തിരുവനന്തപുരം: പത്തോളം ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നു. എന്നാൽ ഐപിഎസുകാർക്കെതിരായ കേസുകൾ പൊലീസ് പൂഴ്‌ത്തി വയ്ക്കുകയാണോ? ഐഎഎസ് ഉദ്യോഗസ്ഥർക്കാണ് ഈ സംശയമുള്ളത്.

ഡിജിപി റാങ്കിലുള്ള ഹേമചന്ദ്രൻ പോലും കുടുങ്ങാനിടയുള്ള പുറ്റിങ്ങൽ വെടിവയ്‌പ്പ് ദുരന്തത്തിൽ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് എങ്ങുമെത്തിച്ചില്ല. ഇതിന് സമാനമായ അട്ടിമറികൾ ക്രൈംബ്രാഞ്ച് ഇ-ബീറ്റ് അഴിമതിയിലും നടത്തി. ഐഎഎസ് അസോസിയേഷൻ പ്രസിഡന്റായ ടോം ജോസിനെ സസ്‌പെന്റ് ചെയ്യണമെന്ന് വിജിലൻസ് സർക്കാരിനോട് ആവശ്യപ്പെടുന്നു. ഇതിന് സമാനമായി നടപടിയൊന്നും ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടാകുന്നില്ല. പരീക്ഷയ്ക്ക് തുണ്ടു വച്ചെഴുതിയ ഐപിഎസുകാരനെ പോലും രക്ഷിക്കാനാണ് പൊലീസുകാർ ശ്രമിക്കുന്നതെന്നും ഐഎഎസുകാർക്ക് പരാതിയുണ്ട്.

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ കർശന ഇടപെടലുകളിലൂടെയാണ് ഐഎഎസുകാർക്കെതിരായ വിജിലൻസ് കേസുകളിൽ അന്വേഷണം ശക്തമാക്കിയത്. എന്നാൽ പൊലീസുകാർക്കെതിരായ പരാതികൾ എങ്ങുമെത്തുന്നില്ല. സംസ്ഥാന പൊലീസ് നടപ്പാക്കിയ ഇ-ബീറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ വിജിലൻസ് ത്വരിത പരിശോധന ആരംഭിച്ചത് കഴിഞ്ഞ ദിവസം മാത്രമാണ്.

യുഡിഎഫ് സർക്കാരിന്റെ കാലത്തു നടപ്പാക്കിയ പദ്ധതിയിൽ കോടികളുടെ വെട്ടിപ്പു നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ സംസ്ഥാന പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യം, തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം എന്നിവരുടെ പങ്കുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്. എന്നാൽ ഒരു പുരോഗതിയും ഈ വിഷയത്തിൽ ഉണ്ടായില്ല. ഇതിന് കാരണം ഐപിഎസുകാർക്കെതിരെ അന്വേഷണം നടത്താനുള്ള ക്രൈംബ്രാഞ്ചിന്റെ താൽപ്പര്യക്കുറവാണ്. ഇത് ഇരട്ട നീതിയാണെന്ന് ഐഎഎസുകാർ ആരോപിക്കുന്നു.

പുറ്റിങ്ങൽ ദുരന്തത്തിൽ പൊലിഞ്ഞത് നൂറോളം സാധാരണക്കാരുടെ ജീവനാണ്. കൊല്ലം കളക്ടറുടെ നിർദ്ദേശം മറികടന്ന് ചില പൊലീസ് ഉദ്യോഗസ്ഥർ വെടിക്കെട്ടിന് അനുമതി നൽകുകയായിരകുന്നു. ഇക്കാര്യമെല്ലാം പ്രഥമദൃഷ്ട്യാ വ്യക്തവുമാണ്. ഇത് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ സർക്കാർ ചുമതലപ്പെടുത്തി. എന്നാൽ കുറച്ചു ദിവസം അന്വേഷിച്ചതോടെ പ്രതികളായി പൊലീസ് ഉദ്യോഗസ്ഥരെത്തുമെന്ന് ഉറപ്പായി. ഇതോടെ പുറ്റിങ്ങലിൽ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു.

