- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മലോകങ്ങൾ, അപരലോകങ്ങൾ
ഭാവന(imagination)യാണ് മനുഷ്യരെ ഇതര ജീവികളിൽനിന്നു വ്യത്യസ്തരാക്കുന്ന ഏറ്റവും മൗലികമായ സ്വഭാവവിശേഷമെന്നും ആ സിദ്ധികൊണ്ട് കഥപറയുന്ന സംസ്‌കാരം സൃഷ്ടിക്കാൻ മനുഷ്യരെ സഹായിക്കുന്നത് പലതരം യാഥാർഥ്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണെന്നും നരവംശശാസ്ത്രപഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. വസ്തുനിഷ്ഠയാഥാർഥ്യം, ആത്മനിഷ്ഠയാഥാർഥ്യം എന്നിവപോലെയോ അവയിലധികമോ പ്രധാനമാണ് Inter-subjective എന്നു വിളിക്കാവുന്ന സാങ്കല്പിക യാഥാർഥ്യങ്ങൾ (Imagined Realities) എന്ന് യുവാൽ നോവാ ഹരാരി (Sapiens എന്ന വിഖ്യാതഗ്രന്ഥത്തിൽ). വാസ്തവത്തിൽ സംസ്‌കാരം എന്നു വിളിക്കപ്പെടുന്നതുതന്നെ ഇത്തരം ഭാവിതയാഥാർഥ്യങ്ങളും അവ സൃഷ്ടിക്കുന്ന സാങ്കല്പിക ക്രമങ്ങളുമാണെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളും മതങ്ങളും ദേശീയതയും കോർപ്പറേറ്റ് മൂലധനവ്യവസ്ഥയുമൊക്കെ ഈ ക്രമങ്ങളിൽ പെടുന്നു. Peugeot കമ്പനിയുടെ അസ്തിത്വവും അർഥവിനിമയങ്ങളും മുൻനിർത്തി ഹരാരി ഈ പരികല്പന വിശദീകരിക്കുന്നുണ്ട്.
മനുഷ്യസംസ്‌കാരത്തിന്റെ തനതും സർഗാത്മകവുമായ സാധ്യതകളിലൊന്നായ കഥപറച്ചിലിന്റെയും അത് സൃഷ്ടിക്കുന്ന കഥാത്മകയാഥാർഥ്യത്തിന്റെയും ഭിന്നജീവിതങ്ങളെക്കുറിച്ചാലോചിക്കുമ്പോഴും, മൂർത്തവും ഇന്ദ്രിയബദ്ധവുമായ വസ്തുനിഷ്ഠയാഥാർഥ്യങ്ങൾക്കും ഉണ്ടെന്നോ ഉണ്ടായതെന്നോ ഉണ്ടാകാവുന്നതെന്നോ കരുതപ്പെടുന്ന (സംഘാബോധങ്ങളായി പ്രവർത്തിക്കുന്ന) സാങ്കല്പികയാഥാർഥ്യങ്ങൾക്കും അപ്പുറം ആത്മനിഷ്ഠയാഥാർഥ്യങ്ങളുടെ ഒരു ലോകം നമ്മെ കാത്തിരിക്കുന്നുണ്ട്. കേവലഭാവനയായോ മനോനിലകളുടെ അടരുകളായോ പ്രതീതികളായോ ഇവയെ കാണുന്നതിനെക്കാൾ ഉചിതം ജീവിതത്തിന്റെ അർഥം വ്യാഖ്യാനിക്കാൻ കഥാകൃത്തുക്കൾ കണ്ടെത്തുന്ന ഭാവരൂപകം എന്നുതന്നെ കരുതുന്നതാണ്.
നിശ്ചയമായും യാഥാർഥ്യത്തെ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായല്ലാതെ മൂന്നാമതൊരു രീതിയിൽ ആഖ്യാനം ചെയ്യുന്ന മാജിക്കൽ റിയലിസം പോലുമല്ല ഇവ. മറിച്ച്, ഒരു വ്യക്തിയുടെ ജീവിതത്തെ അടിമുടി മാറ്റിമറിക്കുന്ന, അസ്തിത്വത്തെ വഴിതിരിച്ചുവിടുന്ന, ആത്മലോകങ്ങളെ രൂപപ്പെടുത്തുന്ന, അയുക്തികം പോലുമായ ആത്മനിഷ്ഠയാഥാർഥ്യങ്ങളാണ്. ഇത്തരം ആത്മ-യാഥാർഥ്യങ്ങളെ ചെറുകഥയുടെ ആഖ്യാനകലയിൽ കേന്ദ്രരൂപകമായി സന്നിവേശിപ്പിച്ചുകൊണ്ട് കഥയെഴുത്തിന്റെ ഭിന്നവും സവിശേഷവുമായൊരു രീതിയവതരിപ്പിക്കുകയാണ് സി. സന്തോഷ്‌കുമാർ. 'ചതുരമുല്ല' എന്ന അദ്ദേഹത്തിന്റെ ആദ്യസമാഹാരത്തിലെ മിക്ക രചനകളുടെയും കലാപദ്ധതി ആത്മയാഥാർഥ്യങ്ങളെയും അവ സൃഷ്ടിക്കുന്ന ആത്മലോകങ്ങളെയും അപരയാഥാർഥ്യങ്ങൾക്കും അവ നിർമ്മിക്കുന്ന അപരലോകങ്ങൾക്കും മുഖാമുഖം നിർത്തുന്ന ഈയൊരു ഭാവവിശേഷമാണ്.
വാസ്തികതക്കപ്പുറം, ആനുഭവികമോ കല്പിതമോ ഭാവിതമോ സാങ്കല്പികമോ ഒക്കെയായ ചില യാഥാർഥ്യങ്ങൾ ജീവിതത്തിൽ സൃഷ്ടിക്കുന്ന ചെറിയ ചെറിയ ഭൂകമ്പങ്ങളെക്കുറിച്ചാണ് ഈ കഥകൾ. മറ്റാരും കാണാത്ത കാഴ്ചകളാകാം. മറ്റാരും കേൾക്കാത്ത ശബ്ദങ്ങളാകാം. സംഭവിക്കാത്തതെന്ന് മറ്റുള്ളവർ കരുതുന്ന കാര്യങ്ങളാകാം. നടക്കാത്തതെന്ന് തോന്നിപ്പിക്കുന്ന ഓർമ്മകളാകാം. ഓർമ്മകളിൽ തികട്ടിവരുന്ന മറവികളാകാം. ഇല്ലാത്ത ഇടങ്ങളോ സ്ഥലങ്ങളോ ആകാം. ഇളകിമറിഞ്ഞ ആഖ്യാനമാകാം. അനുഭവിച്ചതെന്ന് ഒരാൾക്കു തോന്നുന്ന സംഗതി, അങ്ങനെയൊന്നുണ്ടായിട്ടേയില്ല എന്ന് മറ്റൊരാൾക്കു തോന്നുന്നതെന്തുകൊണ്ടാവാം? സംഭവിക്കാത്ത ഒരു കാര്യം സംഭവിച്ചു എന്ന് ഒരാൾക്കു വിശ്വസിക്കേണ്ടിവരുന്നത് എന്തുകൊണ്ടാവാം? സംഭവിച്ച കാര്യം സംഭവിച്ചിട്ടില്ല എന്നോ മറിച്ചോ വിചാരിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നതെന്താവാം? ഒറ്റ ഉത്തരമേയുള്ളു. ആത്മനിഷ്ഠയാഥാർഥ്യങ്ങളുടെ ആനുഭവികമായ അനുഭൂതിവിശേഷം. മറ്റാരുമനുഭവിക്കാത്ത എത്രയെങ്കിലും ഭാവപ്രതീതികൾ ഓരോ മനുഷ്യരുടെയും ഉടലിലും ഉണ്മയിലും ഭാവനയിലും ഓർമ്മയിലും സ്വപ്നത്തിലും ആഗ്രഹത്തിലും ഏകാന്തതയിലും ഭയങ്ങളിലും കാമനാബിംബങ്ങളായി തെഴുത്തുനിൽക്കും! അവ നൽകുന്നതിലധികം ഒരർഥവും ഒരു മൂല്യവും ജീവിതത്തിൽ മറ്റൊന്നും അവർക്കു നൽകുന്നുണ്ടാവില്ല. ഒരിക്കലും, ഒരിടത്തും രണ്ടുപേർ ഒരുപോലെ ജീവിക്കുന്നില്ല, ജീവിതം അനുഭവിക്കുന്നില്ല എന്ന വസ്തുതക്കടിവരയിട്ടുകൊണ്ട് ആത്മയാഥാർഥ്യങ്ങളുടെ കുഴമറിഞ്ഞ ലോകത്തെയാണ് 2020ൽ കഥയെഴുത്താരംഭിച്ച സന്തോഷ്‌കുമാർ തന്റെ രചനകളിൽ തേടിപ്പിടിക്കുന്നത്.
'വിലങ്ങോലിൽ എന്നു പേരുള്ള വീടുകൾ' എന്ന കഥയിൽ, അരനൂറ്റാണ്ടു മുൻപത്തെ ചില കാര്യങ്ങൾ സുനിൽമാണിയെന്ന റിട്ട. പ്രൊഫസർ മുരളീകൃഷ്ണൻ എന്ന ശിഷ്യനുമായി പങ്കുവയ്ക്കുന്ന സന്ദർഭങ്ങളിലൊന്ന് ഇങ്ങനെയാണ്. അഞ്ചോ ആറോ വയസ്സ് പ്രായമുള്ള കാലം. മലബാറിലേക്കു കുടിയേറിപ്പോകുന്ന ഒരു കുടുംബം അയൽപക്കത്തെ ബന്ധുവീട്ടിലെത്തി രണ്ടുമാസം താമസിക്കുന്നു. ആ കുടുംബത്തിലെ സെബാൻ എന്ന കുട്ടിയുമായി സുനിലിനുണ്ടാകുന്ന ആത്മബന്ധത്തിന്റെ ഓർമ്മകൾ കഥയിൽ ഇങ്ങനെ വായിക്കാം:
'അക്കാലത്തെ ഏറ്റവും ദീപ്തമായ ഒരു ഓർമ്മ ഞാനും സെബാനും കൂടി കുതിരവണ്ടി കളിക്കുന്നതായിരുന്നു.
അടുത്തടുത്ത് ഇരട്ടകളെപ്പോലെ നിന്നിരുന്ന രണ്ടു കവുങ്ങുകളെ തമ്മിൽ ബന്ധിച്ചുകൊണ്ട് ഒരു ഓലമടലു വെച്ചുകെട്ടി, കാല് ഇരുവശങ്ങളിലേക്കുമിട്ട് ഞങ്ങൾ മടലിന്മേൽ കയറിയിരിക്കും. അക്കാലത്ത് ഞങ്ങൾ ഒരു കുതിരവണ്ടി പോയിട്ട് ഒരു കുതിരയെപ്പോലും കണ്ടിട്ടില്ലെന്നോർക്കണം. ഒരു കുതിരയുടെ ചിത്രമെങ്കിലും കണ്ടിട്ടുള്ളത് സെബാൻ മാത്രമായിരുന്നു. അങ്ങനെ ഒരു മൃഗമുണ്ടെന്നും അതു വലിക്കുന്ന ഒരു വണ്ടിയുണ്ടെന്നും ഒക്കെ ആരോ പറഞ്ഞുകേട്ടുള്ള അറിവാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ഒരു ഭാവനാചിത്രം മാത്രമാണ്. ആ ഭാവനാചിത്രത്തെ കവുങ്ങുകൾക്കിടയിൽ ഒരു മടലു കെട്ടിവെച്ച് അതിന്മേൽ കയറിയിരുന്ന് ഒരു യാഥാർത്ഥ്യമായി ആവിഷ്‌കരിക്കുകയാണ് ഞങ്ങൾ.
ആദ്യം സെബാൻ കുതിരയാകും. ഞാൻ അവന്റെ പിന്നിലിരുന്ന് കാൽവിരലുകൾ മണ്ണിലൂന്നി ശരീരം തുള്ളിച്ചുകൊണ്ട് കുതിരയെ തെളിക്കും. പിന്നെ ഞാൻ കുതിരയാകും. അവൻ എന്റെ പിന്നിലിരുന്ന് അതേപോലെ ശരീരം തുള്ളിച്ചുകൊണ്ട് കുതിരയെ തെളിക്കും. ഇങ്ങനെ ഞാനും അവനും മാറിമാറി കുതിരയാവുകയും കളി തുടർന്നുകൊണ്ടിരിക്കുകയും ചെയ്യും. മീനപ്പകലിന്റെ ചൂടാണെന്നോർക്കണം. ഞങ്ങളുടെ വേഷമാണെങ്കിൽ വെറും ഹാഫ് ട്രൗസറും. കുറച്ചു കഴിയുമ്പോൾ എന്റെയും സെബാന്റെയും ദേഹങ്ങൾ വിയർക്കാൻ തുടങ്ങും. കുതിരയെ തെളിച്ചുകൊണ്ട് തുള്ളുമ്പോൾ വിയർത്ത രണ്ടു ദേഹങ്ങൾക്കുമിടയിൽ തെന്നുന്ന ഒരു വഴുക്കൽ രൂപപ്പെടാൻ തുടങ്ങുന്നത് ഞങ്ങളറിയും. പിന്നെയങ്ങോട്ട് ആ കളിക്ക് ഒരു പ്രത്യേക ലഹരിയാണ്. എത്ര ദാഹിച്ചാലും എത്ര വിശന്നാലും എത്ര മടുത്താലും ആ കളിനിർത്താൻ തോന്നുമായിരുന്നില്ല.
