തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ പൊലീസ് അന്വേഷണത്തിലെ പരിമിതികൾ മൂലമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതെന്ന് സോളാർ ലൈംഗിക പീഡന കേസിലെ പരാതിക്കാരി. തനിക്ക് രാഷ്ട്രീയ താൽപര്യങ്ങളില്ലെന്നും അവർ പ്രതികരിച്ചു.

ഒരു വ്യവസായം തുടങ്ങുന്നതിനായി ഉമ്മൻ ചാണ്ടി സർക്കാരുമായി ബന്ധപ്പെട്ടപ്പോൾ നേരിടേണ്ടിവന്ന ദുരനുഭവങ്ങളാണ് താൻ ഉന്നയിച്ചത്. ഒരു സംസ്ഥാന മന്ത്രി ഒരു കേന്ദ്രമന്ത്രിക്ക് താവളം ഒരുക്കി കൊടുത്തു. അതും സ്വന്തം ഔദ്യോഗികവസന്തി. ഒരു വേട്ട പട്ടിക്ക് ഇരയെ ഇട്ടുകൊടുക്കുന്നത് പോലെയായിരുന്നു അത്. അതിൽ അയാൾക്ക് രാഷ്ട്രീയമായ എന്തെങ്കിലും നേട്ടം ഉണ്ടായിരിക്കാമെന്നും പരാതിക്കാരി പറഞ്ഞു.

ഒരു മാഫിയയുടെ പ്രവർത്തനമാണ് നടന്നത്. അത് പുറത്തു കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. സാമ്പത്തികമായും ശാരീരികമായും മാനസികമായും താനടക്കമുള്ളവർക്ക് അനുഭവിക്കേണ്ടിവന്ന വെല്ലുവിളികൾ അന്വേഷണത്തിലൂടെ പുറത്തുവരണം. 

''സംസ്ഥാന പൊലീസ് കേസ് കഴിഞ്ഞ അഞ്ചു വർഷമായി അന്വേഷിക്കുന്നുണ്ട്. കേസ് അന്വേഷണത്തിന് സംസ്ഥാന പൊലീസിന് പരിമിതിയുണ്ട്. പരാതിയിൽ പറയുന്ന കാര്യങ്ങളിൽ 60 ശതമാനം കേരളത്തിലും 40 ശതമാനം സംസ്ഥാനത്തിന് പുറത്തുമാണ് നടന്നത്. അത് മനസിലാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. അപേക്ഷ പരിഗണിച്ചതിലും സിബിഐ അന്വേഷണത്തിന് ഉത്തരവ് വന്നതിലും സർക്കാരിന് നന്ദിയുണ്ട്.'' പരാതിക്കാരി  പ്രതികരിച്ചു.

''കത്ത് നൽകിയതിന് പിന്നിൽ രാഷ്ട്രീയമെന്ന് പറയാൻ സാധിക്കില്ല. ഒരു ഗൂഢാലോചനയും കത്തിന് പിന്നിൽ ഇല്ല. കത്തിനെക്കുറിച്ച് ആരോടും സംസാരിച്ചിട്ടില്ല. ഏഴു വർഷമായി ഇതിന് പിന്നാലെ നടക്കുന്ന ഒരു സ്ത്രീയാണ് ഞാൻ. മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. ഞാൻ ആരുടെയും കൈയിലെ കളി പാവയല്ല. ആരുടെയും കളി പാവയാവാൻ ഉദേശിക്കുന്നുമില്ല. മടുത്ത് എനിക്ക്. എന്നെ ആ വഴിക്ക് വിട്ടേക്ക്.''

''ഞാൻ തുടങ്ങാൻ ഉദേശിച്ച വ്യവസായം നശിച്ചു. എന്നെ തട്ടിപ്പുകാരിയായും മോശക്കാരിയായും ചിത്രീകരിച്ചു. ദയവ് ചെയ്ത് കേസ് നിസാരവത്കരിക്കരുത്. എന്നെ ആരും സഹായിക്കേണ്ട. ഇതിൽ രാഷ്ട്രീയമില്ല. യാതൊരു രാഷ്ട്രീയും ഇല്ലാത്തെ കേന്ദ്ര ഏജൻസി അനേഷിക്കട്ടെ. സിബിഐ സ്വതന്ത്രഏജൻസിയാണെന്നാണ് പഠിച്ചത്. സംസ്ഥാന പൊലീസിന്റെ പരിമിതിയാണ് അറിഞ്ഞത്. അവരുടെ മികവിനെ ചോദ്യം ചെയ്തിട്ടില്ല. അവർ ഈ കേസിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. കേസിൽ പലരും കുറ്റക്കാരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസിലായിട്ടുണ്ട്.''

