'The calculus of life passes through the death of the other'- Achille Mbembe

രണതുല്യമായ ജീവിതാവസ്ഥകളിലേക്ക് വലിയൊരു ജനസമൂഹത്തെ നയിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ സർവാധിപത്യവ്യവസ്ഥകളെ വ്യാഖ്യാനിക്കാൻ ആഫ്രിക്കൻ ചിന്തകനായ അഷീൽ എംബെംബെ (Achille Mbembe) രൂപം കൊടുത്ത പരികല്പനകളാണ് ഹത്യാധികാരം (Necro power), മൃത്യുരാഷ്ട്രീയം (Necro politics) എന്നിവ. മിഷെൽ ഫൂക്കോ മുതൽ അഗംബൻ വരെയുള്ളവർ രൂപപ്പെടുത്തിയ ജൈവാധികാരം, ജൈവരാഷ്ട്രീയം (Biopower, Biopolitics) എന്നീ സങ്കല്പനങ്ങളുടെ വ്യാപനവും തുടർച്ചയുമാണ് ഒരർഥത്തിൽ അഷീലിന്റേത്. മറ്റൊരർഥത്തിൽ വിപരീതവും ഇടർച്ചയും. വംശീയതയെയാണ് മൃത്യുരാഷ്ട്രീയത്തിന്റെ മുഖ്യനിർവാഹകമായി അഷീൽ കണ്ടതെങ്കിലും നിയോലിബറൽ-ആഗോള മുതലാളിത്തം വരെയുള്ളവയെ മുൻനിർത്തി പിൽക്കാല പഠിതാക്കൾ ഈ ആശയം വ്യാഖ്യാനിക്കുന്നുണ്ട്. അടിമത്തവും അധിനിവേശവും വംശീയതയും വർഗീയതയും വർണവിവേചനവും ജാതീയതയും മുതൽ ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങളും സർവാധിപത്യ പ്രത്യയശാസ്ത്രങ്ങളും നിയോലിബറൽ മുതലാളിത്തവും വരെയുള്ള ഏതു വ്യവസ്ഥയും ഹത്യാധികാരത്തിന്റെയും മൃത്യുരാഷ്ട്രീയത്തിന്റെയും പ്രയോഗത്തിലാണ് അവയുടെ പരമാധികാരം പ്രകടമാക്കുക എന്നു സൂചിപ്പിച്ചുകൊണ്ട്, ആഗോളവൽക്കരണകാലത്തെ ഇന്ത്യയെ (1980കൾക്കു ശേഷമുള്ള ഇന്ത്യൻ മത-രാഷ്ട്രീയ-ഭരണകൂട പ്രത്യയശാസ്ത്രങ്ങളെയും പ്രയോഗങ്ങളെയും) സാമാന്യമായും നരേന്ദ്ര മോദിഭരണം സമാരംഭിച്ച 2014 തൊട്ടുള്ള ഇന്ത്യനവസ്ഥകളെ സവിശേഷമായും വിശകലനം ചെയ്യാൻ ടി ടി ശ്രീകുമാർ 'മൃത്യുരാഷ്ട്രീയം' എന്ന രാഷ്ട്രീയതത്വചിന്താപദ്ധതി ഉപയോഗപ്പെടുത്തുകയാണ് 'സ്വാതന്ത്ര്യസമരങ്ങളുടെ സൂക്ഷ്മരാഷ്ട്രീയം' എന്ന ഗ്രന്ഥത്തിൽ.

          രാഷ്ട്രീയം, സമ്പദ്ഘടന, സാമൂഹ്യശാസ്ത്രം, നിയമ-നീതിവ്യവസ്ഥകൾ, ഭരണകൂടം, മതവർഗീയത, ജാതിവെറി, അമിതദേശീയത, ജ്ഞാന-സാംസ്‌കാരിക സ്ഥാപനങ്ങൾ, മാധ്യമങ്ങൾ സാങ്കേതികവിദ്യ എന്നിങ്ങനെ ഇക്കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ പൊതുമണ്ഡലത്തെ ഹിന്ദുത്വവൽക്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യവഹാരങ്ങളെയും അവ സൃഷ്ടിച്ച ഹത്യാധികാരത്തിന്റെ സ്ഥൂലവും സൂക്ഷ്മവുമായ പ്രയോഗപാഠങ്ങളെയും കേന്ദ്രീകരിച്ചാണ് ഈ വിശകലനം ശ്രീകുമാർ നടത്തുന്നത്. കേരളത്തിൽ ഇന്നുള്ള ഏറ്റവും മികച്ച പൊളിറ്റിക്കൽ കോളമിസ്റ്റും (നാലാംകണ്ണ്-മാധ്യമം ദിനപത്രം) ശ്രദ്ധേയനായ അക്കാദമിക വിമർശകനും പ്രഭാഷകനുമാണ് ശ്രീകുമാർ. അന്തർവൈജ്ഞാനിക-ബഹുവൈജ്ഞാനിക സമീപനങ്ങളിൽ സാംസ്‌കാരിക വിമർശനരംഗത്ത് മൗലികമായ  ഇടപെടലുകൾ നടത്തുന്നതിൽ ശ്രീകുമാറിനോളം മികച്ച മാതൃക മലയാളത്തിൽ വേറെയില്ല.

          തത്വചിന്ത മുതൽ സാഹിത്യം വരെ; ഭാഷ മുതൽ സിനിമ വരെ; സാമ്പത്തികശാസ്ത്രം മുതൽ നവമാധ്യമങ്ങൾ വരെ-അസാധാരണമാംവിധം വൈവിധ്യമുള്ള വിഷയ-വിജ്ഞാന മേഖലകൾ. മാർക്‌സിസമുൾപ്പെടെയുള്ള സാമൂഹ്യ-രാഷ്ട്രീയചിന്താപദ്ധതികളോടുള്ള വിമർശനാത്മക സമീപനം. സൂക്ഷ്മരാഷ്ട്രീയങ്ങളിലും നവസാമൂഹ്യപ്രസ്ഥാനങ്ങളിലും പുലർത്തുന്ന നിശിതമായ ബോധ്യങ്ങളും ജാഗ്രത്തായ പങ്കാളിത്തവും. ചരിത്രബോധം മുതൽ സാങ്കേതികജ്ഞാനം വരെയുള്ളവയെ സാംസ്‌കാരിക വിമർശനത്തിന്റെ അടിപ്പടവാക്കി മാറ്റുന്ന കാഴ്ചപ്പാടുകൾ. പരമാധികാര-പ്രത്യയശാസ്ത്ര വ്യവസ്ഥകളുടെ ഹിംസാത്മകതക്കെതിരെ മതേതര-ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലെ നൈതികത. അക്കാദമിക ജ്ഞാനങ്ങളെയും സൈദ്ധാന്തിക ധാരണകളെയും സാമൂഹ്യ-ജനകീയ മണ്ഡങ്ങളിൽ പ്രായോഗിക പരീക്ഷണത്തിനുപയോഗപ്പെടുത്തുന്നതിലെ ജൈവികത... ടി ടി ശ്രീകുമാറിന്റെ ബൗദ്ധികജീവിതം അതിന്റെ ഉത്സാഹവൈവിധ്യം കൊണ്ട് വേറിട്ടുനിൽക്കുന്ന ഒന്നാണ്. കേസരിയിൽനിന്ന് ഗോവിന്ദനിലൂടെ വേണുവിലേക്കു നീണ്ട കഴിഞ്ഞ നൂറ്റാണ്ടിലെ മലയാള രാഷ്ട്രീയ വിചാരജീവിതചരിത്രത്തിന്റെ ഇങ്ങേയറ്റത്താകുന്നു, കാലപരമായി ശ്രീകുമാറിന്റെ സ്ഥാനം. സ്വാതന്ത്ര്യസമരങ്ങളുടെ സൂക്ഷ്മരാഷ്ട്രീയം എന്ന ഏറ്റവും പുതിയ ഈ ഗ്രന്ഥവും അതിലുന്നയിക്കപ്പെടുന്ന ചിന്തകളുടെ ആർജ്ജവവും വിമർശനാത്മക നിലപാടുകളും ഇതിനു മികച്ച ഉദാഹരണമാണ്.

         

2014ൽ ഒന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതു മുതൽ ഇന്ത്യയിൽ നടപ്പാകുന്ന രാഷ്ട്രീയ-സമ്പദ്‌നയങ്ങളും അവ സൃഷ്ടിക്കുന്ന സാമൂഹ്യ-മാനവിക പ്രതിസന്ധികളും നിയോലിബറൽ സാമ്പത്തികക്രമങ്ങളുടെയും ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെയും ഇരുതലമൂർച്ചയുള്ള വാൾപോലെ ഇന്ത്യൻ ജനതയുടെ ജീവിതാവസ്ഥകളെ നെടുനീളം കീറിപ്പിളർത്തിക്കളയുന്നതിന്റെ സൂക്ഷ്മാപഗ്രഥനങ്ങളാണ് ഈ പുസ്തകത്തിലെ പതിനേഴ് ലേഖനങ്ങളും ഒരഭിമുഖവും. ഇവയ്ക്കു പുറമെ ഈ ഗ്രന്ഥത്തിലുള്ള മൂന്ന് ഓർമ്മക്കുറിപ്പുകളാകട്ടെ (അംബേദ്കർ, ഗെയ്ൽ ഓംവെദ്, ഐജാസ് അഹ്മ്മദ്) ഹിന്ദുത്വ ഇന്ത്യയുടെ വർത്തമാനകാലത്തുനിന്ന് മതേതര ഇന്ത്യയുടെ ഭൂതകാലത്തേക്കു നടത്തുന്ന ഉറ്റുനോട്ടങ്ങളാണ്. പരമാധികാര ഭരണകൂടങ്ങളും ഹിംസാത്മക പ്രത്യയശാസ്ത്രങ്ങളും ചേർന്ന് ഇരുപതാം നൂറ്റാണ്ടിലുടനീളം സൃഷ്ടിച്ച ജനാധിപത്യ ധ്വംസനത്തിന്റെ നരകഭൂതങ്ങൾ ഹിന്ദുത്വത്തിൽ പുനർജനിക്കുന്നതിന്റെയും കർഷകരും തൊഴിലാളികളും അഭയാർഥികളും ആദിവാസികളും ദലിതരും ഭൂരഹിതരും മത-വംശ-ലൈംഗിക ന്യൂനപക്ഷങ്ങളും മറ്റുമുൾപ്പെടുന്ന മഹാഭൂരിപക്ഷം വരുന്ന ബഹുജനസമൂഹങ്ങൾ അതിനു കീഴിൽ ഘോരമായ യാതനകളിലൂടെ കടന്നുപോകുന്നതിന്റെയും രാഷ്ട്രീയവ്യാഖ്യാനത്തിന് എംബെംബയുടെ 'മൃത്യുരാഷ്ട്രീയം' എന്ന സങ്കല്പനത്തിന്റെ സൂക്ഷ്മപാഠങ്ങൾ പ്രയോജനപ്പെടുത്തുകയാണ് ഇവിടെ ശ്രീകുമാർ.

ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരമാധികാരവ്യവസ്ഥക്കു കീഴിൽ ഇന്ത്യയിൽ നടക്കുന്ന ജനകീയസമരങ്ങളെ/ജീവിത/സ്വാതന്ത്ര്യസമരങ്ങളായി വ്യാഖ്യാനിക്കുകയെന്നതാണ് ശ്രീകുമാറിന്റെ സമീപനം. മുഖ്യമായും പത്തുസന്ദർഭങ്ങളിൽ കേന്ദ്രീകരിച്ചാണ് 'മൃത്യുരാഷ്ട്രീയ'ത്തെ വർത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയതത്വചിന്തയായി ശ്രീകുമാർ വ്യാഖ്യാനിക്കുന്നത്.

