- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാണവേദനകൾ
ആധുനികതാവാദ മലയാളഭാവനയുടെ ആഖ്യാനപരമായ തുടർച്ചകളും ഇടർച്ചകളും വിടർച്ചകളും പടർച്ചകളും അതിസൂക്ഷ്മമായടയാളപ്പെടുത്തുന്ന കലാപാഠങ്ങളാണ് പി.ജെ.ജെ. ആന്റണിയുടെ കഥകൾ. ആധുനികതാവിമർശനങ്ങൾ മുതൽ ചരിത്രവിജ്ഞാനീയം വരെയും പ്രത്യയശാസ്ത്രവ്യവഹാരങ്ങൾ മുതൽ ദേശരാഷ്ട്രവ്യവസ്ഥകൾ വരെയും മതവിചാരങ്ങൾ മുതൽ ഭരണകൂടവിചാരണകൾ വരെയും ജാതി-ലിംഗവാദങ്ങൾ മുതൽ വംശ-വർണവെറികൾ വരെയും ശരീരനിഷ്ഠ സ്വത്വങ്ങൾ മുതൽ കാമനാബദ്ധ സ്വരൂപങ്ങൾ വരെയും അധികാരവിധ്വംസനങ്ങൾ മുതൽ അസ്തിത്വ സന്ദേഹങ്ങൾ വരെയുമുള്ള രാഷ്ട്രീയ-ലാവണ്യപദ്ധതികളെ കഥയുടെ കലയും പ്രത്യയശാസ്ത്രവുമായി നിരന്തരം നവീകരിച്ചവതരിപ്പിക്കുന്നവയാണ് ആന്റണിയുടെ മികച്ച രചനകൾ. എഴുത്തിന്റെ സാങ്കേതിക വിതാനങ്ങളിലും രൂപസംവിധാനങ്ങളിലും സമാനമായ പുതുമകളും പരീക്ഷണങ്ങളും നടത്താനും ആന്റണിക്കു കഴിയാറുണ്ട്.
സംഗ്രഹിച്ചുപറഞ്ഞാൽ, ചരിത്രത്തിന്റെ രാഷ്ട്രീയാപനിർമ്മിതികൾ എന്ന് വിശേഷിപ്പിക്കാവുന്ന ആന്റണിയുടെ കഥകൾ മലയാളത്തിലവതരിപ്പിച്ചത് പ്രത്യയശാസ്ത്രം, മതം, രാഷ്ട്രം എന്നിവയുടെ ഹിംസാത്മക വ്യവസ്ഥകൾക്കെതിരെയുള്ള പ്രതിരോധത്തിന്റെയും പ്രതിബോധത്തിന്റെയും ജൈവപാഠങ്ങളാണ്. സവിശേഷാർഥത്തിൽ അവ കമ്യൂണിസം, കത്തോലിക്കാ മതം, തീവ്രദേശീയത എന്നിവയെ ഉദാരമാനവികതകൊണ്ട് റദ്ദാക്കുന്ന ഭാവനാറിപ്പബ്ലിക്കിന്റെ കഥാരൂപങ്ങളായും മാറുന്നു.
പൊതുവെ, 'സ്റ്റാലിനിസ്റ്റുകൾ മടങ്ങിവരുന്നുണ്ട്', 'പിതൃക്കളുടെ മുസോളിയം' എന്നിവ മേല്പറഞ്ഞവയിൽ ഒന്നാമത്തെയും 'വരുവിൻ നമുക്കു പാപം ചെയ്യാം' രണ്ടാമത്തെയും 'ഭ്രാന്ത്: ചില നിർമ്മാണരഹസ്യങ്ങൾ', 'വെടിമരുന്നിന്റെ മണം' എന്നിവ മൂന്നാമത്തെയും ചരിത്രസംപ്രത്യയങ്ങളെ അവയുടെ സ്വത്വസന്ദിഗ്ദ്ധതകളിൽ അഭിസംബോധന ചെയ്യുന്ന രചനകളുൾക്കൊള്ളുന്ന കഥാസമാഹാരങ്ങളാണ് എന്നു വേണമെങ്കിൽ പറയാം. തീർച്ചയായും അധികാരത്തിന്റെ അസ്തിത്വസന്ധികളെന്ന നിലയിൽ ഈ മൂന്നു വ്യവഹാരങ്ങളെയും ആന്റണിയുടെ കഥകൾ എക്കാലത്തും അഭിസംബോധന ചെയ്തിട്ടുണ്ട് എന്നതു മറക്കാതെതന്നെ.
ആന്റണിയുടെ ആറാമത്തെ കഥാസമാഹാരമാണ് 'സ്വപ്നപ്രകാരം'. ആധുനികാനന്തര മലയാളചെറുകഥയിൽ മനുഷ്യജീവിതാവസ്ഥകളെയും അനുഭവവൈവിധ്യങ്ങളെയും ദേശകാലരൂപകങ്ങൾ മുറുകെപ്പിടിച്ച് രാഷ്ട്രീയ സൂക്ഷ്മതയോടെയും ചരിത്രബദ്ധതയോടെയും ലാവണ്യമികവോടെയും രൂപത്തികവോടെയും ധ്വനിസമൃദ്ധിയോടെയും സാക്ഷാത്കരിക്കുന്ന എത്രയെങ്കിലും രചനകൾ ആന്റണിയുടേതായുണ്ട്. നിസംശയം പറയാം, സോവിയറ്റനന്തര ലോകരാഷ്ട്രീയക്രമത്തിന്റെയും വിമോചന ദൈവശാസ്ത്രാനന്തര ക്രൈസ്തവതയുടെയും അയോധ്യാനന്തര ഇന്ത്യൻ ദേശരാഷ്ട്രവാദത്തിന്റെയും നൈതികവിചാരങ്ങളും വിചാരണകളുമായി ചെറുകഥയെന്ന കലാരൂപത്തെ അനുഭൂതിവൽക്കരിക്കുന്നതിൽ ആന്റണിയോളം ജാഗ്രതയും തുടർച്ചയും പുലർത്തുന്ന മറ്റൊരു കഥാകൃത്ത് മലയാളത്തിലില്ല. സ്വാഭാവികമെന്നോണം ഈ മൂന്നു ഭാവമണ്ഡലങ്ങളിലും മലയാളത്തിൽ സങ്കല്പിക്കപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച ചില കഥകൾ ആന്റണിയുടേതാണുതാനും.
'സ്വപ്നപ്രകാരം' വെളിപ്പെടുത്തുന്നത് മേല്പറഞ്ഞ മൂന്നു രാഷ്ട്രീയഭൂപടങ്ങളിലും നിന്നു തെന്നിമാറി നാലാമതൊരു ഭാവലോകത്തേക്കുള്ള ഈ കഥാകൃത്തിന്റെ എഴുത്തുജീവിതത്തിന്റെ സഞ്ചാരമാണ്. കഥയെന്ന കലാരൂപത്തിന്റെ ഭാവപ്രപഞ്ചകല്പനയിൽ ആന്റണി നടത്തുന്ന ശ്രദ്ധേയമായൊരു ചുവടുവയ്പ്. രാഷ്ട്രത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ മതത്തിന്റെയോ അന്തർലോകങ്ങളെന്നതിനെക്കാൾ ഒറ്റമനുഷ്യന്റെ ആത്മസംഘർഷങ്ങൾക്കു കൈവരുന്ന കഥനജീവിതങ്ങൾ. അസാധാരണമാംവിധം ചെറുതും ഭാവസാന്ദ്രവും ധ്വനിസമ്പന്നവുമായ രചനകൾ. എഴുപതു പുറങ്ങളിൽ പതിനൊന്നു കഥകൾ. ജനനവും മരണവും സ്വപ്നവും ഭാവനയും എഴുത്തും പറച്ചിലും അനുഭവവും അറിവും കാമവും ക്രോധവും മോഹവും ദാഹവും ദയയും കരുണയും ഹിംസയും വിലാപവും അധികാരവും പലായനവും പകയും വെറിയും ഇഴപിരിയുന്ന കാമനാമനുഷ്യന്റെ അസ്തിത്വഖേദങ്ങൾ.
രണ്ടു വിഭാഗത്തിൽ പെടുത്തി വിശദീകരിക്കാം ഈ സമാഹാരത്തിലെ കഥകളെ.
സ്വപ്നപ്രകാരം, ഫിക്ഷൻ റൈട്ടർ, ജന്തുജാലങ്ങളുടെ ഗതി, മധുരാന്തകം, മേരിയുടെ മകൻ ഇമ്മാനുവൽ, ഉറുമ്പിനെ പരിപാലിക്കുന്ന വിധം, ദൈവദൂഷകന്റെ മരണം എന്നീ ഏഴു രചനകൾ തുടലിമുൾപ്പടർപ്പിലൂടെ വലിച്ചൂർത്തിയെടുക്കുമ്പോൾ ചോരപൊടിയുന്ന ഉടലുകൾപോലെയും ജനിമൃതികൾക്കിടയിൽ ദുഃഖഭൂയിഷ്ഠമായി പൊള്ളിത്തിളയ്ക്കുന്ന ആത്മാക്കൾ പോലെയും നരകവേദന പേറുന്ന ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യാവസ്ഥയുടെ കഥകളാണ്. സ്വപ്നത്തിനും യാഥാർഥ്യത്തിനുമിടയിലെ വാൾത്തല സഞ്ചാരങ്ങൾ.
മോട്ടോർസൈക്കിൾ ഡയറീസ്, ദണ്ഡിയാത്ര, ദക്ഷച്ചേച്ചി, തിമോത്തി വാംബുവയുടെ പൂമരം എന്നീ നാലുരചനകളാകട്ടെ, യഥാക്രമം, പ്രത്യയശാസ്ത്രത്തിന്റെ വിപര്യയങ്ങളിലും ദേശരാഷ്ട്രത്തിന്റെ നിരർഥകതകളിലും ദൈവാവതാരത്തിന്റെ പ്രഹസനങ്ങളിലും വംശാന്തര നരഭൂപടത്തിന്റെ സംഘർഷങ്ങളിലും മുങ്ങിത്താഴുന്ന കെട്ടകാലത്തിന്റെ കഥകളും. സാമാന്യമല്ല സവിശേഷമാണ് ഇവയുടെ വിഷയപരിചരണരീതി. അത്രമേൽ അവ രാഷ്ട്രീയസൂക്ഷ്മവും വിമർശനസമൃദ്ധവുമാകുന്നു.
