ബർമിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ സ്വർണ നേട്ടത്തോടെ ചരിത്രമെഴുതി ഇന്ത്യൻ വനിതാ ലോൺ ബോൾ ടീം. ചൊവ്വാഴ്ച നടന്ന ഫോർസ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇന്ത്യൻ വനിതകൾ സ്വർണമണിഞ്ഞത്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ വനിതാ ലോൺ ബോൾ ടീമിന്റെ ആദ്യ ഫൈനൽ കൂടിയായിരുന്നു ഇത്. ഇതോടെ ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം നാലായി.

17-10 എന്ന സ്‌കോറിനായിരുന്നു ഇന്ത്യൻ സംഘത്തിന്റെ ജയം. ലവ്‌ലി ചൗബെ, നയന്മോനി സൈക്കിയ, രൂപ റാണി ടിർകി, പിങ്കി എന്നിവരാണ് ഇന്ത്യയ്ക്ക് ചരിത്രമെഡൽ സമ്മാനിച്ചത്. ലോൺബോൾസിൽ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയുടെ മെഡൽനേട്ടം. ലോൺ ബോൾസിൽ മൂന്നു തവണ സ്വർണം നേടിയ ടീമാണ് ദക്ഷിണാഫ്രിക്ക.

ഇതുവരെ ആകെ പത്തു മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. നാലു സ്വർണം, മൂന്നു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെയാണ് നേട്ടം.

സെമിയിൽ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരും പതിമൂന്ന് തവണ ജേതാക്കളുമായ ന്യൂസിലൻഡിനെ അട്ടിമറിച്ചാണ് മെഡലുറപ്പിച്ചത്. സെമിയിൽ ഫിജിയെയാണ് തോൽപിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത്. നേരത്തെ ലോൺ ബൗൾസിൽ ഇന്ത്യയുടെ പുരുഷ ടീം ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ക്വാർട്ടറിലെത്തിന്നെങ്കിലും നോർത്തേൺ അയർലൻഡിനോട് 8-26 എന്ന സ്‌കോറിൽ തോറ്റ് പുറത്തായിരുന്നു.

നാല് പേരടങ്ങിയതാണ് ലോൺ ബൗൾസ് ടീമിനത്തിലെ മത്സരം. ജാക്ക് അല്ലെങ്കിൽ കിറ്റി എന്ന് വിളിക്കുന്ന ചെറിയ പന്തുകൾ ഉപയോഗിച്ചാണ് ത്രോ ചെയ്യേണ്ടത്. ഒന്നര കിലോയാണ് ഓരോ പന്തിന്റെ ഭാരം. ഒരു ഭാഗത്ത് ഭാരം കൂടുതലായതിനാൽ പന്തിന് വളഞ്ഞ് പുളഞ്ഞ് സഞ്ചരിക്കാനാവുമെന്നതിനാൽ ബയസ് ബോൾ എന്നും ഇതിനെ വിളിക്കാറുണ്ട്.

ഓരോ എൻഡിൽ നിന്ന് ലക്ഷ്യത്തിലേക്ക് ഓരോ ടീമിനും എട്ട് ത്രോ വീതമാകും ഉണ്ടാകുക. ലക്ഷ്യത്തിനോട് ഏറ്റവും അടുത്ത് പന്തെത്തിക്കുന്നവർക്ക് കൂടുതൽ പോയിന്റ് കിട്ടും. പതിനെട്ട് എൻഡിൽ നിന്നാണ് ത്രോകൾ ഉണ്ടാവുക. ഔട്ട് ഡോർ മത്സരമായ ലോൺ ബൗൾസ് പ്രകൃതിദത്ത പുൽത്തകിടിയിലോ കൃത്രിമ ടർഫിലോ നടത്താറുണ്ട്.

1930ലെ ആദ്യ കോമൺവെൽത്ത് ഗെയിംസ് മുതൽ ഈ മത്സരം ഗെയിംസിന്റെ ഭാഗമാണ്. ലക്ഷ്യം നിർണയിക്കാനും അഴിടേക്ക് പന്ത് എത്തിക്കാനുമുള്ള കളിക്കാരുടെ കഴിവാണ് പ്രധാനം. ഇംഗ്ലണ്ടിന് ഈ ഇനത്തിൽ 51 മെഡലുകളുണ്ട്. ഓസ്‌ട്രേലിയക്ക് 50 മെഡലുകളും ദക്ഷിണാഫ്രിക്കയ്ക്ക് 44 മെഡലുകളുമുണ്ട്. ഈ മൂന്ന് രാജ്യങ്ങൾ തന്നെ ഈ മത്സര ഇനത്തിൽ കാലങ്ങളായി ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ബർമിങ്ഹാമിലെ ഇസ്വർണ നേട്ടത്തോടെ ഇന്ത്യയും ലോൺ ബൗൾസിൽ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.