'ഇന്ദുലേഖ'യുടെ അവതാരികയിൽ ഒ. ചന്തുമേനോൻ തുടക്കം കുറിച്ച മലയാളവിമർശനത്തിന്റെ ഇക്കഴിഞ്ഞ നൂറ്റിമുപ്പത്തിനാലുവർഷത്തെ ചരിത്രം, യൂറോ-അമേരിക്കൻ സാഹിത്യ, കലാനിരൂപണങ്ങളുടെ ഏതാണ്ടെല്ലാ സമീപനരീതികളും സാന്ദർഭികമായി പരീക്ഷിച്ച ഒന്നാണ്. ജോൺ ഡ്രൈഡനിൽ തുടങ്ങി മാത്യു ആർനോൾഡിൽ വ്യവസ്ഥപ്പെടുന്ന ആധുനിക ഇംഗ്ലീഷ് വിമർശനത്തിന്റെ അക്കാദമിക, അക്കാദമികേതര മാർഗങ്ങൾ ഇവിടെയും കാലാകാലങ്ങളിൽ നടപ്പായി. ഇടയ്ക്കിടയ്ക്ക് ഇംഗ്ലീഷിലൂടെത്തന്നെ ഇതര യൂറോപ്യൻ ഭാഷകൾ ചിലതിലെ നിരൂപണപദ്ധതികളും. സി.പി. അച്യുതമേനോൻ, ഏ.ആർ. രാജരാജവർമ്മ, കേരളവർമ്മ, സാഹിത്യപഞ്ചാനനൻ, കേസരി ബാലകൃഷ്ണപിള്ള എന്നിവരോരുത്തരും ഭാഷ മുതൽ ഭാവനവരെയും കൃതി മുതൽ കർത്താവ് വരെയും രൂപം മുതൽ മാധ്യമം വരെയും സമൂഹം മുതൽ ചരിത്രം വരെയുമുള്ള മണ്ഡലങ്ങളെ തമ്മിൽ തമ്മിൽ ഭിന്നങ്ങളായ വിമർശനാവബോധങ്ങളും നിരൂപണപദ്ധതികളും പിന്തുടർന്ന് വിശകലനം ചെയ്തു. പിൽക്കാല മലയാളവിമർശനത്തിൽ രൂപംകൊണ്ട ഭിന്നമാർഗങ്ങൾ പലതിനും അസ്തിവാരം പണിഞ്ഞതും ഇവരാണ്.

          സാങ്കേതികവും സൗന്ദര്യാത്മകവും പാണ്ഡിത്യപ്രകടനപരവും സംസ്‌കൃതകാവ്യശാസ്ത്രപരവും ദ്രാവിഡസൗന്ദര്യശാസ്ത്രനിഷ്ഠവും ഭാഷാധിഷ്ഠിതവും സാമൂഹ്യശാസ്ത്രപരവും ജീവചരിത്രാത്മകവും മനോവിജ്ഞാനീയപരവും ചരിത്രാധിഷ്ഠിതവും രാഷ്ട്രീയബദ്ധവും പ്രത്യയശാസ്ത്രപരവും മാർക്‌സിസ്റ്റും പാഠാനുശീലനപരവും ശൈലീവിജ്ഞാനപരവും നവവിമർശനപരവും നരവംശശാസ്ത്രപരവും ഘടനാവാദപരവും ചിഹ്നവിജ്ഞാനീയപരവും ദേശീയതാവാദപരവും കോളനിയനന്തരവാദപരവും സ്ത്രീ/ലിംഗവാദപരവും പാരിസ്ഥിതികവും കീഴാള/ദലിത്പഠനപരവും അന്തർ/ബഹു വൈജ്ഞാനികവും സാംസ്‌കാരിക ഭൗതികവാദപരവും നവചരിത്രവാദപരവും വ്യവഹാരവിശകലനപരവും സാഹിത്യചരിത്രവിജ്ഞാനീയപരവും സാംസ്‌കാരികപഠനപരവും പൊതുമണ്ഡലാധിഷ്ഠിതവും മറ്റും മറ്റുമായ എത്രയെങ്കിലും വിമർശനപദ്ധതികൾ തുടർന്നിങ്ങോട്ട് ഇവിടെ നടപ്പായി. ഈ പറഞ്ഞ സമീപനങ്ങൾ ചിലത് ഒറ്റക്കോ ഇടകലർത്തിയോ സാഹിത്യ-സാഹിത്യേതര മേഖലകളിൽ പ്രയോഗിക്കുന്ന നിരൂപകരുടെ, കേസരി ബാലകൃഷ്ണപിള്ളയിലാരംഭിക്കുന്ന താവഴിയുടെ ഇങ്ങേയറ്റത്തുള്ള വ്യക്തിത്വമാണ് കെ.എം. നരേന്ദ്രൻ.

          'വിയോജനക്കുറിപ്പുകൾ' എന്ന തന്റെ ഏറ്റവും പുതിയ നിരൂപണഗ്രന്ഥത്തിൽ നരേന്ദ്രൻ നടത്തുന്ന സാഹിതീയ, സാംസ്‌കാരിക വായനകൾ ശ്രദ്ധിച്ചാൽ ഈ വിമർശനസമീപനത്തിന്റെ സ്വരൂപവും സ്വഭാവവും വ്യക്തമാകും. സംവാദം, ശ്രദ്ധ, കാവ്യകല, ഇഷ്ടസുഗന്ധംപോലെ എന്നീ മുൻസമാഹാരങ്ങളിലേതുപോലെ, ഒരുപകുതി സാഹിത്യ-കവിതാപഠനങ്ങളും മറുപകുതി സാഹിത്യേതര കലാ, മാധ്യമപഠനങ്ങളുടെ സാംസ്‌കാരിക വിശകലനങ്ങളും ഉൾപ്പെടുത്തിയാണ് നരേന്ദ്രൻ 'വിയോജനക്കുറിപ്പുകൾ' പ്രസിദ്ധീകരിച്ചിരിക്കുന്നത്. കവിതയും ജനപ്രിയസംസ്‌കാരവുമാണ് എക്കാലത്തും നരേന്ദ്രന്റെ ഇഷ്ടവിഷയങ്ങൾ. ആധുനികതാവാദകവിതയുടെ ലാവണ്യരാഷ്ട്രീയങ്ങൾ അപാവരണം ചെയ്യുന്നവയാണ് മിക്ക കവിതാപഠനങ്ങളും. സ്പോർട്സ്, സംഗീതം എന്നിവയാണ് സംസ്‌കാര-ജനപ്രിയസംസ്‌കാരപഠനങ്ങളിൽ നരേന്ദ്രന്റെ ഇഷ്ടമേഖലകൾ. യൂറോപ്യൻ ഫുട്‌ബോളിനെക്കുറിച്ചുതന്നെയുണ്ട് ഒരു പുസ്തകം. റേഡിയോ എന്ന മാധ്യമത്തെയും അതിന്റെ സാങ്കേതിക-സാംസ്‌കാരിക പ്രഭാവങ്ങളെയും കുറിച്ച് മലയാളത്തിലെഴുതപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച രാഷ്ട്രീയപഠനങ്ങൾ നരേന്ദ്രന്റേതാണ്. ഇവയ്ക്കുപുറമെ ശാസ്ത്രവും തത്വചിന്തയും ഭാഷയും ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചില ലേഖനങ്ങളും നരേന്ദ്രൻ എഴുതിയിട്ടുണ്ട്. സശ്രദ്ധം, സയുക്തികം രൂപപ്പെടുത്തുന്ന സംവാദാത്മക നിലപാടുകളാണ് ഇവയെ ശ്രദ്ധേയമാക്കുന്നത്. ഒരേസമയംതന്നെ മാർക്‌സിസ്റ്റും മാർക്‌സിസ്റ്റിതരവുമായ വായനകൾ വകതിരിവോടെ സമീകരിക്കുന്നവയാണ് നരേന്ദ്രന്റെ സാഹിത്യപഠനങ്ങളെങ്കിൽ മറ്റെന്തിലുമുപരി സാംസ്‌കാരിക ഭൗതികവാദത്തിന്റെ വഴി പിൻപറ്റുന്നവയാണ് സാഹിത്യേതരപഠനങ്ങൾ എന്നും കാണാം.

സാഹിതീയതയും സാംസ്‌കാരികതയും തമ്മിലുള്ള സംലയനത്തിന്റെ മൗലികതയുള്ള അപഗ്രഥനങ്ങളായി ചൂണ്ടിക്കാണിക്കാവുന്ന നിരൂപണ മാതൃകകൾ; സൗന്ദര്യാത്മകതയും രാഷ്ട്രീയവും ഒരേതോതിൽ അന്വേഷിക്കപ്പെടുന്ന വിമർശനപാഠങ്ങൾ; ഭാവുകത്വത്തിന്റെ പ്രതിജനഭിന്നലോകങ്ങൾ അഭിസംബോധന ചെയ്യപ്പെടുന്ന സൂക്ഷ്മദർശനങ്ങൾ; ഭാഷയും സാങ്കേതികതയും മാധ്യമവും ഉള്ളടക്കവും കലയും പ്രത്യയശാസ്ത്രവും സാമൂഹികതയും ചരിത്രപരതയും സമനിലയിൽ സംവദിക്കപ്പെടുന്ന സാംസ്‌കാരിക നിലപാടുകൾ; മനോവിജ്ഞാനീയം, മാർക്‌സിസം, സാമൂഹ്യ-നരവംശശാസ്ത്രം, ഘടനാവാദം, നവവിമർശനം, ഉദാരമാനവവാദം, ചിഹ്നവിജ്ഞാനീയം, കോളനിയനന്തരവാദം, സാംസ്‌കാരികപഠനങ്ങൾ എന്നിങ്ങനെ നിരവധി സൈദ്ധാന്തിക-രീതിശാസ്ത്ര പദ്ധതികൾ പിൻപറ്റി ആധുനികതാവാദസാഹിത്യ-സാംസ്‌കാരിക മണ്ഡലങ്ങളെയും പാഠങ്ങളെയും പ്രരൂപങ്ങളെയും പ്രക്രിയകളെയും നിശിതമായപനിർമ്മിക്കുന്ന വിമതവായനകൾ- തന്റെ മുൻകാല കൃതികളിലെന്നപോലെ 'വിയോജനക്കുറിപ്പുകളി'ലും നരേന്ദ്രൻ പിന്തുടരുന്ന സമീപനങ്ങൾ ഇവയാണ്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം രണ്ടു ഭാഗമായി തിരിച്ചിരിക്കുന്നു. ഒന്നാം ഭാഗത്ത് ആറ് ലേഖനങ്ങൾ. കവിതയെക്കുറിച്ചുള്ള അഞ്ചും ടി.പി. സുകുമാരന്റെ പ്രബന്ധങ്ങളെക്കുറിച്ചുള്ള ഒന്നും. മഴുവിന്റെ കഥ (ബാലാമണിയമ്മ), ഡ്രൈവർ കുളന്തൈ (അക്കിത്തം), കാവിലെ പാട്ട് (ഇടശ്ശേരി), കണ്ണീർപ്പാടം (വൈലോപ്പിള്ളി), മെഴുക്കുപുരണ്ട ചാരുകസേര (കെ.ജി.എസ്.) എന്നീ കവിതകളുടെ സ്വകീയവും മൗലികവുമായ 'ഗാഢവായന'കളാണ് നരേന്ദ്രന്റേത്. ആധുനികതാവാദകവിതയുടെ ഒരു സൂക്ഷ്മവിച്ഛേദത്തിന്റെ പാഠവായനയെന്ന നിലയിൽ ഭാഷാനിഷ്ഠവും ഘടനാബദ്ധവുമായ അനുശീലനമെന്ന നിലയിൽ സങ്കല്പിക്കപ്പെട്ടിരിക്കുന്നു അഞ്ചു ലേഖനങ്ങളും.

