- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഹുബലിയെയും കട്ടപ്പയെയും കണ്ണൂരിൽ നിന്നും ഓടിക്കുമോ? കണ്ണവം വനത്തിലെ സിനിമാ ഷൂട്ടിംഗിന് വനം വകുപ്പിന് ഹൈക്കോടതി നോട്ടീസയച്ചു; വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾക്കാട്ടിൽ കത്തിച്ചു; നിയമ പോരാട്ടത്തിന് ആദിവാസികളും
കണ്ണൂർ: ബാഹുബലി രണ്ടാം ഭാഗം ചിത്രീകരിക്കാൻ കണ്ണവം വനത്തിൽ അനുമതി നൽകിയ വനം വകുപ്പിന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്രസർക്കാരിന്റെ വനാവകാശനിയമത്തിന്റെ പരിരക്ഷയുള്ള കണ്ണവം വനത്തിൽ വനനിയമങ്ങൾ ലംഘിച്ച് സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയ സംസ്ഥാന ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് കോടതി നോട്ടീസ് അയച്ച്ത്. കുറിച്യ മുന്നേറ്റ സമിതി
കണ്ണൂർ: ബാഹുബലി രണ്ടാം ഭാഗം ചിത്രീകരിക്കാൻ കണ്ണവം വനത്തിൽ അനുമതി നൽകിയ വനം വകുപ്പിന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്രസർക്കാരിന്റെ വനാവകാശനിയമത്തിന്റെ പരിരക്ഷയുള്ള കണ്ണവം വനത്തിൽ വനനിയമങ്ങൾ ലംഘിച്ച് സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയ സംസ്ഥാന ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് കോടതി നോട്ടീസ് അയച്ച്ത്.
കുറിച്യ മുന്നേറ്റ സമിതി ഹൈക്കോടതിയിൽ നൽകിയ പരാതിയെത്തുടർന്ന് രണ്ടു ദിവസത്തിനകം മറുപടി നൽകണമെന്നാണ് വനം വകുപ്പിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. പത്തു ദിവസത്തെ ബാഹുബലി ഷൂട്ടിങ് സമാപിച്ചപ്പോൾ കാട്ടിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിച്ചതായും പുതിയ ആരോപണമുയർന്നിട്ടുണ്ട്. ഷൂട്ടിങ്ങിന്റെ ഭാഗമായി ഉപയോഗിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഉൾക്കാട്ടിൽ കൊണ്ടു പോയി കത്തിക്കുകയായിരുന്നുവെന്ന് ആദിവാസികൾ ആരോപിക്കുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തുമ്പോൾ വനത്തിൽ രൂക്ഷമായ ദുർഗന്ധം വ്യാപിച്ചതായും ആദിവാസികൾ പറയുന്നു.
വനാന്തർഭാഗത്ത് നടക്കുന്ന സംഭവങ്ങളാണ് പ്രധാനമായും കണ്ണവം വനത്തിൽ ബാഹുബലിക്കു വേണ്ടി ചിത്രീകരിച്ചത്. ഷൂട്ടിങ് താരങ്ങളടക്കം നൂറോളം പേരും ഉണ്ടായിരുന്നു. ഷൂട്ടിങ് വേളയിലും മറ്റും ഇവർ ഉപയോഗിച്ച വസ്തുക്കൾ കാട്ടിൽ നാലു സ്ഥലങ്ങളിലായി തീയിട്ടു നശിപ്പിച്ചതായി ആദിവാസികൾ ആരോപിക്കുന്നു. ലൊക്കേഷനിൽ പലയിടത്തും പ്ലാസ്റ്റിക്ക് ഉത്പ്പന്നത്തിന്റെ അമിതസാന്നിധ്യവുമുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം ചിത്രീകരണസംഘം ഉപേക്ഷിച്ചതോടെ തീ കൊളുത്തുകയാണെന്നാണ് പ്രധാന ആരോപണം. ഫൈറ്റ് മാസ്റ്റർ ലീയുടെ സംഘട്ടനരംഗത്തിനു വേണ്ടിത്തന്നെ പ്ലാസ്റ്റിക്ക് അടിസ്ഥാനമാക്കിയുള്ള നിരവധി വസ്തുക്കൾ ഉപയോഗിച്ചിരുന്നു. ഇതെല്ലാം വനത്തിനകത്ത് തീയിട്ട ഉടൻ തന്നെ വനപാലകരെ അറിയിച്ചെങ്കിലും അവർ ഗൗനിച്ചില്ലെന്നും ആദിവാസികൾ പറയുന്നു.
പരിസ്ഥിതി സംരക്ഷണത്തിന് ഹാനികരമാകുമെന്ന് പറഞ്ഞ് ആദിവാസിക്കോളനിയിലേക്കുള്ള റോഡുകൾ ടാർ ചെയ്യാൻ പോലും വനപാലകർ അനുവദിച്ചിരുന്നില്ല. കാട്ടിൽ മാലിന്യം ഉപേക്ഷിച്ചതിനും കത്തിച്ചതിനും ഒരു നടപടിയും എടുക്കാത്തത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കുറിച്യ മുന്നേറ്റ സമിതി നേതാവ് സുശാന്ത് ചോദിക്കുന്നു. ബാഹുബലി ചിത്രീകരണത്തിനു വേണ്ടി പരമ്പരാഗതമായി ആദിവാസികൾ ഉപയോഗിച്ചു വരുന്ന ചങ്ങല ഗേറ്റും പെരുവ കോളനി റോഡും ചിത്രീകരണസംഘം കയ്യേറുകയായിരുന്നു.
വഴികളിൽ കമ്പകെട്ടിയും സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെ ഉപയോഗിച്ചും ആദിവാസികളുടെ ദൈനംദിന ജീവിതം പോലും ദുസ്സഹമാക്കിയിരുന്നു. ആദിവാസികളുടെ ആരാധനാ കേന്ദ്രത്തിന്റെ പരിസരവും പുഴയും മലിനമാക്കുകയും ചെയ്തതായി കുറിച്യമുന്നേറ്റ സമിതി ആരോപിച്ചു. വനാവകാശ നിയമത്തിനു വിരുദ്ധമായി നിലപാടു സ്വീകരിച്ച വനം വകുപ്പിനെതിരെ നിയമത്തിന്റെ ഏത് അറ്റം വരെ പോകാൻ തയ്യാറായിരിക്കയാണ് കണ്ണവം വനത്തിലെ ആദിവാസികൾ.