1. 2014ൽ തുടങ്ങുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഭരണകൂടസ്ഥാപനങ്ങളുടെയും പ്രത്യയശാസ്ത്ര ഉപകരണങ്ങളുടെയും സാന്നിധ്യം.

2. ചങ്ങാത്ത മുതലാളിത്ത(crony capitalism)ത്തിന്റെ വൻ പ്രഭാവം.

3. അമിതദേശീയതയുടെ വളർച്ചയും ജനാധിപത്യമൂല്യങ്ങളുടെ/സ്ഥാപനങ്ങളുടെ തകർച്ചയും.

4. വർഗരാഷ്ട്രീയത്തിന്റെ പ്രതിസന്ധിയും ഇടതുപക്ഷത്തിന്റെ ബ്രാഹ്മണവൽക്കരണവും.

5. നെഹ്രുവിയൻ ആധുനികതയുടെ ശൈഥില്യം.

6. മാർക്‌സിസ്റ്റ്-നെഹ്രുവിയൻ-അംബേദ്കറൈറ്റ് സമീപനങ്ങളുടെ അനിവാര്യത.

7. മോദിസർക്കാരുകളുടെ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ കാർഷിക-വ്യാവസായിക-തൊഴിൽ നിയമങ്ങൾ.

8. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ രാഷ്ട്രീയ ദുരുപയോഗങ്ങൾ.

9. ഗാന്ധി x അംബേദ്കർ രാഷ്ട്രീയം.

10. നവസാമൂഹ്യപ്രസ്ഥാനങ്ങളും പ്രതിരോധസമരങ്ങളും.

          ഈ ദശരൂപകങ്ങളുടെയും ഭരതവാക്യമായി കാണാവുന്നത് 'ഹിന്ദുത്വ-ഭാരതം' എന്ന പ്രത്യയശാസ്ത്ര വ്യവസ്ഥയാകുന്നു. സംഗ്രഹിച്ചു പറഞ്ഞാൽ, ലിബറൽ ഡെമോക്രസിയുടെ നെഹ്രുവിയൻ പാരമ്പര്യത്തിൽനിന്ന് ഇല്ലിബറൽ ഡെമോക്രസിയുടെ മോദികാലത്തേക്കുള്ള ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പരിണാമമാണ് ശ്രീകുമാറിന്റെ അപഗ്രഥനവിഷയം. ഈ കാലഘട്ടത്തെ ഹത്യാധികാരത്തിന്റെയും മൃത്യുരാഷ്ട്രീയത്തിന്റെയും യുക്തികളിൽ വിശദീകരിക്കാൻ ശ്രീകുമാർ തെരഞ്ഞെടുക്കുന്ന മുഖ്യസന്ദർഭം, ഉന്നയിച്ച രാഷ്ട്രീയത്തിന്റെയും നടത്തിയ പ്രക്ഷോഭത്തിന്റെയും നേടിയ വിജയത്തിന്റെയും പേരിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ കർഷകസമരമാണ്. ഈ വിഷയത്തിൽ നാലഞ്ച് ലേഖനങ്ങളും ദീർഘമായ ഒരഭിമുഖവുമുണ്ട് ഈ പുസ്തകത്തിൽ. ഇക്കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലുണ്ടായ നിരവധിയായ ജീവിതസമരങ്ങളുടെയും ജനകീയപ്രക്ഷോഭങ്ങളുടെയും അച്ചുതണ്ടായി നിലകൊള്ളുന്നത് കർഷകസമരങ്ങളാണെന്ന നിലപാടിലാണ് ഈ അപഗ്രഥനങ്ങൾ ചെന്നെത്തുന്നത്.

പൗരത്വപ്രശ്‌നം മുതൽ വർഗരാഷ്ട്രീയം വരെയും വ്യവസായ, തൊഴിൽ നിയമങ്ങൾ മുതൽ കാർഷികനിയമങ്ങൾ വരെയും നവലിബറൽ സാമ്പത്തികനയങ്ങൾ മുതൽ ഭൂരിപക്ഷ മതരാഷ്ട്രവാദം വരെയുമുള്ള സാഹചര്യങ്ങൾ ഒന്നുചേർന്നു രൂപം കൊടുത്ത ആഗോള-ദേശീയ പശ്ചാത്തലം കർഷകസമരങ്ങൾക്കു പിന്നിലുണ്ടെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടും ഇവയുടെ അടിത്തറ ഇല്ലിബറൽ ജനാധിപത്യത്തിന്റെ ഫാസിസ്റ്റ്‌വൽക്കരണമാണെന്നും സൂചിപ്പിച്ചുകൊണ്ട് ജനാധിപത്യഫാഷിസ(അലൻ ബോദിയോവിന്റെ പ്രയോഗം)ത്തിന്റെ കാലത്ത് മോദിഭാരതം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയനിലപാടുകളുടെ വിപരീതമണ്ഡലമായി കർഷകസമരങ്ങളെ ആദ്യലേഖനത്തിൽ ശ്രീകുമാർ വ്യാഖ്യാനിക്കുന്നു.

         

''ജനാധിപത്യത്തിലെ ഏറ്റവും വലിയ അപകടം അത് ഏകാധിപതികൾക്കോ സമഗ്രാധിപത്യ സ്വഭാവമുള്ള രാഷ്ട്രീയ പാർട്ടികൾക്കോ ജനകീയ ഭൂരിപക്ഷത്തെ ഒപ്പംനിർത്താൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കുന്നു എന്നതാണ്. ഭൂരിപക്ഷ ഭരണം എന്ന രാഷ്ട്രീയസങ്കൽപ്പത്തെ വർഗ്ഗവംശ സ്വത്വങ്ങളിലൂടെ മാത്രം നിർവചിച്ചുകൊണ്ട് ജനാധിപത്യവിരുദ്ധമായ ഒരു ഭൂരിപക്ഷവാദമായി മാറ്റാൻ കഴിയുന്നു എന്നതാണ്. ഈ പുതിയ പരമാധികാര മൃത്യുരാഷ്ട്രീയത്തെ ശക്തമായി വെല്ലുവിളിക്കുന്നതും മൂലധനത്തിന്റെ ജനാധിപത്യവിരുദ്ധ സമീപനങ്ങളും ദേശരാഷ്ട്രത്തിന്റെ ഇരട്ടനിലപാടുകളെ തുറന്നുകാണിക്കുന്നതുമായ സമരങ്ങൾ വരാനിരിക്കുന്നു എന്നതിന്റെ സൂചന കൂടിയായിരുന്നു കർഷകസമരം. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തെ, റിപ്പബ്ലിക്കിന്റെ ജനാധിപത്യ മൂല്യങ്ങളെ, വീണ്ടെടുക്കാനുള്ള സമരം എന്നനിലയിൽ ഇത് പ്രധാനമാവുന്നത്. നിയമസംവിധാനങ്ങളെ താറുമാറാക്കാനുള്ള സവിശേഷാധികാരം ഭരണാധികാരി എടുത്തണിയുന്ന പാശ്ചാത്യ രാഷ്ട്രീയചിന്തകരായ കാൾഷ്മിറ്റിന്റെയും (Carl Schmitt 1921, Dictatorship. Michael Hoelzl and Graham Ward, trans. -Polity Press, 2014) അഗംബന്റെയുമൊക്കെ ഭാഷയിൽ സ്റ്റേറ്റ് ഓഫ് എക്‌സെപ്ഷൻ ഇല്ലിബറൽ ജനാധിപത്യത്തിന്റെ മറവിൽ സൃഷ്ടിക്കപ്പെടുന്നതിന്റെ സമകാല അവസ്ഥക്കെതിരെ ഈ സമരം നിലകൊള്ളുകയാണ്. ഒപ്പംതന്നെ പരമാധികാരം ജനാധിപത്യവ്യവസ്ഥയുടെ നിയന്ത്രണങ്ങൾ ഭേദിച്ച് സ്വയമൊരു മൃത്യുരാഷ്ട്രീയമായി വെളിപ്പെടുകയാണ്. ഈ രണ്ടു പ്രവണതൾക്കുമെതിരെയുള്ള പ്രതിരോധത്തിന്റെ ശക്തമായ ശബ്ദമായി കർഷകസമരം മാറി എന്നതാണ് അതിന്റെ ഇപ്പോഴും തുടരുന്ന കാലിക പ്രസക്തി''.

മൂന്നു ഘട്ടങ്ങളിലായി കാണാവുന്ന (1980ന് മുൻപും 1980-2014 കാലത്തും 2014ന് ശേഷവും) കാർഷിക-വ്യവസായ-തൊഴിൽ-സാമ്പത്തിക രാഷ്ട്രീയനയങ്ങളുടെ ചുവടുപിടിച്ച് വർത്തമാനകാല ഇന്ത്യനവസ്ഥകളെ വിശദീകരിച്ചുകൊണ്ട് ഹിന്ദുത്വഭരണകൂടത്തിന്റെ കാലത്ത് 'ഇല്ലിബറൽ മൃത്യുരാഷ്ട്രീയം' നടപ്പാകുന്നതിന്റെ ചർച്ചയാണ് രണ്ടാം ലേഖനത്തിലുള്ളത്. ക്രോണികാപ്പിറ്റലിസവും ഫാസിസ്റ്റ് ഭരണകൂടവും  തമ്മിലുള്ള ചാർച്ചയുടെ മാർക്‌സിയൻ വിശകലനമായി മാറുന്നു ഈ ചർച്ച. ഗ്രാംഷി മുതൽ എംബെംബേ വരെയുള്ളവരുടെ നിരീക്ഷണങ്ങളുടെ ചുവടുപിടിച്ച് കർഷകസമരത്തിന്റെ പ്രത്യക്ഷസന്ദർഭത്തെയും അതിനു പിന്നിലെ പരോക്ഷചരിത്രത്തെയും വ്യാഖ്യാനിക്കുമ്പോഴും മോദിഭരണത്തിനു മുൻപ് രണ്ടു ദശകങ്ങളിൽ ഇന്ത്യയിൽ സംഭവിച്ച കർഷക ആത്മഹത്യകളുടെയും കടക്കെണികളുടെയും അസമാനമായ മരണരാഷ്ട്രീയം ചൂണ്ടിക്കാണിക്കാനോ വിമർശിക്കാനോ ശ്രീകുമാർ ശ്രമിക്കുന്നില്ല.

ഫൂക്കോ മുതൽ അഗംബൻ വരെയുള്ളവരവതരിപ്പിച്ച ജൈവാധികാര-ജൈവരാഷ്ട്രീയ സങ്കല്പനങ്ങൾകൊണ്ട് നവലിബറൽ കാലത്തെ പരമാധികാര വ്യവസ്ഥകൾ വ്യാഖ്യാനിക്കാനാവില്ല എന്നു സൂചിപ്പിച്ചുകൊണ്ട് എംബെംബേ അവതരിപ്പിച്ച ഹത്യാധികാര-മൃത്യുരാഷ്ട്രീയ പരികല്പനകൾ വിശദീകരിക്കുന്ന ശ്രീകുമാർ, കർഷകസമരകാലത്തെ നാനാതരം ഹിംസകളെ ഇന്ത്യൻ ഭരണകൂടത്തിന്റെ മൃത്യുരാഷ്ട്രീയവ്യവസ്ഥയായി സ്ഥാപിച്ചെടുക്കുന്നു, മൂന്നാം ലേഖനത്തിൽ. സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നത് മതനിരപേക്ഷത തകർക്കാനുള്ള മോദിഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയമാണെന്ന കാഴ്ചപ്പാടൊക്കെയുണ്ടെങ്കിലും വ്യക്തിഹത്യകൾ മുതൽ ആൾക്കൂട്ടക്കൊലപാതകങ്ങൾ വരെയുള്ളവയെ സാധൂകരിക്കുന്ന രാഷ്ട്രീയമനസ്സുകളുടെ രൂപീകരണം (വിൽഹെംറീഹ് സൂചിപ്പിക്കുന്ന ഫാഷിസത്തിന്റെ ആൾക്കൂട്ട മനഃശാസ്ത്രം തന്നെ) ഹിന്ദുത്വഭരണം ലക്ഷ്യമിടുന്നതിനെക്കുറിച്ചുള്ള സൂക്ഷ്മമായ സൂചനകൾ ഈ ലേഖനത്തിലുണ്ട്.

