തിരുവനന്തപുരം: വിതുര ദേവിയോട് വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിൽ രക്താഭിഷേക ചടങ്ങ് നടത്താനുള്ള നീക്കം ഉപേക്ഷിച്ചു. സംഭവം വിവാദമായതിനെ തുടർന്നാണ് ചടങ്ങ് റദ്ദാക്കാനുള്ള തീരുമാനം ക്ഷേത്ര സമിതി എടുത്തത്. സംസ്ഥാന സർക്കാരടക്കം പ്രാകൃതമായ ആചാരത്തെ വിമർശിച്ചു രംഗത്തെത്തിയിരുന്നു.

സിറിഞ്ച് വഴി പലരുടെയും രക്തം സ്വീകരിച്ച് ആ രക്തം കൊണ്ട് കാളി വിഗ്രഹം കുളിപ്പിക്കുമെന്നാണു ക്ഷേത്ര സമിതി പുറത്തിറക്കിയ നോട്ടിസിലുണ്ടായിരുന്നത്.. ഇതിനെതിരെ നടപടിയെടുക്കാൻ തിരുവനന്തപുരം റൂറൽ എസ്‌പിക്കും ജില്ലാ കലക്ടർക്കും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകിയിരുന്നു. മനുഷ്യ രക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന തികച്ചും പ്രാകൃതമായ ആചാരം തിരുവനന്തപുരം ജില്ലയിലെ വിതുര ദേവിയോട് വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിൽ നടത്താനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കാനാകുന്നതല്ല. തികച്ചും പ്രാകൃതമായ ആചാരങ്ങളുടെ ആവർത്തനത്തിനുള്ള ശ്രമം കേരളത്തിനാകെ അപമാനവും അപകടകരവുമാണെന്ന് മന്ത്രി പ്രതികരിച്ചു. നേരത്തെ ഈ വിഷയം മറുനാടൻ മലയാളി വാർത്തയാക്കിയിരുന്നു. ഇതോടെ സോഷ്യൽ മീഡിയ ഈ വിഷയം ചർച്ചയാക്കി. തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.

സിറിഞ്ച് വഴി പലരുടെയും രക്തം സ്വീകരിച്ച് ആ രക്തം കൊണ്ട് കാളി വിഗ്രഹം കുളിപ്പിക്കുമെന്നാണ് ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിലുള്ളത്. നരബലിയും മൃഗബലിയും അടക്കമുള്ള അനാചാരങ്ങൾ നവോത്ഥാന മുന്നേറ്റത്തിൽ ഉപേക്ഷിച്ച കേരളത്തിലാണ് അസംബന്ധ ആചാരങ്ങളുടെ തിരിച്ചുവരവിനുള്ള ശ്രമം നടത്തുന്നത്. ഇതിനെതിരെ നടപടിയെടുക്കാൻ തിരുവനന്തപുരം റൂറൽ എസ്‌പിക്ക് ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ കളക്ടറോടും ഈ പ്രാകൃത പ്രവൃത്തി തടയാൻ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്-കടകംപള്ളി അറിയിച്ചു

പ്രാകൃതമായ അനാചാരങ്ങൾ മടക്കി കൊണ്ടുവരാനുള്ള നീക്കങ്ങളെ എന്ത് വില കൊടുത്തും ചെറുത്തേ മതിയാകൂ. അനാചാരങ്ങളുടെ നടത്തിപ്പിന് ഒരു വർഗീയ സംഘടനയുടെ പിന്തുണ ഉണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളൊന്നാകെ ഇത്തരം അനാചാരങ്ങൾക്കും പ്രാകൃത അനുഷ്ഠാനങ്ങൾക്കും എതിരെ രംഗത്തു വരണം. പ്രസ്തുത ക്ഷേത്രം രക്താഭിഷേകം അടക്കം നിരവധി അനാചാരങ്ങളുടെ കേന്ദ്രമാണെന്ന പരാതിയുമുണ്ട്.-മന്ത്രി വിശദീകരിച്ചു.

വിതുര ദേവിയോട് ശ്രീവിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിലെ നോട്ടീസിലെ വാചകമാണ് സോഷ്യൽ മീഡിയ ചർച്ചയാക്കിയത്. തൊട്ടിലാട്ടം, സമൂഹസദ്യ, ബാലാംബിക ഊട്ട്,മഞ്ഞളാട്ടം എന്നിവയുടെ കൂട്ടത്തിലാണ് ഭക്തജനങ്ങളിൽ നിന്ന് രക്തം സ്വീകരിക്കുന്ന കാര്യവും നോട്ടിസിലൂടെ അറിയിച്ചത്. ഉൽസവത്തിന്റെ രണ്ടാം ദിവസമായ മാർച്ച് 12 മുതൽ 23 വെള്ളിയാഴ്ച വരെ വൈകുന്നേരം 6.30 നാണ് പരിപാടി നടത്തുമെന്ന് അറിയിച്ചിരുന്നത്. ദീപാരാധനയും രക്തം സ്വീകരിച്ചുകൊണ്ട് യ്ജ്ഞവും ആരംഭിക്കുമെന്നായിരുന്നു നോട്ടീസിലുള്ളത്. ക്രിയസന്ധികളിൽ മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കും. ശാസ്ത്രീയ സുരക്ഷയോടെ ഗവൺമെന്റ് അംഗീകൃത വിദദ്ധരാൽ ഡിസ്‌പോസിബിൾ സിറിഞ്ച് ഉപയോഗിച്ച് രക്തം സ്വീകരിക്കുമെന്നാണ് നോട്ടീസിലുള്ളത്.

ആരെയും നിർബന്ധിച്ച് യജ്ഞത്തിൽ പങ്കെടുപ്പിക്കില്ലെന്ന് ക്ഷേത്രഭാരവാഹികൾ പറയുന്നു. രക്തം സ്വീകരിച്ചുള്ള മഹോഘോര യജ്ഞത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണങ്ങളാണ് വന്നത്. 'രക്തം കിട്ടാതെ ആളുകൾ മരിക്കുന്ന ലോകത്തു ഇങ്ങനെ തന്നെ ദൈവത്തെ പ്രീതിപ്പെടുത്തണം....രക്തം കുടിച്ചു ദാഹം മാറ്റുകയും ശുദ്ധി വരുത്തുകയും ചെയുന്ന ദൈവങ്ങൾ.. എന്റെ ദൈവങ്ങളെ' 'ഇതൊന്നും ഒരു കാലത്തും നന്നാവുമെന്ന് തോന്നുന്നില്ല. രക്തം കിട്ടാതെ നൂറുകണക്കിനു പേർ ഇപ്പോഴും മരിക്കുന്നുണ്ട്. അപ്പോഴാണ് ഇത്തരം പേക്കൂത്തുകൾ. രക്ത ദുരുപയോഗത്തിനും വിശ്വാസ ചൂഷണത്തിനുമെതിരെ കേസെടുക്കണം'-ഇങ്ങനെയായിരുന്നു അഭിപ്രായങ്ങൾ. ഇതേ തുടർന്നാണ് ദേവസം മന്ത്രിയുടെ ഇടപെടൽ.