പകലെന്നോ രാത്രിയെന്നോ ഇല്ലാതെ, തോട്ടിൽ, മാവിൻചുവട്ടിൽ, ഓലിയിൽ, മലഞ്ചെരുവുകളിൽ ഞങ്ങളുടെ ഉത്സവമേളമായിരുന്നു. രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും അവന് എന്നെയോ എനിക്ക് അവനെയോ പിരിയാൻ കഴിയാത്ത വിധത്തിൽ സയാമീസ് ഇരട്ടകളെപ്പോലെ ആയിക്കഴിഞ്ഞിരുന്നു ഞങ്ങൾ.
അങ്ങനെയിരിക്കെ ഒരു സന്ധ്യാനേരത്ത് ഞാൻ കാണുന്നത് മൂക്കു നീണ്ട ഒരു ലോറിയിൽ ഈ പുത്തൻപുരയ്ക്കൽവീട്ടിൽനിന്നുള്ള സാധനങ്ങളെല്ലാം കയറ്റിയിട്ട് സെബാന്റെ അപ്പനും അമ്മച്ചിയും വല്യപ്പച്ചനും വല്യമ്മച്ചിയും ഒക്കെക്കൂടി എന്റെ അപ്പനേം അമ്മേം കെട്ടിപ്പിടിച്ച് ഏങ്ങലടിച്ച് കരയുന്നതാണ്. ഇവര് എന്തിനാണ് കരയുന്നത്, എങ്ങോട്ടാണ് പോകുന്നത് എന്നൊന്നും എനിക്കു മനസ്സിലായില്ല. ഞാനും സെബാനും കൂടി പിറ്റേന്നു രാവിലെ ഓലിയിൽ പൂഞ്ഞാനെ പിടിക്കാൻ പദ്ധതിയിട്ടിട്ടുള്ളതാണ്. ഞാൻ അതിനുവേണ്ടി പഴയ, പിഞ്ഞിത്തുടങ്ങിയ ഒരു ഈരിഴ തോർത്ത് സംഘടിപ്പിച്ചുവെച്ചിട്ടുള്ളതുമാണ്.
അങ്ങനെ ഞാൻ നോക്കിനിൽക്കുമ്പം സെബാനും അവന്റെ അപ്പനും അമ്മേം വല്യപ്പച്ചനും വല്യമ്മച്ചീം ഒക്കെക്കൂടി ഒരു നിമിഷത്തിൽ പെട്ടെന്ന് അങ്ങ് അപ്രത്യക്ഷരായി.
മലഞ്ചെരിവിലെ റോഡിലൂടെ സന്ധ്യയ്ക്ക് ആ ലോറി അകന്നകന്നു പോകുന്നത് നോക്കിക്കൊണ്ട് ഞാൻ നിന്നു.
ഈ ശൂന്യത എന്നു പറയുന്ന ഒരു സാധനമുണ്ടല്ലോ. നമ്മുടെ കൺമുമ്പിൽ നമ്മള് അനുഭവിച്ചോണ്ടിരിക്കണ കാര്യങ്ങള് പെട്ടെന്ന് ഒരു നിമിഷത്തിൽ അങ്ങ് ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന വലിയ ഒരു വിടവ്. അത് ഞാൻ അന്ന് ആദ്യമായി അനുഭവിച്ചു.
പിന്നീട് എത്രയോ കാലം ചങ്കുപൊട്ടിക്കരഞ്ഞുകൊണ്ട് ഞങ്ങൾ കളിച്ചു നടന്ന മാവിൻചുവട്ടിലും മലഞ്ചെരിവുകളിലും ഓലിയുടെ തീരത്തും ഒക്കെ ഏകാന്തനായി ഞാൻ അലഞ്ഞുനടന്നിട്ടുണ്ട്.
പ്രണയമോ ലൈംഗികതയോ ഒന്നും കയറിക്കൂടാൻ പ്രായമായിട്ടില്ലാത്ത ആ കുഞ്ഞുമനസ്സിനെ അന്ന് എന്തായിരുന്നു മഥിച്ചത്? ആർക്കറിയാം! എന്തായാലും ഒരു കളിക്കൂട്ട് നഷ്ടപ്പെട്ടതിന്റെ വേദന മാത്രമായിരുന്നില്ല അത്'.
ഭാവനയെ യാഥാർഥ്യമായി അനുഭവിക്കുന്നതിന്റെ തീവ്രത എത്രമേൽ കാമനാഭരിതമായി ബാല്യത്തിൽ തന്റെ ജീവിതത്തെ തലകീഴ്മറിച്ചു എന്ന് വാർധക്യത്തിലും ഓർത്തെടുക്കുകയാണ് സുനിൽ. ഈ ഓർമ്മയുമായി അറുപതാണ്ടിനുശേഷം സെബാനെ തേടി മലബാറിലെത്തുന്നു, അയാൾ. വീട്ടുപേരൊക്കെ മാറിപ്പോയെങ്കിലും സെബാനെ കണ്ടെത്തുന്നു. പക്ഷെ ബാല്യത്തിൽ തനിക്ക് സുനിലുമായി അങ്ങനെയൊരു ചങ്ങാത്തമുണ്ടായതായി സെബാൻ ഓർക്കുന്നില്ല. മറവിയല്ല അയാളുടേത്. അങ്ങനെയൊരു സൗഹൃദവും അനുബന്ധകാര്യങ്ങളും സംഭവിച്ചിട്ടില്ല എന്ന ഉറപ്പുതന്നെയാണ്. സെബാന്റെ തൊണ്ണൂറുവയസ്സുള്ള അമ്മച്ചി പക്ഷെ സുനിലിനെ തിരിച്ചറിയുകയും അവരുടെ രണ്ടുമാസക്കാലത്തെ ജീവിതം ഓർത്തെടുക്കുകയും ചെയ്യുന്നു. അമ്മയുടെ ഓർമ്മയെല്ലാം തെറ്റിക്കുഴഞ്ഞു കിടക്കുകയാണെന്ന് സൂചിപ്പിച്ച് സെബാൻ സുനിലിനെ പറഞ്ഞയക്കുന്നു.
സുനിലിന് വേറെയുമുണ്ട് ഓർമ്മകൾ. പക്ഷെ അവയിലെ കഥാപാത്രങ്ങളും അയാളുടെ ഓർമ്മകൾ ശരിവയ്ക്കുന്നില്ല. മുരളീകൃഷ്ണനുമുണ്ട് തന്നെ സ്‌കൂളിൽ പഠിപ്പിച്ച ഒരു ടീച്ചറുമായി ഉടലെടുത്ത ബന്ധം. അന്ന് അറപ്പ് മാത്രം തോന്നിച്ച ആ ബന്ധത്തിന്റെ പിന്നിലെ ആസക്തികൾ ഇപ്പോഴാണ് മുരളിയിൽ ഉണരുന്നത്. പക്ഷെ ടീച്ചർ എവിടെയാണെന്ന് എങ്ങനെയറിയാൻ!
ഇവിടെയാണ് 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ ഗംഭീരമായ ഒരു പാഠാന്തരസൂചന കഥയുടെ ആഖ്യാനരസതന്ത്രത്തെ പുനർനിർവചിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്നത്. ഖസാക്കിന്റെ രണ്ടാംപതിപ്പിനെഴുതിയ ആമുഖത്തിൽ വിജയൻ വായനക്കാരോട്, 'നിങ്ങളാരെങ്കിലും കുഞ്ഞാമിനയെ കാണുകയാണെങ്കിൽ രവിയെ കല്യാണം കഴിക്കാൻ അവളോട് പറയണം' എന്നെഴുതുന്നുണ്ട്. ടീച്ചർ, ആസക്തിയോടെ ചേർത്തുനിർത്തി ചുണ്ടത്തമർത്തി ചുംബിക്കുമ്പോൾ മുരളീകൃഷ്ണന്റെ പ്രായം ഏതാണ്ട് കുഞ്ഞാമിനയുടേതുതന്നെയാണ്. സുനിലിന്റെ മാത്രമല്ല മുരളിയുടെയും ബാല്യകാലലൈംഗികകാമനകൾ പിൽക്കാലത്ത് തിളച്ചുതൂവുന്നതിന്റെ ഓർമ്മകൾ നൽകുന്ന വൈകാരിക രതിമൂർച്ഛ- ഇമോഷണൽ ഓർഗസ്സമാണ് ഈ കഥയുടെ ഏറ്റവും ശ്രദ്ധേയമായ ഭാവതലം.
അനുഭവങ്ങൾ ചിലർക്ക് ഓർമ്മകളായി അവശേഷിക്കുമ്പോൾ ചിലർക്ക് മറവികളായി കെട്ടുപോകാറുള്ളത് അത്ര അസാധാരണമല്ല. പക്ഷെ രണ്ടുപേർ പങ്കാളികളായ ഒരു കാര്യം ഒരാൾക്ക് ഓർമ്മയും മറ്റെയാൾക്ക് മറവിയുമാകുന്ന അവസ്ഥയാണ് സന്തോഷ്‌കുമാറിന്റെ കഥകളിൽ ആവർത്തിച്ചുവരുന്ന ജീവിതബന്ധം. അനുഭവങ്ങളുടെയും ഓർമ്മകളുടെയും പ്രതലത്തിൽ തെന്നിമാറുന്ന ആത്മയാഥാർഥ്യങ്ങളായി അവ ഓരോ കഥയിലും പ്രത്യക്ഷമാകുന്നു.
യാഥാർഥ്യത്തിൽ നിന്ന് ഭാവന ജനിക്കുകയാണോ അതോ ഭാവനയിൽനിന്ന് യാഥാർഥ്യം ജനിക്കുകയാണോ എന്ന ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യത്തെ മനുഷ്യജീവിതത്തിലേക്കു വിവർത്തനം ചെയ്യുന്നവയാണ് ഈ കഥകൾ. ഈ സമാഹാരത്തിലെ ഏറ്റവും മികച്ച രചനയെന്ന നിലയിലും സന്തോഷ്‌കുമാറിന്റെ കഥകളുടെ വേറിട്ട ആഖ്യാനകല ഏറ്റവും സൂക്ഷ്മമായി പ്രതിഫലിപ്പിക്കുന്ന കൃതിയെന്ന നിലയിലും 'വിലങ്ങോലിൽ എന്നു പേരുള്ള വീടുകൾ' ചർച്ചചെയ്തുവെന്നേയുള്ളു.
(അ)വിഹിതം എന്ന രചനയിലുള്ളത് ചെത്തുകാരൻ കുമാരനും ഭാര്യ സാവിത്രിയും, കരിങ്കൽപ്പണിക്കാരൻ ജോപ്പനും ഭാര്യ പെണ്ണമ്മയും, പൊലീസുകാരൻ ചന്ദ്രൻപിള്ളയും ഭാര്യ സുഭദ്രക്കുട്ടിയമ്മയുമാണ്. പാടശേഖരത്തിന്റെ പുറംബണ്ടുനിർമ്മാണത്തിന് കരിങ്കല്ലിറക്കാൻവന്ന കുഞ്ഞൂട്ടൻ സാവിത്രിയെ പ്രാപിക്കുന്നു. കുമാരന് എങ്ങനെയെങ്കിലും പെണ്ണമ്മയെ പ്രാപിക്കണം. പക്ഷെ അവൾ വഴങ്ങുന്നില്ല. അയാൾ തെങ്ങിൽനിന്ന് വീണ് കിടപ്പിലായതോടെ സാവിത്രി കുഞ്ഞൂട്ടനുമായുള്ള ഇടപാട് നിർത്തി. കുഞ്ഞൂട്ടനെ കൊന്ന് ജോപ്പൻ ജയിലിൽ പോയതോടെ പെണ്ണമ്മയെ പ്രാപിക്കാനുള്ള ചന്ദ്രൻപിള്ളയുടെ വഴി തെളിയുന്നു. അയാൾ അവൾക്കു നൽകുന്ന പൂവൻ കരിങ്കോഴിയാണ് അവർക്കിടയിലെ രതിബിംബം. വിഹിതവും അവിഹിതവും തമ്മിലുള്ള പാടവരമ്പുകൾ മുറിഞ്ഞുപോകുന്ന കുട്ടനാടൻ കാമനാഭൂപടമാണ് ഈ കഥ.
'സന്ധ്യയ്ക്കുള്ള പതിവു പട്രോളിങ്ങിനിറങ്ങിയ എസ്‌ഐ. ചന്ദ്രൻപിള്ള റേഷൻകടയ്ക്കു മുന്നിൽ പെണ്ണമ്മയെക്കണ്ട് ജീപ്പു നിറുത്തി.
പൊലീസ്ജീപ്പ് ബ്രേക്കിട്ടതോടെ വിക്രമൻ എന്നു പേരുള്ള റേഷൻ കടക്കാരൻ ഇരിപ്പിടത്തിൽനിന്ന് ചാടിയെഴുന്നേറ്റു. റേഷനരിയും പഞ്ചസാരയും മണ്ണെണ്ണയും കരിഞ്ചന്തയിൽ വിറ്റു സമ്പാദിച്ച കാശുകൊണ്ട് അയാൾ ആയിടെ അരയേക്കർ തങ്ങിൻപുരയിടം വാങ്ങിയതേ ഉണ്ടായിരുന്നുള്ളു.
റേഷൻ വാങ്ങാൻ നിന്ന പെണ്ണുങ്ങൾ ശബ്ദമടക്കി ഭവ്യതയോടെ നിന്നു.
