കൊച്ചി: സീറോ മലബാർ സഭ വിവാദ ഭൂമി ഇടപാടിൽ സഭാസമിതി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെയും പരാമർശം. കർദ്ദിനാൾ അറിഞ്ഞു തന്നെയാണ് വിവാദ ഭൂമി ഇടപാടുകൾ നടന്നത് എന്നാണ് റിപ്പോർട്ടിലുള്ളത്. പല ഇടപാടുകളും സഭസമിതി അറിയാതെ ദുരൂഹമായാണ് നടന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബന്ധപ്പെട്ട വൈദികർക്ക് ഭൂമി ഇടപാടിൽ പിഴവ് പറ്റിയെന്നും റിപ്പോർട്ട് പറയുന്നു.

ഭൂമി വിൽപനയിലൂടെ സഭയ്ക്ക് 34 കോടി രൂപയുടെ നഷ്ടം ഉണ്ടാതായി റിപ്പോർട്ടിൽ പറയുന്നു. കർദിനാളിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. ഭൂമി വിൽപന നടന്നത് കർദിനാളിന്റെ അറിവോടെയാണെന്നും വിഷയത്തിൽ സഭയ്ക്ക് വീഴ്ച പറ്റിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭൂമി വിൽപനയുടെ ഇടനിലക്കാരനെ ധനകാര്യവിഭാഗത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് കർദിനാളാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

.ആറംഗ കമ്മീഷനാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത്. മൂന്ന് വൈദികരും വക്കീൽ, തഹസിൽദാർ, ചാട്ടേർഡ് അക്കൗണ്ടന്റെ എന്നിവരടങ്ങിയതാണ് കമ്മീഷൻ. ഈ മാസം 31ന് മുമ്പ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇന്ന് വൈദിക സമിതി ചേരുന്നതിനാൽ റിപ്പോർട്ട് ഇന്ന് നൽകാൻ തീരുമാനിക്കുകയായിരുന്നു.റിപ്പോർട്ട് ഉടൻ തന്നെ മാർപാപ്പയ്ക്കും അയച്ചുകൊടുക്കും. അതേസമയം, റിപ്പോർട്ടിന്മേലും ഇരുവിഭാഗങ്ങളും തമ്മിൽ വാക്‌പോര് തുടങ്ങിയിട്ടുണ്ട്.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം സ്ഥിരം സിനഡിന്റെ അടിയന്തരയോഗം ചേർന്നിരുന്നു. വിവാദങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സഹായമെത്രാന്മാരായ സെബാസ്റ്റ്യൻ എടയന്ത്രത്തും ജോസ് പുത്തൻവീട്ടിലും മുൻകൈ എടുക്കണമെന്നും സിനഡ് നിർദ്ദേശിച്ചിരുന്നു. അതേസമയം, ഭൂമി വിൽപനയിൽ തനിക്ക് സാങ്കേതികപ്പിഴവ് മാത്രമാണ് ഉണ്ടായതെന്ന് കർദിനാൾ ആലഞ്ചേരി സിനഡിൽ വ്യക്തമാക്കി.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കർ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ടാണ് തർക്കം കൊഴുക്കുന്നത്. അതിരൂപതയുടെ കീഴിലുള്ള ലിസി ആശുപത്രിയുടെ വികസനത്തിനായി പണം കണ്ടെത്താൻ തൃക്കാക്കരയിലെ സഭയുടെ സ്ഥലങ്ങൾ വിൽക്കാൻ അതിരൂപത സമിതികളിൽ ആലോചനകൾ നടന്നിരുന്നു. 100 കോടി രൂപയുടെ വിൽപന കരാറിന് സമിതികൾ അംഗീകാരം നൽകി. എന്നാൽ അതിരൂപതയുടെ ധനകാര്യസമിതിയുടെ മാത്രം അറിവോടെ 27 കോടി രൂപ വിലകാണിച്ച് സ്ഥലം സ്വകാര്യവ്യക്തിക്ക് കർദിനാൾ എഴുതി നൽകുകയായിരുന്നു എന്ന് അതിരൂപതയിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഒൻപത് കോടി രൂപ മാത്രമാണ് വസ്തുകച്ചവടത്തിൽ രൂപതയ്ക്ക് ലഭിച്ചത്.

