പത്തനംതിട്ട: ചെറിയ തോതിലുണ്ടായ നെഞ്ചുവേദനയുമായി ചികിൽസ തേടിയ യുവാവിനെ മുക്കാൽ മണിക്കൂറോളം ആശുപത്രി അധികൃതർ തിരിഞ്ഞു നോക്കിയില്ല. രണ്ടാമതുണ്ടായ ശക്തമായ ഹൃദയാഘാതത്തിൽ യുവാവ് മരിച്ചു. ആശുപത്രി അധികൃതർക്കെതിരേ പരാതിയും നിയമനടപടിയുമായി ബന്ധുക്കൾ മുന്നോട്ട്.

ഹൃദയാഘാതത്തെ തുടർന്ന് അടൂർ ഹോളിക്രോസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കരുവാറ്റ തുണ്ടിയിൽകിഴക്കേതിൽ (ജോയ് ബംഗ്ലാവ്) ജോയി വർഗീസ് (47) ആണ് മരിച്ചത്. കഴിഞ്ഞ 19 നാണ് ജോയി വർഗീസിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇസിജിയിൽ ഹൃദയാഘാതമുണ്ടായെന്ന് വ്യക്തമായെങ്കിലും അതിനനുസരിച്ചുള്ള ചികിത്സ നൽകാൻ അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്ക് കഴിഞ്ഞില്ല.

ചെറിയ തോതിലുള്ള ഹൃദയാഘാതമുണ്ടാകുന്ന രോഗിക്ക് സാധാരണ എംബിബിഎസ് ഡോക്ടർമാർ ചെയ്യുന്ന പ്രാഥമിക ചികിത്സ പോലും ജോയി വർഗീസിന് നൽകിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. അത്യാസന്ന നിലയിലായിരുന്ന രോഗിയോട് ഏതു മരുന്നാണ് നൽകേണ്ടതെന്നാണ് ഡോക്ടർ ചോദിച്ചത്. ഏകദേശം 45 മിനിട്ടാണ് രോഗിക്ക് കാര്യമായ ചികിത്സ നൽകാതെ കിടത്തിയത്. ഈ സമയത്തിനിടയിൽ ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനോട് ഒരു തവണ പോലും ബന്ധപ്പെടാൻ അധികൃതർ തയാറായില്ല. ഇതിനിടയിൽ രണ്ടാമത്തെ അറ്റാക്ക് ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

രോഗി മരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ അവിടെ നിന്നും മറ്റെവിടേക്കെങ്കിലും കൊണ്ടുപോയ്‌ക്കൊള്ളാൻ ആശുപത്രി അധികൃതർ ആവശ്യപ്പെടുകയും ചെയ്തു. ഇത് ക്രിമിനൽ കുറ്റമാണെന്നും ബന്ധുക്കൾ പറഞ്ഞു. ആശുപത്രി അധികൃതരുടെ പിഴവിനെതിരെ ജില്ലാ പൊലിസ് ചീഫ്, ഡിഎംഒ, ആരോഗ്യ മന്ത്രി തുടങ്ങിയവർക്ക് പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു. ആശുപത്രി അധികൃതർ നാടിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡുകളിൽ കൊറോണറി കെയർ യൂണിറ്റുണ്ടെന്നും 24 മണിക്കൂറും എമർജൻസി വിഭാഗം പ്രവർത്തിക്കുമെന്നും എഴുതിയിട്ടുണ്ട്. വെബ്‌സൈറ്റിലും ഈ അറിയിപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ചെറിയ നെഞ്ചുവേദന ഉണ്ടായിട്ടു പോലും ഈ ആശുപത്രിയിലേക്ക് കൊണ്ടു വന്നതെന്ന് ബന്ധുക്കൾ പറയുന്നു.