- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ജർമ്മൻ പ്രണയകഥ
What Marx said of religious suffering is equally true of 'romantic suffering'. It is, 'at the same time an expression of real suffering and a protest against real suffering' - Tania Modleski
1970കളോടെ പ്രചാരത്തിൽ വന്ന ജനപ്രിയസംസ്‌കാരത്തിന്റെ ഫെമിനിസ്റ്റ് വിമർശനങ്ങൾ സവിശേഷമായി ഏറ്റെടുത്ത നാല് രൂപങ്ങൾ റൊമാൻസും സിനിമയും വനിതാമാസികയും സോപ്പ് ഓപ്പറയുമായിരുന്നു. ജനപ്രിയവും സ്ത്രീകേന്ദ്രിതവുമായ നോവലും സിനിമയും മാസികയും പരമ്പരയുമാണ് ലോകത്തെവിടെയും സ്ത്രീകളുടെ അഭിരുചിലോകങ്ങളെയും ആനന്ദമാർഗങ്ങളെയും അസമാനവും അപൂർവവുമായി കീഴടക്കിയ സാംസ്‌കാരിക വ്യവഹാരങ്ങൾ എന്നതുകൊണ്ടുതന്നെ സ്ത്രീവായനകളെ (Women's reading) സ്ത്രീവാദവായന(Feminist reading)കളാക്കി മാറ്റുന്നതിൽ ഈ പഠനങ്ങൾ വലിയ പങ്കുവഹിക്കുകയും ചെയ്തു. ലോറാ മൾവി (Visual Pleasure and Narrative Cinema...), ടാനിയ മോഡ്‌ലെസ്‌കി (Loving with Vengeance...), റോസലിൻഡ് കൊവാർഡ് (Female Desire...), ജാനിസ്‌റാഡ്‌വേ (Reading the Romance...), ഷാർലറ്റ് ബ്രൻഡ്‌സൺ (Pedagogies of the Feminine...), ഇയാൻ ആംഗ് (Watching Dallas...), ജാനിസ് വിൻഷിപ്പ് (Inside Women's Magazines...) തുടങ്ങിയവരുടെ വിഖ്യാതങ്ങളായ പഠനങ്ങൾ 1980കളിൽ യൂറോ-അമേരിക്കൻ സാംസ്‌കാരിക പഠനങ്ങൾ (Cultural studies)ക്കുണ്ടായ സ്ത്രീപക്ഷ വ്യതിയാനത്തിന്റെ മികച്ച മാതൃകകളായി കണക്കാക്കപ്പെടുന്നു. നിലപാടുകളിലും വീക്ഷണങ്ങളിലും ഇവർ തമ്മിൽ തമ്മിൽ പുലർത്തിയ ഭിന്നതകൾ പോലെതന്നെ (പ്രധാനമായും റാഡ്‌വേയും ആംഗും തമ്മിൽ) പ്രസക്തമാണ് ലിംഗ, ലിംഗപദവീപഠനരംഗത്തുണ്ടായ സങ്കല്പന വ്യതിയാനങ്ങൾ മുൻനിർത്തി 1990കളിൽതന്നെ ഇവരുടെ പഠനങ്ങൾക്കു കൈവന്ന വിപുലീകരണങ്ങളും.
സ്ത്രീ-പുരുഷൻ എന്ന നെടിയ ലിംഗവിഭജനം പലതായി ചിതറിയതു മാത്രമല്ല സ്വവർഗലൈംഗികതക്കു കൈവന്ന അപൂർവവും അസാധാരണവുമായ സ്വീകാര്യതയും കർതൃപദവിയും മേല്പറഞ്ഞ നാല് വ്യവഹാരങ്ങളെയും അവയെക്കുറിച്ചുള്ള പഠനങ്ങളെയും അടിമുടി നവീകരിച്ചു. ശരീരത്തിന്റെയും കാമനകളുടെയും രാഷ്ട്രീയവും പ്രത്യയശാസ്ത്രവും പൊളിച്ചെഴുതുന്ന കാഴ്ചപ്പാടുകൾ സാംസ്‌കാരിക പഠനങ്ങളെ പുനർവിഭാവനം ചെയ്തു തുടങ്ങി. മാധ്യമ സാങ്കേതികതകൾ അതിവേഗം പരിണമിച്ചതോടെ വനിതാമാസികകളും ടെലിവിഷൻ പരമ്പരകളും തിരോഭവിച്ചു തുടങ്ങുകയും സാമൂഹ്യമാധ്യമങ്ങളും പോണോഗ്രഫിയുമുൾപ്പെടെയുള്ളവ വിപുലമായി പഠിക്കപ്പെട്ടു തുടങ്ങുകയും ചെയ്തു. അക്കാദമിക പഠനങ്ങൾ ഉദാത്ത-ജനപ്രിയ സംസ്‌കാര രൂപങ്ങളെ ഒരേ ഗൗരവത്തിൽ ചർച്ചചെയ്യുന്ന സാഹചര്യവും ഇതോടൊപ്പം രൂപം കൊണ്ടിരിക്കുന്നു. അപ്പോഴും നിലനിൽക്കുന്ന അടിസ്ഥാനപരമായ വൈരുധ്യങ്ങളിലൊന്ന് ഇയാൻ ആംഗ് ജാനിസ് റാഡ്‌വേയുടെ പഠനങ്ങളെക്കുറിച്ചുന്നയിച്ചതുതന്നെയാണ്-സ്ത്രീവാദികളല്ലാത്ത, ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളുടെ വായനയെ സ്ത്രീവാദപരമായി വിശകലനം ചെയ്യുന്നതിന്റെ തരക്കേട്. അനുഭൂതികളുടെ ആനന്ദങ്ങളെ ഭിന്നരീതികളിൽ വിശദീകരിക്കാനുള്ള സാധ്യതകൾ തുറന്നിട്ടുകൊണ്ട് ഉദാത്തവും ജനപ്രിയവുമായ സാഹിത്യ, കലാ, മാധ്യമപാഠങ്ങളെയും രൂപങ്ങളെയും സമീപിക്കുന്ന സമ്പ്രദായങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട് എന്ന് ചുരുക്കം. സ്ത്രീകളെക്കുറിച്ച്, സ്ത്രീകൾ എഴുതിയ നോവലുകൾ മുൻനിർത്തി എഴുത്തിന്റെയും വായനക്കാരായ സ്ത്രീകളെ മുൻനിർത്തി വായനയുടെയും സ്‌ത്രൈണരാഷ്ട്രീയം ചർച്ചചെയ്യുന്നതിന്റെ സാധ്യതകളാണ് ഇവിടെ സൂചിതം.
സാഹിത്യം, സിനിമ എന്നീ രണ്ടു മണ്ഡലങ്ങളിലും ഉദാത്തം-ജനപ്രിയം എന്ന വിഭജനം ഏറെക്കുറെ അപ്രസക്തമായിക്കഴിഞ്ഞ സാഹചര്യം ലോകത്തെവിടെയുമെന്നപോലെ മലയാളത്തിലും രൂപംകൊണ്ടു കഴിഞ്ഞിരിക്കുന്നു. സമീപകാലത്ത് സ്ത്രീകളെഴുതുന്ന നോവലുകളുടെ കലയും പ്രത്യയശാസ്ത്രവും വിശകലനം ചെയ്താൽ അവയ്ക്ക് കൈവന്നിട്ടുള്ള അപൂർവമായ ലിംഗ, ലിംഗപദവീരാഷ്ട്രീയങ്ങളുടെ ഭിന്നസാധ്യതകൾ മനസ്സിലാക്കാൻ കഴിയും. മാധവിക്കുട്ടിയുടെ ചന്ദനമരങ്ങൾ തൊട്ടുള്ള എത്രയെങ്കിലും രചനകൾ ഉദാഹരണം. സാറാജോസഫിന്റെ ആളോഹരി ആനന്ദം, കെ.ആർ. മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, സംഗീതാശ്രീനിവാസന്റെ ആസിഡ്, രാജശ്രീയുടെ ദാക്ഷായണിയെന്നും കല്യാണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത, ഇന്ദുമേനോന്റെ കപ്പലിനെക്കുറിച്ച് ഒരു വിചിത്രപുസ്തകം, യമയുടെ പിപീലിക, ലിജി മാത്യുവിന്റെ തഥാഗത, ഷീലാടോമിയുടെ വല്ലി, സന്ധ്യാമേരിയുടെ മരിയ വെറും മരിയ, നിർമലയുടെ മഞ്ഞിൽ ഒരുവൾ എന്നിങ്ങനെ. ഈയൊരു ജനുസ്സിൽ രചിക്കപ്പെട്ട, ഒരുപക്ഷെ നാളിതുവരെ ഒരു മലയാളനോവലിലും ആവിഷ്‌കൃതമാകാത്തവിധം സ്വതന്ത്രവും തുറന്നതുമായ ലിംഗ, ലൈംഗിക രാഷ്ട്രീയങ്ങളുടെ പ്രകടനം സന്നിഹിതമായ നോവലാണ് ഫർസാനയുടെ 'എൽമ'.