- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥപറയുന്ന കഥകൾ
'Death is the sanction of everything that the story teller can tell. He has borrowed his authority from death'
-Walter Benjamin
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളുടെ ഒന്നാം പകുതിയിൽ വ്യവസ്ഥപ്പെട്ട മലയാള ചെറുകഥയിലെ ആധുനികാനന്തരഘട്ടത്തിന്റെ തുടർച്ചയായി ഇക്കഴിഞ്ഞ ഒന്ന്-ഒന്നര പതിറ്റാണ്ടുകാലത്ത് പ്രമേയപരമായി ശ്രദ്ധേയവും ആഖ്യാനപരമായി മൗലികവുമായ രചനകളിലൂടെ പുതിയ ഒരുനിര എഴുത്തുകാർ ഈ രംഗത്തു ചുവടുറപ്പിച്ചിട്ടുണ്ട്. ആനന്ദും സാറാജോസഫും മാധവനും തുടക്കമിട്ട ആധുനികാനന്തര കഥാഭാവുകത്വത്തെ തൊണ്ണൂറുകളിൽ ഇ. സന്തോഷ്‌കുമാർ മുതൽ എസ്. ഹരീഷ് വരെയുള്ളവർ സാർഥകമായി പുനർനിർണയിച്ചതിനെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ടല്ലോ. സുഭാഷ്ചന്ദ്രനും സന്തോഷ് ഏച്ചിക്കാനവും കെ.എ. സെബാസ്റ്റ്യനും ആർ. ഉണ്ണിയും സിതാരയും ഇന്ദുമേനോനും കെ.ആർ. മീരയും ഉൾപ്പെടുന്ന ആനിരയുടെ തുടർച്ചയായി 2010-15 കാലത്തു രംഗത്തുവന്ന വി എം. ദേവദാസും വിനോയ് തോമസും കെ.വി. പ്രവീണും കെ.വി. മണികണ്ഠനും യമയും വിവേക് ചന്ദ്രനും ഉൾപ്പെടെയുള്ളവരുടെ രചനകൾ നിശ്ചയമായും മലയാളകഥയുടെ ഭാവുകത്വചരിത്രത്തെ, രേഖീയമാകട്ടെ, സർപ്പിളമാകട്ടെ, മുന്നോട്ടുതന്നെയാണ് നയിക്കുന്നത്. 1990-2000 കാലത്തെ ലോകരാഷ്ട്രീയവും കേരളീയ ജീവിതവുമല്ല ഇവരുടെ ഭാവനയെ സ്വാധീനിക്കുന്നത്. 9/11 തൊട്ടുള്ള ആഗോളരാഷ്ട്രീയവും വിവരസാങ്കേതിക-നവമാധ്യമ വിപ്ലവങ്ങളും മതദേശീയതയുടെ പടർച്ചയും ലിംഗ-വംശ-ജാതി സ്വത്വവാദങ്ങളുടെ വിടർച്ചയും ശരീരകാമനകളുടെയും ആത്മീയഹിംസകളുടെയും ഇരട്ടജീവിതവും തങ്ങൾക്കു തൊട്ടുമുൻപ് കഥയിലെത്തിയ തലമുറയുടെ രചനകളിൽ ദൃശ്യമായ അതേ ഭാവദീപ്തിയോടെ ഇവരുടെ കഥകളിലും പ്രകടമായി. അതുകൊണ്ടുതന്നെ ഇക്കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിൽ, രണ്ടു തലമുറകൾ, കാല-കലാദൂരങ്ങളെ കൂട്ടിയിണക്കിയ നമ്മുടെ ചെറുകഥയുടെ ആധുനികാനന്തരഘട്ടം സന്തോഷ്‌കുമാർ മുതൽ വിവേക് ചന്ദ്രൻ വരെയുള്ള ഒന്നര ഡസനോളം മികച്ച കഥാകൃത്തുക്കളുടെ ഒന്നാന്തരം രചനകളിലൂടെ മലയാളഭാവനയിൽ അസ്ഥിബലത്തോടെ വേരുറപ്പിച്ചുകഴിഞ്ഞുവെന്ന് നിസംശയം പറയാം. ഇവരിലെ രണ്ടാം തലമുറ എന്ന നിലയിലാണ് ദേവദാസ് മുതൽ വിവേക് ചന്ദ്രൻ വരെയുള്ളവരെക്കുറിച്ച് ഇവിടെ സൂചിപ്പിക്കുന്നത്.
അടിസ്ഥാനപരമായ പത്തു കഥാപ്രവണതകളാണ് ഇക്കഴിഞ്ഞ ദശകത്തിലുടനീളം ഇവരുടെ രചനകൾ മലയാളത്തിൽ പ്രകടിപ്പിച്ചുപോരുന്നത്. സംഗ്രഹിച്ചു പറഞ്ഞാൽ ഭൂഖണ്ഡാന്തരജീവിതം (ഒരളവോളം അ-സ്ഥലജീവിതംതന്നെയും) സാധ്യമാക്കുന്ന സാങ്കേതിക അസന്ദിഗ്ദ്ധത മുതൽ ലോകഭാവനയുടെ വിപരീതഭൂപടം നിവർത്തുന്ന ദേശസ്വത്വം വരെയുള്ളവ പ്രതിനിധാനം ചെയ്യുന്ന ആഗോള മലയാളിയുടെ സാംസ്‌കാരിക ആത്മകഥകളാണിവ. ശീതയുദ്ധാനന്തര ലോകക്രമത്തിൽ വിപണി സമ്പദ്ഘടനക്കു കൈവന്ന അപൂർവമായ ജീവിതബന്ധങ്ങൾ; മിത്തുകളുടെയും ചരിത്രങ്ങളുടെയും രാഷ്ട്രീയപുനർവിഭാവനം; ഹിന്ദുത്വദേശീയതയുടെ സൂക്ഷ്മവിമർശനങ്ങൾ; ജാതിധ്വംസനത്തിന്റെ സൗന്ദര്യവിചാരങ്ങൾ; ലിംഗപദവികളുടെ വിമോചനസമരങ്ങൾ; ഡിസ്റ്റോപ്പിയൻ/ഹൈപ്പർ റിയൽ കലാതന്ത്രങ്ങൾ; സിനിമക്കും ടെലിവിഷനും പിന്നാലെ തുറന്ന സെൽഫോൺ കാമറയുടെ മൂന്നാം കണ്ണ്; കാമനകളുടെ രക്തമാംസങ്ങളിൽ രൂപംകൊണ്ട നഗ്നമായ ഉടലെഴുത്തുകൾ; നാനാതരം ഹിംസകളുടെ ഉന്മാദസദൃശമായ ആഘോഷങ്ങൾ; രാഷ്ട്രീയ ഇസ്ലാമിന്റെയും അവശിഷ്ട കമ്യൂണിസത്തിന്റെയും സമ്പൂർണമായ അഭാവം (അഥവാ അവയിലുണ്ടായ അപാരമായ വിശ്വാസനഷ്ടങ്ങൾ) എന്നിവയാണ് ഈ പത്തു കഥാപ്രവണതകൾ.
കഥയുടെ ഈ കലാജീവിതത്തെ മലയാള ചെറുകഥാചരിത്രത്തിന്റെ ഇങ്ങേയറ്റത്തു നിലയുറപ്പിച്ച് ഏറ്റവും ഭാവബലത്തോടെ രേഖപ്പെടുത്തുന്ന കഥാകൃത്തുക്കളിലൊരാളാണ് വി. എം. ദേവദാസ്. 'കാടിനുനടുക്കൊരു മരം' എന്ന സമാഹാരത്തിലെ രചനകൾ തൊട്ട് ഇക്കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച 'പൊന്നാനി ലൈറ്റ്ഹൗസ്' വരെയുള്ളവ നോക്കൂ. 'അവനവൻ തുരുത്തി'ലും 'വഴികണ്ടുപിടിക്കുന്നവരി'ലും മുൻപ് ദേവദാസ് പറഞ്ഞ മനുഷ്യാസ്തിത്വത്തെക്കുറിച്ചുള്ള കടുംകെട്ടുകൾ നിറഞ്ഞ കടംകഥകൾ അതേ സങ്കീർണതയിലും ജീവിതസന്ദിഗ്ദ്ധതയിലും ഇവയിലും ആവർത്തിക്കുന്നതു കാണാം-നിശ്ചയമായും വൈവിധ്യവും വൈചിത്ര്യവും പ്രകടമാകുന്ന കലാപദ്ധതികളിൽതന്നെ.
എട്ടു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. അഞ്ചു'ചെറു'കഥകളും മൂന്നു 'നീണ്ട'കഥകളും. ചെറുകഥകളെക്കാൾ നീണ്ടകഥകളാണ് ദേവദാസിന്റെ കലാരൂപം എന്നു നിസംശയം തെളിയിക്കുന്ന രചനകൾ. 'പന്നിവേട്ട' മുതൽ 'ഏറ്' വരെയുള്ള നോവലുകളിലും മുൻസമാഹാരങ്ങളിലെ കഥകളിലും ദേവദാസ് തെളിയിച്ചതും മറ്റൊരു ആഖ്യാനകലയല്ല. ഒറ്റക്കൂമ്പൻ നിർവഹണത്തിലല്ല, ബഹുശാഖാകഥനത്തിലാണ് ദേവദാസിന്റെ കഥാഭാവന സാകൂതം ചിറകുവിരിക്കുന്നത്. ഈ സമാഹാരത്തിലെ നീണ്ടകഥയെന്നോ നോവലൈറ്റ് എന്നോ വിളിക്കാവുന്ന മൂന്നു രചനകളും ഇതിനുദാഹരണമാണ്. കുറുക്കിയെഴുതിയ നോവലുകളാണ് കഥയെന്ന വിശ്വാസം ദേവദാസിനുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ അത് തികച്ചും ശരിയാണെന്ന് ഈ രചനകൾ തെളിയിക്കുന്നുണ്ട് എന്നത് വേറെ കാര്യം.