നോട്ട് നിരോധനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ ബാക്കി തുക നൽകാൻ കൂടുതൽ സമയം വേണമെന്ന് വാങ്ങിയ ആൾ ആവശ്യപ്പെട്ടു. ശേഷിച്ച തുകയുടെ ഉറപ്പിനായി വാങ്ങിയ ആളുടെ മൂന്ന് സ്ഥലങ്ങൾ അതിരൂപതയ്ക്കായി കർദിനാളിന്റെ പേരിൽ ഈട് നൽകുകയും ചെയ്തു. ഈ സ്ഥലങ്ങളിൽ ചിലത് പരിസ്ഥിതി ദുർബല മേഖലയിൽപെട്ടതാണെന്ന് ഇവർ ആരോപിക്കുന്നു. ഇതോടെയാണ് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ സാമ്പത്തിക ക്രമക്കേടുകൾ ഉന്നയിച്ച് അതിരൂപതയിലെ ഒരു വിഭാഗവും ചില മെത്രാന്മാരും രംഗത്തെത്തിയത്.

കൊച്ചി തൃക്കാക്കര നൈപുണ്യ സ്‌കൂളിന് എതിർവശമുള്ള 70.15 സെന്റ്, തൃക്കാക്കര ഭാരതമാത കോളെജിന്റെ എതിർവശമുള്ള 62.33 സെന്റ്, തൃക്കാക്കര കരുണാലയത്തിന്റെ സമീപമുള്ള 99.44 സെന്റ്, കാക്കനാട് നിലംപതിഞ്ഞിമുകളിലുള്ള 20.35 സെന്റ്, മരടിലുള്ള 54.71 സെന്റ് എന്നീ സ്ഥലങ്ങളിലുള്ള ഭൂമിയാണ് (മൊത്തം 306.98 സെന്റ്) വിൽപ്പന നടത്തിയിരിക്കുന്നത്. 27.30 കോടി രൂപയ്ക്കാണ് വിൽപ്പന ഉറപ്പിച്ചത്. അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാമത് ഒരുകക്ഷിയ്‌ക്കോ കക്ഷികൾക്കോ സ്ഥലങ്ങൾ മുറിച്ചു നൽകാൻ പാടില്ലെന്ന കരാർ ലംഘിച്ച് 36 പേർക്കായാണ് സ്ഥലങ്ങൾ വിറ്റത്. 2016 മെയ് 21 നാണ് വിൽപ്പന നടന്നത്. ഒരു മാസത്തിനകം തുക നൽകണമെന്നായിരുന്നു കരാറെങ്കിലും ഒന്നര വർഷത്തിനകം സഭയ്ക്ക് ലഭിച്ചത് 9.13 കോടി രൂപമാത്രമാണ്.

