ചൈനയിൽ ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനുംവേണ്ടി സംസാരിക്കുക എന്നാൽ ഭരണകൂടത്തിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുമെതിരെ സംസാരിക്കുക എന്നതാണ്. അങ്ങനെ സംസാരിക്കുന്നവരെ നിശ്ശബ്ദരാക്കാനും ജയിലിലടയ്ക്കാനും വേണ്ടിവന്നാൽ വകവരുത്താനും ചൈനീസ് സർക്കാരിന് യാതൊരുമടിയുമില്ല. അന്താരാഷ്ട്ര മനുഷ്യാവകാശ സമ്മർദ്ദങ്ങളോ നിയമങ്ങളോ അവർ വകവയ്ക്കാറില്ല. സർക്കാരിനെതിരെ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യമില്ല. ചൈനയിൽ ആവിഷ്‌കാരസ്വാതന്ത്ര്യം എന്നത് ഒരു പ്രത്യേക അവകാശം മാത്രമാണ്, അല്ലാതെ അതൊരു മൗലികാവകാശമല്ല. പാർട്ടിയുടേയും സർക്കാരിന്റെയും അനുവാദമില്ലാതെ പ്രസിദ്ധീകരിക്കുന്നതെന്തും വിലക്കപ്പെടും. പ്രസിദ്ധീകരണങ്ങൾ സർക്കാരിനെതിരെയാണെങ്കിൽ രചയിതാവ് പുറംലോകം കാണില്ല. ഉദാഹരണത്തിന്, സമീപകാലത്തായി ഇന്ത്യൻ സുപ്രീംകോടതി വ്യക്തി സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിച്ച് പുറപ്പെടുവിച്ച വിധികളെക്കുറിച്ച് വായിച്ച് രോമാഞ്ചകഞ്ചുകനായി ഒരു ചൈനക്കാരന് 'ചങ്കിലെ ഇന്ത്യ' എന്നൊരു പുസ്തകം എഴുതണം എന്ന് തോന്നിയെന്നിരിക്കട്ടെ. എന്തായിരിക്കും അയാളുടെ അവസ്ഥ, മലയാളത്തിൽ പറഞ്ഞാൽ 'കഥ കഴിഞ്ഞത് തന്നെ!' സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ, കവികൾ, കലാകാരന്മാർ, മാധ്യമങ്ങൾ ഇങ്ങനെ ആരായാലും സർക്കാരിന് ഇഷ്ടമില്ലാത്തത് എഴുതുന്നവരുടെ'മതിഭ്രമം' കൊലമരത്തിലേക്ക് വരെ അവരെ കൊണ്ടെത്തിക്കും! അതായത് 'ചങ്കിലെ ഇന്ത്യ' എഴുതാൻ ശ്രമിക്കുന്ന ചൈനക്കാരന്റെ ചങ്ക് ചൈനീസ് സർക്കാര് ഇടിച്ചുകലക്കുമെന്നർത്ഥം!

ഏതെങ്കിലും ഒരു പൗരന് നോബൽ സമ്മാനം പോലെ വലിയൊരു ബഹുമതി ലഭിച്ചാൽ സ്വാഭാവികമായും അയാളുടെ രാജ്യം അതിൽ ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്യും. എന്നാൽ മനുഷ്യാവകാശപോരാട്ടങ്ങളുടെ പ്രതീകമെന്ന് വിളിക്കപ്പെടുന്ന ലിയു സിയാബോയ്ക്ക് 2010ൽ സമാധാനത്തിന്റെ നോബൽ സമ്മാനം കിട്ടിയപ്പോൾ അതിനെ പരിഹസിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രാജ്യമായ 'കമ്മ്യൂണിസ്റ്റ് ചൈന'.എന്നുമാത്രമല്ല ഏതാണ്ട് ഇരുപതോളം രാജ്യങ്ങളെ നോബൽ സമ്മാനചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും തന്ത്രപരമായി വിലക്കുകയും ചെയ്തു. അത്രമാത്രം ശത്രുതയായിരുന്നു ജനാധിപത്യാവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട ലിയുവിനോട് ചൈനീസ് ഭരണകൂടത്തിനുണ്ടായിരുന്നത്.