രണ്ടാം ഭാഗത്തെ എട്ടു രചനകളിൽ സംഗീതം, റേഡിയോ, സ്പോർട്സ്, ചിത്രകല, ഭാഷ, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ വരേണ്യവും ജനപ്രിയവുമായ ഭാവതലങ്ങൾ സാങ്കേതികത മുതൽ ചരിത്രാത്മകത വരെയുള്ള വിവിധ നിലപാടുകളിൽ ചുവടുറപ്പിച്ച് വിശകലനം ചെയ്യുന്നു, നരേന്ദ്രൻ.

ബാലാമണിയമ്മയുടെ 'മഴുവിന്റെ കഥ'യെന്ന കവിതയെ, ഫ്രോയ്ഡിയൻ മനോവിജ്ഞാനീയത്തിന്റെയും സാംസ്‌കാരിക നരവംശശാസ്ത്രത്തിന്റെയും കോളനിയനന്തരവാദത്തിന്റെയും രീതിവിജ്ഞാനങ്ങളിൽ സൂക്ഷ്മമായവലോകനം ചെയ്യുന്നു, ആദ്യലേഖനം. പ്രധാനമായും ലളിതാസഹസ്രനാമത്തിന്റെ ഭാഷാസംസ്‌കൃതിയിലും ഭാവസംസ്‌കൃതിയിലും രൂപമെടുത്തതാണ് ഈ രചനയിലെ പരശുരാമൻ എന്നു സൂചിപ്പിച്ചുകൊണ്ട് നരേന്ദ്രൻ മിത്തിൽനിന്നു ചരിത്രത്തിലേക്കും ഭൂതത്തിൽനിന്ന് വർത്തമാനത്തിലേക്കും പാരത്രികത്തിൽനിന്ന് ഐഹികതയിലേക്കും പരിണമിച്ചെത്തുന്ന കാവ്യഭാവനയുടെ അടരുകളാണ് 'മഴുവിന്റെ കഥ'യുടെ ഏറ്റവും ശ്രദ്ധായമായ ഭാവമൂല്യം എന്നു വിശദീകരിക്കുന്നു. അമ്മയോടും അച്ഛനോടുമുള്ള പശുരാമന്റെ ബന്ധത്തെ ഫ്രോയ്ഡിയൻ വീക്ഷണത്തിൽ അവധാരണം ചെയ്യുന്ന ലേഖനം, ഓറിയന്റലിസ്റ്റ് വീക്ഷണത്തെ സ്ഥാപിച്ചും വിസ്ഥാപിച്ചും സ്വീകരിക്കുന്ന വർണസങ്കല്പത്തിന്റെ രാഷ്ട്രീയം 'മഴുവിന്റെ കഥ'ക്കു നിർമ്മിച്ചുനൽകുന്ന രാഷ്ട്രീയസാധ്യതകൾ വിശദമായപഗ്രഥിക്കുന്നു. നാനാതരം ഭാവവൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും സമീകരിച്ചു സൃഷ്ടിക്കുന്ന സമഗ്രതയാണ് 'മഴുവിന്റെ കഥ'യുടെ മൗലികതക്കാധാരം. എങ്ങനെ? നരേന്ദ്രൻ എഴുതുന്നു:

          ''ഇങ്ങനെ അനന്തവൈവിധ്യത്തെ കവിതയുടെ ആഖ്യാനത്തിൽ ഒതുക്കുന്ന ഈ കവിതയുടെ ആദിമാതൃകകൾ മലയാള കവിതയിൽ അധികം കാണാൻ കഴിയില്ല. കക്കാടിന്റെ 'വജ്രകുണ്ഡല'വും മറ്റും ഈ വഴിക്കുണ്ടായ ശ്രമമാണെന്ന് വേണമെങ്കിൽ വാദിക്കാമെന്നല്ലാതെ 'മഴുവിന്റെ കഥ'യ്ക്കു തുല്യമായിനിൽക്കാൻ മലയാളകവിതയിൽ മറ്റൊരു കവിതയും കാണുന്നില്ല. ഒരുപക്ഷേ, ഈ കവിതയിലെ വൈവിധ്യങ്ങളെ പുൽകി സൗമ്യസമഗ്രതയിൽ നിറയ്ക്കുന്ന ബോധധാരയ്ക്കു മുൻ മാതൃകയായി വർത്തിച്ചത് കവിതയോ സാഹിത്യമോ ആവണമെന്നില്ല. ഇരുപതാംനൂറ്റാണ്ടിലുണ്ടായ ഭാരതരാഷ്ട്രസങ്കല്പമാണ് ഇത്രയും വൈവിധ്യങ്ങളെ വാരിപ്പുണരാൻ ശ്രമിക്കുന്ന മറ്റൊരു ബോധധാര. അതിൽ 'മഴുവിന്റെ കഥ'യിൽ കണ്ടതെല്ലാം ഉൾച്ചേരുന്നു. വൈദികവും അവൈദികവുമായ ധാരണാമണ്ഡലങ്ങൾ അതിലുണ്ട്. ചരിത്രത്തിന്റെ നിയോഗം ഉൾക്കൊണ്ട മുഖ്യവംശം ശുദ്ധ ആത്മീയതേജസ്സുമായി നിൽക്കുന്ന ബ്രാഹ്മണ്യമാണെന്ന് ഓറിയന്റലിസ്റ്റ്-ഹൈന്ദവ കാഴ്ചപ്പാട് അതിലുണ്ട്. ആ കാഴ്ചപ്പാടിനെ വെല്ലുവിളിക്കുന്ന ലിബറൽ/ഗാന്ധിയൻ/ഹിന്ദു കാഴ്ചപ്പാടും ഇരുപതാം നൂറ്റാണ്ടിലെ ദേശീയതാസങ്കല്പങ്ങളിലുണ്ട്. സ്ത്രീജന്മത്തെ നശിപ്പിച്ചതിന്റെ പാപബോധവും സ്ത്രീയുടെ (അമ്മയുടെ) രതി അവരുടെ അവകാശമാണെന്ന തിരിച്ചറിവും ഈ കവിതയും ഇരുപതാംനൂറ്റാണ്ടിന്റെ ദേശീയബോധവും പങ്കുവെയ്ക്കുകയും പങ്കുവെയ്ക്കാൻ ശ്രമിച്ചിട്ടും തീരാവേദനയായി അവശേഷിക്കുകയും ചെയ്യുന്ന പാപബോധമാണ്.

         

ദേശീയതയെ സംബന്ധിച്ച ഏതു യൂറോപ്യൻ സങ്കല്പത്തെയും വെല്ലുവിളിക്കുന്നതാണ് അപരിഹാര്യമായ വൈരുദ്ധ്യങ്ങളെയും സങ്കീർണതകളെയും ഉള്ളിൽ വഹിക്കുന്ന ഇന്ത്യൻ ദേശീയതാബോധവും സ്വാതന്ത്ര്യപ്രസ്ഥാനവും. ഈ വൈരുദ്ധ്യങ്ങളെ നിലനിർത്തുമ്പോഴും അവയെ ഒരുമിച്ചു ചേർക്കുന്ന പാരമ്പര്യത്തിന്റെയും ആധുനികതയുടെയും ഘടകങ്ങളും ഇന്ത്യ കണ്ടെത്തി. വൈരുദ്ധ്യങ്ങളെ പരിഹരിക്കാതെത്തന്നെ അർത്ഥവത്തായ, രാഷ്ട്രമെന്ന ആഖ്യാനമുണ്ടാക്കാൻ നമുക്ക് കഴിയുകയും ചെയ്തു. കവിതയിൽ ഇത്തരമൊരു ആഖ്യാനപ്രക്രിയയുടെ സൃഷ്ടിയാണ് 'മഴുവിന്റെ കഥ'. ഒരുപക്ഷേ, വള്ളത്തോൾക്കവിത പരാജയപ്പെടുന്നിടത്ത് 'മഴുവിന്റെ കഥ' വിജയിക്കുന്നു. ദേശീയതാസങ്കല്പങ്ങളുടെ അധികം ആഴമില്ലാത്ത കാഴ്ചകളിലും തൊലിപ്പുറമേ കാണുന്ന സമഗ്രതയിലുമാണ് വള്ളത്തോൾക്കവിത അഭിരമിക്കുന്നത്. വള്ളത്തോൾക്കവിതയുടെ ചക്രവാളങ്ങൾക്കുമെത്രയോ അപ്പുറത്തേക്ക്, കാണാക്കടലുകളുടെ ആഴത്തിലേക്ക് ബാലാമണിയമ്മയുടെ മഴു ചെന്നുവീഴുന്നു. അതു വീണ്ടെടുക്കുന്നത് ദേശീയബോധത്തിന്റെ വിജയവും പരാജയവും സങ്കീർണ്ണതയും എല്ലാം ഉൾച്ചേരുന്ന കാവ്യരൂപകമാണ്''.

          അക്കിത്തത്തിന്റെ 'ഡ്രൈവർ കുളന്തൈ' എന്ന കവിതയുടെ അന്തർലോകങ്ങളെ റോബർട്ട് ഫ്രോസ്റ്റിന്റെ കവിതയിലും ഇ.വി. ലൂക്കാസിന്റെ കഥയിലും ധ്വനിക്കുന്ന ദമിതതൃഷ്ണകളോടു തുലനം ചെയ്തപഗ്രഥിക്കുന്നു രണ്ടാം ലേഖനം. ക്രമവും അക്രമവും എന്ന അവസ്ഥാവൈരുധ്യത്തെ ജീവിതതത്വവും ഭാഷാതത്വവുമായി വിന്യസിച്ചുകൊണ്ടുള്ള ബാല്യത്തിന്റെ മനോവിശകലനമാണ് ഈ പഠനത്തിന്റെ രീതിശാസ്ത്രം. രൂപത്തിലും ഭാവത്തിലും ഒരുപോലെ നിഹിതമായിരിക്കുന്ന വിപരീതങ്ങളുടെ കാവ്യ-ജീവിതബദ്ധത മുൻനിർത്തിയാണ് ഈ നിരീക്ഷണം നരേന്ദ്രൻ അവതരിപ്പിക്കുന്നത്.

