'Who doesn't wish for his father's death.... Every one wants his father dead..... Viper devours viper'. - Fyodor Dostoyevsky, Brothers Karamazov

കൃത്യം ഇരുന്നൂറുവർഷം മുൻപ്, 1821ൽ ജനിച്ച ഫിയദോർ ദസ്തയവ്‌സ്‌കി രചിച്ച കുറ്റകൃത്യങ്ങളുടെ ഇതിഹാസങ്ങളിൽ ഏറ്റവും പ്രശസ്തമായ കരമസോവ് സഹോദരന്മാരിലെ ഈ വാക്യവും മനുഷ്യസ്വഭാവവും കൂടി മുൻനിർത്തിയാണല്ലോ സിഗ്മണ്ട് ഫ്രോയ്ഡ് അദ്ദേഹത്തിന്റെ വിഖ്യാതമായ ഈഡിപ്പസ് കോംപ്ലക്‌സ് സിദ്ധാന്തത്തിന്റെ വ്യാഖ്യാനം നടത്തുന്നത്. 'നാളതുവരെ എഴുതപ്പെട്ട ഏറ്റവും ഗംഭീരമായ നോവൽ' എന്ന് 1928ൽ ഫ്രോയ്ഡ് 'കരമസോവ് സഹോദരന്മാരെ'ക്കുറിച്ചു നടത്തിയ നിരീക്ഷണം ഒരുനൂറ്റാണ്ടു പിന്നിടുമ്പോഴും റദ്ദായിട്ടില്ല. കമ്യൂണിസത്തിന്റെ ഉടയതമ്പുരാന്മാരായ വ്‌ളദിമിർ ഇലിയിച്ച് ലെനിനും ജോസഫ് സ്റ്റാലിനും അവരുടെ കൾച്ചറൽ കമ്മിസാറായിരുന്ന മാക്‌സിം ഗോർക്കിയുമൊക്കെ 'ദുഷ്ടപ്രതിഭ'(Evil Genius)യായി മുദ്ര കുത്തി അമ്പരപ്പിച്ച ദസ്തയവ്‌സ്‌കിയെപ്പോലെ ഇരുപതാം നൂറ്റാണ്ടിൽ ലോകത്തെങ്ങുമുള്ള എഴുത്തുകാരെയും ചിന്തകരെയും സ്വാധീനിച്ച മറ്റൊരു മഹാപ്രതിഭയില്ല എന്നതാണ് വസ്തുത. ആൽബർട്ട് ഐൻസ്റ്റീൻ, ഫ്രെഡറിക് നീഷെ, സിഗ്മണ്ട് ഫ്രോയ്ഡ്, കാൾ യുങ്, ഹെർമൻ ഹെസ്സെ, ഏണസ്റ്റ് ഹെമിങ്‌വേ, ജയിംസ് ജോയ്‌സ്, ആന്ദ്രെ ജീദ്, ആർബർ കാമു, ഫ്രാൻസ് കാഫ്ക, ഡി.എച്ച്. ലോറൻസ്, ജെ.എം. കുറ്റ്‌സെ, മിലൻ കുന്ദേര.... എന്നിങ്ങനെ നീളുന്നു അവരുടെ പട്ടിക. 'എന്റെ രക്തബന്ധു'വെന്നാണ് കാഫ്ക ദസ്തയവ്‌സ്‌കിയെ വിളിച്ചത്. 'മറ്റാരും നൽകാത്ത ഉൾക്കാഴ്ചകൾ തനിക്കു നൽകിയത് ദസ്തയവ്‌സ്‌കിയാ'ണെന്ന് പറഞ്ഞത് ഐൻസ്റ്റീനാണ്. നോവൽ എന്ന സാഹിത്യരൂപത്തെക്കുറിച്ചുണ്ടാക്കിയ ഏറ്റവും വിഖ്യാതമായ സിദ്ധാന്തകല്പനകൾ പലതിനും മിഖായേൽ ബക്തിൻ ആധാരമാക്കിയത് ദസ്തയവ്‌സ്‌കിയുടെ രചനകളാണ്. 'മനുഷ്യരൂപമെടുത്ത ബ്രഹ്മരക്ഷസ്' എന്ന് പി.കെ. ബാലകൃഷ്ണൻ വിശേഷിപ്പിച്ച ദസ്തയവ്‌സ്‌കിയുടെ നോവലുകളിലേതുപോലെ, മനുഷ്യജീവിതത്തിന്റെ ദുരന്തവിപര്യയങ്ങൾ അനാവൃതമാകുന്ന സാഹിത്യകൃതികൾ ഷേക്‌സ്പിയർക്കു ശേഷം മറ്റാരുമെഴുതിയിട്ടില്ല. പിതൃഹത്യയുടെ പാപേതിഹാസമെന്ന നിലയിൽ വായിക്കപ്പെടുന്ന കരമസോവ് സഹോദരന്മാരിലെ 'സ്വന്തം പിതാവിന്റെ മരണം ആഗ്രഹിക്കാത്തവരില്ല' എന്ന ഇവാൻ കരമസോവിന്റെ നിരീക്ഷണത്തിന് മുൻപും പിൻപും ലോകഭാഷകൾ പലതിലും എത്രയെങ്കിലും പിതൃഹത്യാഭാവനകളുണ്ടായിട്ടുണ്ടെങ്കിലും ദസ്തയവ്‌സ്‌കിയൻ പ്രതിഭയുടെ മാന്ത്രികസ്വഭാവം ഇവയ്‌ക്കൊന്നിനും കൈവന്നിട്ടില്ല.

          മലയാളത്തിലുമുണ്ടായിട്ടുണ്ട്, ഈഡിപ്പൽ ഭാവനകളുടെയും സാത്താൻ ആവേശിച്ച കുടുംബങ്ങളുടെയും നിരവധിയായ ദസ്തയവ്‌സ്‌കിയൻ പാഠമാതൃകകൾ. വിശേഷിച്ചും നോവലിൽ. ഉറൂബും പാറപ്പുറത്തും വിജയനും വി.കെ.എന്നും ആനന്ദുമുൾപ്പെടെ നമ്മുടെ മികച്ച എഴുത്തുകാരാരും എഴുതാതെ പോയിട്ടില്ല, പിതൃ-ഭ്രാതൃഹത്യകളുടെ ഭാവതീവ്രമായ ഘോരജീവിതാവസ്ഥകളെപ്പറ്റി. അവരെയെല്ലാം സ്വാധീനിച്ചത് ദസ്തയവ്‌സ്‌കിതന്നെയാണെന്നതിൽ സംശയം വേണ്ട. ഏറ്റവുമൊടുവിൽ മർത്യാസ്തിത്വത്തിന്റെ ഈയൊരു സർപ്പഭാവന പിൻപറ്റി മലയാളത്തിലുണ്ടായ ശ്രദ്ധേയമായ നോവലാണ് ജോജോ ആന്റണിയുടെ 'നിഴലുകൾ ഇല്ലാത്ത മൂന്നു ദിനങ്ങൾ'.

          മധ്യകേരളത്തിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിലെ ആറു തലമുറകളുടെ വിധിയും ജീവിതവും സൂചിതമാകുന്ന 'നിഴലുകൾ', ഒരുനൂറ്റാണ്ടിന്റെ പരോക്ഷകാലവും ആറുപതിറ്റാണ്ടിന്റെ പ്രത്യക്ഷകാലവും ആഖ്യാനത്തിനു പശ്ചാത്തലമാക്കുന്നു. വലിയ കാർന്നോരും ഭാര്യയും, അവരുടെ മകൻ പൈലപ്പനും ഭാര്യ ചെർച്ചിക്കുട്ടിയും, അവരുടെ മകൻ കൊച്ചന്തോണിയും ഭാര്യ സെലിനും, അവരുടെ മകൻ റോയിയും ഭാര്യ പ്രേമയും, അവരുടെ മകൾ മെറീനയും ഭർത്താവ് അരുണും അവരുടെ മകൾ ജെന്നിഫറും സന്നിഹിതരാകുന്ന കഥയിൽ തലമുറ തലമുറയോടും ജാതി ജാതിയോടും കുടുംബം കുടുംബത്തോടും പുരുഷൻ സ്ത്രീയോടും പിതാക്കൾ പുത്രരോടും പുത്രർ പിതാക്കളോടും ഇണ ഇണയോടും ചെയ്യുന്ന നാനാതരം ഹിംസകളുടെ ദാക്ഷിണ്യമേതുമില്ലാത്ത മർത്യനീതികൾ ഒന്നിനു പിറകെ മറ്റൊന്നായി വന്നുനിറയുന്നു. ഈ കുടുംബത്തെ ഒരു തായ്ത്തടിയായി സങ്കല്പിച്ചാൽ അതിലെ ശിഖരങ്ങൾ പോലെ അയൽക്കാരായ പുതുശ്ശേരി കുടുംബത്തിലെ പല തലമുറകളും ബന്ധുഗൃഹങ്ങളിൽ നിന്നുള്ളവരും ഇടവകാംഗങ്ങളിൽ ചിലരും നാട്ടുകാരും കഥയുടെ പലഘട്ടങ്ങളിലും ഇടപെടുന്നതും കാണാം. ചാക്രികവും രേഖീയവുമായ ആഖ്യാനകലകൊണ്ട്  വിഭജിതമാകുന്ന രണ്ട് ഭാഗങ്ങൾ നോവലിനുണ്ട്. ഒന്നാംഭാഗത്തെ അഞ്ചധ്യായങ്ങളിൽ രണ്ടെണ്ണം റോയിയുടെ മനോഗതങ്ങളും രണ്ടെണ്ണം സെലീനയുടെ മരണാനന്തര ഭാഷണങ്ങളും ഒരെണ്ണം നേരിട്ടുള്ള കഥപറച്ചിലുമാണ്. രണ്ടാംഭാഗത്തെ അഞ്ചധ്യായങ്ങളിൽ ഒന്നൊഴികെ നാലും മെറീനയുടെ കാഴ്ചയിലും കാലത്തിലും ആത്മാവിലും നിന്നുള്ള ആഖ്യാനങ്ങളും.