മറ്റൊരുരീതിയിലും ഈ കഥകളെ വർഗീകരിക്കാം. രണ്ടു കഥകൾ സ്വപ്നാത്മകമോ സ്വപ്നതുല്യമോ ആയ ജീവിതാവബോധങ്ങളെക്കുറിച്ചാണ്. സ്വപ്നപ്രകാരം, ഫിക്ഷൻ റൈട്ടർ എന്നിവ. മൂന്നുകഥകൾ മരണാഭിമുഖമായി സഞ്ചരിക്കുന്ന മനുഷ്യാവസ്ഥയെക്കുറിച്ചാണ്. ജന്തുജാലങ്ങളുടെ ഗതി, മേരിയുടെ മകൻ, ദൈവദൂഷകന്റെ മരണം എന്നിവ. മൂന്നു കഥകൾ മരണതുല്യമായ വേർപാടുകളെക്കുറിച്ചാണ്. ദണ്ഡിയാത്ര, മധുരാന്തകം, ഉറുമ്പിനെ പരിപാലിക്കുന്ന വിധം എന്നിവ. പ്രത്യയശാസ്ത്രവിമർശനത്തിന്റെ പൊള്ളുന്ന രാഷ്ട്രീയപ്രഹരമാണ് മോട്ടോർ സൈക്കിൾ ഡയറീസ്. തീവ്ര സ്ത്രീ സ്വത്വവാദത്തിന്റെയും തീവ്ര മതവിശ്വാസത്തിന്റെയും നേർക്കുള്ള വിടർന്ന ചിരിയാണ് ദക്ഷച്ചേച്ചി. വംശവെറിയുടെ ആഗോളഭൂപടവിന്യാസമാണ് തിമോത്തിവാംബുവ.
ഇനിയുമുണ്ട് ഈ സമാഹാരത്തിലെ കഥകളെ വേറിട്ടു വ്യാഖ്യാനിക്കാൻ കഴിയുന്ന വിഭജനക്രമങ്ങൾ. പിതാപുത്രബന്ധത്തിന്റെ അതിതീവ്രവും അമ്‌ളതീക്ഷ്ണവുമായ ആഖ്യാനപാഠങ്ങളാണ് അഞ്ചുകഥകൾ. ഫിക്ഷൻ റൈട്ടർ, ജന്തുജാലം, മേരിയുടെ മകൻ, ഉറുമ്പിനെ പരിപാലിക്കുന്ന വിധം, ദൈവദൂഷകൻ എന്നിവ. 'മോട്ടോർ സൈക്കിൾ', 'മധുരാന്തകം', 'ദണ്ഡിയാത്ര', 'ദക്ഷച്ചേച്ചി' എന്നിവയിലുമുണ്ട് ഇത്രമേൽ ഭാവബന്ധുരമല്ലെങ്കിലും ശിഥിലവും വ്യഥിതവുമായ പിതാ-പുത്ര ബന്ധങ്ങളുടെ രക്തരേഖകൾ.
ശിശുക്കളായിത്തന്നെ ജീവിതകാലം മുഴുവൻ കഴിയാൻ തീരുമാനിച്ച മൂന്നു കൂട്ടുകാരുടെ കഥയാണ് 'സ്വപ്നപ്രകാരം'. യാഥാർഥ്യങ്ങളെക്കാൾ സുഖദമാണ് സ്വപ്നങ്ങൾ എന്നവർ കരുതുന്നു. ബാല്യം സ്വപ്നമാണ്. മുതിരൽ യാഥാർഥ്യവും. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കഥയിലുള്ളത്. ആഖ്യാതാവ് സ്ത്രീയാണ്. കാമവും ക്രോധവും മാറ്റിവച്ച് ഉടലുകളുടെ വിലക്കുകളും വിലങ്ങുകളും അഴിച്ചുവച്ച് ആനന്ദത്തിന്റെ ജൈവികതയിൽ സ്വപ്നത്തിലെന്നപോലെ കഴിയുന്ന കാലത്താണ് അതിലൊരാൾ, അക്വിനാസ്, അവളെ ബലമായി പ്രാപിക്കുന്നത്. നന്മയുടെ മഴവില്ലുടഞ്ഞു. അക്വിനാസ് വീട് വിട്ട് ഓടിപ്പോയി. കാലംചെന്നപ്പോൾ അവൾ അവനോട് പൊറുത്തു. ഒടുവിൽ തിരികെവന്ന് മാപ്പിരന്ന അക്വിനാസിനെ അവൾ നെഞ്ചോട് ചേർത്തു.
തനിക്കെഴുതാൻ കഴിയാത്ത ഇംഗ്ലീഷ് നോവൽ എഴുതി ലോകപ്രസിദ്ധനാകാൻ വേണ്ടി മകനെ വളർത്തുന്ന ഒരു മനുഷ്യന്റെ കിനാവുകളെക്കാൾ വിചിത്രമായ കഥയാണ് ഫിക്ഷൻ റൈട്ടർ. ജീവിതപ്പകപ്പുകൾക്കിടയിൽ അയാൾ എഴുത്തുവിട്ടു. വിടേണ്ടിവന്നു എന്നതാണ് വാസ്തവം. തനിക്ക് കീഴടക്കാൻ കഴിയാത്ത ഭാവനയുടെ കൊടുമുടികൾ കയറാൻ അയാൾ മകനെ നിർബന്ധിച്ചുകൊണ്ടേയിരുന്നു. ഭാഷാപരമായ അപകർഷബോധം ഉള്ളിലൊതുക്കിയമർത്തുന്ന പുതിയ നൂറ്റാണ്ടിലെ മലയാളി എഴുത്തുകാരെക്കുറിച്ചുള്ള അസാധാരണമായ ഒരു നർമ്മഭാവനയാണ് ഈ കഥ.
''ആയിടയ്ക്കാണ് അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം കിട്ടിയത്. ആ വാർത്ത വന്നദിവസം അച്ഛന്റെ ഉത്സാഹത്തിന് അളവതിരുകൾ ഇല്ലായിരുന്നു. ''കണ്ടോടീ.... ഇംഗ്ലീഷ് ഫിക്ഷന്റെ വിലയും നിലയും. കോട്ടയങ്കാരി പെൺകൊച്ചാ. മലയാളത്തിൽ എഴുതിയിരുന്നെങ്കിൽ എന്നാ കിട്ടുമായിരുന്നു. ഇരുപത്തയ്യായിരം ഉലുവ! ബുക്കർ സമ്മാനം അരക്കോടിയാ! പുസ്തകവില്പന റോക്കറ്റ് പോലെ കത്തിക്കയറും. ഒരു മില്യണാ മിനിമം പ്രിന്റ് റൺ. ആ ഇനത്തിൽ മാത്രം ഒരു പത്തുകോടിയിലും അധികം കിട്ടും. ബുക്കർ കിട്ടിയാൽ നോബൽ പുറകേ വരും. ഇനി അരുന്ധതി റോയിയെ പിടിച്ചാൽ കിട്ടത്തില്ല. ഇതിനൊക്കെ അപ്പുറത്തോ പേരും പെരുമയും!''
അച്ഛൻ പറഞ്ഞുകൊണ്ടേയിരുന്നു. ഇംഗ്ലീഷിൽ ആണെങ്കിൽ ഫിക്ഷനെഴുത്ത് അത്ര മോശം പരിപാടിയല്ലെന്ന് അമ്മയ്ക്കും തോന്നിത്തുടങ്ങി. അന്ന് വൈകുന്നേരം ഗോഡ് ഓഫ് സ്മാൾ തിങ്‌സിന്റെ ഒരു കോപ്പിയുമായാണ് അച്ഛൻ വന്നുകയറിയത്. ഞങ്ങളുടെ വീട്ടിലും ഒരു കൊച്ച് ഇംഗ്ലീഷ് ലൈബ്രറി മെല്ലെ തളിരിടാൻ തുടങ്ങി. അരുന്ധതി റോയ് പങ്കെടുക്കുന്ന ഏത് പരിപാടിയിലും കഴിയുമ്പോഴെല്ലാം ഞാനും അച്ഛനും പങ്കെടുത്തു. അവർ അതീവ സുന്ദരിയായിരുന്നെന്നത് എന്റെ താല്പര്യം വർദ്ധിപ്പിച്ചു. ഒരു സിനിമയിൽ അവർ നായികയായി അഭിനയിച്ചിട്ടുണ്ടെന്ന് കേട്ടപ്പോൾ എനിക്ക് ഒട്ടും അത്ഭുതം തോന്നിയില്ല.
സമയം കിട്ടിയപ്പോഴെല്ലാം അച്ഛൻ ഫിക്ഷനെഴുത്തിന്റെ സൈദ്ധാന്തികത എനിക്ക് വിശദപ്പെടുത്താൻ ഉത്സാഹിച്ചിരുന്നു. ജീവജലം ഭാവന കൊണ്ട് കോരിയെടുക്കുന്നതാണ് ഫിക്ഷൻ. ദരിദ്രരോടുള്ള പക്ഷപാതം, ദേശസ്‌നേഹം, സദാചാരം, ധാർമ്മികത ഇതിനൊന്നും വേണ്ടിയല്ല ഫിക്ഷ നെഴുതുന്നതും വായിക്കപ്പെടുന്നതും നിലനില്ക്കുന്നതും. മലയാളം ഗുണം പിടിക്കാത്തത് ഈവക വിഡ്ഢിത്തങ്ങൾ കാരണമാണ്. ഫിക്ഷൻ യാഥാർത്ഥ്യമല്ല. ഒരിക്കലും ആവുകയുമരുത്. മനസ്സിനിണങ്ങിയ നുണകൾ മാത്രമാണ് ഫിക്ഷൻ. വായനക്കാർ അവർക്കാവശ്യമുള്ളത് വായിച്ചെടുത്തുകൊള്ളും. നദിയിൽനിന്നും വെള്ളം കോരിയെടുക്കുന്നതുപോലെ ഭാവനയുടെ പാരാവാരത്തിൽനിന്നും കോരിയെടുക്കണം. അതിൽ എല്ലാമുണ്ടാകും. എഴുതുന്ന ഭാഷയാണ് മാന്ത്രികത കൊണ്ടുവരുന്നത്. കലയുടെ മാന്ത്രികത ഭാഷയുടെ മാന്ത്രികതയല്ലാതെ മറ്റൊന്നുമല്ല.
