മലപ്പുറം: സ്ത്രീക്കെതിരെ അപവാദപ്രചാരണം നടത്തിയെന്ന പരാതിയിൽ അലിഗഢ് സർവകലാശാലാ മലപ്പുറം കേന്ദ്രം ഡയറക്ടർക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം പെരിന്തൽമണ്ണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ സ്ത്രീ നൽകിയ പരാതിന്മേലാണ് ഡയറക്ടർ ഡോ.അബ്ദുൽ അസീസിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

വാട്‌സ് ആപ്പിലൂടെ നിരന്തരമായി അപവാദ പ്രചരണം നടത്തുകയും മാനഹാനി ഉണ്ടാക്കും വിധത്തിലുള്ള സന്ദേശങ്ങളും പോസ്റ്റുകളും പ്രചരിപ്പിച്ചു എന്ന അദ്ധ്യാപികയുടെ പരാതിന്മേലാണ് അലിഗഢ് കാമ്പസ് ഡയറക്ടർക്കെതിരെ ഐ.പി.സി 509 വകുപ്പുകളും പൊലീസ് ആക്റ്റും പ്രകാരം പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുമ്പും ഡയറക്ടർ ഡോ.അബ്ദുൽ അസീസിനെതിരെയും നേരത്തെ ഡയറക്ടർ ചാർജ് വഹിച്ചിരുന്ന ലോ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ബീഹാർ സ്വദേശിയുമായ ഡോ.എം.എച്ച് ഫരീദിക്കെതിരെയും ഇത്തരത്തിലുള്ള പരാതികൾ ഉയർന്നിരുന്നു.

അസിസ്റ്റന്റ് പ്രൊഫസറായ സ്ത്രീക്കെതിരെ അപവാദ പ്രചരണം പതിവാക്കിയ ഡയറക്ടർക്കെതിരെ നേരത്തെ പരാതി നൽകിയെങ്കിലും ഇതിൽ നടപടിയൊന്നും ഉണ്ടായില്ല. ഇതേ തുടർന്ന് മലപ്പുറം പൊലീസ് മേധാവിക്ക് വീണ്ടും അദ്ധ്യാപിക പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് പെരിന്തൽമണ്ണ പൊലീസ് അലിഗഢ് ഡയറക്ടർക്കെതിരെ കേസെടുക്കുകയായിരുന്നു. നേരത്തെ ഡയറക്ടർ ചാർജുള്ള അദ്ധ്യാപകന്റെ മോശമായ പെരുമാറ്റം ഏറെ ചർച്ചാ വിഷയമാവുവകയും വിദ്യാർത്ഥികൾ കൂട്ടത്തോടെ അനിശ്ചിത കാല സമരം നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു മലപ്പുറം പെരിന്തൽമണ്ണയിലെ അലിഗഢ് കാമ്പസിൽ വിദ്യാർത്ഥികൾ അനിശ്ചിത കാലം നടത്തിയത്. അലിഗഢ് മലപ്പുറം കേന്ദ്രത്തിലെ അനിശ്ചാതകാല സമരം വിവാദത്തിന് തിരികൊളുത്തിയതോടെ അലിഗഢ് മെയിൻ കാമ്പസിൽ നിന്നെത്തിയ സംഘം വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.

വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ കൊണ്ടു പോകാൻ ആമ്പുലൻസ് വിട്ടു നൽകാതിരുന്ന ഡയറക്ടറുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർത്ഥി സമരം ആരംഭിച്ചിരുന്നത്. പിന്നീട് വിദ്യാർത്ഥിനികളോടും ഹോസ്റ്റൽ വാർഡൻ അടക്കമുള്ള വനിതാ അദ്ധ്യാപകർക്കെതിരെയുണ്ടായ പരാതികളും ഉയർന്നു വരികയായിരുന്നു. രാജ്യത്തെ പ്രമുഖ സർവകലാശാലക്കു കീഴിലെ കേരളത്തിലെ സെന്ററിൽ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു അന്ന് പുറത്തു വരുന്നത്. എന്നാൽ സമരം അവസാനിപ്പിച്ചെങ്കിലും പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാവാതെ നീളുകയായിരുന്നു. അന്ന് സമര മുഖത്തുണ്ടായിരുന്ന വിദ്യാർത്ഥികളിൽ പലരും പഠനം കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തു.