'കാടിനുനടുക്കൊരു മരം' എന്ന സമാഹാരത്തിലെ ഒന്നൊഴികെ എല്ലാ കഥകളും 'അതികഥ'കളാണ്. 'കാടിനുനടുക്കൊരു മരം' മാത്രമാണ് നേരിട്ടുള്ള ആഖ്യാനം നിർവഹിക്കുന്നത്. വീട്ടുമുറ്റത്തെ കളരിയിൽ അക്ഷരമെഴുതാനെത്തിയ കുട്ടികൾ പറഞ്ഞാണ് കൊച്ചുകുഞ്ഞാശാൻ 'ചുമരെഴുത്തി'ന്റെ കഥയറിയുന്നത്. രാമായണത്തിൽ അലക്കുകാരൻ പറയുന്ന കഥക്ക് സമാന്തരമായി കാലാന്തരത്തിൽ മറ്റൊരലക്കുകാരൻ തന്റെ മകന് പറഞ്ഞുകൊടുത്തും നേരിട്ടറിഞ്ഞും അനുഭവപ്പെടുത്തുന്ന കഥയാണ് 'മാറാപ്പി'ലുള്ളത്. പിന്നീട് പത്രക്കാരനായ ആഖ്യാതാവും ആന്റണിയെന്ന മുൻകാല ഗുണ്ടയും പറയുന്ന കഥകളുടെ കുഴമറിഞ്ഞ ഘടനയിലാണ് 'തൈക്കാട്ടിൽ ലോനയെ ഞങ്ങളങ്ങു തട്ടിക്കളഞ്ഞവിധം' രചിക്കപ്പെട്ടിരിക്കുന്നത്. ക്ലാസിക്കൽ, നിയോക്ലാസിക്കൽ സന്ദേശകാവ്യങ്ങളുടെ പാരഡിയാണ് 'സന്ദേശകാവ്യ'മെന്ന കഥയുടെ രൂപം. 'ഏറ്' എന്ന നോവലിലേക്ക് പിന്നീട് വിളക്കിച്ചേർത്ത പൊലീസ്‌കഥകളിലൊന്നിന്റെ ആന്തരപാഠമാണ് 'കീഴ്ക്കാംതൂക്ക്'. ഒരു കാക്ക തന്റെ കുഞ്ഞിന് വിശപ്പടക്കാൻ പറഞ്ഞുകൊടുക്കുന്ന പലതരം നക്ഷത്രങ്ങളുടെ കഥകളാണ് 'വെള്ളിനക്ഷത്രം' എന്ന കഥ. ചാരന്മാർ രാജസദസ്സിലെത്തി പറയുന്ന കഥകളിൽ നിന്നാണ് കംസന്റെ പൂതനാദൗത്യം രൂപം കൊള്ളുന്നത്, 'വിഷം' എന്ന കഥയിൽ (പൊന്നാനി ലൈറ്റ്ഹൗസിന്റെ ആഖ്യാനവും ഗുണ്ടകളായ ആന്റണിയും കൂരിനാസറും തമ്മിലുള്ള കഥപറച്ചിലുകളായാണ്). കഥപറച്ചിലിനെ കഥയെഴുത്തിലേക്കു സംക്രമിപ്പിക്കുന്ന കലാവിദ്യയുടെ ഈ തുടർസാന്നിധ്യം ദേവദാസിന്റെ രചനകളുടെ മുഴുവൻ ആഖ്യാനപദ്ധതിയുടെയും അടിപ്പടവായി മാറുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ സമാഹാരത്തിലെ രണ്ടു കഥകൾക്കെങ്കിലും (മാറാപ്പ്, വിഷം) ബാധകമാകുന്ന മിത്തിക്കൽ ഭാവനയുടെയും മൂന്നു കഥകളിൽ (ചുമരെഴുത്ത്, കീഴ്ക്കാംതൂക്ക്, വെള്ളിനക്ഷത്രം) സമൂർത്തമായി സന്നിഹിതമാകുന്ന ചരിത്രപാഠങ്ങളുടെയും ഏതാണ്ടെല്ലാ കഥകളിലും തന്നെ പ്രത്യക്ഷമോ പരോക്ഷമോ ആയി സൂചിതമാകുന്ന ഹിംസയുടെ നാനാതരം പ്രതിനിധാനങ്ങളുടെയും മിക്ക രചനകളിലും ഒന്നിനൊന്നു വ്യത്യസ്തമായി തിരിച്ചറിയാൻ പറ്റുന്ന പാഠാന്തരതയുടെയും ഇതര കഥനസങ്കേതങ്ങളുടെയുമൊക്കെ ഘടനാപരമായ അബോധവും മറ്റൊന്നല്ല. കഥപറയുന്ന കഥകളെഴുതുന്നതിലാണ് ദേവദാസിന് കമ്പം. കഥയെഴുത്തുകാരനെന്നതിനെക്കാൾ കഥപറച്ചിലുകാരനായാണ് ദേവദാസിന്റെ ഭാവസ്വത്വം രൂപം കൊണ്ടിട്ടുള്ളത് എന്നർഥം.
മാറാപ്പ്, വിഷം എന്നീ കഥകൾ മിത്തിക്കൽ ഭൂതത്തെയും ഭാവനയെയും മർത്യാസ്തിത്വത്തിന്റെ കാലാന്തരപ്രതീതികളുമായി സമീകരിക്കുന്ന രചനകളാണ്. രാമൻ സീതയോട് ചെയ്ത അപരാധം ഒരലക്കുകാരൻ പറഞ്ഞുണ്ടാക്കിയ അപവാദത്തിന്റെ തുടർഫലമായിരുന്നു എന്ന കഥ കുട്ടിക്കാലത്ത് മകനു പറഞ്ഞുകൊടുത്ത അലക്കുകാരൻതന്നെയായ ഒരാൾ, പിൽക്കാലത്ത് തന്റെ മകൻ അവന്റെ ഗർഭിണിയായ ഭാര്യയെ നിസ്സാരകാരണങ്ങൾ പറഞ്ഞ് വീട്ടിൽനിന്നു പറഞ്ഞുവിട്ടതറിയുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ് കഥയിലുള്ളത്. കൂലി കുറച്ചുവാങ്ങി അലക്കുപണി കയ്യടക്കുന്ന മിത്രാംഗദൻ എന്ന ശത്രുവാണ് മകന്റെ യഥാർത്ഥ പ്രശ്‌നം എന്നറിയുന്ന അച്ഛൻ പഴയ അലക്കുകാരൻ ഒളിഞ്ഞുനിന്നു കേട്ട മറ്റൊരു കഥ പറഞ്ഞ് അവന്റെ മനസ്സ് മാറ്റിയെടുക്കുന്നു. ലവണാസുരനെ വധിക്കാൻ സൈന്യത്തെയും കൂട്ടിയിറങ്ങുന്ന ശത്രുഘ്‌നൻ വഴിമധ്യേ വാൽമീകിയുടെ ആശ്രമത്തിൽ എത്തുകയും ആസന്നപ്രസവയായ സീതയെ കാണുകയും ചെയ്യുന്നു. പ്രസവമടുത്ത സമയത്ത് തന്റെ ക്ഷേമമന്വേഷിക്കാൻ രാമൻ പറഞ്ഞയച്ചതാണ് സഹോദരനെ എന്നു വിചാരിച്ച സീതയോട്, അതങ്ങനെയല്ല രാമന്റെ ശത്രുവായ ലവണാസുരനെ നിഗ്രഹിക്കാനിറങ്ങിത്തിരിച്ചതാണ് എന്നു ശത്രുഘ്‌നൻ പറഞ്ഞുകേട്ടതോടെ അവൾ ഖിന്നയായി. ലവണാസുരനെ വധിച്ച് തിരികെ രാമസവിധത്തിലെത്തിയ ശത്രുഘ്‌നനു മുൻപുതന്നെ സീതയുടെ പ്രസവവൃത്താന്തവുമായി ദൂതൻ എത്തിയിരുന്നു. തന്റെ ഇരട്ടക്കുട്ടികളിലൊരാൾക്ക് തന്റെ ശത്രുവായ ലവന്റെ പേരാണ് സീത നൽകിയിരിക്കുന്നത് എന്നറിയുന്ന രാമൻ നടുങ്ങി. വധിക്കപ്പെട്ട ശത്രു പുത്രനായിപ്പിറന്ന് തന്നെ നോക്കിച്ചിരിക്കുന്നത് രാമൻ മനസ്സിൽ കണ്ടു. അലക്കുകാരൻ മകനോട് പറയുന്നു, ഭാര്യയെ കൂട്ടിക്കൊണ്ടുവരിക, അവൾ മിത്രാംഗദനെന്നോ മറ്റോ പിറക്കാൻ പോകുന്ന മകന് പേരിട്ട് ആജന്മം നിന്റെ മനഃശ്ശാന്തി കളയാൻ ഇടവരുത്താതെ...
'ആശ്രമവാടത്തിൽ തന്നെ സ്വീകരിക്കാനെത്തിയവരുടെ കൂട്ടത്തിൽ ശത്രുഘ്‌നന് ജ്യേഷ്ഠത്തിയെ തിരഞ്ഞുകണ്ടെത്താനായില്ല. നിറഗർഭിണിയായ അവൾ പർണ്ണശാലയുടെ ഒരു മുറിയിൽ വിശ്രമത്തിലായിരുന്നു. ഈറ്റുനോവ് തുടങ്ങിയതിന്റെ ആയാസത്തിലും സീത ആതിഥ്യമര്യാദകൾ മറന്നില്ല. അനുജനും കൂട്ടർക്കും കൈയും കാലും കഴുകിയിരിയിരുന്നു വിശ്രമിക്കാനുള്ള സൗകര്യമൊരുക്കാനും അവർക്കു വിശപ്പകറ്റാൻ പഴങ്ങൾ നൽകാനും അവൾ ആശ്രമവാസികളോട് നിർദ്ദേശിച്ചു. തന്നെ സത്കരിക്കാൻ ശ്രമിക്കുന്ന സീതയുടെയും വാല്മീകിയുടെയും മുഖത്തു നോക്കാൻ ശത്രുഘ്‌നൻ അല്പം പ്രയാസപ്പെട്ടു. നേരത്തേ അറിയിക്കാതെ അംഗരക്ഷകരോടൊപ്പം അന്തിനേരത്ത് ആശ്രമത്തിൽ ചെന്നുകയറിയതിന്റെ അങ്കലാപ്പായിരുന്നു മുനിയോട് തോന്നിയതെങ്കിൽ, സ്വന്തം ജ്യേഷ്ഠൻ സീതയോടു ചെയ്ത നീതികേടിനെക്കുറിച്ചോർത്തപ്പോൾ പുത്തൻ കിരീടധാരിയുടെ തല പതിയെ കുനിഞ്ഞു. ആ സങ്കോചം തിരിച്ചറിഞ്ഞ വാല്മീകി രാജകുമാരനെ സമാധാനിപ്പിച്ചു.
