മസ്‌കത്ത്: ഒമാനിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ പുതിയ പദ്ധതികൾക്ക് തുടക്കമിടുന്നു. ഇതിനായി ഇകമേഴ്‌സ്യൽ രജിസ്‌ട്രേഷൻ സംവിധാനം ആരംഭിച്ചു. ധനകാര്യമന്ത്രി ദാർവിഷ് ബിൻ ഇസ്മായിൽ ബിൻ അലി അൽ ബലൂഷിയാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തേക്കുള്ള നിക്ഷേപം എളുപ്പമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് ഇലക്ട്രോണിക് കമേഴ്‌സ്യൽ രജിസ്‌ട്രേഷൻ സംവിധാനം ആരംഭിച്ചിരിക്കുന്നത്. രാജ്യപുരോഗതിക്ക് നിക്ഷേപകരുടെ പങ്ക് വളരെ വലുതാണ്. അതിനാൽ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് സർക്കാർ.

രാജ്യത്ത് നിക്ഷേപമാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പത്തിൽ പരിഹരിക്കുന്നതിനുള്ള ഏകജാലക സംവിധാനമായാണ് ഇത് കണക്കാക്കുന്നതെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അഹമ്മദ് ബിൻ ഹസൻ അൽ ദീബ് പറഞ്ഞു. ആറു ഘട്ടങ്ങളിലായിട്ടാകും പദ്ധതി നടപ്പാക്കുക. നിലവിൽ മൂന്നു ഘട്ടങ്ങൾ പദ്ധതിയിൽ യാഥാർഥ്യമാക്കി കഴിഞ്ഞു. വെബ്‌സൈറ്റ് വഴി 23 ഇനം സേവനങ്ങളാണ് പ്രദാനം ചെയ്യുക. 15 സർക്കാർ സ്ഥാപനങ്ങളും നിലവിൽ ഇതിന്റെ പരിധിയിലുണ്ട്.

പദ്ധതി പൂർത്തിയാക്കുമ്പോൾ 29 സർക്കാർ വിഭാഗങ്ങളും സ്വകാര്യ സ്ഥാപനങ്ങളും നാൽപതോളം സേവനങ്ങളും ഇതിന്റെ പരിധിയിൽ കൊണ്ടുവരും. നിക്ഷേപകർക്ക് മന്ത്രാലയ ഓഫിസുകൾ കയറിയിറങ്ങേണ്ട അവസ്ഥ ഒഴിവാകുന്നതിന് നിക്ഷേപകർക്ക് വലിയ ആശ്വാസമായിരിക്കും. നിലവിൽ മൂവായിരത്തിലധികം പേരാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇനി ധാരാളം പേർ ദിനംപ്രതി രജിസ്റ്റർ ചെയ്യുമെന്നാണ് കണക്കാക്കുന്നത്