കുവൈറ്റ് സിറ്റി: കുവൈറ്റിന് പുറത്തേക്ക് വിദേശികൾ അയയ്ക്കുന്ന പണത്തിന് അഞ്ചു ശതമാനം ഫീസ് ഏർപ്പെടുത്താനുള്ള നിർദ്ദേശം പാർലമെന്റ് ലെജിസ്ലേറ്റീവ് കമ്മിറ്റി തള്ളി. നികുതി സംബന്ധമായ ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമാകും ഇത്തരത്തിൽ ഫീസ് ചുമത്തുന്നത് എന്നതിനാലാണ് നിർദ്ദേശം നിരാകരിക്കുന്നതെന്ന് ലെജിസ്ലേറ്റീവ് കമ്മിറ്റി വക്താവ് അഹമ്മദ് അൽ ഖുദൈബി എംപി വ്യക്തമാക്കി.  ടാക്‌സ് ഇനത്തിൽ പണമയക്കൽ ഫീസ് ഉൾപ്പെടുത്താനായിരുന്നു പാർലമെന്ററി നിർദ്ദേശം.

അതേസമയം കുവൈറ്റിൽ ജനിക്കുന്ന വിദേശി കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണമെന്ന മറ്റൊരു എംപിയായ ഫൈസൽ അൽ കന്ദരിയുടെ നിർദ്ദേശം വിദ്യാഭ്യാസ സമിതിയുടെ പരിഗണനയ്ക്കു വിട്ടിട്ടുണ്ട്.  കുവൈത്തിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും കിന്റർ ഗാർടൻ മുതൽ മിഡിൽ ക്ലാസ് വരെ സർക്കാർ ചെലവിൽ  വിദ്യാഭ്യാസം നൽകണമെന്നാണു നിർദ്ദേശം. മാനുഷിക വിഷയങ്ങളിൽ കുവൈത്ത് നിലനിർത്തിപ്പോരുന്ന മാതൃകയുടെ പ്രതിഫലനമായി അതു വിലയിരുത്തപ്പെടുമെന്നും സമിതിയിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്.