ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡാണ് ബിജെപി ഏറെ നാളായി മുന്നോട്ട് വയ്ക്കുന്ന പ്രധാന അജണ്ട. എബി വാജ്‌പേയിയുടെ കാലത്ത് കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയപ്പോഴും ചർച്ചകൾ സജീവമായിരുന്നു. എന്നാൽ കൂട്ടുകക്ഷി മന്ത്രിസഭയിൽ ആ തീരുമാനം നടപ്പാക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നാൽ കേവല ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ മോദി സർക്കാരിന് അതിന് കഴിയും. രാജ്യസഭയിലെ ഭൂരിപക്ഷ പ്രതിസന്ധി മറികടക്കുന്ന ഘട്ടത്തിൽ ഏകീകൃത സിവിൽ കോഡ് ചർച്ച വീണ്ടും സജീവമാകും. അതിനുള്ള ചവിട്ട് പടിയാണ് വിവാഹക്കാര്യത്തിലെ സുപ്രീംകോടതി നിർദ്ദേശം

വിവാഹ കാര്യങ്ങളിൽ രാജ്യത്തെ എല്ലാ സമുദായങ്ങൾക്കുമായി പൊതുനിയമം വേണമെന്നാണ് സുപ്രീം കോടതി വാക്കാൽ പറഞ്ഞത്. ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കാൻ ജഡ്ജിമാരായ വിക്രംജിത് സെൻ, അഭയ് മനോഹർ സപ്രെ എന്നിവരുടെ ബെഞ്ച് കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു. ഇവിടെ സർക്കാരിന് കോടതിയോട് നിലപാട് വിശദീകരിക്കാം. ഏകീകൃത സിവിൽ കോഡിന്റെ പ്രസക്തി വിവരിക്കാം. കോടതിയും അനുകൂലിച്ചാൽ ഏകീകൃത സിവിൽ കോഡ് എന്ന ലക്ഷ്യം മോദി സർക്കാരിന് കൈവരിക്കുകയും ചെയ്യാം. ഉന്നത നീതി പീഠത്തിന്റെ നിർദ്ദേശമായതിനാൽ എതിർപ്പുകളും കുറയും. അതിനുള്ള സാധ്യതകൾ കേന്ദ്ര സർക്കാർ ആരായുന്നുണ്ട്. പഴുതുകൾ അടച്ചാകും വിവാഹക്കാര്യത്തിൽ കേന്ദ്ര സർക്കാർ മറുപടി നൽകുക.

ക്രൈസ്തവർക്കു ബാധകമായ ഇന്ത്യൻ വിവാഹമോചന നിയമത്തിലെ 10 എ(1) വ്യവസ്ഥ ചോദ്യംചെയ്ത് ആൽബർട്ട് ആന്റണി നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. രണ്ടു വർഷമായി വേർപിരിഞ്ഞു കഴിയുന്നവർക്കു മാത്രമേ വിവാഹമോചനം നൽകുകയുള്ളൂ എന്ന വ്യവസ്ഥയാണു ഹർജിക്കാരൻ ചോദ്യംചെയ്തത്. സ്‌പെഷൽ മാര്യേജ് നിയമം, ഹിന്ദു വിവാഹനിയമം, പാഴ്‌സി വിവാഹനിയമം തുടങ്ങിയവ ഒരു വർഷമായി പിരിഞ്ഞു കഴിയുന്നവർക്കു വിവാഹമോചനം അനുവദിക്കുന്നതാണ്. ക്രൈസ്തവർക്കു ബാധകമായ നിയമത്തിനു കേന്ദ്രംതന്നെ ഭേദഗതി കൊണ്ടുവരേണ്ടതാണെന്നു കോടതി വാക്കാൽ പറഞ്ഞു. ഏതു മതത്തിലുള്ള വ്യക്തിക്കും ബാധകമാകുന്ന പൊതുനിയമം കൊണ്ടുവരാൻ സർക്കാർ മുൻകയ്യെടുക്കണമെന്നും കോടതി പറഞ്ഞു.