        'നിഴലുകളു'ടെ ഇതിവൃത്തം ഇങ്ങനെ ചുരുക്കിപ്പറയാം. ഒരുനൂറ്റാണ്ടു മുൻപ് കൃഷിയും മതവിശ്വാസവും കൂട്ടിയിണക്കി ജീവിച്ച വേഴപ്പറമ്പിൽ എന്ന നസ്രാണികുടുംബത്തിന്റെ നാഥനായ കാർന്നോരിലും അയാളുടെ ഭാര്യയായ കാർന്നോത്തിയിലും നിന്നാണ് തുടക്കം. മകൻ പൈലപ്പനെക്കാൾ കൊച്ചുമകൻ കൊച്ചന്തോണിയെ സ്‌നേഹിച്ചു, അയാൾ. പണിക്കാരനും കുടിയാനുമായ കുട്ടന്റെ മകൾ ലീല കൊച്ചന്തോണിയിൽ നിന്നു ഗർഭിണിയായതും തൂങ്ങിമരിച്ചതും ഒതുക്കിത്തീർക്കാൻ കാർന്നോർ മുന്നിട്ടിറങ്ങി. പിന്നാലെ വരുന്നു, കൊച്ചന്തോണിയുടെ കൂടുതൽ വീരകൃത്യങ്ങൾ. പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്നതും ക്ഷേത്രത്തിലെ വിഗ്രഹം തല്ലിപ്പൊട്ടിച്ചതുമൊക്കെ. എല്ലാം കാർന്നോർ കൊച്ചുമകനുവേണ്ടി ഒത്തുതീർപ്പാക്കിയെങ്കിലും അവയെക്കാളൊക്കെ വലിയ പ്രശ്‌നം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. അപ്പോഴേക്കും പക്ഷെ കാർന്നോരും കാർന്നോത്തിയും കാലപുരി പൂകിയിരുന്നു. മകൻ റോയിയുടെ മുന്നിൽവച്ചുതന്നെയാണ് കൊച്ചന്തോണി തന്റെ ഭാര്യയും മൂന്നു മക്കളെ തനിക്കായി പെറ്റിട്ടവളുമായ സെലീനയെ കഴുത്തുഞെരിച്ചു കൊല്ലുന്നത്. ദൈവനീതിപോലെ പിന്നാലെ വരുന്നു, അയാളുടെ വിധി തീനാവുകൊണ്ടെഴുതിയ ദിവസം. പള്ളിയിലെ അമ്പെഴുന്നള്ളത്ത് വീട്ടിലെത്തിയ സമയം. പള്ളിക്കാർക്ക് നെല്ലളന്നു കൊടുത്ത പെങ്ങൾ കുഞ്ഞമ്മയുടെ കയ്യിൽ പുതുശ്ശേരി ജോൺസൻ തൊടുന്നതുകണ്ട കൊച്ചന്തോണി അവനെ നെഞ്ചത്തു ചവിട്ടിവീഴ്‌ത്തി. പിന്നാലെ പള്ളിപ്പറമ്പിൽ വച്ചുമുണ്ടായി സംഘർഷം. കൊച്ചന്തോണിയുടെ തടിമിടുക്കിനോട് ഏറ്റുമുട്ടാനാവാതെ ജോൺസനും കൂട്ടുകാരും വാടകഗുണ്ടകളെ ഇറക്കി കൊച്ചന്തോണിയെ ആക്രമിച്ചു. സെമിത്തേരിയിൽ ഇട്ട് അവർ അയാളെ വെട്ടിയും കുത്തിയും നിലംപരിശാക്കി. ഇരുപത്തൊന്നു വർഷം കിടക്കപ്പായിൽ ശവതുല്യം തളർന്നുകിടക്കാനായിരുന്നു കൊച്ചന്തോണിയുടെ വിധി. തന്റെ വാഴ്‌വും വീഴ്ചയും ഒന്നാക്കിമാറ്റിയ അയാളെ മകൻ റോയി ശ്വാസം മുട്ടിച്ചു കൊന്നു.

          കാലം മുന്നോട്ടുപോയി. റോയിയുടെ മകൾ മെറീന പുതുശ്ശേരികുടുംബത്തിലെ ഒരു യുവാവുമായി പ്രണയത്തിലായി. ചതുരുപായങ്ങളും പയറ്റി റോയി ആ ബന്ധം തകർത്ത് അവളെ അരുണിന് വിവാഹം ചെയ്തുകൊടുത്തു. അവർ ഗൾഫിലാണ്. തന്റെ ബോസായ താരയുമായി അരുൺ അടുപ്പത്തിലാണ് എന്ന് മെറീനക്കറിയാം. ഒരു ദിവസം ഭാര്യ പ്രേമയ്‌ക്കൊപ്പം ടെറസ്സിൽ കുരുമുളകുണക്കാൻ കയറിയ റോയി അവിടെ കുഴഞ്ഞുവീണു. പിന്നെ അയാൾ എണീറ്റിട്ടില്ല. അപ്പനോട് ആമരണം പകമാത്രം സൂക്ഷിക്കുന്ന മെറീന ഗൾഫിൽനിന്നു പറന്നെത്തി ആശുപത്രിയിൽ അപ്പന് കൂട്ടിരിക്കുന്നു. അയാൾക്കു ശ്വാസം കിട്ടാതെ പിടയുന്ന സമയത്ത് നഴ്‌സുമാരെ വിളിക്കാതെ അപ്പനെ മരിക്കാൻവിട്ട് അവൾ വരാന്തയിലിറങ്ങിനിന്ന് പുറംലോകം കണ്ടു. അരുണുമായി ഒത്തുപോകാൻ പറ്റാത്തതിനാൽ താൻ ഇനി ഗൾഫിലേക്കില്ല എന്ന് അവൾ തീരുമാനിക്കുകയും ചെയ്യുന്നു.

കിടപ്പുമുറിയിൽ, ഭർത്താവ് തന്റെ കഴുത്ത് ഞെരിക്കുന്ന സമയത്ത് മകൻ റോയി അവിടെയെത്തിയതു കണ്ടുകൊണ്ടാണ് സെലീന മരിക്കുന്നത്. അമ്മയുടെ ആത്മാവ് പിന്നീടൊരിക്കൽ അപ്പന്റെ വിധി അവൻ നടപ്പാക്കിയതു കണ്ട് ആ മകനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.

'നിന്റെയപ്പൻ ഒരാൾക്കു മാത്രമേ വഴിപ്പെട്ടിട്ടുള്ളൂ, അത് നിന്റെ അപ്പാപ്പന് മാത്രം. ഈ കുടുംബത്തിലെ ഒരു വഴക്കമാണത്, അപ്പനുമാത്രം കീഴ്‌പ്പെട്ട് ജീവിക്കല്. നിന്റെ അപ്പാപ്പനും അപ്പനും നീയും ഇനി നിന്റെ മക്കളും അങ്ങനെതന്നെയാകും. സ്വന്തം അപ്പൻ കഴിഞ്ഞാൽ അങ്ങേര് ആരെക്കുറിച്ചെങ്കിലും ഓർത്തിട്ടുണ്ടെങ്കിൽ അത് നിന്നെക്കുറിച്ചു മാത്രമാണ്. ആ അപ്പനാണ് നിന്റെ കൺമുന്നിൽ ഇരുപത്തിയൊന്ന് കൊല്ലം ചാവാതെ ചത്ത് കിടന്നത്. അവിടെ കിടന്ന് ആ മനുഷ്യൻ എത്ര വിഷമിച്ചുകാണും, കരയാനറിയാത്ത ആ മനസ്സും കാത്തുവച്ച്?

ഇന്നാലോചിക്കുമ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട്, നിന്റെയിഷ്ടം അപ്പനോടായിരുന്നില്ല, നിന്റെ മാത്രം അപ്പനോടായിരുന്നു. നീ ചെയ്ത ശരികളെല്ലാം നിന്റെ മാത്രം ശരികളായിരുന്നു.

എന്റെയമ്മ എന്നോട് പറഞ്ഞിട്ടുണ്ട്, ഒരുവശത്തേയ്ക്ക് പോകുന്നവർ എപ്പോഴും സൂക്ഷിക്കണമെന്ന്, കാരണം ഓരോ വശവും അതിന്റെ തന്നെ മറുവശം കൂടിയാണെന്ന്.

          നിന്റെ പ്രവൃത്തികൾക്കെല്ലാം പരിഹാരം കാണാതെ പോകാനൊക്കുമോ നിനക്ക്, ദുരിതം നിറഞ്ഞ ഈ ലോകത്തുനിന്ന്? നിന്റെയപ്പന് നീയെന്നപോലെ, നിന്റെ രക്ഷയ്ക്കായി ഒടുവിൽ ആരാണെത്തുക?'.

          ഈ ചോദ്യത്തിന്റെ ഉത്തരമാണ് മെറീന. ചോര, ചോരയെ പലവട്ടം വിഷനാവുനീട്ടി ദംശിക്കുന്നതിന്റെ അസാധാരണമാംവിധം ഭാവതീവ്രമായ ആവിഷ്‌ക്കാരമാകുന്നു, 'നിഴലുകൾ ഇല്ലാത്ത മൂന്നു ദിനങ്ങൾ'.