         

ഇടശ്ശേരിയുടെ 'കാവിലെ പാട്ട്' എന്ന കവിതയുടെ വിശദമായ പാഠപഠനത്തിലൂടെ, സവിശേഷവും വ്യതിരിക്തവുമായ ഒരു ദേവീപുരാണത്തിന്റെ സ്വീകരണത്തിൽ കവി പിന്തുടരുന്ന പാരമ്പര്യം തിരിച്ചറിയുകയാണ് നരേന്ദ്രൻ മൂന്നാം ലേഖനത്തിൽ. ലളിതാസഹസ്രനാമത്തിൽ സ്വീകരിക്കപ്പെട്ടിരിക്കുന്ന ശാക്തേയപാരമ്പര്യത്തിന്റെ മതാത്മകവും സാമൂഹികവുമായ ലാവണ്യപ്രത്യയശാസ്ത്രങ്ങൾ തിരിച്ചറിയുന്ന ലേഖനം. അനുഭവവാദപരമായ ഇന്ത്യൻ സാഹചര്യങ്ങൾ ശ്രദ്ധിക്കാതെ യാന്ത്രികഭൗതികവാദനിലപാടുകൾ പിൻപറ്റുന്നതുമൂലം ഈ തിരിച്ചറിവുണ്ടാകാതെ പോകുന്ന ഇ.പി. രാജഗോപാലന്റെ പഠനം വിശദീകരിച്ചുകൊണ്ട് സൂക്ഷ്മവും ഗാഢവുമായ പാഠവായനയുടെയും ചരിത്രനിഷ്ഠമായ സാംസ്‌കാരിക വായനയുടെയും മികച്ച മാതൃകയവതരിപ്പിക്കുന്നു, നരേന്ദ്രൻ. താൻ സ്വീകരിച്ച മിത്തിന്റെ പുനരാഖ്യാനത്തിൽ ഇടശ്ശേരിക്കു സംഭവിച്ച പിഴവുകളും യുക്തിഭംഗങ്ങളും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്, വായനയുടെയെന്നതിനെക്കാൾ പുനർവായനയുടെ സങ്കേതവും സമ്പ്രദായവും പിന്തുടരുന്ന ഈ രചന.

വൈലോപ്പിള്ളിയുടെ 'കണ്ണീർപ്പാട'ത്തിന്റെ ചർച്ചയും ശ്രദ്ധേയമായൊരു പുനർവായനയാണ്. മനോവിജ്ഞാനീയപരമായ പാഠവിശ്ലേഷണങ്ങൾ, മലയാളകവിതയിലെ കാല്പനികാധുനികതയുടെ ക്ലാസിക്കായ 'കണ്ണീർപ്പാട'ത്തിനു സൃഷ്ടിച്ചുനൽകുന്ന സാംസ്‌കാരിക പദവി ചൂണ്ടിക്കാണിച്ചുകൊണ്ട് ആധുനികതയുടെ പിളർപ്പുകളെ സമർഥമായി നേരിടാൻ/സ്വാശീകരിക്കാൻ ഈ കവിതക്കു കഴിയുകയോ കഴിയാതിരിക്കുകയോ ചെയ്തതിന്റെ സന്ദിഗ്ദ്ധതകൾ അപനിർമ്മിക്കുകയാണ് നരേന്ദ്രൻ. 'നാഗരികരുടെ മൂകശീതസംഗരം' എന്ന സാംസ്‌കാരിക വിപര്യയത്തെ താക്കോൽസങ്കല്പനമാക്കി നിർത്തി 'കണ്ണീർപ്പാട'ത്തിന്റെ ചരിത്രാനുഭൂതികൾ മറനീക്കുന്ന പഠനം. വായിക്കൂ:

'കണ്ണീർപ്പാട'ത്തിന്റെ ഒടുവിൽ സംഭവിച്ച പ്രശ്‌നപരിഹാരം വാസ്തവത്തിൽ ഒരു പ്രശ്‌നവും പരിഹരിക്കുന്നില്ല. ദേഷ്യം കടിച്ചമർത്തി ദമ്പതികൾ വെള്ളം നിറഞ്ഞ തോട്ടുവക്കത്ത് എത്തുന്നതാണ് രംഗം. കൈത്തോടു മുറിച്ചുകടക്കാൻ ശ്രമിച്ച ഭർത്താവ് വെള്ളത്തിന്റെ തള്ളലിൽ വീണുപോകുന്നു. എന്നിട്ടും അയാൾ എങ്ങനെയൊക്കെയോ തോട് ചാടിക്കടന്ന് മറുകരയെത്തുന്നു. ഭാര്യയ്ക്കാവട്ടെ, ചാടിക്കടക്കാൻ കഴിയുന്നുമില്ല. ക്ഷേത്രദർശനം വേണ്ടന്നുവച്ച് തിരിച്ചുപോയാലോ, ഈ ദുർഗ്ഗതി വരാൻ കാരണം തന്റെ പങ്കാളിയുടെ കുഴപ്പമല്ലേ (ഭാര്യ ചന്തം കൂട്ടാനായി നേരം വൈകിച്ചതു കൊണ്ടാണെന്ന് ഭർത്താവ്, ഭർത്താവിന്റെ ഈശ്വരവിശ്വാസമില്ലായ്മ കാരണമാണെന്ന് ഭാര്യ) എന്നുമൊക്കെ ആലോചിച്ചും സ്വയം ശപിച്ചുമൊക്കെ അവർ അവിടെ നിന്നു. അപ്പോഴാണ് നാടകീയമെന്ന് വിശേഷിപ്പിക്കാവുന്ന ആ സംഭവമുണ്ടാകുന്നത്. പ്രായം ചെന്നവരും നാട്ടിൻ പുറത്തുകാരുമായ ഒരു ഭാര്യയും ഭർത്താവും ആ വഴി വരുന്നു. ആ പുരുഷൻ നിഷ്പ്രയാസം തോട് ചാടിക്കടക്കുന്നു, ഭാര്യയെ കൈപിടിച്ച് അപ്പുറത്തെത്തിക്കുന്നു. അവർ ചെയ്തത് അനുകരിച്ച് ഇവരും അതുപോലെ തോട്ടിനപ്പുറമെത്തി. പിന്നെയെല്ലാം ശുഭമായി കലാശിച്ചു. ക്ഷേത്രദർശനം, ആ കണ്ണീർപ്പാടത്തിൽ സൂര്യവെളിച്ചം പരക്കൽ-എല്ലാം ഭാവഗാനം എന്ന കാവ്യരൂപത്തിന് യോജിക്കുന്ന രീതിയിൽ നടന്നു. ഈ പ്രശ്‌നപരിഹാരം ധാരാളമാണ്, അകമേ പരസ്പരം സ്‌നേഹിക്കുന്നവരും എന്നാൽ നിസ്സാരകാരണങ്ങളാലോ സ്വാർത്ഥതയാലോ പിണങ്ങിയവരുമാണ് ഈ ദമ്പതികളെങ്കിൽ. പക്ഷേ, തോട് ചാടിക്കടക്കാൻ ഭർത്താവ് ഭാര്യക്ക് കൈകൊടുത്തതുപോലെ ജീവിതപ്രശ്‌നങ്ങൾ തീർക്കാൻ അങ്ങോട്ടുമിങ്ങോട്ടും വിട്ടുവീഴ്ച ചെയ്തും സഹായിച്ചും കാര്യങ്ങൾ ചെയ്തുപോയാൽ മതി എന്ന ഗുണപാഠം 'കണ്ണീർപ്പാട'ത്തിലെ ദമ്പതികൾക്ക് പ്രസക്തമല്ല. കാരണം, അവർക്ക് ഒരു ദാമ്പത്യകാലം ഒരുമിച്ചു ജീവിക്കാൻ മാത്രമുള്ള പൊരുത്തങ്ങളില്ല. ഗ്രാമീണ മിഥുനങ്ങളുടെ വരവിന് തൊട്ടുമുമ്പുള്ള വരികൾ അവരുടെ ദാമ്പത്യത്തെക്കുറിച്ചുള്ള കൃത്യവും ക്രൂരവുമായ ചിത്രം വരച്ചുവയ്ക്കുന്നുണ്ട്.

          ''നിയമം നിറവേറ്റലെത്രയിദ്ദാമ്പത്യത്തിൽ

          നയമെത്രയാ,ണഭിനയമെത്രയാണെന്നും

          കുഴിച്ചു കുഴിച്ചു നാമനിഷ്ടസ്മൃതികൾത-

          ന്നഴുക്കു പരതിച്ചെന്നെത്തുന്നൂ നരകത്തിൽ

          നിർദ്ദയലോകത്തിൽ നാമിരുപേരൊറ്റപ്പെട്ടോർ

          അത്രയുമല്ലാ തമ്മിൽത്തമ്മിലുമൊറ്റപ്പെട്ടോർ

          പ്പിറക്കാതിരുന്നെങ്കിൽപ്പാരിൽ, നാം സ്‌നേഹിക്കുവാൻ

          വെറുക്കാൻ, തമ്മിൽ കണ്ടുമുട്ടാതെയിരുന്നെങ്കിൽ

ഇത്ര ഭീകരമായ അവസ്ഥയിൽ അവരോട് ഇനിയും ഒരുമിച്ചു ജീവിക്കണമെന്ന് അഭ്യർത്ഥിക്കാൻ ഏതു കുടുംബകോടതിക്ക് സാധിക്കും?