'രഘുവംശികൾക്ക് ഈ ആശ്രമത്തിൽ എപ്പോൾ വേണമെങ്കിലും വരാമല്ലോ. അതിനു പ്രത്യേകിച്ചൊരറിയിപ്പിന്റെ കാര്യമില്ല. അതുകൊണ്ട് കൂടുതൽ ആലോചനകളൊന്നുമില്ലാതെ ഇന്നു രാത്രിയിൽ ഇവിടെത്തങ്ങാം. മാത്രവുമല്ല, സീതയുള്ളപ്പോൾ നിങ്ങൾക്കിതു ബന്ധുഭവനം കൂടിയാണ്'.
അപ്പറഞ്ഞതിലെ അവസാന പരാമർശം ഒരു കുത്തുവാക്കായിരുന്നോ എന്നു ശത്രുഘ്‌നന് തോന്നാതിരുന്നില്ല. എങ്കിലുമത് പുറത്തു കാണിക്കാതെ കൈകാൽ കഴുകിയശേഷം മുനിയോടൊപ്പം സന്ധ്യാവന്ദനത്തിൽ പങ്കുകൊണ്ടു. പ്രാർത്ഥന തീർന്നശേഷം അവർ അത്താഴത്തിനിരിക്കുമ്പോഴേക്കും സീതയ്ക്കു പേറ്റുനോവ് പാരമ്യത്തിലെത്തിയിരുന്നു.
തൊട്ടപ്പുറത്തെ മുറിയിൽ നിന്നുയരുന്ന സീതയുടെ കരച്ചിൽ കേട്ടു ഭക്ഷണമിറക്കാതെയിരിക്കുന്ന ശത്രുഘ്‌നന്റെ മനം മാറ്റാനായി വാല്മീകി കുശലം ചോദിച്ചു.
'കാടുകാണാനായോ, നായാട്ടിനോ മറ്റോ ഇറങ്ങിയതാണോ? അതോ സീതയുടെ വിശേഷമറിഞ്ഞുകൊണ്ടാണോ പുറപ്പെട്ടത്?'
'രണ്ടുമല്ല യാത്ര ലവണാസുരന്റെ മധുവനത്തിലേക്കാണ്. കൂടെ പടയുമുണ്ട്. അവരിപ്പോഴും യാത്രയിലായിരിക്കും. ആനകൾക്കു നടക്കാൻ രാത്രിയാണുചിതം'.
'ലവണന്റെ ശല്യത്തെക്കുറിച്ചു മുനിമാർ പറയുന്നത് ഞാനും കേട്ടിരുന്നു. പരാതി അയോദ്ധ്യയിലുമെത്തിയല്ലേ?'
'അതേ... ആ ഉപദ്രവം തീർക്കാൻ തന്നെയാണ് യാത്ര. മധുവനത്തിന്റെ രാജാധികാരിയായി എന്നെ മുൻകൂറായി അഭിഷേകം ചെയ്താണ് ജ്യേഷ്ഠൻ അയച്ചിരിക്കുന്നത്'.
'ബലവാനായ ശത്രുവിനെതിരെ മനോവീര്യം വളർത്താനൊരു തന്ത്രം. രാമനെ പതിവാണ്... രാവണനെ വധിക്കും മുന്നേ വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്തിരുന്നുവെന്നു കേട്ടിട്ടുണ്ട്'.
ശത്രുവിനെ ചതിയാലെ നേരിടാൻ താനൊരുക്കിയ പദ്ധതികൾ മാമുനിയോടായി വെളിപ്പെടുത്തിയശേഷം ഉപദേശം തേടുന്ന സൂര്യവംശിയുടെ പതിഞ്ഞ ശബ്ദം പേറ്റുമുറിയിലും ചെന്നെത്തി. അടിവയറ്റിലുരുണ്ടുകൂടുന്ന വേദനയുടെ കഠിനതയിലും, തുടയിൽ കോച്ചിവലിക്കുന്ന പേശികളുടെ മുറുക്കത്തിലും കടിഞ്ഞൂൽപേറിന്റെ സംഭ്രമത്തിനിടയിലും സീത ആ വാക്കുകൾക്കു ചെവിയോർത്തു. ഗർഭിണിയായ തന്റെ വിവരങ്ങൾ തിരക്കാനായി രാമൻ അനുജനെ അയച്ചതാണെന്നു തെറ്റിദ്ധരിച്ച് ഉള്ളാലെയാനന്ദിച്ച സീതയുടെ ഹൃദയത്തിലൂടെ ഒരു വാൾമുന കടന്നുപോയി. അവനവനോടു തോന്നിയ ഈർഷ്യയാലെ പുലിയെപ്പോലെ ചീറ്റിക്കൊണ്ടു കാലുകളകത്തി അവൾ ആഞ്ഞു മുക്കിയതോടെ മുന്നീർക്കുടം പൊട്ടി. തലമറിഞ്ഞു കുഞ്ഞിറങ്ങിവരുന്നേരം എടുപ്പെല്ലു പിളരുന്ന വേദനയേക്കാൾ മീതേയാണ് തന്റെ ഹൃദയവേദനയെന്ന് സീത തിരിച്ചറിഞ്ഞു.
പേറ്റുമുറിയിൽ നിന്നുള്ള മുക്കലും മൂളലും അലർച്ചയും ഞരക്കവും കാതുകളിൽ വന്നലച്ചെങ്കിലും യാത്രാക്ഷീണമകറ്റാൻ പായ വിരിച്ചു കിടന്ന ശത്രുഘ്‌നൻ വൈകാതെ തന്നെ ഉറങ്ങിപ്പോയി. ഇക്ഷ്വാകുവംശത്തിന്റെ പുതിയ തലമുറയിൽ ഇരട്ടകൾ പിറന്നുവെന്ന സന്തോഷവാർത്ത രാവിലെ അറിഞ്ഞശേഷമാണയാൾ പടക്കൂട്ടത്തോടൊപ്പം ചേരാനുള്ള തിടുക്കത്താലെ ആശ്രമം വിട്ടത്'.
തന്നെ നിഗ്രഹിക്കാൻ ശ്രീകൃഷ്ണൻ അവതാരമെടുത്തതറിഞ്ഞ് അവനെ വധിക്കാൻ ബകനെയും അഘനെയും തെരഞ്ഞെടുത്തയക്കാനൊരുങ്ങുകയാണ് കംസൻ. ആ സമയത്താണ് ബകന്റെയും അഘന്റെയും സഹോദരിയായ പൂതന സഹോദരന്മാർക്കുവേണ്ടി താൻ ഈ കൃത്യം നിർവഹിക്കാം എന്നറിയിച്ചുകൊണ്ട് രംഗത്തുവരുന്നത്. പൂതനയുടെ നീക്കം മനസ്സിലാക്കിയ നന്ദഗോപരും വസുദേവനും അവളെ ഇല്ലാതാക്കാൻ വിഷങ്ങളിലും പ്രതിവിഷങ്ങളിലും മഹാജ്ഞാനിയായ ഒരു നാടോടിവൃദ്ധനെ കണ്ടെത്തുന്നു. അയാൾ തയ്യാറാക്കിയ, വിഷസൂചികൾ തറച്ച ഇരിപ്പിടത്തിൽ ഇരുന്ന പൂതന കുഞ്ഞിനു മുലകൊടുക്കുന്നതിനിടെ ആ വിഷബാധയേറ്റു മരിക്കുന്നു. കുഞ്ഞിനു മുൻപേ കൊടുത്തിരുന്ന മറുവിഷം അവന്റെ ശരീരത്തിന്റെ നിറം എക്കാലത്തെക്കുമായി നീലയാക്കുന്നു.
''എന്തൊരത്ഭുത ശിശുവാണിത്? വിഷം പുരട്ടിക്കൊണ്ടു കൊല്ലാനെത്തിയ പൂതനയുടെ മുല കുടിച്ചുവറ്റിച്ചു വധിച്ചിരിക്കുന്നു.
കൈപിടിച്ചു നടത്തിച്ച ഗോപിക പരമരഹസ്യംപോലെ കാതിൽ പറഞ്ഞതു കേട്ടനേരം കിഴവന്റെ ഉള്ളകമൊന്നു പിടച്ചു. തള്ളിത്തിരക്കിയൊടുക്കം പുരുഷാരത്തിനകത്തു കടന്ന അയാൾ മണ്ണിലേക്കു കണ്ണുനട്ടു. സ്വന്തം പ്രയോഗത്തിന്റെ ഇരയെ കിഴവന് ഒന്നേ നോക്കാനായുള്ളൂ. മഥുരയിലെ രാജവീഥിയിൽവെച്ചെപ്പോഴോ അവിചാരിതമായി കണ്ടൊരു സുന്ദരരൂപമിപ്പോൾ കണ്ണുതുറിച്ചും പല്ലുകടിച്ചും വായിൽനിന്നു നുരയും ചോരയുമൊഴുക്കിക്കൊണ്ട് മേലാകെ നീലച്ചു ചത്തു മലച്ചുകിടക്കുന്നു. സഹായിയായെത്തിയ ഗോപികയുടെ കൈ കുതറി വിടുവിച്ചശേഷം ആ നാടോടിക്കിഴവൻ ആർക്കും മുഖംകൊടുക്കാതെ തിരിഞ്ഞുനടന്നു മറഞ്ഞു.
പെയ്യാതെയപ്പാടെ നിലംപതിച്ചൊരു കനത്ത കാർമേഘം കണക്കെ ആൾക്കൂട്ടത്തിനു നടുവിലായി കാളമയാർന്നങ്ങനെ അനക്കമറ്റു കിടപ്പുണ്ടായിരുന്നു പൂതന''..
മിത്തുകളെ അപമിത്തീകരിച്ച് മാനുഷികവൽക്കരിക്കുന്ന ഈ രണ്ടു കഥകളും നോക്കുക. തീർച്ചയായും മലയാളഭാവനയിൽ അസാധാരണമോ അപൂർവമോ അല്ല ഇത്തരം അപമിത്തീകരണങ്ങൾ. രാമായണ, ഭാഗവതകഥകളെ അവയുടെ ദൈവികതയിലും അധിഭൗതികതയിലും നിന്ന് മണ്ണിലിറക്കി നിർത്തി, മാജിക്കൽ ഭാവനയെ കാവ്യാത്മക റിയലിസമാക്കി മാറ്റുന്ന കലാതന്ത്രത്തിന്റെ പൊതുധാരയിൽ നിന്ന് ഈ കഥകൾ വഴിമാറിനടക്കുന്നത് അവയുടെ അതിസൂക്ഷ്മവും മാനുഷികവുമായ കാലാന്തരസൂചനകൾ കൊണ്ടാണ്. ഒന്നിൽ പ്രത്യക്ഷവും മറ്റതിൽ പരോക്ഷവുമായി അതികഥയുടെ ആഖ്യാനകല സമർഥമായി കൂട്ടിയിണക്കുന്നു ദേവദാസ്. അലക്കുകാരുടെ വംശപാരമ്പര്യത്തിൽ രൂപം കൊള്ളുന്നതാണ് 'മാറാപ്പെ'ങ്കിൽ ചാരക്കഥകളുടെ വാമൊഴിപാരമ്പര്യത്തിൽ എക്കാലത്തും പ്രസക്തമാകുന്നു, 'വിഷം'.