          'നൈസർഗികസമരങ്ങളുടെ സൂക്ഷ്മരാഷ്ട്രീയം' എന്ന ലേഖനത്തിൽ കർഷകസമരം മുതൽ പൗരത്വപ്രക്ഷോഭം വരെയുള്ളവയുടെ അടിസ്ഥാനചോദനകൾ ശ്രീകുമാർ വിശദീകരിക്കുന്നു. ഒരേസമയം സാമ്പത്തികനയങ്ങളോടും ഹിന്ദുത്വരാഷ്ട്രീയത്തോടുമുള്ള സമരങ്ങളായി ഇവയെ വ്യാഖ്യാനിക്കുന്നതിന്റെ സാധ്യതകളും പരിമിതികളും ഈ ലേഖനത്തിലുമുണ്ട്. മോദിഭരണത്തിൻ കീഴിൽ സംഭവിച്ച രാഷ്ട്രീയ വിപര്യയങ്ങളെ ഈ ലേഖനത്തിൽ ശ്രീകുമാർ സമർഥമായി സംഗ്രഹിച്ചവതരിപ്പിക്കുന്നു; വായിക്കുക.

         

''സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ഭരണകൂടം ഒരിക്കലും കേവലമായ അർത്ഥത്തിൽ ഒരു ഉദാരരാഷ്ട്രം ആയിരുന്നില്ല. ജനകീയസമരങ്ങൾ അടിച്ചമർത്തപ്പെടുന്നതും മനുഷ്യാവകാശങ്ങൾ ചവുട്ടിമെതിക്കപ്പെടുന്നതും ആഭ്യന്തര ബൂർഷ്വാസിയുടെയും ഭൂവുടമകളുടെയും വിഭാഗീയ ലക്ഷ്യങ്ങളും ആഗോള മുതലാളിത്തത്തിന്റെ നിയോലിബറൽ മൂലധന താല്പര്യങ്ങളും സംരക്ഷിക്കപ്പെടുന്നതും ന്യൂനപക്ഷ ദലിത് വിഭാഗങ്ങൾക്ക് നീതി നിഷേധിക്കപ്പെടുന്നതുമെല്ലാം ഒരു ലിബറൽ ജനാധിപത്യ ഭരണകൂടം ഇവിടെ നിലനിൽക്കുമ്പോൾ ഇതിനുമുമ്പും സംഭവിച്ചിരുന്നു. എന്നാൽ ജനാധിപത്യത്തെ സജീവമാക്കി നിലനിർത്തുന്നതും ഭരണകൂടങ്ങളെ മാറ്റാനും മറിക്കാനും കെൽപ്പുള്ളതുമായ സിവിൽ സമൂഹ രാഷ്ട്രീയത്തെയും പ്രതിപക്ഷബോധത്തെയും സമൂലം നശിപ്പിക്കുക എന്നൊരു പദ്ധതി ഇന്ത്യൻ ഭരണകൂടത്തിനു ഒരിക്കലും ഉണ്ടായിരുന്നില്ല. അടിയന്തരാവസ്ഥപോലും നിയതമായ ചില ഭരണകൂട നിബന്ധനകളുടെ ആത്യന്തികമായ ചട്ടക്കൂടിനുള്ളിൽ നടപ്പാക്കപ്പെട്ടതും കാലബദ്ധവുമായിരുന്നു. ബിജെപി ഈ രാഷ്ട്രീയ സംസ്‌കാരത്തെയാണ് ഇല്ലായ്മ ചെയ്യാൻ ആഗ്രഹിക്കുന്നത്. ഒരു ബ്രാഹ്മണ്യസവർണ്ണ ഹിന്ദുത്വ പ്രത്യയശാസ്ത്രം സൃഷ്ടിക്കുന്ന മതഭൂരിപക്ഷ സംവിധാനത്തിന്റെ സംരക്ഷകകവചത്തിൽ ഇരുന്നുകൊണ്ട് ഹിന്ദുത്വ ഭരണകൂടം അരക്കിട്ടുറപ്പിക്കാനാണ് അവർ ലക്ഷ്യം വക്കുന്നത്.

         

കർഷകസമരം ആരംഭിക്കുമ്പോഴുള്ള ഇന്ത്യൻ രാഷ്ട്രീയം ഒന്ന് അവലോകനം ചെയ്താൽ ഈ യാഥാർത്ഥ്യം കൃത്യമായി മനസ്സിലാവും. ഒരു വശത്ത് അവർ തങ്ങളുടെ ഫാസിസ്റ്റ് ആൾക്കൂട്ടങ്ങളെ ദലിത് ന്യൂനപക്ഷ വേട്ടക്കായി തുറന്നുവിട്ടു. ഇറച്ചി കൈവശം വച്ചതിന്റെ പേരിൽ, ജയ് റാം വിളിക്കാത്തതിന്റെ പേരിൽ, മേൽജാതിക്കാരെ വിവാഹം ചെയ്തതിന്റെ പേരിൽ, പൊതുകിണറിൽനിന്ന് ജലമെടുത്തതിന്റെ പേരിൽ, പശുവിന്റെ പേരിൽ, മറ്റേതെങ്കിലും സ്വേച്ഛാപരമായ വർണ്ണ മതവെറികളുടെ പേരിൽ ന്യൂനപക്ഷങ്ങളെയും ദലിതരെയും ആൾക്കൂട്ട വിചാരണകൾക്കും ക്രൂരമായ ശാരീരിക മാനസിക ഹിംസകൾക്കും വിധേയമാക്കി കൊന്നുകളയുന്ന ഒരു രാഷ്ട്രീയ സംസ്‌കാരത്തിന് ഇത്രയും ഭരണകൂട പരിലാളന ലഭിക്കുന്ന ഒരു കാലം ഇതിനുമുമ്പ് ഉണ്ടായിരുന്നില്ല. മറുവശത്ത് ഭരണകൂടംതന്നെ നേരിട്ട് മനുഷ്യാവകാശ പ്രവർത്തകരെയും ജനപക്ഷത്ത് നിലകൊള്ളുന്ന സിവിൽസമൂഹപ്രവർത്തകരെയുമെല്ലാം അകാരണമായി തടവിലാക്കുകയും ആധുനിക സാങ്കേതികവിദ്യകൾ പോലുമുപയോഗിച്ച് നിയമവിരുദ്ധ നിരീക്ഷണത്തിനു വിധേയരാക്കുകയും പെഗസസ് അടക്കമുള്ള ചാരസോഫ്റ്റവെയർ ഉപയോഗിച്ച് കള്ളതെളിവുകൾ ഫോണിലും കമ്പ്യൂട്ടറുകളിലുമെല്ലാം കടത്തിവിട്ടു കുറ്റവാളികളാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആർട്ടിക്കിൾ 370 പിൻവലിച്ചും പൗരാവകാശവിരുദ്ധ നിയമങ്ങൾ പ്രഖ്യാപിച്ചും അസ്ഥിരതയുടെയും പൗരത്വപരമായി അരക്ഷിതത്വത്തിന്റെയും ഒരു അപവാദ അടിയന്തരാവസ്ഥ (state of exception) നടപ്പിലാക്കുന്നുണ്ട് എന്ന് കാണുവാൻ കഴിയും. അതിനുമപ്പുറം ഒരു മൃത്യുരാഷ്ട്രീയ ഭരണകൂടമായി ഇന്ത്യൻ ഭരണകൂടത്തെ അടിസ്ഥാനപരമായിത്തന്നെ മാറ്റുക എന്നതും ബിജെപി ലക്ഷ്യം വക്കുന്നുണ്ട്.

         

സാമ്പത്തികമേഖലയിൽ ആസൂത്രണ ബോർഡ് പിരിച്ചുവിട്ടും, നോട്ടുനിരോധനം നടപ്പിലാക്കിയും ഇതുവരെയുണ്ടാകാത്തത്ര വിപുലമായ രീതിയിൽ പൊതുസ്ഥാപനങ്ങൾ സ്വകാര്യമേഖലക്ക് തീറെഴുതിയും, ജി. എസ്സ്. ടി. പോലെയുള്ള അമിതാധികാര സാമ്പത്തിക നടപടികൾ ഏകപക്ഷീയമായി നടപ്പിലാക്കിയും ആഗോള സാമ്പത്തികക്കുഴപ്പത്തിന്റെ പിടിയിൽ അമർന്ന രാഷ്ട്രത്തെ കൂടുതൽ സാമ്പത്തികമായി ദുർബ്ബലമാക്കുന്നതും പാർശ്വവൽകൃത ജനതയെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും ഉൽപാദനമാന്ദ്യത്തിലേക്കും തള്ളവീഴ്‌ത്തുന്നതും നിസ്സഹായരായി നമുക്ക് കണ്ടുനിൽക്കേണ്ടിവരുന്നു. വിദ്യാഭ്യാസമേഖലയിലെ അഴിച്ചുപണികൾ ഹിന്ദുത്വ പ്രത്യയശാസ്ത്രവും അതിന്റെ രാഷ്ട്രീയലക്ഷ്യങ്ങളും ചരിത്രവും സാധൂകരിക്കാനുള്ള തത്രപ്പാടിൽ കൊണ്ടുവന്നവയായിരുന്നു എന്ന വിമർശനം ശക്തമാണ്. സാംസ്‌കാരിക സ്ഥാപനങ്ങൾ, പാഠപുസ്തകങ്ങൾ, ചരിത്രവിചാരങ്ങൾ എന്നിവയിലെല്ലാം നടത്തിയ ഇടപെടലുകളും ജനാധിപത്യവിരുദ്ധമായ രീതികളിലായിരുന്നു.

ഈ സമീപനത്തിന്റെയും പരമാധികാര പ്രയോഗത്തിന്റെയും അവിഭാജ്യഘടകമായി, അതിന്റെ ധാർഷ്ട്യത്തിൽ തന്നെയാണ് കാർഷിക നിയമങ്ങളും പാർലമെന്റിൽ അവതരിപ്പിച്ചു പാസ്സാക്കിയത്. കാർഷിക നിയമങ്ങൾ മാത്രമല്ല, തൊഴിലാളി-ഉടമ ബന്ധനിയമങ്ങളും ഈ പാക്കേജിന്റെ ഭാഗമായിരുന്നു. അതിനെതിരെ ട്രേഡ് യൂണിയനുകൾ നടത്തിയ ഔപചാരിക സമരങ്ങൾ ഫലം കണ്ടില്ല എന്നിടത്താണ് കർഷകർ ഈ ബില്ലുകൾക്കെതിരെ നടത്തിയ മഹത്തായ ചെറുത്തുനിൽപ്പും അതിന്റെ ആത്യന്തികമായ വിജയവും കൂടുതൽ പ്രാധാന്യം കൈവരിക്കുന്നത്. ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആൻഡ് കൊമേഴ്‌സ് ബിൽ, ഫാർമർ എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസ് ബിൽ, എസൻഷ്യൽ കമ്മോദിറ്റീസ് (ഭേദഗതി) ബിൽ എന്നിവയായിരുന്നു പുതിയ കാർഷിക നിയമങ്ങൾ എങ്കിൽ വേജ്‌കോഡ്, കോഡ് ഓഫ് ഇൻഡസ്ട്രിയൽ റിലേഷൻസ് (വ്യവസായ ബന്ധ നിയമം), ഇൻഡസ്ട്രിയൽ കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി ആൻഡ് വെൽഫെയർ (സാമൂഹിക സുരക്ഷയും ക്ഷേമവും സംബന്ധിച്ച നിയമങ്ങൾ), കോഡ് ഓൺ ഒക്കുപേഷണൽ സേഫ്റ്റി (തൊഴിൽ സുരക്ഷയും ആരോഗ്യവും തൊഴിൽ സാഹചര്യവും സംബന്ധിച്ച നിയമം) തുടങ്ങിയ തൊഴിലാളിവിരുദ്ധ നിയമങ്ങളും പാർലമെന്റിൽ അവതരിപ്പിക്കുകയോ പാസാക്കുകയോ ചെയ്തിട്ടുണ്ട്. അതായത് സമ്പദ് വ്യവസ്ഥയുടെ സമസ്ത ഉൽപ്പാദന മേഖലകളിലും ആഗോളമൂലധനത്തിനും ക്രോണി മുതലാളിത്തത്തിനും ഒത്താശചെയ്യുന്ന നിയമപരമായ അരാജകത്വമാണ് ഹിന്ദുത്വം ഭാവന ചെയ്തിരുന്നത് എന്നർത്ഥം.