ജീപ്പിനുള്ളിൽ ചന്ദ്രൻപിള്ളയെ കണ്ടതും പെണ്ണമ്മ ഓടി അടുത്തെത്തി.
'തൂക്കുമരം കിട്ടാഞ്ഞതു ഭാഗ്യം. തെളിവു മൊത്തം എതിരല്ലാര്‌ന്നോ'. ചന്ദ്രൻപിള്ള പറഞ്ഞു, 'ജീവപര്യന്തം ദാ ഇതാന്നു പറയുമ്പം അങ്ങു തീരും'.
'എന്നാലും അവൻ എന്തിനായിരിക്കും അതു ചെയ്തതെന്നാ...' പെണ്ണമ്മയെ ഒന്നു ചുഴിഞ്ഞുനോക്കിയിട്ട് അയാൾ തുടർന്നു, 'മനുഷ്യന്റെ ഓരോരോ കാര്യങ്ങള്.'
പെണ്ണമ്മ നിശബ്ദയായി നിന്നു.
'നിനക്ക് വേലേം കൂലീമൊക്കെ ഉണ്ടല്ലോ, അല്ലേ?' ചന്ദ്രൻപിള്ള ജീപ്പെടുക്കാൻ ഒരുങ്ങി. 'എന്തേലും ആവശ്യമുണ്ടേൽ പറയണം. എനിക്ക് ഇനി ഒരു മാസം കൂടിയേ ഉള്ളു. അടുത്ത മുപ്പത്തൊന്നിന് പെൻഷനാ'.
'ഒര് കാര്യം പറയാനൊണ്ടാര്ന്നു'. പെണ്ണമ്മ മടിച്ചുമടിച്ച് പറഞ്ഞു, 'സാറു തന്ന ആ പൂവൻ ചത്തുപോയി'.
ചെമ്പുനാണയമിട്ട സമോവറിൽ വെള്ളം തിളയ്ക്കുന്നതിന്റെ ശബ്ദം അനുകരിച്ചുകൊണ്ടിരുന്ന ജീപ്പിന്റെ എൻജിൻ ചന്ദ്രൻപിള്ള താക്കോൽ തിരിച്ച് നിശ്ശബ്ദമാക്കി.
പെണ്ണമ്മ ഭാരമിറക്കിവയ്ക്കാൻ ഒരത്താണി കിട്ടിയ ആശ്വാസത്തോടെ തുടർന്നു, 'ഒരു ദെവസം നോക്കുമ്പം അവനു തീറ്റയെടുക്കാൻ മടി. പിറ്റേന്നും അങ്ങനെതന്നെ. വൈകുന്നേരം കൂട്ടിൽ കേറ്റാൻ നോക്കുമ്പോ കാണുന്നില്ല. തപ്പിചെന്നപ്പോഴൊണ്ട് വാഴച്ചോട്ടിൽ ഉറുമ്പരിച്ച് കെടക്കണു. വെട്ടി മൂടുമ്പോഴും ഞാൻ കുഴീലോട്ടു നോക്കിയതേയില്ല'.
'എന്തുപറ്റിയതാ പെണ്ണമ്മേ?'
'ഏറുകിട്ടീട്ടുതന്നെയാ അവൻ ചത്തത്. എനിക്ക് ഒറപ്പാ. അസുഖം വല്ലതുമായിരുന്നേല് ബാക്കിയൊള്ള കോഴികൾക്കും പിടിക്കത്തില്ലാര്‌ന്നോ. അയല്പക്കത്തു മുഴുവനും ശത്രുക്കളാ സാറേ. കെട്ട്യോൻ ജയിലിലായിട്ടും ഞാൻ അദ്ധ്വാനിച്ച് ജീവിക്കണതിലുള്ള കണ്ണുകടി. വീട്ടിൽ ഒത്ത ഒരു പൂവൻകോഴിയൊള്ളത് അവർക്ക് സഹിച്ചുകാണുകേല, അതുതന്നെ'.
'എന്തായാലും ഞാൻ വരണൊണ്ട്'. അവൾ തുടർന്നു, 'സാറ് എനിക്ക് ഒരു പൂവനെക്കൂടി തരണം. രൊക്കം കാശിനു മതി. തരത്തില്യോ സാറേ?'
പെണ്ണമ്മയുടെ പിടക്കോഴിക്കണ്ണുകൾ ഇപ്പോൾ ചന്ദ്രൻപിള്ളയെത്തന്നെ ഉറ്റുനോക്കുകയാണ്'.
'ഒരു തെങ്ങുകയറ്റക്കാരന്റെ ജീവിതത്തിൽനിന്ന്' എന്ന കഥയിലുള്ളത് രാവുണ്ണിയെന്ന തെങ്ങുകയറ്റക്കാരന്റെയും ഭാര്യ നാരായണിയുടെയും മകൾ അംബാലികയുടെയും ജീവിതമാണ്. രാവുണ്ണിയുടെ ജീവിതത്തിൽ അയാൾക്കുമാത്രം അനുഭൂതമാകുന്ന യാഥാർഥ്യങ്ങളുടെ മാന്ത്രികക്കോവണിയുണ്ട്. അതിൽ ചവിട്ടിക്കയറി അയാൾ എത്തിച്ചേരുന്ന അപരലോകങ്ങളുമുണ്ട്.
'രാവുണ്ണി തെങ്ങിന്മേൽ തന്റെ മുളയേണി ചാരുന്ന നിമിഷവും കാത്ത് അക്ഷമരായി നിന്നിരുന്നത് കുട്ടികളായിരുന്നു.
ഇനിയാണ് അദ്ഭുതം സംഭവിക്കാൻ പോവുക എന്ന് അവർക്ക് അറിയാമായിരുന്നു.
തോളിൽ വെട്ടുകത്തിയും അരയ്ക്കുപുറകിൽ തിരുകിയ കുലഞ്ഞിൽത്തണ്ടിൽ ത്‌ളാപ്പും ഞാത്തിയിട്ട് രാവുണ്ണി ഏണിയുടെ കവരങ്ങളിൽ ചവുട്ടി മുകളിലേക്കു കയറും. രാകി മൂർച്ചകൂട്ടിയ വെട്ടുകത്തിയുടെ ഇരുമ്പുവായ്ത്തല അപ്പോൾ പ്രഭാതത്തിലെ വെയിലിനെ ആർത്തിയോടെ വലിച്ചുകുടിക്കും.
ഏണിപ്പൊക്കം കഴിഞ്ഞ് പിന്നെയും ബാക്കിനിന്ന തെങ്ങിന്റെ ഉയരം താണ്ടുവാനാണ് അയാൾ ത്‌ളാപ്പ് കൂടെ കൊണ്ടുപോയിരുന്നത്. പക്ഷേ, അത് അയാൾക്ക് ഒരിക്കൽപ്പോലും ഉപയോഗിക്കേണ്ടതായിവന്നില്ല. രാവുണ്ണി ഏണിപ്പൊക്കം കയറിയെത്തുമ്പോഴേക്കും തെങ്ങ് താഴേക്കുവളഞ്ഞുവന്ന് അയാൾക്കു മുമ്പിൽ തലകുമ്പിട്ടു നിൽക്കുന്നുണ്ടാവും. രാവുണ്ണിക്ക് പിന്നെ തെങ്ങിന്റെ തലപ്പിലേക്ക് കയറി ഇരിക്കുകയേ വേണ്ടൂ. പാപ്പാനെ മസ്തകത്തിലേറ്റിയ ആനയെപ്പോലെ തെങ്ങ് അയാളെയും കൊണ്ട് ആകാശത്തേക്ക് ഉയർന്നുപൊങ്ങും. കുട്ടികൾ ശ്വാസമടക്കി ആ കാഴ്ച കണ്ടുനിൽക്കും.
തേങ്ങയിട്ടു കഴിഞ്ഞ് തിരികെ ഇറങ്ങുന്നത് രാവുണ്ണി സ്വന്തമായിട്ടായിരുന്നു. അപ്പോൾ കുനിഞ്ഞുതരേണ്ടതില്ലെന്ന് അയാൾ തെങ്ങുകളോടൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു. രാവുണ്ണി പറഞ്ഞാൽ അനുസരിക്കാത്ത തെങ്ങുകളൊന്നും അന്നാട്ടിൽ ഇല്ലെന്ന് കുട്ടികൾക്ക് അറിയാമായിരുന്നു.
തെങ്ങിൽനിന്ന് ഇറങ്ങിവരുമ്പോൾ വിടർന്ന കണ്ണുകളുമായി നിൽക്കുന്ന കുട്ടികളോട് അയാൾ പറയും, 'ഗുരുവായൂരമ്പലത്തിന്റെ കൊടിമരം കണ്ടു'.
മറ്റൊരു തെങ്ങിൽനിന്ന് ഇറങ്ങുമ്പോൾ പറയും, 'കപ്പലിന്റെയാന്നു തോന്നണു, ആലപ്പുഴ കടലിന്റെ നടുക്ക് ഒരു പൊകക്കൊഴൽ'.
ഇനിയൊന്നിൽനിന്ന് ഇറങ്ങുമ്പോൾ, 'ഭരണങ്ങാനം പള്ളീലെ പെരുന്നാളു കഴിഞ്ഞെങ്കിലും അരകല്ലും ആട്ടുകല്ലും വില്പനക്കാർ പോയിട്ടില്ല' എന്നു പറയും.
കുട്ടികളുടെ കണ്ണുകൾ അദ്ഭുതംകൊണ്ട് അപ്പോൾ ഒന്നുകൂടി വിടരും. സ്വതവേ ഗൗരവംകൊണ്ട് മുറുകിയ അയാളുടെ ചുണ്ടിൽ അപ്പോൾ നേർത്ത ഒരു ചിരി ഊറി നിറയും'.
രാവുണ്ണിയുടെ കാഴ്ചയിൽ ദൃശ്യവും അദൃശ്യവുമാകുന്ന രതിബന്ധങ്ങളുടെ തിരയിളക്കങ്ങളാണ് കഥയുടെ ഇതിവൃത്തം. ഒളിഞ്ഞുനോട്ടത്തിന്റെ ലഹരിയിൽ തെങ്ങിന്മുകളിലിരുന്ന് രാവുണ്ണി ഒരിക്കൽ കാണുന്നത് പുഴയോരത്തെ ഓടപ്പുല്ലുകൾക്കിടയിൽ കടത്തുകാരൻ പാപ്പൂട്ടിയുമായി നാരായണി ഇണചേരുന്നതാണ്. അയാളുടെ ലോകവും ജീവിതവും മാത്രമല്ല യാഥാർഥ്യങ്ങളും തലകീഴ് മറിഞ്ഞു.
'ഉലഹന്നാന്മാപ്പിളയുടെ പുഴക്കരെയുള്ള പുരയിടത്തിലായിരുന്നു അന്ന് രാവുണ്ണിക്ക് തെങ്ങുകയറ്റം. വളക്കൂറുള്ള എക്കൽമണ്ണിൽ തെങ്ങുകൾ സമൃദ്ധമായി കായ്ച്ചുനിന്നു. ഉച്ചയായപ്പോഴേക്കും അയാൾ പതിവിലും തളർന്നു.
ജോലി തീർത്ത് അവസാനത്തെ തെങ്ങിൽനിന്ന് ഇറങ്ങാൻ തുടങ്ങുകയായിരുന്നു അയാൾ ഉച്ചവെയിൽ പുഴയ്ക്കുമീതെ തിളങ്ങുന്ന ഒരു ലോഹത്തകിടുപോലെ വീണുകിടന്നിരുന്നു. പുഴയുടെ മറുകരയിൽ വിജനമായ കുളിക്കടവ്. അതിനപ്പുറം പുഞ്ചപ്പാടത്തിന്റെ തരിശ്.
കുളിക്കടവിനോടുചേർന്ന് ആൾപ്പൊക്കത്തിൽ തഴച്ചുനിന്ന ഓടപ്പുല്ലുകൾ ആരോ പിടിച്ചുകുലുക്കിയിട്ടെന്നതുപോലെ അടിമുടി ഉലയുന്നത് അപ്പോളാണ് അയാളുടെ ശ്രദ്ധയിൽപ്പെട്ടത്.
ഒരു കാറ്റുപോലും വീശാത്ത നിശ്ചലമായ ഈ നട്ടുച്ചയിൽ ഇതെന്താണിങ്ങനെ എന്ന് അയാൾ ആശ്ചര്യപ്പെട്ടു.
പെട്ടെന്ന് ഓടപ്പുല്ലുകളുടെ ചലനം നിലച്ചു. രാവുണ്ണി സാകൂതം നോക്കിയിരിക്കെ ഓടപ്പുല്ലുകൾക്കുള്ളിൽനിന്ന് രണ്ട് ഉടലുകൾ നൂൽബന്ധമില്ലാതെ ഉയർന്നുവന്നു. അതിൽ ഒരുടൽ കടത്തുകാരൻ പാപ്പൂട്ടിയുടേതായിരുന്നു. രണ്ടാമത്തേത് അയാൾക്ക് ഏത് ഇരുട്ടിലും കാണാപ്പാഠമായ നാരായണിയുടേതും.
തെങ്ങുകയറ്റം എന്ന തൊഴിൽ രാവുണ്ണി എന്നന്നേക്കുമായി ഉപേക്ഷിച്ചതും നാരായണിയുടെ ഉടൽ അയാൾക്ക് മനംപിരട്ടലുണ്ടാക്കുന്ന ഒന്നായി മാറുകയും ചെയ്തത് അന്നുമുതൽക്കാണ്.