ചരിത്രത്തിന്റെ സ്ഥൂലവും സൂക്ഷ്മവുമായ അടിയടരുകളെ അവയുടെ രാഷ്ട്രീയസന്ദർഭങ്ങളിൽ പുനർവിഭാവനം ചെയ്യുന്ന കഥകളാണ് 'ചുമരെഴുത്തും' 'കീഴ്ക്കാംതൂക്കും' 'വെള്ളിനക്ഷത്ര'വും.
തിരുവിതാംകൂറിൽ, ചുമരെഴുതിയതിന്റെ പേരിൽ ഭരണകൂടം വേട്ടയാടിയ ആദ്യ വ്യക്തിയായിരുന്നു കുറുമ്പൻ ദൈവത്താൻ എന്ന വസ്തുത മുൻനിർത്തി രചിക്കപ്പെട്ട 'ചുമരെഴുത്ത്', അസാധാരണമായ ഒരു രാഷ്ട്രീയ കഥയാണ്. അക്ഷരവും ആധുനികതയും തമ്മിലുള്ള ബന്ധത്തെ ഇത്രമേൽ ചരിത്രവൽക്കരിക്കുന്ന മറ്റധികം കഥകൾ മലയാളത്തിലില്ല. അക്ഷരം പഠിച്ച ദളിതൻ നവോത്ഥാന കേരളത്തിന്റെ ചരിത്രഭൂപടം മാറ്റിവരയ്ക്കുന്നതിന് ദൃക്‌സാക്ഷ്യം വഹിക്കുന്ന കൊച്ചുകുഞ്ഞാശാന്റെ അപാരമായ ഉൾക്കാഴ്ചകളാണ് ഈ കഥയുടെ ഭാവതലം രൂപപ്പെടുത്തുന്നത്.
'ഏറ്' എന്ന നോവലിൽ അധികാരത്തിന്റെ പ്രമത്തതകൾ ചരിത്രവൽക്കരിക്കുന്ന പൊലീസ് കഥകൾ നിരവധിയുണ്ട്. 'കീഴ്ക്കാംതൂക്ക്' ആണ് അവയുടെ തുടക്കം. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പിന്നാമ്പുറനാടകങ്ങൾ സ്വയം ഒരു അസംബന്ധ സാമൂഹ്യചരിത്രത്തിനു രൂപം കൊടുത്തിട്ടുണ്ടല്ലോ. അവയിലൊന്നിലെ ദുരന്തനായകനാണ് സത്യനാഥൻ. പെയിന്റ്പണി കരാറിനു വേണ്ടി നടത്തിയ ചില ഫോൺകോളുകൾ അയാളെ കൊലക്കേസ് പ്രതിയാക്കി. പേരറിവാളന്റെ കഥയുൾപ്പെടെയുള്ളവ പറഞ്ഞ് പൊലീസുകാരൻ ശ്രീധരൻ അയാളെ കൊടിയ മർദ്ദനങ്ങൾക്കു വിട്ടുകൊടുത്തു.
' 'നീ വെറുതേ കിടന്നുരുളാൻ നിൽക്കണ്ടെടാ... നിങ്ങള് തമ്മില് ഫോണില് സംസാരിച്ചതിനു വ്യക്തമായ തെളിവുണ്ട്'.
'സംസാരിച്ചില്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ സാറേ'.
'എന്നാപ്പിന്നെ ആളെ മെനക്കെടുത്താണ്ടെ ഉള്ളതൊക്കെയൊന്നു പറഞ്ഞുതൊലയ്ക്ക്'.
'അവൻ എന്നെ വിളിച്ചതൊരു പണിയുടെ കാര്യം പറയാനാണ് സാറേ... അവിടെയുള്ളൊരു കമ്യൂണിറ്റി ഹാളിന് പെയിന്റടിക്കാൻ... ഏകദേശം മൂവായിരം സ്‌ക്വയർഫീറ്റിന് മീതെയുള്ള ഏർപ്പാടായതുകൊണ്ട് പെട്ടെന്നൊരു എസ്റ്റിമേറ്റൊന്നും പറയാമ്പറ്റില്ലാ... നേരിട്ടു ചെന്നുകണ്ടിട്ട് വേണ്ട പെയിന്റിന്റെ അളവും ഏതാണ്ട് എത്രദിവസത്തെ പണിയുണ്ടെന്നുമൊക്കെ അറിയിക്കാം എന്നും പറഞ്ഞ് ഞാൻ കോള് കട്ടാക്കി. അവൻ ഇങ്ങനെയൊരു കേസില് വന്നുപെടുമെന്ന് എനിക്കു നേരത്തെങ്ങനെ നിശ്ചയമുണ്ടാകാനാണ്? വെറുമൊരു ഫോൺവിളീടെ പേരില് കൊലക്കേസിലെ പ്രതിയാക്കാ എന്നൊക്കെ വച്ചാല് അതുകൊറച്ചു കടന്ന കൈയാണെന്റെ സാറേ....'
അറസ്റ്റ് ചെയ്യുന്നേരത്ത് സത്യനാഥൻ തന്റെ ന്യായവും പരിഭവവുമെല്ലാം എസ്‌ഐ. ശ്രീധരനോട് തുറന്നു പറഞ്ഞു.
'എടാ സത്യാ.... നീ പേരറിവാളൻ എന്നൊരു പേര് കേട്ടിട്ടുണ്ടോ?'
'ഉച്ച്.... രാജീവ് ഗാന്ധീടെ വധക്കേസുമായി ബന്ധപ്പെട്ട് അകത്ത് കിടക്കുന്നൊരു പ്രതിയല്ലേ?'
'അപ്പോ നിനക്ക് ആളെ അറിയാം, അല്ലേ? മിടുക്കൻ.... എന്റെ പണി അത്രയും കുറഞ്ഞു. എന്താണവന്റെ പേരിലുള്ള കേസെന്നറിയാമോ?'
സത്യനാഥൻ ഒന്നും മിണ്ടാതെ തല കുനിച്ചു.
'ഒമ്പതു വോൾട്ടിന്റെ രണ്ട് ബാറ്ററി വാങ്ങിയതിന് മുപ്പതുകൊല്ലമായി ആള് ജയിലിലാണ്. പൊട്ടി. ബോംബിനുപയോഗിച്ചത് ആ ബാറ്ററിയാണോ അല്ലയോ എന്നതൊക്കെ വേറേ കാര്യാണ് കേട്ടോ. അതോണ്ട് ഏതൊക്കെ കേസില് ആരെയൊക്കെ പൊക്കണം.... എത്ര കൊല്ലം അകത്തുകിടക്കും.... എന്നൊന്നും നീ പൊലീസുകാരെ പഠിപ്പിക്കാൻ വരണ്ടാട്ടാ'.
പക്ഷേ, ശ്രീധരന്റെ ആ വിരട്ടലിലൊന്നും കാര്യങ്ങൾ നിന്നില്ല. കേസ് മേലോട്ടുപോയതോടെ സത്യനാഥന്റെ ശരീരവും ഭൂമിയിൽനിന്നുയർന്നുപൊങ്ങി'.
കാലം വഴിമാറിയൊഴുകി. ശ്രീധരന്റെ മകളുടെ വീട്ടിൽ പണിക്കെത്തിയ സത്യനാഥൻ പഴയ അനുഭവങ്ങളുടെ കയ്പ് അയാളുടെ പഞ്ചേന്ദ്രിയങ്ങളിലും തിളച്ച വെള്ളം പോലെ തേകിയൊഴിച്ചു.
' 'നിങ്ങടെ കൂട്ടത്തിൽ പെട്ടൊരു വല്ല്യ സാറ് ഈയെടയ്ക്ക് സ്രാവുകൾക്കൊപ്പം നീന്തുമ്പോളെന്നു പറഞ്ഞൊരു പുസ്തകം എഴുതീർന്നില്ലേ? എന്നാലേയ് ആ സ്രാവുകളെപ്പറ്റി വേറൊരു കാര്യം അറിയോ ശ്രീധരൻ സാറിന്?'
'ചോരേടെ മണം പിടിച്ച് കൂട്ടത്തോടെ എത്തി ആക്രമിക്കണതല്ലേ...'.
'ഏയ്.. അതല്ലാണ്ട് വേറെയൊന്നുംകൂടിയുണ്ട്...'.
എങ്കിലക്കാര്യം തനിക്കു പിടിയില്ലെന്നമട്ടിൽ ശ്രീധരൻ തലയിളക്കി.
'ഉടല് നേരേ മറിഞ്ഞുകിടന്നാല് മിക്ക സ്രാവുകൾക്കും ബോധം മറയും. ഒരനക്കോല്ല്യാണ്ട് ശ്വാസംപോലും നെലച്ച് അവറ്റയങ്ങനെ ചത്തപോലെ കിടക്കും. കുറച്ചുനേരം കഴിഞ്ഞിട്ടും ശരീരം നേരാംവിധം തിരിഞ്ഞു വന്നില്ലെങ്കില് ചെലപ്പൊ ചത്തും പോകും. അതൊക്കെ ആഴക്കടലിലെ സ്രാവുകളുടെ കാര്യമല്ലേ സാറേ... തോട്ടില് കെടന്ന് പൊളയണ എന്നെപ്പോലത്തെ തുപ്പലംകൊത്ത്യോളെ അങ്ങനെ കുരുക്കാൻ കിട്ട്വോ?