അച്ഛന്റെ ഉത്സാഹം എന്നെ ഉത്തേജിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും പറഞ്ഞത് മുഴുവനും എനിക്ക് വിളങ്ങിക്കിട്ടിയില്ല. അധികം വൈകാതെ കിരൺ ദേശായിക്കും അരവിന്ദ് അഡിഗയ്ക്കും ബുക്കർ സമ്മാനം കിട്ടി. എന്നെ ഫിക്ഷൻ റൈട്ടറാക്കാനുള്ള അച്ഛന്റെ ഉത്സാഹം പെരുകിക്കൊ ണ്ടേയിരുന്നു''.
മകൻ നോവലെഴുത്തിൽ ചെന്നെത്തുന്നിടത്ത് കഥയവസാനിക്കുന്നു. ജീവിതം സ്വപ്നങ്ങൾ കാണാനുള്ളതാണെന്നും സ്വപ്നങ്ങളെക്കാൾ സുന്ദരമായി ജീവിതമനുഭവിക്കാൻ മനുഷ്യർക്കു കഴിയില്ലെന്നും തെളിയിക്കുന്നു ഈ കഥകൾ.
സ്വപ്നതുല്യമായ ഈ ജീവിതത്തിൽനിന്ന് നേരെ മരണത്തിലേക്കു കൂപ്പുകുത്തുന്നു 'ജന്തുജാലങ്ങളുടെ ഗതി'യെന്ന കഥ. നെടിയജീവിതം ജീവിച്ചുതീർത്ത് മരണം കാത്തുകിടക്കുകയാണ് കാരണവർ. താൻ കാത്തുസൂക്ഷിച്ച വീടും വീട്ടുപകരണങ്ങളും പോലെ കേവലം വസ്തുവും ജഡവുമായി മാറിയ ശരീരത്തിന്റെയും ചിറകടിച്ചു പറന്നുകൊണ്ടിരിക്കുന്ന ജീവന്റെയും നൂൽപ്പാലത്തിൽ നിന്നുള്ള വീഴ്ചയിൽ അയാൾ മകന്റെ അപമൃത്യുവും കാമുകിയുടെ ഒറ്റും വീണ്ടും കണ്ടു. ഭാര്യയും മക്കളും കിഴവന്റെ മരണം കൊതിച്ച് ചുറ്റുമിരുന്നു. ഒടുവിൽ മരണത്തെപ്പോലും ഒരു കോമഡിയാക്കിക്കൊണ്ട് പ്രാണൻ അയാളെ വിട്ടുപോകുന്നു.
''നിർഭാഗ്യം മനുഷ്യരെയും ഇതര ജന്തുജാലങ്ങളെയും വേർതിരിക്കുന്നില്ലെന്ന് അറിഞ്ഞുവെങ്കിലും അതിദീർഘകാലം ജീവിക്കണമെന്ന അയാളുടെ കാമനയ്ക്ക് മാറ്റമൊന്നുമുണ്ടായില്ല. അതയാളുടെ ആസക്തികളെ ഒന്നുകൂടി ആളിച്ചതേയുള്ളൂ. ചാവുകിടക്കയുമായി കുതറിക്കൊണ്ട് അയാൾ തനിക്ക് ചുറ്റുമുള്ളവരെ ഓരോരുത്തരെയായി കണ്ടു. മക്കളും കൊച്ചുമക്കളും അയൽവാസികളും ഉറ്റമിത്രങ്ങളും അടുത്ത ബന്ധുക്കളുമുണ്ട്. ചിലരാക്കെ അയാളുടെ മരണം ഉടനെ സംഭവിക്കുമെന്ന് തീർച്ചപ്പെടുത്തിയവരാണ്. അയാൾവഴി എപ്പോഴെങ്കിലും മുറിവേറ്റവരുടെ മുഖങ്ങളിൽ പ്രതികാരത്തിന്റെ കനൽ മെല്ലെ എരിയുന്നതും അയാൾ കണ്ടു. ഉടയാത്ത ഉടലുമായിരിക്കുന്ന മെറ്റിൽഡായിൽ അയാളുടെ മിഴികൾ ഉടക്കിനിന്നു. അവൾ തലകുനിച്ചിരി ക്കുകയാണ്. ചെയ്തതോർത്ത് അവൾ വ്യസനിക്കുന്നുണ്ടാവുമോ? പൊടുന്നനെ മെറ്റിൽഡ മുഖമുയർത്തിയപ്പോൾ അവരുടെ മിഴികൾ കൊരുത്തു. യൗവനത്തിൽ അറിഞ്ഞും അറിയാതെയും അയാളെ അവൾ ഇളക്കിയിരുന്നു. പിന്നീട് അറിഞ്ഞുകൊണ്ടായി. പടം പൊഴിച്ച നാഗത്തിന്റേതു പോലുള്ള മെറ്റിൽഡായുടെ തൊലിമിനുപ്പിന്റെ പ്രലോഭനത്തെ ഉടച്ചുകളയാൻ അയാൾക്കാവുമായിരുന്നില്ല. തക്കവും തരവും ഒത്തുകിട്ടിയപ്പോൾ കയറിപ്പിടിച്ചു. പരസ്പരം മോഹിക്കുന്നുണ്ടെന്ന് കരുതിയിരുന്നതിനാൽ അവളുടെ കുതറൽ കാര്യമാക്കിയില്ല. തെന്നുന്ന ഒരു ബ്രാൽ മത്സ്യംപോലെ അവളുടെ വസ്ത്രങ്ങൾ ഊർന്നുപോയ ഉടൽ അയാളുടെ കൈക്കുള്ളിൽ പുളഞ്ഞു. അനേകം ടേക്കും റീടേക്കുമെടുത്ത് പൂർത്തിയായ ഒരു നീലച്ചിത്രമായി ആ മൂവന്തി അയാളുടെ ഓർമ്മയിൽ നിറയുകയായിരുന്നു. എന്നിട്ടും മെറ്റിൽഡ ചതിച്ചു. വീര്യം ചോർത്തി യിട്ടാണെങ്കിലും അവൾ ഭാനുമതിയുടെ ചെവിയിൽ സംഭവം എത്തിച്ച് മുൻകൂർ ജാമ്യമെടുത്തു. കരിനീല ലഹരിയിൽ ഇണചേർന്നതെല്ലാം അവൾ മായ്ച്ചുകളഞ്ഞു. എന്നിട്ട് ഒന്നും നിറവേറിയിട്ടില്ലാത്തതുപോലെ പിന്നെയും പാകത കടുപ്പിച്ച് ഇടപെട്ടു. ഭാനുമതിയും അതെല്ലാം മറന്നു. ഇപ്പോൾ ചാവിന് സാക്ഷിയാവാൻ എത്തിയിരിക്കുകയാണോ? പക്ഷേ, അവളുടെ കണ്ണ് ഉടക്കിയപ്പോൾ പഴകിയ മനുഷ്യൻ മിന്നായം പോലെ പുതുങ്ങി. മെറ്റിൽഡയുടെ കണ്ണിൽ പാകതയ്ക്ക് പകരം ഇളക്കത്തിന്റെ മിനുമിനുപ്പായിരുന്നു. അയാളുടെ ശരീരം ഉണരാൻ തുടങ്ങി. പഴയൊരുപാട്ട് അതിൽ പൊന്തിവന്നു: 'കരിനീലക്കണ്ണുള്ള പെണ്ണേ...'
പുതുങ്ങിയ മനുഷ്യൻ തന്റെ കട്ടിലിന് ചുറ്റുമായി നില്ക്കുന്നവരെ പിന്നെയും നോക്കി. അതിൽ എത്രപേരുടെ ചാവടിയന്തിരം താനുണ്ണുമെന്നും പായസം രുചിക്കുമെന്നും അയാൾ പുതുതായി ഉണർന്ന കസൃതിയോടെ ചികഞ്ഞുനോക്കി. കുറച്ചുനേരം കൂടിക്കഴിയുമ്പോൾ ഇവരുടെ യെല്ലാം ആശകൾ കരിന്തിരി കത്തും. ഓരോരുത്തരായി പിരിയും. അയാൾ കുത്തരിക്കഞ്ഞി ചൂടോടെ കഴിക്കും. അത്രയുമായപ്പോളാണ് മധുരയിൽ നിന്നും മകൾ ഇനിയും വന്നിട്ടില്ലല്ലോ എന്ന് അയാൾക്ക് ഓർമ്മ വന്നത്. അവൾ കുറച്ചുദിവസങ്ങൾ ഇവിടെ നില്ക്കട്ടെ. ഇത്തിരി ഉഴിച്ചിലും പിഴിച്ചിലും പഞ്ചകർമ്മവുമെല്ലാം അവൾക്കും വേണം. ആകെ ചീർത്തു വരികയാണ്. ഈയിടെ നൂറുകിലോ കടന്നു. ഇങ്ങനെ തുടർന്നാൽ അവളുടെ പതിനാറടിയന്തിരവും ഉണ്ണേണ്ടിവരും. അതേതായാലും വേണ്ട. മൂത്തവനെ കുരുതി കൊടുത്തു. ബാക്കിയുള്ളതെല്ലാം അടുത്ത് നില്ക്കുന്നത് കണ്ടുവേണം നൂറുതികയ്ക്കാൻ. അതിനുള്ളിൽ മുതലും പലിശയുമായി മെറ്റിൽഡായെ ഹരിച്ചും ഗുണിച്ചും ആർമാദിക്കണം. അവളും അവളുടെ കണ്ണിലെ കരിനീലത്തിരകളും അവിടെത്തന്നെയുണ്ടെന്ന് കണ്ട് അയാൾ അകമേ ഉണർന്നുലഞ്ഞു.