          പിതൃഹത്യയുടെ അതിനിന്ദ്യവും അമ്ലതീക്ഷ്ണവുമായ സന്ദർഭങ്ങൾകൊണ്ട് നിഴലുകളില്ലാത്ത മൂന്നു ദിനങ്ങൾ സൃഷ്ടിക്കുന്ന ജോജോ രണ്ടു തലങ്ങളിലാണ് തന്റെ രചനക്ക് സമകാല മലയാളനോവൽഭാവനയിൽ വേറിട്ട അസ്തിത്വം നേടിയെടുക്കുന്നത്. ഒന്ന്, കുടുംബത്തിനുള്ളിൽ സമാന്തരമായ ദൈവനിശ്ചയങ്ങൾപോലെ തലമുറയിൽനിന്ന് തലമുറയിലേക്കു പകർന്നുപടരുന്ന ഹിംസയുടെ നരകസാന്നിധ്യംകൊണ്ട്. രണ്ട്, നോവലിന്റെ രൂപ, ഭാവ മണ്ഡലങ്ങളിൽ ഒരുപോലെ വ്യാപിച്ചുനിൽക്കുന്ന ചാക്രികവും രേഖീയവുമായ ആഖ്യാനത്തിന്റെ ലാവണ്യകലകൊണ്ട്.

ബൈബിൾകഥകൾ മുതൽ ദസ്തയവ്‌സ്‌കിയുടെ നോവലുകൾ വരെയുള്ളവ അബോധത്തിൽ സ്വാംശീകരിച്ചുകൊണ്ടാണ് നിഴലുകളിലെ പിതൃ-മാതൃ-ഭ്രാതൃഹത്യകളുടെ രക്തകാണ്ഡം ജോജോ രൂപപ്പെടുത്തുന്നത്. ഉറച്ച ദൈവവിശ്വാസികളുടേതും മതാനുയായികളുടേതുമാണ് നോവലിലെ ഓരോ കുടുംബവും. വലിയ കാർന്നോരുടെ പിൻഗാമികളായി വരുന്ന മൂന്നു തലമുറ പുരുഷന്മാരുടെ മാത്രമല്ല അവരുടെ ഭാര്യമാരുടെ കുടുംബങ്ങളും ഇക്കാര്യത്തിൽ ഒരുപോലെയാണ്. അയൽക്കാരായ പുതുശ്ശേരികുടുംബത്തിലെ അംഗങ്ങളുമായി പൈലപ്പനും കൊച്ചന്തോണിക്കും റോയിക്കുമുണ്ടാകുന്ന കൊടിയ വൈരത്തിന്റെയും തുടർന്നു നടക്കുന്ന ഹിംസാപരമ്പരയുടെയും തുടക്കംപോലും പള്ളിപ്പെരുന്നാളിന്റെ ഭാഗമായ അമ്പെഴുന്നള്ളിപ്പിലാണ് സംഭവിക്കുന്നത്.

കുടിയാനും പുലയനുമായ കുട്ടന്റെ മകളെ ചതിച്ചു ഗർഭിണിയാക്കിയ കൊച്ചന്തോണിയെ ജാതിതീണ്ടലിന്റെ മാനക്കേടിൽനിന്നും തൂങ്ങിമരിച്ച അവളുടെ ശാപത്തിൽനിന്നും രക്ഷിക്കാനാണ് കാർന്നോർ ശ്രമിക്കുന്നത്. ഒന്നിനു പിറകെ ഒന്നായി കുടുംബത്തെ ആഞ്ഞുകൊത്തിയ പാപങ്ങളിൽ അയാൾ പുളഞ്ഞു ചത്തു. പൈലപ്പനും മകനെ തിരുത്താനോ നിയന്ത്രിക്കാനോ വഴിനടത്താനോ കഴിഞ്ഞില്ല. വെറുപ്പും ദുഷിപ്പും സ്‌നേഹരാഹിത്യവും മുഴുത്ത കൊച്ചന്തോണി തന്റെ മൂന്നു മക്കളെ പെറ്റിട്ടവളെ കഴുത്തുഞെരിച്ചു കൊന്നു. പുതുശ്ശേരിയിലെ പയ്യന്മാർ അയാൾക്കു കരുതിവച്ചത് പെട്ടെന്നുള്ള മരണമായിരുന്നില്ല. കൊണ്ട വെട്ടുകളുടെയും കുത്തുകളുടെയും ആഘാതത്തിൽ ഇരുപത്തൊന്നു വർഷം അയാൾ ജഡജീവിതം ജീവിച്ചു. ഒടുവിൽ മകൻ റോയി അയാളെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്നത് വെറുപ്പുകൊണ്ടാണോ സ്‌നേഹംകൊണ്ടാണോ? രക്തം രക്തത്തെ വേട്ടയാടുന്നതിന്റെ പ്രകൃതിനിയമം ആർക്കറിയാം? ചെയ്തുകൂട്ടിയ തിന്മകളും കൊയ്തുകൂട്ടിയ പാപങ്ങളും അയാൾക്കുമേൽ നടപ്പാക്കിയത് കാവ്യനീതിയോ ദൈവനീതിയോ? നോവൽ അതിദാരുണമായ ജീവിതസന്ദിദ്ധതകളെ അതിസാന്ദ്രമായ ഭാവസന്ദർഭങ്ങളിലേക്കു പരാവർത്തനം ചെയ്ത് ഹിംസകളുടെ തുടർക്കഥകളെഴുതുന്നു.

കൊച്ചന്തോണിയുടെ വിധി വഴിമാറ്റിവിട്ട അമ്പെഴുന്നള്ളത്തിന്റെ യാദൃച്ഛികത ഇങ്ങനെയാണ് നോവൽ വിവരിക്കുന്നത്:

'.അമ്പ് അടുത്തെത്തുന്ന ഒച്ചയനക്കങ്ങൾ അങ്ങേക്കാരുടെ വളവിനപ്പുറത്തു നിന്ന് കേട്ടുതുടങ്ങിയപ്പോൾ അപ്പാപ്പൻ കയ്യിലിരുന്ന ബീഡി രണ്ടുവട്ടം ആഞ്ഞുവലിച്ച്, വിരലുകൾക്കിടയിൽ പിടിച്ച് തെറ്റിയെറിഞ്ഞു കളഞ്ഞ ശേഷം അകത്തേക്ക് പോയി. തിരിച്ചുവന്നത് ഒരു വെട്ടുകത്തിയുമായാണ്. നേരേ പറമ്പിലേക്കിറങ്ങി, വാഴകളൊന്നിൽ നിന്ന് നല്ല നീളമുള്ളതും കീറാത്തതുമായ ഒരു വാഴയില വെട്ടിക്കൊണ്ടുവന്നു. അത് പിണ്ടിക്കടുത്തായി വിരിച്ചിട്ടു. പറയും കോരുകൊട്ടയിൽ നെല്ലും കൊണ്ടുവന്നത് അമ്മായിമാരാണ്, അതൊരു പതിവാണ്, ഒരു പറ നെല്ല് സെബാസ്റ്റ്യനോസ് പുണ്യവാളനുള്ളതാണ്, എല്ലാ വർഷവും. രൂപക്കൂടിന്റെ തട്ടിൽ നിന്ന് മെഴുകുതിരിയും തീപ്പെട്ടിയും അമ്മാമ്മയെടുത്തുകൊണ്ടുവന്നു.

          ഇതിനിടയിൽ അപ്പൻ ഇറയത്തേക്ക് വന്നത് ആരും ശ്രദ്ധിച്ചുകാണില്ല, അപ്പനാകട്ടെ സിമന്റ് തിണ്ണയുടെ ഒരു കോണിൽ വെറുതെ ഇരുന്നു. മറ്റുള്ളവർ എന്തുചെയ്യുന്നുവെന്ന് നോക്കാതെ, ഒന്നും മിണ്ടാതെ.

          അങ്ങേക്കാരുടെ വീട്ടിൽ നിന്നിറങ്ങി റോക്കിയച്ചനും കൂടെയുള്ളവരും അമ്പുമായി മുറ്റത്തെത്തും മുമ്പ് കുട്ടികളൊരുപറ്റം പിണ്ടിക്ക് ചുറ്റുമായി കൂടി. അതിനുമുമ്പേ തന്നെ, വെട്ടുകത്തി വരാന്തയിൽ വച്ച് മെഴുകുതിരികൾ കത്തിച്ചുവയ്ക്കുവാൻ തുടങ്ങിയിരുന്നു അപ്പാപ്പൻ. അമ്പെടുത്തതുകൊച്ചമ്മയാണ്, നേർച്ച നെല്ല് കൊടുത്തത് കുഞ്ഞമ്മയും.

          അപ്പോഴാണത് നടന്നത്. നെല്ലളന്ന് ചാക്കിലേക്കിടുന്നതിനിടയിൽ പുതുശ്ശേരിയിലെ ചെക്കൻ കുഞ്ഞമ്മയുടെ കൈത്തണ്ടയിലൊന്ന് തൊട്ടു, അരിച്ചാക്ക് ഒരുക്കിപ്പിടിക്കുകയാണെന്ന ഭാവത്തിൽ, അറിയാത്തമട്ടിൽ ഒന്നു തൊട്ടതാവണം. അപ്പന്റെ ചവിട്ട് നെഞ്ചിൽ കൊണ്ടപ്പോളാണ് അവന് പരിസരബോധം വന്നത്. പുതുശ്ശേരിയിലെ ചെക്കന്റെ കൂടെ കൂട്ടുകാർ പലരുണ്ടായിരുന്നു. അമ്പുമുറ്റം കടക്കുവാൻ അവർ കാത്തുനിന്നില്ല. അഞ്ചാറുപേർ അപ്പനെ ഒരുമിച്ച് കടന്നുപിടിച്ചു. കഴുത്തിലും കൈകാലുകളിലും ചുറ്റിപ്പിടിച്ച് അവർ അപ്പനെ അനങ്ങനാൻ വയ്യാതാക്കി.

          ബഹളം കേട്ട് ഗേറ്റിലെത്തിയ അമ്പ് നിന്നു. റോക്കിച്ചായൻ തിരിഞ്ഞുനടക്കുവാൻ തുടങ്ങുന്നതിനുമുമ്പേ അപ്പാപ്പൻ ഇറയത്തു നിന്ന് വെട്ടുകത്തിയെടുത്തു കഴിഞ്ഞിരുന്നു.