ശ്രീധരൻ മറുത്തെന്തെങ്കിലും പറയുന്നതിനുമുന്നേ സത്യനാഥൻ നിലത്തു കിടക്കുന്ന കമ്പക്കയറെടുത്തു സ്വന്തം അരയിൽ ചുറ്റി. അതിന്റെ മറ്റേയറ്റം മേലാപ്പിൽ കൊളുത്തിട്ടശേഷം കൈപ്പിടിയിലൊതുങ്ങുന്ന ചെറിയൊരു ബക്കറ്റിലേക്ക് കുമ്മായമിശ്രിതം ഒഴിച്ചെടുത്തു. ബ്രഷെടുത്ത് കടിച്ചുപിടിച്ച് മുളങ്കാലുകൊണ്ടുള്ള കുതിരക്കെട്ടിന്റെ മേലേക്ക് ആയത്തിൽ കുതിച്ചുചാടിക്കയറി. കാലു രണ്ടും കൂട്ടിയൊരു മുളങ്കുറ്റിയുടെ മേലെ കുരുക്കിട്ടു നിലയുറപ്പിച്ചശേഷം തല പുറകോട്ടു തിരിച്ചു ചിരിച്ചുകൊണ്ട് അവൻ ശ്രീധരന്റെ നേരേയൊന്നു പാളിനോക്കി. ഉത്തരം കിട്ടാത്ത പലപല ചോദ്യങ്ങൾ ഉള്ളിലൊതുക്കിക്കൊണ്ടൊരു മുരുക്കുമരത്തിന്മേൽ തൂങ്ങിക്കിടന്നു തല താഴേക്കിട്ട് പല്ലിളിക്കുന്ന വേതാളത്തെ കണ്ടതുപോലെ ശ്രീധരനന്നേരം ഞെട്ടി രണ്ടു ചുവട് പുറകോട്ടുവെച്ചു. പതിയെപ്പതിയെ മുന്നോട്ടു നിരങ്ങിനീങ്ങിക്കൊണ്ട് സത്യനാഥൻ രണ്ടാംനിലയുടെ അരമതിലിനടുത്തു കെട്ടിയുണ്ടാക്കിയ മരത്തട്ടിന്മേൽ ഞാന്നുകിടന്ന് കോൺക്രീറ്റ് ക്രാസികളുടെ മീതേ വെള്ളക്കുമ്മായമടിക്കുവാൻ തുടങ്ങി. ഇറ്റുവീഴുന്ന കുമ്മായത്തുള്ളികളിലൊന്ന് കണ്ണിലേക്കെങ്ങാനും തെറിച്ചോ എന്നൊരു നീറുന്ന സംശയത്താൽ മുഖം പൊത്തിപ്പിടിച്ചുകൊണ്ട് ശ്രീധരൻ ആ കാഴ്ച മറച്ചു.'.
ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥ 'വെള്ളിനക്ഷത്ര'മാണ്. 1940കൾ. ആലപ്പുഴയിൽ കമ്യൂണിസ്റ്റുകളെ തച്ചുതകർക്കാൻ ദിവാൻ സി.പി. രാമസ്വാമി അയ്യർക്കുവേണ്ടി രാപകൽ അധ്വാനിച്ച പൊലീസ് ഇൻസ്‌പെക്ടർ സത്യനേശൻ നാടാരും ഉദയാസ്റ്റുഡിയോ സ്ഥാപിച്ച കുഞ്ചാക്കോയുടെ വലംകയ്യായി നിന്ന ആലപ്പി വിൻസന്റും സ്റ്റുഡിയോ ടെക്‌നിഷ്യനും ക്യാമറാമാനുമായി ഉദയായിൽ താമസമുറപ്പിച്ച ജർമൻകാരൻ ഫെലിക്‌സ് ബെയ്‌സുമാണ് കഥയിലെ മുഖ്യകഥാപാത്രങ്ങൾ. അതേസമയംതന്നെ, ഈ കഥയുടെ ആഖ്യാനം നിർവഹിക്കുന്ന ഒരു കാക്കയും ഫെലിക്‌സ് ബെയ്‌സിനുവേണ്ടി ആ കാക്കയുടെ കണ്ണെറിഞ്ഞു പൊട്ടിക്കുന്ന ദളിത് ബാലനും സമാന്തരമായ മറ്റൊരു ചരിത്രദൗത്യം കഥയിൽ നിർവഹിക്കുന്നു. കമ്യൂണിസ്റ്റ് നേതാവ് ആർ. സുഗതന്റെ ശിഷ്യനായി വന്ന് സിനിമാ തീയറ്ററിൽ നിശ്ശബ്ദ ചലച്ചിത്രങ്ങളുടെ കഥ വിളിച്ചുപറയുന്നതിനിടയിൽ നാട്ടിലെ ജന്മിയുടെ മരുമകനെ ആക്ഷേപിച്ചതിന്റെ പേരിൽ നാടുവിടേണ്ടിവന്ന ഒരാളുടെ മകനാണ് ഈ ബാലൻ. രാജാകേശവദാസൻ മുതൽ പി. കൃഷ്ണപിള്ള വരെയുള്ളവർ ഉഴുതുമറിച്ചിട്ട ആലപ്പുഴയുടെ രാഷ്ട്രീയചരിത്രത്തിൽ മുളപൊട്ടിയ വിത്ത്. ഉദയാ സ്റ്റുഡിയോ കേന്ദ്രീകരിച്ച് മലയാളസിനിമ നിർമ്മിച്ച ഭാവനാചരിത്രത്തിൽ ഹിറ്റ്‌ലറുടെ ചാരനായിരുന്ന ഫെലിക്‌സ് ബെയ്‌സും സർ സിപിയുടെ ഉദ്യോഗസ്ഥനായിരുന്ന സത്യനേശൻ നാടാരും കുഞ്ചാക്കോയുടെ കൂലിപ്പണിക്കാരനായിരുന്ന പയ്യനും ഒരുപോലെ പങ്കാളികളാകുന്നു. യഹൂദന്മാരോട് ഹിറ്റ്‌ലറും ബെയ്‌സും കമ്യൂണിസ്റ്റുകളോട് സിപിയും സത്യനും കാക്കയോട് പയ്യനും ചെയ്തത് ഒരേ കൃത്യമാകുന്നു. നക്ഷത്രങ്ങളുടെ ചരിത്രാകാശത്തിൽ കാലം ഇരകളെയും വേട്ടക്കാരെയും സൃഷ്ടിക്കുന്നതിന് സാക്ഷിയായ ഒറ്റക്കണ്ണൻ കാക്കയിലൂടെ ദേവദാസ് മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥകളിലൊന്നിനു രൂപം കൊടുക്കുന്നു. തങ്ങൾ എത്തിപ്പെട്ടിരിക്കുന്ന ഇടങ്ങളിൽ (പൊലീസ് സ്റ്റേഷൻ, സ്റ്റുഡിയോ) തങ്ങൾക്കു ജീവിതം സാധ്യമാകുന്നില്ല എന്നു തിരിച്ചറിയുന്ന മനുഷ്യരുടെയും പക്ഷിയുടെയും വിറകൊള്ളുന്ന അസ്തിത്വം പലായനങ്ങളുടെ കാലാന്തരഭൂപടം വരച്ചിട്ടുകൊണ്ട് ദേവദാസ് കഥാവൽക്കരിക്കുന്നു.
'യഹൂദന്മാരെല്ലാം ദാവീദിന്റെ മഞ്ഞനക്ഷത്രം നിർബന്ധമായും അടയാളമുദ്രയായി ധരിച്ചുകൊള്ളണമെന്ന് നിബന്ധനയുള്ള കാലത്ത് നാസിജർമ്മനിയിലെ ജനജീവിതമാകെ നിയന്ത്രിച്ചിരുന്നത് ഷുട്സ്റ്റാഫലായിരുന്നു. ആര്യൻ വംശജരല്ലാത്തവരുടെ പട്ടികയുണ്ടാക്കി തിരഞ്ഞുപിടിച്ച് ആക്രമണങ്ങൾ അഴിച്ചു വിടുക, യഹൂദരെ കൊലക്കളങ്ങളിലേക്ക് അയയ്ക്കുക, തടവുപുള്ളികളെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുക, നാസിപ്പാർട്ടി സമ്മേളനങ്ങളുടെ സംഘാടനവും സുരക്ഷയും കൈകാര്യം ചെയ്യുക, തങ്ങളുടെ ആശയപ്രചരണത്തിനായി ഏതറ്റംവരെയും പോകുക, വിദേശരാജ്യങ്ങളിൽച്ചെന്ന് ചാരപ്രവർത്തനത്തിലേർപ്പെടുക, സംശയമുള്ളവരെയെല്ലാം നീരിക്ഷിച്ചതിന്റെ വിവരങ്ങൾ രഹസ്യപ്പൊലീസായ ഗസ്റ്റപ്പോയ്ക്ക് കൈമാറുക, ഹോളോകാസ്റ്റ് എന്നപേരിൽ രാജ്യമെമ്പാടും നടത്തിയ കൂട്ടക്കൊലകൾക്ക് ഒത്താശചെയ്യുക എന്നതൊക്കെയായിരുന്നു ആ സംഘടനയുടെ പ്രധാന പ്രവർത്തനങ്ങൾ. സായുധരായതും അല്ലാത്തതുമായ രണ്ടു വിഭാഗങ്ങൾ അതിനുണ്ടായിരുന്നു. ആയുധമേന്താതെ പ്രചാരവേലയ്ക്കായി മുന്നിട്ടിറങ്ങിയവരുടെ കൂട്ടത്തിലായിരുന്നു ഫെലിക്‌സ് ബെയ്‌സ് സായിപ്പ്. ഫോട്ടോയും വീഡിയോയുമൊക്കെ നന്നായി പകർത്താൻ കഴിവുണ്ടായിരുന്ന സായിപ്പിനോട് ജർമ്മനിയുടെ പ്രചരണമന്ത്രിയായിരുന്ന ഗീബൽസിനെ ചെന്നുകാണാൻ നിർദ്ദേശിച്ചത് ഷുട്സ്റ്റാഫലിന്റെ പ്രമുഖ നേതാവും പിന്നീട് ഓഷ്വിറ്റ്‌സ് തടങ്കൽപ്പാളയത്തിന്റെ കമാൻഡറുമായിരുന്ന റുഡോൾഫ് ഹോസായിരുന്നു. അക്കാലത്ത് അന്നാട്ടിലെ സകലമാധ്യമങ്ങളും ജോസഫ് ഗീബൽസിന്റെ വകുപ്പിനു കീഴിലുള്ള പ്രക്ഷേപണമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഒരേ നുണ പലവട്ടം ആവർത്തിച്ചു പറഞ്ഞാലത് സത്യമായി മാറുമെന്ന ഗീബൽസീയൻ കുതന്ത്രത്തിന്റെ സന്ദേശവാഹകരായാണ് മാധ്യമങ്ങളെല്ലാം പ്രവർത്തിച്ചിരുന്നത്. നാസിസംഹിതകളെ നാടെങ്ങും പരത്താനായി ചലച്ചിത്രദൃശ്യങ്ങളുണ്ടാക്കുന്ന വിഭാഗത്തിലാണ് സായിപ്പിനു പരിശീലനാടിസ്ഥാനത്തിൽ നിയമനം ലഭിച്ചത്. അതു പൂർത്തിയാക്കി ഇറങ്ങിയപ്പോൾ ലഭിച്ച ആദ്യത്തെ കർത്തവ്യം ചില്ലുകളുടഞ്ഞ രാത്രിയെ ഫിലിം ചുരുളുകളാക്കി നാടെങ്ങും പ്രദർശിപ്പിക്കുക എന്നതായിരുന്നു. തുടർന്ന് യഹൂദരുടെ ക്യാമ്പുകളും നാസിപ്പാർട്ടിയുടെ സമ്മേളനങ്ങളും മന്ത്രാലയ ത്തിലെ വിരുന്നുസൽക്കാരവുമൊക്കെ നിശ്ചലദൃശ്യമായും ചലച്ചിത്രരൂപമായുമൊക്കെ പകർത്തിയെടുക്കാനുള്ള അവസരങ്ങൾ അയാൾക്കുണ്ടായി. അതിനിടെയാണ് ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
