ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് നാണക്കേടായി ഉത്തേജകമരുന്ന് വിവാദം. രണ്ട് പ്രധാന താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിയിലായി. സ്പ്രിന്റർ ധനലക്ഷ്മി, ട്രിപ്പിൾജംപ് താരം ഐശ്വര്യ ബാബു എന്നിവരാണ് ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മരുന്നടിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ താരങ്ങളെ ജൂലൈ 28 മുതൽ ഓഗസ്റ്റ് 8 വരെ നടക്കുന്ന ഗെയിംസിൽ നിന്ന് ഒഴിവാക്കുകയും താൽകാലിക സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഗെയിംസ് തുടങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇന്ത്യൻ താരങ്ങൾ മരുന്നടിയിൽ പിടിയിലായത്.

100 മീറ്റർ, 4ഃ100 മീറ്റർ റിലേ ടീമിലും അംഗമായിരുന്നു ധനലക്ഷ്മി. ദ്യുതി ചന്ദ്, ഹിമ ദാസ്, ശ്രബാനി നന്ദ എന്നിവരായിരുന്നു റിലേ ടീമിലെ സഹതാരങ്ങൾ. ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ താരമാണ് ധനലക്ഷ്മി. എന്നാൽ, വിസാ പ്രശ്‌നത്തെ തുടർന്ന് ധനലക്ഷ്മിക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

ജൂൺ 26ന് നടന്ന ക്വോസനോവ് മെമോറിയൽ അത്ലറ്റിക്സ് മീറ്റിൽ 200 മീറ്റർ മത്സരത്തിൽ സ്വർണം നേടിയ ധനലക്ഷ്മി, 22.89 സെക്കൻഡിന്റെ വ്യക്തിഗത മികച്ച സമയം രേഖപ്പെടുത്തിയിരുന്നു. ദേശീയ റെക്കോഡിന് ഉടമയായ സരസ്വതി സാഹക്കും (22.82 സെക്കൻഡ്) ഹിമ ദാസിനും ശേഷം 23 വയസിന് താഴെയുള്ളവരുടെ ഗണത്തിൽപ്പെട്ട മൂന്നാമത്തെ ഇന്ത്യൻ വനിതയായിരുന്നു ധനലക്ഷ്മി (22.88 സെക്കൻഡ്).

ചെന്നൈയിൽ നടന്ന ദേശീയ അന്തർസംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 24കാരിയായ ഐശ്വര്യ 14.14 മീറ്റർ ചാടി ട്രിപ്പിൾ ജംപിലെ ദേശീയ റെക്കോർഡ് തകർത്തിരുന്നു. ചെന്നൈ ഇനത്തിൽ ലോംങ് ജംപ് യോഗ്യതാ റൗണ്ടിൽ 6.73 മീറ്ററാണ് അവർ നേടിയത്. അഞ്ജു ബോബി ജോർജിന് (6.83 മീറ്റർ) ശേഷം ഒരു ഇന്ത്യൻ വനിത ലോങ് ജംപറുടെ രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യക്തിഗത നേട്ടമാണിത്.

ബർമിങ്ഹാമിൽ ഈ മാസം 28നാണ് കോമൺവെൽത്ത് ഗെയിംസ് തുടങ്ങുന്നത്. 72 രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ മാറ്റുരയ്ക്കും. 15 ഇനങ്ങളിലായി 215 കായികതാരങ്ങൾ ഇന്ത്യയിൽ നിന്ന് മത്സരിക്കും. 215 കായികതാരങ്ങളും ഒഫീഷ്യൽസും സപ്പോർട്ട് സ്റ്റാഫും അടക്കം 107 പേരും അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം. സോണി സ്‌പോർട്സ് നെറ്റ്‌വർക്കാണ് ടെലിവിഷനിലും ഡിജിറ്റൽ പ്ലാറ്റ്ഫോമിലും മത്സരങ്ങൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുക. സോണി സിക്സ്, സോണി ടെൻ 1, സോണി ടെൻ 2, സോണി ടെൻ 3, സോണി ടെൻ 4 ചാനലുകളിൽ ഗെയിംസ് കാണാം.

ഒളിംപിക്‌സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര, പി വി സിന്ധു, മിരാഭായ് ചാനു, ലോവ്ലിന ബോർഗോഹെയ്ൻ, ബജ്‌റങ് പുനിയ, രവികുമാർ ദഹിയ, മണിക ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദർപാൽ സിങ്, ഹിമ ദാസ്, അമിത് പങ്കാൽ എന്നിവരടങ്ങുന്നതാണ് ഇത്തവണത്തെ ഇന്ത്യൻ സംഘം. നീരജ് ചോപ്രയാണ് ഗെയിംസിൽ ഇന്ത്യൻ പതാകയേന്തുക. 2018ൽ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ മെഡൽ വേട്ടയിൽ ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും പുറകിൽ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.