         

ഇന്ത്യയിലെ മുഴുവൻ കർഷകരെയും വ്യാവസായിക തൊഴിലാളികളെയും ബാധിക്കുന്ന നിയമങ്ങളാണ് ഇവയെല്ലാം. ഈ കർഷകവിരുദ്ധ നിയമങ്ങളുടെയും തൊഴിലാളിവിരുദ്ധ നിയമങ്ങളുടെയും സാകല്യത്തെ നിസ്സാരമായി തള്ളിക്കളയാനാവില്ല. ഈ സന്ദർഭത്തിലാണ് ഇന്ത്യയിലെ കർഷകർ ഐതിഹാസികം എന്നുതന്നെ പറയാവുന്ന തങ്ങളുടെ എക്കാലത്തെയും വലിയ സഹനസമരത്തിന് മുതിർന്നത്. ആ സമരത്തെ എന്നനെയൊക്കെ തകർക്കാമെന്ന് ഈ സർക്കാർ പരീക്ഷിച്ചതാണ്. സമരത്തിന്റെ ഓരോ ഘട്ടത്തിലും നാലാംകണ്ണ് പംക്തിയിൽ ഞാനും ആ ഹീനശ്രമങ്ങളും കർഷകർ അവയെ എങ്ങനെ നേരിടുന്നുവെന്നതും അടയാളപ്പെടുത്തിയതാണ്. എഴുനൂറോളം കർഷകർക്കാണ് ഈ സമരത്തിൽ ജീവനാശം സംഭവിച്ചത്. പൊലീസും പട്ടാളവും ആക്രമിച്ചത് കൂടാതെ കർഷകസമരത്തിലേക്ക് ബിജെപി നേതാവ് വാഹനം ഓടിച്ചുകയറ്റി കർഷകരെ കൊലപ്പെടുത്തിയ സംഭവം വരെയുണ്ടായി. ഈ സമരത്തിനെതിരെ നിരവധി അസത്യ പ്രചരണങ്ങൾ ഉണ്ടായി. എന്നിട്ടും പിൻവാങ്ങാതെ തങ്ങളുടെ ആവശ്യങ്ങളുമായി മുന്നോട്ടുപോയാണ് കർഷകർ ഈ വലിയ വിജയം നേടിയെടുത്തത്.

ഈ സമരം ഇന്ത്യയെ ഗ്രസിക്കാൻ തുടങ്ങിയിരുന്ന രാഷ്ട്രീയജഡതയെ മറികടക്കാൻ ലഭിച്ച ജീവനൗഷധമാണ്. സിവിൽ സമൂഹവും പ്രതിപക്ഷ രാഷ്ട്രീയവും നിർജീവമാക്കി ഹിന്ദുത്വ സംസ്ഥാപനത്തിന്റെ മൃത്യുരാഷ്ട്രീയവുമായി മുന്നോട്ടുപോയിരുന്ന ഭരണകൂടത്തെ മൂക്കുകയറിട്ടു നിർത്തിയ സമരമായിരുന്നു കർഷകരുടേത്. മനുഷ്യാവകാശങ്ങൾ ഇല്ലാതാക്കിയും പ്രതിപക്ഷത്തെ നിശബ്ദമാക്കിയും അപരത്വത്തെ അപമാനവീകരിച്ചും തുടർഭരണം ഉറപ്പിക്കാമെന്ന ഹിന്ദുത്വഫാഷിസ്റ്റ് ധാരണക്ക് ഈ സമരം വലിയ പരിക്കാണ് ഏൽപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമരത്തിൽ നിന്ന് ഇന്ത്യയിലെ ജനാധിപത്യവാദികൾക്ക് ഏറെ പഠിക്കാനുണ്ട്. പുതിയ രാഷ്ട്രീയ ഐക്യമുന്നണി നിയോലിബറൽ സാമ്പത്തികനയങ്ങൾക്കെതിരെയും സാംസ്‌കാരിക ദേശീയതക്കെതിരെയുമുള്ള പ്രത്യാശാഭരിതമായ ഒന്നായിമാറുക എന്നത് പ്രധാനമാണ്. അതിനുള്ള വഴികാട്ടിയായി കർഷകരുടെ സമരം മാറിയിരിക്കുന്നു. സങ്കുചിതവിഭാഗീയ താൽപര്യങ്ങൾ മാറ്റിവച്ചു പ്രതിപക്ഷ പാർട്ടികൾക്ക് ഒന്നിക്കാൻ കഴിഞ്ഞാൽ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയും, ഹിന്ദുത്വയെ പരാജയപ്പെടുത്തുക എന്നത് കൂടുതൽ വലിയ രാഷ്ട്രീയ ഉത്തരവാദിത്തമാണ്. കേവലം തെരഞ്ഞെടുപ്പു വിജയങ്ങൾകൊണ്ട് മാത്രം അത് സാധ്യമല്ല. എന്നാൽ ഈ കർഷകസമരവും അതിലൂടെ ഉണ്ടായിട്ടുള്ള ഐക്യബോധവും തീർച്ചയായും ആ ലക്ഷ്യത്തിലേക്ക് കൂടിയുള്ള വാതിലുകൾ തുറന്നുതരുന്നുണ്ട്. അത് മനസ്സിലാക്കി പ്രതികരിക്കുക എന്ന ഉത്തരവാദിത്തം സിവിൽ സമൂഹത്തിനും വ്യവസ്ഥാപിത പ്രതിപക്ഷത്തിനുമുണ്ട്. അവർ അത് നിറവേറ്റും എന്ന് നമുക്ക് പ്രതീക്ഷിക്കാം''.

          'ജനാധിപത്യവും കർഷകസമരത്തിന്റെ സൈദ്ധാന്തികപശ്ചാത്തലങ്ങളും' എന്ന അഭിമുഖത്തിൽ (പ്രവീൺ പിലാശ്ശേരിയുമായി നടത്തിയത്) ഹരിതവിപ്ലവകാലം തൊട്ട് ഇന്ത്യൻ കാർഷികമേഖലയിൽ നിലനിൽക്കുന്ന നിരവധിയായ പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും ചരിത്രം വിശദീകരിച്ചും ആഗോളവൽക്കരണനയങ്ങളുടെയും വിപണി സമ്പദ്‌വ്യവസ്ഥയുടെയും പശ്ചാത്തലത്തിൽ കാർഷികരംഗത്തു സംഭവിച്ച വികല്പങ്ങൾ വിശകലനം ചെയ്തും ചങ്ങാത്തമുതലാളിത്തം ഒരുവശത്തും ഹിന്ദുത്വപ്രത്യയശാസ്ത്രം മറുവശത്തും കുങ്കിയാനകളെപ്പോലെ കാവൽനിന്ന് നടപ്പിൽ വരുത്തിയ ഭരണപരിഷ്‌ക്കാരങ്ങൾ വ്യാഖ്യാനിച്ചും ഭൂസമരങ്ങളും ഭൂപരിഷ്‌ക്കരണവും മുതൽ വംശഹത്യകളും വർഗീയകലാപങ്ങളും വരെയുള്ളവയുടെ രാഷ്ട്രീയം അപഗ്രഥിച്ചും നവമാർക്‌സിയൻ കാഴ്ചപ്പാടുകളെ നവസാമൂഹ്യപ്രസ്ഥാനങ്ങളിലേക്കു സ്വാംശീകരിച്ചും ശ്രീകുമാർ ഈ വിഷയം ചർച്ചചെയ്യുന്നു. ഒന്നാം മോദിസർക്കാർ നടപ്പാക്കിയ നയങ്ങളും പരിപാടികളും ഇന്ത്യൻജനതയെ സമാനതയില്ലാത്ത ദുരിതങ്ങളിൽ കൊണ്ടുചെന്നെത്തിച്ചിട്ടും വീണ്ടും മോദി അധികാരത്തിൽ വന്ന സാഹചര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് കർഷകസമരത്തിന്റെ ഭാവിമൂലധനമെന്തെന്ന് ശ്രീകുമാർ വിശദീകരിക്കുന്നു.

         

''ഈ പശ്ചാത്തലം ചരിത്രപരമായും സൈദ്ധാന്തികമായും മനസ്സിലാക്കുക എന്നത് ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയത്തിന് ഒഴിവാക്കാൻ കഴിയുന്ന കാര്യമല്ല. അങ്ങനെ നോക്കുമ്പോൾ എന്താണ് കർഷകസമരത്തിന്റെ ആത്യന്തികമായ സന്ദേശവും പ്രത്യാശയും എന്നതിനെക്കുറിച്ചു കൂടുതൽ പരിചിന്തനങ്ങൾ ആവശ്യമാണ്. ബിജെപി. ചെന്നുപെട്ട രാഷ്ട്രീയമായ കുരുക്കിൽനിന്ന് തലയൂരുവാൻ അവർ ശ്രമിച്ചു എന്നത് പൊതുവിൽ മനസ്സിലാക്കപ്പെടുന്നുണ്ട്. ഒരു പക്ഷെ അവരുടെ ചാരസംവിധാനങ്ങൾ കർഷകസമരം നീളുന്നത് അവരുടെ തെരഞ്ഞെടുപ്പു പ്രകടനത്തെ ബാധിച്ചേക്കാം എന്ന വിവരം നൽകിയിട്ടുണ്ടാവാം. എന്നാൽ ഈ സമരത്തിന് മറ്റൊരു പ്രാധാന്യമുണ്ട്. എഴുന്നൂറോളം ജീവനാണ് ഇതിൽ പൊലീഞ്ഞു പോയത്. അവർ ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രാഷ്ട്രീയ രക്തസാക്ഷികളാണ്. ഭരണകൂടത്തിന്റെ, മൃത്യുരാഷ്ട്രീയത്തിന്റെ നേരിട്ടുള്ള ഇരകൾ ആയവരാണവർ. അതുപോലെ ക്രൂരമായിരുന്നു സത്യാനന്തര കാലത്തിലെ ഭരണകൂട നുണകളുടെ ആക്രമണം. അതുണ്ടായിട്ടും ഈ സമരം ഒരു ഘട്ടത്തിലും തളരുകയോ തകരുകയോ ചെയ്തില്ല. ഇന്ത്യയുടെ ലിബറൽ ജനാധിപത്യ പാരമ്പര്യത്തെ ആഴത്തിൽ പരുക്കേൽപ്പിച്ച, അതിനെ ആസന്ന മരണപ്രായമാക്കിയ ഒരു ഭരണകൂടത്തെയാണ് ഈ സമരം മുട്ടുകുത്തിച്ചത്. ചെറുത്തുനിൽപ്പിന്റെ പോരാട്ടവീര്യത്തിന്റെ അനിതരസാധാരണമായ ഒരു മുഖം ഈ സമരത്തിലൂടെ വെളിവാക്കപ്പെട്ടു. പൗരാവകാശനിയമ ഭേദഗതി ബിൽ മുതൽ തൊഴിലാളി വിരുദ്ധമായ വ്യാവസായിക ബില്ലുകൾ വരെയുള്ള തെറ്റായ ഭരണകൂട സമീപനങ്ങൾ പൊതുസമൂഹത്തിനു പുനർവിചാരണ ചെയ്യാനുള്ള ഒരു അവസരം കൂടി ഈ വിജയത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട് എന്നത് വിസ്മരിക്കാൻ കഴിയില്ല.

