- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ വായ്പയുടെ പേരിൽ ചൂഷണം; തലവയ്ക്കുന്നവരിൽ നിന്നും പിഴിഞ്ഞെടുക്കുന്നത് കടം വാങ്ങിയ തുകയുടെ പലഇരട്ടി; നൽകാൻ തയ്യാറാകാത്തവരുടെ മോർഫിങ് ഫോട്ടോ ഷെയർ ചെയ്തുവരെ ഭീഷണി; ആലപ്പുഴയിലെ ചെറുപ്പക്കാരന്റെ ചിത്രം വാട്സാപ്പിൽ പ്രചരിപ്പിച്ചത് ബാലപീഡകനാക്കി; ലോൺ ആപ്പുകളുടെ കെണികൾക്കെതിരെ നിരവധി പരാതികൾ
തിരുവനന്തപുരം: ആപ്പുകൾ വഴി വായ്പകൾ നൽകുന്നവർ ഉപഭോക്താക്കളെ അമിതചൂഷണത്തിന് ഇരയാക്കുകയും എതിർക്കുന്ന സ്ത്രീകളുൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ മോർഫ് ചെയ്തും മറ്റും മാനഹാനി വരുത്തുന്നതായും പരാതി. മോർഫ് ചെയ്ത ചിത്രങ്ങൾ സൃഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്താണ് വായ്പാ ആപ്പ് സംഘങ്ങൾ ഉപഭോക്താക്കളെ ബ്ലാക്ക്മെയ്ൽ ചെയ്യുന്നത്. ആധാർ, പാൻ രേഖകൾ ഉപയോഗിച്ചും പലതരത്തിൽ ഭീഷണി മുഴക്കുന്നുണ്ട്.
വായ്പ എടുക്കുമ്പോൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ കൂടുതൽ പണം തിരിച്ചടവിൽ ഇവർ ഈടാക്കുന്നു. ഇത് നൽകാൻ തയ്യാറാകാത്തവരെയാണ് ഭീഷണിപ്പെടുത്തി സമ്മർദ്ദത്തിലാക്കാൻ വായ്പാ സംഘങ്ങൾ ശ്രമിക്കുന്നത്. കോവിഡ് മൂലമോ മറ്റ് കാരണങ്ങൾ മൂലമോ ഒരു തവണയെങ്കിലും അടവ് മുടങ്ങിപ്പോകുന്നവരിൽ നിന്നും അതിന്റെ പേരിൽ വലിയ മാറ്റമാണ് വായ്പാ ആപ്പുകൾ തിരിച്ചടവിൽ വരുത്തുന്നത്.
കോവിഡ് കാലത്ത് സാമ്പത്തികത്തകർച്ച നേരിട്ടവരുടെ ഗതികേടിനെയാണ് ഓൺലൈൻവായ്പാ ആപ്പുകൾ ചൂഷണം ചെയ്യുന്നത്. പഴ്സനൽ ലോൺ വേഗത്തിൽ ലഭിക്കും എന്ന വാഗ്ദാനത്തിലാണ് പലരും പെട്ടുപോകുന്നത്. വായ്പ കിട്ടുമെന്ന് കരുതി ആധാറും പാൻനമ്പറുമെല്ലാം ഓൺലൈനിൽ നൽകും. ഒരുലക്ഷം രൂപ ചോദിക്കുന്നവർക്ക് ആദ്യം ഒരാഴ്ച കാലയളവിൽ 5000 രൂപ നൽകും. പലിശകഴിഞ്ഞ് 3500 രൂപമാത്രം അക്കൗണ്ടിൽവരും.
തിരിച്ചടവ് വൈകുമ്പോഴാണ് ഈ തട്ടിപ്പ് കമ്പനികൾ ഭീഷണികൾ ആരംഭിക്കുന്നത്. വായ്പയ്ക്കായി നൽകിയ ഫോട്ടോ, പാൻ, ആധാർകാർഡ് എന്നിവ ദുരുപയോഗിക്കുകയാണ് ആദ്യം ചെയ്യുന്നത്. ലോൺ എടുത്തവരുടെ മുഴുവൻ ഫോൺ കോൺടാക്ട്സിലേക്കും മോശം സന്ദേശങ്ങൾ അയയ്ക്കും. ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കും. കഴിഞ്ഞ ദിവസം ഇവർ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചവനെന്ന് കാണിച്ച് ആലപ്പുഴ സ്വദേശിയുടെ ചിത്രമാണ് പ്രചരിപ്പിച്ചിരുന്നു. വായ്പാ ആപ് കെണിയിൽ കുടുങ്ങിയ ആയിരങ്ങളിൽ ഒരാൾ മാത്രമാണിത്. കേരളത്തിൽ മാത്രം ആയിരങ്ങൾ ഈ കെണിയിൽ കുടുങ്ങിയിട്ടുണ്ടെങ്കിലും പുറത്തുപറയാൻ മടിക്കുന്നതും പരാതി നൽകാത്തതും തട്ടിപ്പുകാർക്ക് സൗകര്യമാകുന്നു. പലരും നാണക്കേടൊഴിവാക്കാൻ അഞ്ചും പത്തും ഇരട്ടിത്തുക അടച്ചുതീർക്കുന്നുമുണ്ട്.