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മനുഷ്യവിരുദ്ധവും വംശവിദ്വേഷപരവുമായ രണ്ട് ഭരണകൂട ഹിംസാപദ്ധതികളുടെ രാഷ്ട്രീയകാലങ്ങൾക്കിടയിൽ ഒരു സ്ത്രീയുടെ (ഒന്നാലോചിച്ചാൽ ഒരുപറ്റം സ്ത്രീകളുടെതന്നെ) കാമനാജീവിതം സങ്കടങ്ങളുടെയും സഹനങ്ങളുടെയും കൊടുങ്കാറ്റുകളുടെ ചിറകിലേറി നടത്തുന്ന ഭൂഖണ്ഡാന്തര സഞ്ചാരത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് 'എൽമ'. ഭൂതത്തിനും വർത്തമാനത്തിനുമിടയിൽ, വേട്ടക്കാർക്കും ഇരകൾക്കുമിടയിൽ, ആത്മീയതക്കും ഭൗതികതക്കുമിടയിൽ, ആത്മാവിനും ശരീരത്തിനുമിടയിൽ, സ്ത്രീക്കും പുരുഷനുമിടയിൽ, (സ്ത്രീക്കും സ്ത്രീക്കും; പുരുഷനും പുരുഷനുമിടയിലും) അഹിംസക്കും ഹിംസക്കുമിടയിൽ, വിരതിക്കും രതിക്കുമിടയിൽ സംഭവിക്കുന്ന മർത്യകാമനകളുടെ കൊടിയേറ്റങ്ങൾ 'എൽമ'യെ അസാധാരണമാംവിധം മൂർത്തമായി അഭിസംബോധന ചെയ്യപ്പെടുന്ന മാനവികതയുടെ ഭാവകാവ്യമാക്കിത്തീർക്കുന്നു. അതുവഴി ഒരേസമയംതന്നെ സ്ത്രീത്വത്തിന്റെയും (സവിശേഷം) മാനവികതയുടെയും (സാമാന്യം) രാഷ്ട്രീയ സമവാക്യങ്ങളെ നോവലിന്റെ കലയിൽ തുറന്നാവിഷ്‌ക്കരിക്കുന്ന മലയാളഭാവനയുടെ മികച്ച പാഠമാതൃകയായി 'എൽമ' മാറുകയും ചെയ്യുന്നു. യാത്രികയായ എൽമ ഇന്ത്യൻ വായനക്കാർക്കു മുന്നിൽ പറയുന്ന തന്റെ ജീവിതകഥയെന്ന രൂപത്തിലാണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്. ജനപ്രിയ റൊമാൻസുകളുടെ വാർപ്പുമാതൃകയിൽ തീർത്തതാണ് 'എൽമ'യുടെ ആഖ്യാനസങ്കേതം. രേഖീയവും സുതാര്യവും കാലാനുക്രമവും ശാഖാചംക്രമണങ്ങളില്ലാത്തതുമായ ഘടന. ആഖ്യാനത്തിന്റെ ലാവണ്യകലയിലാകട്ടെ, അടിമുടി രാഷ്ട്രീയബദ്ധവും ചരിത്രാത്മകവും സ്‌ത്രൈണചേതനയുടെ ഭാവതലങ്ങളെ അതിസൂക്ഷ്മമാംവിധം നവീകരിക്കുന്ന ലോകബോധങ്ങൾകൊണ്ടു സമൃദ്ധവുമാണ് 'എൽമ'. ഹിറ്റ്‌ലറുടെ വംശഹത്യാരാഷ്ട്രീയം ഒരേപോലെയല്ലെങ്കിൽ തന്നെയും വേട്ടക്കാർക്കും ഇരകൾക്കും സൃഷ്ടിച്ചുകൊടുത്ത സ്വത്വപ്രതിസന്ധികളുടെ പേക്കിനാവുകളിൽ നിന്നാണ് നോവലിന്റെ തുടക്കം. ബെർലിനിലെ ഒരനാഥാലയത്തിൽ 1986ൽ മൂന്നാം വയസ്സിൽ പെറ്റമ്മയുപേക്ഷിച്ചുപോയ, പെൺകുട്ടിയാണ് 'എൽമ. ഗ്രാനി എന്ന് എൽമ വിളിച്ച മദർസുപ്പീരിയറായിരുന്നു അവിടെ അവളുടെ അമ്മയും കവചവും. സിസ്റ്റർ ആൻ ഓർഫനേജ് സ്‌കൂളിൽ എൽമയെ വാത്സല്യത്തോടെ ചേർത്തുപിടിച്ചു. പന്ത്രണ്ടാം വയസ്സിലാണ് ചരിത്രപഠനക്ലാസിൽ ഹോളോകോസ്റ്റിന്റെ നരകയാഥാർഥ്യങ്ങൾ ആദ്യമായി എൽമ കേൾക്കുന്നത്. അവളുടെ രക്തം കട്ടിയായി. തലച്ചോർ പുകഞ്ഞു. പതിനാലാം വയസ്സിൽ ഓഷ്‌വിറ്റ്‌സ് കാണാൻ പോയത് എൽമയുടെ ജീവിതം തലകീഴ് മറിച്ചു.
ഗ്രാനി തന്റെ ജീവിതകഥ എൽമയോട് പറയുന്നു. അവരുടെ പിതാവും സഹോദരനും നാസിപ്പട്ടാളത്തിലായിരുന്നു. യഹൂദരെ പീഡിപ്പിച്ചും കൊന്നും തനിക്കു ഭ്രാന്തുപിടിക്കുമെന്നായപ്പോൾ സഹോദരൻ പട്ടാളത്തിൽ നിന്ന് ഓടിപ്പോന്നു. അപ്പൻ തന്നെ മകനെ ജയിലിലാക്കുകയും അവിടെ വച്ച് കൊന്നുകളയുകയും ചെയ്തു. നാസിപ്പട്ടാളത്തെയും ഭർത്താവിനെയും ഒരുപോലെ ഭയന്ന അമ്മ മകളെയും കൂട്ടി നാടുവിടുകയായിരുന്നു. ഗ്രാനി കന്യാസ്ത്രീയായി. ഇടക്കാലത്തുണ്ടായ പ്രണയത്തിന്റെ ഓർമ്മയിൽ കാമുകൻ തനിക്കു സമ്മാനിച്ച വെള്ളിലെയ്‌സ് പതിപ്പിച്ച ബൈബിൾ അവർ എൽമക്കു നൽകുന്നു.
കോളേജിൽ, ഹോളോകോസ്റ്റ് ഓർമ്മദിനത്തിൽ തന്റെ നാസിക്യാമ്പനുഭവങ്ങൾ പറയാൻ വന്ന ജൂലിയസ് എന്ന വൃദ്ധന്റെ കഥ കേട്ട് എൽമ വീണ്ടും തകർന്നു. ഷേറ എന്ന കൂട്ടുകാരിയും യാദൃച്ഛികമായി കണ്ടുമുട്ടിയ ഗിൽബർട്ട് എന്ന ഫോട്ടോഗ്രാഫറും ചേർന്ന് എൽമയുടെ ജീവിതം തിരിച്ചുപിടിച്ചു. ഷേറ കാമുകരിൽനിന്ന് കാമുകരിലേക്കു തന്റെ പ്രണയം പറിച്ചുനട്ടുകൊണ്ടേയിരുന്നു. എൽമയും ഗിൽബർട്ടും പ്രണയബദ്ധരായി.
ഗിൽബർട്ടിനെ കണ്ടുമുട്ടിയതുതൊട്ട് എൽമയുടെ ജീവിതം മറ്റൊന്നായി മാറി. അവൾ പ്രണയത്തിന്റെയും ജീവിതാനന്ദങ്ങളുടെയും രതിയുടെയും സ്വപ്നങ്ങളുടെയും ഏഴാം സ്വർഗത്തിലേക്ക് യാത്രചെയ്തു തുടങ്ങി. അമേരിക്കക്കാരി സ്റ്റെഫാനിയുടെ മകൾക്ക് ട്യൂഷനെടുക്കാൻ പോയെങ്കിലും സ്റ്റെഫാനിയുടെ ലൈംഗികതാൽപര്യത്തിൽ വെറുപ്പുതോന്നി എൽമ ആ ജോലിയുപേക്ഷിച്ചു. ഷേറ, ട്യൂഷനും സ്റ്റെഫാനിയോടുള്ള പ്രണയവും ഒന്നിച്ചേറ്റെടുത്ത് അവളുടെ ജീവിതം പുരുഷലോകത്തുനിന്ന് പറിച്ചുനട്ടു.
മലമുകളിലെ പളുങ്കുഗുഹയിലേക്ക് ഗിൽബർട്ടുമൊന്നിച്ചു നടത്തിയ യാത്ര. അവിടെവച്ചുണ്ടായ അസാധാരണമായ രത്യനുഭവം. ഗ്രാനിയുടെ മരണം. പുതിയ മദർസുപ്പീരിയറിന്റെ പെരുമാറ്റത്തിലുണ്ടായ മനംമടുപ്പ്. ഷേറയുടെയും ഗിൽബർട്ടിന്റെയും കുടുംബങ്ങളുമായുണ്ടാകുന്ന ആത്മബന്ധം.... എൽമ അനാഥാലയത്തിൽ നിന്ന് ജീവിതം മാറ്റാൻ തീരുമാനിക്കുന്നു.
യൂണിവേഴ്‌സിറ്റിയിലെ പഠനം കഴിഞ്ഞപ്പോൾ ഒരു ആർട്ട് ഗാലറിയിൽ ഗിൽബർട്ടിന്റെ ബന്ധത്തിൽ തൽക്കാലം ജോലിനേടിയ എൽമയെ അവിടെയും ഓഷ്‌വിറ്റ്‌സിന്റെ നരകഭൂതം ചിത്രകലയുടെ രൂപത്തിൽ വേട്ടയാടാനെത്തി. ഗിൽബർട്ട് അവളെ വിവാഹം ചെയ്യാൻ തീരുമാനിക്കുകയും അവന്റെ വീട്ടിൽ നടന്ന ചടങ്ങിൽ മോതിരം മാറുകയും ചെയ്യുന്നു. ഗിൽബർട്ടിന്റെ സഹോദരൻ ജയിംസ് അവന്റെ രക്തസഹോദരനായിരുന്നില്ല. അവന്റെ മാതാപിതാക്കൾ വിവാഹശേഷം ഇന്ത്യയിലേക്കു നടത്തിയ ഒരു യാത്രയിൽ അവർക്കു കിട്ടിയ അനാഥബാലനായിരുന്നു. പോളിയോ ബാധിച്ച് ഒരു കാലിന് ശേഷികുറഞ്ഞ ജയിംസിനെ അവർ മൂത്ത മകനായി വളർത്തി.