തെങ്ങുകയറ്റം ഉപേക്ഷിച്ചതും തന്നോട് അയിത്തം കാണിക്കുന്നതും എന്തുകൊണ്ടാണെന്ന് നാരായണി ഒരിക്കൽപ്പോലും രാവുണ്ണിയോട് ചോദിക്കുകയുണ്ടായില്ല. നാരായണിക്ക് അതു ചോദിക്കാൻ കഴിയില്ലെന്ന് അയാൾക്ക് അറിയാമായിരുന്നു.
രാവുണ്ണി തിരിച്ച് നാരായണിയോടും ഒന്നും ചോദിക്കുകയുണ്ടായില്ല. തെങ്ങിന്മുകളിലിരുന്ന് മറ്റൊരാളുടെ അറിവോ സമ്മതമോ ഇല്ലാതെ കാണുന്ന കാഴ്ചകൾ അയാൾ തന്നെ വിശ്വസിച്ച് വെളിപ്പെടുത്തുന്ന രഹസ്യങ്ങൽപോലെയാണെന്ന് രാവുണ്ണി വിശ്വസിച്ചു; അത് സ്വന്തം ഭാര്യയാണെങ്കിൽക്കൂടി.
ഒരേ മേൽക്കൂരയ്ക്കു കീഴിൽ പൊടുന്നനെ അപരിചിതരായിത്തീരാൻ വിധിക്കപ്പെട്ട രണ്ടു മനുഷ്യരായി അവർ മാറി'.
'അങ്കമാലിയിലെ പ്രധാനമന്ത്രി'യെന്ന കഥയിലുള്ളത് ഗുപ്തൻനായർ എന്ന് മറ്റുള്ളവർ വിളിക്കുന്ന സർക്കാർ ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മുരളീധരൻനായരാണ്. ഓരോ മനുഷ്യന്റെ ജീവിതത്തിലും ഇഹലോകത്തിനു സമാന്തരമായി ഒരു അപരലോകം കൂടി ഗോപ്യമായി സഞ്ചരിക്കുന്നുണ്ട് എന്നു വിശ്വസിച്ചിരുന്ന അയാൾ, ഏതുഭാവനയിൽനിന്നും അതിസമർഥമായി അയാളുടേതു മാത്രമായ യാഥാർഥ്യത്തിലേക്കു ചെന്നെത്തിയിരുന്നു. 'കിലുക്കം' സിനിമ കണ്ടിട്ട് അങ്കമാലിയിൽ ഒരു പ്രധാനമന്ത്രിയുണ്ട് എന്നുതന്നെ അയാൾ സങ്കല്പിക്കുന്നതാണ് കഥയുടെ അടിപ്പടവ്. ഒരു ഞായറാഴ്ച വളർത്തുനായയ്ക്ക് ഇറച്ചിവാങ്ങാൻ പോയ ഗുപ്തൻനായരെ പിന്നീടാരും കണ്ടിട്ടില്ല. പാടത്തിനു നടുവിലുള്ള തുരുത്തിന്റെ നിഗൂഢതയിൽ ചെന്നെത്തിയ അയാൾ അവിടെ ട്യൂട്ടോറിയൽ കോളേജിൽ തന്നെ പഠിപ്പിച്ച ജോൺസാറിനെ കണ്ടുമുട്ടുന്നു. ജോൺസാറിന് മെർലിയെന്ന വിദ്യാർത്ഥിനിയോടുണ്ടായിരുന്ന പ്രണയം പ്രമേയമാക്കി താനെഴുതിയ കഥ മുരളി ഓർക്കുന്നു. കഥയിൽ നിന്നിറങ്ങിവന്ന ജോൺസാറും ഭാവനയിൽ നിന്നിറങ്ങിവന്ന മുരളിയും തുരുത്തിനെ അങ്കമാലി എന്ന രാജ്യമായി കരുതുകയും ജോൺസാറിൽനിന്ന് ആ രാജ്യത്തിന്റെ പ്രധാനമന്ത്രിപദം താനേറ്റെടുത്തതായി മുരളി പ്രഖ്യാപിക്കുകയും ചെയ്യുന്നു.
'എംപ്ലോയീസ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി വി എം. കുഞ്ഞിരാമനും പ്രസിഡന്റ് എ.കെ. ഷൺമുഖാനന്ദനും ഗുപ്തൻനായരുടെ വീട്ടിലെത്തിയത് ഒരു സന്ധ്യയ്ക്കായിരുന്നു.
ഗുപ്തൻനായർ മടങ്ങിയെത്താതായിട്ട് അന്നേക്ക് നാലു ദിവസമായിരുന്നു.
ഗുപ്തൻനായരുടെ ഭാര്യ ലത അവരെ സ്വീകരിച്ചിരുത്തി.
'ഞങ്ങൾ എല്ലാ സോഴ്‌സ് ഉപയോഗിച്ചും അന്വേഷിച്ചു. ആൾ എവിടേക്കാണ് പോയത് എന്ന് ഒരു എത്തും പിടീം കിട്ടണില്ല'. വി എം. കുഞ്ഞിരാമൻ ലതയോടു പറഞ്ഞു, 'ലീവിനൊന്നും അപേക്ഷിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഇനിയിപ്പം അൺ ഓഥറൈസ്ഡ് ആബ്‌സൻസ് കാണിക്കാതെ നിവൃത്തിയില്ല. എന്റെ അഭിപ്രായത്തിൽ നിങ്ങൾ പൊലീസ് സ്റ്റേഷനിൽ ഒരു മാന്മിസ്സിങ് കംപ്ലെയ്ന്റ് ഉടൻ നൽകുന്നത് നന്നായിരിക്കും. നിങ്ങളുടെ സേഫ്റ്റിക്കും അതാണു നല്ലത്'.
'ഒപ്പമുണ്ടായിരുന്ന ഒരാൾ പൊടുന്നനെ ഇല്ലാതായാൽ നമ്മളെന്തു ചെയ്യും?' അല്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം ലത കുഞ്ഞിരാമനോടു ചോദിച്ചു, 'അയാൾ ഇനിമുതൽ ഇല്ല എന്നു കരുതി നമ്മളങ്ങു ജീവിക്കും. അത്രതന്നെ. അതിന്റെ വേദന നമ്മളങ്ങു സഹിക്കും. പക്ഷേ, ഒരാൾ ഒപ്പമുണ്ടായിരിക്കെത്തന്നെ ഇല്ലാതിരിക്കുന്നതിനു തുല്യമായ അവസ്ഥയുണ്ടല്ലോ. അതിന്റെ വേദന അനുഭവിച്ചവർക്കേ മനസ്സിലാകൂ. എവിടെയെങ്കിലും ഏതെങ്കിലുമൊരു ലോകത്ത് ആൾ ഉണ്ടായിരിക്കണം. എനിക്ക് അത്രയേ വേണ്ടൂ. അതുമാത്രമേ വേണ്ടൂ'.
വി എം. കുഞ്ഞിരാമനും എ.കെ. ഷൺമുഖാനന്ദനും ഒന്നും മനസ്സിലാകാതെ മുഖത്തോടുമുഖം നോക്കി'.
(അ)വിഹിതത്തിലും തെങ്ങുകയറ്റക്കാരനിലും എന്നപോലെതന്നെ അതൃപ്തകാമനകൾ വേട്ടയാടുന്ന സ്ത്രീയാണ് അങ്കമാലിയിലുമുള്ളത്. രതിജീവിതത്തിന്റെ ഗുപ്തലോകങ്ങളിൽ നിലകൊള്ളുന്ന മറ്റൊരു സ്ത്രീയെ അവതരിപ്പിക്കുന്ന കഥയാണ് 'ഒരു സൈക്കിൾസവാരിക്കാരൻ എന്ന നിലയിൽ എന്റെ ജീവിതം'. എയർക്രാഫ്റ്റ് മെക്കാനിക്കായിരുന്ന കഥാപാത്രം ഒരപകടത്തിൽ കാഴ്ചനഷ്ടമായതിനുശേഷമാണ് സൈക്കിൾ റിപ്പയററായി മാറുന്നത്. സൈക്കിൾ വില്പനയും സർവീസിംഗുമുള്ള ജോസ്‌കുട്ടിയുടെ കടയിൽ പണിയെടുക്കുന്ന അയാൾ ജോസ്‌കുട്ടിയുടെ ഭാര്യ ജെസിയുമായി രതിയിലേർപ്പെടുന്നു. അഥവാ അങ്ങനെ സങ്കല്പിക്കുന്നു. അന്ധന്റെ കാഴ്ചകൾപോലെയാണ് അയാളുടെ കാമനകളും. കടയിലെത്തുന്ന മുഴുവൻ സ്ത്രീകൾക്കും ജോസ്‌കുട്ടിയോട് കാമമാണ് എന്നു കരുതുന്നതിനിടയിലാണ് അയാൾ ജെസിയെ പ്രാപിക്കുന്നത്.
'മുകൾനിലയിൽ ഞാൻ തനിച്ചായിരുന്നില്ല. എനിക്ക് ഒരു സഹായികൂടി ഉണ്ടായിരുന്നു. അതു മറ്റാരുമായിരുന്നില്ല. ജോസുകുട്ടിയുടെ ഭാര്യ ജെസ്സിയായിരുന്നു. ജോലിക്ക് ആവശ്യമുള്ള സ്‌പെയർപാർട്‌സും ടൂൾസുമൊക്കെ ഞാൻ ആവശ്യപ്പെടുന്ന ക്രമത്തിൽ എടുത്തുതരുന്ന ജോലിയായിരുന്നു ജെസ്സിക്ക്. ഓരോ ജോലിക്കും വേണ്ട സ്‌പെയർപാർട്‌സും ടൂൾസും ആവശ്യപ്പെടുംമുമ്പുതന്നെ എടുത്തുതരാനുള്ള മിടുക്ക് ജെസ്സിക്കുണ്ടായിരുന്നു. ഒരേ തൊഴിൽ വിദഗ്ദ്ധമായി പങ്കിടുകയും വിജയകരമായി പൂർത്തീകരിക്കുകയും ചെയ്യുന്നവർ തമ്മിൽ, ഏതു തൊഴിൽമേഖലയിലും ഉണ്ടാകാനിടയുള്ള ഒരൈക്യം ഞങ്ങൾക്കിടയിലും രൂപപ്പെട്ടിരുന്നു.
ഞാൻ ശ്രദ്ധിച്ചിരുന്ന ഒരു കാര്യം ജോസുകുട്ടിയും ജെസ്സിയും തമ്മിൽ ഒരു ഉടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധംമാത്രമാണ് പുലർത്തിയിരുന്നത് എന്നതാണ്. ജെസ്സി കാപ്പികുടിക്കുകയും ഉച്ചയൂണു കഴിക്കുകയും ചെയ്തിരുന്നതുപോലും മുകൾനിലയിൽ എന്നോടൊപ്പമായിരുന്നു.
ഒരു പട്ടാളക്യാമ്പിന്റെ അച്ചടക്കം ജോസ്‌കോ സൈക്കിൾസിൽ സദാ കനംതൂങ്ങി നിൽക്കുന്നതായി എനിക്കു തോന്നിയിരുന്നു. അച്ചടക്കമുള്ള ഇടങ്ങളിൽ സാധാരണമായ അമർത്തിയ ചില മുറുമുറുപ്പുകളും അവിടെ വലിയ മുഴക്കത്തോടെതന്നെ നിന്നു.
ജോസുകുട്ടിയെപ്രതി എനിക്ക് അദ്ഭുതം തോന്നിയിരുന്ന ഒരു കാര്യം അയാളുടെ മുന്നിൽ വന്നുപെടുന്നതോടെ സ്ത്രീകൾ ചഞ്ചലച്ചിത്തരായി മാറുന്നു എന്നുള്ളതായിരുന്നു. ജോസുകുട്ടിയുടെ മുഖത്തുനിന്ന് കാല്പനികമായ ഒരു നോട്ടമോ ശൃംഗാരം നിറഞ്ഞ ഒരു ചിരിയോ പുറപ്പെടുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. എങ്കിലും ക്യാഷ് കൗണ്ടറിലിരിക്കുന്ന അയാളുടെ മുമ്പിൽ നിൽക്കുമ്പോൾ സ്ത്രീകളായ കസ്റ്റമേഴ്‌സിന്റെ, മിക്കവരും സൈക്കിൾ വാങ്ങാനോ റിപ്പയർ ചെയ്യിക്കാനോ വരുന്ന ആണുങ്ങൾക്കൊപ്പം വരുന്നവരാകും, കൈവിരലുകൾ വിറകൊള്ളുന്നതും മേൽച്ചുണ്ടിൽ വിയർപ്പുപൊടിയുന്നതും കൃഷ്ണമണികൾ ഒരു കയത്തിൽപ്പെട്ടിട്ടെന്നപോലെ വട്ടംകറങ്ങുന്നതും സ്ഥിരം കാഴ്ചയായിരുന്നു. അവരുടെ മുലഞെട്ടുകൾകൂടി അപ്പോൾ ത്രസിക്കുന്നുണ്ടാകുമെന്ന് എനിക്ക് തോന്നിയിരുന്നു. ജോസുകുട്ടിയുടെ ഭാവം പക്ഷേ, അചഞ്ചലമായിരുന്നു. മുകളിലേക്കു ലേശം പിരിച്ച നരകയറിത്തുടങ്ങിയ മീശയിലും സ്ഥൈര്യമുള്ള കണ്ണുകളിലും ആജ്ഞാശക്തിമാത്രം സ്ഫുരിച്ചുനിന്നു. ഒരു പുരുഷനായ എനിക്ക് തിരിച്ചറിയാൻ കഴിയാത്ത എന്തോ ഒന്ന് അയാൾ തന്റെ മുന്നിൽ വന്നുപെടുന്ന സ്ത്രീകളുടെ നേർക്ക് പ്രസരിപ്പിക്കുന്നുണ്ടെന്ന് എനിക്കുതോന്നി. അതെന്താണെന്ന് തിരിച്ചറിയാൻ എത്ര ശ്രമിച്ചിട്ടും എനിക്ക് കഴിഞ്ഞിരുന്നില്ല.