അറിവില്ലായ്മ കാരണവും സാങ്കേതിക പരിജ്ഞാനക്കുറവ് മൂലവും പലരും അബദ്ധങ്ങൾ ചെന്ന് ചാടാറുണ്ട്. വായ്പാ ആപ്പുകളുടെ കെണിയിൽ വീണ ഒരു ഇര തന്റെ അവസ്ഥ തുറന്നുപറഞ്ഞ് കുറച്ചുദിവസങ്ങൾക്ക് മുമ്പ് മറുനാടനിലേയ്ക്ക് ഒരു കത്ത് അയച്ചിരുന്നു. തന്റെ അറിവില്ലായ്മ കൊണ്ടും പക്വതക്കുറവ് കൊണ്ടും വലിയൊരു സംഖ്യയുടെ ബാധ്യത വരുത്തിവച്ച ആ പെൺകുട്ടി ഇപ്പോൾ എന്തുചെയ്യണമെന്നറിയാതെ ജീവിത പ്രതിസന്ധിയിലാണ്.
മറുനാടന് ലഭിച്ച കത്ത് പ്രസിദ്ധീകരിക്കുന്നു.
എന്റെ പേര് *****. സ്ഥലം *****. ഒരു വർഷം മുൻപ് ഞാൻ ഓൺലൈനിൽ നിന്നും ഒരു ലോൺ എടുത്തിരുന്നു. എനിക്ക് അത്യാവശ്യമായി 5000 രൂപ വേണ്ടി വന്നപ്പോൾ ഞാൻ ഓൺലൈനിൽ നിന്നും അപേക്ഷിച്ചു. കുറെ അപ്ലിക്കേഷനിൽ മാറി മാറി ലോണിന് അപേക്ഷിച്ചു. അവസാനം ഒരു അപ്ലിക്കേഷനിൽ നിന്നും ലോൺ കിട്ടി. ഞാൻ എന്റെ ആവശ്യം നിറവേറ്റി. പിറ്റേ ദിവസം എന്റെ അക്കൗണ്ടിൽ 3000, 4000 വെച്ച് ഓരോ എമൗണ്ടുകൾ ക്രെഡിറ്റ് ആവാൻ തുടങ്ങി. കൊടുത്ത അപ്ലിക്കേഷനിൽ നിന്നൊക്കേ എനിക്ക് പണം കയറി. 7 ദിവസം കഴിഞ്ഞാൽ ഈ തുക തിരിച്ചടക്കണം. പലിശ നിരക്ക് വളരെ കൂടുതലാണ്. അങ്ങനെ വന്നപ്പോൾ ഞാൻ അടച്ചില്ല. നിരവധി കാൾ വന്നു കൊണ്ടിരിക്കുന്നു. ഞാൻ ഇത്രയും പലിശയിൽ തിരിച്ചടയ്ക്കിയില്ലെന്ന് പറഞ്ഞു. അങ്ങനെ 15 ദിവസത്തോളം മുന്നോട്ടു പോയി. പലിശ കൂടി വന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ കള്ളിയാണെന്നും പറഞ്ഞ് എന്റെ ഫോട്ടോയും ആധാർ കാർഡ്, പാൻകാർഡ് സഹിതം അവർക്ക് മെസ്സേജ് പോയിട്ടുണ്ടെന്ന് എന്റെ ഫ്രണ്ട്‌സ് വിളിച്ചു പറഞ്ഞു. ഞാൻ വാട്സ്ആപ്പ് തുറന്ന് നോക്കിയപ്പോൾ എന്റെ പേരിനൊപ്പം ഫ്രോഡ് എന്നും ചേർത്ത് ഒരു ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നു. അതിൽ എന്റെ കോൺടാക്ടിലെ പലരെയും ഉൾപെടുത്തിയിരിക്കുന്നു. പിന്നെ എനിക്ക് പേടി വന്നു ഞാൻ കടം വാങ്ങി എല്ലാ തുകയും അടച്ചു. ഏഴ് ദിവസം എടുത്തു ആ തുകയൊക്കെ അടച്ചു തീർക്കാൻ. അത് കഴിഞ്ഞു വീണ്ടും മെസ്സേജ് വന്നു അടയ്ക്കാൻ ബാലൻസ് ഉണ്ടെന്ന് പറഞ്ഞ്. അപ്പോളേക്കും അപ്ലിക്കേഷൻസ് എല്ലാം ഞാൻ ഒഴിവാക്കിയിരുന്നു. ഇവരോടെ ഭീഷണി പേടിച്ച് അവർ പറയുന്ന തുക ഒക്കെ ഞാൻ അടച്ചു കൊണ്ടിരുന്നു. ഞാൻ അങ്ങനെ കടക്കാരിയായി. വീട്ടിൽ അറിഞ്ഞാൽ എന്നെ വഴക്ക് പറയും എന്ന് പേടിച്ച് ഞാൻ ഒറ്റയ്ക്ക് തന്നെ എല്ലാം ചെയ്തു.