ഒരു ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയിച്ച ഗിൽബർട്ട് സമ്മാനം വാങ്ങാൻ എൽമയെയും കൂട്ടി ഇന്ത്യയിലേക്കു പോകുന്നു. മുൻപ് നടത്തിയ പർവതയാത്രയിൽ, എൽമയെ അർധനഗ്നയാക്കി നിർത്തിയെടുത്ത ചിത്രമായിരുന്നു പുരസ്‌കാരം നേടിയത്. ഇന്ത്യയിലെത്തിയ എൽമയും ഗിൽബർട്ടും മുംബയിൽ അവന്റെ അമ്മയുടെ ബന്ധുവായ ഗ്ലാഡിയറ്റിനെ സന്ദർശിക്കുകയും അവരോടൊപ്പം താമസിക്കുകയും ചെയ്യുന്നു. ഗ്രാനിയുടെ മുഖഛായയും പ്രായവും പ്രകൃതവും തന്നെയായിരുന്നു ഗ്ലാഡിയറ്റിനും. ഗോവൻ തുറമുഖത്ത് അഗ്നിക്കിരയായ കപ്പലിൽനിന്നു രക്ഷപെട്ട് ഗോവയിൽ സ്ഥിരതാമസമാക്കേണ്ടിവന്ന ജർമ്മൻ വംശജരുടെ അവസാനകണ്ണിയായിരുന്നു അവർ. ഗ്ലാഡിയറ്റിന്റെ വീടിന്റെ ഭിത്തിയിൽ കാലിഗ്രഫി ചെയ്തുവച്ചിരുന്ന 'Dont Leave me even for an hour....' എന്ന പാബ്ലോ നെരൂദയുടെ കവിതവായിച്ച്, അതിതീവ്രമായി എൽമയെ ചുംബിച്ച്, അവളോടും ഗ്ലാഡിയറ്റിനുമൊപ്പം കടൽ കാണാൻ പോയ ഗിൽബർട്ട് തീരത്തെ പാറക്കെട്ടിൽനിന്ന് കടലിൽ വീണ് മരിക്കുന്നു.
എൽമയുടെ ജീവിതം അതിന്റെ മൂന്നാം ഘട്ടത്തിലേക്കു കടക്കുന്നു. ഗിൽബർട്ടിന്റെ മാതാപിതാക്കളെത്തി അവളെ ജർമ്മനിയിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അവൾ വഴങ്ങുന്നില്ല. ഗിൽബർട്ട് മരിച്ച സ്ഥലത്ത് ഗ്ലാഡിയറ്റിനൊപ്പം ജീവിക്കാൻ അവൾ തീരുമാനിക്കുന്നു. തുടർന്നുള്ള ദിനങ്ങളിൽ മുംബയിലെ വർഗീയകലാപങ്ങൾക്കും തീവ്രവാദി ആക്രമണങ്ങൾക്കും ദൃക്‌സാക്ഷിയാകേണ്ടിവരുന്നു എൽമക്ക്. കാലം മുന്നോട്ടു പോയി. ഗ്ലാഡിയറ്റിന്റെ സുഹൃത്തായ റീത്തയെന്ന ധനികസ്ത്രീ തന്റെ മകൻ ഏണസ്റ്റിനെ വിവാഹം ചെയ്യാൻ എൽമയെ നിർബന്ധിക്കുന്നു. ഏണസ്റ്റ് തന്റെ പുരുഷസുഹൃത്തിനൊപ്പം മാത്രമേ ജീവിക്കൂ എന്നവൾ മനസ്സിലാക്കുന്നത് വിവാഹശേഷം മാത്രമാണ്. നല്ല സുഹൃത്തുക്കളായി മാറി അവർ. ഗിൽബർട്ടിന്റെ ഓർമ്മയിലേക്കു തിരിച്ചുപോയ എൽമ ഏണസ്റ്റിന്റെ നിർദ്ദേശപ്രകാരം യാത്രകൾക്കു തയ്യാറെടുക്കുന്നു. ഗിൽബർട്ടിനെ ഉൾക്കൊണ്ട കടൽ എങ്ങും വ്യാപിച്ചതുപോലെ ജീവിതം യാത്രകൾക്കും ദേശങ്ങൾക്കും വേണ്ടി മാറ്റിവയ്ക്കുന്നു എൽമ.
ഒരൊറ്റ പരവതാനിയുടെ ഊടും പാവും പോലെ രൂപംകൊള്ളുന്ന ആറ് കഥാതന്തുക്കളുണ്ട് എൽമയിൽ. ആഖ്യാനത്തിന്റെ ആറ് കഥനധാരകളായും ഭാവതലങ്ങളായും കാണാം ഇവയെ. ഹോളോകോസ്റ്റിന്റെ സംഭീതമായ അനുഭവങ്ങളിലും ഓർമ്മകളിലും ജീവിക്കേണ്ടിവരുന്ന മനുഷ്യരുടേതാണ് ഒന്നാമത്തെ കഥാതന്തു. ജൂലിയസ് മാത്രമല്ല ഗ്രാനിയും ആനും എൽമയും ഹിറ്റ്‌ലറുടെ വംശവെറി യഹൂദർക്കെന്നപോലെ ജർമ്മൻകാർക്കും സൃഷ്ടിച്ച സമാനതകളില്ലാത്ത സങ്കടങ്ങളിലും സംഘർഷങ്ങളിലും കൂടി കടന്നുപോകുന്നവരാണ്. സ്ത്രീയുടെ സഹനങ്ങളുടെയും സ്മൃതികളുടെയും ആഖ്യാനങ്ങളെന്ന നിലയിൽ ചരിത്രത്തെ പാഠവൽക്കരിക്കുന്നതിലും നോവൽവൽക്കരിക്കുന്നതിലും ഫർസാന പുലർത്തുന്ന സവിശേഷമായ താൽപര്യം ഈ രചനയുടെ രാഷ്ട്രീയനിലപാടുകളുടെ കൂടി പ്രഖ്യാപനമാണ്. സ്ത്രീ, ചരിത്രമെഴുതുന്നത് ഓർമ്മകളെയും അനുഭവങ്ങളെയും പ്രത്യക്ഷവൽക്കരിച്ചാണ് എന്ന് അടിവരയിട്ടു തെളിയിക്കുന്നു, ഗ്രാനിയുടെയും ആനിന്റെയും ഗ്ലാഡിയറ്റിന്റെയും എൽമയുടെയും ജീവിതങ്ങൾ. പ്രാണഭയങ്ങളുടെയും ആത്മാന്വേഷണങ്ങളുടെയും ഇരട്ടനുകങ്ങളായി ഭൂതകാലം അവരെ തളച്ചിടുന്നു. ഹോളോകോസ്റ്റിന്റെ രാക്ഷസപ്രതീതികൾ എൽമയെ വേട്ടയാടിയ നിമിഷങ്ങളുടെ ഈ ആഖ്യാനം വായിക്കൂ.
'തൊണ്ടയിൽ അമ്ലരസത്തിന്റെ പുളിപ്പുണ്ടായി. ഗൾപ്പ് എന്നൊരൊച്ചയോടെ ഞാനതു വിഴുങ്ങി.
1940കളിലെ തണുത്തുറഞ്ഞ ഏതോ ഒരു പ്രഭാതത്തിൽ തുറന്ന റെയിലിൽ യഹൂദരെയും കുത്തിനിറച്ചു പോളണ്ടിലേക്കു വന്ന ജർമൻസൈനികരെ മനസ്സിൽ കണ്ടു. പെട്ടെന്നാണ് തലയ്ക്കകം മുഴുവൻ ഇരുമ്പിൻചീളുകളാൽ തുളയ്ക്കപ്പെടുന്ന തോന്നലുണ്ടായത്. വിഷപ്പുക നിറച്ച ഗ്യാസ് ചേംബറിന്റെ തണുത്ത ഇരുട്ടിൽ മരണത്തിന്റെ കറുപ്പുനിറം മുന്നിൽക്കണ്ട് വാവിട്ടു കരഞ്ഞ പിഞ്ചോമനകൾ കണ്ണിനു മുമ്പിൽ തെളിഞ്ഞുനിന്നു. നെറ്റിക്കിരുവശത്തുനിന്നും പൊട്ടിപ്പുറപ്പെട്ട അസാദ്ധ്യമായ വേദനയാൽ ഞാൻ പുളഞ്ഞു. തല അമർത്തിപ്പിടിച്ചു. പരസ്പരം കെട്ടിപ്പുണർന്ന് മരണത്തിന്റെ അതിശൈത്യത്തിലേക്ക് നടന്നുനീങ്ങിയ അമ്മമാരെയും മക്കളേയുമോർത്ത് കണ്ണിൽ കടലിരമ്പിയതും ഒറ്റപ്പാച്ചിലിൽ ആ വേദന അടിവയറ്റിലേക്കെത്തി. ഞാൻ പിടഞ്ഞു.
