തിരുവനന്തപുരം: വാണിജ്യ നികുതി വകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾ ഒക്ടോബർ 9നും 10നും 11നും പൂർണ്ണമായും തടസ്സപ്പെടും. സെർവർ നവീകരിച്ച് ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സേവനങ്ങൾ തടസ്സപ്പെടുന്നത്. ഓൺലൈൻ അഡ്വാൻസ് ടാക്‌സ് പേയ്‌മെന്റ്, സ്റ്റാറ്റ്യുട്ടറി ഫോം, റിട്ടേൺ ഫയലിങ് തുടങ്ങി ഒരു സേവനങ്ങളും ഈ ദിവസങ്ങളിൽ ലഭ്യമാകുന്നതല്ല.

സംസ്ഥാനത്തെ അക്ഷയകേന്ദ്രങ്ങളിലും ഇതുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കില്ല. അന്തർസംസ്ഥാന ഇടപാടുകൾ നടത്തുന്ന വ്യാപാരികൾ പഴയതുപോലെ മാന്വൽ ഡിക്ലറേഷൻ നൽ കിയാകണം ഈ ദിവസങ്ങളിൽ ചെക്ക്‌പോസ്റ്റ് കടന്ന് പോകേണ്ടത്. അഡ്വാൻസ് ടാക്‌സ് ഓൺലൈനിൽ അടയ്ക്കുന്നവർ ഈ ദിവസങ്ങളിൽ അതിനു പകരം ചെക്ക്‌പോസ്റ്റുകളിൽ നേരിട്ട് പണം അടച്ച് രസീത് കൈപ്പറ്റേണ്ടതാണ്.

സേവനതടസ്സങ്ങൾ മൂലം ഉണ്ടാകുന്ന അസൗകര്യങ്ങളിൽ വ്യാപാരികൾ പരമാവധി സഹകരിക്കണമെന്ന് വാണിജ്യ നികുതി കമ്മീഷണർ ഡോ.രാജൻ ഖോബ്രാഗഡെ അഭ്യർത്ഥിച്ചു.