- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിക്കേറ്റ് നീരജ് ചോപ്രയുടെ പിന്മാറ്റം; കോമൺവെൽത്ത് ഗെയിംസിൽ പി വി സിന്ധു ഇന്ത്യൻ പതാകയേന്തും
ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ നിന്ന് നീരജ് ചോപ്ര പരിക്കേറ്റ് പിന്മാറിയ പശ്ചാത്തലത്തിൽ ബാഡ്മിന്റൺ താരം പി വി സിന്ധു ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തും. ഗോൾഡ് കോസ്റ്റിൽ നടന്ന 2018ലെ കോമൺവെൽത്ത് ഗെയിംസിലും ദേശീപതാകയേന്തി സിന്ധുവായിരുന്നു ഇന്ത്യയെ നയിച്ചത്. ഗോൾഡ് കോസ്റ്റിൽ വനിതാ ബാഡ്മിന്റൺ സിംഗിൾസിൽ വെള്ളി നേടിയ സിന്ധു ഇത്തവണ സ്വർണം ലക്ഷ്യമിട്ടാണ് ബർമിങ്ഹാമിൽ ഇറങ്ങുന്നത്.
രണ്ടു തവണ ഒളിംപിക്‌സിൽ മെഡൽ നേടിയിട്ടുള്ള പി വി സിന്ധുവിനെ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങിൽ പതാക വഹിക്കാൻ തെരഞ്ഞെടുത്തകാര്യം അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ വ്യക്തമാക്കി. സിന്ധുവിന് പുറമെ മറ്റ് രണ്ട് താരങ്ങളെകൂടി നീരജിന്റെ പകരക്കാരായി ഒളിംപിക് അസോസിയേഷൻ പരിഗണിച്ചിരുന്നു.
ഭാരദ്വേഹക മിരഭായ് ചാനു, വനിതാ ബോക്‌സിങ് താരം ലോവ്ലിന ബോഗോഹെയ്ൻ എന്നിവരെയാണ് സിന്ധുവിനൊപ്പം പരിഗണിച്ചത്. എന്നാൽ ഒടുവിൽ സിന്ധുവിനെ തന്നെ പതാകയേന്താൻ തെരഞ്ഞെടുക്കുകയായിരുന്നു.
ജൂലൈ 28 മുതൽ ഓഗസ്റ്റ് എട്ടുവരെ ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ 215 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ഇതാദ്യമായി ഉൾപ്പെടുത്തി വനിതാ ക്രിക്കറ്റിലും ഇന്ത്യ മത്സരിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം നടന്ന ടോക്കിയോ ഒളിംപിക്‌സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടി രാജ്യത്തിന്റെ അഭിമാനമായ നീരജ് ചോപ്ര ലോക അത്ലറ്റിക്‌സ് മീറ്റിൽ വെള്ളി നേടിയിരുന്നു. ലോക അത്ലറ്റിക്‌സ് മീറ്റിലെ മത്സരത്തിനിടെയാണ് നീരജിന് നാഭിയിൽ നേരിയ പരിക്കേറ്റത്. തുടർന്ന് സ്‌കാനിംഗിന് വിധേയനായ നീരജിന് ഡോക്ടർമാർ ഒരുമാസത്തെ വിശ്രമം നിർദേസിച്ചതോടെയാണ് താരം അവസാന നിമിഷം ഗെയിംസിൽ നിന്ന് പിന്മാറിയത്. കോമൺവെൽത്ത് ഗെയിംസിൽ ജാവലിൻ ത്രോയിൽ നീരജായിരുന്നു നിലവിലെ ചാമ്പ്യൻ.
സ്പോർട്സ് ഡെസ്ക്