ആന്തരികാവയവങ്ങളെയത്രയും കൊളുത്തിവലിക്കുന്ന വേദന! ഫ്രെയിമിലാക്കിവെച്ച നോവിന്റെ ബ്ലാക് ആൻഡ് വൈറ്റ് ചിത്രങ്ങൾ നിരവധിയുള്ള ചുവരിലേക്ക് ഞാൻ പയ്യെ ചാഞ്ഞു. ആകെ വിയർത്തതും ഒച്ചയോടെ ശ്വാസംവലിച്ചു. മൂക്കു വിറച്ചു.
കൂട്ടിയിട്ട സ്വർണ്ണദന്തക്കൂമ്പാരത്തിനു മുമ്പിൽ കൈയിലെ ചവണയുമായി അട്ടഹാസത്തോടെ നിൽക്കുന്ന നാസിപ്പടയെ നേരിൽ കണ്ടെന്നപോലെ ഞാൻ നടുങ്ങിവിറച്ചു.
അടിവയർ പൊത്തിപ്പിടിച്ച് വിങ്ങിക്കരഞ്ഞു.
പെട്ടെന്നാണ് വയറിനു നേരേക്ക് ആ ചവണ നീളുന്നുവെന്ന തോന്നലുണ്ടായത്. തൊലി തുരന്ന് അത് ഉന്നംവെച്ചത് എന്റെ പെണ്മയുടെ സൂക്ഷിപ്പുകേന്ദ്രത്തിനെയാണ്. അത്രയും നാൾ നിർജ്ജീവമെന്നോണം കഴിഞ്ഞിരുന്ന നീർസഞ്ചിയിൽ വെടി മുഴങ്ങി.
തുടരത്തുടരെയുള്ള വെടിമുഴക്കം!
പൊട്ടിത്തെറിച്ച കോശമതിലുകൾക്കിടയിലൂടെ പൊടിഞ്ഞ രക്തത്തുള്ളികളുടെ ഉറവയിലേക്ക് ചവണ വീണ്ടും വീണ്ടും ചുഴിഞ്ഞിറങ്ങി. എന്നിലെ ഭീതി അധികരിച്ചു. മൂർച്ഛിച്ച വേദനയാൽ ഞാൻ മുരണ്ടു. വിറച്ചുതള്ളിയ ദേഹത്തിലൂടെ അത്യധികം വിയർപ്പൊലിച്ചു. മനസ്സിലൊരു സ്‌ഫോടനം സൃഷ്ടിച്ചുകൊണ്ട് തുടമദ്ധ്യത്തിലേക്ക് അന്നാദ്യമായി എത്തിനോക്കിയത് കേവലം ചുവപ്പൻതുള്ളികളല്ലായിരുന്നു; ഭയപ്പാടിന്റെ പശയുള്ള നീരൊഴുക്കായിരുന്നു'.
വംശവെറിയുടെ സമാനതകളില്ലാത്ത യൂറോപ്യൻ ഹിംസാചരിത്രത്തിൽനിന്ന് മതവർഗീയതയുടെയും ജാതിവെറിയുടെയും കലാപസമൃദ്ധമായ ഇന്ത്യൻ വർത്തമാനത്തിലേക്ക് നടത്തുന്ന ഭാവനാസഞ്ചാരം നോവലിന്റെ രാഷ്ട്രീയഭൂമികയുടെ കാലാന്തര-ദേശാന്തര ജീവിതചക്രം പൂർത്തിയാക്കുന്നു.
യുദ്ധങ്ങളും മതതീവ്രവാദവും കലാപങ്ങളും ദാരിദ്ര്യവും വംശഹത്യകളും സൃഷ്ടിക്കുന്ന ഏറ്റവും തീക്ഷ്ണമായ മർത്യാനുഭവമെന്ന നിലയിൽ അനാഥത്വത്തിനു കൈവരുന്ന മൂർത്തമായ ഭാവസ്വരൂപമാണ് എൽമയുടെ രണ്ടാം കഥാതന്തു. എൽമയും ജയിംസും മാത്രമല്ല ഗ്രാനിയും ഗ്ലാഡിയറ്റുമൊക്കെ ഒരർഥത്തിലല്ലെങ്കിൽ മറ്റൊരർഥത്തിൽ അനാഥരും ഹിംസാത്മകചരിത്രത്തിന്റെ ഇരകളുമാണ്. വംശവൈരമാകട്ടെ മതവർഗീയതയാകട്ടെ, ജാതിവെറിയാകട്ടെ, യൂറോപ്പിലാകട്ടെ, ഇന്ത്യയിലാകട്ടെ, അനാഥരെയും ഏകാന്തമനുഷ്യരെയും സൃഷ്ടിക്കുന്ന നരമേധങ്ങളുടെ ഘോഷയാത്രകൾക്കാണ് ചരിത്രം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. അഭയാർഥിത്വത്തിന്റെ സാമൂഹികതയിലേക്കല്ല അനാഥത്വത്തിന്റെ വൈയക്തികതയിലേക്കാണ് നോവലിന്റെ ശ്രദ്ധ. മാനവികതയുടെ രാഷ്ട്രീയം മുൻനിർത്തി എൽമ മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാനപരമായ നോവൽ പ്രമേയങ്ങളിലൊന്ന് അനാഥത്വത്തിന്റെ പുനർവിഭാവനമാണ്. എൽമക്ക് ഗ്രാനിയും ആനും നൽകുന്ന സനാഥത്വം പോലെയാണ് ഷേറയും ഗിൽബർട്ടും അവരുടെ കുടുംബങ്ങളും നൽകുന്ന പരിഗണനയും. ജയിംസിന്റെ ദത്തെടുക്കലും തുടർജീവിതവും ദേശവും വംശവും മറികടന്ന മനുഷ്യത്വത്തിന്റെ മാതൃകയായി മാറുന്നു. നാസിഭീകരത ജർമൻ കുടുംബങ്ങൾക്കുള്ളിൽ സൃഷ്ടിക്കുന്ന വൈകാരികവും ബൗദ്ധികവും ജൈവികവുമായ അനാഥത്വങ്ങളെക്കുറിച്ചാണ് ഒരർഥത്തിൽ ഈ നോവൽ തന്നെയും. കുടുംബവും പ്രണയവും മാതൃത്വവും രതിയും രാഷ്ട്രവുമൊക്കെ അവർക്ക് മുന്നിൽ ശിഥിലമാകുന്നു. ഹിരണ്യയെന്ന പെൺകുഞ്ഞിനെ ഒപ്പം നിർത്താനുള്ള എൽമയുടെ ശ്രമം പരാജയപ്പെടുന്നു. ഓർഫനേജ് സ്‌കൂളിലെ മ്യൂസിയം മുതൽ മുംബയ് നഗരപ്രാന്തത്തിലെ ഗ്ലാഡിയറ്റിന്റെ ഒറ്റമുറി വീട് വരെ ഓരോന്നും എൽമക്കു മുന്നിൽ ചരിത്രത്തിലെ മനുഷ്യവിരുദ്ധതകളെക്കുറിച്ചുള്ള ചിത്രസാക്ഷ്യങ്ങൾ അവതരിപ്പിക്കുന്നു. ഒരിടവും തനിക്കു സ്വന്തമല്ലെന്നും അതുകൊണ്ടുതന്നെ ഒരിടവും തനിക്കന്യമല്ലെന്നുമുള്ള തിരിച്ചറിവിലേക്കാണ് എൽമ സഞ്ചരിച്ചെത്തുന്നത്. യാത്രകളിലേക്കു പറിച്ചുനടുന്ന ജീവിതം കൊണ്ട് അവൾ ലോകത്തോട് പ്രഖ്യാപിക്കുന്നതും മറ്റൊന്നല്ല.