ഒടുവിൽ ശല്യം സഹിക്കാനാകാതെ വന്നപ്പോൾ പൊലീസ് സ്റ്റേഷനിൽ ഞാൻ പരാതി നൽകി. പരാതി സ്വീകരിച്ച അവർ എന്നെ കുറെ ഉപദേശിച്ചു. ആപ്പിന്റെ പണം അടച്ചുതീർക്കാൻ കടം വാങ്ങി വാങ്ങി ഒടുവിൽ എനിക്ക് പലിശയ്ക്ക് വാങ്ങേണ്ടി വന്നു. പലിശ കൊടുക്കാൻ പറ്റാത്തയപ്പോൾ വീണ്ടും വേറെ ആളുകളോട് പലിശയ്ക്ക് വാങ്ങും. ബാധ്യത കൂടിവന്നു. പലിശക്കരെ കൊണ്ട് എനിക്ക് നിൽക്കാൻ പറ്റാതായി. പിന്നെ ആരും ക്യാഷ് തരാത്ത അവസ്ഥയിലായി. പിന്നെ എനിക്ക് ഒന്നും ചെയ്യാൻ പറ്റാതെ ആയി. പണം കൊടുക്കാനുള്ള ആളുകൾ വിളിച്ചു. ഞാൻ പിന്നീട് ഒരു മണിക്കൂർ ക്യാഷ് അങ്ങോട്ട് ഓഫർ പറഞ്ഞു എല്ലാരോടും വാങ്ങി 1000 രൂപ തരാം ഞാൻ ഷെയർമാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യന്നു പറഞ്ഞു. അപ്പോൾ ആളുകൾ പണം തന്നു. വീണ്ടും ഞാൻ വലിയ കടക്കാരിയായി. പിന്നീട് ഞാൻ വെറുതെ കടം ചോദിച്ചാൽ ആരും തരില്ല. ഒരു മണിക്കൂർ എത്ര തരാമെന്ന് പറഞ്ഞാൽ തരും.
ബാധ്യത കൂടിയപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ പറ്റാതെ ആയി. പിന്നെ വീട്ടിൽ നിന്നും ആരും അറിയാതെ പലിശ കൊടുക്കാൻ ഓരോ ആഭരണമായി എടുത്തുകൊണ്ട് പോയി 20 ശതമാനം പലിശയിൽ പണയം വച്ചു. മാസം പലിശ മാത്രം അഞ്ച് ലക്ഷത്തിന് പുറത്തുകൊടുക്കേണ്ട അവസ്ഥയിലായി. അപ്പോഴേയ്ക്ക് കോവിഡ് വന്നു ആകെ പ്രശ്നം ആയി. വിവരങ്ങൾ വീട്ടിൽ അറിഞ്ഞു. അച്ഛന് താങ്ങാൻ പറ്റിയില്ല. സ്വർണം മുഴുവൻ കൊണ്ടുപോയി കൊടുത്ത് കടം തീർക്കാം എന്ന് അച്ഛൻ പറഞ്ഞു. സ്വർണം മുഴുവൻ ഞാൻ പണയം വച്ചിരിക്കുകയാണ്, അച്ഛാ രക്ഷിക്കണം എന്നു പറഞ്ഞു ഞാൻ കരഞ്ഞു. അവസാനം അച്ഛന്റെ കൈയിൽ ഉള്ളതൊക്കെ കൊണ്ട് പോയി കൊടുത്തു എന്നിട്ടും ബാധ്യത തീർന്നില്ല. അച്ഛൻ പുറത്തുനിന്ന് കടം വാങ്ങി തന്നു. എന്നിട്ടും തീർന്നില്ല.