കരളിന് ക്യാൻസർ ബാധിച്ച ലിയുവിന്റെ വിദഗ്ദ്ധ ചികിത്സകൾക്കുള്ള വിദേശസഹായങ്ങൾ നിഷേധിക്കുകയും രാജ്യംവിട്ടുപോകുന്നതിൽ നിന്നും അദ്ദേഹത്തെ വിലക്കി തടങ്കലിൽതന്നെ സൂക്ഷിച്ച് ഭരണകൂടം അദ്ദേഹത്തിന് '(നിർ)ദയാവധം' നടത്തുകയായിരുന്നു! അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ഒഴിഞ്ഞ കസേരയ്ക്കാണ് നോബൽ കമ്മിറ്റി അവാർഡ് നൽകിയത്. ജയിലിൽ കിടന്ന അദ്ദേഹം തന്റെ അറുപത്തിയൊന്നാമത്തെ വയസ്സിൽ 2017 ജൂലൈ 17 ന് മരിക്കുമ്പോഴും ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു ആ ജീവിതത്തിന്റെ അവസാനശ്വാസവും! കമ്മ്യൂണിസ്റ്റ് മുതലാളിത്തവും ലോകത്ത് ഏറ്റവും അധികം അംഗങ്ങളുള്ള പാർട്ടിയെന്ന് പുകഴ്പെറ്റ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഫാസിസവുമാണ് ചൈനയിലെ ജനാധിപത്യത്തിന്റെ ഘാതകർ!

2014ന് ചൈനീസ് ഭരണകൂടം കൊണ്ടുവന്ന 'സോഷ്യൽ ക്രെഡിറ്റ് സംവിധാന'മാകട്ടെ ഇതിനെയെല്ലാം കൂടുതൽ കർക്കശമാക്കിയിരിക്കുകയാണ്.ലോകത്തെ മികച്ച സാമ്പത്തിക ശക്തിയായി വളരുമ്പോഴും മനുഷ്യവകാശങ്ങൾക്ക് മേൽ ചൈന പുലർത്തുന്നത് തികച്ചും ഏകാധിപത്യവും പ്രാകൃതവുമായ സമീപനമാണ്. കുഞ്ഞുങ്ങൾക്കുള്ള കളിപ്പാട്ടങ്ങൾമുതൽ ബഹിരാകാശപേടകങ്ങൾവരെ നിർമ്മിക്കുന്ന സാങ്കേതിക വളർച്ചയുടേയും നിർമ്മിതബുദ്ധിയുടേയും വികസിത ഭൂമിയാണ് ചൈന. എന്നാൽ അവിടുത്തെ പൗരന്മാരെക്കുറിച്ച് ചിന്തിക്കുമ്പോൾ മഹാകവി വള്ളത്തോളിന്റെ 'ബന്ധുരക്കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ' എന്ന വരികളാണ് ഓർമ്മവരുന്നത്. ഇങ്ങനെയൊരു രാജ്യത്ത് കമ്മ്യൂണിസം ഉണ്ടെന്നൊക്കെ ഇപ്പഴും പറയുന്നവരെ കാൾ മാർക്‌സ് തന്റെ കുഴിമാടത്തിൽനിന്നുമെഴുറ്റേറ്റ്‌വന്ന് ഓടിച്ചിട്ട് തല്ലും! ചൈനയിലെ പൗരന്മാർ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ചങ്ങലകളാൽ ബന്ധിതരാണ്. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി ശബ്ദം ഉയർത്തുന്നവർ അവിടെ രാജ്യദ്രോഹികളാണ്. രഹസ്യജയിലുകളിൽ വിചാരണകൂടാതെ അവർ അടയ്ക്കപ്പെടും! അവർക്ക് വേണ്ടി സംസാരിക്കാൻ ആരും ധൈര്യപ്പെടാത്ത രീതിയിൽ അധികാരകേന്ദ്രങ്ങൾ അതിന്റെ പല്ലും നഖവും കാണിക്കും! അസ്വസ്ഥരും അസ്വതന്ത്ര്യരുമായ അനേകായിരം ചൈനീസ് പൗരന്മാരുടെ രക്തംകുടിച്ചുകൊണ്ടാണ് ലോകത്തെ സൂപ്പർ പവറാകാനുള്ള കമ്മ്യൂണിസ്റ്റ് ചൈനയുടെ നിഗൂഢതന്ത്രങ്ങൾ! മനുഷ്യാവകാശ പ്രവർത്തകർക്കും ജനാധിപത്യവാദികൾക്കും മരണവാറണ്ട് നൽകുന്ന നിർദ്ദയഭരണകൂടത്തിന്റെ മർദ്ദിതജനതയ്ക്ക് വേണ്ടിമാത്രമായിരിക്കും കാൾ മാർക്‌സിന് ഇനി സംസാരിക്കാനുണ്ടാകുക!

