തിരുവനന്തപുരം: ഫെഡറലിസത്തെ കുറിച്ച് പറയുന്നവർ അത് അനുസരിക്കുന്നില്ലെന്നാണ് പുതിയ പരാതി. കെ റെയിലിൽ കേന്ദ്രാനുമതിക്ക് വേണ്ടി നെട്ടോട്ടമോടുന്ന സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാർ അനുമതിയോടെയുള്ള സ്വയം തൊഴിൽ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമത്തിലാണെന്നാണ് ആരോപണം. കോമൺ സർവ്വീസ് സെന്ററുകളിൽ അക്ഷയ മാത്രം കേരളത്തിൽ മതിയെന്ന നിലപാടിലേക്ക് സംസ്ഥാന സർക്കാർ പോകുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. ഗുജറാത്ത് മോഡൽ പഠിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം വിവാദമാകുന്നതിനിടെയാണ് പുതിയ ആക്ഷേപവും എത്തുന്നത്.

കേന്ദ്ര ഗവൺമെമെന്റിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന സി എസ് സി വിഎൽഇ കളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാണ് ഉയരുന്ന ആവശ്യം. സാധാരണക്കാരായ ജനങ്ങൾക്ക് ഗവൺമെന്റ് പദ്ധതി കളുടെ ഗുണം എത്തിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് കോമൺ സർവ്വീസ് സെന്ററുകൾ ( സി എസ് സി ) പ്രവർത്തിക്കുന്നത്. വില്ലേജ് തലത്തിൽ ഒരു സംരംഭക പ്രസ്ഥാനം എന്ന നിലയിലാണ് സി എസ് സി വിഭാവനം ചെയ്തിരിക്കുന്നത് . ഇതിന് കേരളം അട്ടിമറിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. കെ റെയിലിൽ കേന്ദ്രത്തിനോട് ഫെഡറലിസത്തെ കുറിച്ച് പറയുന്നവർ സാധാരണക്കാരുടെ കാര്യത്തിൽ അത് കാണിക്കുന്നില്ലെന്നതാണ് വല്തുത.

കേരളത്തിൽ ഏകദേശം പതിനായിരത്തോളം സി എസ് സി കൾ പ്രവർത്തിക്കുന്നു . അതിൽ രണ്ടായിരത്തി അഞ്ഞൂറോളം അക്ഷയ കേന്ദ്രങ്ങൾ ഒഴിവാക്കിയാൽ ഏഴായിരിത്തി അഞ്ഞുറോളം സി എസ് സി സംരംഭകർ പ്രവർത്തിച്ച് വരുന്നു. സി എസ് സി കേന്ദ്രങ്ങളെ ആശ്രയിച്ച് ഏകദേശം മുപ്പതിനായിരത്തോളം കുടുംബങ്ങൾ ജീവിക്കുന്നുണ്ട്. ഇവരെയാണ് സംസ്ഥാന സർക്കാരിന്റെ എതിർപ്പ് പ്രതികൂലമായി ബാധിക്കുന്നത്. ഡിടിപിക്കാർക്ക് പോലും ലൈസൻസ് നൽകുന്ന കേരളത്തിൽ കേന്ദ്ര പദ്ധതിയിൽ സ്ഥാപനം തുടങ്ങിയാൽ ലൈസൻസ് കിട്ടില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് ബിജെപി നേതാവ് ജെ ആർ പത്മകുമാറിന്റെ നേതൃത്വത്തിൽ കൂട്ടായ്മ വരുന്നത്.

ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് അക്ഷയ എന്നുള്ള നിലയിൽ മറ്റൊരു സേവനകേന്ദ്രം പ്രവർത്തിക്കുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും സി എസ് സി കളാണ് കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നത്. എന്നാൽ കേരളത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ അനുമതിയോടുകൂടിയും അംഗീകാരിയോടെയും പ്രവർത്തിക്കുന്ന സി എസ് സി കളെ പ്രവർത്തിപ്പിക്കാതിരിക്കാൻ ബോധപൂർവ്വമായിട്ടുള്ള ഒരു ശ്രമം സംസ്ഥാന ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുവെന്നാണ് പരാതി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരികളെ ഉപയോഗിച്ചും കളക്ടർമാരെ ഉപയോഗിച്ചും സി എസ് സി കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ താളം തെറ്റിപ്പിക്കാനും പൊതുജനങ്ങളുടെ ഇടയിൽ അവമതിപ്പ് ഉണ്ടാക്കുന്നതിനും വേണ്ടിയിട്ടും ശ്രമങ്ങളാണ് നടക്കുന്നതെന്ന് അവർ ആരോപിക്കുന്നു. അക്ഷയ കേന്ദ്രങ്ങൾ രാഷ്ട്രീയ പാർട്ടിയുടെ നോമിനേഷൻ വഴിയാണ് അനുവദിക്കുന്നതെ ങ്കിൽ സി എസ് സി സംരഭങ്ങൾ അനുവദിക്കുന്നത് വ്യവസ്ഥാപിതമായിട്ടാണെന്നാണ് പരാതിക്കാർ പറയുന്നത്.