ഞാൻ നിൽക്കാൻ പറ്റാതാവുമ്പോൾ പുറത്ത് നിന്ന് ഒരു മണിക്കൂർ എന്ന് പറഞ്ഞു മാറി മാറി ക്യാഷ് കടം വാങ്ങും. അവസാനം ഒരിടത്തുനിന്നും കിട്ടാതെ വന്നപ്പോൾ 10000 രൂപയ്ക്ക് വരെ ഒരു മണിക്കൂറിനു 2000 തരാമെന്ന് പറഞ്ഞു വാങ്ങാൻതുടങ്ങി. അത്രയും പലിശ ഓഫർ ചെയ്തപ്പോൾ കയ്യിൽ ഇല്ലാത്തവർ ആരോടേലും വാങ്ങി തരാൻ തുടങ്ങി. ഇപ്പോൾ എന്റെ അവസ്ഥ ദയനീയമാണ്. കടം കൂടി കൊണ്ടിരിക്കുകയാണ്. അച്ഛനൊന്നും ഇനി സഹായിക്കാൻ പറ്റില്ല. ഞാൻ ഇപ്പോഴും ഒരു മണിക്കൂർ അവധി പറഞ്ഞ് മറ്റുള്ളവരിൽ നിന്നും പണം വാങ്ങുന്നത് തുടരുകയാണ്. ഞാൻ ഒരു പെൺകുട്ടി ആയതുകൊണ്ട് ആരോടും എന്റെ അവസ്ഥ അച്ഛൻ പറഞ്ഞില്ല. മറ്റുള്ളവർ ഞാൻ തെറ്റായ രീതിയിൽ നടന്നെന്നു പറഞ്ഞു ചീത്ത പേര് ഉണ്ടാകും എന്ന് വിചാരിച്ചു. ഇപ്പോൾ ഞാൻ വലിയ തുകയുടെ കടക്കാരിയാണ്. ജീവിതം മുന്നോട്ടു പോവാൻ പറ്റാത്ത അവസ്ഥയിലാണ്. മരണത്തെ പറ്റി ചിന്തിക്കാൻ എനിക്ക് പറ്റില്ല. പണം കൊടുക്കാൻ ഉള്ളവർ അച്ഛനെ തേടി വരും. എനിക്ക് മുന്നോട്ടു പോവാൻ പറ്റാതാവുന്നു. മാനസികമായി ഞാൻ തകർന്നു കൊണ്ടിരിക്കുന്നു. പലരെയും വിളിച്ചു പലിശ രഹിതമായി സഹായിക്കുമോ എന്നു ചോദിച്ചു. എല്ലാ ബാധ്യതയും ഒരാളിൽ ആക്കിയിട്ട് അയാൾക്ക് തിരിച്ചു കൊടുക്കലോ എന്നു വിചാരിച്ചു. ആരും പലിശ ഇല്ലാതെ വെറുതെ പണം തരില്ല. ഞാൻ ബിഎംസിഎഫ് വാട്സ്ആപ്പ് നമ്പറിൽ വരെ മെസ്സേജ് ചെയ്തു. ഒടുവിൽ എന്നെ അവർ ബ്ലോക്ക് ചെയ്തു. ഞാൻ ആവർത്തിച്ചു സഹായം ചോദിച്ചതുകൊണ്ടാവും.
കഴിഞ്ഞ കുറച്ചു ദിവസമായി എനിക്ക് വീണ്ടും മെസ്സേജുകൾ വന്നു തുടങ്ങി ലോൺ ഡ്യൂ ഉണ്ടെന്നും പറഞ്ഞ്. പല നമ്പറുകളിൽ നിന്നും. അതിൽ പറയുന്ന ആപ്പിൽ നിന്നും ഞാൻ കടം വാങ്ങിയിട്ടില്ല. കോളും വന്നു. ഞാൻ ആ ആപ്പിൽ എന്റെ ഫോണിൽ നിന്നും കയറി നോക്കിയപ്പോൾ ഒടിപി തെറ്റായത് റീഡ് ആയി ആപ്പ് ഓപ്പൺ ആയി ഡ്യൂ കാണിക്കുന്നു. ഇതുപോലെ ഉള്ള ഓൺലൈൻ കെണിയിൽ ആരും പോയി ചാടരുത്. എനിക്ക് ഇപ്പോൾ വരുന്ന മെസ്സേജുകൾ ഞാൻ താഴെ കൊടുക്കുന്നു. എന്നെ സഹായിക്കൻ പറ്റുമെങ്കിൽ സഹായിക്കണം. ഇങ്ങനെ ഓരോ ദിവസവും ഉരുകിഉരുകി മുന്നോട്ടു പോകുന്നത് ഭയങ്കര പ്രയാസമാണ്. എന്റെ ഈ അപേക്ഷ നിങ്ങൾ സ്വീകരിച്ചു എന്നെ പലിശരഹിതമായി സഹായിക്കാണമെന്ന് അപേക്ഷിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