മുറ്റത്ത് ഒരു കാർ ബ്രേക്കിട്ടു. മധുരക്കാരി തിടുക്കപ്പെട്ടിറങ്ങി വന്നു. അവളുടെ വിലാപം ആ വീടിനെയാകെ ഉലച്ചു. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അതിലും വലിയ കാര്യങ്ങൾക്കായി ആ തടിച്ച മകൾ ആടിയുലയുന്ന ഒരു കപ്പൽ കണക്ക് അകത്തേക്ക് കുതിച്ചു. മെറ്റിൽഡാ അവളെ കണ്ടു. അവൾ അപ്പന്റെയരുകിലേക്ക് കുതിക്കുന്നതും കണ്ടു. ഏകമകളുടേ അപ്പാ..... എന്ന വിളിയിൽ വീടകം കിടുങ്ങി. സ്‌നേഹവാത്സല്യങ്ങൾ ജ്വലിച്ച് അവൾ പ്രിയപ്പെട്ട അപ്പന്റെ നെഞ്ചിലേക്ക് കമഴ് ന്നടിച്ച് വീണു. ആ അപ്പന്റെയും മകളുടെയും സ്‌നേഹം അവിടെയുണ്ടായിരുന്ന സകലരുടെയും കണ്ണുകളെ ഈറമാക്കി. മകൾ നെഞ്ചിലേക്ക് വീണപ്പോൾ ആ പഴകിയ മനുഷ്യൻ ഭാരവും വികാരവും താങ്ങാനാവാതെ ആഞ്ഞുവലിച്ച് അവസാനശ്വാസം വിടുന്നത് മെറ്റിൽഡ മാത്രം കണ്ടു. ഇപ്പോളയാൾ പോകേണ്ടായിരുന്നുവെന്ന് അവൾ മാത്രം നിരാശകൊണ്ടു''.
മരണത്തെക്കുറിച്ചുള്ള രണ്ടു കഥകൾ കൂടിയുണ്ട് ഈ പുസ്തകത്തിൽ. ഒന്ന്, യേശുവിന്റെ കുരിശുമരണത്തിൽ തകർന്നുപോയ മേരിയുടെ മാതൃവിലാപമാണ്. മറ്റൊന്ന് ദൈവദൂഷകനായി ചെകുത്താനെപ്പോലെ ജീവിച്ച അപ്പന്റെ മരണം അടുത്തുനിന്നു നോക്കിക്കാണുന്ന മകന്റെ ആഖ്യാനവും. 'ഒടുവിൽ കുരിശിൽനിന്നിറക്കീ ജഡം താഴെ-യൊരു ദുഃഖത്തിൻ സൂര്യശിലയായ് തീർന്നോരമ്മ' എന്ന കവിവാക്യത്തിനും (ഒ.എൻ.വി.) മൈക്കളാഞ്ജലോയുടെ വിശ്വപ്രസിദ്ധമായ ശില്പത്തിനും (പിയാത്ത) കൈവന്ന കഥാരൂപമാണ് 'മേരിയുടെ മകൻ ഇമ്മാനുവൽ'. ദൈവപുത്രനോ രാജാവോ പ്രവാചകനോ ദീർഘദർശിയോ രക്ഷകനോ മഹാഗുരുവോ ആയിരുന്നില്ല, വെറും മകൻ മാത്രമായിരുന്നു മേരിക്ക് യേശു. 'മരണം കട്ടുകൊണ്ടുപോയ മകന്റെ അമ്മക്ക് അവൻ ആരാകിലെന്ത്?'. കഴുമരങ്ങൾ നാട്ടിയ ഗാഗുൽഥായുടെ നെറുകയിൽ നിന്നിറങ്ങി സങ്കടത്തിന്റെ ചാവുകടലിലാണ്ടുപോയി മേരി. മാർത്തയും മറിയവും അവൾക്കു കൂട്ടിരുന്നു. മഗ്ദലനയാകട്ടെ കണ്ണീരുണങ്ങാതെ ഇമ്മാനുവലിന്റെ കുരിശിനു ചുവട്ടിലും കാവലിരുന്നു. 'പുത്രൻ മടിയിൽ മരിക്കുന്നൊരമ്മതൻ കത്തിപ്പടരുന്ന ദുഃഖം'പോലെ മേരി നീറിപ്പുകഞ്ഞു, വെന്തുരുകി.
ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുമ്പോൾ ഐക്യരാഷ്ട്രസഭയുടെ ആവശ്യപ്രകാരം നീണ്ടകാലം ഈജിപ്തിൽ ചെലവഴിച്ച് തിരിച്ചുവന്ന അപ്പൻ അമ്മക്കും ഒരു നായക്കുമൊപ്പം തിരുക്കുടുംബംപോലെ കഴിയുമ്പോഴാണ് ഒരു കാരണവുമില്ലാതെ വെട്ടിയിട്ട മരംപോലെ പട്ടുപോകുന്നത്. അപ്പൻ മരണം കാത്തുകിടക്കുന്നതിനിടെ അമ്മ ലോകം വിട്ടുപോയി. മൂന്നുദിവസം നിർത്താതെ മോങ്ങിയ നായയെ മകൻ ജീവനോടെ കുഴിച്ചുമൂടി. അധികം വൈകാതെ ആശുപത്രിയിലെ യന്ത്രങ്ങൾക്കിടയിൽനിന്നുതന്നെ പ്രാണൻ അപ്പനെ വിട്ടുപോയി. ഒരു മരണത്തെ, പലമരണങ്ങളുടെ തുടർച്ചയിൽ ചിത്രീകരിക്കുന്ന മികച്ച കഥയാണിത്.
പിതാപുത്രബന്ധത്തിന്റെ ഭിന്നലോക, മാനങ്ങളാവിഷ്‌ക്കരിക്കുന്ന മേല്പറഞ്ഞ നാലുകഥകളെക്കാൾ ഹൃദയദ്രവീകരണശേഷിയുണ്ട്, ഉറുമ്പിനെ പരിപാലിക്കുന്നവിധം എന്ന രചനക്ക്. തിമോത്തി എന്ന കുട്ടിയെ ആരോഗ്യപ്രശ്‌നങ്ങൾ മൂലം കിന്റർഗാർട്ടനിൽ ചേർക്കാൻ കഴിയില്ല എന്നു കരുതിയെങ്കിലും അവൻ അവിടത്തോട് വേഗം പൊരുത്തപ്പെട്ടു. കുഞ്ഞുജീവികളുമായി ചങ്ങാത്തം കൂടി തന്റെതന്നെ ബലരാഹിത്യങ്ങളെ അവൻ മറികടന്നു. ഒരിക്കൻ സ്‌കൂൾ ബസിറങ്ങി വീട്ടിലേക്കു നടന്ന തിമോത്തിക്കു വഴിതെറ്റി. പിന്നെയുണ്ടായത് ആ കുടുംബത്തെ ഒന്നാകെ തലകീഴ്മറിച്ച അനുഭവങ്ങളായിരുന്നു. കുഞ്ഞുങ്ങളുടെ ലോകക്കാഴ്ചയെപ്പറ്റി മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മികച്ച കഥകളിലൊന്നാണിത്. വീട്ടിലേക്കുള്ള വഴി മറന്ന ഒരു കുഞ്ഞുറുമ്പിന്റെ അലച്ചിലുകളിലേക്ക് തന്നെത്തന്നെ പറിച്ചുനടുന്ന തിമോത്തിയിലാണ് കഥ അവസാനിക്കുന്നത്. എന്തൊരു കഥയാണിത്! വായിക്കൂ:
''ക്രമേണ സ്‌കൂൾ അവന്റെ പ്രിയ ഇടയായി. ആദ്യത്തെ ഉൽകണ്ഠകളൊക്കെ മെല്ലെ നീങ്ങിപ്പോയി. ആധിവ്യാധികളകന്ന ഒരു കുഞ്ഞായി. അവൻ പരുവപ്പെട്ടു. രാവിലെ സ്‌കൂൾബസിലേക്ക് അവൻ ഉത്സാഹത്തോടെ ഓടിക്കയറുന്നതും അപ്പോൾ ആർത്തുവിളിച്ച് തിമോത്തിയെ വരവേല്ക്കുന്ന കൂട്ടുകാരെയും ഞങ്ങൾ കണ്ടു. അവൻ വാനിറയെ വർത്തമാനം പറഞ്ഞുതുടങ്ങി. കാതറീന പറഞ്ഞതുപോലെ സ്‌കൂൾ അവന് ഒരു തെറാപ്പിയുടെ ഫലം ചെയ്യുകയായിരുന്നു. അങ്ങനെ എല്ലാം അതിന്റെ വഴിയേ സ്വസ്ഥമായി നീങ്ങുകയാണെന്ന് ഞങ്ങൾ ആഹ്ലാദത്തോടെ കാണാൻ തുടങ്ങുമ്പോഴാണ് അത് സംഭവിച്ചത്.
ഞങ്ങളുടെ വീടിരിക്കുന്ന ഹൗസിങ് കോളനിയിൽനിന്നും ഏറെ അകലെയല്ലായിരുന്നു പ്രസന്റേഷൻ സ്‌കൂൾ. കോളനിക്ക് മുന്നിലൂടെയുള്ള റോഡിലൂടെ ഇത്തിരി നടന്ന് വലത്തോട്ട് തിരിഞ്ഞാൽ അധികം അകലെയല്ല സ്‌കൂൾ. ഒരുദിവസം സ്‌കൂൾ വിട്ടുപോരുമ്പോൾ വണ്ടി ബ്രേക്ഡൗണായി. വഴി തിരിയാൻ ഇത്തിരി ദൂരമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത വീടുകളിലെ കുട്ടികളോട് നടന്ന് പൊയ്‌ക്കൊള്ളാൻ പറഞ്ഞു. തിമോത്തി നടന്ന് പൊയ്‌ക്കൊള്ളാമെന്ന് ആവേശത്തോടെ പറയുകയും ചെയ്തു. എല്ലാവരും വീടുകളിലെത്തി. തിമോത്തി മാത്രം വന്നില്ല.