പ്രണയത്തിന്റെ ദീർഘദീർഘങ്ങളായ ആനന്ദാനുഭൂതികളുടെയും ദുരന്തച്ഛവിയുള്ള വൈപരീത്യങ്ങളുടെയും ആവിഷ്‌ക്കാരമാണ് 'എൽമ'യുടെ മൂന്നാമത്തെ കഥാതന്തു. ഏറെക്കുറെ സിനിമാറ്റിക് എന്നു തോന്നിപ്പിക്കുന്ന, വൈകാരിക മുഹൂർത്തങ്ങൾ ധാരാളമുള്ള, സ്ത്രീ-പുരുഷ പ്രണയത്തിന്റെ ഹർഷനിർവൃതികൾ മുറ്റിനിൽക്കുന്ന, സ്വവർഗപ്രണയത്തിന്റെ സ്ഫടികലോകങ്ങൾ മറനീങ്ങുന്ന, റൊമാന്റിക് ട്രാജഡിയുടെ ഏടുകൾ ഒന്നൊന്നായാവർത്തിക്കുന്ന, ദുരന്തത്തിലും മരണത്തിലും വേർപാടിലും കഥ തീരാത്ത, ആഖ്യാനം. ആത്മീയം എന്നു തോന്നിപ്പിക്കുന്ന പരസ്പരസമർപ്പണത്തിന്റെ ഭാഷയിലാണ് ഫർസാന തന്റെ ഓരോ പ്രണയബന്ധവും ഭാവനചെയ്യുന്നത്. അതേസമയംതന്നെ അത് ശരീരമുക്തമോ രതിരഹിതമോ അല്ലതാനും. മൊയ്തീൻ-കാഞ്ചനമാല കഥ മുതൽ 'ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി' പോലുള്ള ഇംഗ്ലീഷ് റൊമാന്റിക് ക്ലാസിക്കുകൾ വരെയുള്ളവയുടെ ആന്തരസന്നിവേശം 'എൽമ'യിലുണ്ട് എന്നു കാണാൻ വിഷമമില്ല. മരണവും വേർപിരിയലും നഷ്ടമാക്കാത്ത പ്രണയത്തിന്റെ അനുഭവങ്ങളിലൂടെ കടന്നുപോകുന്നത് എൽമയും ഗിൽബർട്ടും മാത്രമല്ല എന്നും ഓർക്കണം. ഗ്രാനിയും ഗ്ലാഡിയറ്റും തങ്ങളുടെ ശിഷ്ടജീവിതത്തിന്റെ ഏറ്റവും വലിയ സ്മൃതിബിംബങ്ങളായി കാത്തുസൂക്ഷിക്കുന്നതും മറ്റൊരു ജീവിതാനുഭവമല്ല. നഷ്ടപ്രണയത്തിന്റെ രക്തസാക്ഷ്യങ്ങളാണ് അവർക്ക് ജീവിതം തന്നെയും. ഇന്ത്യയിൽ തങ്ങളുടെ പ്രണയത്തിനുവേണ്ടി ജീവൻതന്നെ ഹോമിക്കേണ്ടിവരുന്ന പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും സമീപകാല കഥകളുടെ പാഠമാതൃകകളിലൊന്ന് ഫർസാന നോവലിൽ അവതരിപ്പിക്കുന്നുണ്ട്. ഭയമില്ലാതെ പ്രണയിക്കുന്ന മനുഷ്യരെക്കുറിച്ചാണ് നോവൽ സ്വപ്നം കാണുന്നത്. പളുങ്കുഗുഹയിൽ നിന്ന് മലമുകളിലേക്കു കയറി, നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിനു താഴെ രാത്രിപങ്കിടുന്ന എൽമയുടെയും ഗിൽബർട്ടിന്റെയും സമാഗമം വായിക്കൂ.
'ചോരയിറ്റിച്ചുവീഴ്‌ത്തുന്ന തുടുത്ത സൂര്യൻ പതിയപ്പതിയെ ഇല്ലാതാവുന്ന കാഴ്ചയുടെ അവസാനനിമിഷവും എന്റെ മടിയിൽക്കിടന്ന് അവൻ ക്യാമറയിൽ പതിപ്പിച്ചു. സർവ്വത്ര ഇരുട്ടാവുന്ന അതിശയദൃശ്യമായി പിന്നീട് ഞങ്ങൾക്കു മുമ്പിലെ ലോകം. വീണ്ടും നിശ്ചലത. പോകപ്പോകെ ഒരു മുറിച്ചന്ദ്രൻ മാനത്തു തെളിഞ്ഞു. ഒറ്റയ്ക്കും കൂട്ടത്തോടെയും വജ്രമൂർച്ചയോടെ ശോഭിക്കുന്ന നക്ഷത്രങ്ങൾ.
വിനാഴികകൾ നിമിഷങ്ങളാകും സമയം!
ബാക്ക്പാക്കിനോടൊപ്പം തൂക്കിയിട്ടിരുന്ന പച്ച പോപ്പപ്പ് ടെന്റെടുത്ത് അൽപ്പം മാറി നിവർത്തി ഗിൽബർട്ട്. റാന്തൽവിളക്കിന്റെ ആകൃതിയിലുള്ള സ്വർണ്ണവെളിച്ചം തൂവുന്ന ക്യാമ്പ് ലൈറ്റ് ഓൺ ചെയ്തു. ക്യാമ്പിങ് സ്റ്റൗവിലേക്ക് കെറ്റിൽ വെച്ച് ബ്ലാക്ക് കോഫി ഉണ്ടാക്കി. തെർമൽ കവറിൽ കരുതിയ ബ്ലാക്ക് പെപ്പറിൽ കുതിർത്ത ബീഫ് സ്റ്റീക്ക് ബ്രെഡ്ഡിനോടൊപ്പം ചേർത്ത് എന്നെയൂട്ടി.
രാത്രി കനംവെക്കുംതോറും ഞങ്ങൾക്കിടയിലെ മൗനത്തിന്റെ ആവരണവും കനത്തു. പറയാനും കേൾക്കാനും ഇനിയെന്തെന്നറിയാതെ, പരസ്പരം കണ്ണെറിയാതിരിക്കാൻ ശ്രമിച്ചുകൊണ്ട് ടെന്റിനു പുറത്തെ പച്ചപ്പിൽ ഞങ്ങളിരുന്നു.
പെട്ടെന്ന്, അതെ പെട്ടെന്നായിരുന്നു, ഈ നിമിഷങ്ങൾ പാഴാക്കിക്കൂടാ എന്നൊരു ചിന്ത എന്നിൽ പിറന്നത്.
എനിക്ക്.... എന്താണ് എങ്ങനെയാണ് എന്നൊന്നും ഇപ്പോൾ വിശദീകരിക്കാനാവുന്നില്ല. ഓഹ്, അന്നേരത്തെ ഒരു അവസ്ഥ! അവനെ എന്നിലേക്കിറക്കി എന്റെയുള്ളിൽ ആ ചന്ദ്രതാരം സൂക്ഷിക്കണം എന്ന ആവേശമായിരുന്നോ?
അല്ലാ!
അവനെ എന്റെ സയാമീസ് ഇരട്ടയാക്കണം എന്ന ഉൾവിളി! അതെ, അതുതന്നെയായിരുന്നു. ഒരിക്കലും ഒന്നിനാലും വേർപെടുത്താനാകാത്തവണ്ണം അവനെ എന്നിലേക്കു ചേർക്കാൻ... ഒട്ടിയൊട്ടിയങ്ങനെ... അതെ, കൃത്യം അതായിരുന്നു എന്നിൽ ആവേശിച്ച ഭാവന!
മുട്ടുകുത്തി എണീറ്റ ഞാൻ അവന്റെ മടിയിലേക്കു കയറിയിരുന്നു. കഴുത്തിൽ വട്ടമിട്ടു പിടിച്ചു. നീലക്കണ്ണുകളിലേക്കു നോക്കാതെ മടിയിലേക്ക് കണ്ണുകൾ പൂഴ്‌ത്തി.
അവന്റെ ചുണ്ടുകൾ ഇതൾപോലെ വിരിയുന്ന നേരിയ രംഗമുണ്ടായി എനിക്കു മുമ്പിൽ. നിശ്വാസങ്ങൾ കൂട്ടിമുട്ടി. എന്റെ കണ്ണുകളിലെ തൃഷ്ണയ്ക്കു സമാനമായ വികാരത്തോടെയുള്ള അവനെ കാണാനായി. ഇരുന്നയിരുപ്പിലേ, വള്ളിപ്പടർപ്പുള്ള ഒരൊറ്റ കുരുട്ടുമരമായി ഞങ്ങൾ രൂപാന്തരപ്പെട്ടു.
നക്ഷത്രങ്ങളേ.... ഒന്നുകിൽ കണ്ണടയ്ക്കുക! അല്ലെങ്കിൽ അസൂയപ്പെടുക!
ഗുഹാമനുഷ്യരായി ഞങ്ങൾ.
വളഞ്ഞും പുളഞ്ഞും മലർന്നും കമിഴ്ന്നുമുള്ള സ്ഥാനഭ്രംശങ്ങൾക്കിടെ പുൽച്ചെടിമുനകൾ ദേഹത്തിൽ ഉരസി. ഉച്ചിമുതൽ പാദം വരെ പുൽനാമ്പുകളുടെ നാക്കിന്റെ സ്പർശം. ഞാനാകെ നനഞ്ഞു. പച്ചിലകളുടെ ഘർഷണത്താൽ ആദ്യമൊരു ചെറുതീ പൊടിഞ്ഞു. സാവകാശമായി ആളിയാളി കത്തിയ തീയിൽ ഞങ്ങളുടെ ഉടലുകൾ അമ്മാനമാടപ്പെട്ടു.
ഞങ്ങൾ വെന്തു.
അതിന്റെ തീവ്രത ചെറുതും വലുതുമായ മുരൾച്ചകളായി പാറയിടുക്കുകളിൽ പതിഞ്ഞു. ഇത്തിരിവെട്ട മിന്നാമിനുങ്ങുകൾ നാണത്തോടെ പാറിപ്പറന്നു. മൂർച്ചയേറിയ പുൽത്തലപ്പ് എനിക്കുള്ളിലേക്ക് കുത്തിക്കയറി. പുറത്തു ചാലിട്ട വിയർപ്പിനെ അന്നേരം വീശിയ ഇളംകാറ്റ് നക്കിത്തുടച്ചു. ഏറെനേരം ഉയരേക്കുയരേക്കു പറന്നുതളർന്ന രണ്ടു നിശാശലഭങ്ങൾ പുൽമെത്തയിലേക്കു കിതപ്പോടെ ചെരിഞ്ഞു.
ഞാൻ മാനത്തേക്കു നോക്കി പുഞ്ചിരിച്ചു. മെല്ലെ മയക്കത്തിലേക്കു വീണു. ആത്മാവുപോലും ശാന്തമായ മയക്കം.
'എൽമാ.... എൽമാ.... കണ്ണുതുറക്ക്, അർദ്ധരാത്രി കഴിഞ്ഞെപ്പോഴോ തുറന്ന മാനത്തേക്കു കൈ ചൂണ്ടി, കാതോരം ചേർന്നവൻ പറഞ്ഞു, ഓഹ് ജീസസ്! ആകാശത്തേക്കു നേക്കിയേ- അറോറ! ജർമനിയിൽ അറോറ എത്രമാത്രം അപൂർവ്വമാണെന്നറിയാമോ? തീർച്ചയായും തനിക്കായുള്ള പ്രകൃതിയുടെ സമ്മാനംതന്നെയിത്'.
