- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേട്ടം നാലാക്കി ഇന്ത്യ; ഭാരോദ്വഹനത്തിൽ രണ്ടാം വെള്ളി സമ്മാനിച്ച് ബിന്ധ്യാറാണി ദേവി; മെഡൽ നേട്ടം ഭാരോദ്വഹനത്തിലെ 55 കിലോ വിഭാഗത്തിൽ; മൂന്നാം ദിനത്തിലും മെഡൽ പ്രതീക്ഷയുമായി ഇന്ത്യൻ ക്യാംപ്
ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മേഡൽ നേട്ടം നാലായി. ബിന്ധ്യാറാണി ദേവിയിലൂടെയാണ് ഇന്ത്യ രണ്ടാം വെള്ളിമെഡൽ സ്വന്തമാക്കിയത്.രണ്ടാം ദിവസത്തെ അവസാന മത്സരത്തിലാണ് ബിന്ധ്യാറാണി ഗെയിംസിൽ ഇന്ത്യയുടെ നാലാം മെഡൽ സമ്മാനിച്ചത്. ഭാരോദ്വഹനത്തിലെ 55 കിലോ വിഭാഗത്തിൽ 202 കിലോ ഉയർത്തിയാണ് നേട്ടം. സ്‌നാച്ചിൽ 86 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 116 കിലോയുമാണ് ബിന്ധ്യാറാണി ഉയർത്തിയത്.
സ്‌നാച്ചിൽ ദേശീയ റെക്കോർഡും ക്ലീൻ ആൻഡ് ജെർക്കിൽ ദേശീയ റെക്കോർഡും ഗെയിംസ് റെക്കോർഡും സ്വന്തമാക്കിയാണ് ബിന്ധ്യാറാണി ദേവിയുടെ വെള്ളി മെഡൽ നേട്ടം. കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഭാരദ്വേഹനത്തിൽ 49 കിലോഗ്രാം വിഭാഗത്തിൽ മീരാബായി ചനു ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയിരുന്നു. ഇത് കൂടാതെ പുരുഷ വിഭാഗം 55 കിലോ വിഭാഗത്തിൽ സങ്കേത് സാർഗർ വെള്ളിയും 61 കിലോഗ്രാം വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.
ബോക്‌സിംഗിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ലോവ്‌ലിന ബോർഗോഹെയ്ൻ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. 70 കിലോ മിഡിൽവെയ്റ്റ് വിഭാഗത്തിലെ ആദ്യ മത്സരത്തിൽ ഒളിംപിക് മെഡൽ ജേതാവായ ലോവ്‌ലിന ന്യൂസിലൻഡ് താരത്തെ തോൽപിച്ചു.5-0 എന്ന സ്‌കോറിനായിരുന്നു ലോവ്‌ലിനയുടെ ജയം. മറ്റൊരു മത്സരത്തിൽ മുഹമ്മദ് ഹുസാമുദ്ദീൻ ദക്ഷിണാഫ്രിക്കൻ താരത്തെ തോൽപിച്ച് പ്രീക്വാർട്ടറിലെത്തി.
ഗെയിംസിന്റെ മൂന്നാം ദിനവും ഒട്ടേറെ പ്രതീക്ഷകളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മൂന്നാംദിനവും ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. നീന്തലിൽ മലയാളി താരം സജൻ പ്രകാശ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും.മീരാബായിയും സാങ്കേതും ഗുരുരാജും രണ്ടാംദിനം തുടങ്ങിവച്ചത് ആവർത്തിക്കാൻ ഭാരോദ്വഹനത്തിൽ മൂന്നാംദിനം ഇന്ത്യ കളത്തിലിറക്കുന്നത് മൂന്ന് താരങ്ങളെ.ഉച്ചയ്ക്ക് രണ്ടിന് 67 കിലോവിഭാഗത്തിൽ ജെറിമി ലാൽറിന്നുംഗയെയും രാത്രി പതിനൊന്നിന് 73 കിലോയിൽ അചിന്ത സിയോളിയും വൈകിട്ട് ആറരയ്ക്ക് വനിതകളുടെ 59 കിലോവിഭാഗത്തിൽ പോപി ഹസാരികയും കളത്തിലെത്തും.
മൂവരും പോഡിയത്തിൽ എത്തുമെന്ന് ഇന്ത്യൻ പരിശീലകർ ഉറച്ച് വിശ്വസിക്കുന്നു. നീന്തലിൽ മലയാളിതാരം സജൻ പ്രകാശിന്റെ 200 മീറ്റർ ബട്ടർഫ്‌ളൈ ഹീറ്റ്‌സ് വൈകിട്ട് 3:07ന് നടക്കും. തൊട്ടുപിന്നാലെ 50 മീറ്റർ ബാക്ക് സ്‌ട്രോക്കിൽ ശ്രീഹരി നടരാജുമിറങ്ങും. ഫൈനലിൽ എത്തിയാൽ സജന്റെ മെഡൽപോരാട്ടം രാത്രി 11.58ന് അരങ്ങേറും. ബോക്‌സിംഗിൽ ശിവ ഥാപ്പ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് രണ്ടാം ജയത്തിനിറങ്ങുമ്പോൾ സുമിത്തിനും സാഗറിനുമൊപ്പം ഉറച്ച മെഡൽ പ്രതീക്ഷയായ നിഖാത് സരീനും ആദ്യറൗണ്ട് മത്സരമുണ്ട്. സ്‌ക്വാഷിൽ ജോഷ്‌ന ചിന്നപ്പ, സൗരവ് ഘോഷാൽ എന്നിവരുടെ പ്രീക്വാർട്ടർ പോരാട്ടവും ഇന്നാണ്.
സ്പോർട്സ് ഡെസ്ക്