          'വിടടാ നായ്ക്കളെ അവനെ.....'.

          അവർ പിടിവിട്ടു, ശേഷം ഇടംവലം നോക്കാതെ ആറുപേരും നടന്നുപോയി.

          'തന്തയില്ലായ്മ കാണിക്കുന്നോടാ തായോളീ....ന്ന് അമറിക്കൊണ്ട് അപ്പനൊരു ചാട്ടം മുറ്റത്തോട്ട്. ചെന്നപാടെ പുതുശ്ശേരി ചെക്കന്റെ നെഞ്ചിലൊരു ചവിട്ടാണ്. അവൻ തെറിച്ചുപോയി വീണു. അപ്പോഴാണ് അവന്റെ കൂട്ടുകാർ ചാടിവീണത്. അവരഞ്ചാറു പേരുണ്ടായിരുന്നു. അപ്പനെല്ലാവരേം നെരത്തിത്തല്ലി. കിട്ടിയവര് കിട്ടിയവര് ഓടി. അതിനെടേലൊരുത്തൻ അമ്പിന്റെ പൊറത്തോട്ട് വീഴണ്ടതാണ്, ഭാഗ്യം, റോക്കിയച്ചൻ അപ്പഴേക്കും ഒഴിഞ്ഞുമാറിക്കളഞ്ഞു. ഇതൊക്കക്കഴിഞ്ഞപ്പോ അപ്പന്റെ നിപ്പു കാണണം. ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ട്. അപ്പനൊന്ന് വെയർത്തട്ട് പോലുണ്ടായിരുന്നില്ല...'.

          അപ്പൻ അടങ്ങാത്ത ദേഷ്യവുമായി അകത്തേക്ക് പോയിക്കഴിഞ്ഞ ശേഷവും അമ്മാമ്മ ഇറയത്തുതന്നെയിരുന്നു, കരഞ്ഞുകൊണ്ടേയിരുന്നു'.

          കൊച്ചന്തോണിക്ക് തെറ്റും ശരിയും തമ്മിൽ വേർതിരിവൊന്നുമില്ല. തനിക്കു ശരിയെന്നു തോന്നുന്നതാണ് അയാളുടെ വേദപ്രമാണം. ഒറ്റദിവസംപോലും അയാൾ സ്‌നേഹിക്കാത്ത സെലീനയെ മകന്റെ മുന്നിൽ വച്ചുതന്നെ ഇല്ലാതാക്കുന്നതിന്റെ കഥ സെലീനയുടെ ആത്മാവാണ് പറയുന്നത്. വായിക്കു:

         

'സണ്ണിച്ചേട്ടൻ അടുത്ത വെടിപൊട്ടിച്ചത് രണ്ടുമൂന്ന് കൊല്ലം കൂടി കഴിഞ്ഞാണ്. അന്ന് അനിത, അവളെന്നേലും രണ്ടു വയസ്സിളയതാണ്, പത്താം ക്ലാസ് നാലാമത്തെ കൊല്ലം തോറ്റ് മടുത്തിരിക്കുമ്പോഴാണത്. സ്റ്റേഷന്റെ മുമ്പിലെ അടി കഴിഞ്ഞ നാളു തൊട്ടേ അവൾക്ക് സണ്ണിച്ചേട്ടനോടൊരു ഇഷ്ടോണ്ടായിരുന്നു. പക്ഷെ, പുത്തൻപണക്കാരനായ അവളുടെ അപ്പൻ, അയാൾ ഗൾഫിൽ പോയി തയ്യപ്പണി ചെയ്തു കാശുണ്ടാക്കിയ ആളാണ്, അയാൾക്ക് ചേട്ടനെ പിടുത്തമായിരുന്നില്ല, പേടി കാരണമാണ്, അടീന്ന് കേട്ടപ്പോഴേ അയാള് വിരണ്ടു പോയിട്ടുണ്ടാകും. ഒരു ശനിയാഴ്ച കുർബാന കഴിഞ്ഞ് പള്ളീന്ന് ചേട്ടൻ പുറത്തെറങ്ങിയപ്പോൾ അനിത പുറകെ ചെന്ന്, 'ചേട്ടാ... എനിക്ക് ചേട്ടനെ കെട്ടിയാ മതീ....'ന്ന് പറഞ്ഞിട്ട് ധൃതിയിൽ നടന്നുപോയി, അവളുടെ കുണുങ്ങിച്ചിരി ചേട്ടൻ കേട്ടിട്ടുമുണ്ടാകണം. പിന്നത്തെ സംഭവം ഈസ്റ്ററിന് പാതികാ കുർബാന കഴിഞ്ഞിറങ്ങുമ്പോഴാണ്, പള്ളീന്ന് ആളുകൾ തിക്കിത്തിരക്കിയിറങ്ങുന്നതിനിടയിൽ അനിത സണ്ണിച്ചേട്ടന്റെ ദേഹത്ത് ഉരുമ്മിയുരുമ്മി നടന്നുപോയി, തിരിഞ്ഞൊന്ന് നോക്കി ഒരു കള്ളച്ചിരി ചിരിക്കുകയും ചെയ്തു. ആ തിരക്കിനിടയിൽ ചേട്ടൻ വല്ലാതായിട്ടുണ്ടാകും, ആരായാലുമൊന്ന് ചമ്മിപ്പോകില്ലേ? പിന്നെയൊരിക്കൽ ആളൊഴിഞ്ഞ പള്ളയകത്ത് ഒരു മൂലയിലുള്ള അന്തോണീസ് പുണ്യാളന്റെ രൂപത്തിന് മുമ്പിൽ നിന്ന് പ്രാർത്ഥിച്ച്, നേർച്ചയിട്ട് തിരിഞ്ഞതാമ് ചേട്ടൻ, പിന്നിൽ അനിത തൊട്ടുതൊട്ടെന്ന മട്ടിൽ നിന്നിരുന്നത് കണ്ടേയില്ല, തിരിഞ്ഞതും കൈമുട്ട് ചെന്ന് കൊണ്ടത് അവളുടെ മുലയിൽ. ചേട്ടൻ ആകെ എന്തോ പോലെയായി. ആരെങ്കിലും കണ്ടോയെന്ന പേടി, അവൾക്ക് നൊന്തുകാണുമോയെന്ന ആവലാതി, പള്ളിനടയിൽ വന്ന് എന്തുചെയ്യണമെന്നറിയാതെ ചേട്ടൻ നില്ക്കുമ്പോൾ അവൾ പുറത്തേയ്ക്ക് വരുന്നു, അടുത്തെത്തിയപ്പോൾ ഇടത്തേ മുലയൊന്ന് തടകിക്കൊണ്ട് അവളുടെ മുഖത്ത് വീണ്ടും ആ കള്ളച്ചിരി.

പിന്നേം ഒരു കൊല്ലം കൂടി കഴിഞ്ഞാണ് ചേട്ടൻ അവളെ കെട്ടിയത്. ആദ്യം മൂന്നാനെവിട്ട് കല്യാണം ആലോചിച്ചപ്പോൾ അവളുടെ അപ്പൻ ചീത്ത പറഞ്ഞു ഓടിച്ചുവിട്ടു, 'റോട്ടില് കിടന്ന് തല്ലുണ്ടാക്കണവന് പെണ്ണിനെ കൊടുക്കില്ലെ'ന്നയാൾ പറഞ്ഞയച്ചു. ചേട്ടനൊന്നേ ചെയ്തുള്ളൂ, നേരേ വീട്ടിലേക്ക് കേറിച്ചെന്നു, വരാന്തയുടെ അരമതിലിൽ കയറിയിരുന്നുകാണും, അയാളവിടെ ചാരുകസേരയിൽ കിടക്കണുണ്ട്, അത് കണ്ട മട്ടിലായിരുന്നിരിക്കില്ല ചേട്ടന്റെ ഇരിപ്പ്, അയാള് പേടിച്ചുപോയിക്കാണും. 'എന്താ വേണ്ടേ.....'യെന്ന് അയാള് ചോദിച്ചുകാണും, ചേട്ടൻ ആദ്യമൊന്നും മിണ്ടിക്കാണില്ല, അയാളാകെ വിയർത്തുപോയിക്കാനും. 'ഞാൻ അനിതയെ കെട്ടാൻ പോകേണ്, അവളെ എനിക്കു വേണം'. പിന്നെ തിരിച്ചുനടക്കുമ്പോൾ ഒന്ന് തിരിഞ്ഞുനിന്ന്, 'കല്യാണത്തിന് വേണ്ടിയല്ലാതെ ഇനിയെന്നെ ഇങ്ങോട്ട് വരുത്തരുത്' എന്ന് പറഞ്ഞും കാണും.

നിന്റെയപ്പൻ എന്നെ കെട്ടിക്കൊണ്ടുവന്ന് രണ്ടാം മാസമാണ് ചേട്ടന്റേം അനിതേടേം കല്ല്യാണം. വിരുന്നും ബഹളങ്ങളുമൊക്കെയായി ഞങ്ങൾ ഇടയ്ക്കിടെ തമ്മിൽ കാണുമായിരുന്നു. അനിത നമ്മുടെ വീട്ടിൽ വന്നാൽ പെട്ടെന്ന് പോവില്ല, എന്തെങ്കിലുമൊക്കെ പറഞ്ഞ് അങ്ങനിരിക്കും, ചേട്ടനും തിരക്ക് കാണിക്കാറില്ല, തിരിച്ചുപോകുമ്പോൾ ചേട്ടൻ നോക്കിച്ചിരിക്കും, അപ്പോൾ ആ മുഖം വെട്ടിത്തിളങ്ങും.