ജിൻപിങ് യുഗം അഥവാ ഏകാധിപത്യത്തിലേക്കൊരു കൂപ്പുകുത്തൽ:
മാവോ സെ തൂങ്‌നു ശേഷമുള്ള ശക്തനായ ഭരണാധികാരി എന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന നിലവിലെ പ്രസിഡന്റ് സി ജിൻപിങ്‌നെ വിലയിരുത്തുന്നത്. പ്രസിഡന്റിന്റെ കാലാവധി പരിമിതപ്പെടുത്തുന്ന നിയമം ഭരണഘടനയിൽ നിന്നും എടുത്ത് കളഞ്ഞ്‌കൊണ്ട് ജിൻപിങിനെ അധികാരത്തിൽ അനവരതം തുടരാൻ അനുവദിച്ചിരിക്കുകയാണ് പാർട്ടി. സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടിയുള്ള നയങ്ങൾ, അഴിമതിക്കെതിരെ ജിൻപിങ് നടത്തുന്ന പ്രവർത്തനങ്ങൾ, ചൈനീസ് ദേശീയതാവാദം, മനുഷ്യാവകാശങ്ങളെ അടിച്ചമർത്തൽ ഇതൊക്കെയാണ് ജിൻപിങിൽ പാർട്ടി കാണുന്ന ഗുണങ്ങൾ. സോഷ്യൽ ക്രെഡിറ്റ് സംവിധാനം ഉൾപ്പടെ 'നിർബന്ധിത നന്നാക്കൽ' പരിപാടികളിലൂടെ സർക്കാരിന് വിധേയരായ പൗരന്മാരെ സൃഷ്ടിച്ചെടുക്കുകയാണ് ജിൻപിങ് നേതൃത്വം. സ്വകാര്യമേഖലയിൽ ഉൾപ്പടെ കൂടുതൽ ഉദാരമായ നയങ്ങൾ കൈക്കൊണ്ട് രാജ്യത്തിന്റെ ഉയർത്താനുള്ള പരിശ്രമത്തിന് 'അവകാശബോധങ്ങളില്ലാത്ത' പൗരന്മാരെയാണ് വേണ്ടത് എന്നാണ് ചൈനീസ് ഭരണകൂടം പറയാതെ പറയുന്നത്. കൂടുതൽ കർശനമായ 'രാജ്യതന്ത്രങ്ങൾ' അണിയറകളിൽ ഒരുങ്ങുന്നുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്!രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളും സൈബർ ലോകവും മീഡിയായുമൊക്കെ പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിൽ വരിഞ്ഞുമുറിക്കിയിരിക്കുകയാണ് ചൈന. എവിടെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു സമിതി സ്ഥാപനത്തിന്റെ ഭരണസമിതിയിൽ ഉണ്ടാകും.അതായത് സ്വകാര്യസ്ഥാപനങ്ങൾ എന്നത് അതേയർത്ഥത്തിൽ അവിടെ പ്രസക്തമല്ല. ഈ പാർട്ടി സമിതിയുടെ അനുവാദമില്ലാതെ യാതൊന്നും നടക്കുക സാധ്യമല്ല.എന്നാൽ ഇത് പലതും അഴിമതിയിൽ മുങ്ങിക്കുളിക്കുന്ന കാഴ്ചയാണ് ചൈന കണ്ടത്. അത്തരം അഴിമതികളിൽ നിന്നും ചൈനയെ ഉയർത്തുവാനുള്ള പദ്ധതികൾ ജിൻപിങ് നടപ്പാക്കുന്നു എന്നതാണ് അതിന്റെ ശക്തിയായി വിലയിരുത്തപ്പെടുന്നത്.