ഇതിൽ തന്നെ ഏകീകൃത സിവിൽ കോഡിന്റെ സാധ്യത തന്നെയാണ് സർക്കാർ വിശദീകരിക്കുന്നത്. ഇന്ത്യൻ വിവാഹമോചന നിയമത്തിലെ രണ്ടുവർഷ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നു കേരള, കർണാടക ഹൈക്കോടതികൾ നേരത്തേ നിലപാടെടുത്തിരുന്നു. ഇതു ചൂണ്ടിക്കാട്ടി ഈയിടെ ബോംബെ ഹൈക്കോടതി കാലാവധി ഒരുവർഷമാക്കി കുറച്ചു വിധി പ്രസ്താവിച്ചിരുന്നു. കേരള, കർണാടക ഹൈക്കോടതികളുടെ വിധികളെ കേന്ദ്ര സർക്കാർ ചോദ്യംചെയ്തിട്ടില്ലെന്നതും ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നിയമത്തിലെ ഈ വിവേചനങ്ങളെ കോടതി തന്നെ ചോദ്യം ചെയ്യുമ്പോൾ കോമൺ സിവിൽ കോഡിന്റെ പ്രസക്തി ഉയരും. അത് തന്നെയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യവും.

ഇന്ത്യൻ പീനൽ കോഡ് ഇന്ത്യയിലെ എല്ലാ ജന വിഭാഗങ്ങളെയും ഒരു പോലെ ബാധിക്കുന്നു. ക്രിസ്ത്യൻ ആയാലും ഇസ്ലാം ആയാലും ഹിന്ദു ആയാലും നിയമം ഒന്ന് തന്നെ. സിവിൽ കോഡ് എന്ന് പറഞ്ഞാൽ വ്യക്തി നിയമം വ്യക്തി നിയമങ്ങളിൽ ഹിന്ദുവിന് ഒരു നിയമം, ഇസ്ലാമിന് ഒരു നിയമം, ക്രിസ്ത്യാനിക്ക് ഒരു നിയമം അങ്ങനെ ആണ്. ഇതിനു കാരണം മത നിയമങ്ങൾ സംരക്ഷിക്കുക ആയിരുന്നു. എന്നാൽ ഹിന്ദു നിയമങ്ങളിൽ ഒരു പാടു പരിഷ്‌കരണങ്ങൾ വന്നിരുന്നു. ഏക ഭാര്യാത്വം, ഹിന്ദു വിവാഹ നിയമം, ഇവയൊക്കെ പരിഷ്‌കരിക്കപ്പെട്ടു. ഇസ്ലാമിക വ്യക്തി നിയമങ്ങൾ കാര്യമായ മാറ്റമില്ലാതെ ഇന്ത്യ നില നിർത്തി. ക്രൈസ്തവ നിയമങ്ങളും ചെറിയ മാറ്റങ്ങൾക്കു വിധേയമായി എങ്കിലും എല്ലാവർക്കും പ്രത്യേകം നിയമങ്ങൾ നില നിൽക്കുന്നു. ഇത് ഏകീകരിക്കപ്പെട്ടു കൊണ്ട്, എല്ലാവര്ക്കും ഒരേ പോലെ ബാധകമായ സിവിൽ കോഡ് വരണം എന്നതാണ് ബിജെപിയുടെ ആഗ്രഹം. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് മോദി തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്.