ജോയി ജനിച്ചതിന് ശേഷം അവനെ കാണാനും ചേട്ടൻ എപ്പോഴും വരുമായിരുന്നു, അവന് ചേട്ടനെ വലിയ കാര്യവുമായിരുന്നു. എന്നാൽ നിനക്കാകട്ടെ, കുഞ്ഞായിരിക്കുമ്പോൾത്തന്നെ ചേട്ടനോട് എന്തോ ഒരു കെറുവുണ്ടായിരുന്നു. അതിന്റെ കാരണമെന്തായിരുന്നുവെന്ന് ഞാനെപ്പോഴും ഓർക്കും. അതുപോലെത്തന്നെ നിന്റെയപ്പനും. എന്നെ കെട്ടിക്കൊണ്ടുവന്നതിന്റെ മുൻപുള്ള കാര്യം എനിക്കറിയില്ല, കല്യാണം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ എനിക്കത് മനസ്സിലായി, നിന്റെയപ്പന് ചേട്ടനെ അത്ര പിടുത്തമല്ല, വീട്ടിൽ വന്നാൽ അത്ര ശ്രദ്ധിക്കില്ല, എന്നോടെന്തെങ്കിലും ചേട്ടൻ ചോദിച്ചാൽ അവിടന്ന് പൊക്കളയും. ആകെ ചെടിച്ച മട്ട്. ആദ്യമൊന്നും ഞാനതത്ര കാര്യമാക്കിയില്ല, എന്നാൽ, പിന്നെപ്പിന്നെ കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരുന്നു. നീയും ജോയിയും വളരുന്തോറും അത് കൂടിക്കൂടി വന്നു. അങ്ങനെയാണ് ആ രാത്രി...

നിനക്ക് ഇപ്പോഴും ഓർമ്മ കാണാതിരിക്കില്ല, അനിതയും ചേട്ടനും അന്ന് വൈകുന്നേരം വന്നിരുന്നതല്ലേ. ചായകുടി കഴിഞ്ഞു അവർ പോകാതെ നിന്നപ്പോൾ അത്താഴം കഴിഞ്ഞുപോകാമെന്ന് പറഞ്ഞത് ഞാനല്ല, അമ്മയാണ്. തളത്തിൽ എല്ലാവരുംകൂടി ചിരിയും കളിയും ബഹളവും അതിനിടയിൽ ചേട്ടന്റെ ഓരോരോ തമാശകളും, നിന്റെ അപ്പൂപ്പനന്നും എന്നത്തേയും പോലെ കുപ്പിയെടുത്തിട്ടും ചേട്ടനെ ഒരുപാടു നിർബന്ധിച്ചിട്ടും ചേട്ടൻ ഒന്നു മൊത്തിയതു പോലുമില്ല. നിന്റപ്പനാണെങ്കിൽ ഇടയ്ക്ക് ഒന്നോ രണ്ടോ വട്ടം വന്നുപോയതല്ലാതെ, അനിതയെ നോക്കി ചിരിച്ചുവെന്ന് വരുത്തിയതല്ലാതെ, ഒന്നും ശ്രദ്ധിക്കാതെ, എന്തൊക്കെയോ തിരക്കുള്ളതുപോലെ. അത്താഴം കഴിഞ്ഞ് അവർ അധികനേരം നിന്നില്ല, പോകുമ്പോൾ 'ഇനിയത്തെ കൂടൽ എന്റെ വീട്ടിൽ' എന്ന് ചേട്ടൻ പറഞ്ഞു, എന്നെ നോക്കി ചിരിക്കുകയും ചെയ്തു.

അന്നുരാത്രി, അപ്പനും ഞാനും കിടക്കുന്ന മുറിയിലേക്ക് വാതിൽ തുറന്ന് കയറിവന്ന നീ, ഒരു കൈകൊണ്ട് എന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു നിൽക്കുന്ന അപ്പനെയായിരുന്നിരിക്കും കണ്ടിരിക്കുക. പകച്ചുപോയ നിന്റെ നോട്ടത്തിൽ ഞാൻ മതിലിനോട് ചേർന്ന് നിർക്കുകയായിരുന്നിരിക്കണം, കൈ രണ്ടും കൊണ്ട് അപ്പന്റെ കൈപ്പത്തിയിൽ പിടിച്ചിട്ടുണ്ടായിരുന്നിരിക്കണം, കാലുകൾ നിലത്ത് മുട്ടിയോ മുട്ടാതെയോ കഴുത്ത് വലിഞ്ഞ് തല മേലോട്ട് ഉയർത്തി, കണ്ണുകൾ രണ്ടും തുറിപ്പിച്ച്...

അതു കഴിഞ്ഞുമാത്രമായിരുന്നില്ലേ കുഴിമാടത്തിലെ മൗനം....'.

ദൈവം കൊച്ചന്തോണിയെ കൈവിട്ടു. പുതുശ്ശേരി ജോൺസനും കൂട്ടുകാരും വാടകഗുണ്ടകളെ വരുത്തി അയാളുടെ കഥ പൂർണമാക്കി. സെമിത്തേരിക്കുള്ളിലിട്ട് അവർ കൊച്ചന്തോണിയെ കണ്ടം തുണ്ടം നുറുക്കി.

''എങ്ങോട്ടാ മോനേ....'

പിറ്റേന്ന് ഉച്ചയെത്തും മുമ്പേ, പുറത്തേക്കിറങ്ങുമ്പോൾ പുറകിൽ അമ്മയുടെ ശബ്ദം, കൊച്ചന്തോണി തിരിഞ്ഞുനോക്കി, വരാന്തയിൽ തൂണിനരികിൽ അമ്മ, മുഖം കൃത്യമായി കാണാനാവുന്നില്ല.

          'എന്തിനാ ചെർച്ചിക്കുട്ടീ, ഒരാള് ഒരു കാര്യത്തിനിറങ്ങുമ്പോഴാണോ പൊറകീന്ന് വിളിക്കണത്?'

          അപ്പന്റെ മുഖവും തെളിഞ്ഞു കണ്ടുകൂട, വായു ഇരുണ്ടുകൂടിയതു കൊണ്ടാവാം, എന്തായാലും പള്ളി വരെ പോകണം, സെമിത്തേരിയിൽ വച്ച കാശെടുക്കണം, തിരിച്ചുപോരണം, അത്രതന്നെ.

          അങ്ങേക്കാരുടെ വളവിനപ്പുറം, കാറ്റ്, ഇടതുവശത്തെ പാടങ്ങളുടെ അതിരിൽ നിന്ന് വീശി ഇടതുവശത്തല്ലാത്തതിനേയും തണുപ്പിക്കുന്ന കാറ്റ്, അത് കുഞ്ഞവര ചേട്ടന്റെ ചായക്കട വരെ മാത്രം വീശിക്കൊണ്ടിരിക്കുന്നു, അതിനപ്പുറം നിരത്തിലെ പൊടി മാത്രം, പൊടിപടർന്ന്, അന്തരീക്ഷം മങ്ങി, കാഴ്ചകൾ മങ്ങി, മനസ്സും മങ്ങി, കൊച്ചന്തോണി നടന്നു, ഓരോന്ന് ചിന്തിച്ചുകൊണ്ട്, ഒരു അമ്പെഴുന്നള്ളിപ്പിന്റെ അപമാനം ഓർക്കാതിരിക്കാൻ വൃഥാ ശ്രമിച്ചുകൊണ്ട്. ചായക്കടയിലേക്ക് കയറുമ്പോൾ കുഞ്ഞവരെ ചേട്ടൻ, പതിവ് മറന്നുപോയതുകൊണ്ടെന്നപോലെ, ഒന്നും ചോദിച്ചില്ല, പതിവ് തെറ്റിയതുകൊച്ചന്തോണി അറിഞ്ഞതുമില്ല, എന്നാൽ ചായകുടി കഴിഞ്ഞു, ചില്ലറയെന്തോ മേശപ്പുറത്തു വച്ച് പള്ളിയിലേക്കുള്ള വഴിയിലേക്ക് ഇറങ്ങി നടക്കുന്ന അയാളെ, നിരത്തിന്റെ വളവിൽ കാണാതാകുന്നതുവരെ ചായക്കടക്കാരൻ നോക്കിനിന്നു; അതും ഒരു പതിവായിരുന്നില്ല.

          പള്ളിവളപ്പിലാരുമില്ല, കിണറ്റുകരയിലും, ഓഫീസിനരത്ത് ആരെങ്കിലും ഉണ്ട് എന്നതിന്റെ ലക്ഷണങ്ങളുമില്ല. മേടയുടെ മുമ്പിലൂടെ നടക്കുമ്പോൾ അയാൾ അകത്തേയ്ക്ക് നോക്കി, വാതിലടഞ്ഞുകിടക്കുന്നു, അകത്തുനിന്ന് ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. കുശിനിയിൽ നിന്നാവാം. സെമിത്തേരിയുടെ മരംകൊണ്ടുള്ള ഗെയ്റ്റ് ഉരയുന്ന ശബ്ദത്തോടെ കുറച്ചു തള്ളിത്തുറന്ന്, അയാൾ അകത്തേയ്ക്ക് കയറി.

കുടുംബക്കല്ലറയ്ക്കടുത്ത്, കല്ലുകൾക്കടിയിൽ പൈസ ഭദ്രമായുണ്ട്, അതെടുത്ത് പോക്കറ്റിലിട്ട്, കല്ലറയ്ക്ക് മുകളിലെ എഴുത്തിലേയ്ക്ക് വെറുതെ ഒന്നു നോക്കി, എഴുന്നേൽക്കാനായുമ്പോൾ മരത്തിന്റെ ഗെയ്റ്റ് ഉരയുന്ന ശബ്ദം അയാൾ കേട്ടു.

ഏഴോ എട്ടോ പേരുണ്ട് മുരുകന്റെ പുറകിൽ. വടിവാളുകളുമായി അവർ നടന്നുവരുന്നത് കാത്തുകൊച്ചന്തോണി നിന്നിടത്തുതന്നെ നിന്നു.

