിതരാജ്യങ്ങളിൽ പോലും സമൂഹത്തിന് വ്യക്തമായ ഒരു നിലപാടിലെത്താൻ സാധിച്ചിട്ടില്ല. എല്ലാ ലൈംഗിക തൊഴിലാളികളും ചൂഷണത്തിന്റെ, പ്രത്യേകിച്ചും പുരുഷന്മാരിൽ നിന്നുള്ള ചൂഷണത്തിന്റെ ഇരകളാണെന്നതാണ് പൊതുവെ അംഗീകരിച്ചിട്ടുള്ള ചിന്താഗതി. പക്ഷേ, ലൈംഗിക തൊഴിലാളികളടക്കം ധാരാളം പേർ ഇതിനെ ഖണ്ഡിക്കുന്നു. ചൂഷണത്തിലൂടെ ഈ തൊഴിലിൽ എത്തിപ്പെട്ടവരും ലൈംഗികവൃത്തിയിൽ ചൂഷണം ചെയ്യപ്പെടുന്നവരുമുണ്ട്. പക്ഷേ, സ്വന്തം ഇഷ്ടപ്രകാരം മറ്റേതൊരു തൊഴിലുംപോലെ ചെയ്യുന്നതും ചെയ്യാവുന്നതുമായ ഒരു തൊഴിലാണ് സെക്‌സ്-വർക് എന്നാണ് മറുവാദം.

          ഈ അവസരത്തിൽ നിങ്ങൾ പരിചയപ്പെട്ടിരിക്കേണ്ട ഒരു വ്യക്തിയെക്കുറിച്ചും പറയാം. സ്വിറ്റസർലന്റിൽ ജനിച്ച സെക്‌സ് വർക്കറും പേരുകേട്ട എഴുത്തുകാരിയും ആക്ടിവിസ്റ്റുമായിരുന്ന ഗ്രിസെലിഡിസ് റിയലാണത് (Griselidis Real). അദ്ധ്യാപക ദമ്പതികളുടെ മകളായി ജനീവയ്ക്കടുത്തുള്ള ലൊസാനിലാണ് റിയൽ ജനിച്ചത്. ഈജിപ്തിലെ അലക്‌സാൻഡ്രിയയിലും ഗ്രീസിലും ജീവിച്ചു. വിവാഹം കഴിച്ചു, അദ്ധ്യാപികയായി, കുട്ടികളുണ്ടായി, വിവാഹമോചിതയായി. പുതിയ ബോയ്ഫ്രണ്ടിന്റെ കൂടെ യുദ്ധാനന്തര ബെർലിനിലെത്തി. അവിടെവച്ചാണ് അവർ ലൈംഗികത്തൊഴിൽ സ്വീകരിക്കുന്നത്. ഇത്രയും കാര്യങ്ങൾ ലൈംഗികത്തൊഴിലിൽ എത്തിപ്പെടുന്ന മിക്കവരുടെയും ചരിത്രമാണ്. റിയലിനെ ചരിത്രമാക്കുന്നത് ആ തൊഴിലിനെ അവർ എങ്ങനെ കണ്ടു എന്നതാണ്. ഒരാൾക്ക് സ്വന്തം ഇഷ്ടപ്രകാരം ലൈംഗികവൃത്തി തൊഴിലായി സ്വീകരിക്കാമെന്നും അത് മാനുഷികമായ ഒരു പ്രവൃത്തിയാണെന്നും ഉച്ചത്തിൽ പറഞ്ഞത് റിയൽ ആണ്. റിയലിന്റെ അഭിപ്രായത്തിൽ ഇച്ഛാശക്തിയോടെ സ്വതന്ത്രമായ തീരുമാനത്തിൽ തിരഞ്ഞെടുക്കാവുന്ന ഒരു ജോലിയാണ് സെക്‌സ് വർക്കും. സമൂഹത്തിൽ വളരെ ബഹുമാന്യയായി ജീവിച്ചു മരിച്ച റിയൽ, തന്റെ അറുപത്തിയാറാം വയസ്സുവരെ തനിക്കിഷ്ടപ്പെട്ട ജോലി ചെയ്തു. ബുക്കുകളെഴുതി. ഈ രംഗത്ത് ജോലിചെയ്യുന്നവർക്കുവേണ്ടി പ്രവർത്തിച്ചു.

ലൈംഗികത്തൊഴിലിൽ ഏർപ്പെട്ട കാലത്തുതന്നെ അവർ പുസ്തകങ്ങളെഴുതി, പണമുണ്ടാക്കി, പ്രശസ്തയായി. അവരെ പറ്റി സിനിമകളും ഡോക്യുമെന്ററിയും ഉണ്ടാക്കി. തൊഴിൽ ചെയ്തു ജീവിക്കാൻ പറ്റുന്നിടത്തോളം കാലം അവർ സ്വന്തം തൊഴിൽ ഉപേക്ഷിച്ചില്ല. അവർ ലൈംഗികത്തൊഴിൽ അവസാനിപ്പിക്കുന്നത് 1996 ലാണ്. 2005ൽ അവർ മരിക്കുകയും ചെയ്തു. ഇഷ്ടപ്പെട്ട് നടത്തിക്കൊണ്ടിരുന്ന ലൈംഗികത്തൊഴിൽ അവർക്ക് കക്ഷികളുടെ ഇടയിൽ പ്രശസ്തിയുണ്ടാക്കി. ലൈംഗിക ആവശ്യങ്ങൾക്കായി തന്നെ സമീപിക്കുന്നവരുടെ വ്യത്യസ്ത താത്പര്യങ്ങളെയും സ്ഥിരമായി വന്നിരുന്ന കക്ഷികളെയും പറ്റി അവർ ഡയറിയിൽ മറയില്ലാതെ തുറന്നെഴുതി. അത് എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന Jean-Luc Henning പുസ്തകമാക്കി. 'The Little Black Book of Griselidis Real-Days and Nights of an Anarchist Whore' എന്നാണ് ആ ബുക്കിന്റെ പേര്. സ്വന്തം സേവനങ്ങൾ അന്വേഷിച്ചു വരുന്നവരോട് കരുണയോടെ ആണ് അവർ പെരുമാറിയിരുന്നത്. മറ്റൊരിടത്തും, സ്വന്തം കുടുംബത്തിൽപോലും അവർക്ക് ലഭിക്കാത്ത ലൈംഗിക സുഖങ്ങളും അനുഭവങ്ങളും തേടിയാണ് അവർ തന്റെ അടുത്തേക്ക് വരുന്നത് എന്നവർ വിശ്വസിച്ചു, അതുകൊണ്ടുതന്നെ അവരെ പരമാവധി സന്തോഷിപ്പിച്ചു വിടേണ്ടതാണ് സ്വന്തം തൊഴിലിന്റെ ഉത്തരവാദിത്തം ആണെന്നതായിരുന്നു അവരുടെ തത്വശാസ്ത്രം. വരുന്നവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് റേറ്റ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തിരുന്നു. വേശ്യാവൃത്തി ഒരു കലയും മാനുഷിക ശാസ്ത്രവും ആണെന്ന് അവർ അഭിപ്രായപ്പെട്ടു ('an art, and a humanist science'). ബുദ്ധികൊണ്ടും, ഹൃദയംകൊണ്ടും, ബഹുമാനംകൊണ്ടും ഭാവനകൊണ്ടും നടത്തേണ്ട ഒന്നാണ് വേശ്യാവൃത്തി എന്നവർ വിശ്വസിച്ചു (The only authentic prostitution is that mastered by great technical artists...who practice this form of native craft with intelligence, respect, imagination, heart).