ആ യുദ്ധത്തിൽ തങ്ങൾ അനായാസേന ജയിക്കുമെന്നായിരുന്നു ഹിറ്റ്‌ലറുടെയും ഗീബൽസിന്റെയുമൊക്കെ ധാരണ. യുദ്ധവിജയത്തിനുശേഷം തങ്ങളുടെ കീഴിലാകാൻ പോകുന്ന രാജ്യങ്ങളുടെ തന്ത്രപ്രധാനമായ ഇടങ്ങളുടെ ദൃശ്യങ്ങൾ നേരത്തേ പകർത്തിവെച്ചുകൊണ്ട് വിവരശേഖരണം വിപുലമാക്കാൻ ഗീബൽസ് തന്റെ മന്ത്രാലയത്തിന് ആജ്ഞകൊടുത്തിരുന്നു. ബോംബെയും ബനാറസും ഡൽഹിയും മൈസൂരും മദിരാശിയുമൊക്കെ ക്യാമറയിലൊപ്പിയെടുക്കാനുള്ള ദൗത്യവുമായി ഫെലിക്‌സ് ബെയ്‌സ് പുറപ്പെട്ടുപോന്നതങ്ങനെയാണ്. എന്നാൽ സായിപ്പ് ഇന്ത്യയിലെത്തിയതിനു പിറകേ ജർമ്മനി യുദ്ധം തോറ്റു. അഡോൾഫ് ഹിറ്റ്‌ലർ സ്വയം വെടിവെച്ചു മരിച്ചതിനുശേഷം ഗീബൽസ് ഒറ്റദിവസത്തേക്കു രാജ്യത്തിന്റെ സർവ്വസൈന്യാധിപനായി വാണു. പിറ്റേന്നൊരു മെയ്‌ദിനത്തിന്റെയന്ന് നുണപ്രചരണങ്ങളുടെ ആ തലതൊട്ടപ്പൻ തന്റെ ആറു കുഞ്ഞുങ്ങൾക്കും മയക്കുമരുന്നു നല്കി ഉറക്കിക്കിടത്തിയശേഷം സയനൈഡ് കുത്തിവെച്ചു. അവരുടെ മരണം ഉറപ്പായതോടെ ഗീബൽസ് ഭാര്യയോടൊത്ത് ആത്മഹത്യ ചെയ്തു. മഹായുദ്ധത്തിന്റെ നടുക്കം പൂർത്തിയാക്കിക്കൊണ്ട് ജപ്പാനിൽ അണുബോംബുകൾ വീണുപൊട്ടി. പന്തീരാണ്ടു കൊല്ലം ജർമ്മനിയിൽ ക്രൂരതയുടെ കൊടിയടയാളവും പേറി ലക്ഷക്കണക്കിനാളുകളുടെ കൂട്ടക്കൊലയ്ക്കു നേതൃത്വം നൽകിയ പ്രമുഖരെയെല്ലാം അന്താരാഷ്ട്ര സൈനികക്കോടതി കുറ്റവാളികളായി പ്രഖ്യാപിച്ചു. ന്യൂറംബർഗിലും ഫ്രാങ്ക്ഫർട്ടിലും വാഴ്‌സായിലും ഓഷ്വിറ്റ്‌സിലുമൊക്കെ നാസികൾക്കെതിരേ വിചാരണയാരംഭിച്ചു'.
'ചുമരെഴുത്തി'ൽ അക്ഷരത്തിന്റെയും എഴുത്തിന്റെയും രാഷ്ട്രീയമാണ് ദേവദാസ് കുറുമ്പൻ ദൈവത്താനിലൂടെ ചരിത്രവൽക്കരിച്ചതെങ്കിൽ 'വെള്ളിനക്ഷത്ര'ത്തിൽ ദൃശ്യത്തിന്റെയും കാമറയുടെയും രാഷ്ട്രീയമാണ് ഹിറ്റലർ മുതൽ സത്യൻ വരെയുള്ളവരിലൂടെ കഥാകൃത്ത് ചരിത്രവൽക്കരിക്കുന്നത്. കാമറയുടെ സാംസ്‌കാരികവും അതേസമയംതന്നെ ഹിംസാത്മകവുമായ രാഷ്ട്രീയജീവിതത്തെക്കുറിച്ച് ഇത്രമേൽ കാലാന്തര-ദേശാന്തര മാനങ്ങളുള്ള മറ്റൊരു കഥ മലയാളത്തിൽ ഭാവനചെയ്യപ്പെട്ടിട്ടില്ല.
'എന്താണു ചുറ്റിലും നടക്കുന്നതെന്ന് യഹൂദർ തിരിച്ചറിഞ്ഞുവരുമ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. നാസികളും ജർമ്മൻ പട്ടാളവുമൊക്കെ കൂട്ടംകുഴഞ്ഞുകൊണ്ടാണ് ജർമ്മനിയുടെ വീഥികളിലേക്ക് ഇരമ്പിയെത്തിയത്. അവരുടെ കൈവശം ഇരുമ്പുദണ്ഡും ചുറ്റികയും കോടാലിയും തോക്കുമൊക്കെയുണ്ടായിരുന്നു. യഹൂദരുടെ വീടുകൾ, പള്ളികൾ, കച്ചവടസ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എല്ലാമെല്ലാം തകർത്തുകൊണ്ടാണവർ ആർത്തുവിളിച്ചത്. ആ ആക്രമണത്തിനും മുമ്പായി യഹൂദരെ സർക്കാർ സ്ഥാപനങ്ങളിൽനിന്ന് പിരിച്ചുവിടാനും ഒരു പെട്ടിയിൽ കൊള്ളാവുന്ന അവശ്യസാധനങ്ങൾ മാത്രമെടുത്ത് നാടുവിടാനും നാസികൾ ആഹ്വാനം ചെയ്തിരുന്നു. അതുകേട്ടു ഭയന്ന് കുറേപ്പേർ അവിടം വിട്ടൊഴിഞ്ഞു പോകാനൊരുമ്പെട്ടു. എന്നാൽ അത്തരം ഭീഷണികൾക്കു വഴങ്ങാതെ പിടിച്ചുനിൽക്കാൻ ശ്രമിച്ചവർക്കുനേരേയാണ് പെട്ടെന്നൊരു രാത്രിയിൽ കടന്നുകയറ്റമുണ്ടായത്. ആക്രമിക്കേണ്ടവരുടെ വീടുകൾക്കോ കുടകൾക്കോ തീയിട്ടാൽ തൊട്ടരികെ യഹൂദരല്ലാത്തവരുടെ കെട്ടിടങ്ങൾക്കു നാശനഷ്ടങ്ങളുണ്ടായാലോയെന്ന സംശയത്താൽ ഓരോന്നായി തിരഞ്ഞുപിടിച്ച് തല്ലിത്തകർത്തും വെട്ടിപ്പൊളിച്ചുമാണ് അക്രമിസംഘം കടന്നുപോയത്. പൊട്ടിയ ചില്ലുകൾ തെരുവോരത്തങ്ങനെ കൂമ്പാരംകൂടി കിടന്നതിനാലാണ് ആ വംശീയകലാപത്തിന് 'ചില്ലുകളുടഞ്ഞ രാത്രി'യെന്നു പേരുവീണത്. നൂറുകണക്കിനാളുകൾ വഴിവക്കത്ത് പിടഞ്ഞുവീണൊടുങ്ങി. അഭയം നഷ്ടപ്പെട്ട പതിനായിരങ്ങളാകട്ടെ സ്വസ്തികക്കൊടി പാറിക്കളിക്കുന്ന തടങ്കൽപ്പാളയങ്ങളിലേക്ക് എത്തിച്ചേർന്നു. ജർമ്മൻ ചാൻസലറുടെയും ഭരണകൂടത്തിന്റെയും ഒത്താശയോടെ അരങ്ങേറിയ ക്രൂരതയുടെ ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ നാസി ആശയങ്ങളുടെ പ്രചാരണമന്ത്രിയായിരുന്ന ഗീബൽസ് തന്റെ വകുപ്പിനു കീഴിലുള്ള ദേശീയ പ്രക്ഷേപണ നിലയത്തിൽ നിന്നുള്ള ആളുകളെ തെരുവുകളിൽ പ്രത്യേകം സജ്ജമാക്കി നിർത്തിയിരുന്നു. ആയിരം അക്ഷരങ്ങളെക്കാളും നൂറ് വാക്കുകളെക്കാളും എളുപ്പത്തിലൊരു ദൃശ്യശകലംകൊണ്ട് ജനമനസ്സുകളിൽ തങ്ങളുടെ ആശയമെത്തിക്കാമെന്ന ഗീബൽസീയൻ പരീക്ഷണത്തിന്റെ തുടക്കമായിരുന്നു അത്. പ്രക്ഷേപണ മന്ത്രാലയത്തിൽനിന്ന് അറിയിപ്പുകിട്ടിയപ്പോൾ സാമഗ്രികളും സഹായികളെയുമൊക്കെ പെട്ടെന്നുതന്നെ സംഘടിപ്പിച്ചിറങ്ങിപ്പുറപ്പെട്ട ഫെലിക്‌സ് സായിപ്പിന്റെ ആദ്യത്തെ സ്വതന്ത്ര ഛായാഗ്രഹണദൗത്യം ആ രാത്രിഭീകരതയെ പകർത്തിയെടുക്കുക എന്നതായിരുന്നു.'.