സുതാര്യമായും പരീക്ഷകൾ നടത്തി കേന്ദ്രഗവൺമെന്റ് അംഗീകാരത്തോട് കൂടിയുള്ള സർട്ടിഫിക്കറ്റുകൾ നേടിയുമാണ് തുടങ്ങുന്നത് കേന്ദ്രഗവൺമെന്റിന്റെ പാസ്‌പോർട്ട്, പാൻകാർഡ് തുടങ്ങിയ സേവനങ്ങൾ വളരെ ഉയരവാദിത്തത്തോട് കൂടിയും രഹസ്യ സ്വഭാവത്തോട് കൂടിയും ചെയ്യേണ്ടകാര്യങ്ങൾ സി എസ് സി കൾ വഴി കൃത്യമായും സുതാര്യമായും ചെയ്ത് നൽകുന്നു.അതേ സമയം സംസ്ഥാന ഗവൺമെന്റിന്റെ ഇ - ഡിസ്ട്രിക്റ്റ് സർവ്വീസുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഈ കേന്ദ്രങ്ങളെ തടസ്സപ്പെടുത്തുന്നു.

സി എസ് സി കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ ലൈസൻസ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിഷേധിക്കുകയും സി എസ് സി കേന്ദ്രത്തെ ഫോട്ടോസ്റ്റാറ്റ് സെന്ററായി അധപതിപ്പിക്കുന്ന തരത്തിലുമാണ് സംസ്ഥാന ഗവൺമെന്റ് പ്രവർത്തിച്ച് വരുന്നതെന്നാണ് ആക്ഷേപം. സംസ്ഥാന പൊലീസിനെ ഉപയോഗിച്ച് സി എസ് സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ നടപ്പിലാക്കുന്നു . ഇത്തരം പ്രവർത്തനങ്ങളെ ചൂണ്ടികാണിച്ച് സി എസ് സി അസോസിയേഷൻ കോടതിയെ സമീപിക്കുകയും താൽക്കാലിക ഉത്തരവ് നേടിയിട്ടുണ്ടെന്നും സംഘടന പറയുന്നു.

സംസ്ഥാന ഗവൺമെന്റ് സി എസ് സിൾക്ക് എതിരായ നടപടി സ്വീകരിക്കില്ല എന്ന് ഉറപ്പ് നൽകുകയും കോടിയിൽ ചെയ്തിട്ടുണ്ട്. അതിനു ശേഷം ബോധപൂർവ്വമായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപയോഗിച്ചും കളക്ടർമാരെ ഉപയോഗിച്ചും കേന്ദ്രത്തിന്റെ പ്രവർത്തനം അട്ടി മറിക്കുന്നുവെന്നാണ് ആരോണം. മുപ്പതിനായിരത്തോളം വരുന്ന കുടുംബങ്ങളുടെ ഉപജീവന മാർഗ്ഗമായ സി എസ് സി കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഗവൺമെന്റിന്റെ ഈ നടപടികൾ ഉപേക്ഷിക്കണം അതോടൊപ്പം തന്നെ ഇ - ഡിസ്ട്രിക്റ്റ് പോലുള്ള പ്രാഥമിക ആവശ്യങ്ങൾ സാധാരണ ജനങ്ങൾക്ക് ലഭിക്കുന്നതിനായി സി എസ് സി കേന്ദ്രങ്ങളെ കുടി ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരി ക്കണമെന്നും സി എസ് സി വിഎൽഇ അസോസിയേഷൻ ആവശ്യപ്പെടുന്നു.