പരിഷ്‌കൃത സിവിൽ സമൂഹത്തിൽ മതനിയമങ്ങളും വ്യക്തിനിയമങ്ങളും തമ്മിൽ ബന്ധമില്ല. വ്യക്തിനിയമങ്ങളേക്കാൾ പ്രാധാന്യം രാജ്യത്തിന്റെ നിയമങ്ങൾക്കാണ്. രാജ്യത്ത് ജീവിക്കുന്ന എല്ലാപൗരന്മാർക്കും ഒരേ നിയമം ബാധകമാക്കണം എന്ന പരിഷ്‌കൃത സമൂഹത്തിന്റെ ആവശ്യത്തിനു നേരെ മുഖം തിരിക്കുന്നത് ചില ഭൗതികനേട്ടങ്ങൾ ഇല്ലാതായിപ്പോകും എന്നു കരുതി മാത്രമാണ്. ജനാധിപത്യ ഭരണക്രമത്തിൽ പാർലമെന്റിനിടപെടാനാവാത്ത ചില നിയമങ്ങൾ ജനാധിപത്യത്തെ തന്നെ കൊഞ്ഞനം കുത്തുന്നതിനു തുല്യമാണ്. മത ഗ്രന്ഥങ്ങളോടൊപ്പം ഭരണഘടനയും എല്ലാവരും പഠിക്കേണ്ടതാണ്. ക്രിമിനൽ നിയമങ്ങൾ മത ഭേദമന്യെ എല്ലാവർക്കും ഒരുപോലെ ബാധകമാകുമ്പോൾ സിവിൽ നിയമം സാമുദായികവും മതപരവുമാകുന്നതിന്റെ യുക്തി ആധുനിക സമൂഹത്തിൽ വിചിത്രമാണെന്നാണ് സംഘപരിവാറിന്റേയും നിലപാട്. അങ്ങനെ സംഘപരിവാറിന്റെ പിന്തുണയോടെ ഭരിക്കുന്ന മോദി സർക്കാരിന് ഏകീകൃത സിവിൽ കോഡിൽ നിന്ന് ഒളിച്ചുമാറാൻ കഴയില്ല.

ക്രൈസ്ത-മുസ്ലിം സമുദായത്തിന്റെ എതിർപ്പ് ഭയന്ന് പ്രധാനമന്ത്രിയായ ശേഷം മോദി ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ സർക്കാരിന്റെ പ്രധാന അജണ്ടകളിൽ ഒന്ന് ഇതു തന്നെയാണ്. കോടതി വിധികളെ ഗൗരവത്തോടെ കണ്ട് ഇത് നടപ്പാക്കാനാണ് നീക്കം. അതിനുള്ള സുവർണ്ണാവസരമായി വിവാഹക്കാര്യത്തിലെ വിധിയെ കേന്ദ്ര സർക്കാർ കാണുന്നു. എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തി തീരുമാനം എന്ന വിശദീകരണമാകും കോടതിയിൽ കേന്ദ്ര സർക്കാർ നൽകുക. എല്ലാ മതങ്ങൾക്കും പൊതുവിൽ ബാധകമായ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണമെന്ന് സുപ്രിം കോടതി 2002ൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അന്നത്തെ കോൺഗ്രസ് സർക്കാർ അതിന് വേണ്ട നടപടികൾ എടുത്തില്ല.

സമുദായ, ധർമ ആവശ്യങ്ങൾക്കായി സ്വത്ത്ദാനം ചെയ്യുന്നതിന് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിൽ ക്രൈസ്തവർക്കുള്ള നിയന്ത്രണം നീക്കുന്ന ഉത്തരവിലാണ് സുപ്രിം കോടതി ഏകീകൃത സിവിൽ നിയമം അഭികാമ്യമാണെന്ന് അഭിപ്രായപ്പെട്ടത്. പരിഷ്‌കൃത സിവിൽ സമൂഹത്തിൽ മതനിയമങ്ങളും വ്യക്തിനിയമങ്ങളും തമ്മിൽ ബന്ധമില്ലെന്ന് മൂന്നംഗ ബെഞ്ച് അന്ന് ൂണ്ടിക്കാട്ടിയിരുന്നു. പൊതു സിവിൽ കോഡ് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ 44ാം വകുപ്പ് ഇനിയും പ്രാബല്യത്തിലായിട്ടില്ലെന്നത് ഖേദകരമാണെന്നും വിശദീകരിച്ചു.

അന്ന് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണമെന്ന സുപ്രിം കോടതിയുടെ ആവശ്യം അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് തള്ളിയിരുന്നു. പൊതു സിവിൽ കോഡ് ഏതെങ്കിലും പ്രത്യേക മതവിഭാഗക്കാർക്ക് മേൽ അടിച്ചേൽപിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്.