ന്യൂജേഴ്സി: 2010-ൽ രൂപംകൊള്ളുകയും രണ്ടുവർഷത്തിലൊരിക്കൽ നടത്തിവരാറുമുള്ള കോംപാക്ട് (Compakt) കുടുംബയോഗം ഇത്തവണ (2016) കെന്റക്കിയിലുള്ള ലൂയീസ്വിൽ(Louisville) പട്ടണത്തിലെ St. Michael Antiochian Orthodox Church ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ടു.

അമേരിക്കയിലെ ഇല്ലിനോയിസ്, ന്യൂജേഴ്സി, ന്യൂയോർക്ക്, മിഷിഗൺ, ടെക്സസ്, വാഷിങ്ടൺ ഡി.സി എന്നീ സ്റ്റേറ്റുകളിൽ നിന്നും കാനഡയിലെ ആൽബർട്ട/എഡ്മണ്ടൻ, കാൽഗറി, ടൊറന്റോ എന്നീ പട്ടണങ്ങളിൽ നിന്നുമുള്ള കുടുംബങ്ങൾ ഇത്തവണത്തെ കുടുംബ സമ്മേളനത്തിൽ പങ്കെടുത്തു.

2014-ൽ ടൊറന്റോയിൽ വച്ചു നടത്തിയ കുടുംബയോഗത്തിന്റെ തീരുമാനപ്രകാരം കെന്റക്കിയിൽ (Louisville) സ്ഥിരതാമസക്കാരനായ ഡോ. റെജി വർഗീസ് എം.ഡിയും കുടുംബവുമാണ് ആതിഥേയത്വം വഹിച്ചത്.

ജൂലൈ ഒന്നാം തീയതി വെള്ളിയാഴ്ച ലൂയീസ്വില്ലിൽ എത്തിച്ചേർന്ന എല്ലാ കുടുംബങ്ങളേയും ഡോ. റെജിയും ഭാര്യ ബീനയും ചേർന്നു തയാറാക്കിയ പ്രത്യേക അത്താഴവിരുന്നിനായി സ്വവസതയിലേക്ക് ക്ഷണിക്കാൻ മറന്നില്ല.

ജൂലൈ രണ്ടാംതീയതി ശനിയാഴ്ച രാവിലെ 9.30 മുതൽ ഹാളിൽ എത്തിച്ചേർന്ന കുടുംബാംഗങ്ങൾ കുശലം പറഞ്ഞ് കുടുംബബന്ധങ്ങൾ പുതുക്കി. പ്രസിഡന്റ് റവ.ഫാ. പൗലോസ് പീറ്ററിന്റെ പ്രാർത്ഥനയോടെ 10 മണിക്ക് ആരംഭിച്ച യോഗം ഒരു മിനിറ്റ് മൗന പ്രാർത്ഥനയോടെ പൂർവ്വപിതാക്കന്മാരെ അനുസ്മരിച്ചു. ഡോ. റെജി വർഗീസ് എല്ലാ കുടുംബങ്ങളേയും യോഗത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്ത് സ്വീകരിച്ചു.

2014-ൽ വിടവാങ്ങിയ ഡോ. സി.എം. എൽദോ എം.ഡിയേയും, ഡോ. റെജി വർഗീസിന്റെ മാതാവിനേയും പ്രത്യേകം അനുസ്മരിച്ച് റവ.ഫാ. പൗലോസ് പീറ്റർ, ഡോ. ടോബി എൽദോ എം.ഡി, സജി മാത്യു എന്നിവർ സംസാരിച്ചു.