          സ്വന്തം തൊഴിൽ നന്നായി ചെയ്യുക മാത്രമല്ല അവർ ചെയ്തത്. ലൈംഗികത്തൊഴിലിന് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങളിലും സമരങ്ങളിലും പങ്കാളിയാവുക എന്നതുകൂടിയാണ്.

1970 കളിൽ യൂറോപ്പിലെ ലൈംഗികത്തൊഴിലാളികളുടെ ജീവിതം ഏറെ ദുരിതമായിരുന്നു. ലൈംഗികത്തൊഴിലാളി ആയിരിക്കുന്നത് നിയമവിരുദ്ധമായിരുന്നില്ല. എന്നാൽ അതിനായി കക്ഷികളെ സമീപിക്കുന്നതും ലൈംഗികത്തൊഴിലിന്റെ ഏജന്റായിരിക്കുന്നതും നിയമവിരുദ്ധമായിരുന്നു. ഇതിന്റെ പേരിൽ പൊലീസുകാർ ലൈംഗികത്തൊഴിലാളികളെ ഏറെ ഉപദ്രവിച്ചു. അവരെ സംരക്ഷിക്കാനും കക്ഷികളെ പിടിച്ചുകൊടുക്കാനും ഇടനിലക്കാർ (പിമ്പുകൾ) ഉണ്ടായി, മറ്റെവിടെയുംപോലെ ഇവിടെയും കുറ്റവാളികൾ സ്ഥാനം പിടിച്ചു. ലൈംഗികത്തൊഴിലാളികൾക്കെതിരെ അക്രമം ഉണ്ടായി, പലരും കൊല്ലപ്പെട്ടു.

          ഇതിനെതിരെ യൂറോപ്പിലെങ്ങും ലൈംഗികത്തൊഴിലാളികൾ സംഘടിച്ചു തുടങ്ങി. 1976ൽ ജനീവയ്ക്കടുത്തുള്ള ലിയോൺ എന്ന ഫ്രഞ്ച് നഗരത്തിൽ ലൈംഗികത്തൊഴിലാലികൾ പള്ളിയിൽ കയറി കുത്തിയിരുപ്പ് നടത്തി. പൊലീസുകാരെ പള്ളിയിൽ കയറാൻ വികാരി സമ്മതിച്ചില്ല. ആ നാട്ടിലെ സ്ത്രീകൾ ലൈംഗികത്തൊഴിലാളികൾക്ക് ഭക്ഷണവും വസ്ത്രവുമായെത്തി ഐകദാർഢ്യം പ്രഖ്യാപിച്ചു. ലിയോണിൽനിന്നും കലാപം ഫ്രാൻസിലേക്കും പിന്നെ യൂറോപ്പിലെ മറ്റു നഗരങ്ങളിലേക്കും പടർന്നു. പ്രശസ്തയായ ഫെമിനിസ്റ്റായിരുന്ന Simone de Beauvoir പാരീസിൽ സമരപ്പന്തലിലെത്തി ഐകദാർഢ്യം പ്രഖ്യാപിച്ചു. ആ കലാപത്തിന് മുൻനിരയിൽ റിയലും ഉണ്ടായിരുന്നു. ഫ്രാൻസിൽ കലാപം അന്നത്തെ സർക്കാർ അടിച്ചൊതുക്കിയെങ്കിലും സെക്‌സ് വർക്കിനെപ്പറ്റി സമൂഹത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടായി. അവർക്ക് അനുകൂലമായ പൊതുജനാഭിപ്രായം ഉണ്ടായി. മിക്കവാറും ഇടങ്ങളിൽ നിയമങ്ങൾ മാറി. മിക്കവാറും രാജ്യങ്ങളിൽ ലൈംഗികത്തൊഴിൽ ഒരു കുറ്റകൃത്യമല്ല. അത് കുറ്റകൃത്യമായിരിക്കുന്ന ചില രാജ്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നത് ലൈംഗികത്തൊഴിലാളിയല്ല, അവരെ തേടിയെത്തുന്ന പുരുഷനാണ്. പൊലീസിനെ പേടിക്കാതെ, സമൂഹത്തിന് മുന്നിൽ തല താഴ്‌ത്താതെ ആളുകൾ ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്നുണ്ടെങ്കിൽ അത് റിയൽ ഉൾപ്പെടെയുള്ളവർ നയിച്ച സമരത്തിന്റെ ഗുണഫലമാണ്.

