കൊല്ലം: ആദ്യം സ്ഥലം വിലയ്ക്ക് ചോദിക്കും, കൊടുത്തില്ലെങ്കിൽ പിന്നെ എട്ടിന്റെ പണി കിട്ടും. സാധാരണ വൻകിട ഭൂമാഫിയകളും, റിസോർട്ട് ഹോട്ടൽ ഗ്രൂപ്പുകളും മറ്റും ഗുണ്ടകളെ വിട്ട് സാധാരണ ചെയ്യാറുള്ള കാര്യമാണിത്. എന്നാൽ ഒരു സന്യാസിമഠം ഇത്തരത്തിൽ അയൽവാസിയെ ദ്രോഹിച്ചാലോ? വള്ളിക്കാവിലെ ആശ്രമത്തിൽ ഭക്തരെ ആശ്ലേഷിച്ച് അനുഗ്രഹിക്കുന്ന മാതാ അമൃതാനന്ദമയിയുടെ ശിഷ്യർ തന്നെ ദ്രോഹിക്കുന്നതായി കാണിച്ച് അയൽവാസിയുടെ പരാതി. അമൃതാനന്ദമയി ആശ്രമത്തിന് തൊട്ടടുത്ത് താമസിക്കുന്ന തെക്കേമുറിയിൽ പടന്നേർക്കളം കുഞ്ഞച്ചന്റെ മകൻ പ്രകാശ് ആണ് പരാതിയുമായി പൊലീസിന്റേയും ഭരണകൂടത്തിന്റേയും മുന്നിലെത്തിയിരിക്കുന്നത്. മഠത്തോടു ചേർന്ന 52 സെന്റ് പുരയിടത്തിൽ താമസിക്കുന്ന പ്രവാസിയായിരുന്ന പ്രകാശിനേയും കുടുംബത്തേയും ആശ്രമം ദ്രോഹിക്കുകയാണെന്നാണ് ആക്ഷേപം.

കുറച്ചുനാൾ മുൻപ് അമൃതാന്ദമയി ആശ്രമത്തിലെ ചില സന്യാസിമാരുടെ നേതൃത്വത്തിൽ പ്രകാശിന്റെ വീട്ടിലെത്തി വസ്തു വിലയ്ക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക് കുടുംബപരമായി കൈമാറിക്കിട്ടിയ ഭൂമി ഒരു കാരണവശാലും കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ അവർ പറഞ്ഞ വിലയും വളരെ തുഛമായിരുന്നുവെന്ന് പ്രകാശ് മറുനാടൻ മലയാളിയോട് പറഞ്ഞു.

അന്ന് ഇവർക്ക് ഇത്രത്തോളം വൈരാഗ്യമുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഇതിനു ശേഷം കാര്യമായ അടുപ്പങ്ങൾ ഒന്നുംതന്നെ ആശ്രമവുമായി ഉണ്ടായിരുന്നില്ല. ഇതിനു ശേഷമാണ് ആശ്രമവും പണി തുടങ്ങിയത്. അമൃതാനന്ദമയിയുടെ ജന്മ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഭക്ഷണപ്പുരയിൽ നിന്നുള്ള മാലിന്യം മുഴുവൻ പ്രകാശിന്റെ വസ്തുവിലേക്ക് ഒഴുക്കുകയാണെന്നാണ് ആരോപണം. പതിനായിരക്കണക്കിനാളുകൾക്ക് ഭക്ഷണം ഒരുക്കുന്ന പാചകപ്പുരയിൽ നിന്നുള്ള മാലിന്യത്തിൽ പലപ്പോഴും ഭക്ഷണാവശിഷ്ടങ്ങൾപ്പോലും ഒഴുകുന്നത് പ്രകാശിന്റെ സ്ഥലത്തേക്കാണ്. മലിനജലം തളം കെട്ടി നിൽക്കുന്നതിനാൽ രൂക്ഷമായ ദുർഗന്ധവും അതിലേറെ ആരോഗ്യപ്രശ്‌നങ്ങളും സഹിച്ചുകഴിയുകയാണ് ഈ കുടുംബം.