മൂന്നാമത്തെ വെട്ടോടുകൂടി രാത്രിയായി, ലോകം ഇരുട്ടിലായി.

'അപ്പൻ....പിന്നെ....അപ്പൻ.. '.'

 കൊച്ചന്തോണിയെ കാത്തിരുന്നത് മരണമായിരുന്നില്ല. മരണത്തെക്കാൾ വലിയ ദുരന്തമായിരുന്നു. ഇരുപത്തൊന്നുവർഷം അയാൾ കിടന്ന കിടപ്പിൽ കിടന്ന് ഉണക്കമരംപോലെ ദ്രവിച്ചു. ജീവനോടെ അഴുകി. പ്രാണനോടെ നരകത്തിലെത്തി. സ്വന്തം മകന്റെ കൈകൾകൊണ്ടുതന്നെ അവസാനശ്വാസവും നിഷേധിക്കപ്പെട്ട് അയാൾ അഴിഞ്ഞു. 'അണലി അണലിയെ വിഴുങ്ങി'.

'എവിടെയോ ഒരു വാതിൽ അടഞ്ഞതുപോലൊരു ശബ്ദം, അയാൾ തലയുയർത്തി നോക്കി.

ബൾബിന്റെ പ്രകാശം കുറഞ്ഞോ എന്ന് സന്ദേഹമായി റോയിക്ക്, ശക്തിയുടെ ലോകത്തുനിന്ന് നിശ്ചലതയിലേക്ക് മറിഞ്ഞുവീണതിന്റെ ജാള്യത മാത്രം അപ്പന്റെ മുഖത്ത് തെളിഞ്ഞുകാണാം, അനക്കമില്ലാത്ത ജീവന്റെയുള്ളിൽ തളയ്ക്കപ്പെട്ടതിന്റെ നിസ്സഹായതയും. അയാൾ കസേര കട്ടിലിനോട് ചേർത്ത് വലിച്ചിട്ടു. അത് അറിയാത്തതുകൊണ്ടാവണം രോഗി അപ്പോഴും അനങ്ങുന്നില്ല, നികൃഷ്ടമായ ആ കിടപ്പ് തുടരുകയാണ്. കട്ടിലിന്റെ അരികിൽ തടപോലെ വച്ചിരുന്ന തലയിണ റോയി എടുത്ത്, യാന്ത്രികമായി പൊടിതട്ടിക്കളഞ്ഞു. മെലിഞ്ഞ് കവിളെല്ലുകളുന്തി തൊലി ചുളുങ്ങി, മേൽക്കൂരയിലേക്ക് പടരാനെന്ന മട്ടിൽ കിടക്കുന്ന ആ മുഖത്തേക്ക് അയാൾ തലയിണ മെല്ലെയമർത്തി. ബലഹീനമായ ഒരു പിടച്ചിൽ, കൈകാലുകൾ ഒന്ന് നീണ്ടുവലിഞ്ഞോ എന്തോ, പിന്നെയെല്ലാം നിന്നു, പിന്നെയെല്ലാം നിശ്ശബ്ദമായി.

          'എന്റെ മോനേ....'

          സഹിക്കാനാവാത്ത മൗനത്തിനിടയിലും അപ്പനങ്ങനെ നീട്ടിവിളിച്ചുവെന്ന് റോയിക്ക് തോന്നി, ആ വിളിയുടെ ഒടുക്കമില്ലാത്ത നീളത്തിനിടയിൽ അപ്പന്റെ ശബ്ദം നിറം മാറിക്കൊണ്ടേയിരുന്നുവെന്നും.

റോയി വാതിൽ തുറന്ന് മുറിക്ക് പുറത്തുകടന്നു, അയാളുടെ തലയ്ക്ക് മീതെ പറന്ന് ഒരീച്ചയും മുറിയിൽനിന്ന് പറന്നുപോയി, അയാളാകട്ടെ അത് ശ്രദ്ധിക്കുന്നില്ല. തളത്തിൽ ആരുമില്ല എങ്കിലും പുറത്തുനിന്ന് വെളിച്ചം, ജനലുകളുടെ മരം കൊണ്ടുണ്ടാക്കിയ അഴികളിൽക്കൂടി തിക്കിത്തിരക്കി അകത്തുകയറി, തളമാകെ നിറഞ്ഞുനിൽക്കുന്നു.

ഇന്നിനി മഴ പെയ്യില്ലെന്ന് റോയിക്ക് ഉറപ്പായി'.

റോയിയുടെ വിധിയും ഏറെക്കുറെ സമാനമായിരുന്നു. അപ്പനെ കൊന്നതിന്റെ ചോരക്കറ അയാളിൽ മായാതെ നിന്നു. കൊന്നിട്ടും അപ്പനെ സ്‌നേഹിച്ചും ആരാധിച്ചും ജീവിച്ച റോയി പക്ഷെ മകളെ സ്‌നേഹിക്കുകയോ പരിഗണിക്കുകയോ ചെയ്തില്ല. കൊച്ചന്തോണി തന്റെ മൂത്ത മകൻ ജോയിയെ വെറുത്തതുപോലെയല്ലെങ്കിലും റോയിയും മെറീനയെ തഴഞ്ഞു. സണ്ണിയുമായി സെലീനക്കടുപ്പമുണ്ടെന്നും ജോയി സണ്ണിയുടേതാണ് എന്നും കൊച്ചന്തോണി സംശയിച്ചിരിക്കാനിടയുണ്ട്.

അപ്പനെപ്പോലെയല്ലെങ്കിലും ചാവിനു മുൻപ് റോയിയും ആശുപത്രിക്കിടക്കയിൽ പ്രാണനുവേണ്ടി നിശ്ശബ്ദമായി നിലവിളിച്ചുകൊണ്ടിരുന്നു. മെറീനയാകട്ടെ തന്റെ ജീവിതം തകർത്ത് നരകമാക്കിയ അപ്പനെ കാത്തിരുന്നു തീർത്തു. പിതാക്കൾ പുത്രരോടും പുത്രർ പിതാക്കളോടും ചെയ്യുന്ന ഹിംസകളുടെ സമാന്തരവിധികളായി 'നിഴലുകൾ ഇല്ലാത്ത മൂന്നു ദിനങ്ങൾ മാറുന്നതങ്ങനെയാണ്'.

സ്‌നേഹത്തിന്റെയും കരുതലിന്റെയും സംരക്ഷണത്തിന്റെയും ഉറവിടമെന്നതിനെക്കാൾ കാമത്തിന്റെയും ക്രോധത്തിന്റെയും പകയുടെയും വെറുപ്പിന്റെയും അസൂയയുടെയും അവിശ്വാസത്തിന്റെയും അധികാരത്തിന്റെയും ആൺകോയ്മയുടെയും കിടപ്പാടമാണ് ഓരോ കുടുംബവുമെന്ന് സ്ഥാപിക്കുകയാണ് നോവൽ. അമ്മയെ കൊന്ന അപ്പനാണ് റോയിയുടെ ആരാധ്യപുരുഷൻ. അണലി അണലിയെ വിഴുങ്ങുംപോലെ അയാളുടെ വിധി മുൻപോട്ടും പിൻപോട്ടും നീണ്ടുകിടന്നു.

യാദൃച്ഛികതകളെക്കുറിച്ചുള്ള ഒരു സാരോപദേശകഥ പ്രവേശകമായി ചേർത്തുകൊണ്ടാണ് ജോജോ തന്റെ നോവലിന്റെ ഘടന പത്തധ്യായങ്ങളിലേക്കു ക്രമപ്പെടുത്തുന്നത്. തൃശൂരിൽനിന്നുള്ള രണ്ടു സുഹൃത്തുക്കൾ, സൈമണും സനലും, എറണാകുളത്തെത്തി കച്ചവടക്കാരായി വളർന്നും പിന്നീട് തകർന്നും കുടുംബങ്ങൾക്കുള്ളിലും പുറത്തും ഒറ്റുകൊടുക്കപ്പെട്ടും നശിച്ച കഥ. കൂട്ടുകാർ ചതിച്ച സനൽ വധശ്രമത്തിൽനിന്നു രക്ഷപ്പെട്ടു. എല്ലാവരും ഉപേക്ഷിച്ചതോടെ അമ്മ മാത്രമായി അയാൾക്ക് കൂട്ട്. ഗതികെട്ട കാലത്ത് ആ അമ്മയും മകനും ഒന്നിച്ച് ആത്മഹത്യ ചെയ്തു. കുടുംബത്തിൽനിന്നിറങ്ങിപ്പോന്ന് അനിതക്കൊപ്പം താമസമാക്കിയ സൈമൺ കാലം കഴിഞ്ഞപ്പോൾ അവൾക്കൊപ്പം വീടിനുള്ളിൽ മരിച്ചുകിടന്നു. ഈ നാല് പടുമരണങ്ങളുടെയും വാർത്ത വന്ന ദിവസങ്ങളിലാണ് ഈ കഥയോടും കഥാപാത്രങ്ങളോടും യാതൊരു ബന്ധവും പ്രത്യക്ഷത്തിലില്ലാത്ത മൂന്നു വാർത്തകൾ പത്രത്തിൽ വരുന്നത്. സനലിനു നേർക്കു വധശ്രമം നടന്ന ദിവസം തന്നെയാണ് കൊച്ചന്തോണി സെമിത്തേരിയിൽ ആക്രമിക്കപ്പെടുന്നതും ആശുപത്രിയിലാകുന്നതും. ഇരുപത്തൊന്നുവർഷം കഴിഞ്ഞ് സനലും അമ്മയും ആത്മഹത്യ ചെയ്ത വാർത്തവന്ന ദിവസംതന്നെയാണ് കൊച്ചന്തോണിയുടെ ചരമവാർത്തയും പത്രത്തിൽ വരുന്നത്. കുറെക്കാലം കഴിഞ്ഞ് സൈമണും അനിതയും വീടിനുള്ളിൽ മരിച്ചുകിടന്ന വാർത്തവന്ന ദിവസംതന്നെ റോയിയുടെ ചരമവാർത്തയും വരുന്നു. പരസ്പരം ബന്ധമില്ലാത്ത സംഭവധാരകളിൽനിന്ന് ജോജോ യാദൃച്ഛികതകളുടെയും ആകസ്മികതകളുടെയും മറ്റൊരു സമാന്തരഗാഥ രചിക്കുന്നു-കുടുംബങ്ങളുടെയും ഹിംസകളുടെയും അകംപുറം പൊള്ളിക്കുന്ന ജീവിതകഥ.