1982ൽ ലൈംഗികത്തൊഴിലാളികൾക്ക് വേണ്ടി അവർ സ്ഥാപിച്ച അസോസിയേഷൻ (Aspasie) ജനീവയിൽ ഇപ്പോഴും പ്രവർത്തിക്കുന്നു. സ്വിറ്റ്‌സർലാൻഡിലെ ഏറ്റവും പ്രശസ്തമായതും ജനീവയിലെ രാജാക്കന്മാരുടെ സെമിത്തേരി എന്നറിയപ്പെടുന്നതുമായ Cimetiere des Rois ൽ ജനീവയിൽ ജീവിച്ച ഏറ്റവും പ്രശസ്തരായവർക്കൊപ്പമാണ് റിയൽ അന്ത്യനിദ്ര കൊള്ളുന്നത്. കൂടെയുള്ളത് ചില്ലറക്കാരല്ല.... ക്രിസ്ത്യൻ നവോത്ഥാന നേതാവായ ജോൺ കാൽവിൻ, നോബൽ സമ്മാനജേതാവായ ബോർഹേസ്, ഇറാക്കിൽ ബോംബാക്രമണത്തിൽ മരിച്ച സെർജിയോ ഡിമെല്ലോ, റെഡ്‌ക്രോസ് സ്ഥാപിച്ച ഹെൻറി ഡ്യൂനാൻഡ്, മുൻ പ്രസിഡന്റുമാർ എന്നിങ്ങനെ വി.വി.ഐ.പി.കളുടെ നീണ്ട നിരയാണ്. മൊത്തം ഇരുന്നൂറു പേർക്കാണ് കഴിഞ്ഞ അഞ്ഞൂറ് വർഷത്തിൽ ഇവിടെ സ്ഥാനം കിട്ടിയിട്ടുള്ളത് എന്നതുമോർക്കണം.

          ഇംഗ്ലണ്ടിൽ ലൈംഗികത്തൊഴിൽ ചെയ്യുന്നവരിൽ ഇരുപതിൽ ഒരാൾ എന്ന കണക്കിൽ (പുരുഷന്മാരുൾപ്പെടെ) യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളാണെന്നതും, പത്തിൽ അഞ്ചു യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളെങ്കിലും ഈ തൊഴിൽസാധ്യത ചിന്തിച്ചിട്ടുണ്ട് എന്നതും വാർത്തയായിരുന്നു. മധ്യവർത്തികളില്ലാതെ, അക്രമങ്ങളുള്ള തെരുവിൽ കാത്തുനിൽക്കാതെ, ഓൺലൈനായി, നേരിട്ട് കാര്യങ്ങൾ നടത്താൻ അവസരമുണ്ട് എന്നത് ഒരു സാധ്യതയായി കണക്കാക്കപ്പെടുന്നു'.

          ബലാത്സംഗം, കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമം, ഗാർഹിക ലൈംഗികപീഡനം, രതിപ്രദർശനം തുടങ്ങിയ ലൈംഗിക കുറ്റകൃത്യങ്ങളെയും കുറ്റവാസനകളെയും അവയുടെ സാമൂഹ്യവും വൈയക്തികവുമായ പ്രത്യാഘാതങ്ങളെയും പരിഹാരങ്ങളെയും കുറിച്ചുള്ള ചർച്ചകളാണ് മറ്റൊരു വിഭാഗം ലേഖനങ്ങളുടെ ഉള്ളടക്കം.

         

ഇന്റർനെറ്റ് സാങ്കേതികത ലൈംഗിക സംസ്‌കൃതിയിലും ബോധങ്ങളിലും ആവിഷ്‌ക്കാരങ്ങളിലും അനുഭവങ്ങളിലും സൃഷ്ടിച്ചിരിക്കുന്ന വൻ കുതിപ്പുകളെയും ഇ-കാലം ലൈംഗികസാധ്യതകളിലും ഭാവനകളിലുമുണ്ടാക്കുന്ന സമ്മിശ്രഫലങ്ങളെയും കുറിച്ചാണ് വേറൊരു വിഭാഗം ലേഖനങ്ങൾ. ലൈംഗിക വിദ്യാഭ്യാസം, ലൈംഗികത്തൊഴിൽ, ലൈംഗിക ബഹുസ്വരത, ലൈംഗികാനന്ദം എന്നിങ്ങനെ നിരവധി മേഖലകളിൽ ഇന്റർനെറ്റ് കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങൾ ചർച്ചചെയ്യുന്നു ഒരു ലേഖനം. ലൈംഗികാവശ്യങ്ങൾ സെക്‌സ് ടോയ്‌സ് തൃപ്തിപ്പെടുത്തുന്ന പുതിയൊരു ലോകം തുറന്നിട്ടിരിക്കുന്നുവെന്നു ചൂണ്ടിക്കാണിക്കുന്നു മറ്റൊരു ലേഖനം. യുവൽനോവാഹരാരി ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമുണ്ട്. മനുഷ്യർക്ക് രണ്ടു കഴിവുകളാണുള്ളത്. ശാരീരികവും ബൗദ്ധികവും. ശാരീരികമായ കഴിവുകളെയും അധ്വാനങ്ങളെയും മാറ്റിപ്രതിഷ്ഠിക്കാനാണ് ഉപകരണങ്ങളും യന്ത്രങ്ങളും കണ്ടുപിടിക്കപ്പെട്ടത്. ബൗദ്ധികമായ കഴിവുകളെയും അധ്വാനങ്ങളെയും മാറ്റിപ്രതിഷ്ഠിക്കുന്ന കൃത്രിമ ബുദ്ധിയുടെ കാലവും വന്നുകഴിഞ്ഞു. വികാരങ്ങളുടെ നിർമ്മിതിയും പ്രയോഗവും പോലും യന്ത്രങ്ങൾ ഏറ്റെടുക്കുന്ന കാലത്ത് ലൈംഗികതയുടെ കാര്യത്തിലും വലിയ വിപ്ലവമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഡിൽഡോയും വൈബ്രേറ്ററുമൊക്കെ പിന്നിട്ട് ജീവനും വികാരവും പ്രകടിപ്പിക്കുന്ന സെക്‌സ്‌ഡോൾസുകളുടെ കാലമാകുന്നതോടെ ഇണകളെക്കുറിച്ചുപോലുമുള്ള ധാരണകൾ മാറിവരാം. ലൈംഗികാനന്ദത്തിന്റെ രീതികളും. ലൈംഗികതയുടെ ഭാവി എന്ന അവസാന ലേഖനം കൗതുകകരമായ ചില നിരീക്ഷണങ്ങൾ മലയാളിയുടെ ലൈംഗികഭാവിയെക്കുറിച്ചു മുന്നോട്ടുവയ്ക്കുന്നു. വായിക്കുക:

         

'ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മനുഷ്യജീവിതം ഏറെ മാറാൻ പോകുകയാണ്. 2020ൽ ജനിക്കുന്ന മലയാളി കുട്ടികൾക്ക് ശരാശരി ആയുസ് നൂറിന് മുകളിലായിരിക്കും. ശരീരത്തിലെ മിക്ക അവയവങ്ങളും സ്‌പെയർ പാർട്ടായി മാറ്റിവെക്കാനും അവരുടെ ജീവിതകാലത്ത് സാധിക്കും. ശരീരത്തിനകത്ത് ഇലക്ട്രോണിക്-കംപ്യൂട്ടർ സംവിധാനങ്ങളും എത്തിപ്പറ്റും.