ഈ സമരത്തിൽ പ്രത്യക്ഷത്തിൽ തന്നെയുള്ള ചില നെഹ്രുവിയൻ-മാർക്‌സിസ്റ്റ്- അംബേദ്കറൈറ്റ് ഘടകങ്ങൾ വളരെ പ്രധാനമാണ്. സാമൂഹികനീതിയും സാമ്പത്തികനീതിയും നൈതിക രാഷ്ട്രീയവും ഒന്നിച്ചു ചേരുക എന്ന ലക്ഷ്യം അത്ര അപ്രാപ്യമല്ല എന്ന ബോധ്യത്തിലേക്ക് ഇത് നമ്മെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രവീൺ സൂചിപ്പിക്കുന്ന ഒരു മാറ്റത്തിന്, ബിജെപിയുടെ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പരാജയത്തിനു ഒരു പരിധിവരെ സാധ്യത തെളിയിക്കാൻ ഈ സമരത്തിന് കഴിയുന്നുണ്ട്. എന്നാൽ താമരയെ പിഴുതെറിയുക എന്നതിന്റെ ഒന്നാം ഘട്ടം മാത്രമായിരിക്കും അത്തരമൊരു തെരഞ്ഞെടുപ്പ് വിജയം. അതിന്റെ അടുത്ത ഘട്ടം എന്നത് ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രത്തെ എഴുപതുകൾക്കു മുമ്പെന്നപോലെ അപ്രസക്തമാക്കുകയും, കൂടുതൽ ജനാധിപത്യത്തിലേക്കു രാഷ്ട്രത്തെ വഴിനടത്തിക്കൊണ്ട് ഇനിയൊരിക്കലും അതിന്റെ ഹീനരാഷ്ട്രീയം പുറത്തെടുക്കാൻ കഴിയാത്ത രീതിയിൽ തുടച്ചുനീക്കുകയും ചെയ്യുക എന്നതുമാണ് അതിന്റെ മുന്നോടിയായി ഇന്ത്യയിലെ സിവിൽ സമൂഹത്തിനും ജനാധിപത്യ പാരമ്പര്യത്തിനും ഇനിയും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന വലിയ സന്ദേശവും പ്രതീക്ഷയുമാണ് കർഷക സമരത്തിന്റെ ഈ മഹാവിജയം നമുക്ക് നൽകുന്നത്''.

          തുടർന്നുള്ള ലേഖനങ്ങളോരോന്നും, ഒന്നും രണ്ടും മോദിസർക്കാരുകളുടെ കാലത്ത് ഇന്ത്യ സാക്ഷ്യം വഹിച്ച നാനാതരം പരമാധികാര പ്രകടനങ്ങളെയും അവയ്ക്കുനേരെ രൂപംകൊണ്ട ജനകീയസ്വാതന്ത്ര്യസമരങ്ങളെയും കുറിച്ചുള്ള നിരീക്ഷണങ്ങളാണ് അവതരിപ്പിക്കുന്നത്.

         

സാങ്കേതികവിദ്യാ രംഗത്തുണ്ടായ വിപ്ലവകരമായ കുതിപ്പിന്റെ ഭാഗമായി ഇസ്രയേൽ വികസിപ്പിച്ച 'പെഗസ്സസ്' എന്ന ചാരസൂത്രം ഇന്ത്യൻ ജനാധിപത്യക്രമങ്ങളെ മാരകമായി പരിക്കേല്പിച്ച ഭരണകൂട ഇടപെടലുകൾക്കും രാജ്യാന്തര നയതന്ത്രബന്ധങ്ങളിലെ അപകടകരമായ ചേരിതിരിവുകൾക്കും വഴിയൊരുക്കിയതിനെക്കുറിച്ചാണ് ഒരു ലേഖനം.

          രാജാവിൽനിന്നുരുത്തിരിഞ്ഞു വന്ന നേതാവെന്ന രാഷ്ട്രീയപദവിയുടെ സാമൂഹ്യമനഃശാസ്ത്രമപഗ്രഥിക്കുന്നു മറ്റൊരു ലേഖനം.

          ഇന്ത്യൻ ഭരണഘടന ഹിന്ദുത്വത്തെ മുൻപും ഇപ്പോഴും നോക്കിക്കാണുന്നതിന്റെ വൈരുധ്യങ്ങൾ അപഗ്രഥിക്കുന്നു, ഇനിയൊരു ലേഖനം. കോടതിയും നിയമനിർമ്മാണസഭയും ഈ വിഷയത്തിൽ പുലർത്തിപ്പോരുന്ന പല നിലപാടുകളെയും വിമർശനാത്മകമായി നോക്കിക്കാണുന്നു ടി.ടി.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിലനിന്ന നെഹ്രുവിയൻ-അംബേദ്കറൈറ്റ് വികസനപരിപ്രേക്ഷ്യം നവലിബറൽ കാലത്ത് കയ്യൊഴിയപ്പെട്ടതിന്റെയും തോമസ് പിക്കറ്റി ചൂണ്ടിക്കാണിക്കുന്ന 'ബ്രാഹ്മണ ഇടതുപക്ഷം' (Brahmin Left) ഇന്ത്യൻ ഇടതുപക്ഷരാഷ്ട്രീയം ഹൈജാക്ക് ചെയ്തതിന്റെയും സൂചനകളാണ് വേറൊരു ലേഖനത്തിലെ ചർച്ചാവിഷയങ്ങൾ.

          സാമൂഹ്യമാധ്യമങ്ങളുടെ വ്യാപനവും അവയെ നിയന്ത്രിക്കാൻ കൊണ്ടുവന്ന നിയമങ്ങളും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രാഷ്ട്രീയപൊതുമണ്ഡലത്തിൽ സൃഷ്ടിക്കുന്ന വിപരീതങ്ങളെക്കുറിച്ചുള്ള ലേഖനം, ഫാസിസ്റ്റ് രാഷ്ട്രീയവ്യവസ്ഥയെയും അധീക്ഷണ (Surveillance) മുതലാളിത്ത വ്യവസ്ഥയെയും ഒരേസമയം തൃപ്തിപ്പെടുത്താനുള്ള ആഗോള സാമൂഹ്യമാധ്യമ കുത്തകകളുടെ താല്പര്യം ചൂണ്ടിക്കാണിക്കുന്നു.

          ഗുജറാത്തിലെ സർദാർ പട്ടേൽ പ്രതിമ, മുംബയിലെ സുഭാഷ്ചന്ദ്രബോസ് പ്രതിമ, കാശിവിശ്വനാഥ് ഇടനാഴി, ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമയ്യ പ്രതിമ, ഗുജറാത്തിലെതന്നെ ഹനുമാൻ പ്രതിമ, കേദാർനാഥിലെ ശങ്കരാചാര്യ പ്രതിമ, ഹൈദരാബാദിലെ രാമാനുജപ്രതിമ, പാർലമെന്റിനു മുന്നിലെ അശോകസ്തംഭം... എന്നിങ്ങനെ ഇക്കഴിഞ്ഞ നാലഞ്ചുവർഷങ്ങളിൽ ഇന്ത്യയിൽ നടന്ന പ്രതിമാനിർമ്മിതികളൊന്നടങ്കം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രതീകാത്മക ബിംബരാഷ്ട്രീയമായി മാറിയതെങ്ങനെ എന്നപഗ്രഥിക്കുന്നു, മറ്റൊരു ലേഖനം.

അസമിലെ കുടിയൊഴിപ്പിക്കലുകൾക്കു പിന്നിലെ സാമ്പത്തികവും രാഷ്ട്രീയവും മതപരവുമായ അജണ്ടകൾ എങ്ങനെ ഹിന്ദുത്വഫാഷിസത്തിന്റെ പ്രയോഗപഥങ്ങളിലൊന്നാകുന്നുവെന്നു സൂചിപ്പിക്കുന്ന ലേഖനം; ഇസ്ലാമോഫോബിയക്കു ബദലെന്നോണം ഹിന്ദുഫോബിയയെന്ന പരികല്പന പ്രചരിപ്പിക്കുന്ന രാജീവ് മൽഹോത്രയുടെയും മറ്റും താല്പര്യങ്ങളുടെ മറനീക്കുന്ന ലേഖനം; അയോധ്യാവിധി സൃഷ്ടിച്ച, ആന്തരാർഥങ്ങൾ ഏറെയുള്ള, ഹിന്ദുത്വപ്രതിഷ്ഠയുടെ മാനങ്ങൾ വിശദീകരിക്കുന്ന ലേഖനം; സാമ്പത്തികസംവരണത്തിലൂടെ ജാതിസംവരണതത്വത്തെ അട്ടിമറിക്കുന്നതിൽ വലതുപക്ഷവും ഇടതുപക്ഷവും ഒരുപോലെ പിൻപറ്റുന്ന സവർണരാഷ്ട്രീയം തുറന്നുകാണിക്കുന്ന ലേഖനം; മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന ചേരികൾ തെരഞ്ഞുപിടിച്ച് കുടിയൊഴിപ്പിക്കുന്ന ബുൾഡോസർ രാഷ്ട്രീയം ചർച്ചചെയ്യുന്ന ലേഖനം; തിരുവനന്തപുരത്തെ അനുപമയുടെ കുഞ്ഞിന്റെ ദത്തെടുക്കൽ പ്രശ്‌നവുമായി ബന്ധപ്പെട്ടുണ്ടായ ഭരണകൂട ഇടപെടലുകളിലെ ജനാധിപത്യവിരുദ്ധത ചൂണ്ടിക്കാണിക്കുന്ന ലേഖനം; ആം ആദ്മി മുതൽ 20-20 വരെയുള്ള രാഷ്ട്രീയപാർട്ടികളെ അവ പുലർത്തുന്ന നയങ്ങളിലെ ജനാധിപത്യരാഹിത്യം മുൻനിർത്തി വിശകലനം ചെയ്യുന്ന ലേഖനം എന്നിവ തുടർന്നു വരുന്നു. അവസാന രണ്ടെണ്ണമൊഴികെ ഓരോന്നും ഹിന്ദുത്വഭാരതത്തിലെ മൃത്യുരാഷ്ട്രീയങ്ങളിലേക്കുള്ള വിരൽചൂണ്ടലുകൾ തന്നെയായി മാറുകയും ചെയ്യുന്നു. നിശിതമാണ് ഇവയിലെ നിരീക്ഷണങ്ങളും നിലപാടുകളും. സയുക്തികമാണ് ഇവയുടെ അവതരണവും ആഖ്യാനവും. ഒരുഭാഗം നോക്കുക:

          ''സംവരണത്തിൽ വെള്ളം ചേർക്കാനുള്ള ഇന്ത്യയിലെ സവർണ്ണപരിശ്രമങ്ങൾക്ക് ആദ്യത്തെ കേരളമന്ത്രിസഭയോളം പഴക്കമുണ്ട് എന്ന് നമുക്കറിയാം. ഇന്നത് ഹിന്ദുത്വ വാദികളുടെ കാർമ്മികത്വത്തിൽ കോടതികൾവരെ അനുകൂലിക്കുന്ന സംവരണ വിരുദ്ധ വ്യവഹാരമായി മാറിയിരിക്കുന്നു. കേരളത്തിന്റെയും ഇന്ത്യയുടെതന്നെയും പൊതുബോധത്തെ സംവരണത്തിന്റെ ഭരണഘടനാതത്വങ്ങൾക്കെതിരായി മാറ്റുന്നതിന് ജാത്യാധീശ ശക്തികൾ മത്സരിക്കുകയാണ്. ഇക്കാര്യത്തിൽ അവർ നേടിയ സമീപകാല വിജയങ്ങളുടെ പട്ടികയിൽ കേരളത്തിൽ ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ മുന്നാക്കസംവരണം ഏർപ്പെടുത്തിയതും, പത്തു ശതമാനം മുന്നാക്കസംവരണം കൊണ്ടുവന്നതും, ബിജെപി മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ സർവ്വസമ്മതത്തോടെ മുന്നാക്കസംവരണനിയമം പാർലമെന്റിൽ പസ്സാക്കിയെടുത്തതുമെല്ലാമുണ്ട് എന്നത് വ്യാപകമായ ഒരു ദലിത്‌ന്യൂനപക്ഷ വഞ്ചനയുടെ കഥയാണ് പറയുന്നത്.