ആദ്യനാലു മരണങ്ങൾ ആത്മഹത്യകളും പിന്നീടുള്ള രണ്ടു മരണങ്ങൾ കൊലപാതകങ്ങളുമായിരുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ സംഗതി. ചിലത് പ്രത്യക്ഷം. ചിലത് പരോഷം. ഒരു വധശ്രമത്തിലും നാല് മരണങ്ങളിലും നിന്ന് മറ്റൊരു വധശ്രമത്തിലേക്കും രണ്ടു മരണങ്ങളിലേക്കും പാളം മാറ്റുന്ന നോവൽ റോയിയുടെ സ്മൃതിധാരകളിലും സെലീനയുടെ പ്രേതഭാഷണങ്ങളിലും കൂടിയാണ് ഒന്നാംഭാഗം പൂർത്തിയാക്കുന്നത്. കുഴഞ്ഞുമറിയുകയാണ് കാലവും സംഭവങ്ങളും ഓർമ്മകളും അനുഭവങ്ങളും ഭാഷണവും വിവരണവും. പലകോണുകളിൽനിന്നു കാണുകയാണ് കാര്യങ്ങളും ജീവിതവും മരണങ്ങളും വായനക്കാർ. കാണുന്നതും അറിയുന്നതും തമ്മിലുള്ള ഉടമ്പടികളെല്ലാം പാടേ മാറ്റിയെഴുതി കഥാഖ്യാനത്തിന്റെ പുതിയൊരു ഇടവഴി വെട്ടുകയാണ് ജോജോ ആന്റണി. അടിമുടി സിനിമാറ്റിക്. ആദ്യന്തം ടെലിവിഷ്വൽ.

റോബർട്ട് ബ്രെസ്സോണിന്റെ പ്രസിദ്ധമായ ഒരു കലാചിന്ത സൂചിപ്പിച്ചുകൊണ്ട് ('You cannot show everything in art. If you do so it's no longer art') എല്ലാം തുറന്നുപറയുന്നതിലല്ല, പലതും തുറക്കാതെയും പറയാതെയും പറയുന്നതിലാണ് കലയുടെ കലാത്വം കുടികൊള്ളുന്നതെന്നു തെളിയിക്കുകയാണ് 'നിഴലുക'ളും. ഒരുനൂറ്റാണ്ടും അരനൂറ്റാണ്ടുമൊക്കെ ജീവിക്കാനും ആരുടെയൊക്കെയോ കൈകളാൽ കൊല്ലപ്പെടാനും ആരെയൊക്കെയോ കൊല്ലാനും വിധിക്കപ്പെട്ടിരിക്കുന്ന മനുഷ്യരുടെ ഏകാന്തതയുടെ ആത്മകഥകൾപോലെ എഴുതപ്പെടുന്ന നോവൽ. വായിച്ചുകഴിയുമ്പോൾ, നാനൂറോ അഞ്ഞൂറോ പുറങ്ങളിലേക്കു വികസിപ്പിച്ചെഴുതി മലയാളത്തിലെ ഒരു ക്ലാസിക് നോവലാക്കി മാറ്റാൻ കഴിയുമായിരുന്നുവെന്നു തോന്നിപ്പിക്കുന്ന രചന. അകം പുറം തിളച്ചുമറിയുന്ന കുടുംബങ്ങളുടെ കഥകളെക്കാൾ വലിയ പ്രമേയം നാളിതുവരെ മനുഷ്യൻ നോവലിൽ കണ്ടുപിടിച്ചില്ലാത്ത സാഹചര്യത്തിലാണിതു പറയുന്നത്. മലയാളത്തിൽ ഇത്രമേൽ സംക്ഷിപ്തവും സാന്ദ്രവുമായി ഒരു കുടുംബത്തിന്റെ ആത്മീയത്തകർച്ച ചിത്രീകരിക്കുന്ന മറ്റധികം നോവലുകൾ വായിച്ചിട്ടില്ല.

നോവലിൽനിന്ന്

'ആശുപത്രിയുടെ ആറാം നിലയിൽ ലിഫ്റ്റ് ഇറങ്ങി കോറിഡോറിന്റെ അറ്റത്തുള്ള മുറിയിലേക്ക് നടക്കുമ്പോൾ അങ്ങേയറ്റത്തെ മതിൽ നിറയെ ചില്ലുജനലുകളാണ്, അതിലൂടെ പറമ്പുകളേയും തോടുകളേയും വൃക്ഷങ്ങളേയും തടുത്തു നിർത്തുന്ന അതിരില്ലാത്ത ആകാശം കാണാം. ഇടനാഴിയുടെ വിളർച്ചയ്‌ക്കെതിരെ ആകാശം തെളിഞ്ഞുനിൽക്കുന്നു.

വാതിൽ തുറക്കുന്നില്ല, അകത്തുനിന്ന് കുറ്റിയിട്ടിരിക്കുകയാണ്. മുട്ടിനോക്കണമോ എന്ന് സംശയിച്ചുനിൽക്കുമ്പോൾ വാതിൽ തുറന്നു. മനസ്സ് ക്ഷീണിച്ചതുകൊണ്ടാകാം, മമ്മി ക്ഷീണിച്ചവശയായിരിക്കുന്നുവെന്ന് അവൾ കണ്ടു. ഒതുക്കി വച്ചിരുന്നതെല്ലാം വിട്ടൊഴിയുന്നു എന്ന തിരിച്ചറിവോടെ അവൾ അമ്മയെ അമർത്തി കെട്ടിപ്പിടിച്ചു, അങ്ങനെനിന്നു രണ്ടുപേരും കുറച്ചധികം നേരം.

അകത്ത്, ഇരുമ്പു കട്ടിലിൽ പപ്പ.

കട്ടിലിന്റെ തലഭാഗത്ത് പലവിധ സ്റ്റാൻഡുകളും ഉപകരണങ്ങളും, അവയിൽനിന്ന് ട്യൂബുകളും വയറുകളും നീണ്ട് റോയിയെ പലയിടങ്ങളിൽ തൊടുന്നു, ചിലയിടങ്ങളിൽ ഇളംനീല ലൈറ്റുകൾ മിന്നുന്നു, ഒരരികിൽ കട്ടിലിന്റെ താഴോട്ട് തൂങ്ങുന്ന പ്ലാസ്റ്റിക് സഞ്ചി, അത് പകുതിയോളം ഇലം മഞ്ഞ നിറത്താൽ നിറഞ്ഞിരിക്കുന്നു. കട്ടിലിന്റെ ഇരുവശത്തും വീതി കുറഞ്ഞ കമ്പിവേലികളുണ്ട്, അവയോട് ചേർത്ത് തലയിണകൾ, ഒത്ത നടുക്കായി റോയി, മുഖത്ത് വികാരമൊട്ടുമില്ല, വായ ഒത്തിരി തുറന്നിട്ടുണ്ടെന്നു മാത്രം. കാറിന്റെ ബോണറ്റിനുള്ളിലേക്ക് തല കുമ്പിട്ട് നിൽക്കുന്ന കരി ഓയിൽ പുരണ്ട മുഖവും മൂക്കിൽകൂടി കടന്നുപോകുന്ന കുഴലുകളും ഇത്തിരി തുറന്ന വായുമുള്ള ഈ മുഖവും ഒരാളുടേതാണെന്ന് വിശ്വസിക്കാൻ ഏറെ പ്രയാസപ്പെട്ടു, മെറീന, സോഫയിൽ ഒഴിഞ്ഞ മുഖവുമായി ഇരിക്കുന്ന പ്രേമയുടെ അടുത്തു ചെന്നിരുന്നു അവൾ.

          'മമ്മിയിനി പൊക്കോ... ഹരി പുറത്ത് വെയ്റ്റ് ചെയ്യണുണ്ട്. ഇനി രാത്രി വന്നാ മതി. അതുവരെ ഞാനിവിടെ നിന്നോളാം....'

          അവൾ അമ്മയുടെ തുടയിൽ കൈവച്ചു, ഉള്ളിലെ ചൂട് ഇനിയും പിടിച്ചുവയ്ക്കാൻ പറ്റില്ലെന്ന് പേടിച്ച്, പ്രേമ രണ്ടു കൈകളും കൊണ്ട് മകളുടെ കൈകൂട്ടിപ്പിടിച്ചു.

          'മമ്മി പൊക്കോ...'

          വരാനിരിക്കുന്ന വികാരത്തള്ളൽ അവൾ മുൻകൂട്ടി കണ്ടു, മെറീനയ്ക്ക് പേടിയായി. അവൾ അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ചു.

          'ഇതാണ് എമർജൻസി...'

പുറത്തേക്കിറങ്ങുന്നതിനു മുമ്പ് കട്ടിലിന്റെ തലയ്ക്കലുള്ള സ്റ്റാൻഡിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഒരു വയറിൽ പ്രേമ തൊട്ടുകാണിച്ചു, മെല്ലെ ആടിക്കൊണ്ടിരുന്ന അലാം സ്വിച്ച് ഒന്ന് ഞെട്ടി.

'എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഒന്ന് ഞെക്കിയാ മതി'.