          ശരീരത്തിനകത്ത് മാത്രമല്ല, പുറത്തും മാറ്റങ്ങളുണ്ടാകും. തൊഴിലുകൾ പലതും അപ്രത്യക്ഷമാകും. ജീവിക്കാനായി എട്ടും പത്തും മണിക്കൂർ-അതും ആഴ്ചയിൽ അഞ്ചോ ആറോ ദിവസം, ജോലി ചെയ്യേണ്ട സാഹചര്യം ഇല്ലാതാകും. ജനറ്റിക് എൻജിനീയറിങ്ങിലെ മാറ്റങ്ങളാൽ സ്വാഭാവികമായി ബീജവും അണ്ഡവും ചേർന്ന് സ്വാഭാവിക ഗുണങ്ങളോടെ കുട്ടികളുണ്ടാകുന്ന പ്രക്രിയ മാറി, കൃത്യമായ പ്ലാനിങ്ങോടെ ജനിതക പ്രശ്‌നങ്ങളൊഴിവാക്കിയായിരിക്കാം കുട്ടികളുടെ ജനനം സംഭവിക്കാൻ പോകുന്നത്. തൊട്ടടുത്തിരിക്കുന്ന ആളെ കെട്ടിപ്പിടിക്കുന്നതുപോലെ ലോകത്തെവിടെയും ഇരിക്കുന്നവരെ ഹാപ്റ്റിക് ടെക്‌നോളജി ഉപയോഗിച്ച് കെട്ടിപ്പിടിക്കാനോ അതിലപ്പുറമോ ചെയ്യാൻ സാധിക്കും. റോബോട്ടുകളുടെ നിംബിൽനസും നിർമ്മിത ബുദ്ധിയുടെ ബുദ്ധിയും കൂടുന്നതോടെ മനുഷ്യതുല്യവും എന്നാൽ നമുക്ക് ആവശ്യമില്ലാത്തപ്പോൾ സ്വിച്ച് ഓഫ് ചെയ്യാവുന്നതുമായ റോബോട്ടിക് ബോയ്ഫ്രണ്ട് ഉണ്ടാകുന്ന കാലം വരും.

ഇത്തരത്തിലുള്ള ഒരു കാലത്ത് മലയാളിയുടെ ലൈംഗികജീവിതം എന്തായിരിക്കും?

ഒന്നാമതായി വിവാഹവും ലൈംഗികജീവിതവും തമ്മിലുള്ള ബന്ധം മുറിയും. വിവാഹത്തിന് മുൻപും വിവാഹത്തിന് ശേഷവും ലൈംഗികബന്ധങ്ങളും അവസരങ്ങളുമുണ്ടാകും. ഇത് റാഡിക്കലായുള്ള മാറ്റമല്ല, ലോകത്തെ മറ്റു സമൂഹങ്ങളുമായുള്ള ക്യാച്അപ്പ് മാത്രമാണ്.

രണ്ടാമത് വിവാഹത്തിനകത്തുള്ള ലൈംഗിക ബന്ധങ്ങൾക്ക് പ്രത്യുത്പാദനവുമായി ഇപ്പോഴുള്ള ബന്ധം പോലും ഇല്ലാതാകും. ലൈംഗികത എന്നത് ആസ്വാദനത്തിനു മാത്രമാകും. പവിത്രവും പാപവും പറഞ്ഞുനടക്കുന്ന സദാചാരക്കമ്പനികളൊക്കെ കുറച്ചു ബുദ്ധിമുട്ടും.

മൂന്നാമത് ബെഡ്‌റൂമിനുള്ളിലേക്ക് റോബോട്ടിക് പങ്കാളികളും സിബിയൻ (sybian machine) യന്ത്രങ്ങളും അനവധിയായ സെക്‌സ് കളിപ്പാട്ടങ്ങളും കടന്നുവരും. ഇത് എല്ലാവരുടെയും ലൈംഗിക ജീവിതത്തെ കൂടുതൽ പൊലിപ്പിക്കും. പ്രത്യേകിച്ച് പങ്കാളികളില്ലാത്തവർ, ഭിന്നശേഷിയുള്ളവർ എന്നിവരുടെ.

റോബോട്ടിക് പങ്കാളിയും ഹാപ്റ്റിക് തലോടലും സാധ്യമാകുന്നതോടെ വിവാഹജീവിതത്തിൽ ലോയൽറ്റി, വിവാഹേതര ബന്ധങ്ങൾ ഇവയുടെ ഇപ്പോഴത്തെ നിർവചനം പോരാതെ വരും. ഞാനുമെന്റാളും പിന്നൊരു റോബോട്ടുമായി ചേർന്ന് ലൈംഗികകൃത്യങ്ങളിൽ ഏർപ്പെട്ടാൽ അത് ത്രീസം ആണോ അതോ 2 + ആണോ എന്ന് നമുക്ക് ചിന്തിക്കേണ്ടി വരും.

          ഹോമോ സെക്ഷ്വൽറ്റി എന്നതിന്റെ നിർവചനം മാറും. സെക്‌സും റീ പ്രൊഡക്ഷനും തമ്മിലുള്ള ബന്ധം പൂർണമായി അറ്റുപോകുകയും നിർമ്മിത ബുദ്ധിയുള്ള ആണായും പെണ്ണായും കോൺഫിഗർ ചെയ്യാവുന്ന യുണിസെക്‌സ് റോബോട്ടുകൾ മാർക്കറ്റിൽ എത്തുകയും ചെയ്യുമ്പോൾ മനുഷ്യന്റെ ലൈംഗിക ജീവിതത്തെ അളക്കാൻ കിൻസിയുടെ സ്‌കെയിൽ മതിയാകാത വരും.