അറിയാൻ ഞങ്ങൾ ഇത്തിരി വൈകിപ്പോയി. വരും വരും എന്ന് കാത്തതാണ്. വൈകൽ അതിന്റെ അതിരുകൾ ലംഘിക്കുകയാണെന്ന് തോന്നിയപ്പോൾ സ്‌കൂളിലേക്ക് ഓടി. പിന്നെ നാടൊട്ടുക്ക് ഓട്ടമായിരുന്നു. സ്‌കൂളുകാരും ഹൗസിങ് കോളനിയിലെ അയൽക്കാരും ഒപ്പം കൂടി മണിക്കൂറുകൾ കഴിഞ്ഞ് സന്ധ്യമയങ്ങിയ നേരത്ത് അകലെ ഒരിടത്ത് ഒരിടുക്കുവഴിൽ വിറച്ച് പനിച്ച തിമോത്തിയെ കണ്ടെത്തി. ഒച്ചിനെപ്പോലെ ഉൾവലിഞ്ഞ് പേടിച്ചരണ്ട് അവനാകെ താറുമാറായിരുന്നു. ആൾക്കൂട്ടം കൂടിയായപ്പോൾ അവൻ എന്റെ കൈയിൽ മയങ്ങിവീണു. നേരെ ഹോസ്പിറ്റലിലേക്ക് ഓടുകയായിരുന്നു. ഒരാഴ്ചകഴിഞ്ഞ് അവർ ഡിസ്ചാർജ് ചെയ്തു. മാസങ്ങൾ കഴിഞ്ഞാണ് ഞങ്ങൾക്ക് തിമോത്തിയെ പൂർണ്ണമായി തിരികെ കിട്ടിയത്.
അതിനുശേഷം കാതറീന പണമിടപാട് സ്ഥാപനത്തിലെ ജോലി രാജിവച്ചു. ഞങ്ങൾ ഒരു സ്‌കൂട്ടർ വാങ്ങി. അവൾ അത് ഓടിക്കാൻ പഠിച്ചു. സ്‌കൂട്ടറിൽ തിമോത്തിയെ സ്‌കൂളിലേക്ക് കൊണ്ടുപോകലും മടക്കിക്കൊണ്ടുവരുകയുമായി അവളുടെ ജോലി. എന്നിട്ടും ഭയം ഒരു നിഴൽപോലെ ഞങ്ങളുടെ ജീവിതത്തിൽ നിന്നും ഒഴിയാതെനിന്നു. അവൻ ഒരു സാധാരണ കുട്ടി മാത്രമാണെന്നും കുഞ്ഞുങ്ങൾ വളർന്നുകയറുന്നതിന്റെ പതിവ് ആകുലതകളെ ഞങ്ങൾ വെറുതേ പൊലിപ്പിക്കുകയാണെന്നും ഞങ്ങൾ സമാധാനിക്കാൻ ശ്രമിച്ചു. അനേകം കൗതുകങ്ങളും ജിജ്ഞാ സകളും ജീവസ്സുറ്റതാക്കിക്കൊണ്ടിരുന്ന തിമോത്തിയുടെ മുഖം ഞങ്ങളെ ശാന്തരാകാൻ പ്രേരിപ്പിച്ചു. സ്‌കൂളിൽ കൂട്ടുകാരും വീട്ടിലും പരിസരങ്ങളിലും കുഞ്ഞുപ്രാണികളും അവന്റെ ലോകത്തെ തെളിച്ചമുള്ളതാക്കിക്കൊണ്ടിരുന്നു. ചെടികളും പൂക്കളും സൂര്യനും ചന്ദ്രനും താരകങ്ങളും അവനോട് മിണ്ടുന്നുണ്ടാവുമെന്ന് കാതറീന പറഞ്ഞു.
ഇന്നലെ തണുത്ത സന്ധ്യ ഇരുളുന്ന നേരം കാതറീന അത്താഴം ഒരുക്കുന്നതിന്റെ തുടക്കങ്ങളിലായിരുന്നു. ഞാൻ വീട്ടിലെത്തുമ്പോൾ തിമോത്തി മുറ്റത്ത് ഒറ്റയ്ക്കിരിക്കുന്നു. പൊടികുത്തിയ മണ്ണിൽ അവൻ എന്തോ കാണുകയാണ്. എന്റെ കാലൊച്ചകളിലേക്ക് അവന്റെ ശ്രദ്ധ തിരിഞ്ഞില്ല. ഞാനവന്റെ പിന്നിലെത്തി. അവൻ എന്തോ കുനിഞ്ഞ് നോക്കുകയാണ്. അരണ്ട തെളിച്ചത്തിൽ അതൊരു കുഞ്ഞുറുമ്പാണെന്ന് ഞാൻ കണ്ടു. ഏകാകിയായ ഒരുറുമ്പ്. തിമോത്തി അതിനുമുന്നിലേക്ക് അതീവജാഗ്രതയോടെ വയ്ക്കുന്ന പഞ്ചസാരയുടെ തരികളെ ആ കുഞ്ഞുറുമ്പ് വകവയ്ക്കുന്നില്ല. തീരെ സാവധാനത്തിൽ തളർന്നുലഞ്ഞാണ് അത് മുന്നോട്ട് നീങ്ങാൻ ശ്രമപ്പെടുന്നത്. തിമോത്തി അവന്റെ പാദങ്ങൾ മെല്ലെ നീക്കി ഉറുമ്പിനൊപ്പം നീങ്ങുകയാണ്. ഞാനും അവനൊപ്പം നിലത്ത് കുന്തിച്ചിരുന്നു. തിമോത്തി എന്നെ കണ്ടു. അവൻ മുഖംതിരിച്ച് എന്നെ നോക്കി.
''വഴി തെറ്റിയതാണച്ഛാ. വീട്ടിലേക്കുള്ള വഴി മറന്നുപോയതാരിക്കും''.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഉറുമ്പുകളുടെ ജീവിതത്തെക്കുറിച്ച് അവന് ഞാൻ പറഞ്ഞുകൊടുത്തിരുന്നു. അവയുടെ സാമൂഹികബോധം, ടീമുകളായി സഞ്ചരിക്കുകയും പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യുന്ന ശീലം, ഒക്കെ തിമോത്തി കേട്ടതാണ്. ഒറ്റപ്പെട്ട ആ കുഞ്ഞുറുമ്പിനെ മറ്റേതെങ്കിലും വിധത്തിൽ അവന് ഇപ്പോൾ വിശദപ്പെടുത്താനും എനിക്കായില്ല. അവൻ പറയുന്നതാവും ശരിയെന്ന് എനിക്കും തോന്നി. വഴി എങ്ങനെയോ തെറ്റിയതാവും. വീട്ടിലേക്കുള്ള വഴി മറന്നുപോയതായിരിക്കും.
സന്ധ്യ ഇരുളുകയാണ്. കാതറീന വീട്ടിനുപുറത്തെ വരാന്തയിൽ ഇരിക്കുന്നു. ഉറുമ്പ് ഇപ്പോൾ മുമ്പത്തേക്കാൾ ക്ഷീണിതമാണ്. എവിടെയൊക്കെയോ മുറിവേറ്റ ഒരു ജീവിയെപ്പോലെയാണ് അതിപ്പോൾ സഞ്ചരിക്കാൻ പാടുപെടുന്നത്. ഒരു മുഴുത്ത ധാന്യമണിയെ മറികടക്കാൻ പോലും അത് ക്ലേശിക്കുന്നുണ്ട്.
ഹൗസിങ് കോളനിയിൽ അവിടവിടെയായി അരണ്ടു കത്തുന്ന തെരുവ് വിളക്കുകൾക്ക് ഇരുളിനെ മായ്ച്ചുകളയാൻ ആവുന്നില്ല. കോളനിയാകെ ഇരുളിലേക്ക് തെന്നിപ്പോകുന്നു. അപരിചിതരായ മനുഷ്യർ എവിടെനിന്നൊക്കെയോ വന്നെത്തി പാർത്തുപോന്ന അവിടം ആർക്കും ഉടമാവകാശം നല്കിയിരുന്നില്ല. വീടണയാനുള്ള തിടുക്കങ്ങളിൽ എന്നെയും തിമോത്തിയെയും ആരും ശ്രദ്ധിക്കുന്നില്ല. ഉറുമ്പ് താനേ വീട് കണ്ടെത്തും അല്ലെങ്കിൽ അതിന്റെ ടീമംഗങ്ങൾ കൂട്ടിക്കൊണ്ടു പോകാനായി വരും എന്നൊക്കെയുള്ള എന്റെയും കാതറീനായുടെയും വാക്കുകളെ തിമോത്തി കാര്യമാക്കിയില്ല. ദിനം ഒടുങ്ങി ഇരുൾ പരന്നു. രണ്ട് കുഞ്ഞീച്ചകൾ അവരെ ചുറ്റി പറക്കുന്നു. ഇത്തിരി അകലെക്കൂടി ഒരു നേർത്ത പഴുതാര നീങ്ങുന്നു. ഒരു പൂച്ചയുടെ കരച്ചിൽ കേൾക്കാ നാവുന്നുണ്ട്. മഞ്ഞും തണുപ്പും ഇറങ്ങിവന്നുകൊണ്ടിരിക്കുന്നു. പൂക്കളും ഇലകളും ഈറനാകുന്നുണ്ട്. തിമോത്തി ശ്വാസമെടുക്കാൻ ആയാസപ്പെടുന്നു. ഏകാന്തനക്ഷത്രങ്ങൾ തെളിച്ചമില്ലാതെ മുനിഞ്ഞ് നില്ക്കുന്നു. കുഞ്ഞുപാദങ്ങൾ നീക്കി ഉറുമ്പിനൊപ്പം തിമോത്തിയും ചലിക്കുന്നു, വീടി നായി തേടുന്നു''.
അച്ഛനും അമ്മയും ചെറിയ ഇടവേളകൾക്കിടയിൽ മരിച്ചതോടെ നീലിമയും കരുണനും മാത്രമായി. നീലിമയെ കാമുകൻ കിടപ്പറയിൽ തേടിവന്നതറിയുന്ന കരുണൻ നാടുവിട്ടു. കാലങ്ങൾക്കുശേഷം തിരിച്ചുവന്ന അവൻ വീണ്ടും നാടുവിടുന്നതും ഭൂഖണ്ഡാന്തരയാത്രകളിൽ മനംമടുത്ത് പിന്നെയും തിരിച്ചെത്തുന്നതുമാണ് 'മധുരാന്തകം' എന്ന കഥ. മനുഷ്യന്റെ നിസ്സഹായതയെയും നിസ്സാരതയെയും നിസ്വതയെയും കുറിച്ചുള്ള വലിയ തിരിച്ചറിവുകളിലേക്കാണ് യാത്രകൾ കരുണനെ കൂട്ടിക്കൊണ്ടുപോകുന്നത്.