ഒരേ തൊഴിൽ വിദഗ്ദ്ധമായി പങ്കിടുകയും വിജയകരമായി പൂർത്തീകരിക്കുകയും ചെയ്യുന്നവർ എന്നതിലുപരി ഞാനും ജെസ്സിയും തമ്മിൽ മറ്റൊരു ബന്ധംകൂടിയുണ്ടായിരുന്നു. അന്യോന്യം ശരീരം പങ്കിട്ടിട്ടുള്ളവർ എന്ന നിലയിലായിരുന്നു അത്. ചില ദിവസങ്ങളിൽ, ഉച്ചയൂണു കഴിഞ്ഞുള്ള വിശ്രമത്തിന്റെ ഇടവേളയിൽ അങ്ങനെ സംഭവിച്ചുപോവുകയായിരുന്നു. ആ സമയം ജോസുകുട്ടി താഴത്തെ നിലയിൽ ഊണിനുശേഷം മേശമേൽ തലചായ്ച്ചുള്ള ഉച്ചമയക്കത്തിലായിരിക്കും. സെയിൽസ്മാൻ പയ്യൻ ഉച്ചഭക്ഷണത്തിനുവേണ്ടി പുറത്ത് റോഡരുകിലെ 'വീട്ടിൽ ഊണ്' എന്ന ബോർഡുള്ള കടയിലേക്ക് പോയിട്ടുമുണ്ടാവും. ഇരുമ്പുഗോവണി കയറി ആരും മുകൾനിലയിലേക്ക് വരില്ല എന്നതുമാത്രമായിരുന്നു എന്റെ ഒരേയൊരു ധൈര്യം; ഒരുപക്ഷേ, ജെസ്സിയുടെയും. ഇന്നേവരെ ഞാനും ജെസ്സിയുമല്ലാതെ മറ്റാരും ആ ഗോവണി ഉപയോഗിക്കുകയുണ്ടായിട്ടില്ല.
ഒരു ദിവസം വേഴ്ചയ്ക്കുശേഷം ജെസ്സി എന്നോട് പരിഭവം പറഞ്ഞു,
'ഇത്രനാളായിട്ടും എന്റെ ഈ മറുകിൽമാത്രം നീ ഉമ്മവച്ചിട്ടില്ല.'
'ഏതു മറുക്?' ഞാൻ ചോദിച്ചു.
ജെസ്സി എന്റെ വലംകൈയിലെ ചൂണ്ടുവിരൽ ഗ്രഹിച്ച് അവളുടെ മറുകിന്മേൽ തൊടുവിച്ചു. മേൽച്ചുണ്ടിനു മുകളിൽ ഇടതുവശത്തായിട്ടായിരുന്നു അത്.
'ജോസുകുട്ടിയുൾപ്പെടെ എന്നോട് കാമം തോന്നിയിട്ടുള്ള എല്ലാ ആണുങ്ങളും പറഞ്ഞിട്ടുള്ളത് എന്നെ സുന്ദരിയാക്കുന്നത് ഈ മറുകാണെന്നാണ്, നീയൊഴികെ'.
ജെസ്സി പറഞ്ഞു.
ഞാൻ അവളുടെ ആ മറുക് എന്റെ ചൂണ്ടുവിരൽകൊണ്ട് തൊട്ടുഴിഞ്ഞു. ഇരുട്ടിന്റെ ഒരു തുള്ളിപോലെയുണ്ടായിരുന്നു അത്.
'അന്ധൻ വെളിച്ചത്തെയാണ് തേടുക ജെസ്സീ, ഇരുട്ടിനെയല്ല. അതുകൊണ്ടാണ് നിന്റെയീ മറുക് എന്റെ കാഴ്ചയിൽ വരാതിരുന്നത്.' ഞാൻ പറഞ്ഞു.
അത് ഞങ്ങൾ തമ്മിലുള്ള അവസാനത്തെ വേഴ്ചയായിരുന്നു. എന്തുകൊണ്ടോ പിന്നീടൊരിക്കലും ജെസ്സി അതിന് സന്നദ്ധത പ്രകടിപ്പിക്കുകയുണ്ടായില്ല'.
സ്വപ്നം പോലെയോ ഓർമ്മപോലെയോ അന്ധനെ ആവേശിക്കുന്ന 'കാഴ്ച'കളുടെ ആവിഷ്‌ക്കാരമാണ് ഈ കഥയെ വേറിട്ടുനിർത്തുന്നത്. പാടശേഖരങ്ങൾക്കു നടുവിലൂടെ നടത്തുന്ന ഒരു സൈക്കിൾയാത്രയിൽ അയാൾ ഒറ്റപ്പെട്ട ഒരു വീടും അതിനുള്ളിൽ ചോരയിൽ കുളിച്ചുകിടക്കുന്ന ജോസ്‌കുട്ടിയുടെ ജഡവും കാണുന്നു. ഇരുട്ടും വെളിച്ചവും അന്ധതയും കാഴ്ചയും രതിയും പകയും ജീവിതവും ഹിംസയും സർപ്പങ്ങളെപ്പോലെ ഇണചേർന്നുപിരിയുന്ന കഥ. യാഥാർഥ്യങ്ങളുടെ ആന്തരവൈരുധ്യങ്ങളെ ഇത്രമേൽ അപനിർമ്മിക്കുന്ന മറ്റധികം രചനകൾ ഈ സമാഹാരത്തിലില്ല.
മനുഷ്യജീവിതത്തിന്റെയും ഭൂതകാലത്തിന്റെയും പ്രതീകമായി ഒരു കിണറും അതു കുത്താനെത്തുന്ന രണ്ടു ബാല്യകാലസുഹൃത്തുക്കളും തന്നെ വേട്ടയാടുന്നതിന്റെ കഥ പറയുന്ന നായകനാണ് 'കോഴിക്കരളൻകല്ലുകൾ' എന്ന രചനയിലുള്ളത്. അയാൾ കേൾക്കാത്ത കരച്ചിലുകൾ കേൾക്കുന്നു, അമ്മയും ഭാര്യയും. കിണർപണിക്കെത്തിയ വക്കച്ചനും ചന്ദ്രനും അയാളുടെ ഓർമ്മകളെ പരീക്ഷിക്കുന്നു. താൻ ഒരിക്കലും പഠിപ്പിച്ചിട്ടില്ല എന്നയാൾക്കുറപ്പുള്ള ട്യൂട്ടോറിയൽ കോളേജിൽ തന്റെ വിദ്യാർത്ഥിയായിരുന്നു വക്കച്ചൻ എന്നു കേൾക്കുമ്പോൾ അയാൾ അമ്പരക്കുന്നു. മറ്റാരുമറിഞ്ഞിട്ടില്ല എന്നു താൻ കരുതുന്ന രഹസ്യങ്ങൾ വക്കച്ചൻ കിണറ്റിൽനിന്ന് കുഴിച്ചെടുക്കുന്ന മണ്ണുപോലെ അയാളുടെ മുൻപിൽ വിതറുന്നു. കിണറ്റിൽ ചാടിമരിച്ച ലളിതച്ചേച്ചിയുടെ ഓർമ്മപോലെ പലതും അയാളുടെ മുന്നിൽ തിടംവച്ചുണരുന്നു.
'ലളിതച്ചേച്ചി എന്റെ ട്യൂഷൻ ടീച്ചറൊന്നുമായിരുന്നില്ല. പാഠഭാഗങ്ങളിലെ സംശയം തീർക്കാൻ ഞാൻ ഇടയ്ക്കിടെ സമീപിക്കുമായിരുന്ന ഞങ്ങളുടെ അയല്പക്കത്തെ ചേച്ചിയായിരുന്നു. അതാകട്ടെ, പ്രതിഫലമൊന്നും പറ്റാതെയുള്ള ഒരു സൗജന്യസേവനമായിരുന്നു. എന്നാൽ സൗജന്യം എന്ന് തീർത്തുപറയാനും പറ്റുമായിരുന്നില്ല. ഞങ്ങളുടെ വീട്ടിൽ വരുത്തിയിരുന്ന വർത്തമാനപത്രം എല്ലാ വൈകുന്നേരങ്ങളിലും എടുത്തുകൊണ്ടുപോയി വായിച്ചിരുന്നതിനുള്ള അവരുടെ ഒരു പ്രത്യുപകാരം കൂടിയായിരുന്നു അത്. പത്രം വായിക്കുക മാത്രമല്ല, അതിൽ വരുന്ന ജോലിഒഴിവുകളുടെ പരസ്യങ്ങളെല്ലാം കണ്ട് കൃത്യമായി അപേക്ഷ അയയ്ക്കുകയും ചെയ്തിരുന്നു ലളിതച്ചേച്ചി. പക്ഷേ, എന്തുകൊണ്ടോ ബിരുദധാരിണിയായിരുന്ന ലളിതച്ചേച്ചിക്ക് ജോലികളൊന്നും ഒത്തുവരികയുണ്ടായില്ല.
ലളിതച്ചേച്ചിയെക്കൂടാതെ അവരുടെ വീട്ടിലുണ്ടായിരുന്ന മറ്റംഗങ്ങൾ മൂത്ത സഹോദരനും സഹോദരിയും അമ്മയുമായിരുന്നു. മൂത്ത സഹോദരൻ മനയ്ക്കലെ കാര്യസ്ഥനും നാട്ടിലെ റേഷൻകടയുടമയും അറുപിശുക്കനുമായ ശങ്കുണ്ണിനായരായിരുന്നു. അമ്മയും സഹോദരിയുമാകട്ടെ ചിത്തരോഗികളുമായിരുന്നു. ചിത്തഭ്രമത്തിന്റെ മൂർച്ഛയിൽ സന്തോഷസന്താപങ്ങളെ അതിജീവിച്ച അവർ വീട്ടിലെ ഇരുട്ടുമുറികളിൽ നിതാന്തമായ സ്വാസ്ഥ്യം കണ്ടെത്തി. ലളിതച്ചേച്ചിയോ മൂത്ത രണ്ടു സഹോദരങ്ങളുമോ വിവാഹം കഴിച്ചിട്ടുണ്ടായിരുന്നില്ല. വിവാഹാലോചനക്കാരാരും വഴിതെറ്റിപ്പോലും അവരുടെ വീട്ടുമുറ്റത്ത് കാലുകുത്തുകയുണ്ടായിട്ടില്ല എന്നതായിരുന്നു വാസ്തവം.
തനിക്ക് ഒരു രക്ഷപ്പെടലുണ്ടെങ്കിൽ അത് ഒരു ജോലി ലഭിക്കുന്നതിലൂടെ മാത്രമായിരിക്കും എന്ന് ലളിതച്ചേച്ചി വിശ്വസിച്ചതുപോലെയുണ്ടായിരുന്നു. അതിനുവേണ്ടി അവർ നിരന്തരമായി ജോലിക്കുള്ള അപേക്ഷകൾ അയയ്ക്കുകയും കാത്തിരിക്കുകയും ചെയ്തുപോന്നു.
പത്താംക്ലാസ് ഫൈനൽ പരീക്ഷയ്ക്കു മുമ്പുള്ള സ്റ്റഡിലീവിന് ബയോളജി പുസ്തകവുമായി ഒരു സംശയനിവാരണത്തിന് ലളിതച്ചേച്ചിയുടെ വീട്ടിൽ എത്തിയതായിരുന്നു ഞാൻ. അറയും നിരയും പത്തായപ്പുരയുമുള്ള, ഓടിട്ട ഒരു വലിയ വീടായിരുന്നു ലളിതച്ചേച്ചിയുടേത്. ഇളംതിണ്ണയിൽ നിന്ന് ഇറയത്തേക്ക് പ്രവേശിക്കുന്ന പടികൾക്കിരുവശവുമായി ബ്ലാക് ഓക്‌സൈഡ് പൂശിയ, നീണ്ട അരപ്ലെയ്‌സ് ഉണ്ടായിരുന്നു. അവിടെവച്ചായിരുന്നു ലളിതച്ചേച്ചി എന്റെ സംശയങ്ങൾ നിവർത്തിച്ചുതന്നിരുന്നത്.
അത് ഒരുച്ചനേരമായിരുന്നു.
കുംഭമാസത്തിന്റെ തെളിഞ്ഞ ആകാശത്തിനു കീഴെ ഉച്ചക്കാറ്റ് വെയിലിനെ ഊതിക്കത്തിച്ചുകൊണ്ടിരുന്നു. ചരൽമുറ്റത്ത് നെല്ലിയുടെയും ഇരുമ്പൻപുളിയുടെയും കുള്ളൻനിഴലുകൾ പതിഞ്ഞമർന്നുകിടന്നു.
പടിഞ്ഞാറ്റ ഉച്ചമയങ്ങുകയും പണിയെടുത്തു തളർന്ന അടുക്കള വീടിന്റെ വടക്കുപുറത്ത് കാറ്റുകൊള്ളാനിരിക്കുകയും ചെയ്തു. പുഴുങ്ങിയുണങ്ങിയതിലൂടെ വന്ധ്യംകരിക്കപ്പെട്ടുപോയ നെന്മണികളുടെ നീറ്റൽ പത്തായപ്പുരയിൽ ആവിയായി നിറഞ്ഞു.