കബേഡ് തുറന്ന് കുറേ വസ്ത്രങ്ങൾ ഒരു ബാഗിലേക്ക് പ്രേമ എടുത്തുവയ്ക്കുന്നതും മുറി തുറന്ന് പുറത്തിറങ്ങുന്നതും മനസ്സില്ലാമനസ്സോടെ ഇടനാഴിയിൽക്കൂടി നടന്നുപോകുന്നതും ലിഫ്റ്റിനരികിൽ നിൽക്കുമ്പോൾ തിരിഞ്ഞുനോക്കുന്നതും മെറീന നോക്കിനിന്നതേയുള്ളൂ. തിരിച്ച് മുറിയിൽ കയറി, ഒരു കസേര വലിച്ച് കട്ടിലിന്റെ കാലുഭാഗത്തായി ഇട്ട്-അവിടെയിരുന്നാൽ റോയിയുടെ മുഖം ഒരു പ്രത്യേക കോണിൽ തെളിഞ്ഞുകാണാം-അവളാ കസേരയിലിരുന്നു. ജനലിലൂടെ വരുന്ന വെളിച്ചം, കണ്ണാടിപോലെ തിളങ്ങുന്ന സിറാമിക് ടൈലുകളിട്ട തറയിൽ നിഴലുകളുടെ ജലപ്പരപ്പ് പോലെ പരന്നുകിടക്കുന്നു. നിറങ്ങളില്ലാത്ത ആ ലോകത്തിരുന്ന്, ഒരിക്കൽമാത്രം തന്നെ മോളേ എന്ന് വിളിച്ചിട്ടുള്ള ആ മനുഷ്യനെ അവൾ സൂക്ഷിച്ച് നോക്കിക്കണ്ടു.

          മെറീന ഉറങ്ങിയിട്ടുണ്ടായിരുന്നില്ല, വെറുതെ കിടക്കുകയായിരുന്നു, അടുത്ത ദിവസം രാവിലെ പള്ളിയിൽ വിവാഹത്തിന് സമ്മതമാണെന്ന് ആളുകൾ കേൾക്കെ വിളിച്ചുപറയേണ്ടതിനെ കുറിച്ചാലോചിച്ച്, തൊട്ടടുത്ത് നില്ക്കുന്നയാൾ നീലനിറമുള്ള വേഷമായിരിക്കില്ല ധരിക്കുക എന്നോർത്ത്, ഇളംനീല ഷർച്ച് ധരിച്ച ആരോ എവിടെയോ ഉണ്ടാകുമെന്നോർത്ത്. വാതിൽ തുറന്ന് ആരോ അകത്തുവരുന്ന ശബ്ദം കേട്ട് അവൾ കണ്ണടച്ചുപിടിച്ചു, സ്വിച്ച് ഓൺ ആക്കിയ ലൈറ്റിൽ നിന്നും അടഞ്ഞ കൺപോളകൾക്ക് പുറത്ത് വെളിച്ചം പരക്കുന്നത് അവളറിഞ്ഞു.

          'മോളേ...'

          അന്നുവരെ കേൾക്കാത്ത ആ വിളി കേട്ട് അവൾ കണ്ണുതുറന്നു. റോയി കട്ടിലിൽ ഇരുന്നു. കൈപ്പടം മകളുടെ കൈത്തണ്ടയിൽ വച്ചു. മെറീന കൈവലിച്ചുപോയി. അപരാധം ചെയ്‌തെന്നോണം, അയാൾ കൈ സാവധാനം മാറ്റി. അയാൾ അനങ്ങാതിരിക്കുമ്പോഴും, ആരും ആരോടും ഒന്നും പറയാതിരിക്കുമ്പോഴും, അവൾ മരത്തിന്റെ ചതുരക്കള്ളികൾ നിറഞ്ഞ മച്ചിൽ നോക്കി കിടപ്പാണ്.

          ഒന്നും മിണ്ടാതെ കുറച്ചുനേരമെങ്കിലും കഴിഞ്ഞു കാണണം, അയാൾ എഴുന്നേറ്റുപോയി, ലൈറ്റ് ഓഫായി, വാതിലടഞ്ഞു. മച്ചിലെ മരക്കള്ളികളിൽനിന്നു കണ്ണെടുക്കാൻ അവൾ തയ്യാറായില്ല, അങ്ങനെ കിടന്നു, ഒരുപാടു നേരം, ഉറങ്ങുവോളം.

          വാതിൽ തുറന്നു, ഒരു നഴ്‌സ്, തന്നേക്കാൾ ചെറുപ്പം, അകത്തേക്കു വന്നു, ചിരിച്ചു, ചിരി കാണാൻ കൗതുകമുണ്ട്, ചിരിച്ചു മെറീനയും.

          'മോളാല്ലേ?'

          മെറീന തലയാട്ടി.

          'എന്നാ വന്നേ?'

          'ഇന്നലെ രാത്രി'

അവൽ രോഗിയെ ഒരിക്കൽ പോലും നോക്കിയില്ല, എന്തൊക്കെയോ ഉപകരണങ്ങളിൽ തൊട്ടു, കൈയിലിരുന്ന ഫോൾഡറിൽ ക്ലിപ് ചെയ്തു വച്ചിരിക്കുന്ന കടലാസിൽ എന്തൊക്കെയോ കുറിച്ചു, പിന്നെ തിരിഞ്ഞുനിന്ന് പിന്നെയും ചിരിച്ചു.

'എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ ഈ സ്വിച്ചിൽ ഞെക്കിയാൽ മതി. ആരെങ്കിലും വന്നോളും....'

തൂങ്ങിക്കിടക്കുന്ന വയറിൽ അവൾ തൊട്ടു, സ്വിച്ച് വീണ്ടും ഞെട്ടി.

നഴ്‌സ് പോയിക്കഴിഞ്ഞ മുറി രോഗിയുടെ കിടപ്പിലേക്ക് മടങ്ങിപ്പോയി, മെറീന അവളുടെ കസേരയിലേക്കും, ആ കസേരയിൽനിന്നു കിട്ടുന്ന വിചിത്രമായ കോണിലൂടെയുള്ള നോട്ടത്തിലേക്കും. മറ്റൊന്നും അവൾ കാണുന്നില്ല, ജനലിനപ്പുറത്തെ ലോകമോ, എയർ കണ്ടീഷണറുടെ തണുപ്പുണ്ടായിട്ടും വേഗതയില്ലാതെ കറങ്ങുന്ന സീലിങ് ഫാനോ, കട്ടിലിന്റെ തലഭാഗത്ത് അവിടവിടെ തലനീട്ടി നിൽക്കുന്ന ഉപകരണങ്ങളോ, ഇളംനീല നിറത്തിലുള്ള സോഫയോ, സോഫയുടെ ഒരുവശത്തുള്ള തലയിണയോ, അതിനുമീതെ ചുരുട്ടി വച്ചിരിക്കുന്ന പുതപ്പോ, ഒന്നും, ഒരേ താളത്തിൽ പതിയെ പൊങ്ങുകയും താഴുകയും ചെയ്യുന്ന പപ്പയുടെ ശരീരമല്ലാതെ.

നോക്കിയിരിക്കെ, പപ്പയുടെ ദേഹമൊന്ന് പുളഞ്ഞോ? ശ്വാസത്തിന്റെ ഗതി മാറിമറിയുന്നുണ്ടോ? നീല ലൈറ്റുകളുടെ മിന്നൽ, അതോടൊപ്പം കേൾക്കുന്ന ശബ്ദങ്ങളുടെ വേഗത കൂടുന്നുണ്ടോ? വയറിൽ തൂങ്ങിയാടിക്കൊണ്ടിരിക്കുന്ന സ്വിച്ചിലേക്ക് മെറീന സ്വയമറിയാതെ നോക്കി. കഴുത്തിൽ വെളിച്ചമില്ലാതെ ഒരു മിന്നായം പെട്ടെന്ന്.

ചൂടുകുറഞ്ഞ് വെയിൽ ഇല്ലാതാകുമ്പോൾ, വീട്ടുമുറ്റത്തുനിന്ന് ഓടിമറയുന്ന നിഴലുകളെ പോലെ, ആരോടും ഒന്നും പറയാതെ, അവൾ എഴുന്നേറ്റ് മുറിതുറന്നു പുറത്തേക്ക് കടന്നു.

ആശുപത്രിവരാന്തയുടെ ചില്ലുജനലുകൾക്കും അങ്ങേയപ്പുറത്ത് പരന്നുകിടക്കുന്ന പറമ്പുകളിലെ വൃക്ഷത്തലപ്പുകളുടെ മുകളിൽ കൂടി വീശി കൊച്ചുകൊച്ചു മരങ്ങളെ തണുപ്പിച്ചുകൊണ്ട് അന്തരീക്ഷമാകെ പടരുന്ന കാറ്റിന്റെ നൈർമല്യം മുഖത്തും മുടിയിഴകളിലും ഏറ്റുവാങ്ങി, മൂക്കിന്റെ രണ്ടു കൈവഴികളിലൂടെ ഉള്ളിലേക്ക് ഒഴുകിയിറങ്ങി അകം നിറഞ്ഞശേഷം പിന്നെയൊഴിഞ്ഞുപോകുന്ന വായുവിൽ ശ്രദ്ധിച്ച്, തീക്ഷ്ണത വർദ്ധിച്ച് ദീപ്തമായിക്കൊണ്ടിരിക്കുന്ന വെളിച്ചത്തിനു നേരെ കണ്ണുകളടച്ച്, തുറന്നുകിടക്കുന്ന ചില്ലുജനാലയിൽ പിടിച്ചുകൊണ്ട്, അവളാ ഇടനാഴിയിൽ നിന്നു.

പിന്നെപ്പോഴോ, എന്തുകൊണ്ടോ എന്തോ, അവളൊന്നു ചിരിച്ചു'. 

നിഴലുകൾ ഇല്ലാത്ത മൂന്നു ദിനങ്ങൾ
ജോജോ ആന്റണി
ലോഗോസ് ബുക്‌സ്
2021
170 രൂപ.