കണ്ണു തിരുമ്മി ഞാൻ നോക്കി. പല വിചാരങ്ങളാൽ മനസ്സ് ഉഴറി.
ചുവപ്പും പച്ചയും നിറങ്ങളിലെ പ്രഭാനാളങ്ങളിൽ കത്തിജ്ജ്വലിച്ചു നിൽക്കുന്ന ആകാശം.
വർണ്ണങ്ങളുടെ ഓളങ്ങളെയേറ്റി ഒഴുകുന്ന കടലായി ആകാശം.
ചുഴിയിൽപ്പെട്ടപോലെ ചായങ്ങളിൽ ആടിയുലയുന്ന ആകാശമെന്ന മഹാലോകം. അഹ്, അറോറ! സ്വർഗ്ഗലോകത്തെ മാലാഖമാരുടെ നൃത്തം കാണുന്നുവെന്ന മാതിരി ആ പ്രതിഭാസത്തെ വിടർന്ന കണ്ണുകളോടെ മലർന്നു കിടന്നു ഞാൻ കണ്ടു.
'ഇതാണ്.... ഈ കാഴ്ചയാവട്ടെ, തനിക്കു തരാനുള്ള ഏറ്റവും അവസാനത്തെ സർപ്രൈസ്!' മാനത്തുനിന്നും പൊട്ടിയടർന്ന് എന്റെ നെഞ്ചിലേക്കു വീണ രണ്ടു നക്ഷത്രത്തുടിപ്പുകളിലും മാറിമാറി ചുംബിച്ചു ഗിൽബർട്ട്'.
പ്രണയത്തിലും രതിയിലും സ്ത്രീക്കു കൈവരുന്ന കർതൃപദവിയാണ് എൽമയുടെ ആഖ്യാനത്തെ വേറിട്ടുനിർത്തുന്ന ഘടകങ്ങളിലൊന്ന്. ഷേറയും എൽമയും ഗ്രാനിയുമുൾപ്പെടെ ആരും അതിനപവാദമല്ല. അതുകൊണ്ടുതന്നെയാണ് എൽമയുടെ പ്രണയകഥക്കു നേർവിപരീതദിശയിൽ മുംബയിലെ പെൺകുട്ടിയുടെ പ്രണയത്തിനുണ്ടാകുന്ന ദുരന്തപരിണാമം നോവലിന്റെ ശ്രദ്ധേയമായ കഥാഭാഗമാകുന്നത്. ജാതിവെറിമുഴുത്തു നടക്കുന്ന ദുരഭിമാനക്കൊലകളുടെ ഇരയാണ് ഗ്ലാഡിയറ്റും എന്നിടത്ത് ഈ ഇന്ത്യൻ അ-പ്രണയകഥകളുടെ വൃത്തം പൂർത്തിയാകുന്നു.
സ്വവർഗപ്രണയത്തിന്റെയും വിവാഹത്തിന്റെയും ലൈംഗികതയുടെയും ജീവിതരാഷ്ട്രീയം സ്വേച്ഛാപരമായി തെരഞ്ഞെടുക്കുന്ന മനുഷ്യരെ പ്രശ്‌നഭരിതമേയല്ലാത്ത കാലസന്ധികളിലൂടെ കടത്തിവിടുന്നുവെന്നതാണ് 'എൽമ'യുടെ ആഖ്യാനത്തിന്റെ നാലാമത്തെ ഭാവതലം. പുരുഷപ്രണയങ്ങളിൽ മടുപ്പുതോന്നുന്ന ഷേറ സ്റ്റെഫാനിയുമായി പ്രണയത്തിലാവുകയും ശിഷ്ടജീവിതം അവൾക്കൊപ്പം കഴിയാൻ അമേരിക്കയിലേക്കു കുടിയേറുകയും ചെയ്യുന്നു. ഏണസ്റ്റും ഡേവിഡും തമ്മിലുടലെടുക്കുന്ന ബന്ധത്തിന്റെ സൂക്ഷ്മചിത്രീകരണവും നോവലിലുണ്ട്. പ്രണയത്തിൽ മനുഷ്യർ അന്വേഷിക്കുന്നതും കണ്ടെത്തുന്നതുമെന്താണ് എന്ന ചോദ്യമാണ് എൽമയുടെ ആഖ്യാനകലയുടെ അടിസ്ഥാനം എന്നുതന്നെ പറയാം. ഭിന്ന, സ്വവർഗലിംഗങ്ങൾ ഏതുമാകട്ടെ, രണ്ടു വ്യക്തികൾക്ക് പരസ്പരം പൂരിപ്പിക്കാനും ആനന്ദിക്കാനും അനിവാര്യരാകാനും കഴിയുന്ന ഒരവസ്ഥയായി പ്രണയം ജീവിതത്തെ പുനർനിർവചിക്കുന്നു. മാനുഷികവും ഉദാരവും ജനാധിപത്യപരവുമായ ഭരണകൂടനിയമങ്ങൾ പ്രണയത്തെ സ്വതന്ത്രവ്യക്തികളുടെ ഇച്ഛകൾക്കനുസരിച്ചുള്ള കാമനാജീവിതമായി പുനർവ്യാഖ്യാനിച്ചതോടെ മാറിവന്ന ലോകക്രമത്തിന്റെ ലിബറൽ കഥാപാഠങ്ങളായി എൽമയിലെ ഈ രണ്ട് ബന്ധങ്ങളും വേറിട്ടുനിൽക്കുന്നു. ഷേറയുടെ കുടുംബം അവളുടെ ബന്ധം തുറന്നംഗീകരിക്കുമ്പോൾ റീത്തക്ക് മകന്റെ സ്വവർഗബന്ധം ഉൾക്കൊള്ളാൻ കഴിയുന്നില്ല.
ഉറ്റസൗഹൃദങ്ങളിലേക്ക് പരിണമിക്കുന്ന നാനാതരം മനുഷ്യബന്ധങ്ങളുടെ കഥയാണ് 'എൽമ' എന്നു പറയാം. മാതൃത്വവും പിതൃത്വവും പ്രണയവും ദാമ്പത്യവുമൊക്കെ എത്തിപ്പെടേണ്ട ഏറ്റവും മൂർത്തവും മാനുഷികവുമായ ബന്ധം സൗഹൃദത്തിന്റേതാണെന്നും അവിടെയാണ് ഒട്ടൊക്കെ തുല്യവും സമാനവുമായി വ്യക്തിബന്ധങ്ങൾ നിലനിൽക്കുന്നതെന്നും എൽമ സൂചിപ്പിക്കുന്നു. കിരാതമായ പിതൃമേധാവിത്തങ്ങളും വംശവെറികളും സർവാധിപത്യങ്ങളും ജാതിപ്പോരുകളും ഭരണകൂടം മുതൽ ഓർഫനേജ് വരെയുള്ള സ്ഥാപനങ്ങളിലെ അധികാരങ്ങളും ശ്വാസം മുട്ടിക്കുന്ന മനുഷ്യർ ഒന്നൊഴിയാതെ ഉറ്റുനോക്കുന്നത് സൗഹൃദങ്ങളിലേക്കാണ്. സാഹോദര്യങ്ങളിലേക്കും. പ്രണയം പോലും സൗഹൃദത്തിന്റെ മറ്റൊരു രൂപമായി 'എൽമ'യിൽ മാനുഷികീകരിക്കപ്പെടുന്നു. എൽമയും ഗിൽബർട്ടും തമ്മിൽ മാത്രമല്ല ഷേറയും സ്റ്റെഫാനിയും തമ്മിലും ഏണസ്റ്റും ഡേവിഡും തമ്മിലും ഏണസ്റ്റും എൽമയും തമ്മിലും എൽമയും ഗ്രാനിയും ആനിയും തമ്മിൽതമ്മിലും എൽമയും ഗ്ലാഡിയറ്റും തമ്മിലുമൊക്കെ രൂപംകൊള്ളുന്ന ബന്ധങ്ങളിൽ കലർപ്പറ്റ സൗഹൃദത്തെക്കാൾ അർഥവും ആർജ്ജവവും മൂല്യവും മറ്റൊന്നിനുമില്ല എന്നതാണ് വസ്തുത. ഇതാണ് ഈ നോവലിന്റെ അഞ്ചാമത്തെ ആഖ്യാനതലം.