ചൈനീസ് ഭരണകൂടത്തെ ഒരു ദു:സ്വപ്നം പോലെ പിന്തുടരുന്ന ടിയാന്മെൻ പ്രക്ഷോഭം:
ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനുംവേണ്ടി നിയമസഹായത്തിനൊരുമ്പെടുന്ന വക്കീലന്മാർക്ക് പോലും ചൈനയിൽ രക്ഷയില്ലെന്ന് ഹ്യൂമൻ റൈറ്റ് വാച്ച് നടത്തിയ റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശപ്രവർത്തകരെയും ജനാധിപത്യവാദികളെയും ചെറുതും വലുതുമായ കേസുകളിൽ പെടുത്തി വിചാരണകൂടാതെ ശിക്ഷിക്കുന്നത് ചൈനയുടെ ഒരു 'പരമ്പരാഗത രോഗമാണ്'! 1989ൽ ചൈനയിൽ ജനാധിപത്യവാദികൾ നടത്തിയ ചരിത്രപ്രസിദ്ധമായ ടിയാന്മെൻ (Tiananmen) പ്രക്ഷോഭം ചൈനീസ് ഭരണകൂടത്തെ ഒരു ദുഃസ്വപ്നം പോലെ പിന്തുടരുന്നുണ്ട്. ഭരണകൂടം നിർദ്ദയമായാണ് ആ സമരത്തെ അടിച്ചമർത്തിയത്.വിദ്യാർത്ഥികൾ ഉൾപ്പടെ പതിനായിരത്തോളംപേരാണ് അതിൽ കൊല്ലപ്പെട്ടത്. അതിനെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യാൻപോലും മാധ്യമങ്ങളെ അനുവദിച്ചിരുന്നില്ല.പിൽക്കാലത്ത് പോലും പലരേയും അറസ്റ്റ് ചെയ്തതും വിചാരണകൂടാതെ പീഡിപ്പിച്ചതും ടിയാന്മെൻ സ്‌ക്വയർ പ്രക്ഷോഭത്തിൽ പങ്കെടുത്തു എന്നും അതിനെ പിന്തുണയ്ക്കുന്നു എന്നും ആരോപിച്ചാണ്. ഇത്തരം ഏതൊരു പ്രക്ഷോഭത്തെയും വിമതശബ്ദത്തെയും ഏകാധിപത്യത്വരയോടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും സർക്കാരും ഭയപ്പെടുന്നുണ്ട്. അത്തരത്തിൽ സോഷ്യൽ ക്രെഡിറ്റ് സംവിധാനത്തിന്റെ നിഗൂഢമായ മറ്റൊരു ലക്ഷ്യം സർക്കാരിനു അപ്രിയരായ ആരെയും ബ്ലാക്ക് ലിസ്റ്റിൽ കൊണ്ടുവരികയും കുറ്റങ്ങൾ ചുമത്തി ഇല്ലാതെയാക്കുകയും എന്നതാണ്! ഓരോവർഷവും ഈ സംഭവത്തിന്റെ വാർഷികം വരുമ്പോൾ ചൈനയിലെ പല വെബ് സൈറ്റുകളും സെർച്ച് എഞ്ചിനുകളും അപ്രത്യക്ഷപ്പെടാറുണ്ട്.അതാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ടിയാന്മെൻ പ്രക്ഷോഭത്തോടുള്ള ജാഗ്രത!