ഓരോഘട്ടത്തിലും സംവരണത്തിന്റെ ഭരണഘടനാപരമായ നീതിബോധത്തെ ചോദ്യം ചെയ്യാനുള്ള നിലപാടുകൾ യാതൊരു തത്വദീക്ഷയുമില്ലാതെ സവർണ്ണശക്തികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ക്രീമിലേയർ വാദം, മുന്നാക്കത്തിലെ പിന്നാക്കവാദം തുടങ്ങി നിരവധി പൂർവ്വകാല വിവാദങ്ങൾ ഇതിന്റെ ഭാഗമായിരുന്നു. ആ വിവാദങ്ങൾ അന്തിമമായി ചെന്നുനിന്നത് സവർണ്ണശാഠ്യങ്ങൾ വിജയക്കൊടി പാറിക്കുന്നതിലായിരുന്നു. ജാതി അടിസ്ഥാനത്തിലുള്ള സംവരണ സംവിധാനം എന്തോ വലിയ  അധാർമ്മികതയാണ് എന്ന കാഴ്ചപ്പാട് ഇവിടെ മേൽക്കൈ നേടിയത് ഈ സമീപനങ്ങളുടെ ഫലമായിക്കൂടിയാണ്. അതിന്റെ ഏറ്റവും പുതിയ രൂപമായി മാത്രമേ സുപ്രീംകോടതിയുടെ ജാതിസംവരണവിരുദ്ധവും സാമ്പത്തികസംവരണോന്മുഖവുമായ നിരീക്ഷണത്തെയും കാണുവാൻ കഴിയുകയുള്ളൂ. ഇതിലൂടെ സവർണ്ണ ഫാഷിസ്റ്റ് മനുവാദം ഇന്ത്യയിൽ പിടിമുറുക്കുന്നതിന്റെ മറ്റൊരുവശംകൂടി അനാവരണം ചെയ്യപ്പെടുകയാണ് എന്നത് അവഗണിക്കാൻ കഴിയാത്ത യാഥാർത്ഥ്യമാണ്''.

          ഭീംറാവു അംബേദ്കർ, ഗെയ്ൽ ഓംവെദ്, ഐജാസ് അഹമ്മദ് എന്നിവരെക്കുറിച്ചുള്ള സ്മൃതിചിത്രങ്ങളാണ് ഈ പുസ്തകത്തിന്റെ രാഷ്ട്രീയ നിലപാടുകളെയും സൈദ്ധാന്തിക ധാരണകളെയും ഊട്ടിയുറപ്പിക്കുന്ന ഭാഗം. വിശേഷിച്ചും മാർക്‌സിസ്റ്റ് അംബേദ്‌റൈറ്റ് രാഷ്ട്രീയങ്ങൾ.

          ഇന്ത്യൻദേശീയതയുടെയും സ്വാതന്ത്ര്യസമരത്തിന്റെയും രാഷ്ട്രബോധത്തിന്റെയും അബോധങ്ങളെ രൂപപ്പെടുത്തുന്നതിൽ ഗാന്ധിക്കുള്ള പങ്കു ചൂണ്ടിക്കാണിച്ചുകൊണ്ട്, ഗാന്ധിയെയും പിൽക്കാലത്ത് നെഹ്രുവിനെയും പിൻപറ്റാതെ മറ്റൊരു വഴിയിൽ തന്റെ രാഷ്ട്രീയതത്വചിന്തയും സാമൂഹ്യപ്രയോഗങ്ങളും രൂപപ്പെടുത്തിയ അംബേദ്കറെക്കുറിച്ചുള്ള ഒന്നാന്തരം ഒരു പഠനമാണ് ശ്രീകുമാറിന്റേത്. അംബേദ്കറുടെ രാഷ്ട്രീയജീവചരിത്രം സംഗ്രഹിച്ചുകൊണ്ട് ഹിന്ദുത്വദേശീയതക്കെതിരെ അന്നെന്നപോല ഇന്നും മുന്നോട്ടുവയ്ക്കാവുന്ന ഏറ്റവും മൂർത്തമായ രാഷ്ട്രീയ നിലപാട് അംബേദ്കറുടേതാണ് എന്ന് സമർഥിക്കുന്നു ശ്രീകുമാർ. ജാതിരാഷ്ട്രീയത്തിന്റെയും ബ്രാഹ്മണ്യബോധത്തിന്റെയും പ്രത്യയശാസ്ത്രവലക്കുള്ളിൽ കരുത്താർജ്ജിച്ചു വന്ന ഹിന്ദുത്വത്തിന്റെ മൃത്യുരാഷ്ട്രീയഘടന അപഗ്രഥിക്കുന്നതിൽ അംബേദ്കറൈറ്റ് ചിന്തകൾക്കുള്ള സാംഗത്യം ചൂണ്ടിക്കാണിക്കുന്ന രചന. 'ഭരണകൂടാധിഷ്ഠിതമായ ജനാധിപത്യത്തിലടിയുറച്ച സാമൂഹ്യനീതിയുടെ ആഗോള ദാർശനികൻ' എന്ന നിലയിൽ അംബേദ്കറെ സ്ഥാനപ്പെടുത്തുന്നു, ശ്രീകുമാർ.

         

ഇന്ത്യയിൽ അംബേദ്കറൈറ്റ് ദാർശനികതക്കും ദളിത് സാമൂഹ്യചിന്തക്കും കൈവന്ന ഏറ്റവും ശ്രദ്ധേയമായ സൈദ്ധാന്തിക ഇടപെടലുകളും വ്യാഖ്യാനങ്ങളും മുന്നോട്ടുവച്ചവരിലൊരാൾ ഗെയ്ൽ ഓംവെദാണ്. ഗാന്ധി-അംബേദ്കർ ദ്വന്ദ്വത്തിന്റെ രാഷ്ട്രീയതത്വചിന്തകളെ ഇത്രമേൽ ആഴത്തിലപഗ്രഥിച്ച സാമൂഹ്യപഠിതാക്കൾ മറ്റധികമില്ല. നെഹ്രു-മാർക്‌സ്-അംബേദ്കർ എന്നൊരു അച്ചുതണ്ട് അവതരിപ്പിച്ചുകൊണ്ട് വർഗ, ജാതി സംപ്രത്യയങ്ങളെ ജനാധിപത്യ രാഷ്ട്രീയക്രമത്തിൽ വിശകലനം ചെയ്യാനും ചരിത്രനിഷ്ഠമായി വ്യാഖ്യാനിക്കാനും ഓംവെദ് ശ്രമിച്ചു. അവരുടെ നിരവധി കൃതികളും അവയിലെ നിലപാടുകളും വിശദീകരിച്ചുകൊണ്ട് ശ്രീകുമാർ ഇന്ത്യയിൽ 1990കളിൽ കരുത്താർജിച്ചുവന്ന നവസാമൂഹ്യപ്രസ്ഥാനങ്ങളുടെ ഏറ്റവും പ്രസിദ്ധമായ താത്വിക വക്താവായി ഓംവെദിനെ സ്ഥാനപ്പെടുത്തുന്നു. ഹൈന്ദവദൈവശാസ്ത്രത്തിന്റെ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രങ്ങളെ  അപനിർമ്മിക്കുന്നതിൽ അംബേദ്കറൈറ്റ് ചിന്തകൾക്കുള്ള പ്രാധാന്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഓംവെദ് തന്റെ കാഴ്ചപ്പാടുകൾ രൂപീകരിച്ചതെന്ന് ശ്രീകുമാർ സൂചിപ്പിക്കുകയും ചെയ്യുന്നു.

         

ഐജാസ് അഹമ്മദിന്റെ യാഥാസ്ഥിതിക മാർക്‌സിയൻ രാഷ്ട്രീയചിന്തകളെ വിമർശനാത്മകമായി വിലയിരുത്തിക്കൊണ്ടും ഉത്തരാധുനിക-കോളനിയനന്തര-മൂന്നാം ലോക സാംസ്‌കാരിക, സൈദ്ധാന്തിക മണ്ഡലങ്ങളിൽ അദ്ദേഹം ഉയർത്തിയ നിരീക്ഷണങ്ങൾക്കുള്ള പ്രസക്തികളും പരിമിതികളും സൂചിപ്പിച്ചുകൊണ്ടും ശ്രീകുമാർ തന്റെ മൂന്നാമത്തെ സ്മൃതിചിത്രം അവതരിപ്പിക്കുന്നു. 1992ൽ ഐജാസ് നടത്തിയ ഒരു സ്മാരകപ്രഭാഷണത്തിൽ, ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തെ ഫാസിസത്തോടും ദേശീയതാബോധത്തോടും ചേർത്തുനിർത്തി ഗ്രാംഷിയൻ വായനക്കു വിധേയമാക്കുന്നത് വിശദീകരിച്ചുകൊണ്ട്, ഇന്ത്യൻ ഹിന്ദുത്വത്തിന്റെ ഏറ്റവും മികച്ച രാഷ്ട്രീയ-സൈദ്ധാന്തികാവലോകനമായി ആ നിരീക്ഷണത്തെക്കുറിച്ചെഴുതുന്നു, ശ്രീകുമാർ.

          തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, സയുക്തികമായ ഉൾക്കാഴ്ചകളും വിമർശനാത്മകമായ നിലപാടുകളും രൂപപ്പെടുത്തി, സമകാല ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പരമാധികാര പ്രവണതകൾ അപനിർമ്മിക്കുന്ന രചനകളുടെ സമാഹാരമാണ് 'സ്വാതന്ത്ര്യസമരങ്ങളുടെ സൂക്ഷ്മരാഷ്ട്രീയം'. ഹിന്ദുത്വപ്രത്യയശാസ്ത്രത്തെയും ആഗോള മുതലാളിത്തത്തെയും കൂട്ടിയിണക്കുന്നതിലെ അസാമാന്യമായ രാഷ്ട്രീയ മെയ്‌വഴക്കമാണ് ശ്രീകുമാറിന്റെ ബൗദ്ധിക മൂലധനം. ഒവൈസിയുടെ രാഷ്ട്രീയത്തെ ഗുണാത്മകമായി കാണുന്നതും മറ്റും വിയോജിപ്പുകൾ ക്ഷണിച്ചുവരുത്തുമെങ്കിലും സമകാല ഇന്ത്യൻ രാഷ്ട്രീയപൊതുമണ്ഡലം എത്തിപ്പെട്ടുകഴിഞ്ഞ നരകയാഥാർഥ്യങ്ങളുടെ ചരിത്രനിഷ്ഠവും പ്രത്യയശാസ്ത്രബദ്ധവുമായ അവസ്ഥകളുടെ സൂക്ഷ്മാപഗ്രഥനങ്ങളെന്ന നിലയിൽ ഈ പുസ്തകത്തിലെ ഇടപെടലുകൾ പ്രസക്തമാണ്.

