ന്യൂഡൽഹി: ഇന്ത്യ-യുഎസ് ബന്ധം സുദൃഢമാക്കി കൊണ്ട് തന്ത്ര പ്രധാനമായ പ്രതിരോധ കരാറിൽ ഇരു രാജ്യങ്ങളും ചേർന്ന് ഒപ്പു വെച്ചു. ഇന്ത്യയ്ക്ക് യുഎസിൽ നിന്ന് നിർണായകമായ പ്രതിരോധ സാങ്കേതിക വിദ്യയും ആയുധങ്ങളും ലഭ്യമാക്കുന്ന ഈ കരാർ ഇരു രാജ്യങ്ങളിലേയും ഉന്നത നേതാക്കൾ ചേർന്നാണ് ഒപ്പുവെച്ചത്. കോംകാസ (COMCASA - Communications Compatibility and Security Agreement) അഥവാ സമ്പൂർണ സൈനിക ആശയവിനിമയ സഹകരണ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പു വെച്ചത്.

ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും, പ്രതിരോധ മന്ത്രി നിർമലാ സീതാരാമനുമാണ് ചർച്ചയിൽ പങ്കെടുത്തത്. ഇന്ത്യയുടെ പ്രതിരോധ മന്ത്രിയുടെ ഓഫീസും യുഎസ് പ്രതിരോധ സെക്രട്ടറിയുടെ ഓഫീസും തമ്മിൽ ഹോട്ട്‌ലൈൻ ബന്ധം സ്ഥാപിക്കാനും തീരുമാനമായി. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകൾക്കെതിരായ ആശങ്ക ഇരുരാജ്യങ്ങളും പങ്കുവെച്ചു.

അമേരിക്കയെ പ്രതിനിധീകരിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ചർച്ചയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ- യുഎസ് ബന്ധത്തിൽ പുതുയുഗം പിറന്നെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ഇതിനോട് പ്രതികരിച്ചത്. ഇരുരാജ്യങ്ങളിൽ നിന്നും രണ്ട് ഉന്നത ഭരണകർത്താക്കൾ പങ്കെടുത്തതിനാൽ ടു പ്ലസ് ടു ചർച്ചയെന്നാണ് ഇതിനെ വിളിച്ചിരുന്നത്.

പ്രതിരോധം, വാണിജ്യം, എച്ച്1ബി വിസ, സഹകരണം തുടങ്ങി നിരവധി കാര്യങ്ങൾ ചർച്ചയിൽ വിഷയമായി. ഇന്ത്യയ്ക്ക് എൻഎസ്ജി പ്രവേശനം ലഭിക്കുന്നതിനായി യോജിച്ച് പ്രവർത്തിക്കാൻ ചർച്ചയിൽ തീരുമാനമായി. ദക്ഷിണേഷ്യ, ഇന്തോ- പസഫിക്, തെക്കുകിഴൻ ഏഷ്യ തുടങ്ങിയ മേഖലയിലെ സ്ഥിരത നിലനിർത്തുന്നതു സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ ചർച്ചചെയ്തു. ട്രംപിന്റെ അഫ്ഗാൻ നയം ഇന്ത്യ അംഗീകരിക്കും. ഭീകരവാദത്തിനെതിരെ യോജിച്ച് പ്രവർത്തിക്കാനും തീരുമാനമായി. 2019 ൽ ഇന്ത്യയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം നടത്തും.

മറ്റുരാജ്യങ്ങൾക്കെതിരായ പ്രവർത്തനത്തിന് ഭീകരരെ അനുവദിക്കരുതെന്ന് പാക്കിസ്ഥാനോട് ഇരുരാജ്യങ്ങളും സംയുക്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുംബൈ, പത്താൻകോട്ട്, ഉറി തുടങ്ങിയ ഭീകരാക്രമണങ്ങൾക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും ഇരുരാജ്യങ്ങളും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

സമാധാനം, പുരോഗതി, വികസനം എന്നിവയ്ക്കായി സാധ്യമാകുന്ന മേഖലകളിലെല്ലാം സഹകരിക്കുമെന്നാണ് പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കിയത്. അഫ്ഗാനിസ്താന്റെ സമാധാനപൂർണമായ സുസ്ഥിര വികസനത്തിനോടുള്ള പ്രതിജ്ഞാബദ്ധത ഇരുരാജ്യങ്ങളും ആവർത്തിച്ചു.