ഈ സമാഹാരത്തിൽ ഇനിയുള്ള മൂന്നു കഥകളിലൊന്ന് സന്ദേശകാവ്യത്തിന്റെ പാരഡിയായി രചിക്കപ്പെട്ട ഒരു ആക്ഷേപഹാസ്യകഥയാണ്. മറ്റൊന്ന്, നാലു കൂട്ടുകാരിലൊരുവന്റെ കാമുകിയുടെ തന്തയെ കൊല്ലാനുള്ള ഗൂഢാലോചന നർമ്മഭാവനയായി പരിണമിക്കുന്ന കഥയാണ്. മൂന്നാമത്തെ കഥ, തന്റെ ആദ്യഭർത്താവിനെ കൂട്ടുവിളിച്ച് ആശുപത്രിയിൽ പോകേണ്ടിവരുന്ന സ്ത്രീയുടെയും അവരുടെ മുതിർന്ന മകളുടെയും വൈകാരിക സംഘർഷങ്ങളവതരിപ്പിക്കുന്നു.
'Violence is like humor, the more unpredictable they both are, the better it gets' എന്ന ഒരു ജാപ്പനീസ് നടന്റെ നിരീക്ഷണം യാഥാർഥ്യമാക്കുന്ന കഥയാണ് 'തൈക്കാട്ടിൽ ലോനയെ ഞങ്ങൾ തട്ടിക്കളഞ്ഞ വിധം'. നാലു സുഹൃത്തുക്കൾ. അതിലൊരാളായ പുഷ്പന്റെ കാമുകിയാണ് ചൊറിയൻപുഴുവിന്റെ സ്വഭാവമുള്ള ലോനയുടെ മകൾ സെലീന. ഉത്സവപ്പറമ്പിൽ വച്ച് സെലീനയുടെ ഒപ്പം വന്ന അവളുടെ അനിയത്തിയുടെ ചന്തിക്ക് പുഷ്പൻ പിടിച്ചുവെന്നാരോപിച്ച് ലോന അവനെ ഓടിച്ചിട്ടു തല്ലുന്നു. അതിനു പകരംവീട്ടാൻ മുൻകാല ഗുണ്ടയായ ആന്റണിയുടെ സഹായത്തോടെ കൂട്ടുകാർ രാത്രിയിൽ ലോനയെ വീടുകയറി ആക്രമിക്കാൻ തീരുമാനിക്കുന്നു. വാതിൽ തുറന്ന ലോനയെ കത്തികൊണ്ട് കുത്തിവീഴ്‌ത്തി ഇരുട്ടത്ത് മറഞ്ഞ കൂട്ടുകാരും ആന്റണിയും പിറ്റേന്ന് ലോനയുടെ മരണവാർത്തയറിയും മുൻപ് തന്നെ, തങ്ങൾ കുത്തിയത് ലോനയുടെ ദേഹത്തല്ല, വാതിലിൽ ആരോ ചാരിവച്ച വാഴത്തടയിലാണ് എന്നു മനസ്സിലാക്കുന്നു. എങ്കിലും സെലീന പുഷ്പനെ ഒഴിവാക്കുകയാണുണ്ടായത്.
മലയാളകഥയിൽ ഏതാണ്ട് തുടക്കം മുതൽ തന്നെ പലരൂപത്തിൽ നാം വായിച്ചുപോന്നിട്ടുള്ള നർമകഥകളുടെ ആധുനികാനന്തര മാതൃകകളിലൊന്നാണ് 'തൈക്കാട്ടിൽ ലോന...'. ആഖ്യാനത്തിലെ ഐറണികൾ കൊണ്ടാണ് ഈ രചന വായനക്കാരെ കീഴടക്കുന്നത്.
തനൂജയുടെ രണ്ടാം ഭർത്താവ് അയൽക്കാർക്കൊപ്പം മൂകാംബികക്കുപോയ ദിവസം രാത്രി വൈകി അവൾക്കു വയ്യാതാകുന്നു. ആശുപത്രിയിൽ പോകാൻ സഹായത്തിനാരുമില്ലാതെ വന്നപ്പോൾ മകളോട് പറഞ്ഞ് തനൂജ തന്റെ ആദ്യഭർത്താവിന് ഫോൺ ചെയ്യുന്നു. അയാളെത്തി അവളെ ആശുപത്രിയിലാക്കുന്നതും ഗർഭിണിയാണ് അമ്മയെന്നറിഞ്ഞ് മകൾ ക്ഷുഭിതയാകുന്നതും അവളുടെ കാമുകൻ വന്ന് തനൂജയെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്കു കൊണ്ടുപോകുന്നതും വഴിമധ്യേ ആദ്യഭർത്താവുമായി തനൂജ ഏറെ അടുപ്പത്തോടെ സംസാരിക്കുന്നതുമാണ് കഥയിലുള്ള സന്ദർഭങ്ങൾ. രക്തം രക്തത്തോടു ചേർന്ന വ്യക്തികൾക്കിടയിൽ രൂപംകൊണ്ട അകലങ്ങളുടെ ആഴം, കാട്ടിൽ ഒറ്റമരങ്ങളെന്നപോലെ വേൽപെട്ടു ജീവിക്കേണ്ടിവരുന്ന മനുഷ്യരുടെ അവസ്ഥയായി കഥയിൽ നിറയുന്നു. ജീവിതം അതിന്റെ ഏറ്റവും സൂക്ഷ്മമായ വൈവിധ്യങ്ങളിലും ഏറ്റവും ഹൃദ്യമായ വൈരുധ്യങ്ങളിലും തിങ്ങിനിറയുകയാണ് 'തൈക്കാട്ടിൽ ലോന'യിലും 'കാടിനുനടുക്കൊരു മര'ത്തിലും. ഈ കലാപദ്ധതിതന്നെയാണ് ദേവദാസിന്റെ കഥാലോകത്തെ മലയാള ചെറുകഥയുടെ ഏറ്റവും പുതിയ ഭാവപ്രപഞ്ചത്തിൽ നക്ഷത്രഭംഗിയോടെ വേറിട്ടുനിർത്തുന്നതും.
കഥയിൽനിന്ന്
'ഞങ്ങള് ലോനയുടെ വീടിന്റെയടുത്തെത്തിയപ്പോൾ മണിയേതാണ്ട് രാത്രി രണ്ടു രണ്ടരയായിക്കാണണം. അവരും ചുറ്റുവട്ടത്തുള്ളവരുമൊക്കെ ലൈറ്റണച്ച് ഉറങ്ങാൻ കിടന്നിരുന്നു. ആകപ്പാടെ ഇത്തിരി വെളിച്ചമുണ്ടായിരുന്ന വഴിവക്കിലെ ഇലക്ട്രിക് പോസ്റ്റിന്റെ കീഴെ ഞങ്ങൾ നിരന്നുനിന്നു.
'കാര്യം കഴിഞ്ഞാൽ ശവക്കോട്ടക്കുന്നുവരെ ഒരുമിച്ചോടണം. അതിന്റെ മോളീന്നു നോക്കിയാൽ ഈ പ്രദേശത്തൊക്കെ നന്നായിട്ട് കാണാമ്പറ്റും. എന്താണിവിടെ നടക്കുന്നതെന്നൊരൂഹം കിട്ടിയാപ്പിന്നെ ശവക്കോട്ടക്കുന്നിറങ്ങി നാലുവഴിക്ക് പിരിഞ്ഞോടിക്കൊള്ളണം. എന്നിട്ടെങ്ങനെയെങ്കിലും പാടത്തിനപ്പുറത്തെ ചിറയിലെത്തി കുളിച്ചിട്ടേ വീട്ടിപ്പോകാവൂ. പോകുന്ന വഴിക്കൊന്നും തുപ്പാനും മൂത്രമൊഴിക്കാനുമൊന്നും നിൽക്കരുത്. ആളെങ്ങാനും തട്ടിപ്പോയാൽ പൊലീസ് നായയ്ക്കു മണപ്പിക്കാൻ അതൊക്കെ മതി. ഒന്നു രണ്ട് ദിവസത്തേക്കു തമ്മിൽ കാണാനും മിണ്ടാനുമൊന്നും നില്ക്കണ്ടാ. ഞാൻ പറയുന്നതു ശരിക്കും മനസ്സിലായോ?'
ആന്റണിയുടെ നിർദ്ദേശത്തിന് അനുസരണയോടെ ഞങ്ങൾ തലകുലുക്കി. ജീൻസിന്റെ പോക്കറ്റിൽനിന്ന് പേനാക്കത്തിയെടുത്തു നിവർത്തിയശേഷം പുഷ്പനു നേരേ നീട്ടിക്കൊണ്ട് ആന്റണി കാര്യങ്ങളൊക്കെ ഒന്നുകൂടി ആവർത്തിച്ചു.
'പേടിപ്പിക്കാനാണെങ്കിൽ വയറ്റിനിട്ടൊരു കുത്ത്. ഇതിനു നല്ല മൂർച്ചയുണ്ടെങ്കിലും നീളം കുറവാണ്. കുറച്ചു ചോര പോകുമെങ്കിലും ആളു ചാകില്ല. അതല്ല നല്ലൊരു പണി കൊടുക്കണമെങ്കിൽ വാരിയെല്ലിന്റെയിടയിലൂടെ ഇത് നെഞ്ചിനകത്തു കയറ്റി നന്നായൊന്നു തിരിക്കണം. ആയുസ്സ് ബാക്കിയായാലും പിന്നെ നേരാംവണ്ണം ജീവിക്കാനാകില്ല. കൊല്ലണമെന്നുറപ്പാണെങ്കിൽ കഴുത്തറക്കണം. കർണ്ണഞരമ്പു മുറിഞ്ഞ് ചോര ചീറ്റിയാൽ പിന്നെ അഞ്ചു മിനിറ്റിനകം ആള് ക്ലോസ്. ഇതിലേതാ വേണ്ടതെന്നു നീതന്നെ തീരുമാനിക്ക്'.
അതുകേട്ടതും പുഷ്പന്റെ കിളിപോയി. കത്തി കൈമാറി വാങ്ങാനൊരുങ്ങിയ അവന്റെ കൈകൾ വിറയ്ക്കുന്നത് ഞങ്ങൾ കണ്ടു. ശരിക്കൊന്നു നോക്കിയപ്പോൾ കൈമാത്രമല്ല, അവൻ ഉടലോടെ നിന്നു കിടുങ്ങുകയാണെന്നു തിരിച്ചറിഞ്ഞു.