          വിവാഹം, സെക്‌സ്, കുട്ടികൾ ഇവയെല്ലാം തമ്മിലുള്ള പരസ്പരബന്ധം കുറയുകയും മനുഷ്യായുസ് നൂറിന് മുകളിലാകുകയും ചെയ്യുമ്പോൾ ഇരുപത് വയസിൽ കല്യാണം കഴിച്ച് 'until death do us part' എന്നുള്ള പ്രതിജ്ഞയെടുക്കാൻ നിർമ്മിതബുദ്ധിയുള്ള റോബോട്ടിനെ പോലും കിട്ടാതാകും.

         

ഇവിടെയാണ് അമേരിക്കയുടെ ഭവന സങ്കൽപ്പത്തിന്റെ പ്രസക്തി. ആളുകളുടെ പങ്കാളി സങ്കൽപം പ്രായത്തിനനുസരിച്ച് മാറിവരും. പതിനഞ്ചു മുതൽ ഇരുപത്തിയഞ്ചോ മുപ്പതോ വയസു വരെയുള്ള - ലൈംഗികത മുന്നിട്ടു നിൽക്കുന്ന പ്രായത്തിൽ നമ്മൾ ആഗ്രഹിക്കുന്ന പങ്കാളികളായിരിക്കണമെന്നില്ല, നമുക്ക് കുട്ടികളെ ഉണ്ടാക്കാനും വളർത്താനും വേണ്ടത്. നമ്മുടെ മക്കളുടെ അച്ഛനോ അമ്മയോ ആയിരിക്കണമെന്നില്ല അൻപത് വയസു കഴിഞ്ഞാലോ കുട്ടികൾ വീട് വിട്ടു പോയതിനു ശേഷമോ നമുക്ക് ഏറ്റവും അഭികാമ്യമായ പങ്കാളിയും സാന്നിധ്യവും.

          നമ്മുടെ പ്രായമനുസരിച്ച് സാമൂഹ്യവും ലൈംഗികവുമായ ആവശ്യങ്ങളനുസരിച്ച് പങ്കാളികൾ മാറിവരുന്ന ഒരു സമൂഹം ഉണ്ടാകും. വിവാഹം എന്നത് ഒരു ജീവിതകാല സങ്കൽപം ആയിരിക്കില്ല. ഒരു നിശ്ചിത കാലയളവിലേക്കുള്ള കോൺട്രാക്ട് ആയിരിക്കും.

          ഇക്കാര്യങ്ങളെല്ലാം ഇന്ന് ചിന്തിക്കാൻ ചിലർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങൾക്കറിയാം. നാം പരിചയപ്പെട്ടിരിക്കുന്ന ഒരു സമൂഹ സങ്കൽപ്പത്തിന്റെ മാറ്റിമറിക്കലാകും ഇത്. എന്നാൽ ഇതൊക്കെയാകും ഭാവിയിൽ സംഭവിക്കാൻ പോകുന്നത്. ഒറ്റയടിക്കല്ല, ഘട്ടം ഘട്ടമായി!'.

ചുരുക്കത്തിൽ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളിയുടെ ലൈംഗികജീവിതത്തെയും അതിന്റെ സ്ഥാപനപരവും അനുഭൂതിപരവും മൂല്യപരവുമായ യാഥാസ്ഥിതിക ചുറ്റുപാടുകളെയും ചൂണ്ടിക്കാണിക്കുകയും സ്വതന്ത്രവും സന്തുഷ്ടവും സമ്മതാധിഷ്ഠിതവുമായ ഒരു ലൈംഗികസംസ്‌കാരം സ്വായത്തമാക്കാൻ മലയാളി ഉത്തരവാദിത്തത്തോടെ ആർജ്ജിക്കേണ്ട കുറെ കാര്യങ്ങൾ പറഞ്ഞുവയ്ക്കുകയാണ് ഈ പുസ്തകം. ഇൻസ്റ്റഗ്രാം തലമുറയുടെയും ഡേറ്റിങ് ആപ്പുകളുടെയും കാലത്തുപോലും സൗന്ദര്യാത്മകമായ ഒരു ലൈംഗികജീവിതത്തിന് ബാധകമാകുന്നവയാണ് ഈ നിരീക്ഷണങ്ങൾ. അവ ഇങ്ങനെ സംഗ്രഹിക്കാം:

1. ലൈംഗികതയെ സ്വാഭാവികവും ധനാത്മകവും മാനുഷികവും പ്രകൃതിപരവുമായ ഒരു ചോദനയും ആവശ്യവുമായി മനസ്സിലാക്കുക.

2. ശാസ്ത്രീയവും സ്വതന്ത്രവും കാലോചിതവുമായ ലൈംഗികവിജ്ഞാനം ആർജ്ജിക്കുകയും ലൈംഗികതയെക്കുറിച്ചു നിലനിൽക്കുന്ന മിത്തുകളും കെട്ടുകഥകളും വിവേചിച്ചറിയുകയും ചെയ്യുക.

3. ഉഭയസമ്മതപ്രകാരം വ്യക്തികൾക്ക് യഥേഷ്ടം അനുഭവിക്കാനും ആസ്വദിക്കാനുമുള്ള ആനന്ദമാർഗമായി രതിയെ തിരിച്ചറിയുക.

4. ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പുലർത്തുകയും അവയെ നിയമപരമായി നേരിടുകയും ചെയ്യുക.

5. ലൈംഗികജീവിതത്തെ സർഗാത്മകവും സൗന്ദര്യാത്മകവും ജനാധിപത്യപരവുമായി വഴിതിരിച്ചു വിടുക.