         

പക്ഷേ, സാമ്പ്രദായിക വായനകൾക്ക് ഈ കവിത ഇത്ര വലിയ വൈതരണി നേരിടുന്നതായി തോന്നിയിട്ടില്ല. പറഞ്ഞു മുഴുമിക്കേണ്ട പ്രമേയം ഹൈജാക്കു ചെയ്യപ്പെട്ടതായും തോന്നിയിട്ടില്ല. എന്തായിരിക്കാം അതിനു കാരണം? ഒരു കാരണം ഇതിലെ കണ്ണീർപ്പാടമെന്ന രൂപകത്തിന്റെ അതിദീപ്തിയായിരിക്കുമെന്ന് ഞാൻ കരുതുന്നു. അതിസുന്ദരമാണ് ഇതിലെ ആ വർഷപ്പാടത്തിന്റെ ചിത്രം. ആ ദമ്പതിമാരുടെ മനസ്സിന്റെ അവസ്ഥ മുഴുവൻ ആ ചിത്രം ആവാഹിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുന്നു. മലയാളസാഹിത്യത്തിലെയെന്നല്ല വിശ്വസാഹിത്യത്തിലെ തന്നെ ഏറ്റവും ധ്വന്യാത്മകമായതും നിരവധി അർത്ഥതലങ്ങളെ വായനയിൽ സൃഷ്ടിക്കുന്നതുമായ പ്രകൃതിചിത്രങ്ങളിൽ ഒന്നാണിത്. എന്റെ പരിമിതമായ വായനാനുഭവങ്ങളിൽ ചില പ്രകൃതിചിത്രങ്ങൾ ഇതുപോലെ ഗാഢസൗന്ദര്യനിദർശനങ്ങളായി എനിക്ക് തോന്നിയിട്ടുണ്ട്. റ്റി.എസ്. എലിയറ്റിന്റെ 'തരിശുഭൂമി', റോബർട്ട് ഫ്രോസ്റ്റിന്റെ 'ചില വനചിത്രങ്ങൾ', കസാന്റ് സാക്കിസിന്റെ 'ഭ്രാതൃഹത്യകൾ' (Fratricides) എന്ന നോവലിന്റെ തുടക്കത്തിലെ യുദ്ധവും പകയും മാത്രം വിളയുന്ന വരണ്ട ഭൂമി, പാബ്ലോ നെരൂദയുടെ 'ജർമനിയിലെ നദികൾ' എന്ന കവിതയിലെ മനുഷ്യദുഃഖങ്ങൾ പൂക്കളായി വിരിയുന്ന നദീതീരം എന്നീ ചിത്രങ്ങൾ പെട്ടെന്ന് മനസ്സിലേക്കു വരുന്നു. വാൻഗോഗിന്റെ മഞ്ഞപ്പാടങ്ങൾ ഭ്രാന്തിലേക്ക് വഴുതിവീഴുന്ന ഒരാളുടെ മനസ്സിന്റെ പ്രത്യക്ഷീകരണം പോലെ വിചിത്രകാന്തികൾ നിറഞ്ഞ Starry Night എന്ന ചിത്രം, സാൽവത്തോർ ദാലിയുടെ സൈക്കഡലിക് വിഭ്രമങ്ങൾ സൃഷ്ടിക്കുന്ന ലാന്റ്‌സ്‌കേപ്പുകൾ എന്നിവയും മനസ്സിലുണ്ട്. 'കണ്ണീർപ്പാട'ത്തിലെ പ്രകൃതിചിത്രം ഇവയ്‌ക്കൊപ്പമാണ്. കണ്ണീർപ്പാടത്തിൽത്തന്നെ രണ്ടുതരം പ്രകൃതിയുണ്ട്. ദാമ്പത്യത്തിന്റെ പുതുമോടിയിൽ ക്ഷണികമായ സന്തോഷം അനുഭവിച്ച നാളുകളിൽ അവർ കണ്ട പ്രകൃതിയും പിന്നീട് യാഥാർത്ഥ്യത്തിന്റെ പിറവിയിൽ അവർ കണ്ട ഇരുണ്ട കണ്ണീർപ്പാടവും. ആദ്യത്തെ പ്രകൃതിവർണ്ണനയിൽപ്പോലുമുണ്ട് പ്രതിഭയുടെ വജ്രകാന്തി സ്ഫുരിക്കുന്ന ചിത്രങ്ങൾ:

          ''എട്ടുകാലികളുടെ മഞ്ഞുനീരണി വല

          ക്കെട്ടുകളുഷസ്സിന്റെ മുത്തുകട്ടകൾപോലെ

          ചരിഞ്ഞും ചാഞ്ഞും'' മിന്നുന്ന ആ കാഴ്ച ഓർക്കുക.

          ശുകരമ്യമായ ആ പച്ചപ്പാടത്തിൽ നിറയെ എട്ടുകാലിവലകളുടെ സ്ഫടികകാന്തി പൊട്ടിച്ചിതറുന്ന ഈ ദൃശ്യവും കൊറ്റിച്ചിറകുപോലുമനങ്ങാത്ത ഇരുണ്ട വർഷപ്പാടത്തിനു നടുവിലൂടെ 'രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങിയ'തും ജലച്ചായചിത്രകാരന്മാരെ മോഹി പ്പിക്കേണ്ടതാണ്. വൈലോപ്പിള്ളിയുടെ 'കണ്ണീർപ്പാട'ത്തെ അടിസ്ഥാനമാക്കി ജലച്ചായച്ചിത്രങ്ങളുടെ ഒരു സീരീസ് വരയ്ക്കാൻ മിലിന്ദ് മുല്ലിക്കിനെപ്പോലുള്ള ചിത്രകാരന്മാർ മുന്നോട്ടുവരുന്നത് നന്നായിരിക്കും. (പക്ഷേ, ''ശ്വേതമായൊരു കൊറ്റിച്ചിറകും ചലിപ്പീല'' എന്നും പറക്കുന്ന വെള്ളക്കൊറ്റിയുടെ ചിറകുകൾ കാണിച്ചശേഷം അതുപോലുമില്ലെന്ന് പറഞ്ഞ് മായ്ച്ചുകളഞ്ഞ ആ കാവ്യചിത്രം എങ്ങനെ ജലച്ചായചിത്രകാരൻ വരയ്ക്കുമെന്നറിയില്ല). പറഞ്ഞുകൊണ്ടു വരുന്നത് ഇത്രമാത്രം. മഴപ്പാടച്ചിത്രത്തിന്റെ കാന്തിയിൽ അമ്പരന്നുനിന്ന മലയാളത്തിലെ കാവ്യാസ്വാദകലോകം പ്രമേയത്തിലെ സങ്കീർണ്ണതയോ ആഖ്യാനം നേരിട്ട വൈതരണിയോ ശ്രദ്ധിച്ചിട്ടുണ്ടാവില്ല

          മറ്റൊരു കാരണംകൂടി സാമ്പ്രദായികവായനയെ അന്ധമാക്കിയട്ടുണ്ടാകാം. കാല്പനിക കാവ്യപാരമ്പര്യമെന്നതുകൊളോണിയൽ ആധുനികതാകാലഘട്ടത്തിന്റെ ഉള്ളിൽ വരുന്ന സാഹിത്യപാരമ്പര്യമാണ്. കാല്പനികതയ്ക്കുശേഷം വന്ന ആധുനികസാഹിത്യപാരമ്പര്യവും കൊളോണിയൽ ആധുനികതയുടെ ചിന്താമണ്ഡലത്തിനകത്തു വരുന്ന പ്രസ്ഥാനമായിരുന്നു. അതുകൊണ്ടുതന്നെ പുതിയ ദാമ്പത്യസമ്പ്രദായത്തിനെതിരെ 'കണ്ണീർപ്പാട'ത്തിൽ കൊടി ഉയരാൻ തുടങ്ങിയിരുന്നു എന്ന് ആധുനികർക്കുപോലും കാണാനായില്ല. ഒടുവിൽ ഒത്തുതീർപ്പുകളുടെയും രമ്യതയുടെയും സൂര്യവെളിച്ചം പരന്നു എന്ന് കാണാനായിരുന്നു ഈ കാലഘട്ടത്തിന്റെ വായന കൾക്കും താത്പര്യം. വിമർശകരും ഈ വായനയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു''.

         

''കണ്ണീർപ്പാടം' എന്ന കവിതയുടെ പ്രസക്തി അത് കാല്പനികതയ്ക്കും ആ കാലത്തിനുമപ്പുറം ചെന്ന് പുതിയ കാലത്തിന്റെ ദാമ്പത്യരീതിയെ പ്രതിസ്ഥാനത്ത് നിർത്തുന്നു എന്നതിലാണ്. പക്ഷേ, പ്രതിസ്ഥാനത്ത് നിർത്തുന്നതേയുള്ളൂ. ശരിയായ വിചാരണയിലേക്ക് പോകുന്നില്ല. കാൽപ്പനിക ഭാവുകത്വവും അത് ചോദ്യം ചെയ്യാതെ സ്വീകരിച്ചിരുന്ന ഏകപതീ/പത്‌നീവ്യവസ്ഥയും 'കണ്ണീർപ്പാടം' എന്ന കവിതയുടെ ആശയപരമായ അതിർത്തിയായിരുന്നതിനാൽ അത്തരം വിചാരണ സാധ്യവുമല്ല. ഈ വിചാരണ, ഇപ്പോൾ, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാംസ്‌കാരിസംവാദങ്ങളിൽ കുറേശ്ശേ നടക്കാൻ തുടങ്ങിയിട്ടുണ്ട്. പക്ഷേ, അപ്പോഴേക്കും മലയാളകവിത 'കണ്ണീർപ്പാടവും' 'കുടിയൊഴിക്കലും' പോലുള്ള വലിയ ചിന്താഗോപുരങ്ങൾ സൃഷ്ടിക്കാതാവുകയും ചെയ്തു''.

          കെ.ജി. ശങ്കരപ്പിള്ളയുടെ 'മെഴുക്കുപുരണ്ട ചാരുകസേര'യെന്ന കവിതയുടെ ഒന്നാന്തരം  രാഷ്ട്രീയ അപനിർമ്മിതിയാണ് 'ആയുസ്സുറ്റ മൃഗങ്ങൾ' എന്ന ലേഖനം. രാഷ്ട്രീയാധുനികതാവാദത്തിന്റെ ആത്മവിമർശനപാഠങ്ങളിൽ വേറിട്ടുനിൽക്കുന്ന രചനയെന്ന നിലയിൽ കസേര അതിനിശിതവും ഭാവസാന്ദ്രവുമായ കാവ്യകല്പനകളിലൂടെ ചരിത്രപരമായ ഒരു കുറ്റവിചാരണയും മൂല്യപരമായ ഒരു കുമ്പസാരവും ഒറ്റയടിക്കു സാധ്യമാക്കുന്നതെങ്ങനെയെന്ന് നരേന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു. 'ആദിമമഹാമൃഗംപോലെ കിതയ്ക്കുന്ന ഏകാന്തത'യിലേക്കു പിൻവാങ്ങേണ്ടിവരുന്ന വർഗവിപ്ലവത്തിന്റെ വിഫലതകളെക്കുറിച്ച് കെ.ജി.എസ്. മുന്നോട്ടുവയ്ക്കുന്ന കാവ്യരൂപകങ്ങളുടെ അസാധാരണമായ ഭാവഭാസുരത ലേഖനം ഇങ്ങനെ സംഗ്രഹിക്കുന്നു.