ഈ സമാഹാരത്തിലെ ഏറ്റവും രാഷ്ട്രീയബദ്ധമായ കഥകൾ മോട്ടോർ സൈക്കിൾ ഡയറിയും ദണ്ഡിയാത്രയുമാണ്. ഏണസ്റ്റോ ചെഗുവേരയുടെ മകളും കൊച്ചുമകളുമൊക്കെ ഇടയ്ക്കിടെ കേരളത്തിലെത്തുന്നതും അവരെ സ്വീകരിച്ചുകൊണ്ടു നടക്കുന്നതുമൊക്കെ ഏതാണ്ടൊരു രാഷ്ട്രീയാക്ഷേപഹാസ്യസിനിമപോലെ മലയാളിയെ കൂടെക്കൂടെ ചിരിപ്പിക്കാറുണ്ടല്ലോ. അത്തരമൊരു കഥയുടെ പശ്ചാത്തലത്തിൽ സങ്കല്പിക്കപ്പെടുന്ന ഒന്നാന്തരം ബ്ലാക്ക്ഹ്യൂമറാണ് മോട്ടോർ സൈക്കിൾ ഡയറീസ്. ഇവിടെ ചെഗുവേര ക്യൂബൻ വിപ്ലവനായകനല്ല. ആലപ്പുഴയിൽ പുന്നപ്രവയലാർ സമരത്തിൽ പങ്കെടുത്ത് പെടുമരണം വരിച്ച കമ്യൂണിസ്റ്റുകാരന്റെ മകനും റേഷൻകടയുടമയുമായ ചെഗുവേരയാണ്. പാർട്ടി പിളരുകയും രാഷ്ട്രീയം കച്ചവടമാകുകയും കുലംകുത്തികൾ പ്രസ്ഥാനം കയ്യടക്കുകയും ചെയ്തപ്പോൾ റേഷൻകടവിപ്ലവത്തിലൂടെ ദരിദ്രർക്ക് അന്നം നൽകിയ ചെഗുവേരയെ റേഷൻവ്യാപാരികൾതന്നെ സംഘടിതമായി തല്ലി നിലംപരിശാക്കി കെട്ടിത്തൂക്കി. ചെഗുവേരയുടെ ഭാര്യ എവുപ്രേസിയാമ്മ മകനെ അസീസിയിലെ ഫ്രാൻസിസ് പുണ്യാളന്റെ പേരിട്ട് വിളിച്ചുവളർത്തി. അവൻ യൂറോപ്പിൽപോയി ജീവിച്ചു. കാലാന്തരത്തിൽ ഫ്രാൻസിസിന്റെ മകൻ നൈജിൽ, മുത്തച്ഛന്റെ നാട് കാണാൻ പുന്നപ്രയിലെത്തുന്നതാണ് കഥ. ചെഗുവേരയുടെ സഹായിയായി റേഷൻകടയിൽ നിന്നിരുന്നയാളുടെ മകൻ മാധവൻ നൈജിലിന്റെ തുണയായി. സമ്പൂർണമായും വഴിതെറ്റിയ പ്രസ്ഥാനവും അഴുകിനാറിയ ഭരണകൂടവും സൃഷ്ടിക്കുന്ന അപഥരാഷ്ട്രീയവും അവിശുദ്ധചരിത്രവും തിരിച്ചറിയുന്ന നൈജിൽ മുത്തച്ഛന്റെ മോട്ടോർ സൈക്കിൾ മച്ചിൽനിന്നിറക്കി നന്നാക്കി മാധവനുമൊത്ത് ഒരു യാത്ര പോകുന്നു. മലയാളത്തിലെഴുതപ്പെട്ട കമ്യൂണിസ്റ്റ് വിഡംബനകഥകളുടെ ഒന്നാംനിരയിൽ ഇടംപിടിക്കും, മോട്ടോർ സൈക്കിൾ... പാരഡിയും പാസ്റ്റിഷും ഫാഴ്‌സും കോമഡിയും ട്രാജഡിയും സറ്റയറും ഹൈപ്പർ ടെക്സ്റ്റും മെറ്റഫിക്ഷനും ഒന്നായിഴപിരിയുന്ന കഥ. ഇരുതലമൂർച്ചയുള്ള വാൾപോലെ ചരിത്രത്തിന്റെ നെഞ്ചുതുളച്ചു കയറുന്ന രാഷ്ട്രീയവിമർശനം.
ദണ്ഡിയാത്ര എന്ന കഥ നോക്കുക. ഉത്തരേന്ത്യയിൽ നിന്നുള്ള മോഹൻദാസ് എന്ന ദലിതൻ തന്നെയും കുടുംബത്തെയും പണയ ഉരുപ്പടികളാക്കി മാറ്റിയ ജന്മിയുടെ പക്കൽനിന്ന് ഒളിച്ചോടി ഡൽഹിയിലെത്തി പണിയെടുത്തു പണം സമ്പാദിക്കുന്ന കാലത്താണ് കോവിഡ് ലോക്ഡൗൺ വരുന്നത്. ദിവസങ്ങൾ നടന്നുഴറി ഭാര്യയെയും മക്കളെയും കാണാൻ ജന്മിയുടെ വീട്ടിലെത്തുന്ന അയാളെ ജന്മിയുടെ കിങ്കരന്മാർ തച്ചുടച്ചു. ഗാന്ധിയുടെ ദണ്ഡിയാത്രയുടെ കാലാന്തരരൂപകം കടമെടുത്ത് ലോക്ഡൗൺ കാലത്ത് ലക്ഷക്കണക്കിന് ദരിദ്രമനുഷ്യർ അനുഭവിച്ച സമാനതകളില്ലാത്ത നരകയാതനകളുടെ ഒരു സൂക്ഷ്മപരിച്ഛേദമവതരിപ്പിക്കുകയാണ് ആന്റണി. എലികളെ പിടിച്ചു ജീവിക്കുന്ന മുഷ്ഹാർ ജാതിയിൽ പെട്ടയാളാണ് മോഹൻദാസ്. ഒടുവിൽ അയാൾതന്നെയും ചെന്നകപ്പെടുന്നത് ജാതി മുതൽ ഭരണകൂടം വരെയുള്ളവ വിരിച്ച വലിയൊരു എലിക്കെണിക്കകത്താണ്. ഭൂരഹിതരും അഭയാർഥികളും പലായികളും പണയ ഉരുപ്പടികളും ദലിതരുമായ ലക്ഷക്കണക്കിനു മനുഷ്യർക്ക് രാഷ്ട്രവും ദേശീയതയുമൊക്കെ എലിപ്പത്തായങ്ങൾ മാത്രമാണെന്നു ധ്വനിപ്പിക്കുന്ന ഒന്നാന്തരം രാഷ്ട്രീയകഥ.
ഒരേസമയംതന്നെ തീവ്ര സ്ത്രീസ്വത്വവാദത്തിന്റെയും തീവ്ര മതവിശ്വാസത്തിന്റെയും ഇരട്ടഗോവണി ചവിട്ടിക്കയറുന്ന കഥയാണ് ദക്ഷച്ചേച്ചി. ദാക്ഷായണി വേലായുധന്റെ ജീവിതസമരം മുൻനിർത്തി ആഖ്യാതാവിനോട് ഭാര്യ പറയുന്ന കഥ ഒരുവശത്ത്. തന്റെ പിതാവും ബൊഹീമിയൻ കലാകാരനുമായിരുന്ന തോമായുടെ മുഖം വരച്ച് അത്ഭുതസിദ്ധിയുള്ള യേശുവിന്റെ ചിത്രമാക്കി വിൽക്കുന്ന ദിദിമോസ് എന്ന ഫോട്ടോ ഫ്രെയിം കച്ചവടക്കാരന്റെ കഥ മറ്റൊരു വശത്ത്. 'ഒരാളിൽതന്നെ എത്രയാളുകളാണ് പൊരുളാകുന്നത്?' എന്ന ചോദ്യമുയർത്തുന്നു ആന്റണി ഈ കഥയിൽ.
ഗൾഫിലെ ഒരു കമ്പനിയിൽ മൂന്നു ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള തൊഴിലാളികൾക്കിടയിൽ രൂപംകൊള്ളുന്ന അസാധാരണ പേശീബലമുള്ള മാനുഷികബന്ധങ്ങളുടെയും അവയ്ക്കിടയിൽ സംഭവിക്കുന്ന ചില താളംതെറ്റലുകളുടെയും കഥപറയുകയാണ് തിമോത്തി വാംബുവയുടെ പൂമരം. ഭാര്യയെ കാണാനില്ല എന്ന് നാട്ടിൽനിന്ന് അറിയിപ്പുകിട്ടുന്ന കെനിയക്കാരൻ തിമോത്തിക്ക് സമനിലതെറ്റുന്നു. വംശഭീതി അയാളെക്കൊണ്ട് ആയുധമേറ്റുന്നു. ബോബ് ഡിലാന്റെ വിഖ്യാതമായ വിഷാദഗാനങ്ങൾ പാടി മരുഭൂമിയിൽ ജീവിതം പിടിച്ചുനിർത്തിയ തിമോത്തിയുടെ കയ്യിലെ ചോരക്കറയുള്ള കത്തിയിൽനിന്ന് ഓറഞ്ച് മരങ്ങളുടെ അതുല്യ ജൈവഭംഗിയിലേക്ക് അയാളുടെ മനസ്സ് പറിച്ചുനട്ട് കഥ തിമോത്തിയുടെ സ്വാസ്ഥ്യം തിരിച്ചുപിടിക്കുന്നു. കറുത്തവൻ കറുത്തവനിൽ കാണുന്ന വിശ്വാസത്തിന്റെ കലയും രാഷ്ട്രീയവുമാണ് ഈ കഥ.