          പൊതുവെയെന്നല്ല, മലയാളികളുടെയെങ്കിലും ലൈംഗികസംസ്‌കാരത്തെയും ജീവിതത്തെയും കുറിച്ചു നടത്തിയ മൗലികമായ ഗവേഷണത്തിന്റെയോ വിപുലമായ രേഖാധിഷ്ഠിത പഠനത്തിന്റെയോ ഫലമല്ല ഈ പുസ്തകം. മറിച്ച്, അസാമാന്യമായ സാമാന്യബോധത്തോടെയും സൂക്ഷ്മമായ സാമൂഹ്യനിരീക്ഷണത്തോടെയും ശാസ്ത്രീയമായ ലൈംഗികവിജ്ഞാനത്തോടെയും മലയാളികളുൾപ്പെടെയുള്ളവരുടെ ലൈംഗികകാമനകളെയും കമ്പങ്ങളെയും സ്വതന്ത്രവും കാലികവുമായ കാഴ്ചപ്പാടുകളിൽ വിശകലനം ചെയ്യുന്ന ഇടപെടലുകളാണ്.

          മലയാളിയുടെ അടഞ്ഞ ലൈംഗികലോകങ്ങളെയും ജീവിതാനന്ദത്തിന്റെ വഴിയിൽ രതിയെ പാപമോ പവിത്രതയെ ആയി മുദ്രകുത്തി ഒരുപോലെ അന്യവൽക്കരിക്കുന്ന മനോനിലകളെയും കുറിച്ച് ഗ്രന്ഥകർത്താക്കൾ പുലർത്തുന്ന തിരിച്ചറിവാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മൂലധനം. അതുകൊണ്ടാണ് കൂസലേതുമില്ലാതെ സ്വതന്ത്രവും സുന്ദരവും സമ്മതാധിഷ്ഠിതവുമായ ലൈംഗികജീവിതത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ ഈ ഗ്രന്ഥം ആദ്യന്തം മുന്നോട്ടുവയ്ക്കുന്നത്.  മലയാളിയുടെ കപടധാർമ്മിക സദാചാരങ്ങളെയും അബദ്ധജ്ഞാനപ്പഞ്ചാംഗങ്ങളെയും വ്യാജലൈംഗിക സംഭീതികളെയും കുറിച്ചുള്ള വിമർശനവും ഈ രചനയുടെ അബോധത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഒരുപക്ഷെ ഈ പുസ്തകം പോലും പരസ്യമായി വീടുകളിൽ വായിക്കാനോ സൂക്ഷിക്കാനോ മടിക്കുന്ന മലയാളികളെക്കുറിച്ചുള്ള തിരിച്ചറിവായും ഇതു കാണേണ്ടിവരും.

പുസ്തകത്തിൽനിന്ന്

'ഇപ്പോൾ ഞാൻ സ്ത്രീകളുമായി ലൈംഗികതയെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ സ്ഥിരമായി  ചോദിക്കുന്ന ഒരു ചോദ്യമാണ് നിങ്ങൾ ഹൈറ്റ് റിപ്പോർട്ട് വായിച്ചിട്ടുണ്ടോ എന്ന്. ഇന്നുവരെ ഉണ്ട് എന്ന ഉത്തരം എനിക്ക് കിട്ടിയിട്ടില്ല. ഇതെന്നെ നിരാശപ്പെടുത്തുന്നു. കേരളത്തിലെ പന്ത്രണ്ടാം ക്ലാസിൽ നിർബന്ധ പഠനവിഷയമാക്കേണ്ട പുസ്തകമാണിത്.

സ്ത്രീകളുടെ ലൈംഗികതയെപ്പറ്റി നടത്തിയ പഠനത്തിന്റെ വിവരങ്ങളാണ് ഈ പുസ്തകത്തിൽ ക്രോഡീകരിച്ചിരിക്കുന്നത്. ശാസ്ത്രവും മനഃശാസ്ത്രവും ഒന്നുമല്ല ഈ പഠനത്തിന്റെ രീതി. ഒരു ചോദ്യാവലിയിൽ നേരിട്ട് ചോദിക്കുന്ന കാര്യങ്ങൾക്ക് കിട്ടിയ ഉത്തരങ്ങൾ ക്രോഡീകരിക്കുന്നതാണ് രീതി. ആയിരക്കണക്കിന് സ്ത്രീകളിൽ നിന്നാണ് ഉത്തരം കിട്ടിയിരിക്കുന്നത്. അതിനാൽ ഇതിലെ ഉത്തരങ്ങൾക്ക് ശാസ്ത്രീയ അടിത്തറയുണ്ട്, സാമൂഹ്യപ്രാധാന്യവുമുണ്ട്.

വളരെ പ്രധാനപ്പെട്ട, എന്നാൽ അന്നുവരെ ശാസ്ത്രജ്ഞന്മാർ ഉൾപ്പെടെയുള്ളവർ അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ചില കാര്യങ്ങളാണ് ഹൈറ്റ് റിപ്പോർട്ട് മുന്നോട്ട് വെച്ചത്.

1. എല്ലാ സ്ത്രീകൾക്കും കാല-ദേശ - പ്രായ - ഭേദമെന്യേ രതിമൂർച്ഛയിലെത്താനുള്ള കഴിവുണ്ട്. മാസ്റ്റേഴ്‌സ് ആൻഡ് ജോൺസൺ പറഞ്ഞിരുന്ന സെക്ഷ്വലി ഡിസ്ഫങ്ഷണൽ വുമൺ എന്ന് പറയുന്നത് അജ്ഞതയുടെയും സമൂഹത്തിന്റെ കണ്ടീഷനിങ്ങിന്റെയും സൃഷ്ടിയാണ്. (രതിമൂർച്ഛ നേടുന്നതിന് ആവശ്യമായ ഉത്തജനം ലൈംഗികബന്ധത്തിനിടയിൽ ക്ലിറ്റോറിസിൽ നൽകേണ്ടതാണെന്നും, അങ്ങനെയുണ്ടായിട്ടും രതിമൂർച്ഛയിലെത്താതിരുന്നാൽ അത് സ്ത്രീകളിലെ സെക്ഷ്വൽ ഡിസ്ഫങ്ഷൻ കാരണമായിരിക്കാമെന്നുമുള്ള അനുമാനമാണ് മാസ്റ്റേഴ്‌സ് ആൻഡ് ജോൺസൺ നൽകിയത്).