സോഷ്യൽ ക്രെഡിറ്റ് സംവിധാനം അഥവാ ഡിജിറ്റൽ സദാചാരപൊലീസ്:
സാമ്പത്തിക ശക്തി എന്ന നിലയിൽ അമേരിക്കയേയും മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിച്ചേരുക എന്നതാണ് ചൈനയുടെ ലക്ഷ്യം.ഇതിന്റെ ഭാഗമായി ചൈന കൊണ്ടുവന്ന പരിഷ്‌കാരങ്ങളിൽ പ്രധാനപ്പെട്ടതാണ് സോഷ്യൽ ക്രെഡിറ്റ് സംവിധാനം. 2014 മുതൽ 2020 വരെയാണ് ഇതിന്റെ നടപ്പാക്കൽ കാലാവധി. നിയന്ത്രിതബുദ്ധിയുള്ള ടെലിവിഷൻ ക്യാമറകൾ രാജ്യവ്യാപകമായി സ്ഥാപിച്ച് പൗരന്മാരുടെ പ്രവൃത്തികൾ ഒപ്പിയെടുത്ത് ഭരണകൂടം മാർക്കിടുന്ന ചടങ്ങാണിത്! നല്ലവർക്ക് സ്വർഗ്ഗവും പാപികൾക്ക് നരകവും കൊടുക്കുന്ന മതകഥാപുസ്തകങ്ങളിൽ പറയുന്നതിന്റെ ഒരുതരം ചൈനീസ് മോഡൽ! മാർക്ക് നേടാനായി ചെയ്യേണ്ടത് ഇത്രമാത്രം കമ്മ്യൂണിസ്റ്റ് പാർട്ടിയോടും സർക്കാരിനോടുമുള്ള ഒരുതരത്തിലുമുള്ള അനിഷ്ടം എവിടെയും പ്രകടിപ്പിക്കാതെയിരിക്കുക, നിയമസംവിധാനങ്ങളെ ചോദ്യം ചെയ്യാതെയിരിക്കുക, കൃത്യമായി ടാക്‌സ് കൊടുക്കുക, ട്രാഫിക്ക് നിയമങ്ങൾ അണുകിട തെറ്റാതെ പാലിക്കുക,നിരോധിത മേഖലയിൽ പുകവലിക്കാതിരിക്കുക, വിഡിയോ ഗെയിമുകൾ അളവിൽക്കൂടുതൽ വാങ്ങാതിരിക്കുക, വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിലും പത്രങ്ങളിലും ചാനലുകളിലും നൽകാതിരിക്കുക തുടങ്ങി പൗരന്മാരുടെ 'നല്ല നടപ്പിന്' അവർക്ക് മാർക്കുകൊടുക്കുകയാണ് ചൈന. മാർക്ക് കുറയുന്നവർക്ക് വിമാന ടിക്കറ്റോ ട്രെയിൻ ടിക്കറ്റോ കിട്ടില്ല, വേഗതയുള്ള ഇന്റർനെറ്റ് കിട്ടില്ല, നല്ല ജോലികിട്ടില്ല, മുന്തിയ ഹോട്ടലുകളിൽ പ്രവേശിക്കാനോ മുറിയെടുക്കാനോ കഴിയില്ല എന്തിനേറെ അച്ഛന്റെയോ അമ്മയുടേയോ പ്രോഗ്രസ്സ് കാർഡ് നല്ലതല്ലെങ്കിൽ കുട്ടികൾക്ക് മികച്ച സ്‌കൂളുകളിൽ പഠിക്കാൻ കഴിയില്ല.ഇതൊക്കെ ഇതിനകം തന്നെ നടപ്പാക്കിക്കഴിഞ്ഞു. സർക്കാരിനും പാർട്ടിക്കും ഹിതകരമായ നിലയിൽ ജീവിക്കുന്നവർക്ക് കൈനിറയെ സമ്മാനങ്ങളുമുണ്ട്.