കഥയിൽ മാത്രമല്ല കഥയെക്കുറിച്ചുള്ള ഭാവനയിലും നിർണായകമായ ഇടപെടലുകൾ നടത്തുന്നുവെന്നതാണ് ആന്റണിയുടെ എഴുത്തുജീവിതത്തിന്റെ സവിശേഷമായ സ്വഭാവങ്ങളിലൊന്ന്. കഥയുടെ സാംസ്‌കാരിക വിചാരങ്ങളായി മാറുന്ന നിരവധി കരുനീക്കങ്ങൾ കഥയ്ക്കുള്ളിൽതന്നെ സന്നിവേശിപ്പിച്ചുകൊണ്ടാണ് ഈ കഥ-കളി നടത്തുന്നതദ്ദേഹം. 'മനസ്സിനിണങ്ങിയ നുണകൾ മാത്രമാണ് ഫിക്ഷനെന്നും അതൊരിക്കലും യാഥാർഥ്യമാകരുതെന്നും' ഈ സമാഹാരത്തിലെ ഒരു കഥയിൽ എഴുത്തുകാരനാകാൻ കഴിയാതിരുന്ന പിതാവ് എഴുത്തുകാരനാകാൻ പോകുന്ന മകനെ ഉപദേശിക്കുന്നുണ്ട്. ആന്റണിയുടെ കഥകളുടെ വായന പക്ഷെ തികച്ചും വിപരീതമായ ഒരനുഭൂതിലോകത്തിലാണ് നമ്മെ കൊണ്ടുചെന്നെത്തിക്കുക. ഉള്ളുരുക്കുന്ന പ്രാണവേദനകളെ കണ്ണീരിലും, നിർവാഹമില്ലാതെവരുമ്പോൾ ചിരിയിലും ചാലിച്ചെഴുതുന്ന നേർജീവിതചിത്രങ്ങൾതന്നെയാണ് അവ. ഒന്നാലോചിച്ചാൽ ഭാവനയെക്കാൾ വലിയ യാഥാർഥ്യങ്ങളുണ്ടോ? യാഥാർഥ്യങ്ങളെക്കാൾ വലിയ ഭാവനയും!?
കഥയിൽനിന്ന്
''ചെഗുവേരയുടെ അച്ഛൻ തേജോമയനായിരുന്നു. നാട്ടുരാജ്യത്തിന്റെ പ്രാകൃതമായ അധികാരത്തോട് വാരിക്കുന്തവുമായി പൊരുതിത്തോറ്റ ഒരാൾ. വിപ്ലവമെന്നത് പഴുത്ത് പാകമായി ഞെട്ടറ്റ് തലയിൽ വീഴുന്ന ഒന്നല്ലെന്നും അത് അടയിരുന്ന് വിരിയിക്കേണ്ട ഒന്നാണെന്നും സദാ കനവിൽ കണ്ടയാൾ. വിമോചകൻ എന്നൊരാൾ ഇല്ലെന്നും അത് ജനങ്ങളുടെ സ്വപ്നങ്ങളിൽ വസന്തമായി വിരിഞ്ഞ് പിന്നീടവർ സാദ്ധ്യമാക്കിയെടുക്കുന്നതാണെന്നും പാഠം കൊണ്ടയാൾ. ആറും നൂറും തലമുറ കാക്കേണ്ടിവന്നാലും ഒന്നും അണച്ചുവയ്‌ക്കേണ്ടതില്ലെന്ന് അയാൾ ശഠിച്ചു.
നന്മനിറഞ്ഞ യുദ്ധങ്ങൾ എപ്പോഴും ജയിക്കാനായിട്ടല്ലെന്നും തോല്ക്കുന്ന യുദ്ധങ്ങളിലും വിജയം ഒളിചിന്നുന്നുണ്ടെന്ന് അയാൾ വിശദപ്പെടുത്തി. അതുകൊണ്ടാണ് ജ്ഞാനസ്‌നാനപ്പേര് തട്ടിനീക്കി മകനെ ഏണസ്റ്റോ ചെഗുവേരയെന്ന് വീണ്ടും ജനിപ്പിച്ചത്. ഇതൊന്നും അറിയാതെയാണ് പ്രസ്ഥാനം പിളർന്നത്.
പുലരി കാത്തുകാത്തിരിക്കുന്ന കാവല്ക്കാരനെപ്പോലെ നൈജിൽ ദിനസരിക്കുറിപ്പുകൾ വായിച്ചു. അപ്പാപ്പൻ ചിലതെല്ലാം അരുമയായി ചെവിയിൽ ഓതിത്തരുന്നതായി അവനു തോന്നി. പൊയ്‌പ്പോയ തലമുറകൾ കുടമഞ്ഞുപോലെ തന്നിൽ അമർന്ന് നിറയുന്നതായും തോന്നി. ചിലപ്പോൾ വെറുതെ ജാലകം തുറന്ന് ആകാശം നോക്കിയിരുന്നു. കാണാത്ത കാഴ്ചകളും കേൾക്കാത്ത ഒച്ചകളും അവനെ പൊതിഞ്ഞു. അരുതായ്മയുടെയും അറിയായ്മയുടെയും പെൻഡുലവഴി അവന് വെളിപ്പെട്ടു. ഉള്ളകം അഴിഞ്ഞ് നഗ്‌നമായി. രാപകലുകളെ വേർതിരിച്ചിരുന്ന ചുവരുകൾ ഇടിഞ്ഞുവീണു. അധികാരത്തെക്കാൾ വലുതും ശ്രേഷ്ഠവും അതിന്റെ പ്രയോഗങ്ങളാകുന്നത് എന്തുകൊണ്ട്?
'ഇവർ ഇത്രമേൽ നിസ്വരാകുന്നത് എന്തുകൊണ്ട്? അദ്ധ്വാനം പാഴും ശൂന്യവും രുചികൾ ഒഴിഞ്ഞതും ആകുന്നതെന്തുകൊണ്ട്? അത് അവനെയും ഭൂമിയെയും സുഖത്തിലേക്കും സ്വാസ്ഥ്യങ്ങളിലേക്കും കൊണ്ടുപോകാത്തത് എന്തുകൊണ്ട്? ഒന്നും ചെയ്യാത്തവർ എന്തെങ്കിലും ചെയ്യന്നവരേക്കാൾ ശ്രേഷ്ഠരായി ഗണിക്കപ്പെടുന്നത് എന്തുകൊണ്ട്? അനീതിയും അപമാനവും കോപത്തെയും കരുത്തിനെയും പോഷിപ്പിക്കേണ്ടതല്ലേ? ഈ മനുഷ്യർ ഇങ്ങനെയാകുന്നത് എന്തുകൊണ്ട്?
ജ്ഞാനോദയത്തിന്റെ കയ്‌പ്പും ചവർപ്പും മാധുര്യവും നൈജിൽ ഫ്രാൻസീസ് താങ്ങി. പതിനെട്ടാമത്തെ വയസ്സിൽ അവന്റെ ആയുസ്സ് തിടംവയ്ക്കുകയായിരുന്നു. മാധവൻ മനസ്സോട് ഇണങ്ങിയടുത്തുകൊണ്ടിരുന്നു.
''ഇന്ന് സകലരും കമ്യൂണിസ്റ്റുകാരെന്ന് തിടുക്കപ്പെടുന്നത് എന്തുകൊണ്ട്? ഒരുകാലത്ത് രാജാധികാരത്തോടും സാമ്രാജ്യത്വത്തോടും പള്ളിയോടും സ്വന്തം കുടുംബത്തോടുതന്നെയും കുതറി പ്രസ്ഥാനത്തെ കരുപിടിപ്പിച്ചവരെക്കാൾ കമ്യൂണിസ്റ്റുകാരായി ഇവർ ഗർവ്വിക്കുന്നത് എന്തുകൊണ്ട്? ജനങ്ങളുടെ ആധിപത്യം ജനാധിപത്യവിരുദ്ധമാകുന്നത് എന്തുകൊണ്ട്? കമ്യൂണിസ്റ്റുകാർക്ക് കൂടുതൽ കൂടുതൽ തടവറകൾ നിർമ്മിക്കേണ്ടിവരുന്നത് എങ്ങനെയാണ് ന്യായപ്പെടുത്താനാവുക''.
നിന്റെ അപ്പം എടുത്തുകൊൾക. എന്റെ സ്വാതന്ത്ര്യം തിരിച്ചുതരിക. നീതിയും സ്വാതന്ത്ര്യവും അവിഭക്തങ്ങളെന്ന അറിവിൽ നൈജിൽ നനഞ്ഞീറനായി. മതങ്ങളെക്കാൾ അനുസരണ ഇന്ന് കമ്യൂണിസ്റ്റ് നേതാക്കൾ ആവശ്യപ്പെടുന്നതെന്തിനെന്ന് മാധവൻ ഉണർന്നു.
ചെഗുവേര ദിവ്യകാരുണ്യം സ്വീകരിച്ചത് തിരുനെല്ലിയുടെ ഹൃദയത്തിലായിരുന്നു. എവുപ്രാസിയാമ്മ കലപ്പയിൽ കൂട്ടുകൈ വച്ചതും വനസ്വർഗ്ഗത്തിൽ വച്ചുതന്നെ. അതുകൊണ്ടാണ് മകനെ അസ്സീസിയുടെ ഫ്രാൻസീസെന്ന് പേർചൊല്ലി വിളിച്ചത്. നമുക്കാവശ്യമില്ലാത്തതരം മനുഷ്യരെ ഉല്പാദിപ്പിക്കുന്ന ഇടങ്ങളാണ് സർവ്വകലാശാലകളെന്ന് തോന്നിയതിനാൽ ഫ്രാൻസീസിനെ അങ്ങോട്ട് അയച്ചില്ല. ധനികരുടെ സന്താനങ്ങൾക്ക് വിളയാടാനുള്ള ഇടങ്ങളാവരുത് അവ. എന്നാൽ ഫ്രാൻസീസ് അതോട് ഇണങ്ങിയില്ല. കാല്പാദം ഉറച്ച് ഇത്തിരി ദൃഢപ്പെട്ടപ്പോൾ അവൻ അച്ഛനെ ഉപേക്ഷിച്ചു. വൈകാതെ തക്കം പാർത്തെത്തിയ ഒരു സ്‌കോളർഷിപ്പ് ഫ്രാൻസീസിനെ യൂറോപ്പിലെത്തിച്ചു. പിന്നെ കുടുംബത്തിന്റെ നിഴൽത്തണുപ്പിൽ എവുപ്രാസിയാമ്മയും ചെഗുവേരയും പൊങ്ങുകളായി അകന്നുപോയി. വൃദ്ധൻ സകലവും നൈജിലിന്റെ പേരിൽ എഴുതിവച്ചെന്നും കടന്നുപോയെന്നും അറിഞ്ഞപ്പോൾ ഫ്രാൻസീസ് വെറുതേ ചിരിച്ചു. എന്നിട്ടും ഒരു പതിറ്റാണ്ടിന്റെ മൂപ്പിൽ നൈജിൽ ഒരു തമാശയുടെ വെളിവ് തേടി ഇറങ്ങുകയായിരുന്നു.