ലിറ്റിൽ ഫ്‌ളവർ ആശുപത്രിയോട് ചേർന്ന് ഒരു മെഡിക്കൽ കോളെജ് തുടങ്ങുന്നതിനായി അതിരൂപത തുറവൂരിലെ മറ്റൂരിൽ 23.22 ഏക്കർ സ്ഥലം വാങ്ങിയതിന്റെ തുടർച്ചയാണ് ഇന്നത്തെ വിവാദങ്ങളിൽ എത്തിനിൽക്കുന്നത്. വരന്തരപ്പിള്ളിയിലുള്ള രൂപതയുടെ സ്ഥലം വിറ്റ് തിരിച്ചടയ്ക്കാമെന്ന ധാരണയിൽ ബാങ്കിൽ നിന്നും 60 കോടി വായ്പ എടുത്തായിരുന്നു ഈ ഭൂമി വാങ്ങൽ. എന്നാൽ വരന്തരപ്പിള്ളിയിലെ ഭൂമി വിൽപ്പന നടക്കാതെ വന്നതോടെ വാർഷികപ്പലിശയായ ആറുകോടി നൽകാൻ സാധിക്കാതെ വന്നു. തുടർന്നാണ് വിവിധ സ്ഥലങ്ങളിലായുള്ള 306.98 സെന്റ് ഭൂമി വിൽക്കാൻ തീരുമാനിച്ചത്. ഈ ഭൂമി വിൽപ്പന വഴി ലഭിക്കുന്ന 27.30 കോടി രൂപ ബാങ്കിൽ നിക്ഷേപിക്കാനായിരുന്നു തീരുമാനം. പിന്നീട് 32 കോടി രൂപ മാത്രമേ ബാങ്കിൽ ബാധ്യത ഉണ്ടാകുമായിരുന്നുള്ളൂ. എന്നാൽ വിൽപനയിലൂടെ പ്രതീക്ഷിച്ച തുകയിൽ 18.17 കോടിരൂപ ലഭിക്കാഞ്ഞത് തിരിച്ചടിയായി. ഇതിന് പുറമെ അതിരൂപതാ കാനോനിക സമിതികളുടെയും ഐകോയുടെ (അതിരൂപതാ സ്ഥാപനങ്ങളുടെ കേന്ദ്ര ഓഫീസ്) പ്രസിഡന്റിന്റെയും അനുമതിയില്ലാതെ ഐകോ വഴി ബാങ്കിൽ നിന്നും 10 കോടി രൂപ ലോണെടുത്ത് 16.59 കോടി രൂപയ്ക്ക് കോതമംഗലത്തിനടുത്ത് കോട്ടപ്പടിയിൽ 25 ഏക്കറും (07042017) ഇടുക്കി ദേവികുളത്ത് 17 (22022017) ഏക്കറും അതിരൂപതയുടെ പേരിൽ രജിസ്റ്റർ ചെയ്തു. മറ്റൂരിൽ സ്ഥലം വാങ്ങിയതിലൂടെ അതിരൂപതയ്ക്ക് ഉണ്ടായിരുന്ന ബാധ്യത 60 കോടി ആയിരുന്നെങ്കിൽ ഈ ഭൂമി വാങ്ങൽ കൂടി കഴിഞ്ഞപ്പോൾ ബാധ്യത 84 കോടി രൂപയായി ഉയർന്നു.

എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജിക്കാരനായ ജോഷി വർഗീസ് നൽകിയ ഹർജിയിൽ ആരോപിക്കുന്ന കാര്യങ്ങൽ താഴെ പറയുന്നവയാണ്:

ഭൂമി വിഭജിച്ച് വിൽപ്പന നടത്താൻ അതിരൂപതയോ കാനോനിക സമിതികളോ അനുമതി നൽകിയിരുന്നില്ല.വിൽപ്പനയുടെ തുക ബാങ്കിൽ നിക്ഷേപിച്ച് കഴിയുമ്പോൾ, അതിരൂപതയക്ക് 33 കോടി മാത്രമേ ബാധ്യത ഉണ്ടാവുകയുള്ളുവെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ, ഒന്നരവർഷത്തിന് ശേഷവും 9.13 കോടി മാത്രമാണ് അതിരൂപതയ്ക്ക കിട്ടിയത്. 18.17 കോടി കിട്ടാൻ അവശേഷിക്കുന്നു.

അതിരൂപതയുടെയോ കാനോനിക സമിതികളുടയോ അനുമതിയില്ലാതെ കോട്ടപ്പടിയിൽ 25 ഏക്കറും ദേവികുളത്ത് 17 ഏക്കറും വാങ്ങിക്കൂട്ടുകയും ബാങ്ക് വായ്പ എടുക്കുകയും ചെയ്തു.പുതിയതായി സ്്ഥലങ്ങൽ വാങ്ങിക്കൂട്ടരുതെന്ന കാനോനൻ സമിതികളുടെ പ്രത്യേക നിർദ്ദേശം അവഗണിച്ചതിന്റെ ഫലമായി അതിരൂപതയുടെ ബാധ്യത 60 കോടിയിൽ നിന്ന് 84 കോടിയായി ഉയർന്നു.