എല്ലാ വർഷവും ഇത്തരത്തിൽ മാലിന്യപ്രശ്‌നമുണ്ടാകാറുണ്ടെങ്കിലും ഇപ്രാവശ്യമാണ് ഇത്രത്തോളം രൂക്ഷമായത്. വീട്ടിലേക്ക് പ്രവേശിക്കുന്ന വഴിയിലെല്ലാം അഴുക്ക് വെള്ളം തളം കെട്ടി നിൽക്കുന്ന അവസ്ഥയാണുള്ളത്. ആദ്യം പാചകപ്പുരയിലെ ജോലിക്കാരോടാണ് ഇതുസംബന്ധിച്ച പരാതി പറഞ്ഞത്. സഹികെട്ടപ്പോൾ കുറച്ച് രൂക്ഷമായി തന്നെ പ്രകാശ് പ്രതികരിച്ചു. ഇതോടെ തന്റെ പറമ്പിലേക്ക് മദ്യക്കുപ്പികൾ എറിയുക വരെ ചെയ്തുവെന്ന് അദ്ദേഹം പറയുന്നു.

തന്നെയും കുടുംബത്തേയും ബാധിക്കുന്ന മാലിന്യപ്രശ്‌നത്തെക്കുറിച്ച് ആശ്രമത്തിലെത്തിയും ഈ കുകുടുംബനാഥൻ പരാതിപ്പെട്ടിരുന്നു. എന്നാൽ തങ്ങൾക്ക് ഇത്രയൊക്കയേ കഴിയൂ, ഇനി നിങ്ങൾ നിങ്ങളുടെ വഴി നോക്കിക്കൊള്ളൂ എന്നാണത്രെ ആശ്രമത്തിന്റെ ചുമതലയുള്ള സ്വാമി പറഞ്ഞതെന്ന് പ്രകാശ് പറഞ്ഞു. ഇതോടെ നിയമപരമായി നീങ്ങാൻ അദ്ദേഹം തീരുമാനിച്ചു. നാട്ടിലെ പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധയിലും പ്രകാശ് ഈ വിഷയം പെടുത്തിയിരുന്നു. എന്നാൽ പഞ്ചായത്ത് ഭരണാധികാരികളെല്ലാം അമൃതാനന്ദമയി മഠത്തിനൊപ്പമാണെന്ന് അദ്ദേഹം ആരോാപിച്ചു.

ഗത്യന്തരമില്ലാതെ വന്നതോടെ കരുനാഗപ്പള്ളി എ സി പിക്ക് പരാതി എഴുതി നൽകി. എന്നാൽ അദ്ദേഹവും അനുകൂല നിലപാടെടുത്തില്ലെന്ന് പ്രകാശ് പറയുന്നു. ക്രമസമാധാന പ്രശ്‌നമല്ലെന്നും ഇത് മാലിന്യപ്രശ്‌നം മാത്രമാണെന്നുമാണ് പൊലീസിന്റെ നിലപാട്. പഞ്ചായത്താണ് വിഷയത്തിൽ നടപടിയെടുക്കേണ്ടതെന്ന് കരുനാഗപ്പള്ളി എ സി പി മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ സുപ്രീം കോടതി ജഡ്ജിമാരുൾപ്പെടെ ഭക്തരായുള്ള ആശ്രമത്തിനെതിരായി ഒരു ചെറുവിരൽ പോലും അനക്കാൻ പൊലീസിന് കഴിയില്ലെന്നാണ് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തന്നെ സ്വകാര്യ സംഭാഷണത്തിനിടക്ക് ഇക്കാര്യം സ്ഥിരീകരിച്ചു. ഇത്ര വലിയ ആശ്രമത്തിനെതിരായി ഒരു ചെറുവിരൽ പോലും അനക്കാൻ പൊലീസിന് കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

എന്തായാലും ആശ്രമത്തിന്റെ കയ്യൂക്കിന് മുൻപിൽ മുട്ടുമടക്കില്ലെന്നാണ് പ്രകാശിന്റെ നിലപാട്. മാലിന്യപ്രശ്‌നം ചൂണ്ടിക്കാട്ടി കൊല്ലം ഡിഎംഒക്കും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർക്കും രേഖാമൂലം പരാതി നൽകിയിരിക്കുകയാണ് അദ്ദേഹം. നടപടിയൊന്നും ആയില്ലെങ്കിൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനാണ് ഈ കുടുംബനാഥന്റെ തീരുമാനം.