സമയം കടന്നുപോകെ അരപ്ലെയ്‌സിലിരുന്ന ബയോളജി പുസ്തകം അദ്ധ്യാപികയും പഠിതാവുമില്ലാതെ അനാഥമായി.
പാതിതുറന്ന നിലയിൽ ഉപേക്ഷിക്കപ്പെട്ട അതിന്റെ താളുകൾ അപ്പോൾ ഇറയത്തേക്കു കയറിവന്ന ഉച്ചക്കാറ്റ് മറിച്ചുനോക്കാൻ തുടങ്ങി.
അറപ്പുരയ്ക്കുള്ളിൽ അപ്പോൾ ഇരുട്ടായിരുന്നു. ഉടുതുണികളഴിഞ്ഞ ഇരുട്ട് അടിമുടി നഗ്നമായിക്കഴിഞ്ഞിരുന്നു. ഇരുട്ടിന്റെ നെഞ്ചിൽ മൃദുഫലങ്ങൾ വിളഞ്ഞുനിന്നു. അതിന്റെ അടിവയർ താഴേയ്ക്ക് ഒഴുകിയിറങ്ങി ഒരു ചുഴിയിൽ ചെന്നവസാനിച്ചു. ഇടുക്കുകളിൽ ഗന്ധകം മണത്തു.
പൊടുന്നനെ ഇരുട്ട് കനത്തു ശ്വസിക്കാനും അടിമുടി വിയർക്കാനും തുടങ്ങി.
ബയോളജി പുസ്തകം പലതും പറയാതെ വിട്ടിരുന്നു: അന്യോന്യം പൂട്ടുവീണുപോകുന്ന രണ്ടു ജോഡി ചുണ്ടുകൾ ഒടുവിൽ എങ്ങനെ വേർപെടുമെന്ന്, തുടകൾക്കിടയിലെ വിദ്യുത് സ്ഫുലിംഗം എങ്ങനെ മെരുങ്ങുമെന്ന്'.
വാർധക്യത്തിൽതന്നെയും ഭാര്യയെയും പരിചരിക്കാനെത്തിയ മേരി എന്ന ഹോം നഴ്‌സ് പറയുന്ന കഥകളിലെ ഭാവനയും യാഥാർഥ്യവും വേർതിരിച്ചെടുക്കാൻ കഴിയാത്ത നാരായണൻകുട്ടിയുടെ കഥയാണ് 'ചതുരമുല്ല'. സത്യവും അസത്യവും എന്ന രീതിയിലല്ല കഥകളെയും കാര്യങ്ങളെയും കാണേണ്ടത് എന്നയാൾക്കറിയാം. മേരി പറയുന്ന ജീവിതത്തിലെ കല്പിതങ്ങളും യാഥാർഥ്യങ്ങളും വേർതിരിച്ചറിയാൻ അയാൾക്കാകുന്നുമില്ല. സ്വപ്നങ്ങളും തോന്നലുകളും ഭാവനകളും ഓർമ്മകളും അയാളെ പൊതിഞ്ഞു. ജീവിച്ചിരിക്കുന്നവരും മരിച്ചവരും അയാളുടെ കിനാവുകളിൽ വിരുന്നുവന്നു.
' 'ഇടുപ്പിന്റെ നീരും വേദനേം കൂടുന്നതല്ലാതെ കുറയണില്ലല്ലോ'. ഒരുദിവസം നാരായണൻകുട്ടി മേരിയോടു പറഞ്ഞു. അതിൽ ഒട്ടും വാസ്തവമില്ലെന്ന് മേരിക്ക് അറിയാമായിരുന്നു. അയാളുടെ ശരീരത്തെ ഇപ്പോൾ സ്വന്തം കാലുകൾ താങ്ങുന്നുണ്ട്. രാവിലെ പനിനീർച്ചാമ്പയുടെ ചുവട്ടിലേക്കു താങ്ങിപ്പിടിച്ചുകൊണ്ടുപോകുമ്പോൾ മേരിക്കു മനസ്സിലാകുന്ന കാര്യമാണത്. താൻ ശുശ്രൂഷിക്കുന്നവരിൽനിന്ന് അത്തരത്തിൽ ഒരു കള്ളം മേരി പൊറുക്കാറില്ലാത്തതാണ്. എങ്കിലും നാരായണൻകുട്ടി അല്പം ദയ അർഹിക്കുന്നുണ്ടെന്ന് അവൾ കരുതി.
'ചതുരമുല്ല ഉപ്പും ചേർത്ത് അരച്ചിട്ടാൽ മതി, മേരി പറഞ്ഞു, നീരും വേദനേം പമ്പകടക്കും'.
'ഇത്രേം മരുന്നു കഴിച്ചിട്ട് കുറയാത്തിടത്തോ?' നാരായണൻകുട്ടി ചോദിച്ചു.
'സാറിന് അറിയാഞ്ഞിട്ടാ. എന്റെ കെട്ട്യോൻ ഒന്നുംരണ്ടും മാസം തുടർച്ചയായി വണ്ടിയോടിച്ചിട്ട് ചത്തുമരവിച്ച അരക്കെട്ടും മന്തുപോലെ നീരുവന്ന കാലുകളുമായിട്ടല്ലേ വരണെ. ഞാൻ ഇത് ഉപ്പും ചേർത്ത് അങ്ങ് അരച്ചു പെരട്ടിക്കൊടുക്കും. നേരത്തോടുനേരംകൊണ്ട് ആൾ നൂറേനൂറേന്നാകും'.
'ഇവിടെങ്ങും ചതുരമുല്ല കാണാൻപോലും കിട്ടണില്ല'. മേരി തുടർന്നു, 'എന്റെ വീടിന്റെ ചുറ്റുമാണെങ്കിൽ അത് കാടുപോലെ വളർന്നുനിൽപ്പുണ്ടുതാനും. അടുത്താഴ്ച എനിക്ക് വീട്ടിലൊന്നുപോണം. അപ്പൊ പറിച്ചോണ്ടുവരാം'.
നാരായണൻകുട്ടിക്ക് മേരിയുടെ പശ്ചാത്തലമൊക്കെ അറിയാം. വിശദമായിത്തന്നെ അയാൾ എല്ലാം ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ട്. പീരുമേട്ടിലെ ഒരു മലഞ്ചെരുവിലാണ് വീട്. ഇത്തിരി കൃഷിസ്ഥലമൊക്കെയുണ്ട്. ഭർത്താവ് ട്രക്ക് ഡ്രൈവറാണ്. മഹാരാഷ്ട്രം, ആന്ധ്ര തുടങ്ങിയ ഇടങ്ങളിലേക്കാണ് ഓട്ടം. പോയാൽ ഒന്നും രണ്ടും മാസങ്ങൾ കഴിഞ്ഞേ മടങ്ങിവരൂ. രണ്ടു പെൺമക്കളാണ്. രണ്ടുപേരും മംഗലാപുരത്ത് നഴ്‌സിങ്ങിനു പഠിക്കുന്നു. ഭർത്താവിന്റെ മാത്രം വരുമാനംകൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടാതായപ്പോഴാണ് മേരി ഹോംനഴ്‌സിന്റെ പണിക്കിറങ്ങിയത്.
നാരായണൻകുട്ടിയുടെ ആഗ്രഹത്തിനും പ്രതീക്ഷയ്ക്കുമനുസരിച്ച് മേരി സൃഷ്ടിച്ചുനൽകിയ ഒരു പശ്ചാത്തലമായിരുന്നു അത്. നാരായണൻകുട്ടിയുടെ സ്ഥാനത്ത് മറ്റൊരാളായിരുന്നുവെങ്കിൽ അയാളുടെ ആഗ്രഹത്തിനും പ്രതീക്ഷയ്ക്കുമനുസരിച്ച് മേരി മറ്റൊരു പശ്ചാത്തലം സൃഷ്ടിക്കുമായിരുന്നു. അങ്ങനെ ചെയ്യുന്നത് ഒരു വഞ്ചനയായി മേരിക്കു തോന്നിയിട്ടില്ല. താൻ ശുശ്രൂഷിക്കുന്നവരുടെ സംതൃപ്തിക്കുവേണ്ടി ചെയ്യുന്ന ഒരു കാര്യമായിട്ടാണ് അവൾ അതിനെ കണ്ടിരുന്നത്. തൊഴിലിൽ മേരി മറ്റു ചില നിഷ്ഠകൾകൂടി വച്ചുപുലർത്തിയിരുന്നു. ശുശ്രൂഷിക്കുന്ന ആളിന് തന്നോടോ തിരിച്ചോ മാനസികമോ ശാരീരികമോ ആയ അഭിനിവേശങ്ങൾ ഉടലെടുക്കുന്നു എന്ന് തിരിച്ചറിയുന്ന നിമിഷം മേരി തൊഴിൽ മതിയാക്കി സ്ഥലംവിടുമായിരുന്നു. ഒരു അനാഥമന്ദിരത്തിൽ വളർന്ന് അവിടെത്തന്നെ ജീവിതം തുടരുന്ന ഒരാളെന്ന നിലയ്ക്ക് തന്നെ സംബന്ധിച്ചിടത്തോളം അതെല്ലാം താങ്ങാൻ കഴിയുന്നതിനപ്പുറമുള്ള ഭാരങ്ങളായി മാറുമെന്ന് മേരിക്ക് അറിയാമായിരുന്നു. ശീലത്തിന്റെ അഭാവം എത്ര ഉത്തമമായ കാര്യത്തേയും ചിലപ്പോൾ അസഹനീയമാക്കുമല്ലോ.
'ഇപ്പോൾ വീട്ടിൽ പോയിട്ടെന്തിനാ?' നാരായണൻകുട്ടി മേരിയോടു ചോദിച്ചു. ഭർത്താവോ മക്കളോ മറ്റോ വരുന്നുണ്ടോ?
നാരായണൻകുട്ടിയുടെ ശബ്ദം ദുർബ്ബലമാകുന്നത് മേരി തിരിച്ചറിഞ്ഞു.
'പുള്ളിക്കാരൻ എപ്പൊഴാ വരുന്നോന്ന് ആർക്കറിയാം. പോയാൽ പിന്നെ ചൊല്ലും വിളീം ഒന്നുമില്ല. പിള്ളേര് ഇനിയിപ്പം ഈ വർഷത്തെ പരീക്ഷയൊക്കെ കഴിഞ്ഞേ വരത്തൊള്ളു. പറമ്പിൽ കൊറച്ച് കുരുമുളകും കുടമ്പുളീമൊക്കെയുണ്ട്. അതൊക്കെയൊന്ന് പറിച്ചുകൂട്ടണം. വീടൊന്ന് അടിച്ചുതൊടച്ചിടണം. അത്രേയൊള്ളു. സാറിനൊള്ള ചതുരമുല്ലേം പറിച്ച് പിറ്റേന്നുതന്നെ ഞാനിങ്ങ് പോരും'. മേരി പറഞ്ഞു'.
നഷ്ടപ്രണയത്തിന്റെ ഓർമ്മകൾ തിരിച്ചുപിടിച്ച് ജനിച്ചുവളർന്ന നാട്ടിലേക്കും വിറ്റുപോയ വീട്ടിലേക്കും തിരിച്ചുപോകുന്ന വൃദ്ധനായ ഉണ്ണിനായരുടെ കഥയാണ് 'ദല്ലാൾ'. ഉണ്ണിനായർ ഭാര്യയോടുള്ള ബന്ധം വേർപെടുത്തിയതുപോലെ അയാളുടെ കൗമാരത്തെ ചൂടുപിടിപ്പിച്ച അയൽക്കാരി ലളിതയും ബന്ധമൊഴിഞ്ഞ് തിരികെ വീട്ടിലെത്തിയിരുന്നു. പഴയ പ്രണയത്തിന്റെ ഉന്മേഷത്തിൽ നാട്ടിലെത്തിയ ഉണ്ണിനായരെ കാണാൻ ലളിത വന്നു. ഗർഭപാത്രം നീക്കം ചെയ്ത് കാൻസർ ചികിത്സയിൽ മുടിയത്രയും കൊഴിഞ്ഞിരുന്നു ലളിതയുടെ. എങ്കിലും ജീവിതവും പ്രണയവും അവരെ തിരിച്ചു കൊത്തുന്നു.
താൻ കേൾക്കാത്ത ശബ്ദങ്ങൾ കേൾക്കുന്ന ഭാര്യ സുമിത്രയോടുള്ള ചന്ദ്രന്റെ പ്രതികരണങ്ങൾക്കൊടുവിൽ ജീവിതത്തിനും മരണത്തിനുമിടയിൽ മനുഷ്യർ നടത്തുന്ന വാൾത്തലസഞ്ചാരത്തിന്റെ മൂർച്ചയോടെ അവസാനിക്കുന്ന കഥയാണ് 'നിശ്ശബ്ദം'. വ്യോമസേനയിലെ ജോലിക്കിടയിൽ പ്രപഞ്ചത്തിന്റെ ശബ്ദങ്ങൾ മുഴുവൻ വിഴുങ്ങിക്കളഞ്ഞ മഹാനിശ്ശബ്ദതകൾക്കു കാവലിരുന്ന കാലം അയാൾ ഓർത്തെടുക്കുന്നു.