ഡോ. സി.എം. എൽദോ കോംപാക്ട് കുടുംബത്തിന്റെ സ്ഥാപകരിൽ ഒരാളും വൈസ് പ്രസിഡന്റുംകൂടിയായിരുന്നു.  കോംപാക്ട് കുടുംബത്തിന്റെ പേട്രൺ സി.കെ. പോൾ കുടുംബങ്ങളുടേയും, കുടുംബ ബന്ധങ്ങളുടേയും ആവശ്യകതെയപ്പറ്റി ഓർമ്മിപ്പിച്ചു. പരേതനായ ഡോ. സി.എം. എൽദോയെ അനുസ്മരിക്കുന്നതിനുപുറമെ അദ്ദേഹം കോംപാക്ടിനു നൽകിയ സേവനങ്ങളെപ്പറ്റി ഓർമ്മിച്ച് സംസാരിച്ചു.

സെക്രട്ടറി സ്മിത പോൾ മിനിറ്റ്സ് വായിച്ചതിനെ തുടർന്നു ട്രഷറർ പോൾ കുര്യാക്കോസ് പടിഞ്ഞാറെക്കരയിൽ കണക്ക് അവതരിപ്പിച്ചത് യോഗം പാസാക്കി. 2016- 18 -ലെ കുടുംബയോഗം റവ.ഫാ. ആകാശ് സി. പോളും, ലാലു കുര്യാക്കോസും ആവശ്യപ്പെട്ടത് അനുസരിച്ച് ന്യൂജേഴ്സിയിൽ വച്ചു (ജൂലൈ 2018) നടത്തുവാൻ തീരുമാനിച്ചു. 12 മണിയോടെ റവ.ഫാ. ആകാശ് പോൾ പ്രാർത്ഥിച്ചവസാനിപ്പിച്ച യോഗം ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. നാടൻ ശൈലിയിൽ വാഴയിലയിൽ വിഭവസമൃദ്ധമായ ഭക്ഷണമായിരുന്നു ഡോ. റെജി ഏർപ്പാട് ചെയ്തിരുന്നത്.

കുടുംബയോഗത്തിന്റെ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തശേഷം ഡൗൺ ടൗൺ, ലൂയീസ് വില്ലിൽ കറങ്ങാനെത്തിയ കുടുംബാംഗങ്ങളെ മുഹമ്മദാലി സെന്റർ കാണിക്കാനും ഡോ. റെജിയും കുടുംബവും ഏർപ്പാട് ചെയ്തിരുന്നു.

വൈകിട്ട് ഡൗൺ ടൗണിലുള്ള പാർക്കിൽ തിരിച്ചെത്തി ട്രക്കിൽ തട്ടുകട സ്‌റ്റൈലിൽ തയാറാക്കിയ ബാർബിക്യൂ ഡിന്നർ കഴിച്ചശേഷം കുടുംബാംഗങ്ങൾ കാൽനടയായി ഒഹായോ റിവറിനു കുറുകെയുള്ള വളരെ പഴക്കമുള്ള ഇരുമ്പ് പാലത്തിൽകൂടി നടന്ന് ഇന്ത്യാന സ്റ്റേറ്റിൽ എത്തി.

നടന്ന് ക്ഷീണിച്ചെത്തിയ കുടുംബാംഗങ്ങളെ വിവിധ തരത്തിൽപ്പെട്ട ഐസ്‌ക്രീം നൽകി ഡോ. ടോബി യൽദോ എം.ഡി ഇന്ത്യാനയിൽ സ്വീകരിച്ചു. വിശ്രമിച്ചശേഷം തിരിച്ച് കെന്റക്കിയിലേക്ക് നടന്ന് എത്തിയ കുടുംബാംഗങ്ങൾ യാത്ര പറഞ്ഞ് പിരിയുകയും ചെയ്തു.

കുടുംബയോഗത്തിനു കേരളത്തിൽ നിന്നും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചവരിൽ സി.എം. ഗീവർഗീസ്(പ്രസിഡന്റ്- ചീരകത്തോട്ടം കുടുംബയോഗം - കേരളം), ഡോ. ഡി. ബാബു പോൾ, കെ. റോയി പോൾ എന്നിവർ ഉൾപ്പെടുന്നു.