         

''മൃഗശാല എന്ന രൂപകത്തിന്റെ സാദ്ധ്യതകളിലൂടെ വിപ്ലവകാരികളുടെ സായന്തന ജീവിതത്തിന് അപൂർവ്വവും അതിതീവ്രവുമായ അർത്ഥങ്ങൾ നല്കാൻ കവിക്ക് കഴിയുന്നു. മൃഗശാലയിലെ ഓരോ മൃഗത്തിന്റെയും വർണ്ണന വിപ്ലവകാരികളുടെ പുതിയ ചിത്രങ്ങളായി മാറുന്നു. എന്നാൽ ആഖ്യാനത്തിൽ പറയാത്തതും, മൃഗശാല എന്ന പദം നമ്മുടെ വായനയിൽ ഉല്പാദിപ്പിക്കുന്നതുമായ മറ്റൊരർത്ഥം കൂടിയുണ്ട്. അത്യന്തം ക്രൂരമായ ദർശനം തന്നെ ആ അർത്ഥം കണ്ടെത്തുന്നതിലൂടെ മുന്നിൽ തെളിയുന്നുണ്ട്. മൃഗശാലയെന്നത് ദുരിതം പേറുന്ന കുറേ മൃഗങ്ങളുടെ സങ്കേതം മാത്രമല്ല. മൃഗങ്ങളെ കാഴ്ചവസ്തുക്കളാക്കി വെച്ചിരിക്കുന്ന സ്ഥലം കൂടിയാണത്. ഒരുകാലത്ത് കാടുവാണിരുന്ന മൃഗങ്ങൾ നവീനകാലത്തിന്റെയും നവീന മനുഷ്യന്റെയും കാഴ്ചവസ്തുക്കളാണെന്ന് പറയുമ്പോൾ വിപ്ലവകാരികളിലേക്കും ആ അർത്ഥം പകരുന്നുണ്ട്. വിപ്ലവാനന്തരകാലത്ത് വിപ്ലവപ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത പുതിയ ബൗദ്ധിക ലോകത്തിന്റെയും മാധ്യമങ്ങളുടെയും വിദ്യാർത്ഥികളുടെയുമൊക്കെ അന്വേഷണ തൃഷ്ണയ്ക്കും വെറും കൗതുകത്തിനുമായി നില്ക്കുന്ന പ്രദർശനവസ്തുക്കളായി പഴയ വിപ്ലവകാരികൾ എന്ന് പറയാതെ പറയാൻ മൃഗശാല എന്ന പ്രതീകത്തിന്റെ അർത്ഥങ്ങളിലൊന്നിന് സാധിക്കുന്നു. ഒരു വസന്തത്തിന്റെ അസ്തമയം വായനയിൽ മരണം കാത്തുനില്ക്കുന്ന മൃഗമായി കിതയ്ക്കുകയാണ്''.

         

നരേന്ദ്രന്റെ വായനയിലും എഴുത്തിലും പ്രത്യക്ഷമാകുന്ന വിഷയവൈവിധ്യത്തെയും വിമർശനനിലപാടുകളെയും ഏറെ സ്വാധീനിച്ച ടി.പി. സുകുമാരന്റെ പ്രബന്ധങ്ങൾക്കെഴുതിയ ആമുഖപഠനം മനോവിജ്ഞാനീയം മുതൽ നരവംശശാസ്ത്രം വരെയുള്ളവ പിൻപറ്റി ചിത്രകല, രംഗകല, നാട്യകല, നാടകം, സാഹിത്യം, സംഗീതം, പരിസ്ഥിതിപഠനം, ജനസംസ്‌കാരപഠനം, സാമൂഹ്യവിജ്ഞാനം, ചരിത്രം..... എന്നിങ്ങനെ നിരവധി മേഖലകളിൽ, തന്റെ തലമുറയിൽ ഏറ്റവും മൗലികമായ കാഴ്ചപ്പാടുകളവതരിപ്പിച്ച ടി.പി.യുടെ സംഭാവനകൾ സംക്ഷിപ്തമായി ചർച്ചചെയ്യുന്നു. ഒപ്പം, ചില വിഷയങ്ങളിൽ അദ്ദേഹം മുന്നോട്ടുവച്ച തെളിമയുറ്റ നിലപാടുകൾ വേറിട്ടെടുത്തു വിശദീകരിക്കുകയും ചെയ്യുന്നു. ഉദാഹരണങ്ങൾ പലതുണ്ട്. ലോകനാടകവിജ്ഞാനത്തിൽ ആഴമേറിയ അറിവ് നേടി 'കണ്ണിന്റെ കല'യെന്ന നിലയിൽ നാടകത്തെ സമീപിക്കുന്നതിലെ സമഗ്രത, നരവംശശാസ്ത്രത്തിന്റെ വെളിച്ചത്തിൽ സംഗീതസംസ്‌കാരങ്ങളെക്കുറിച്ചു നടത്തുന്ന പഠനങ്ങൾ, കലയുടെ ഉപരിപ്ലവതയെക്കുറിച്ച് ഒരേകാലത്ത് ഫ്രെഡറിക് ജയിംസണും ടി.പി.യും നടത്തിയ പഠനങ്ങൾക്കുള്ള അസാധാരണമായ സമാനതകൾ എന്നിങ്ങനെ. ടി.പി.യുടെ 'നല്ലവനായ കാട്ടാളൻ', 'പ്രതിഭാനപഥം', 'ഉർവ്വരതയുടെ താളം' എന്നീ ഗ്രന്ഥങ്ങളിലെ ചില ലേഖനങ്ങളും 'നിരൂപകനായ കേസരി' എന്ന ഗവേഷണപ്രബന്ധവും 'പരിസ്ഥിതിസൗന്ദര്യശാസ്ത്രത്തിന് ഒരു മുഖവുര' എന്ന പഠനവും പ്രകടമാക്കുന്ന സാന്ദർഭികമായ ചില ആന്തരദൗർബ്ബല്യങ്ങളും അയുക്തികളും ചൂണ്ടിക്കാണിക്കാനും നരേന്ദ്രൻ മടിക്കുന്നില്ല.

          രണ്ടാംഭാഗത്തെ എട്ടുലേഖനങ്ങൾ വൈവിധ്യമാർന്ന വിഷയങ്ങളെ ഭിന്നങ്ങളായ സമീപനങ്ങളിൽ അപഗ്രഥിക്കുന്നു.

റേഡിയോയുടെ ശബ്ദകലയെ ചിഹ്നവിജ്ഞാനീയപരമായി വിശദീകരിക്കുന്നു, ആദ്യലേഖനം. ഈ വിഷയത്തിൽ മലയാളത്തിലുള്ള ഏകരചനയായിരിക്കണം ഇത്. റേഡിയോസംസ്‌കാരത്തെ പൊതുവിലും റേഡിയോനാടകസംസ്‌കാരത്തെ സവിശേഷമായും പഠിക്കുന്ന നിരവധി ഗ്രന്ഥങ്ങളും ആകാശവാണിയിലെ തന്റെ ശബ്ദലേഖന/മിശ്രണ/സന്നിവേശാനുഭവങ്ങളും റേഡിയോനാടകമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഈ പഠനത്തിൽ നരേന്ദ്രനെ സഹായിക്കുന്നുണ്ട്. ദൃശ്യമാധ്യമപഠനങ്ങൾക്ക് വൻ പ്രാധാന്യം കൈവരികയും ശ്രവ്യമാധ്യമങ്ങൾ പഠിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ലോകമെങ്ങുമുണ്ട്. ഇതു ചൂണ്ടിക്കാണിച്ചുകൊണ്ട് റേഡിയോയെന്ന മാധ്യമത്തിന്റെ കലയെ സസൂറിയൻ ചിഹ്നവിജ്ഞാനത്തിന്റെ പരികല്പനകളുപയോഗിച്ചു വ്യാഖ്യാനിക്കുകയും തുടർന്ന് റേഡിയോയുടെ നാല് ശബ്ദവിഭാഗങ്ങളെ സി.എസ്. പിയേഴ്‌സ് വികസിപ്പിച്ച ചിഹ്നവിശകലനസങ്കേതങ്ങളുപയോഗിച്ച് വിശദമായി അപഗ്രഥിക്കുകയും ചെയ്യുന്നു, നരേന്ദ്രൻ.

പെലെയെ ലോകഫുട്‌ബോളിന്റെ ആദ്യത്തെയും അവസാനത്തെയും രാജാവായി വിശകലനം ചെയ്യുന്നു, രണ്ടാം ലേഖനം. പെലെക്കു മുൻപ് ലോകകപ്പ്/ഒളിമ്പിക്‌സ് മത്സരങ്ങളിലെ ഫുട്‌ബോൾലോകം യൂറോപ്പിനു പുറത്തേക്ക് വളർന്നിരുന്നില്ല. പെലെയുടെ ഉദയവും വളർച്ചയും 1950-70 കാലത്തെ കാല്പനികവും സ്വപ്നസമാനവുമായ ലോകരാഷ്ട്രീയസംസ്‌കാരത്തോട് ചേർത്തുവച്ച് ചർച്ചചെയ്യുന്ന നരേന്ദ്രൻ കായികരംഗത്തെ രാഷ്ട്രീയവായനയുടെ വലിയ അഭാവങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു.