എൽമയുടെ രത്യനുഭൂതികൾ അവളുടെ ഉടലിനും ഉണ്മക്കും നൽകുന്ന സ്വാതന്ത്ര്യങ്ങളുടെയും വിമോചനങ്ങളുടെയും കർതൃത്വത്തിന്റെയും അതിസൂക്ഷ്മമായ ആവിഷ്‌ക്കാരങ്ങളാണ് ഈ നോവലിന്റെ ആറാമത്തെ ഭാവതലം. ഷേറയുടെ സ്വതന്ത്രലൈംഗികതാസങ്കല്പങ്ങൾ ഭയചകിതയാക്കിയ ഒരു കാലം എൽമക്കുണ്ടായിരുന്നു. മഠത്തിന്റെയും ഓർഫനേജിന്റെയും ശിക്ഷണം. പിന്നീടാണവൾ ഗിൽബർട്ടിനെ കണ്ടുമുട്ടുന്നതും പ്രണയത്തിന്റെയും അതിൽനിന്നുരുവംകൊണ്ട രതിയുടെയും അതുല്യമായ അഭിനിവേശങ്ങളിലേക്ക് അവനോടൊപ്പം സഞ്ചരിക്കുന്നതും. ഗിൽബർട്ടിന്റെ മരണശേഷം ഒറ്റപ്പെടൽ തന്നെ തകർത്തുകളയും എന്നു തോന്നുന്ന സന്ദർഭങ്ങൾ പലതിനെയും അവൾ മറികടക്കുന്നത് അസാധാരണമാംവിധം മാനുഷികവും സ്‌ത്രൈണവും സ്വാഭാവികവുമായ രതിയുടെ ആത്മാനുഭവങ്ങളിലേക്ക് സ്വയം തെന്നിനീങ്ങിയാണ്. സ്ത്രീസ്വയംഭോഗത്തിന്റെ ഇത്രമേൽ സുന്ദരവും ഭാവതീക്ഷ്ണവുമായ ആവിഷ്‌ക്കാരം മറ്റൊരു മലയാളനോവലിലും കണ്ടിട്ടില്ല. സ്വയംഭോഗത്തിലൂടെ സാധ്യമാകുന്ന, ശാരീരികവും മാനസികവും വൈകാരികവുമായ ഭാവസമ്മർദ്ദങ്ങളുടെ കെട്ടഴിച്ചുവിടലുകൾ, വ്യക്തികൾക്കു നൽകുന്ന ആനന്ദത്തിന്റെയും അതിലുപരി ആശ്വാസത്തിന്റെയും ഉന്മത്തലോകങ്ങളെ എൽമ സ്വാംശീകരിക്കുന്നു, സാധൂകരിക്കുന്നു. സ്ത്രീകാമനകളുടെ അടിസ്ഥാന ചോദനകളായി വെളിപ്പെടുന്ന മഴവിൽഭംഗിയുള്ള സൂക്ഷ്മവിനിമയങ്ങൾ ഈ നോവൽ തുടക്കം തൊട്ട് ഒടുക്കം വരെ സൂക്ഷിക്കുന്ന ഏറ്റവും ഹൃദ്യവും സുതാര്യവുമായ ഭാവലോകമാണ്. ചരിത്രവും രാഷ്ട്രീയവും ഭരണകൂടവും മതവും ജാതിയും ദേശവും കുടുംബവും വ്യക്തിബന്ധങ്ങളും സൃഷ്ടിക്കുന്ന ബാഹ്യജീവിതപ്രപഞ്ചം പോലെതന്നെ പ്രസക്തമാണ് അനുഭൂതികളുടെ നിഴലും നിലാവും ഇണചേരുന്ന, കാമനകളിൽ ഉടലും ഉണ്മയും ചുറ്റിപ്പിണയുന്ന ആന്തരജീവിതപ്രപഞ്ചവും എന്ന് എൽമ അടിവരയിട്ടു തെളിയിക്കുന്നു.
'പല രാത്രികളിലെന്നപോലെ ആ രാത്രിയിലും ഗിൽബർട്ട് സ്വപ്നത്തിലെത്തി. അത് വെറുമൊരു വരവല്ലായിരുന്നു. ഞങ്ങളന്നു പോയ പളുങ്കുഗുഹ നിങ്ങളുടെ ഓർമ്മയിലില്ലേ? അതിന്റെ ആഴത്തിൽ ഒരു നീല ജലാശയമുള്ളതായും പറഞ്ഞിരുന്നല്ലോ. അവനതിൽ നീന്തിത്തുടിക്കുകയാണ്. ഹൃദയാകൃതിയിൽ ജലാശയക്കരയിലുള്ള ഒരു പളുങ്കുകല്ലിൽ ഏറക്കുറെ നഗ്നയായെന്നോണം സുഖാലസ്യത്തോടെ കിടക്കുന്നു ഞാൻ. പൊടുന്നനെ നനവിറ്റുവീഴുന്ന ദേഹത്തോടെ അവൻ എനിക്കരികിലേക്കു വന്നു; നീലക്കണ്ണുകളിലും ചുണ്ടിലും കുസൃതിത്തരവുമായി. അവന്റെ ദേഹമെന്നെ വരിഞ്ഞു. ആ നനവിനാൽ ഞാൻ കുതിർന്നു. എന്നിലെ ഓരോരോ അണുവിലേക്കും അങ്ങേയറ്റം ആർദ്രതയോടെ അവന്റെ പ്രണയം പെയ്തിറങ്ങി. എന്റെ കൂർത്ത നഖങ്ങൾ അവന്റെ മുതുകിൽ പോറലുണ്ടാക്കി. ഞങ്ങളുടെ കണ്ണുകൾ കൂമ്പി. മണിക്കൂറുകൾ എന്നു തോന്നിപ്പിച്ച ഏതാനും നിമിഷങ്ങൾ. കുതിപ്പിനും കിതപ്പിനുമിടയ്‌ക്കെപ്പോഴോ അനുവാദമില്ലാതെ എന്നിൽനിന്നും അവൻ തെന്നിയിറങ്ങി. ഞെട്ടിയുണർന്നതും ശരീരം വിറകൊണ്ടു. നിർത്താതെയുള്ള വിറയൽ. നാഭിച്ചുഴിയിൽനിന്നും പൊടിഞ്ഞ കമ്പനം തുടയിടുക്കിനെ പ്രാപിച്ചു. കൈവിരലുകൾ തിടുക്കത്തിൽ എന്തിനെയോ തേടി. അത്യന്തം ദാഹം തോന്നിയ ഞാൻ ഒന്നു കുതറിയെണീക്കാൻപോലും മിനക്കെടാതെ തലവഴി പുതപ്പിട്ട് മൂടി.
ചുടുശ്വാസം തട്ടിയ പുതപ്പ് അൽപ്പനേരത്തേക്കുകൂടി ഉയർന്നുതാണുകൊണ്ടിരുന്നു.
ഞാൻ നന്നായി വിയർത്തു'.
ചുരുക്കിപ്പറഞ്ഞാൽ 'ഇണപ്രാവുകളി'ലും 'ഉമ്മാച്ചു'വിലും ആരംഭിക്കുന്ന ജനപ്രിയനോവലിന്റെ മലയാളചരിത്രം ഏഴുപതിറ്റാണ്ട് പിന്നിടുമ്പോൾ അതിനു കൈവന്നിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ ഭാവുകത്വസ്വരൂപം സ്ത്രീയുടെ കാമനാജീവിതങ്ങൾക്കു ലഭിച്ച മൂർത്തമായ ശരീരദൃശ്യതയും ലൈംഗിക കർതൃപദവിയും തന്നെയാണ്. രാഷ്ട്രീയാസ്തിത്വമുള്ള സ്‌ത്രൈണകാമനകളുടെ പ്രാണസങ്കീർത്തനങ്ങളാണ് അവയൊന്നടങ്കം. വൈകാരികവും വൈചാരികവും സാമൂഹികവും സാമ്പത്തികവും മൂല്യപരവും സ്വത്വപരവുമായ അവസ്ഥകളിലും അനുഭൂതികളിലും തന്റെ ശരീരവും ആത്മാവും കൊണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകഴിഞ്ഞ സ്ത്രീയുടെ ഭാവലോകങ്ങളെയാണ് 'എൽമ'യുൾപ്പെടെയുള്ള മലയാളത്തിലെ സ്ത്രീനോവലുകൾ സാക്ഷാത്കരിക്കുന്നത്. രാജലക്ഷ്മി മുതൽ സാറാതോമസ് വരെ, മുൻപും സ്ത്രീകൾ മലയാളത്തിൽ നോവൽരംഗത്തു സജീവമായിരുന്നിട്ടുണ്ട്. പക്ഷെ അവർക്കൊന്നും കഴിയാത്തവിധം സ്‌ത്രൈണകാമനകളുടെ രാഷ്ട്രീയജീവിതം ആത്മബലത്തോടെ സ്വായത്തമാക്കാൻ കഴിയുന്നത് തുടക്കത്തിൽ പേരെടുത്ത പറഞ്ഞ പുതിയ കാലത്തെ സ്ത്രീയെഴുത്തുകാർക്കാണ്. 'ജനപ്രിയ'മെന്ന വിഭജനയുക്തിയിൽ ഉൾപ്പെട്ടാലുമില്ലെങ്കിലും സാറായും സംഗീതയും ഇന്ദുവും മീരയും രാജശ്രീയും യമയും സന്ധ്യാമേരിയും ലിജിയും ഷീലയും നിർമ്മലയും മറ്റും മറ്റും തങ്ങളുടെ രചനകളിൽ സ്വന്തവും സ്വതന്ത്രവുമാക്കുന്നത് ഈയൊരു ഭാവജീവിതലോകമാണ്. 'എൽമ'യിലൂടെ ഫർസാന നടത്തുന്നതും ഈ ഗണത്തിലേക്കുള്ള ഉറച്ച കാൽവയ്പാണ്.