''ഒരു സംസ്ഥാന മന്ത്രി ഒരു കേന്ദ്രമന്ത്രിക്ക് താവളം ഒരുക്കി കൊടുത്തു. സ്വന്തം ഔദ്യോഗികവസന്തി. അതിന് അവിടെയുള്ള സ്റ്റാഫിനെ മാറ്റി ഇടമുണ്ടാക്കി കൊടുത്തു. ഒരു വേട്ട പട്ടിക്ക് ഇരയെ ഇട്ടുകൊടുക്കുന്നത് പോലെ. അതിൽ അയാൾക്ക് എന്തെങ്കിലും നേട്ടം ഉണ്ടായിരിക്കാം. കാരണം കേന്ദ്രമന്ത്രി സമുന്നതനായ നേതാവാണ്. മന്ത്രിയെ രാഷ്ട്രീയമായി ഉയർത്തി കൊണ്ടുവരാൻ കേന്ദ്രമന്ത്രിക്ക് സാധിക്കുമായിരുന്നു. ഇനിയൊരു സ്ത്രീയെയും ഇങ്ങനെ ദുരുപയോഗം ചെയ്യരുത്. ഇതാണ് കേന്ദ്രഏജൻസി അന്വേഷിക്കട്ടേ എന്ന് തീരുമാനിച്ചത്.''

''കേസുമായി ബന്ധപ്പെട്ട് എന്തു ചെയ്താലും രാഷ്ട്രീയപ്രേരിതമെന്ന് പറയും. ഇപ്പോൾ അറസ്റ്റ് ചെയ്താൽ പറയും പിണറായി പൊലീസാണ് അറസ്റ്റ് ചെയ്തതെന്ന്. അപ്പോൾ പറയും എൽഡിഎഫിന്റെ ടൂൾ ആണ് ഞാനെന്ന്. അപ്പോൾ അതിന്റെയൊന്നും ആവശ്യമില്ല. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സഹായം എനിക്ക് ആവശ്യമില്ല. ഞാനൊരു സാധാരണ സ്ത്രീയാണ്. പാർട്ടി പ്രവർത്തകയല്ല. അപ്പോൾ രാഷ്ട്രീയമില്ലാത്ത ഒരു ഏജൻസി അന്വേഷിക്കട്ടെയെന്ന് തീരുമാനിച്ചു.''

''കേസിലെ പ്രതികളെ എല്ലാം ഞാനിപ്പോൾ വ്യക്തികളായാണ് കാണുന്നത്. അവരുടെ രാഷ്ട്രീയമോ, സ്ഥാനങ്ങളോ ഞാൻ വിഷയമാക്കുന്നില്ല. അവരുടെ ഇമേജും ഞാൻ നോക്കുന്നില്ല. കാര്യം ഒരു വ്യക്തി മറ്റൊരു വ്യക്തിയെ ചൂഷണം ചെയ്തു. പിന്നെ അവരുടെ സുഹൃത്തുക്കളും അവരുടെ അജൻണ്ടകൾ നടപ്പാക്കാൻ കൂട്ടുനിന്നു. ഈ ലോകത്ത് എവിടെയെങ്കിലും കേട്ടുകേൾവിയുള്ളതാണോ, ഒരു സംസ്ഥാനമന്ത്രി ഒരു കേന്ദ്രമന്ത്രിക്ക് റേപ്പ് ചെയ്യാൻ അവസരമൊരുക്കി കൊടുത്തെന്ന്. അത് ഈ നാണംകെട്ട നാട്ടിൽ മാത്രമേ നടന്നിട്ടുള്ളൂ. അതു യുഡിഎഫ് സർക്കാരിന്റെ കാലത്ത്. അപ്പം അത്ര അധപതിച്ചയാൾക്കാരെ വ്യക്തികളായേ എനിക്ക് കാണാൻ സാധിക്കൂ. ഞാൻ കോൺഗ്രസ് പാർട്ടിയെ പറഞ്ഞിട്ടില്ല. പാർട്ടിയിൽ എത്രയെ നല്ല ആൾക്കാരുണ്ട്. എനിക്കെതിരെ എന്ത് വന്നു. അതിൽ ഏഴു വർഷമായി ഞാൻ ഉറച്ചുനിൽക്കുന്നു. അതിൽ നിന്ന് പിന്മാറാൻ ഞാൻ തയ്യാറല്ല. അതൊരു കുറ്റമാണെങ്കിൽ എന്നെ കൊല്ലട്ടേ.'' പരാതിക്കാരി പറഞ്ഞു.

സിബിഐ രാഷ്ട്രീയത്തിന് അതീതമായ ഏജൻസിയാണെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ അബ്ദുള്ളക്കുട്ടി അടക്കമുള്ളവർക്കെതിരായ പരാതിയിൽ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തനിക്ക് രാഷ്ട്രീയമായ താൽപര്യങ്ങളില്ലെന്നും  പരാതിക്കാരി പ്രതികരിച്ചു.

അഞ്ചുവർഷത്തിനിടെ അന്വേഷണം മുന്നോട്ടുപോയിരുന്നു. പൊലീസിനെ കുറ്റംപറയുന്നില്ല. സംസ്ഥാന സർക്കാരിനപ്പുറം കേസിന് വ്യാപ്തിയുണ്ട്. പൊലീസിന് പരിമിതികളുണ്ട്. അത് മനസ്സിലായതുകൊണ്ടാണ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്ന് ആവശ്യപ്പെട്ടതെന്നും അവർ വ്യക്തമാക്കി