നഗരത്തിന്റെ ഉടയാടകൾ ഉരിഞ്ഞ് നൈജിലിനെ മാധവൻ നഗ്‌നനാക്കി. ചെഗുവേരയുടെ ഭവനവും അതിലെ ദിനസരിക്കുറിപ്പുകളും അവരൊരുമിച്ച് പങ്കുവച്ചു. ഒടുവിലവർ മച്ചകങ്ങളിൽ നിന്നും ആ മോട്ടോർ സൈക്കിൾ കണ്ടെടുക്കുകതന്നെ ചെയ്തു. പുരാതനമായ അതിന്റെ ഭാഗങ്ങളെ തുരുമ്പ് തീണ്ടിയിരുന്നില്ല. ഒരു ഉത്സവം പോലെയാണ് അവരതിനെ ഭൂമിയിലേക്ക് കൊണ്ടുവന്നത്. മുറ്റത്ത് ഒരു കല്യാണപ്പന്തലുയർത്തി മോട്ടോർസൈക്കിൾ പുരയൊരുക്കി. ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിന്റെ പഴയ ബാലപാഠങ്ങൾ തുണയായി. ബൈക്ക് അതിന്റെ അണിഞ്ഞൊരുങ്ങൽ മെല്ലെ തുടങ്ങി.
രാത്രിയിൽ കഷ്ടാനുഭവവായനയായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം വന്ന തിരഞ്ഞെടുപ്പിൽ ഏണസ്റ്റോ ചെഗുവേര സ്വാതന്ത്ര്യത്തിന്റെ പക്ഷത്തായിരുന്നു. ഒരു രാത്രി ത്രിവർണ്ണന്മാർ അയാളെ കുടുക്കിട്ട് പിടിച്ചു. പുലരുംമുൻപേ മുക്കവലയിൽ പ്രാകൃതമായ ഒരു കുരിശുമരം ഉയർന്നിരുന്നു. അതിൽ ചെഗുവേര ഞാന്നുകിടക്കുന്നതുകണ്ട് നാട് അമ്പരന്നു. ഫലിതംപോലെ ഒരു കോണകം അയാളുടെ നഗ്‌നതയെ മറച്ചിരുന്നു. അരക്കെട്ടിലെ ചോരച്ചാലുകൾ അയാളുടെ തകർക്കപ്പെട്ട ലിംഗത്തെ അടയാളം ചെയ്തു. ഒരു കക്ഷിക്കും വേണ്ടാതെ ഉച്ച പാതിയാകുംവരെ ചെഗുവേര ആ കിടപ്പിൽ കിടന്നു. മാധവന്റെ അച്ഛൻ അയാളെ ഇറക്കാൻ ധൈര്യപ്പെട്ടു. അലിവുള്ള ചില സ്ത്രീകൾ അയാളെ തുണച്ചു. ആശുപത്രിയിൽ നിന്നും പുറത്തുവന്ന ചെഗുവേര റേഷൻകടയിലേക്ക് സ്വയം ഒതുക്കുകയായിരുന്നു. അയാൾക്കു മുന്നിൽ നീതിയുടെ അടയാളപ്പെരുമപോലെ ഒരു ത്രാസ് ധാന്യങ്ങൾ തൂക്കി നല്കിക്കൊണ്ടിരുന്നു.
ഓരോ പുലരികളിലും നൈജിൽ ഫ്രാൻസീസ് ലോകത്തെ പുതുതായി കണ്ടു. കല്യാണപ്പന്തലിൽ മോട്ടോർസൈക്കിൾ തയ്യാറായിക്കൊണ്ടിരുന്നു. പഴങ്ങളുടെ പെരുപ്പങ്ങളിൽ നൈജിൽ കൈതച്ചക്കയെ മറന്നുതുടങ്ങിയ ഒരു പുലരിയിൽ മാധവൻ അവനോട് മൊഴിഞ്ഞു.
''ഞാൻ ഇവിടം വിട്ടെങ്ങും സഞ്ചരിച്ചിട്ടില്ല. ഏഴാംക്ലാസ് കഴിഞ്ഞ് പഠിച്ചിട്ടുമില്ല. എന്നാലും എനിക്ക് ഒന്നറിയാം, മനുഷ്യൻ പരിമിതനാണ്. എല്ലാം അറിയാനും തീർപ്പ് കല്പിക്കാനും അവനാവില്ല. എന്നാലും ആരായുക എന്നതുപോലെ ആഹ്ലാദകരമായി മറ്റൊന്നില്ല. അറിയുന്നവനെ മാറ്റുന്നതാണ് അറിവ്. അങ്ങനെ മാറുന്നതിലാണ് ആനന്ദം''.
നൈജിൽ ഫ്രാൻസീസ് കൗതുകപ്പെട്ട് കേട്ടിരുന്നു. കിഴക്കേച്ചെരുവിൽ നിറങ്ങൾ കൂടിക്കലരുകയായിരുന്നു.
''ഒന്നും അവസാനവാക്കല്ല. സകലവും സമീപനങ്ങളും വ്യാഖ്യാനങ്ങളും മാത്രമാണ്. എല്ലാ വശങ്ങളിൽ നിന്നും ഒരേസമയം കാണുവാൻ ആർക്ക് കഴിയും? ആർക്കും തെറ്റ് സംഭവിക്കുന്നുമില്ല. ഓരോരോ കാഴ്ചപ്പാടുകൾ; ഓരോരോ കാഴ്ചകൾ''.
മാധവൻ എഴുന്നേറ്റ് മോട്ടോർസൈക്കിൾ സ്റ്റാന്റിൽനിന്നും ഇറക്കി. അതിന്റെ ചക്രങ്ങൾ മണ്ണിനെ ചുംബിച്ചു. സന്ദേഹങ്ങളെയകറ്റി അയാൾ സ്റ്റാർട്ടറിൽ ആഞ്ഞു ചവിട്ടി. മോട്ടോർ ഇരമ്പിക്കുതിച്ചു. മാധവനും നൈജിലും മിഴികൾ കോർത്ത് പുഞ്ചിരിച്ചു.
''കൈതച്ചക്കയുടെ കാര്യം മറന്നോ? ഒരു കാലത്ത് ദരിദ്രരിൽ ദരിദ്രരുടെ അന്നമായിരുന്നു കൈതച്ചക്ക. പഴവാസനയിൽ കൈതച്ചക്കയെ വെല്ലാൻ മറ്റൊരാളില്ല. പക്ഷേ, ഇന്ന് അതിനെ തൊടാൻ അന്നമില്ലാത്തവനും ഭയമാണ്. പുറത്തെ മുള്ളുകളും പിന്നെ ചൊറിയുമോ എന്ന ശങ്കയുമാണ് അവരെ അകറ്റുന്നത്. അച്ഛൻ പറഞ്ഞ് എനിക്കറിയാം നല്ല ചക്കപ്പഴത്തെ തിരിച്ചറിയാൻ. അത് ദാഹമകറ്റും, പ്രസരിപ്പ് ഏറ്റും, വിശപ്പ് മാറ്റും''.
അന്ന് രാവിൽ അവർ കൈതച്ചക്കയുടെ പ്രാചീനമായ വിരുന്നുണ്ടു. പുലരിയിൽ മോട്ടോർസൈക്കിൾ ഒരുങ്ങി. യാത്ര പുറപ്പെടുംമുൻപ് നൈജിൽ ലാപ്‌ടോപ് തുറന്ന് ഡയറിയിൽ എഴുതി.
''ഇത് ഒരു വീരേതിഹാസമല്ല, നിരാശാഭരിതനായ ഒരുവന്റെ ആഖ്യാനവുമല്ല; ഇവ രണ്ടുമാകാൻ ഉദ്ദേശിച്ചിട്ടുമില്ല. സമാനമായ പ്രതീക്ഷകളും സ്വപ്നങ്ങളുമായി കുറച്ചുകാലം ഒരുമിച്ചൊഴുകിയ രണ്ട് ജീവിതങ്ങളെക്കുറിച്ചുള്ള ഇടവിട്ടകാഴ്ചകൾ മാത്രം''.
ലാപ്‌ടോപ് അടച്ച് തോളിൽ ഞാത്തി നൈജിൽ മോട്ടോർസൈക്കിളിന്റെ ഡ്രൈവിങ് സീറ്റിൽ കയറി. സ്റ്റാർട്ട് ചെയ്ത് മോട്ടോർ ഇരമ്പിയപ്പോൾ മാധവനും കയറി. സൂര്യോദയംകണ്ട് ആ മോട്ടോർസൈക്കിൾ മുന്നോട്ട് കുതിച്ചു. മാധവൻ തിട്ടംവരുത്തി തെരഞ്ഞെടുത്ത പൊൻനിറമുള്ള ഒരു മുഴുത്ത കൈതച്ചക്ക് അവർക്കൊപ്പമുണ്ടായിരുന്നു''.
സ്വപ്നപ്രകാരം
പി.ജെ.ജെ. ആന്റണി
ചിന്ത പബ്ലിഷേഴ്‌സ്
2022
120 രൂപ
കേരള സര്വകലാശാലയില് ഗവേഷകവിദ്യാര്ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില് തുടര്ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില് ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള് പുറത്തുവന്നിട്ടുണ്ട്.