ഇതാണ് ഐഎഎസുകാർ പരാതിയായി ഉയർത്തുന്നത്. ഇത് തന്നെയാണ് ക്രൈംബ്രാഞ്ച് ഇ ബീറ്റ് അഴിമതിയിലും ചെയ്തത്. ക്രൈംബ്രാഞ്ച് എഡിജിപിയായിരുന്ന അനന്തകൃഷ്ണൻ ഈ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നാണ് ആക്ഷേപം. ഇതിനിടെയാണ് പൊലീസ് ഉന്നതർ ഉൾപ്പെട്ട കേസ് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി 42 ദിവസത്തിനകം റിപ്പോർട്ട് കൈമാറാനാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നൽകിയിരിക്കുന്ന നിർദ്ദേശം.

തിരുവനന്തപുരം സ്‌പെഷൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന് എസ്‌പി ആർ. സുകേശനാണ് അന്വേഷണ ചുമതല. പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ബീറ്റ് പട്രോളിംഗിനു പോകുന്ന ഉദ്യോഗസ്ഥരുടെ ഹാജർ രേഖപ്പെടുത്താനാണ് ഇ-ബീറ്റ് പദ്ധതി നടപ്പാക്കിയത്. ലക്ഷങ്ങൾ ചെലവിട്ടു സ്ഥാപിച്ച ഇ-ബീറ്റ് യൂണിറ്റുകൾ ഇപ്പോൾ പ്രവർത്തന സജ്ജമല്ല. വിജിലൻസിന്റെ അന്വേഷണം പ്രഹസനമാകുമെന്ന് പറയുന്ന ഐഎഎസുകാരുണ്ട്. ജേക്കബ് തോമസ് എത്രകടുപ്പിച്ചാലും വിജിലൻസിലെ ഉദ്യോഗസ്ഥർ എല്ലാം അട്ടിമറിക്കുമെന്നാണ് ആക്ഷേപം.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതിയിൽ കോടികളുടെ വെട്ടിപ്പുനടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.ഇബീറ്റ് ഇടപാടിൽ സംസ്ഥാനത്തിന് പലിശയടക്കം മൂന്നുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേന്ദ്ര ഗവൺമെന്റ് പൊലീസ് ആധുനികീകരണത്തിന് അനുവദിച്ച പണമാണ് പാഴായത്. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ഇലക്ട്രോണിക് ബീറ്റ് (ഇബീറ്റ്) സമ്പ്രദായം സ്ഥാപിക്കുന്നതിനാണ് ഉപകരണങ്ങൾ വാങ്ങാൻ കരാറുണ്ടാക്കിയത്. 650 റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ റീഡറുകളും 7450 റീഡർ കാർഡുകളും വാങ്ങുന്നതിന് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിച്ച വൈഫിനിറ്റി ടെക്‌നോളജി സിസ്റ്റംസ് എന്ന സ്ഥാപനവുമായിട്ടായിരുന്നു കരാർ. 2012 ഡിസംബറിലായിരുന്നു കരാറുറപ്പിച്ചത്. മുഴുവൻ തുകയും(1,87,81,607 രൂപ) 2013 മാർച്ചിൽ കൈമാറുകയും ചെയ്തു. ഈ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് പൊലീസുകാർക്ക് കമ്പനി പരിശീലനം നൽകണമെന്നും കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു.

എന്നാൽ, ഈ വ്യവസ്ഥകളൊക്കെ ലംഘിക്കപ്പെട്ടതായി ആദ്യ അന്വേഷണത്തിൽത്തന്നെ കണ്ടെത്തിയിരുന്നു.രാത്രികാലങ്ങളിൽ ബീറ്റ് പുസ്തകം സൂക്ഷിച്ചിട്ടുള്ള ഇടങ്ങളിലും ചുമതല നൽകിയിട്ടുള്ള ഇടങ്ങളിലും പുസ്തകം ഒഴിവാക്കി ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം ഏർപ്പെടുത്താനുള്ള പദ്ധതിയാണ് അഴിമതിയിൽ മുങ്ങിയത്. സംഭവത്തെക്കുറിച്ച് ആദ്യം അന്വേഷിച്ച സംഘം ഇടപാടിൽ അപാകം കണ്ടെത്തിയിരുന്നു. ഉപകരണങ്ങൾ മുഴുവൻ കൈമാറുംമുമ്പ് കമ്പനിക്ക് പണം മുഴുവൻ നൽകിയതിൽ അസ്വാഭാവികത ഉള്ളതായി അന്വേഷണ റിപ്പോർട്ടിലുണ്ട്. തുടർന്ന് പൊലീസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ, അന്വേഷണം എവിടെയുമെത്തിയില്ല.