ഇതോടെ മുൻ വൈരാഗ്യം വച്ചുകൊണ്ട് അദ്ധ്യാപികക്കെതിരെയുള്ള പ്രചരണങ്ങൾ ഡയയറക്ടർ ശക്തമാക്കുകയായിരുന്നു. മാനഹാനി വരുത്തും വിധത്തിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങൾ അസഹ്യമായതോടെ ഡയറക്ടർ ഡോ.അബ്ദുൽ അസീസിനെതിരെ അദ്ധ്യാപിക വീണ്ടും പരാതിയുമായി രംഗത്ത് വരികയായിരുന്നു. അസമയങ്ങളിൽ അദ്ധ്യാപകൻ ഗേൾസ് ഹോസ്റ്റലിൽ കയറിനിരങ്ങുന്നതായും പല പെൺകുട്ടികൽക്കും മോശമായ പെരുമാറ്റം നേരിട്ടതായും അലിഗഢ് മലപ്പുറം കാമ്പസിലെ വിദ്യാർത്ഥിനികൾ നേരത്തെ പരാതിയുമായി രംഗത്ത് വന്നിരുന്നു. രാത്രിസമയങ്ങളിൽ അദ്ധ്യാപക വിദ്യാർത്ഥി പരിധിവിട്ട് പെൺകുട്ടികൾക്ക് വിളിക്കുന്നതും ഫോട്ടോകൾ അയക്കുന്നതായുമുള്ള പരാതികളും നേരത്തെ ഉണ്ടായിരുന്നു. സെന്ററിലെ അദ്ധ്യാപിക വിദ്യാർത്ഥിനിയുമായുള്ള ഫോൺ സംഭാഷണം ചോർത്തുകയും ഇത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഒരു അദ്ധ്യാപകനെതിരെ അദ്ധ്യാപിക പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

ഇതിനു പുറമെ ഗേൾസ് ഹോസ്റ്റൽ വാർഡനായി ജോലി ചെയ്തിരുന്ന മറ്റൊരു അസിസ്റ്റന്റ് പ്രൊഫസറും നേരത്തെ പരാതിയുമായി രംഗത്ത് വന്നിരുന്നു. അസമയങ്ങളിൽ ഡയറക്ടർ ചാർജിലുണ്ടായിരുന്ന അദ്ധ്യാപകൻ കാരണം കൂടാതെ ഹോസ്റ്റലിലെത്തി പെൺകുട്ടികൾക്ക് ഉപദ്രവമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാതി. പിന്നീട് വാർഡൻ സ്ഥാനത്തു നിന്നും ഈ അദ്ധ്യാപികയെ മാറ്റുകയും പിന്നീട് നടന്ന വാർഡൻ തസ്തികയ്ക്കായി ഇന്റർവ്യൂവിൽ പങ്കെടുത്തപ്പോൾ ഈ അദ്ധ്യാപികയെ തഴിയുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഈ അദ്ധ്യാപിക സ്ഥലം മാറി മറ്റൊരു ക്യാമ്പസിലേക്ക് പോകുകയാണുണ്ടായത്. തെല്ലൊരു ഇടവേളക്കു ശേഷമാണ് മലപ്പുറം അലിഗഢ് കേന്ദ്രത്തിൽ നിന്നും അദ്ധ്യാപികയുടെ പരാതി ഉയർന്നിരിക്കുന്നത്.

കേന്ദ്രത്തിൽ ജോലി ചെയ്യുന്ന അദ്ധ്യാപിക ഡയറക്ടർക്കെതിരെയുള്ള പരാതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം. മലപ്പുറം എസ്‌പിയുടെ നിർദ്ദേശ പ്രകാരമായിരുന്നു വീണ്ടും അദ്ധ്യാപിക നൽകിയ പരാതിന്മേൽ കേസെടുത്തത്. പരാതിയിൽ ഉന്നയിച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളും മറ്റു ആരോപണങ്ങളും പരിശോദിച്ചു വരികയാണെന്ന് പെരിന്തൽമണ്ണ എസ്.ഐ പറഞ്ഞു.