താഴെയുള്ള ചിത്രത്തിലേക്ക് നോക്കുക, ചൈനയിലെ ടൈസൺ സിറ്റിയിൽ പൊതുനിരത്തിൽ വലിയ എൽ.ഇ.ഡി.സ്‌ക്രീനിൽ കാണുന്നത് ചൈനയിലെ സോഷ്യൽ ക്രെഡിറ്റ് സിസ്റ്റം അനുസരിച്ച് കുറഞ്ഞ സ്‌കോർ നേടിയ ഒരാളാണ്. സർക്കാർ പറയുമ്പോലെ ജീവിക്കാതെ പ്രോഗ്രസ്സ് കാർഡിൽ ചുവന്ന മാർക്ക് വാങ്ങുന്നവരെ പൊതുനിരത്തുകളിൽ ഫോട്ടോ പ്രദർശിപ്പിച്ച് ഭരണകൂടം തന്നെ നാണം കെടുത്തുന്ന ''സമത്വസുന്ദരമായ കമ്മ്യൂണിസ്റ്റ് രാജ്യ''മാണ് ചൈന! ഇന്റർനെറ്റ് ഉപയോഗത്തിനുള്ള നിയന്ത്രണത്തിന്റെ ഭാഗമായി ചൈനയിലെ വിവരസാങ്കേതിക വകുപ്പ് കർശനമായ വ്യവസ്ഥകളാണ് ഇന്റർനെറ്റ് ദാതാക്കൾക്ക് നൽകിയിരിക്കുന്നത്. വിദേശവെബ് സൈറ്റുകൾ ഉൾപ്പടെ പലതും ഇതിന്മേൽ നിരോധിക്കപ്പെടുന്നു. സർക്കാരിന്റെ അനുവാദം മുൻകൂട്ടിവാങ്ങാതെ ഇത് ഉപയോഗിക്കാനുള്ള എന്തെങ്കിലും പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിച്ചാൽ ഇന്റർനെറ്റ് ദാതാക്കളും കുടുങ്ങുന്ന കാർക്കശ്യത്തിനുമുന്നിൽ ഗൂഗിൾ വരെ മുട്ടുമടക്കി. ചൈനയിൽ 2012ൽ ഗൂഗിളിന്റെ ജിമെയിൽ ഉൾപ്പടെ എല്ലാ സേവനങ്ങളും ബ്ലോക്ക് ചെയ്യപ്പെട്ടു. ആപ്പിൾ ഉൾപ്പടെയുള്ള മൊബൈൽ കമ്പനികൾക്ക് ചൈനീസ് പാർട്ടിക്കും സർക്കാരിനും 'വിരുദ്ധമായേക്കാവുന്ന' ആപ്പുളൊക്കെ ഉപേക്ഷിക്കുകയോ ചൈനയ്ക്ക് വേണ്ടി പ്രേത്യേകം ആപ്പുകൾ നിർമ്മിക്കേണ്ടിയോ വന്നു. 'പാശ്ചാത്യ ജനാധിപത്യം' ഉൾപ്പടെ പുറത്തുനിന്നും ഒന്നും ചൈനയിലേക്ക് ഇറക്കേണ്ട എന്നതാണ് ചൈനയുടെ നയം! ആഗോളവിപണിയിൽ ലോകമെമ്പാടും രാജ്യങ്ങൾ കൊണ്ടുവന്ന പുതിയ നയങ്ങളും മത്സരങ്ങളും അമേരിക്കൻ ചൈനീസ് ട്രേഡ് ചർച്ചകളും വിലക്കുകളും വിവാദങ്ങളുമൊക്കെ വ്യാപാര-സാമ്പത്തിക തലങ്ങളിൽ പല മാറ്റങ്ങളും കൊണ്ടുവരികയാണ്.ഏതായാലും വമ്പൻ കമ്പനികൾ പലതും ചൈനയിലെ തങ്ങളുടെ ഫാക്റ്ററികൾ അടച്ചുപൂട്ടുകയോ ഷെയർ വിൽക്കുകയോയാണ്.