'അന്ന് ഉറങ്ങാൻ കിടക്കുമ്പോൾ തനിക്കു പിടിതരാതെ വഴുതിമാറുന്ന രാത്രിയുടെ ശബ്ദങ്ങളെ തേടി ചന്ദ്രമോഹന്റെ കാതുകൾ സഞ്ചരിച്ചില്ല. പകരം മഞ്ഞുപുതഞ്ഞ് വെളുത്തുകിടന്ന ടർമാക്കിൽ, അപ്പോൾ ലാൻഡ് ചെയ്ത് എൻജിൻ സ്വിച്ച്ഓഫ്‌ചെയ്ത ഒരു ആന്റനോവ് 32 വിമാനത്തിനരികിൽ താൻ ഒറ്റയ്ക്കു നിൽക്കുന്ന ചിത്രം അയാളുടെ മുന്നിൽ തെളിഞ്ഞു.
സമുദ്രനിരപ്പിൽനിന്ന് പതിനായിരത്തിൽച്ചില്വാനം അടി മുകളിൽ, പൂജ്യത്തിലും താഴെ താപനിലയും അന്തരീക്ഷത്തിൽ ഓക്‌സിജന് ക്ഷാമവുമുള്ള ഹിമാലയത്തിലെ ഒരു വ്യോമതാവളമായിരുന്നു അത്. എൻജിന്റെ ശബ്ദം നിലച്ചതോടെ അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു നിശ്ശബ്ദത ചെവികളിൽ തുളച്ചുകയറി അയാളെ ബധിരനാക്കിക്കളഞ്ഞിരുന്നു. ലോലമായ ചെറുശബ്ദങ്ങൾ കേൾക്കാൻ കഴിയുന്ന അവസ്ഥയെ നിശ്ശബ്ദതയായി ശീലിച്ചുപോന്ന ഒരാളെ സംബന്ധിച്ചിടത്തോളം ദുസ്സഹമായ ഒന്നായിരുന്നു അത്. മിതശീതോഷ്ണവാസികളായ ചെറുജീവജാതികൾ പുറന്തള്ളുന്ന ശബ്ദമാലിന്യമാണ് യഥാർത്ഥത്തിൽ അവിടെ ഇല്ലാതിരുന്നത്. അഥവാ എന്തെങ്കിലും ചെറുശബ്ദങ്ങൾ ഉയർന്നാൽത്തന്നെ അടുത്ത മാത്രയിൽ ഒരു വാക്വം പമ്പിനെപ്പോലെ അതിനെ വലിച്ചെടുത്തുകളഞ്ഞു ആ നിശ്ശബ്ദ. ഓക്‌സിജന്റെ ക്ഷാമമുള്ള ആ അന്തരീക്ഷത്തിൽ കനത്തു ശ്വസിച്ചുകൊണ്ടിരുന്ന അയാൾക്ക് സ്വന്തം ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദംപോലും കേൾക്കാൻ കിട്ടുന്നുമ്ടായിരുന്നില്ല. എല്ലാ ശബ്ദങ്ങളെയും ഇല്ലാതാക്കുകയും അതേസമയം എല്ലാ ശബ്ദങ്ങളെയും ഉൾക്കൊള്ളുകയും ചെയ്യുന്ന ഒന്നായി ആ നിശ്ശബ്ദത നിലകൊണ്ടു. പൊടുന്നനെ ആ നിശ്ശബ്ദതയെ അപ്രസക്തമാക്കിക്കൊണ്ട് അപ്പോൾ പിറന്നുവീണ ഒരു കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു. അത് പിറക്കാനിരുന്ന തന്റെ പേരക്കുട്ടിയുടേതാണെന്ന് അയാൾ തിരിച്ചറിഞ്ഞു.
ആ കരച്ചിൽ തനിക്കു കേൾക്കാൻ കഴിഞ്ഞതോർത്ത് അയാൾക്ക് അളവറ്റ സന്തോഷം തോന്നി. ചുറ്റുമുള്ള മഞ്ഞിന്റെ വെളുപ്പിൽ എവിടെ നിന്നാണ് അത് ഉയരുന്നതെന്ന് അയാൾക്കു കൃത്യമായി നിർണ്ണയിക്കാനായില്ല. ദിക്കും ദിശയും അപ്രസക്തമായ ഒരിടമായിരുന്നു അത്.
ഭൂമിയിൽ പിറന്നുവീണ് ആദ്യത്തെ ശ്വാസമെടുക്കുന്ന ആ കുഞ്ഞിന്റെ അലമുറ അയാളിൽ അളവില്ലാത്ത ഊർജ്ജം നിറച്ചു. ആ കരച്ചിലിന്റെ ഉറവിടം തെളിഞ്ഞുകിട്ടിയിട്ടെന്നോണം അയാൾ അത്യുത്സാഹത്തോടെ മുന്നോട്ടു കുതിക്കാൻ തുടങ്ങി. പൊടുന്നനെ തന്റെ ഓരോ ശ്വാസവും ഭൂമിയെക്കാൾ ഭാരമുള്ള ഒന്നായി വളരാൻ തുടങ്ങുന്നത് അയാൾ അറിഞ്ഞു. തന്റെ ശ്വാസകോശം ജീവവായു കിട്ടാതെ ഇപ്പോൾ ഞെരിഞ്ഞുപൊട്ടുമെന്ന് അയാൾക്കു തോന്നി. മുന്നോട്ട് ഒരടിപോലും വയ്ക്കാനാവാതെ അയാൾ നിലത്ത് മുട്ടുകുത്തിയിരുന്നു. പിന്നെ പിറകിലേക്കു മലർന്ന് മഞ്ഞിന്റെ വെളുപ്പിൽ നീണ്ടുനിവർന്നു കിടന്നു'.
കളഞ്ഞുകിട്ടിയ രണ്ടു നായ്ക്കുട്ടികളെ പേരിട്ടുവളർത്തിയെങ്കിലും ഒടുവിൽ അവയെ ഒഴിവാക്കാൻ സോമൻപിള്ളയും അയ്യപ്പനും നടത്തുന്ന ശ്രമങ്ങളുടെ വിപര്യയമാണ് 'പുഴകടത്ത്' എന്ന കഥ. നായകൾ വീട്ടിൽ വളരുന്നതിനിടയിൽ സോമൻപിള്ളയുടെ ഭാര്യ അംബുജത്തിന്റെയും അയ്യപ്പന്റെ ഭാര്യ കാളിയുടെയും അതൃപ്തകാമനകൾ തുടലുപൊട്ടിച്ചുതുടങ്ങി. പുഴകടത്തിവിട്ടിട്ടും സോമൻപിള്ളയുടെയും അയ്യപ്പന്റെയും വീട്ടുമുറ്റങ്ങളിൽ ഇരുട്ടുപോലെ ആ നായകൾ തിരിച്ചെത്തുന്നു. ഏതു പുഴ കടത്തിവിട്ടാലും വിട്ടൊഴിയാതെ ചങ്ങലപൊട്ടിച്ചെത്തുന്ന കാമാതുരമായ മർത്യജീവിതത്തിന്റെ അന്യാപദേശമാണ് ഈ കഥ.
'ദിവസങ്ങൾക്കുശേഷം ഒരു വെളുപ്പാൻകാലം.
വെള്ളകീറിയിട്ടില്ല.
രാത്രിമുഴുവൻ ഉറക്കമില്ലാതെ കിടന്ന അയ്യപ്പൻ മൂത്രമൊഴിക്കാൻ വേണ്ടി മുറ്റത്തിറങ്ങിയതായിരുന്നു.
അയാൾക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസങ്ങളായിരുന്നു.
പ്രഭാതത്തിനു തൊട്ടുമുമ്പുള്ള ഇരുട്ട് കുടിലിന്റെ മുറ്റത്ത് ഒരു വളർത്തുനായയെപ്പോലെ ചുരുണ്ടുകൂടി കിടന്നു.
അത് ഒരു പതിവുകാഴ്ചയായിരുന്നു.
ആ കാഴ്ചയിലേക്ക് ഉറ്റുനോക്കിക്കൊണ്ട് അയാൾ വേലിക്കരികിലേക്കു കുന്തിച്ചിരുന്നു.
അയ്യപ്പൻ അങ്ങനെ നോക്കിയിരിക്കെ ചുരുണ്ടുകിടന്നുറങ്ങുകയായിരുന്ന ഇരുട്ട് നാലുകാലിൽ എഴുന്നേറ്റ് മൂരി നിവർന്നു.
ദേഹം അടിമുടിയൊന്നു കുടഞ്ഞ് ഉറക്കച്ചടവകറ്റി. തുടർന്ന്, വളരെനാൾകൂടി കാണുന്ന യജമാനന്റെ നേർക്ക് എന്നവണ്ണം കണ്ണുകളിൽ തിളക്കം നിറച്ച്, വാലാട്ടിക്കൊണ്ട് അയാൾക്കുനേരെ പാഞ്ഞടുത്തു.
അയ്യപ്പൻ മൂത്രം പാതിമുറിഞ്ഞ് ചാടിയെഴുന്നേറ്റു. മാമ്പിള്ളിച്ചിറയും പാടവും മുറിച്ച് സോമൻപിള്ളയുടെ വീടു ലക്ഷ്യമാക്കി അയാൾ അതിവേഗം ഓടാൻ തുടങ്ങി.
'ഉണ്ണിക്കുഞ്ഞേ'. ഓട്ടത്തിനിടെ അയാൾ തൊണ്ടപൊട്ടുന്ന ഒച്ചയിൽ വിളിച്ചു ചോദിച്ചു. 'കുഞ്ചി ഇവിടൊണ്ട്. ഗൗരിയൊണ്ടോ അവിടെ?'
അപ്പോൾ സോമൻപിള്ളയുടെ വീട്ടുമുറ്റത്ത് ചുരുണ്ടുകിടന്നുറങ്ങുകയായിരുന്ന ഇരുട്ട് നാലുകാലിൽ എഴുന്നേറ്റ് മൂരി നിവർന്ന്, ദേഹം അടിമുടിയൊന്നു കുടഞ്ഞ് അയ്യപ്പനെ സ്വീകരിക്കാൻ തയ്യാറായി കാത്തുനിന്നു'.
വസ്തുനിഷ്ഠതയുമായുള്ള മുഴവൻ കരാറുകളും ലംഘിക്കുന്ന യാഥാർഥ്യത്തെയും യുക്തിക്കു പ്രവേശനമേയില്ലാത്ത കഥയെയും കുറിച്ചുള്ള ഗംഭീരമായ ഒരു ഫാന്റസിയാണ് 'സൽമറേഡിയോസ്'. എമർജൻസി ലാംപ് നന്നാക്കാൻ കടയിലെത്തുന്ന കഥാപാത്രത്തെ അവിടത്തെ മെക്കാനിക്ക് കബളിപ്പിക്കാൻ ശ്രമിക്കുന്നതും അതു തിരിച്ചറിഞ്ഞ് അയാളെ തിരുത്തുന്നതോടെ കഥാപാത്രത്തെ അയാൾ അവിടത്തെ മെക്കാനിക്കാക്കി മാറ്റി പരസ്പരം ജീവിതം വച്ചുമാറുന്നതുമാണ് കഥ. ഒരാളുടെ സ്വത്വം മറ്റൊരാൾ കയ്യടക്കി ശരീരത്തിലെന്നതിനെക്കാൾ പ്രജ്ഞയിൽ പ്രവേശം നേടുന്ന വിചിത്രഭാവന.
ഏറെ വായനാക്ഷമവും മലയാളകഥയുടെ യഥാതഥ, കാല്പനിക, ആധുനികതാവാദപാരമ്പര്യങ്ങളെ സാകൂതം മറികടക്കുന്നവയുമാണ് 'ചതുരമുല്ല'യിലെ രചനകൾ ഒന്നടങ്കം. ജീവിതത്തെ ഭാവനകൊണ്ട് നെടുകെ പിളർന്നുകീറുന്ന കഥകൾ. സ്ഥലകാലങ്ങളെ മൂർത്തമായി കൂട്ടിയിണക്കുന്ന വാങ്മയങ്ങൾ. എയർക്രാഫ്റ്റ് സാങ്കേതികതയുടെ വേറിട്ട ഭാവലോകം മുതൽ വടക്കൻ കുട്ടനാടിന്റെ അനുപമമായ ഭൂ-ലോകം വരെ ആവർത്തിച്ചുവരുന്ന രചനകൾ. കാമനകളുടെ തീകെടാത്ത അതൃപ്തജീവിതങ്ങൾക്കെഴുതിയ അടിക്കുറിപ്പുകളാണ് 'ചതുരമുല്ല'യിലെ ഓരോ കഥയും. വേട്ടയാടുന്ന ഭൂതകാലവും വിട്ടുപോകാത്ത ഓർമ്മകളും ഓരോ കഥാപാത്രത്തെയും ആയുസ്സിന്റെ അർഥാന്തരങ്ങൾ തേടാൻ പ്രേരിപ്പിക്കുന്നു. ഭാര്യാഭർത്താക്കന്മാർക്കിടയിലെ ലൈംഗികമായ കടലകലങ്ങൾ അവരുടെ രോഗവും ജരയും ക്ലേശവും പകയും ജീവിതവും മരണവുമായി രൂപം മാറുന്നു. സംഭവിക്കാത്തതു സംഭവിച്ചതായും സംഭവിച്ചതു സംഭവിക്കാത്തതായും കരുതുന്ന അവസ്ഥാവൈരുധ്യത്തിന്റെ അകംപുറങ്ങൾ ഓരോ കഥയിലും അനാവൃതമാകുന്നു. ആത്മലോകങ്ങളുടെയും അപരലോകങ്ങളുടെയും ഇരട്ടനുകം പേറുന്ന മനുഷ്യജീവിതത്തിന്റെ കഥയെഴുതാനാണ് ആത്യന്തികമായി എഴുത്തുകാർ വിധിക്കപ്പെട്ടിരിക്കുന്നത് എന്ന് അടിവരയിട്ടു തെളിയിക്കുന്ന രചനകൾ. 'ചതുരമുല്ല', മലയാളചെറുകഥയിൽ നിർവഹിക്കുന്ന ലാവണ്യദൗത്യങ്ങൾ ഒട്ടും ചെറുതല്ല.