2. പരമ്പരാഗത രീതിയിലുള്ള സംഭോഗത്തിലൂടെ 70 ശതമാനം സ്ത്രീകൾക്കും ഒരിക്കൽപോലും രതിമൂർച്ഛയിലെത്താൻ സാധിച്ചിട്ടില്ല. സമൂഹത്തിന്റെ സെക്ഷ്വൽ കണ്ടീഷനിങ് ഈ കൂട്ടരെ ലൈംഗിക ആനന്ദത്തിൽനിന്നും അകറ്റിനിർത്തിയിരിക്കുകയാണ്.

3. എന്നാൽ സ്വയംഭോഗത്തിലൂടെ (ക്ലിറ്റോറിസ് ഉത്തേജിപ്പിക്കുന്നതിലൂടെ) നൂറു ശതമാനം സ്ത്രീകൾക്കും രതിമൂർച്ഛയിലെത്താനാകും. സ്വയംഭോഗത്തിന് ധാരാളം മാർഗ്ഗങ്ങളുണ്ടെങ്കിലും മാർഗം പ്രധാനമേയല്ല.

പുസ്തകമിറങ്ങിയപ്പോൾ ഹൈറ്റിനെതിരെ ശാസ്ത്രജ്ഞന്മാരുടെയും സദാചാരക്കാരുടെയും ഇടയിൽനിന്ന് ശക്തമായ എതിർപ്പുണ്ടായി. അത് തയ്യാറാക്കിയ ഹൈറ്റിനെതിരെ (Shere Hite) ശാരീരികമായ ആക്രമണം പോലുമുണ്ടായി. അമേരിക്കയിൽ ജീവിതം ദുഃസഹമായതിനാൽ അവർക്ക് ജർമ്മനിയിലേക്ക് കുടിയേറിപ്പാർക്കേണ്ടി വന്നു.

          പക്ഷേ, ഒറ്റ തലമുറകൊണ്ട് പാശ്ചാത്യലോകത്തെ ലൈംഗികചിന്തകൾ മാറ്റിയെടുക്കാൻ ഹൈറ്റിനു കഴിഞ്ഞു. ലൈംഗിക ആനന്ദത്തിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് തുല്യ ആനന്ദ സാധ്യത ഉണ്ടെന്നത് അവരെ ആഹ്ലാദിപ്പിച്ചു. ആ ആനന്ദത്തിനായി പുരുഷന്റെ സഹായം ആവശ്യമില്ല എന്നത് അവർക്ക് കിടപ്പറയിൽ കൂടുതൽ ധൈര്യം നൽകി. ചുരുക്കിപ്പറഞ്ഞാൽ സ്വന്തം ലൈംഗികതയുടെ ചുക്കാൻ സ്ത്രീകൾ സ്വന്തം കൈയിലേക്കെടുത്തു, എല്ലാ അർത്ഥത്തിലും.

          ഹൈറ്റ് റിപ്പോർട്ട് മാത്രമായിരുന്നില്ല ഇരുപതാം നൂറ്റാണ്ടിൽ ലൈംഗികതയെ മാറ്റിമറിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ ഒന്നാം പാദത്തിൽ ഇപ്പോഴത്തെ പാശ്ചാത്യലോകവും ഏതാണ്ട് ഇന്നത്തെ കേരളം പോലെതന്നെ സാമൂഹ്യമായി പിന്തിരിപ്പനും ആൺ മേധാവിത്വം നിറഞ്ഞതും ലൈംഗിക കാര്യങ്ങളെ മോശമായി കാണുന്നതുമായിരുന്നു.

          ഇതിനൊരു മാറ്റം കുറിച്ചത് അമേരിക്കയിലെ ഇന്ത്യാന സർവകലാശാലയിലെ ബയോളജി ഗവേഷകൻ ആൽഫ്രഡ് കിൻസിയാണ്. (Alfred Kinsey). 1948ൽ sexual behaviour in the human male എന്ന റിപ്പോർട്ട് അദ്ദേഹം പുറത്തിറക്കി. കിൻസി റിപ്പോർട്ട് എന്നാണ് അതറിയപ്പെടുന്നത്. സഹപ്രവർത്തകർക്കിടയിൽ നടത്തിയ ലൈംഗിക പരീക്ഷണങ്ങൾ, നിരീക്ഷണങ്ങൾ, ലൈംഗിക തൊഴിലാളികളോടും സെക്‌സ് ക്രിമിനലുകളോടും ചോദിച്ചറിഞ്ഞ വിവരങ്ങൾ എല്ലാം ചേർത്താണ് അദ്ദേഹം റിപ്പോർട്ട് തയ്യാറാക്കിയത്. 5300 ആണുങ്ങളോടും 6000 സ്ത്രീകളോടും അദ്ദേഹം ഇന്റർവ്യൂ നടത്തി വിവരങ്ങൾ ശേഖരിച്ചു. ഇന്നത്തെ ശാസ്ത്രീയരീതികളുടെയും എത്തിക്‌സിന്റെയും അളവുകോലിൽ അന്നത്തെ പഠനം അത്ര ഉന്നതമായിരുന്നില്ലെങ്കിൽപോലും അന്നത്തെ അമേരിക്കയിൽ അതേ സാധ്യമായിരുന്നുള്ളു.