പുസ്തകത്തിൽനിന്ന്

''ഗാന്ധി വേദകാല ഗ്രാമങ്ങളുടെ ഒരു ആധുനികരൂപത്തെ പുതിയ ഇന്ത്യയുടെ രാഷ്ട്രീയ മാതൃകയായി കാണുകയും നെഹ്രു അതിനു വിപരീതമായി ആധുനിക ദേശരാഷ്ട്ര ജനാധിപത്യമാണ് ഉത്തമമെന്നു വിശ്വസിക്കുകയും ചെയ്തപ്പോൾ ഇത് രണ്ടിൽനിന്നും വ്യത്യസ്തമായി കുറേക്കൂടി ബഹുദർശനപരമായ (eclectic) ഒരു സമീപനമാണ് അംബേദ്കർ വിഭാവന ചെയ്തിരുന്നത്. ഫേബിയൻ സോഷ്യലിസം, മാർക്‌സിസം, ബുദ്ധിസം, ലോക ജനാധിപത്യ വിപ്ലവങ്ങൾ, സോവിയറ്റ് സോഷ്യലിസം, മതാധീശത്വവിരുദ്ധത തുടങ്ങിയ വ്യത്യസ്തമായ ആശയധാരകളെ സമന്വയിപ്പിക്കുന്നതും ഭരണകൂടവും സിവിൽ സമൂഹവും തമ്മിലുള്ള വൈരുധ്യങ്ങളെ ഭരണഘടനാപരമായ മാർഗ്ഗങ്ങളിലൂടെ പരിഹരിക്കുന്നതുമായ സാമൂഹിക സംഘാടനം എങ്ങനെ വ്യക്തികൾ തമ്മിലുള്ള സംവാദാത്മകമായ തുല്യത നിലനിർത്തിക്കൊണ്ട് സാധ്യമാക്കാമെന്ന കൂടുതൽ ഉല്കൃഷ്ടമായ ചിന്തയാണ് തുടക്കം മുതൽ അംബേദ്കർ മുന്നോട്ടുവക്കുന്നത്. എന്നാൽ ഈ ബഹുദർശനരീതിയെത്തന്നെ പിൽക്കാലത്ത് തന്റെ അഗാധമായ ജ്ഞാനശാസ്ത്ര രീതിശാസ്ത്ര സൂക്ഷ്മതകളിലൂടെ അതിലംഘിച്ച് സ്വകീയമായ ഒരു രാഷ്ട്രീയദർശന സാകല്യത്തിന്റെ നിർമ്മിതിയിലേക്ക് അംബേദ്കർ നീങ്ങുന്നുണ്ട്. ഇതിന്റെ പ്രായോഗിക രാഷ്ട്രീയമെന്ന അടിസ്ഥാനം കൂടി അദ്ദേഹത്തിന്റെ ജാത്യാധീശത്വവിരുദ്ധ സമരങ്ങൾക്ക് പിന്നിലുണ്ട്. ജാതിപ്രശ്‌നം കേവലമായ സാമൂഹികപ്രശ്‌നമല്ല അതൊരു രാഷ്ട്രീയ പ്രശ്‌നമാണ് എന്ന നിലപാടിലേക്ക് അദ്ദേഹം എത്തുന്നത് ഈ ബഹുദർശന സമീപനത്തിന്റെ രീതിശാസ്ത്രം കൂടി ഉപയോഗിച്ചാണ്.

ഇതിനോട് യാതൊരു തരത്തിലും സമരസപ്പെടാൻ ഗാന്ധി തയ്യറായിരുന്നില്ലെങ്കിലും കുറെയൊക്കെ ഇതിനോട് ആഭിമുഖ്യമുള്ള സമീപനമായിരുന്നു നെഹ്രുവിന്റെത്. ഒരു പക്ഷെ അമ്പതുകളിൽ ഇന്ത്യൻ ദേശരാഷ്ട്രഭരണയുക്തിയുടെ അടിസ്ഥാനശിലയായി മാറിയ ക്ഷേമരാഷ്ട്ര നീതിസങ്കല്പം രൂപം കൊള്ളുന്നത് നെഹ്‌റു-അംബേദ്കർ സമീപനങ്ങളുടെ സമവായത്തിലൂടെയും സമന്വയത്തിലൂടെയുമായത് ഈ രണ്ടു സമീപനങ്ങളും തമ്മിൽ വ്യത്യസ്തതകൾ ഉണ്ടായിരുന്നപ്പോഴും അവയുടെ ആഴത്തിലുള്ള ചില ബൗദ്ധിക പ്രവാഹങ്ങൾ ഒരുമിച്ചു ചേരുന്നവയായതുകൊണ്ടു കൂടിയായിരുന്നു. എല്ലാവരെയും പങ്കെടുപ്പിക്കാൻ കഴിയുന്ന സാമ്പത്തിക അവസര സമത്വം എന്ന നെഹ്രുവ്യൻ പദ്ധതിയും അവസരസമത്വത്തിനു അനിവാര്യമായ സമൂഹികനീതി എന്ന അംബേദ്കർ തത്വവും അങ്ങനെ ഇന്ത്യൻ ക്ഷേമരാഷ്ട്ര സങ്കല്പത്തിന്റെ അടിസ്ഥാനമാതൃകയായി മാറി.

          മുപ്പതുകളുടെ തുടക്കത്തിൽ ഗാന്ധിയുടെ കാർക്കശ്യമാർന്ന നിലപാട് തന്റെ അധഃസ്ഥിത വിമോചന രാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പിന്നോട്ടടിപ്പിച്ചുവെങ്കിലും അതിൽനിന്നു പിന്മാറുകയല്ല, പകരം ആ പരിമിതിയെ അതിലംഘിക്കാൻ സഹായിക്കുന്ന പുതിയ തലങ്ങളിലേക്ക് സ്വന്തം ഇടപെടലുകളെ കൂട്ടിക്കൊണ്ടുപോവുകയാണ് അംബേദ്കർ പിന്നീട് ചെയ്യുന്നത്. തന്റെ ധൈഷണികവികാസത്തിന്റെ ആദ്യഘട്ടത്തിൽന്നെ ഒരു പോസ്റ്റ് കൊളോണിയൽ രീതിശാസ്ത്രമാണ് അദ്ദേഹം പിന്തുടർന്നിരുന്നത്. പിൽക്കാലത്ത് പോസ്റ്റ്‌കൊളോണിയൽ സമീപനം ആവിർഭവിച്ചതും അദ്ദേഹം അന്ന് പഠിച്ചിരുന്ന കൊളംബിയ സർവ്വകലശാലയിലാണ് എന്നത് കൗതുകകരമായ ഒരു കാര്യമാണ്. ഒരു രീതിശാസ്ത്രം എന്നനിലയിൽ പോസ്റ്റ് കൊളോണിയൽ സമീപനം ഗായത്രി സ്പിവക്കും (Gayatri Spivak) എഡ്വേർഡ് സെയ്ദും (Edward Said) ഹോമിഭാഭയുമൊക്കെ (Homi Bhabha) മുന്നോട്ടുവക്കുന്നതിനു എത്രയോ മുമ്പുതന്നെ അതിനു സമാനമായ ഒരു അക്കാദമിക് താല്പര്യമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പോസ്റ്റ്‌കൊളോണിയൽ പഠനത്തിൽ തീർച്ചയായും ഉൾപ്പെടുത്താൻ കഴിയുന്നതാണ് കൊളോണിയലിസത്തിനു മുമ്പുള്ള ഇന്ത്യയുടെ വാണിജ്യബന്ധങ്ങൾ വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ കൊളംബിയ സർവ്വകലാശാലയിലെ മാസ്റ്റെർസ് പ്രബന്ധം. Ancient Indian Commerce എന്ന ആ പ്രബന്ധത്തിൽ വളരെ കൃത്യമായി മധ്യേഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധങ്ങളെക്കുറിച്ചും ഇന്ത്യയുടെ മധ്യകാല വ്യാപാര വൈപുല്യത്തെക്കുറിച്ചും ബ്രിട്ടീഷ് ഭരണത്തിന് തൊട്ടുമുമ്പുള്ള ഇന്ത്യൻ വ്യാപാരത്തിന്റെ സവിശേഷതകളക്കുറിച്ചും അദ്ദേഹം ആഴത്തിൽ ചർച്ചചെയ്യുന്നുണ്ട് (Valerian Rodrigues The essential Writings of BR Ambedkar, 2002), അദ്ദേഹത്തിന്റെ സാമ്പത്തികപഠനങ്ങളുടെ ഒരു ചെറിയ സംഗ്രഹം വലെറ്യൻ റോഡ്രിഗ്‌സ് നൽകുന്നത് നോക്കിയാൽ (Ibid) വ്യക്തമാവുന്ന ഒരു വസ്തുത അദ്ദേഹത്തിന്റെ രീതിയിലേയും പ്രമേയങ്ങളിലേയും പോസ്റ്റ്‌കൊളോണിയൽ പ്രാരംഭങ്ങളാണ്. ഇത്തരമൊരു ചർച്ചയിലേക്ക് റോഡ്രിഗ്‌സ് കടക്കുന്നില്ല. യഥാർത്ഥത്തിൽ ഡബ്ല്യു. ഇ. ബി. ദുബൊയിസ് (W.E.B. Du Bois), സി. എൽ. ആർ. ജയിംസ് (C.L.R. James), ഫ്രാന്റ്‌സ് ഫാനൻ (Frantz Fanon), അമിൽകർ ക്രബാൾ (Amilcar Cabral) തുടങ്ങിയ പോസ്റ്റ്‌കൊളോണിയൽ ചിന്തയുടെ പൂർവ്വകാല വിമർശനരൂപങ്ങൾ വികസിപ്പിച്ച ആഗോളചിന്തകരുടെ നിരയിലാണ് അംബേദ്കറുടെ സ്ഥാനമെന്നു കാണുവാൻ കഴിയും,

          മാത്രമല്ല, ഈ ചിന്തകർക്ക് പ്രധാനമായും യൂറോകേന്ദ്രിത വംശവെറിയുടെ രാഷ്ട്രീയത്തെ മാത്രമാണ് അഭിമുഖീകരിക്കേണ്ടി വന്നതെങ്കിൽ, അംബേദ്കറിന് ഒരുവശത്തുകൊളോണിയൽ വംശവെറിയുടെയും മറുവശത്ത് അതിനെക്കാൾ തീക്ഷ്ണമായി അനുഭവപ്പെട്ട വർണ്ണജാതി വെറിയുടെയും പ്രത്യയശാസ്ത്രങ്ങളെ നേരിടേണ്ടിയിരുന്നു. അത്തരമൊരു വായന അവിടെ റോഡ്രിഗ്‌സ് നിർവഹിക്കുന്നി ല്ലെങ്കിലും അദ്ദേഹം സൂചിപ്പിക്കുന്ന അംബേദ്കറുടെ അടുത്ത പഠനവും അധിനിവേശവിരുദ്ധമാനങ്ങൾ ഉൾക്കൊള്ളുന്നതാണ്. The Administration and Finance of east India Company എന്ന പ്രബന്ധം അധിനിവേശകരുടെ സമ്പത്തിന്റെ സ്രോതസ്സുകളെക്കുറിച്ചും അവർ അത് ചെലവഴിക്കുന്ന രീതികളെക്കുറിച്ചുമുള്ള വിശദമായ പഠനമാണ്. The Evolution of Provincial Finance in British India എന്ന പ്രബന്ധം 1857ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് രാജാധിപത്യം ഇന്ത്യൻ ഭരണം ഏറ്റെടുത്തതിനുശേഷമുള്ള ഇടപെടലുകൾക്ക് ഊന്നൽ നല്കുന്നതാണ്. തുടർന്നുള്ള പഠനം ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നടത്തിയ ഡോക്ടറൽ പഠനപ്രബന്ധമാണ്. ഇതിൽ രൂപയുടെ സാമ്പത്തിക വൈരുധ്യങ്ങളാണ് അദ്ദേഹം ചർച്ചചെയ്യുന്നത്. പിന്നീട് മുപ്പതുകളിൽ പ്രാമാണികമായി ത്തീർന്ന കേയ്‌നീഷ്യൻ ചിന്തകളോടാണ് (John Mynard Keynes) അദ്ദേഹം ഇതിൽ സഹഭാവം പുലർത്തുന്നത്. പൊതുവിൽ തന്റെ അക്കാദമിക് പഠനങ്ങളിൽ കൊളോണിയൽ ഭരണയുക്തിയുടെ വിവിധ ഘടനകളെ അപഗ്രഥിക്കാനുള്ള ഉദ്യമമാണ് അദ്ദേഹം നടത്തുന്നത്.