''വാസ്തവത്തിൽ മറ്റേത് രംഗവുമെന്നപോലെ കായികരംഗവും ഒരുകാലത്തും അരാഷ്ട്രീയമായിരുന്നില്ല. കായിരംഗത്തെ നമ്മുടെ ശ്രദ്ധയിൽ നിത്യേന എത്തിക്കുന്ന മാധ്യമങ്ങൾ അക്കാര്യം വേണ്ടത്ര ശ്രദ്ധിക്കാതെ പോയി എന്നേയുള്ളൂ. മാധ്യമങ്ങൾ കായികസംഭവങ്ങളുടെ രാഷ്ട്രീയമാനങ്ങൾ ശ്രദ്ധിക്കുന്നത് സുവ്യക്തമായ രാഷ്ട്രീയമായ പരിസരങ്ങളിൽ കായികസംഭവം പ്രത്യക്ഷപ്പെടുമ്പോൾ മാത്രമാണ്. ഉദാഹരണത്തിന് ബെർലിൻ ഒളിമ്പിക്‌സിൽ അഡോൾഫ് ഹിറ്റ്‌ലറുടെ സാന്നിദ്ധ്യത്തിൽ കറുത്ത വർഗ്ഗക്കാരനായ ജെസി ഓവൻസ് സ്വർണ്ണമെഡൽ നേടിയതും ആ കാഴ്ച കണ്ട് സഹിക്കാനാവാതെ ഹിറ്റ്‌ലർ ഇറങ്ങിപ്പോയതുമൊക്കെ രാഷ്ട്രീയമാനമുള്ള കായികസംഭവമായി മാധ്യമങ്ങൾ വായിച്ചിട്ടുണ്ട്. എന്നാൽ 1896-ൽ ആതൻസിൽ നടന്ന ആദ്യ ഒളിമ്പിക്‌സിൽ മാരത്തോണിൽ വനിതാപ്രാതിനിധ്യം ഇല്ലാത്തതിൽ പ്രതിഷേധിച്ച് സ്റ്റാമത രേവിതി എന്ന സ്ത്രീ സ്വന്തം നിലയ്ക്ക് മാരത്തോൺ മുഴുവൻ ഓടിത്തീർത്തത് സ്ത്രീപക്ഷരാഷ്ട്രീയ സംഭവമായി അധികമാരും വായിച്ചിട്ടില്ല. സി.എൽ.ആർ.ജെയിംസ് വെസ്റ്റിന്ത്യൻ ക്രിക്കറ്റിന്റെ രാഷ്ട്രീയപ്രസക്തിയെക്കുറിച്ചെഴുതിയ ''അതിർത്തിക്കപ്പുറം' (Beyond the Boundary) എന്ന പുസ്തകം 1963-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അദ്ദേഹത്തിന്റേതായ മാർക്‌സിസ്റ്റ് വീക്ഷണത്തിലുള്ള ആ ക്രിക്കറ്റ് വായന അടുത്ത 20 കൊല്ലങ്ങളിൽപ്പോലും കേരളത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല എന്നത് സ്‌പോർട്‌സിന്റെ രാഷ്ട്രീയവായന ഇവിടെ ദുർബലമായിരുന്നു എന്നതിന്റെ തെളിവാണ്. സ്‌പെയിനിലെ ബാഴ്‌സലോണ ക്ലബ്ബിനെ ഏറെ ആരാധിക്കുന്ന, ഫാസിസത്തിനെതിരെ നിലപാടെടുക്കുന്ന മലയാളികൾ, പക്ഷേ, ഫാസിസ്റ്റുകളുടെ കൂട്ടുകാരനായ സ്‌പെയിനിന്റെ പട്ടാളഭരണാധികാരി ജനറൽ ഫ്രാങ്കോ ബാഴ്‌സലോണ ഫുട്‌ബോൾ ക്ലബ്ബിനോട് ചെയ്തത് അറിയാതെ പോയി. പിക്കാസോയുടെ ഗ്വർനിക്ക എന്ന ചിത്രം സ്‌പെയിനിലെ ഒരു ഗ്രാമം അനുഭവിച്ച പട്ടാള ആക്രമണത്തിന്റെ ചിത്രീകരണമാണല്ലോ. വാസ്തവത്തിൽ ആ ചിത്രത്തിൽ നാം കാണുന്നത് ബാഴ്‌സലോണ ക്ലബ്ബ് നേരിട്ട് അനുഭവിച്ചിട്ടുണ്ട്. പക്ഷേ, സ്‌പോർട്‌സിനെ രാഷ്ട്രീയചരിത്രത്തിന്റെ ഭാഗമായി കാണാത്തതുകൊണ്ടും സ്പോർട്സ് തന്നെ ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് മനസ്സിലാക്കാത്തതുകൊണ്ടും നമ്മുടെ സ്വന്തം ബാഴ്‌സയുടെ ചരിത്രം നാം വായിക്കാതെ വിട്ടുകളഞ്ഞു. ഇതോടൊപ്പം കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ചില രാഷ്ട്രീയവായനകൾ അസാദ്ധ്യവുമായിരുന്നു. ഉദാഹരണത്തിന്, അമേരിക്കയുടെ വിയറ്റ്‌നാം അധിനിവേശത്തിനെതിരെ ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി കാണിച്ച വീരോചിതമായ നിലപാട് കൃത്യമായി കണ്ട കേരളത്തിലെ ബൗദ്ധികലോകം വിക്റ്റർ കോച്ചിനോയി എന്ന ചെസ് ഇതിഹാസം സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിനെതിരെ നടത്തിയ ചെറുത്തുനിൽപ്പുകൾ അറിഞ്ഞില്ലെന്ന് നടിച്ചു. സോവിയറ്റ് കുത്തക തകർത്ത് അമേരിക്കയുടെ ബോബി ഫിഷർ ചാമ്പ്യനായപ്പോൾ ഫിഷർക്കെതിരെ ഉയർന്ന ചില അനാവശ്യ അപവാദങ്ങളെ അക്കാലത്ത് (1972) ഇവിടെ മാധ്യമങ്ങൾ പൊലിപ്പിച്ചു കാണിച്ചു.

         

ഏറ്റവും മുഖ്യമായ കാര്യം കായികരംഗത്തിന്റെ രാഷ്ട്രീയവായന നമ്മൾ പരിചയിച്ചിട്ടില്ല എന്നതുതന്നെയാണ്. കായികരംഗത്തെ രാഷ്ട്രീയവായനയെ സഹായിക്കുന്ന പദാവലികളിലും മലയാളം ദരിദ്രമാണ്. അതിനാൽ പെലെയെയും ലാറ്റിൻ അമേരിക്കൻ ഫുട്‌ബോളിനെയും കുറിച്ച് രാഷ്ട്രീയമായി സംസാരിക്കുമ്പോൾ മലയാളികൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ദ്വന്ദ്വത്തിൽനിന്നുതന്നെ നമുക്ക് ആരംഭിക്കേണ്ടിയിരിക്കുന്നു. ആ ദ്വന്ദ്വം ഇന്നത്തെ കാലത്ത് അശാസ്ത്രീയമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അത് ചെയ്യുന്നത്. ഫുട്‌ബോളിൽ യൂറോപ്യൻ, ലാറ്റിൻ അമേരിക്കൻ എന്നിങ്ങനെ രണ്ട് തരം ശൈലികളുണ്ട് എന്നതാണ് മലയാളത്തിൽ ഫുട്‌ബോളിനെ കുറിച്ച് എഴുതുന്നവർ കണ്ടെത്തിയ രാഷ്ട്രീയദ്വന്ദ്വം. മെയ്ക്കരുത്തിന്റെയും പട്ടാളച്ചിട്ടയോടെ നടക്കുന്ന ആക്രമണവേഗതയുടെയും പ്രദർശനമായി നാം യൂറോപ്യൻ ഫുട്‌ബോളിനെ കാണുന്നു. അധിനിവേശത്തിന്റെ സ്പോർട്സ് ഭാഷ്യമായി നാം യൂറോപ്യൻ ഫുട്‌ബോളിനെ വായിച്ചെടുക്കാറുണ്ട്. മറിച്ച് ലാറ്റിൻ അമേരിക്കൻ ഫുട്‌ബോൾ നമ്മുടെ ബോദ്ധ്യങ്ങളിൽ യൂറോപ്യൻ പടയോട്ടത്തെ അമ്പരപ്പിക്കുന്ന ജനകീയ പ്രതിരോധമാണ്. യൂറോപ്പിന്റെ ശാസ്ത്രത്തിനെതിരെ കീഴടക്കപ്പെട്ടവന്റെ കവിതയായി ഓരോ ലോകകപ്പ് വരുമ്പോളും മലയാളത്തിലെ മാധ്യമലേഖകർ കാൽപ്പനികപദാവലിയിൽ ലാറ്റിനമേരിക്കൻ ഫുട്‌ബോളിനെക്കുറിച്ച് എഴുതും. വാസ്തവത്തിൽ 1990-കൾക്കുശേഷം ആ ശൈലിയിൽ കളിക്കുന്ന ബ്രസീലിയൻ ടീമോ കളിക്കാരനോ ഇല്ല എന്നതാണ് സത്യം. എന്നു മാത്രമല്ല, യൂറോപ്യൻ ശൈലിയിൽ കളിക്കുന്ന ഏറ്റവും മികച്ച കളിക്കാരിൽ ചിലരെങ്കിലും ബ്രസീലിയൻ കളിക്കാർ ആണുതാനും. കൂടാതെ, ലാറ്റിൻ അമേരിക്കൻ ശൈലിയുടെ ഭാഗമായ വിദ്യകളൊക്കെ ഇന്ന് യൂറോപ്യൻ കളിക്കാർ സ്വായത്തമാക്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും യൂറോപ്യൻ/ലാറ്റിനമേരിക്കൻ എന്ന ദ്വന്ദം പെലെയെ മനസ്സിലാക്കാൻ കുറച്ചൊക്കെ ഉപകരിക്കും''.

         

അധിനിവേശരാഷ്ട്രീയവും അത് സൃഷ്ടിച്ച സാമൂഹിക-നരവംശ സ്വാധീനങ്ങളും മുൻനിർത്തിയും ലാറ്റിനമേരിക്കൻ/ബ്രസീലിയൻ കാൽപ്പന്തുകളിയുടെ കലയും പ്രത്യയശാസ്ത്രവും വിശദീകരിക്കുന്ന നിരവധി പഠനങ്ങളുടെ സൂചനകൾ നൽകിയും നരേന്ദ്രൻ പെലെയുടെ കായിക/ജീവിതരാഷ്ട്രീയം വിശകലനം ചെയ്യുന്നു.

          ഹെന്റിക് ബോളിന്റെ 'ചിരിക്കാരൻ' എന്ന കഥ, മറ്റുള്ളവരുടെ ചിരി വേദിയിലവതരിപ്പിച്ച് സ്വന്തം ചിരിയും കണ്ണീരും മറയ്ക്കുന്ന ഒരാളെക്കുറിച്ചാണ്. ചലച്ചിത്രഗാനങ്ങളുടെ പിന്നണി (ട്രാക്ക്) പാടുന്ന ഗായകരെയും പിന്നണിഗാനത്തിന്റെ ശബ്ദരാഷ്ട്രീയത്തെയും കുറിച്ചുള്ള ലേഖനം നരേന്ദ്രൻ അവതരിപ്പിക്കുന്നത് 'ചിരിക്കാര'നെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്. കലയെന്ന പദവിയും കലാകാരരെന്ന കർതൃത്വവും ഒരിക്കലും ലഭിക്കാത്ത പിന്നണിഗാന-ഗായകജീവിതങ്ങളുടെ അനുഭവവാദപരമായ അവതരണം.

'ജാവളി'കൾക്ക് ഭരതനാട്യവേദികളിൽ സംഭവിച്ചുവെന്ന് സുനിൽ പി. ഇളയിടം കരുതുന്ന അധഃകൃതാവസ്ഥയും അതിനദ്ദേഹം നിരത്തുന്ന കാരണങ്ങളും വസ്തുതാപരമായി ശരിയല്ലെന്ന് വാദിക്കുന്നു, മറ്റൊരുലേഖനം. ഭരതനാട്യത്തിന്റെ രാഷ്ട്രീയചരിത്രം തേടുന്ന ഒരു ലേഖനത്തിലാണ് സുനിൽ തന്റെ നിരീക്ഷണമവതരിപ്പിച്ചത്. നരേന്ദ്രൻ ആ നിരീക്ഷണം ഖണ്ഡിച്ചുകൊണ്ട് പൊതുവേദികളിലും മാധ്യമങ്ങളിലും നടക്കുന്ന ഭരതനാട്യാവതരണങ്ങളിൽ 'ജാവളി'കൾക്കുള്ള സ്ഥാനം ചൂണ്ടിക്കാണിക്കുന്നു.