കഴിഞ്ഞ മുപ്പത്തിയേഴുവര്ഷങ്ങളായി ചൈനയിൽ ടെലിവിഷൻ നിർമ്മിക്കുന്ന പാനസോണിക് അവരുടെ എല്ലാ സംരംഭങ്ങളും 2015ൽ അവസാനിപ്പിച്ചു.അതുപോലെ പ്രമുഖ ഹാർഡ് ഡിസ്‌ക് നിർമ്മാതാക്കളായ സീഗേറ്റ്,ജപ്പാൻ കമ്പനിയായ സോണി തുടങ്ങി ഭീമൻകമ്പനികൾ മുതൽ അസംഖ്യം വിദേശനിർമ്മാതാക്കൾ തങ്ങളുടെ കമ്പനികൾ പൂട്ടിക്കെട്ടിയും ഷെയറുകൾ വിറ്റും ചൈനയുടെ മണ്ണിൽനിന്നും പിൻവലിഞ്ഞുതുടങ്ങി.ചൈനയുടെ വിപണിയിൽ സ്വകാര്യ കമ്പനികൾക്ക് നിർണ്ണായകപങ്കാണുള്ളത്.ഏതായാലും ചൈനയുടെ ജിഡിപി വളർച്ചാനിരക്ക് ഉയരുന്നു എന്നതാണ് വിപണിയിലെ സൂചനകൾ.അതൊക്കെ എന്ത് തന്നെയായാലും മനുഷ്യാവകാശ സംരക്ഷണത്തിലും ലിംഗസമത്വത്തിലും ദയനീയമായി താഴേക്ക് പോകുകയാണ് ചൈന.

രാഷ്ട്രീയചർച്ചകൾക്ക് ഇന്നും ചൈനയിൽ ഇടമില്ല.സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു എന്ന കാരണത്താൽ വാട്ട്‌സ് ആപ്പിന് തുല്യമായ ചൈനയിലെ പ്രസിദ്ധമായ 'വി ചാറ്റ് ' നിരീക്ഷിക്കപ്പെടുകയും അതിന്റെ ഉടമയായ ലിയു പെങ്‌ഫെയ് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.ചൈനീസ് ഭരകൂടത്തെ വിമർശിച്ചുകൊണ്ട് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു എന്ന കാരണത്താൽ കേംബ്രിഡ്ജ് സർവ്വകലാശാലയുടെ സൈറ്റ് ചൈനയിൽ ബ്ലോക്ക് ചെയ്യപ്പെട്ടു.പല സർവ്വകലാശാലകൾക്കും ഇത്തരം നിരോധനഭീഷണിയിൽമേൽ അവരുടെ പല ഡിജിറ്റൽ പ്രസിദ്ധീകരണങ്ങളും പിൻവലിക്കേണ്ടി വന്നു. ഇങ്ങനെ അധികാരഗർവ്വത്തിന്റെയും രാഷ്ട്രീയഫാസിസത്തിന്റെയും കുറച്ചുവാർത്തകൾ മാത്രമാണ് വല്ലവിധവും പുറത്തുവരുന്നത് എന്നതാണ് സത്യം.

അറിയുന്നതിലും പറയുന്നതിലും അപ്പുറമാണ് ചൈനയുടെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ സാമ്രാജ്യം! അതിനെ അന്ധമായി പ്രകീർത്തിക്കുകയും മാതൃകാസ്ഥാനമായി വിലയിരുത്തുകയും ചെയ്യുന്നത് 'കമ്മ്യൂണിസ്റ്റ് മതക്കാർ' മാത്രമായിരിക്കും.