          സാമൂഹികനീതിയുടെ രാഷ്ട്രീയം പ്രാവർത്തികമാക്കുന്നതിൽ ഭരണകൂടത്തിന്റെ പങ്കെന്താണ് എന്നതിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ ധാരണകൾ ഈ പഠനങ്ങളിലൂടെയാണ് അദ്ദേഹം രൂപപ്പെടുത്തിയത്. അത്തരം പരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്താൻ സാഹചര്യം ലഭിച്ചപ്പോഴൊക്കെ അദ്ദേഹം ഈ ഉൾക്കാഴ്ചകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പിൽക്കാലത്ത് രണ്ടാം ലോകയുദ്ധത്തിനു ശേഷം ആഗോളതലത്തിൽ വികസിച്ച ക്ഷേമരാഷ്ട്രസങ്കൽപ്പത്തെ മുൻകൂർകാണുകയും അതിന്റെ ജനാധിപത്യപരമായ അസ്തിത്വത്തെ മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്യാൻ അംബേദ്കർക്കും കഴിഞ്ഞിരുന്നു എന്നത് പരമപ്രധാനമായ ഒരു വസ്തുതയാണ്. ഭരണകൂടത്തിന്റെ പരമാധികാരം എന്ന സങ്കൽപ്പനത്തെ ജനാധിപത്യപരമായി നിർവചിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. പ്രമുഖ ആഫ്രിക്കൻ രാഷ്ട്രീയ സൈദ്ധാന്തികനായ അഷീൽ മേംബെ (Achille Mbembe) പരമാധികാരത്തെ നിർവചിക്കാൻ ഉപയോഗിക്കുന്നത് മൃത്യുരാഷ്ട്രീയം (necropolitics), നിഗ്രഹാധികാരം/ഹത്യാധികാരം (necropower) എന്നീ സങ്കല്പനങ്ങളാണ്. മിഷേൽ ഫൂക്കോയുടെ ജൈവരാഷ്ട്രീയം (biopolitics), ജൈവാധികാരം (biopower) എന്നീ പരികൽപ്പനകൾ വികസിപ്പിച്ചാണ് മേംബെ തന്റെ മൗലികമായ അന്വേഷണങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത് (Achille Mbembe, 2003; 32019). ഇതിൽനിന്ന് വ്യത്യസ്തമായി അംബേദ്കർ ഈ ഹത്യാധികാരവും മൃത്യുരാഷ്ട്രീയവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാകെ കൈയാളുന്നത് ഹിന്ദു ബ്രാഹ്മണ്യ പരമാധികാരമാണെന്ന ഉൾക്കാഴ്ചയാണ് നമുക്കു നൽകുന്നത്. നീതിരാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ജനാധിപത്യ ക്ഷേമരാഷ്ട്ര ഭരണകൂടം ഈ പരമാധികാരമതത്തിന്റെ ഹത്യാധികാരങ്ങളെ ചെറുക്കുന്നതാണെന്ന സമീപനം അദ്ദേഹത്തിന്റെ ഭരണകൂട സങ്കൽപ്പത്തിൽ അടങ്ങിയിട്ടുണ്ട്.

         

നീതിയെക്കുറിച്ചുള്ള ആഗോളസങ്കൽപ്പങ്ങളിൽ സംവരണം പോലെയുള്ള പോസിറ്റിവ് വിവേചനസമ്പ്രദായങ്ങൾ ശക്തമായി കടന്നുവരുന്നതിനു മുമ്പുതന്നെ അതിന്റെ അർത്ഥവും വ്യാപ്തിയും മനസ്സിലാക്കിയ ചിന്തകനായിരുന്നു അംബേദ്കർ. രണ്ടാം ലോകയുദ്ധത്തിനുശേഷം ആഗോളതലത്തിൽ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ സ്വാധീനത്തിലും ഒപ്പം തന്നെ തൊഴിലാളിവർഗ്ഗ വിപ്ലവങ്ങളെക്കുറിച്ചുള്ള ഭീതിയിലും വലിയ മാറ്റങ്ങളാണ് ലോകമുതലാളിത്തം ദേശരാഷ്ട്രഭരണയുക്തിയിൽ വരുത്തിത്തീർത്തത്. ആ മാറ്റങ്ങൾ പ്രാവർത്തികമാവുന്നതിനു മുമ്പുതന്നെ വ്യത്യസ്തമായ കാരണങ്ങൾ കൊണ്ട് അതേ ക്ഷേമരാഷ്ട്രസമീപനത്തിനു വേണ്ടി ഭരണഘടനാപരമായ ഇടപെടലുകളിലൂടെയും, പ്രക്ഷോഭങ്ങളിലൂ ടെയും അഡ്വോക്കസിയിലൂടെയും പരിശ്രമിച്ച അംബേദ്കർ യഥാർത്ഥത്തിൽ ആഗോള ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിന്റെ കാര്യത്തിലും അഗ്രഗാമിയാണെന്നു മനസ്സിലാക്കേണ്ടതുണ്ട്. കാർഷിക വ്യാവസായിക മേഖലകളിൽ അംബേദ്കർ മുന്നോട്ടുവച്ച നയങ്ങൾ പരിശോധിച്ചാൽ ഇതു കൂടുതൽ വ്യക്തമാവുന്നതാണ്. വലെറ്യൻ റോഡ്രിഗ്‌സ് (മുൻ പുസ്തകം) ചൂണ്ടിക്കാട്ടുന്നതുപോലെ, ഭരണകൂടത്തിനും ഉൽപ്പാദകർക്കും ഇടയിലുള്ള മധ്യവർത്തികളെ കാർഷികമേഖലയിൽനിന്ന് നിഷ്‌കാസനം ചെയ്യണമെന്നു അദ്ദേഹം നിഷ്‌കർഷിച്ചു. അധഃസ്ഥിതവിഭാഗങ്ങളിൽനിന്നുള്ള ജീവനക്കാരുടെ പരമ്പരാഗതമായ ചില അനുഷ്ഠാനകർത്തവ്യങ്ങൾ ഒഴിവാക്കി ബ്യൂറോക്രസിയിൽ ഭരണപരിഷ്‌കരണം കൊണ്ടുവരണമെന്ന് നിർദ്ദേശിച്ചു. കൃഷിയുടെ ദേശസാൽക്കരണവും കാർഷികമിച്ചത്തിന്റെ അധഃസ്ഥിത വിഭാഗങ്ങൾക്കിടയിലെ പുനർവിതരണവും അദ്ദേഹത്തിന്റെ സാമ്പത്തിക പാക്കേജിൽ ഉൾപ്പെട്ടിരുന്ന ആവശ്യങ്ങളാണ്. 1960കളിലാണ് ഇന്ത്യൻ കാർഷികമേഖലയിലെ കാർഷികഭൂമിയുടെ വിസ്തീർണ്ണവും ഉൽപാദനക്ഷമതയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആഴത്തിലുള്ള ഒരു ചർച്ചനടക്കുന്നത്. ചർച്ചക്ക് തുടക്കമിട്ടത് അമർത്യാസെൻ (Amartya Sen) ആയിരുന്നു. ഇവ രണ്ടും തമ്മിൽ പ്രതിലോമബന്ധമാണ് ഉള്ളതെന്ന അദ്ദേഹത്തിന്റെ കണ്ടെത്തലിനെത്തുടർന്ന് എ.കെ. ഖുശ്രു, ദീപക് മജുംദാർ, സി എച്ച്. ഹനുമന്ത റാവു, ജി ആർ സൈനി, അശോക് രുദ്ര തുടങ്ങി നിരവധി സാമ്പത്തിക ശാസ്ത്രജ്ഞർ അതേക്കുറിച്ച് പഠിക്കാൻ തയ്യാറായി. ചെറുകിട കർഷകരുടെ സാമ്പത്തിക നിലനിൽപ്പും ഇന്ത്യയുടെ ഭക്ഷ്യക്കമ്മിയും മറ്റനേകം പ്രശ്‌നങ്ങളും ഈ പഠനങ്ങളുടെ പശ്ചാത്തലമായിരുന്നു. ഇന്ത്യയുടെ കാർഷിക മേഖലയിലെ ഘടനാപരമായ ചില പരിമിതികളാണ് ഇത്തരമൊരു ചർച്ചക്ക് കാരണമായത്. എന്നാൽ ഈ പ്രശ്‌നം 1917 ൽ തന്നെ അംബേദ്കർ ഉന്നയിക്കുന്നുണ്ട് 'Small Holdings in India and their remedies' എന്ന സുദീർഘമായ പഠനത്തിലൂടെ ഈ പ്രശ്‌നത്തിന്റെ കാതലിലേക്ക് സവിശേഷമായ ശ്രദ്ധ തിരിക്കുന്നത് ആദ്യമായി യുവാവായ അംബേദ്കർ ആയിരുന്നു എന്നത് അറുപതുകളിലെ ചർച്ചയുടെ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്. മാത്രമല്ല, അദ്ദേഹം പ്രായോഗികമായ പല പരിഹാരങ്ങളും നിർദ്ദേശിക്കുന്നുമുണ്ട്. ഭൂപരിഷ്‌കരണത്തിന്റെ അജണ്ടയെ സാമ്പത്തികമായി എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതിനെ സംബന്ധിച്ച വലിയ ഉൾക്കാഴ്ചയാണ് ഇതിലൂടെ അദ്ദേഹം നല്കാൻ ശ്രമച്ചതെന്ന് മനസ്സിലാക്കുവാൻ കഴിയും. വ്യാവസായിക മേഖലയിലൂടെ പുനഃസംഘാടനത്തിനും സമഗ്രമായ പല നിർദ്ദേശങ്ങളും അദ്ദേഹം വിശദീകരിച്ചു നൽകുന്നുണ്ട്. ഇവയുടെയെല്ലാം അടിസ്ഥാനം അദ്ദേഹം ഉയർത്തിപ്പിടിച്ച വ്യത്യസ്തമായ ഒരു മതാധികാരവിരുദ്ധ ക്ഷേമരാഷ്ട്ര ഭരണയുക്തിയായിരുന്നു എന്നത് നിയോലിബറൽ പോസ്റ്റ് നിയോലിബറൽ കാലഘട്ടത്തിലേക്ക് ആവശ്യമായ വലിയൊരു തിരിച്ചറിവ് കൂടിയാണ്''.

സ്വാതന്ത്ര്യസമരങ്ങളുടെ സൂക്ഷ്മരാഷ്ട്രീയം
ടി ടി ശ്രീകുമാർ
പ്രോഗ്രസ് ബുക്‌സ്, കോഴിക്കോട്
2022
320 രൂപ