          ചിത്രകലയ്ക്ക് എം.എഫ്. ഹുസൈൻ നൽകിയ സംഭാവനകളെ സംക്ഷിപ്തമായവലോകനം ചെയ്യുന്ന ലേഖനം, പുനരുത്ഥാനവാദപരമായ പാരമ്പര്യങ്ങളെ വിമർശിച്ചും നിഷേധിച്ചും അതേസമയംതന്നെ യൂറോപ്യൻ രീതികൾ അന്ധമായനുകരിക്കാതെയും അദ്ദേഹം വികസിപ്പിച്ചെടുത്ത കലാസംസ്‌കൃതി വിശദീകരിക്കുന്നു. ചരിത്രത്തോട് നിരന്തരം സംവദിച്ചും രൂപപദ്ധതികൾ നിരന്തരം നവീകരിച്ചും ജനകീയ ദൃശ്യകലാബോധങ്ങളെ നിരന്തരം പുനഃസൃഷ്ടിച്ചും 'ഇന്ത്യൻ' എന്ന് നിരവധി അർഥങ്ങളിൽ നിർവചിക്കാവുന്ന ഒരു ചിത്രകലാശൈലി ഹുസൈൻ രൂപപ്പെടുത്തിയെന്ന് നരേന്ദ്രൻ സമർഥിക്കുന്നു.

         

ഭാഷകളുടെ മരണവും പ്രവാസജീവിതവും തമ്മിലുള്ള ബന്ധം മുൻനിർത്തി മലയാളത്തെക്കുറിച്ചു നടത്തുന്ന ഒരന്വേഷണമാണ് അടുത്ത ലേഖനം. സാമൂഹിക, സാമ്പത്തിക കാരണങ്ങൾ മൂലം കേരളം വിടുന്നവരുടെ എണ്ണം കുതിച്ചുയരുംതോറും മലയാളം ഭീഷണി നേരിടുകയാണ്. കേരളത്തിൽ തന്നെ ഇംഗ്ലീഷ്, വിദ്യാഭ്യാസ, വിജ്ഞാന, സാങ്കേതിക, ഭരണ ഭാഷയായി മലയാളത്തെ മാറ്റിപ്രതിഷ്ഠിച്ചുകഴിഞ്ഞു. വിറ്റ്ജൻസ്റ്റീൻ മുതൽ ജി.എൻ. ഡേവി വരെയുള്ളവരുടെ കാഴ്ചപ്പാടുകൾ ഉദ്ധരിച്ച് മലയാളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചില ആലോചനകൾ ഗൃഹാതുരതയില്ലാതെ നരേന്ദ്രൻ മുന്നോട്ടുവയ്ക്കുന്നു.

          വസ്തുനിഷ്ഠമല്ല, വ്യാഖ്യാനനിഷ്ഠമാണ് വിജ്ഞാനമെന്ന ധാരണ ആധുനികാനന്തരതയിൽ ഏതാണ്ടെല്ലാ രംഗങ്ങളിലും സ്വീകാര്യമായിക്കഴിഞ്ഞിട്ടും ശാസ്ത്രം മാത്രം അതിനൊരപവാദമായി നിലനിന്ന സാഹചര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് തോമസ് കൂൻ ഈ രംഗത്തുണ്ടാക്കിയ പുനർവിഭാവനങ്ങളെക്കുറിച്ചാണ് ഇനിയൊരു ലേഖനം. ശാസ്ത്രം, ചരിത്രം, തത്വചിന്ത എന്നീ മൂന്നു വിജ്ഞാനശാഖകളെയും കൂട്ടിയിണക്കി ശാസ്ത്രചരിത്രത്തെക്കുറിച്ചുള്ള ഒരു തത്വചിന്തതന്നെയവതരിപ്പിച്ചു, കൂൻ. പോസിറ്റിവിസത്തിൽനിന്നും അതിനോട് വിയോജിച്ച കാൾപോപ്പറിൽനിന്നും വേറിട്ട വഴിയിൽ കൂൻ അവതരിപ്പിച്ച കാഴ്ചപ്പാടുകൾ വ്യാപകമായ എതിർപ്പുകൾ നേരിട്ടുവെങ്കിലും ശാസ്ത്രത്തിന് ആധുനികത കല്പിച്ചുനൽകിയ പ്രാമാണ്യവും ഏകാത്മകതയും ചോദ്യം ചെയ്യപ്പെടാൻ ഇവ ഇടയാക്കി.

1950കൾ തൊട്ട് മലയാളിയുടെ ഏറ്റവും പ്രധാനപ്പെട്ട ജനപ്രിയസംസ്‌കാരമായി നിലനിന്ന സിനിമാപ്പാട്ടിന്റെ സുവർണകാലം കഴിഞ്ഞുവെന്നും മ്യൂസിക് ബാന്റുകൾ ആ സ്ഥാനം കയ്യടക്കിത്തുടങ്ങിയെന്നും വാദിക്കുന്നു, അവസാന ലേഖനം. എന്താണ് ചലച്ചിത്രഗാനങ്ങൾക്കു സംഭവിച്ചത്? അവയുടെ പ്രയോജനക്ഷമത കഴിഞ്ഞുവെന്നാണ് നരേന്ദ്രന്റെ നിരീക്ഷണം. സിനിമാപ്പാട്ടുകളുടെ നാനാതരം പരിമിതികളിൽനിന്ന് മുക്തമായ സംഗീതത്തിന്റെ സർഗാത്മക സാധ്യതകളെയാണ് മ്യൂസിക് ബാന്റുകൾ ലക്ഷ്യംവയ്ക്കുന്നതെന്നും 1970-80 കാലത്ത് കേരളത്തിൽ മുളപൊട്ടിയ പാശ്ചാത്യസംഗീതട്രൂപ്പുകളുടെ തുടർച്ചയാണ് ഇവയെന്നും സൂചിപ്പിച്ചുകൊണ്ട് '13 എ.ഡി.' തൊട്ടിങ്ങോട്ട് കേരളത്തിൽ നിലനിൽക്കുന്ന നിരവധി ബാന്റുകളുടെ കഥ നരേന്ദ്രൻ ചർച്ചചെയ്യുന്നു. ഒപ്പം, ഇന്ത്യയിലും വിദേശത്തും ഖ്യാതിനേടിയ 'ഷില്ലോംഗ് ചേമ്പർ ക്വയർ' പോലുള്ള ട്രൂപ്പുകളെക്കുറിച്ചും.

         

സാഹിത്യവ്യവഹാരമാകട്ടെ, സാഹിത്യേതരവ്യവഹാരങ്ങളാകട്ടെ; വരേണ്യ/ഉദാത്തസംസ്‌കാരരൂപങ്ങളാകട്ടെ, ജനപ്രിയസംസ്‌കാരരൂപങ്ങളാകട്ടെ; പരമ്പരാഗത മാധ്യമ, കലാപാഠങ്ങളാകട്ടെ, നവ-സാങ്കേതിക മാധ്യമ, കലാപാഠങ്ങളാകട്ടെ-നരേന്ദ്രന്റെ നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും ആധുനികതയുടെ വ്യവസ്ഥാപിത മാനദണ്ഡങ്ങളോടും മൂല്യമണ്ഡലങ്ങളോടും നിരന്തരം കലഹിക്കുന്നവയും നിശിതമായി വിയോജിക്കുന്നവയുമാണ്. അതുവഴി, പലനിലകളിൽ, പലതലങ്ങളിൽ സ്വന്തം സ്വരം വേറിട്ടു കേൾപ്പിച്ചുകൊണ്ട് ബഹുവൈജ്ഞാനികവും അന്തർവൈജ്ഞാനികവുമായ സാംസ്‌കാരിക ബഹുസ്വരത ഉറപ്പാക്കുന്ന വിമതവായനകളായി മാറുന്നു ഈ പുസ്തകത്തിലെ ഓരോ ലേഖനവും.

പുസ്തകത്തിൽനിന്ന്

''കവിതയിലെ ഓരോ വാക്കുംപോലെ, ചിത്രത്തിലെ ഓരോ ബ്രഷ് സ്‌ട്രോക്കും പോലെ, സ്‌പോർട്‌സിലെ ഓരോ ചലനവും രാഷ്ട്രീയ പ്രയോഗമാണെന്ന് തിരിച്ചറിവുള്ള ബൗദ്ധികലോകവും മാധ്യമലോകവും പാശ്ചാത്യലോകത്ത് അക്കാലത്ത് തന്നെ ഉണ്ടായിരുന്നു. പക്ഷേ, പെലെയും ബോക്‌സിങ് ചാമ്പ്യൻ മുഹമ്മദ് അലിയും മുന്നോട്ട് വെച്ച രാഷ്ട്രീയ വ്യക്തിത്വങ്ങൾ വിഭിന്നങ്ങളായിരുന്നു. ഇവരെക്കുറിച്ച് തീർത്തും വ്യത്യസ്തമായ രണ്ടുതരം രാഷ്ട്രീയപാരായണങ്ങളാണ് പൊതുബോധത്തിൽ ഉണ്ടായത്. പെലെയും അലിയും ഒരുപോലെ യൂറോപ്യൻ അധീശത്വത്തിനെതിരെ 1960-കളിലെ കായികരംഗത്ത് നിന്ന് ഉയർന്ന രണ്ട് പ്രതിരോധചിഹ്നങ്ങൾ തന്നെയാണ്. പക്ഷേ, മുഖ്യമായ ഒരു വ്യത്യാസം ഇവരുടെ രാഷ്ട്രീയ വ്യക്തിത്വങ്ങൾക്ക് തമ്മിൽ ഉണ്ട്. തുറന്ന നിഷേധവും വെല്ലുവിളിയുമായിരുന്നു അലിയുടെ ശൈലി. എന്നാൽ, പെലെയുടേത് കുറേക്കൂടി സൗമ്യവും എന്നാൽ ആഴത്തിൽ പ്രവർത്തിക്കുന്നതുമായിരുന്നു. അന്ന പൗല ദ സിൽവയുടെ ഒരു പഠനം അലി അനുവർത്തിച്ച കറുപ്പിന്റെ രാഷ്ട്രീയത്തെ അനാവരണം ചെയ്തിട്ടുണ്ട്. (Pele, racical discourse and the 1958 World Cup, Ana Paula da Silva- Soccer & Society. 15(1), 36-47, 2014-Taylor & Francis) ആ പഠനം പറയുന്നത് 1950-കളിൽ ബ്രസീലിൽ ഉണ്ടായിരുന്ന കറുപ്പിന്റെ രാഷ്ട്രീയം ബ്രസീലിലെ പൊതുസമൂഹത്തിൽ ഉണ്ടാക്കിയ വ്യവഹാരങ്ങൾ പെലെയെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നതാണ്. തന്റെ തൊഴിലും കലയുമായ ഫുട്‌ബോളിനുവേണ്ടി സർവ്വതും ത്യജിക്കുന്ന മനോഭാവവും വ്യക്തിയുടെ ഔന്നത്യത്തെ സംബന്ധിച്ച ചിന്തകളും ഇതോടൊപ്പം പെലെയിൽ ഉണ്ടായിരുന്നു. നിറത്തിന്റെ പേരിൽ ഏത് തരം വിവേചനത്തിന് ഇരയായാലും അതിനെ സ്‌പോർട്‌സിന്റെ അച്ചടക്കം കൈവിടാതെ തന്റെ കളിമിടുക്കിലൂടെ മാത്രം നേരിടുക എന്നതായിരുന്നു പെലെയുടെ രീതി. ഒരിക്കലും തന്നെ നിശ്ശബ്ദമനോദാർഢ്യത്തിന്റെ ഈ രീതി കറുത്തവർഗ്ഗം നേരിടുന്ന വർണ്ണ/വർഗ്ഗവിവേചനപ്രശ്‌നം പരിഹരിക്കാൻ ഉതകില്ല എന്ന് കരുതിയവരായിരുന്നു 1950-കൾക്കുശേഷം ഉയർന്നുവന്ന ആക്റ്റിവിസ്റ്റുകൾ. പക്ഷേ, പെലെ തുറന്ന രോഷം പ്രകടിപ്പിക്കാനുള്ള പ്രലോഭനങ്ങൾക്ക് ഒരിക്കലും വഴങ്ങിയില്ല. വ്യതിയാനങ്ങളില്ലാത്ത ധ്യാനം പോലെ, പെലെ തന്റെ ഫുട്‌ബോൾ ജീവിതത്തിൽ മനസ്സും ശരീരവും അർപ്പിച്ചപ്പോൾ ആ ജീവിതം ഇരുപതാം നൂറ്റാണ്ടിലെ കായികരംഗം സൃഷ്ടിച്ച ഏറ്റവും വലിയ പ്രതിരോധ പ്രതീകമായി ഉയർന്നു.

പെലെയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ മുഖ്യമായ കാര്യം ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള കായിക ഇനമായ ഫുട്‌ബോളിൽ യൂറോപ്പിന്റെ അധീശത്വം അവസാനിപ്പിച്ചു എന്നതുതന്നെയാണ്. അതും പോസ്റ്റ് കൊളോണിയൽ എന്നുപോലും വിശേഷിപ്പിക്കാൻ കഴിയാത്ത, നാട്ടുശൈലിയിൽ കളിച്ചുകൊണ്ട്. പെലെ എന്ന കളിക്കാരനെ റാഞ്ചിക്കൊണ്ടുപോകാൻ നിരവധി യൂറോപ്യൻ ക്ലബ്ബുകൾ ശ്രമിച്ചെങ്കിലും സ്വന്തം ജനതയുടെയും ബ്രസീലിയൻ ഗവൺമെന്റിന്റെയും ആഗ്രഹത്തിന് വഴങ്ങി അദ്ദേഹം യൂറോപ്പിലേക്ക് പോവാതെ സ്വന്തം രാജ്യത്തെ ക്ലബ്ബായ സാന്റോസിൽത്തന്നെ തുടരുകയാണ് ഉണ്ടായത്. വാസ്തവത്തിൽ അദ്ദേഹം കറുത്തവരുടെയും ബ്രസീലുകാരുടെയും മാത്രമല്ല, എല്ലാ ജനതകളുടെയും വർഗ്ഗങ്ങളുടെയും ആവേശമായി മാറി എന്നതാണ് സത്യം. നിരവധി രാഷ്ട്രീയ-സാമൂഹിക വിപ്ലവങ്ങളുടെ സ്വപ്‌നോദയവും സ്വപ്നത്തകർച്ചയും കണ്ട കാലമായിരുന്നു 1950-1970 എന്ന് നേരത്തെ കണ്ടു. ആ കാലത്ത് മൂർത്തമായ വിജയങ്ങളോടെ മൂന്നാം ലോകത്തിന്റെയും ദരിദ്രജനതകളുടെയും മോഹങ്ങൾ പെലെ ഫുട്‌ബോൾ മൈതാനത്ത് സഫലമാക്കി.

ഇനി ഈ ലേഖനത്തിന്റെ തുടക്കത്തിൽ ഉത്തരം പറയാതെ മാറ്റിവെച്ച ചോദ്യത്തിലേക്ക് ഒന്നുകൂടി വരാം. പെലെയെ ഫുട്‌ബോളിന്റെ ആദ്യത്തെയും അവസാനത്തെയും രാജാവ് എന്ന് എങ്ങിനെ പറയാൻ കഴിയും? ശരിയാണ്, പെലെയ്ക്ക് മുമ്പുള്ള ഗേയുസിപ്പി മെസ്സെയെപ്പോലുള്ള വലിയ കളിക്കാരെ ലോകത്തിന്റെ മുഴുവൻ ഫുട്‌ബോൾ രാജാവ് എന്ന് പറയാൻ കഴിയില്ലായിരിക്കാം. കാരണം ആദ്യകാലത്ത് ഒളിമ്പിക്‌സിലും ലോകകപ്പ് ഫുട്‌ബോളിലും ലോകത്തിലെ മുഴുവൻ ജനതകളും പങ്കെടുത്തിരുന്നില്ല. 

പെലെയുടെ കാലത്തോടെയാണ് ആഫ്രിക്കാ വൻകര ലോകകപ്പിന്റെ മൈതാനത്തേക്കിറങ്ങുന്നതും ഏഷ്യാവൻകരയുടെ പ്രതിനിധാനം വലിയ തോതിൽ വർദ്ധിക്കുന്നതും. പക്ഷേ, പെലെയ്ക്ക് ശേഷമുള്ള വലിയ കളിക്കാരെ (ഉദാ: മാറഡോണയും മെസ്സിയും ക്രിസ്റ്റ്യാനോയും) എന്തുകൊണ്ട് ലോകഫുട്‌ബോളിന്റെ രാജാക്കന്മാർ എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റ്? ഉത്തരം ഇതാണ്; ഇന്ന് മുഴുവൻ ലോകജനതകളുടെയും പങ്കാളിത്തം ഫുട്‌ബോളിൽ ഉള്ളതിനാൽ ഈ ചോദ്യത്തിന് സാധുതയുണ്ടെന്ന് തോന്നാം. ശരിയാണ്, കളിമിടുക്കിലും അടിച്ച ഗോളുകളുടെ കണക്കിലും മറ്റ് സ്ഥിതിവിവരക്കണക്കുകളിലും മെസ്സിയും ക്രിസ്റ്റ്യാനോയും പെലെയ്ക്ക് പിന്നിലല്ല.

പക്ഷേ, മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും ഫുട്‌ബോൾ ജീവിതത്തിന് വലിയ രാഷ്ട്രീയപ്രസക്തിയൊന്നുമില്ല. ക്ലബ്ബ് വിട്ട് ക്ലബ്ബു മാറുമ്പോൾ വാർത്തകളിൽ നിറയുന്ന വമ്പൻ പ്രതിഫലത്തുകയുടെ ജനപ്രിയതയിലും കോർപ്പറേറ്റ് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായ സേവനപ്രവർത്തനങ്ങളിലും ഒതുങ്ങി നിൽക്കുന്നു അവരുടെ പൊതുലോകപ്രസക്തി.

എന്നാൽ വിപ്ലവങ്ങളുടെ ദശകങ്ങളിൽ കറുത്ത വർഗ്ഗക്കാരെയും ലോകത്തെ മുഴുവൻ ദരിദ്രജനതകളെയും വിജയ കിരീടം അണിയിച്ച പെലെയുടെ രാഷ്ട്രീയപ്രസക്തി ഫുട്‌ബോൾ മൈതാനത്ത് ഒതുങ്ങുന്നില്ല. ദാരിദ്ര്യത്തിന്റെ തെരുവുകളിൽനിന്ന് തുടങ്ങി ലോകമൈതാനങ്ങളിലേക്ക് രാഷ്ട്രീയപ്രയാണം നടത്തുകയായിരുന്നു പെലെയുടെ ഫുട്‌ബോൾ. വർഷം 2000-ൽ പെലെയ്ക്ക് ലോറേസ് ലൈഫ്‌റ്റൈം അച്ചീവ്‌മെന്റ് അവാർഡ് നൽകിയത് നെൽസൺ മണ്ടേലയായിരുന്നു. സ്‌പോർട്‌സിന്റെ, പ്രത്യേകിച്ച് പെലെയുടെ ഫുട്‌ബോൾ ജീവിതത്തിന്റെ പ്രതിരോധ രാഷ്ട്രീയത്തെ മണ്ഡേല തന്റെ പുരസ്‌കാരദാന പ്രഭാഷണത്തിൽ കൃത്യമായി വരച്ചുകാട്ടി. കൂടെ പെലെയുടെ കളി നൽകുന്ന സർഗ്ഗസൗന്ദര്യവും അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിഫലിച്ചു.

അദ്ദേഹം പറഞ്ഞു. 'Sports can create hope, where once there was only despair. It is more powerful than governments in breaking down racial barriers. It laughs in the face of all types of discrimination... He began life in poverty and rose to the highest level of fame. To watch him play was to watch the delight of a child combined with the extraordinary grace of a man in full.'

(ഒരു കാലത്ത് ദുഃഖം മാത്രം ഉണ്ടായിരുന്ന സ്ഥലത്ത് പ്രതീക്ഷ സൃഷ്ടിക്കാൻ സ്‌പോർട്‌സിന് കഴിയും. വംശീയ ചേരിതിരിവുകൾ തകർക്കാൻ അതിന് സർക്കാറുകളേക്കാൾ കഴിവുണ്ട്. എല്ലാ വിവേചനങ്ങളുടെയും മുഖത്തുനോക്കി പരിഹസിച്ച് ചിരിക്കാൻ അതിനാവും... ദാരിദ്ര്യത്തിലാണ് അദ്ദേഹം ജീവിതമാരംഭിച്ചത്. പ്രശസ്തിയുടെ ഔന്നത്യത്തിലേക്ക് അദ്ദേഹം ഉയർന്നു. അദ്ദേഹത്തിന്റെ കളി കാണുക എന്നുവച്ചാൽ ഒരു കൊച്ചുകുട്ടിയുടെ ആനന്ദവും മുതിർന്ന മനുഷ്യന്റെ കാവ്യസൗന്ദര്യവും ഒരുമിച്ചു ചേരുന്നത് കാണുന്ന അനുഭവവുമാണ്)''. 

വിയോജനക്കുറിപ്പുകൾ
കെ.എം.  നരേന്ദ്രൻ
കേരളസാഹിത്യ അക്കാദമി
2022
290 രൂപ