'ഞാനിതു തമാശക്കളിയായിട്ട് ചെയ്യണതല്ലാ. എന്നെ വെറുതേ മെനക്കെടുത്തരുത് മറ്റോന്മാരേ... നിങ്ങളെക്കൊണ്ടിതിനു പറ്റില്ലെന്ന് എനിക്കുറപ്പായിരുന്നു. പിന്നെയീക്കളി എത്രത്തോളം പോകുമെന്നു നോക്കിയതാ. എല്ലാരും വീട്ടിപ്പോയിക്കെടന്നുറങ്ങാൻ നോക്ക്. കക്കൂസിൽ കയറി കണ്ണടച്ചിരുന്നു കണ്ട പെണ്ണുങ്ങളെയോർത്തു കൈവിറപ്പിക്കാൻ മാത്രം കഴിയുന്നോന്മാർക്കു കത്തിയെടുത്തുകൊടുത്ത എന്നെപ്പറഞ്ഞാൽ മതിയല്ലോ'.
പേനാക്കത്തി മടക്കാനൊരുങ്ങിയ ആന്റണിയുടെ കൈയിൽ കയറിപ്പിടിച്ചുകൊണ്ട് ഞാൻ ആ വെല്ലുവിളി ഏറ്റെടുത്തു.
'ഇതിപ്പോൾ ഇവന്റേം അമ്മാനച്ഛന്റേം കുടുംബക്കാര്യം മാത്രമല്ല. നാറിനാശായിരിക്കണത് ഞങ്ങളു മൊത്തത്തിലാണ്. അയാളെ ഞാൻ കയറിപ്പണിയാം. നെഞ്ചെല്ലിന്റെ എടേക്കൂടെ കത്തികയറുമോ കഴുത്തിലെ ഞരമ്പുമുറിയുമോ എന്നൊന്നും ഉറപ്പില്ല. എങ്കിലും താപ്പിനു കിട്ടിയാൽ അയാളുടെ പള്ളയ്ക്കിട്ടു ഞാൻ കുത്തും'.
'ശരി... കുത്തിയാൽമാത്രം പോരാ... ഊരിയെടുക്കുകയും വേണം. പിന്നെയിത് തോന്നിയേടത്തേക്കു വലിച്ചെറിയരുത്. കത്തിയെന്റെ കൈയില് തിരിച്ചുതന്നിട്ടേ ചിതറിയോടാവൂ'.
ഞാൻ കത്തിയേറ്റുവാങ്ങിയതും ആന്റണി അരയിലെ സൈക്കിൾ ചെയിൻ ബെൽറ്റഴിച്ചെടുത്ത് ഒന്നു വട്ടംകറക്കിയ ശേഷം മേലോട്ടെറിഞ്ഞു. തീപ്പൊരി പാറിയണച്ചുകൊണ്ടത് കൃത്യമായി ഇലക്ട്രിക് കമ്പിയിൽ കുടുങ്ങിയതും ആ പ്രദേശം മൊത്തം ഇരുട്ടിലായി. ആന്റണി വഴിയിൽതന്നെ നിന്നു. കൂറ്റാക്കൂട്ടിരുട്ടിൽ ഒരെത്തും പിടിയും കിട്ടുന്നില്ലെങ്കിലും ഞങ്ങള് മൂന്നുപേരും ഒരുവിധത്തിൽ മുൻവശത്തെ പടി തുറന്നു മുറ്റവും കടന്നുചെന്നു മുൻവാതിലിൽ തട്ടി. നാലഞ്ചു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം അടഞ്ഞ വാതിലിനു തൊട്ടു പുറകിൽ നിന്ന് 'ആരാടാ...' എന്ന് ലോനയുടെ വിളികേട്ടതും അഷ്‌റഫ് തിരിഞ്ഞോടിക്കളഞ്ഞു. പുഷ്പൻ അഞ്ചാറടി പുറകോട്ടുവെച്ച് മുറ്റത്തേക്കിറങ്ങി നിന്നു. അവരോടൊപ്പം മടങ്ങാൻ ഒരുങ്ങിയതാണെങ്കിലും ആന്റണിക്കു കൊടുത്ത വാക്ക് ഞാനന്നേരമോർത്തു. ചുമച്ചുകൊണ്ട് വീടിന്റെ ഉമ്മറവാതിൽ ലോന തുറന്നതും ഉള്ളാലെ പകയാളിക്കത്തിയ ഒരു നിമിഷത്തിൽ കണ്ണിറുക്കിയടച്ചു ശബ്ദം കേട്ടയിടം നോക്കി ഞാൻ രണ്ടുതവണ ആഞ്ഞുകുത്തിയശേഷം കുത്തിവലിച്ചൂരിക്കൊണ്ട് തിരിച്ചോടി. പേടിച്ചു ബിംബക്കുറ്റിപോലെ മുറ്റത്തായി ഉറച്ചുനിന്ന പുഷ്പൻ ഞെട്ടലുവിട്ട് ഞങ്ങൾക്കൊപ്പം പാഞ്ഞെത്താൻ പിന്നെയും സമയമെടുത്തു. ലോന അലറുന്നതിന്റെയും വെട്ടിയിട്ടപോലെ താഴെവീഴുന്നതിന്റെയും അയാളെത്തേടിയെത്തിയ പെൺമക്കൾ ഉറക്കെ നിലവിളിക്കുന്നതിന്റെയും ശബ്ദങ്ങൾ പുറകിൽനിന്നു ചെവിയിൽ വന്നലച്ചു. ആ ഒച്ചയൊക്കെ കേട്ടുകൊണ്ട് ധനുമാസക്കുളിരിലൂടെ ഓടുന്നേരത്ത് ഉൾനിറവാലെ ഒരു രോമാഞ്ചം എന്നെ വന്നുപൊതിഞ്ഞു. തൈക്കാട്ടിൽ ലോനയെ കുത്തിമലർത്തിയേ എന്നു നാട്ടുകാര് കേൾക്കെ ഉച്ചത്തിൽ വിളിച്ചുപറയണമെന്ന തോന്നലിനെ അടക്കിവെക്കാൻ ഞാൻ ആവോളം പാടുപെട്ടു.
നേരത്തെ തീരുമാനിച്ചതുപോലെ ഇരുട്ടുകുത്തിയ ഇടവഴികളിലൂടെ ശവക്കോട്ടയെ ലക്ഷ്യമാക്കി പരിഭ്രമിച്ചോടുന്നതിനിടയിൽ ആകെ സംസാരിച്ചത് ആന്റണിയും ഞാനും മാത്രമായിരുന്നു.
'കുത്തിയോടാ?'
'ങും'.
'എത്ര പ്രാവശ്യം?'
'രണ്ട്'.
'കത്തി കയറിയെന്നുറപ്പാണോ?'
'ഉവ്വെന്നേയ്..... വലിച്ചൂരിക്കുത്തി'.
'മിടുക്കൻ..... അപ്പ നീ പണി പറ്റിച്ചു'.
'കൈയില് രക്തം പറ്റീട്ടുണ്ടെന്നു തോന്നുന്നു ആന്റണിച്ചേട്ടാ. നനഞ്ഞിട്ടുണ്ട്'.
'അയ്യോ! ഷർട്ടുമ്മെ തുടയ്ക്കല്ലേ... ചോരക്കറയാകും'.
'പിന്നെന്തു ചെയ്യാനാ?'
'നീയൊന്നടങ്ങ്.... വെരലു ചുരുട്ടിപ്പിടിച്ചോണ്ടോട്. ചിറയിലെത്തിയാല് നന്നായൊന്നു കുളിക്കാം. എന്റെ കത്തിയെവിടെ?'
കത്തി വാങ്ങിയ ആന്റണി അതു മൂക്കിനോടു ചേർത്തു മണത്തുനോക്കുന്നത് ഇരുളിനിടയിലും എനിക്കു തിരിച്ചറിയാനായി. ചോരയുടെ മണം കൊതിച്ചുനടക്കുന്നൊരു ചെന്നായയായി അയാളെന്റെ മുന്നിൽ വെളിപ്പെട്ടു. പൊടുന്നനേ ഓട്ടം നിർത്തിയ ആന്റണി ഞങ്ങളോടായി പറഞ്ഞു:
'നമുക്കു ചിറവരെയൊന്നും ഓടേണ്ട കാര്യമില്ലെന്നേ. കൈയിലെ നനവ് വേണമെങ്കില് ഷർട്ടുമെത്തന്നെ തുടച്ചോ. കറയാകും എന്നതുറപ്പ്... പക്ഷേ, ചോരക്കറയല്ല... വാഴക്കറ. അതലക്കി വെളുപ്പിക്കാൻ നിന്റെയമ്മ നന്നായി പാടുപെടും'.
അതോടെ ഞങ്ങളുടെ ഓട്ടം നിലച്ചു. അടിവെച്ചടിവെച്ചുകൊണ്ട് ആന്റണി എന്റെയരികിലെത്തി. 'തൈലത്തിനെയല്ല.. അങ്ങേരെ പറ്റിക്കാനായി പിള്ളേര് ആരോ വാതിലുമ്മെ ചാരിവെച്ച പിണ്ടീമ്മെയാടാ നീ കുത്തിയത്. എന്റെ കത്തിക്കു നാണക്കേടു വരുത്തിവെച്ചല്ലോടാ... ഇനിയിതുംകൊണ്ടു നടന്നാലൊരു ശകുനക്കേടാണ്. അതോണ്ട് ഇതു നീതന്നെ കൈയിൽ വെച്ചോ'.
അത്രയും പറഞ്ഞു പൊട്ടിച്ചിരിച്ചുകൊണ്ട് പേനാക്കത്തി മടക്കി എന്റെ കൈയിലേല്പിച്ചശേഷം ആന്റണി തിരിഞ്ഞോടി മറഞ്ഞു. ഇനിയെന്തു ചെയ്യണമെന്നു തീർച്ചയില്ലാതെ ഞങ്ങൾ മൂന്നുപേർ ഏറെനേരം ഇരുട്ടിൽ സ്തംഭിച്ചു നിന്നു.'.
കാടിനുനടുക്കൊരു മരം
വി എം. ദേവദാസ്
ഡി.സി. ബുക്‌സ്
2021
വില: 210 രൂപ
കേരള സര്വകലാശാലയില് ഗവേഷകവിദ്യാര്ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില് തുടര്ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില് ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള് പുറത്തുവന്നിട്ടുണ്ട്.