എറണാകുളം അതിരൂപത തുറവൂർ വില്ലേജിലെ മറ്റൂരിൽ, 23.22 ഏക്കർ സ്ഥലം അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയോട് ചേർന്നുള്ള മെഡിക്കൽ കോളേജിനായി വാങ്ങിയിരുന്നു. ഫെഡറൽ ബാങ്കിൽ നിന്ന് 60 കോടിയുടെ വായ്പയാമ് ഇതിന് വേണ്ടിയെടുത്തത്.ഈ വായ്പ അതിരൂപതയ്ക്ക് വലിയ ബാധ്യതയായി മാറി. വരന്തരപ്പള്ളിയിലെ ഭൂമി വിറ്റ് ബാധ്യത തീർക്കാൻ അതിരൂപത നിർദ്ദേശിച്ചു. എന്നാൽ ഈ സ്ഥല വിൽപ്പന നടന്നില്ലെന്ന് മാത്രമല്ല, ആറ് കോടിയോലം രൂപ പലിശയിനത്തിൽ മാത്രം ബാങ്കിന് നൽകേണ്ടി വരികയും ചെയ്തു.

ഈ സാഹചര്യം മറികടക്കാൻ അതിരൂപതയുടെ മറ്റ് സ്ഥലങ്ങളുംല3.6.98 സെന്റ്് വരുന്ന അഞ്ച് പ്ലോട്ടുകൾ വിൽപ്പനയ്ക്കായി മാറ്റി വച്ചു. സെന്റിന് 9.5 ലക്ഷം രൂപ വീതം നിശ്ചയിക്കുകയും ചെയ്തു.

സ്ഥ്‌ലം വിൽക്കാനും കടം വീട്ടാനും ആരോപണവിധേയരെയാണ് ചുമതലപ്പെടുത്തിയത്. എന്നാൽ, ഇവർ തങ്ങളുടെ വ്യക്തിപരമായ ലാഭത്തിന് വേണ്ടി വിൽപ്പനയിൽ നിന്ന് കിട്ടേണ്ട 28.3 കോടിയിൽ 9.13 കോടി മാത്രമേ കിട്ടിയതായി രേഖകളിൽ കാട്ടിയുള്ളു.

അതിരൂപതയിലെ മറ്റ് ബിഷപ്പുമാരുടെ അറിവോ ഏതെങ്കിലും കമ്മിറ്റികളുടെ അറിവോ ഇല്ലാതെ ആരോപണവിധേയർ ഭൂമി വിൽപ്പന ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറെ ഏൽപിച്ചു. ഇയാളും ഈ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളിയാണ്.

കാനോൻ സമിതിയുടെ അറിവില്ലാതെ വിൽപ്പനയ്ക്കുള്ള ഭൂമി 36 പ്ലോട്ടുകളായി തിരിക്കുകയാണ് ആർച്ച് ബിഷപ്പ് അടക്കമുള്ള ആരോപണവിധേയർ ചെയ്തത്.ഒന്നരവർഷത്തിന് ശേഷവും അതിരൂപതയുടെ ബാങ്ക് അക്കൗണ്ടിൽ ഒരുരൂപ പോലും എത്തിയില്ല. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ, 9.13 കോടി അതിരൂപതയുടെ അക്കൗണ്ടിൽ അടച്ചു.ഈ സാഹചര്യത്തിൽ അതിരൂപത പൊലീസിൽ പരാതിപ്പെടുന്നതിന് പകരം ആറംഗ കമ്മിറ്റിയെ ക്രമക്കേട് അന്വേഷിക്കാൻ നിയോഗിക്കുകയാണുണ്ടായത്. ഈ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് വത്തിക്കാന് അയയക്കാനാണ് നിർദ്ദേശം.

തൃക്കാക്കര നൈപുണ്യ കോളേജിന് എതിർ വശത്തുള്ള ഭൂമി, ഭാരതമാതാ കോളേജിന് എതിർവശത്തുള്ള ഭൂമി എന്നിവ വിറ്റതിൽ 30 കോടിയുടെ നഷ്ടമുണ്ടായി.ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കാട്ടി വിജിലൻസ് ഡിജിപിക്ക് പരാതി നൽകിയെങ്കിലും ആരോപണവിധേയർ തങ്ങളുടെ സ്വാധീനമുപയോഗിച്ച് അത് അട്ടിമറിച്ചുവെന്നും ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ജോഷി വർഗീസ് സമർപ്പിച്ച ഹർജിയിൽ പറയുന്നു.ആർച് ബിഷപ് മാർ ആലഞ്ചേരി, ഫാ.ജോഷ്വാ പുതുവ, ഫാ.സെബാസ്റ്റ്യൻ വടക്കുമ്പാടം എന്നിവരാണ് കേസിലെ ആരോപണവിധേയർ