          അമേരിക്കയിലെ വിവാഹിതരായ ദമ്പതികൾ ഇരുപത് വയസിനു മുൻപ് ആഴ്ചയിൽ ശരാശരി മൂന്നു തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ അൻപത് വയസാകുമ്പോഴേക്കും അത് ഒന്നിൽ താഴെയായി ചുരുങ്ങുന്നു എന്ന നിരുപദ്രവമായ കണ്ടെത്തലോടെയാണ് റിപ്പോർട്ട് തുടങ്ങുന്നത്. എന്നാൽ പുരുഷന്മാരിൽ രണ്ടിലൊന്ന് പേർക്കും സ്ത്രീകളിൽ നാലിലൊന്നിനും അൻപത് വയസിനു മുൻപ് ഒരിക്കലെങ്കിലും വിവാഹത്തിന് പുറത്ത് ലൈംഗികബന്ധങ്ങൾ ഉണ്ടെന്നുള്ള കണ്ടെത്തൽ അമേരിക്കക്കാർക്ക് ദഹിക്കാനായില്ല. (ഇന്ന് കേരളത്തിൽ ഇത്തരത്തിലൊരു പഠനം നടത്തിയാൽ എന്തായിരിക്കും ഉത്തരം?) പോരാത്തതിന് ആണുങ്ങളിൽ പത്തു ശതമാനം പേരും സ്വവർഗ്ഗാനുരാഗികളാണെന്നും മുപ്പത്തിയേഴ് ശതമാനത്തിനും എന്തെങ്കിലുമൊക്കെ സ്വവർഗ്ഗാനുരാഗ അനുഭവമുണ്ടെന്നും കിൻസി കണ്ടെത്തുമ്പോൾ സ്വവർഗ്ഗാനുരാഗം കുറ്റവും രോഗവും ആയിക്കണ്ട സമൂഹത്തിന് അത് വലിയ ആഘാതമായി. എഴുപത് ശതമാനം പുരുഷന്മാരും രണ്ടു മിനിറ്റിനുള്ളിൽ സ്ഖലനമുണ്ടാകുമെന്ന് വെളിപ്പെടുത്തിയത് ഏറെപ്പേർക്ക് ആശ്വാസവുമായിക്കാണണം.

കിൻസിയുടെ പഠനം ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരം ഒരു പഠനം നടന്നു എന്നതാണ് പ്രധാനം. ലോകത്തെ ലൈംഗികതയെപ്പറ്റി പഠിക്കാനുള്ള കിൻസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യനാ യൂണിവേഴ്‌സിറ്റി അദ്ദേഹമാണ് സ്ഥാപിച്ചത്. 2019 ൽ കേരളത്തിൽ പോലും ഇത്തരമൊരു പഠനം നടന്നിട്ടില്ല എന്നതും, 33 കോടി ജനസംഖ്യയുള്ള കേരളത്തിൽ ലൈംഗികതയെക്കുറിച്ച് പഠിക്കാൻ ഒരു സ്ഥാപനമില്ല എന്നതും നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.

ഇരുപതാം നൂറ്റാണ്ടിലെ ലൈംഗികതയെക്കുറിച്ചുള്ള മൂന്നാമത്തെ പ്രധാന പഠനം നടത്തിയത് അമേരിക്കയിലെ സെയിന്റ് ലൂയിഡിലെ വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിൽ ഗവേഷക ദമ്പതികളായിരുന്ന മാസ്റ്റേഴ്‌സും ജോൺസണും ആയിരുന്നു.

ലൈംഗികകൃത്യങ്ങൾ നേരിട്ട് നിരീക്ഷിച്ച് 1957 മുതൽ 1990 വരെ ഇവരുടെ പഠനങ്ങൾ തുടർന്നു. 1978 ൽ അവരുടെ ഗവേഷണശാലയെ മാസ്റ്റേഴ്‌സ് ആൻഡ് ജോൺസൻ എന്ന് നാമകരണം ചെയ്തു.

സ്ത്രീകളുടെ രതിമൂർച്ഛയുടെ നിരീക്ഷണ പഠനമാണ് ഇവരുടെ സംഭാവനകളിൽ ഏറ്റവും പ്രധാനം. സ്ത്രീകൾക്ക് യോനിയിൽ നിന്നും ക്ലിറ്റോറിസിൽനിന്നും രണ്ടുതരത്തിൽ രതിമൂർച്ഛയിലെത്താമെന്നും, അതിൽ യോനിയിൽ നിന്ന് ലഭിക്കുന്നതാണ് കൂടുതൽ മഹത്തരമെന്നുമായിരുന്നു അന്നുവരെ ആളുകളുടെ ചിന്ത. ഇത് പൊട്ടത്തെറ്റാണെന്നും രണ്ട് രതിമൂർച്ഛയുടെയും രീതിയും ഭാവവും ഒന്നാണെന്നും ഇവരുടെ പരീക്ഷണങ്ങൾ അസന്ദിഗ്ദ്ധമായി തെളിയിച്ചു.

1962 ൽ human sexual response എന്ന പുസ്തകവും, 1970 ൽ human sexual inadequacy എന്ന പുസ്തകവും മാസ്റ്റേഴ്‌സ് ആൻഡ് ജോൺസൻ പ്രസിദ്ധീകരിച്ചു. ഇതിലെ രണ്ടാമത്തെ പുസ്തകം അന്ന് നിലനിന്നിരുന്ന ആൺ കേന്ദ്രീകൃത സാമൂഹ്യമൂല്യങ്ങളെ പിന്തുണയ്ക്കുന്നതും അശാസ്ത്രീയവുമാണെന്ന് ഹൈറ്റ് ഉൾപ്പെടെയുള്ളവർ വിമർശിച്ചിട്ടുണ്ട്.

ഈ പുസ്തകങ്ങൾ മലയാളി അറിയണം, എഴുതിയ ഗവേഷകരെയും അവർ നേരിട്ട സാമൂഹ്യ എതിർപ്പുകളെയും ചേർത്ത്. അമേരിക്കയിലും പാശ്ചാത്യരാജ്യങ്ങളിലും ആളുകൾ അനുഭവിക്കുന്ന ലൈംഗിക സ്വാതന്ത്ര്യം കണ്ട് കണ്ണുകടിയുണ്ടായിട്ട് മാത്രം കാര്യമില്ല. കാലത്തിനു മുൻപേ നടക്കാനും അതിന്റെ പേരിൽ തല്ലുകൊള്ളാനും അവിടെ ആളുണ്ടായതുകൊണ്ട് സംഭവിച്ച കാര്യങ്ങളാണ്. ലൈംഗിക സ്വാതന്ത്ര്യം ഗാന്ധിജിയുൾപ്പെടെയുള്ളവർ വാങ്ങിത്തന്ന 'സ്വാതന്ത്ര്യ' പാക്കേജിൽ ഇല്ല. അത് നമ്മൾ സമരം ചെയ്ത് നേടേണ്ടതുതന്നെയാണ്'. 

സെക്‌സ് 21
മുരളി തുമ്മാരുകുടി
നീരജ ജാനകി
ഡി.സി. ബുക്‌സ്
2023
225 രൂപ