നോവലിൽനിന്ന്
'ആറുമണിയോടെയാണ് തെരുവിനറ്റം കഴിഞ്ഞുള്ള സിമന്റിട്ട നീളൻ ഒതുക്കുകളിറങ്ങി ഗ്ലാഡിയറ്റിനോടൊപ്പം കടൽത്തീരത്തേക്കു നടന്നത്. തിരക്കിൽ ഉറഞ്ഞുതുള്ളുന്ന മുംബൈനഗരത്തിന് അപവാദമായ ഒരു കടൽത്തീരം. വെളുത്ത പഞ്ചസാരത്തരികൾപോലത്തെ മണൽ. മണൽക്കൊട്ടാരമുണ്ടാക്കി മടുക്കുവോളം കളിയിലേർപ്പെട്ട കുട്ടികൾ നനവാർന്ന മണലാകെ തട്ടിത്തെറിപ്പിച്ച് അവരവരുടെ വീടുകൾ ലാക്കാക്കി ഞങ്ങൾക്കു വശങ്ങളിലൂടെ ഓടി. തീർത്തും വിജനമായ കര. മുമ്പെപ്പോഴോ ഇണകളായും ഒറ്റയായും വന്നവർ കടപ്പുറത്തെ വരണ്ട പൂഴിമണലിൽ അവശേഷിപ്പിച്ച വിചിത്രമായ പല ചിത്രങ്ങളിൽ മെല്ലെ ചവിട്ടി ഞാനും ഗിൽബർട്ടും ഒന്നിച്ച്.
ഒറ്റപ്പെട്ടും അല്ലാതെയുമുള്ള കറുത്ത പാറക്കൂട്ടങ്ങൾക്കു മീതേ, ചക്രവാളസീമ ലക്ഷ്യമാക്കി പറക്കുന്ന ചില പക്ഷികൾ.
ഇരുട്ടിന്റെ കറുപ്പടയാളം തീണ്ടാൻ തുടങ്ങിയ മാനം.
പെട്ടെന്നു ശക്തിയോടെ കാറ്റു വീശി. വീതിയുള്ള എന്റെ ട്രാക്ക് പാന്റ്‌സ് ഒച്ചപ്പാടുണ്ടാക്കി പാർശ്വങ്ങളിലേക്കു പറന്നു. തെല്ലുമാറിയുള്ളൊരു വൃക്ഷത്തിന്റെ ചില്ലകളിൽനിന്നും രക്തവർണ്ണമുള്ള പുഷ്പങ്ങൾ ചിതറിത്തെറിച്ച് കാൽക്കൽ വീണു.
'മഴക്കോളാണെന്നു തോന്നുന്നു', ഉരുണ്ടും പിരണ്ടും തെന്നിമാറുന്ന മേഘക്കൂട്ടങ്ങൾക്കായി നെറ്റിത്തടത്തിൽ കൈ വിടർത്തിവെച്ച് സൂക്ഷ്മതയോടെ നോക്കി ഗ്ലാഡിയറ്റ്. 'കണ്ണുചിമ്മിത്തുറക്കുന്നിടകൊണ്ടു മാറുന്ന കാലാവസ്ഥയാണ് മുംബൈയിൽ'.
'നമുക്കു തിരിച്ചുപോകാം എൽമാ. മഴ പെയ്താൽ ഇവിടെ ട്രാഫിക് വളരെ ദുഷ്‌കരമെന്നാണു കേട്ടത്', കഴുത്തിലെ ക്യാമറ ഊരാൻ തുടങ്ങി അവൻ.
'ഏതായാലും വന്നതല്ലേ, ഒന്നാ വെള്ളത്തിൽ കാലുമുട്ടിച്ചു തിരിച്ചുപോവാം, പ്ലീസ്.... കരയ്ക്കടിഞ്ഞുകൂടുന്ന കുഞ്ഞു ശംഖുകളും കാണും. എനിക്ക് പെറുക്കിയെടുക്കണം.... ഷേറയ്ക്ക് വല്ലാത്ത പ്രിയമാണ് ശംഖുകൾ! അവൾക്ക് സമ്മാനിക്കണം...'' എന്റെ കെഞ്ചലിനു ബദലായി അവനൊന്നു നീളത്തിൽ മൂളി.
ഭ്രാന്തൻകാറ്റിനൊപ്പിച്ചു തിരമാലകളും ഊക്കോടയായി. പാൽഭിത്തിപോലെ ഉയർന്നുവന്ന ഒരായിരം ജലത്തുള്ളികൾ പതയായി തീരത്തേക്കോടിയറിയതിന്റെ തണുപ്പിൽ കണങ്കാലുകളെ മൂടി ഏറെനേരം ഞാൻ നിന്നു. ശേഷം കറുപ്പും വെളുപ്പും കാപ്പിനിറത്തിലുമുള്ള വലുതും ചെറുതുമായ ശംഖുകൾ പെറുക്കുന്നതിൽ വ്യാപൃതയായി.
അവൻ തീരത്തു നിന്നേയുള്ളൂ.
ജലത്തെ ഭയക്കുന്നവൻ; എന്നിലൊരു ചിരി പൊടിഞ്ഞു.
'എൽമാ, എന്നാൽ താനിവിടെ നിൽക്ക്. ഞാൻ ഉടനെ വരാം'.
ക്യാമറക്കണ്ണുകൾ റെഡിയാക്കി വലതുഭാഗത്തേക്ക് ഗിൽബർട്ട് ആവേശത്തോടെ ഓടി. അവന്റെ മുതുകിലേക്ക് മണൽത്തരികൾ തെറിച്ചു. കടലിലേക്ക് മീറ്ററുകളോളം നീളത്തിൽ തള്ളിനിൽക്കുന്ന, വശത്തുനിന്നും നോക്കിയാൽ മന്ത്രവാദിനിയുടെ കൂർത്ത മുഖത്തെ തോന്നിപ്പിക്കുന്ന കൂറ്റൻ പാറക്കെട്ടുകളായിരുന്നു അവിടെ.
'നിൽക്ക്, ഞാനുമുണ്ട്... ഗിൽബർട്ട്....'
പിറകിലോടിയ എന്റെ ശബ്ദം പക്ഷേ, തിരയൊച്ചകൾ വിഴുങ്ങി. അവനൊന്നു തിരിഞ്ഞുനോക്കിയിരുന്നോ? ഇല്ല. ശംഖുകൾ വാരിപ്പെറുക്കി അയഞ്ഞ നീലഷർട്ടിന്റെ പോക്കറ്റിലേക്ക് ഞാനിടുന്നതും നോക്കി, അൽപ്പം മാറി മണൽപ്പരപ്പിൽ ഇരിപ്പായിരുന്നു ഗ്ലാഡിയറ്റ്.
'എത്ര സുന്ദരമാണിവിടെ! വെറുതേയല്ല പിന്നീടൊരിക്കലും തിരിച്ച് ഗോവയ്ക്കു പോകാതിരുന്നത്. അല്ലേ?' കാറ്റിന്റെ വിപരീതദിശയിലേക്ക്, ആയാസത്തിൽ നടന്ന് ഗ്ലാഡിയറ്റിന്റെ അരികിലിരുന്നു. കണങ്കാലിൽ പറ്റിക്കൂടിയ മണൽത്തരികളെ ഉരുട്ടിക്കളിച്ചു. പെരുവിരലിൽ ചുറ്റിയ അഴുകിക്കറുത്ത പായൽ ലേശം അറപ്പോടെ തോണ്ടിയെറിഞ്ഞു.
'ഈ സൂര്യനെപ്പോലെയാണ് എന്റെ പകലന്തികളും എൽമാ. പകൽസൂര്യൻ എനിക്ക് ജീവന്റെ തുടിപ്പാണെങ്കിൽ, മൂവന്തിസൂര്യന് മരണത്തിന്റെ തണുപ്പാണ്. ഓരോ ദിവസം കഴിയുംതോറും എന്റെ ആഗ്രഹവും എരിഞ്ഞുതീരുകയാണ്. ആയുസ്സും ഒടുങ്ങാറാകുന്നു', വിദൂരതയിലേക്ക് നോക്കിയുള്ള ഗ്ലാഡിയറ്റിന്റെ കാവ്യവർണ്ണന.
എനിക്കൊന്നും മനസ്സിലായില്ല.
തുടുത്തൊരു പേഴ്‌സിമൺ പഴംപോലായിക്കഴിഞ്ഞിരുന്നു ചക്രവാളം.
പാറക്കെട്ടിന്റെ ഉച്ചിയിൽനിന്നും കടൽക്കാക്കകളും ചക്രവാളവും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഗിൽബർട്ട് ലക്ഷ്യമിടുന്നതെന്നു മനസ്സിലാക്കാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. തുരുതുരാ മിന്നിക്കൊണ്ടിരുന്ന അവന്റെ ക്യാമറക്കണ്ണുകൾ അൽപ്പം ദൂരേയായിരുന്നെങ്കിലും വ്യക്തമായി കാണാനായി. അവനിൽനിന്നും കണ്ണുകളെ പറിച്ചെറിയാനാവാതെയിരുന്നു ഞാൻ.
അഴിച്ചിട്ട മുടി കുരുത്തക്കേടു കാണിച്ചപ്പോൾ പിറകിലോട്ട് മാടിയൊതുക്കാൻ ഞാനെടുത്ത ഒരു സെക്കൻഡ്; തീർച്ചയാണ്, കൃത്യം അത്രയേ കാണൂ.
എന്റെ ദൃഷ്ടി അവനിൽനിന്നുമഴിഞ്ഞ ആ ഒരു സെക്കൻഡ് നേരമുണ്ടല്ലോ, അതിനുശേഷം ഞാൻ ഗിൽബർട്ടിനെ കണ്ടിട്ടില്ല.
അതെ, നിങ്ങൾ ശരിയായിത്തന്നെയാണ് വായിച്ചത്.
അതിനുശേഷം പിന്നീടൊരിക്കലും അവനെ ഞാൻ കണ്ടിട്ടില്ല!'.
എൽമ
ഫർസാന
മാതൃഭൂമി ബുക്‌സ്
2022
390 രൂപ
കേരള സര്വകലാശാലയില് ഗവേഷകവിദ്യാര്ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില് തുടര്ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില് ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള് പുറത്തുവന്നിട്ടുണ്ട്.