കോഴിക്കോട്: സിപിഎമ്മിന്റെ വ്യവസായ വിരുദ്ധ നിലപാട് മൂലം ആത്മഹത്യയുടെ വക്കിൽ ഒരു കുടുംബം. കോഴിക്കോട് കുപ്പായക്കോട് സ്വദേശിയായ വനിതാ സംരംഭക ജൂലി ടോണിയാണ് സിപിഎം പ്രാദേശിക നേതാക്കളുടെ കണ്ണിലെ കരടായതോടെ ജീവിതം വഴിമുട്ടി നിൽക്കുന്നത്. പുതുപ്പാടി പഞ്ചായത്തിലെ കുപ്പായക്കോട് കീച്ചേരി വീട്ടിൽ ജൂലി ടോണിയും കുടുംബവും പദ്ധതിയിട്ട വ്യവസായം തുടങ്ങാനാകാതെ വന്നതോടെ കോടികളുടെ കടബാധ്യതയിലാണ്.

2016ലാണ് ടോണി ജോസഫിന്റെ ഭാര്യ ജൂലി ടോണി കോഴിക്കോട് കുയക്കോട് റബ്ബർ ലാറ്റക്‌സ്‌ യൂണിറ്റ് തുടങ്ങുന്നത്. റബർ കർഷകരിൽ നിന്നു റബർപാൽ വിലയ്ക്കു വാങ്ങി മേൽത്തരം റബർ ഷീറ്റ് ഉൽപാദിപ്പിക്കുന്ന സംരംഭമാണ് തുടങ്ങിയത്. പ്രത്യക്ഷത്തിൽ 20 പേർക്കും പരോക്ഷമായി 100 പേർക്കെങ്കിലും തൊഴിൽ ലഭിക്കുന്ന പദ്ധതിയായിട്ടും പ്രദേശത്തെ സിപിഎം നേതൃത്വത്തിൽ നിന്നു തുടക്കം മുതൽ എതിർപ്പു നേരിടുകയാണെന്ന് ജൂലി പറയുന്നു. ഫാക്ടറിയുടെ നിർമ്മാണം അവസാന ഘട്ടത്തിലെത്തിയപ്പോൾ ചില പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ട പണം നൽകാതിരുന്നതിനെ തുടർന്നാണ് പ്രശ്നം ആരംഭിച്ചത്

ന്യൂനപക്ഷ വനിതകൾക്കുള്ള കേന്ദ്രസർക്കാരിന്റെ സ്റ്റാന്റ്അപ്പ് ഇന്ത്യ പദ്ധതി പ്രകാരം 90 ലക്ഷം രൂപ വായ്പയെടുത്താണ് സംരംഭം ആരംഭിച്ചത്. എന്നാൽ അയൽവാസികളുമായുള്ള ഒരു വഴി തർക്കത്തോടെ പ്രശ്‌നങ്ങൾക്ക് തുടക്കമായി. പിന്നീടാണ് പ്രശ്‌നത്തിൽ പ്രാദേശിക സിപിഎം നേതാക്കൾ ഇടപെട്ടത്. ഇതിന് പിന്നാലെ നിരവധി കേസുകളുമുണ്ടായി. ഇതോടെ നാല് വർഷത്തിനിടയിൽ ആകെ നാല് മാസം മാത്രമേ കമ്പനി പ്രവർത്തിപ്പിക്കാൻ ജൂലി ടോണിക്ക് സാധിച്ചുള്ളു. ഇതോടെ ഇവരുടെ കടബാധ്യതയും പെരുകി.

കമ്പനി നടത്തിക്കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് സിപിഎം നേതാവ് ഗിരീഷ് ജോൺ ഭീഷണപ്പെടുത്തിയതായും ടോണി ജോസഫ് പറഞ്ഞു. ആത്മഹത്യയുടെ വക്കിലാണെന്നും കേസിന് മാത്രം മാസം 30,000 രൂപ വരെ ചെലവാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയെങ്കിലും ഫാക്ടറി വിറ്റ് കടം വീട്ടാൻ പോലും ചിലർ സമ്മതിക്കുന്നില്ല. വാങ്ങാൻ വരുന്നവരെ ചിലർ ഇടപെട്ട് മടക്കിവിടുകയാണെന്നും കുടുംബം ആരോപിച്ചു.

അതേസമയം കമ്പനിയുടെ പ്രവർത്തനത്തിന് പാർട്ടി ഒരു തടസവുമുണ്ടാക്കിയിട്ടില്ലെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. വഴിതർക്കത്തിൽ ഇടപെടുക മാത്രമാണ് ചെയ്തതെന്നും പാർട്ടി പ്രവർത്തകരാരും പദ്ധതി തടസപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും കുടുംബം ആരോപണം ഉന്നയിക്കുന്ന സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ഗിരീഷ് ജോൺ പറഞ്ഞു.