കഥയിൽനിന്ന്
'പ്രൊഫസർ സുനിൽമാണിയുടെ വീടാണത്. സമയം രാത്രി പതിനൊന്നര. മേശമേൽ പകുതികാലിയായ ബക്കാഡി ബ്ലാക്ക്. മുരളീകൃഷ്ണൻ അല്പംമുമ്പ് സോഡയൊഴിച്ച് ടോപ്പപ്പ് ചെയ്ത നുരയുന്ന രണ്ടു ചില്ലുഗ്ലാസ്സുകൾ. ഒരു പ്ലേറ്റിൽ സവാളയും തക്കാളിയും കാരറ്റും കത്തിരിക്കയും വട്ടത്തിലരിഞ്ഞ്, നാരങ്ങ പിഴിഞ്ഞൊഴിച്ച് ഉപ്പുവിതറിയ സാലഡ്.
പ്രൊഫസർ സുനിൽമാണിയുടെ ഭാര്യ റോസ് മേരി എട്ടുമണിമുതൽ ഒൻപതുമണിവരെ സീരിയൽ കണ്ട്, കൃത്യം ഒൻപതുമണിക്ക് അത്താഴം കഴിച്ച്, കുരിശുവരച്ച് ഉറങ്ങാൻ കിടന്നിരുന്നു.
പ്രൊഫസർ സുനിൽമാണിക്കും മുരളീകൃഷ്ണനും വേണ്ടിയുള്ള അത്താഴം, കോഴിക്കറിയും ചപ്പാത്തിയും ചൂടാറാതിരിക്കാൻവേണ്ടി കാസറോളിലാക്കി അവർ മേശപ്പുറത്തു വെച്ചിരുന്നു.
'നീ എന്റെ വീട്ടിലോട്ടാണ് പോന്നതെന്ന് നിന്റെ പെമ്പ്രന്നോത്തിക്ക് അറിയാവോ, മുരളീ?'
സന്ധ്യയ്ക്ക് മുരളീകൃഷ്ണൻ വന്നുകയറിയപാടെ പ്രൊഫസർ സുനിൽമാണി ചോദിച്ചിരുന്നു.
'കൊള്ളാം. അതെങ്ങാൻ അറിഞ്ഞാൽ അവൾ ചന്ദ്രഹാസമിളക്കുകേലേ. ആ റിട്ടയേഡ് കോളേജ് വാദ്ധ്യാര് നിങ്ങടെ കാമുകിയാണോ അതോ നിങ്ങള് അയാൾടെ കാമുകിയോ എന്നാണ് അവൾ ഇന്നാള് ചോദിച്ചത്. ഇതിപ്പം ജോലിസ്സംബന്ധമായ ഒരു യാത്രയുടെ മറവിലാ'.
മുരളീകൃഷ്ണന്റെ മറുപടി കേട്ട് പ്രൊഫസർ സുനിൽമാണി പൊട്ടിച്ചിരിച്ചു. ചിരച്ചുചിരിച്ച് ചോരത്തുടുപ്പുള്ള അയാളുടെ മുഖം സ്‌ത്രൈണമായി.
'ഈയിടെയായി പണ്ടത്തെ ഒരോർമ്മ എന്നെയും വിടാതെ പിടികൂടിയിരിക്കുന്നു സർ'.
മുരളീകൃഷ്ണൻ പറഞ്ഞുതുടങ്ങി.
ഞാൻ നാലാം ക്ലാസിലേക്കു ജയിച്ച സ്‌കൂൾതുറപ്പുകാലത്താണ്. രാജംടീച്ചർ ഞങ്ങളുടെ സ്‌കൂളിൽ പുതുതായി എത്തുന്നത്. ഇളം പിങ്ക് നിറമുള്ള സാരിയും കടും പിങ്ക് നിറമുള്ള ബ്ലൗസുമായിരുന്നു അന്ന് ടീച്ചറുടെ വേഷം എന്ന് ഞാൻ കൃത്യമായി ഓർക്കുന്നു. ഞങ്ങളുടെ ക്ലാസ്സിൽ ആദ്യമായി വന്നപാടെ എന്റെ കവിളിൽ നള്ളിയിട്ട് മുരളീകൃഷ്ണാ കള്ളക്കൃഷ്ണാ എന്ന് ടീച്ചർ എന്നെ വിളിച്ചത് ഇന്നലെയെന്നതുപോലെ എന്റെ കാതിലുണ്ട്.
രാജംടീച്ചറുടെ വീട് ദൂരെ എവിടെയോ ആയിരുന്നു. ടീച്ചർക്കൊപ്പം വന്ന അച്ഛനോ അമ്മാവനോ ആരോ സ്‌കൂളിനടുത്തുള്ള ഒരു മാളികവീടിന്റെ രണ്ടാം നിലയിൽ ടീച്ചർക്കുള്ള താമസം ഏർപ്പാടാക്കി തിരിച്ചുപോയി.
ഒരു മട്ടകോണിന്റെ ആകൃതിയിലായിരുന്നു ഞങ്ങളുടെ എൽ.പി. സ്‌കൂൾ. പാദത്തിന്റെയും ലംബത്തിന്റെയും അറ്റങ്ങളിൽ യഥാക്രമം നാലാംക്ലാസ്സും സ്റ്റാഫ്‌റൂമും സ്ഥിതിചെയ്തു.
സ്റ്റാഫ്‌റൂമിലിരിക്കുന്ന ഏതെങ്കിലും ടീച്ചറുടെ നോട്ടം നാലാംക്ലാസ്സിലേക്കോ നാലാംക്ലാസ്സിലെ ഏതെങ്കിലും കുട്ടിയുടെ നോട്ടം സ്റ്റാഫ്‌റൂമിലേക്കോ നീളുന്ന വേളകളിൽ അദൃശ്യമായ ഒരു കർണ്ണംകൂടി രൂപപ്പെട്ട് സ്‌കൂൾ ഒരു മട്ടത്രികോണമായി മാറുമായിരുന്നു.
ക്ലാസ്സിൽ വരുമ്പോൾ ചിലപ്പോൾ രാജംടീച്ചർ എന്നോടു പറയും; 'കള്ളാ, നീ ഇവിടെയിരുന്ന് സ്റ്റാഫ്‌റൂമിലിരുന്ന എന്നെ ഒളിഞ്ഞുനോക്കുന്നത് ഞാൻ കണ്ടിരുന്നു'.
നാലാംക്ലാസ്സിന്റെ ലീഡറായി എന്നെ നിയമിച്ചത് ക്ലാസ്സ്ടീച്ചർ കൂടിയായ രാജംടീച്ചറായിരുന്നു. ഇരട്ടവരയിട്ട മലയാളം പകർത്തിയെഴുത്തുബുക്കും നാലുവരയിട്ട ഇംഗ്ലീഷ് പകർത്തിയെഴുത്തുബുക്കും കുട്ടികളിൽനിന്ന് ശേഖരിച്ച് സ്റ്റാഫ്‌റൂമിൽ രാജംടീച്ചറുടെ മേശപ്പുറത്ത് എത്തിക്കേണ്ടത് എന്റെ ചുമതലയായിരുന്നു. സ്റ്റാഫ്‌റൂമിൽ ആരുമില്ലാത്ത സമയമാണെങ്കിൽ കസേരയിലിരിക്കുന്ന ടീച്ചർ അരയിൽ കൈചുറ്റി എന്നെ ചേർത്തുനിർത്തും. വിശേഷങ്ങളൊക്കെ ചോദിക്കും.
ടീച്ചർ താമസിച്ചിരുന്ന മാളികവീട് എന്റെ വീട്ടിൽനിന്ന് അധികമൊന്നും ദൂരെയായിരുന്നില്ല. അക്കാലങ്ങളിൽ പശു പ്രസവിച്ചതിനുശേഷം ആദ്യമായി ഉറയൊഴിക്കുന്ന തൈരിന്റെ, കാടൻതൈര് എന്നാണ് അതിനെ പറഞ്ഞിരുന്നത്, ഒരുപങ്ക് എല്ലാ അയൽവീടുകളിലേക്കും കൊടുത്തയയ്ക്കുമായിരുന്നു. അതൊരു ചടങ്ങായിരുന്നു. ഞങ്ങളുടെ ചെമ്പിപ്പശു പ്രസവിച്ച സമയത്ത് രാജംടീച്ചർക്ക് കാടൻതൈര് കൊടുക്കാൻ മാളികവീടിന്റെ രണ്ടാം നിലയിൽ ഒരിക്കൽ ഞാൻ പോയിട്ടുണ്ട്. പാചകമൊക്കെ ടീച്ചർ സ്വന്തമായിട്ടായിരുന്നു. പെങ്കുട്ട്യോൾടെ ചുണ്ടും കണ്ണുമാ നെനക്ക് എന്നു പറഞ്ഞ് അന്ന് ടീച്ചർ എന്റെ കവിളിൽ നുള്ളി. പോരാൻനേരം എന്റെ മുഖം കൈകളിൽ കോരിയെടുത്ത് ചുണ്ടിൽ അമർത്തി ഒരുമ്മ തന്നു. വീട്ടിലെത്തുന്നതുവരെ ഞാൻ തുപ്പിക്കൊണ്ടിരുന്നു.
പിന്നെ കുറെ ദിവസത്തേക്ക് ടീച്ചറുടെ മുഖത്തു നോക്കാൻ എനിക്കു മടിയായിരുന്നു. ടീച്ചറും എനിക്ക് മുഖം തരാതെ മാറിനടക്കുന്നതുപോലെ തോന്നി.
വേനൽപ്പരീക്ഷ തുടങ്ങുംമുമ്പ് ഒരുദിവസം പകർത്തുബുക്കുകളുമായി ചെല്ലുമ്പോൾ സ്റ്റാഫ്‌റൂമിൽ ടീച്ചർ തനിച്ചായിരുന്നു. ടീച്ചർ എന്നെ പഴയതുപോലെ ചേർത്തുനിറുത്തി. അന്നത്തെ ആ ഉമ്മവയ്ക്കലിനുശേഷം ആദ്യമായിട്ടായിരുന്നു ടീച്ചർ എന്നെ അങ്ങനെ ചേർത്തുനിറുത്തുന്നത്. ടീച്ചറുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു.
'അടുത്തവർഷം ഞാൻ ഉണ്ടാവില്ല, എനിക്ക് നാട്ടിലേക്കു മാറ്റമായി'. ടീച്ചർ പറഞ്ഞു.
ഞാൻ ഒന്നും മിണ്ടാതെനിന്നു.
'ഞാൻ പോയാൽ നീ എന്നെ ഓർക്കുമോ?'
അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല. എന്തു പറയണമെന്ന് എനിക്കു തിട്ടമില്ലായിരുന്നു.
'ഈയിടെയായിട്ട് ഒരാഗ്രഹം'.
'രാജംടീച്ചറെ ഒന്നു കാണണം. ടീച്ചർ എവിടെയാണെന്നോ എന്താണെന്നോ ഒന്നും അറിയില്ല. പക്ഷേ, എങ്ങനെയെങ്കിലും ഒന്നു കാണണം. കണ്ടേ തീരൂ. സാറ് സൂചിപ്പിച്ചതുപോലെ ഞാൻ ഈ പറഞ്ഞതൊന്നും കെട്ടുകഥകളല്ല എന്ന് എനിക്കുതന്നെ ഒന്നുറപ്പിക്കാൻ. അല്ലെങ്കിൽ എല്ലാ കെട്ടുകഥകളാണെന്ന് എന്നന്നേക്കുമായി എഴുതിത്ത്ത്തള്ളാൻ'.
'അതിനെന്താ ടീച്ചറെ കണ്ടെത്താൻ വളരെ എളുപ്പമല്ലേ?'
പ്രൊഫസർ സുനിൽമാണി പറഞ്ഞു.
'ടീച്ചറുടെ പേര് നിനക്കറിയാം. രാജം. വീട്ടുപേര് എനിക്കുമറിയാം'.
'എന്താണ് ടീച്ചറുടെ വീട്ടുപേര്?'
'വിലങ്ങോലിൽ. നിന്റെ വീട്ടുപേരും മറ്റൊന്നാകാൻ വഴിയില്ലല്ലോ. മുരളീ'.
തുടർന്ന് പ്രൊഫസർ സുനിൽമാണി പൊട്ടിച്ചിരിച്ചു. ചിരിച്ചുചിരിച്ച് ചോരത്തുടിപ്പുള്ള അയാളുടെ മുഖം സ്‌ത്രൈണമാകാൻ തുടങ്ങി.
കുറച്ചുനേരം നിശ്ശബ്ദനായി ഇരുന്ന മുരളീകൃഷ്ണൻ പൊടുന്നനെ ആ ചിരിയിൽ പങ്കുചേർന്നു'.
ചതുരമുല്ല
സി. സന്തോഷ്‌കുമാർ
എസ്‌പി.സി.എസ്.
2022
250 രൂപ
കേരള സര്വകലാശാലയില് ഗവേഷകവിദ്യാര്ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില് തുടര്ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില് ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള് പുറത്തുവന്നിട്ടുണ്ട്.