പെരുമ്പാവൂർ: മർദ്ദനമേറ്റ് രക്തം ഛർദ്ദിക്കുന്ന നിലയിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച വയോധികന് ഡ്യൂട്ടി ഡോക്ടർ ചികിത്സ നിഷേധിച്ചത് വിവാദത്തിൽ. ഇന്നലെ വൈകിട്ട് ഏഴോടെ അവശനിലയിൽ ആശുപത്രിയിലെത്തിയ തനിക്കു രണ്ടുമണിക്കൂറോളം കാത്തിരുന്നിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ രേഖ ചികിത്സ നൽകിയില്ലെന്നാണ് പെരുമ്പാവൂർ തുരുത്തിപ്പറമ്പ് വിരുത്തംകണ്ടത്തിൽ രാമന്റെ (70) പരാതി.

വിവരമറിഞ്ഞെത്തിയ താനുൾപ്പെടെയുള്ളവർ ഇടപെട്ടിട്ടും ഡോക്ടർ ചികത്സിക്കാൻ തയ്യാറായില്ലെന്നും ഇതേത്തുടർന്ന് തന്റെ നിർദ്ദേശപ്രകാരം രാമനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്നും മുനിസിപ്പൽ കൗൺസിലർ മനോഹരൻ മറുനാടനോട് വെളിപ്പെടുത്തി.

നട്ടെല്ലിന് പൊട്ടലുണ്ടെന്നും ശരീരമാസകലം ചതവും വേദനയുമുണ്ടെന്നും അതിനാൽ വിദഗ്ധ ചികത്സ വേണമെന്നുമാണ് ഡോക്ടറുടെ നിർദ്ദേശമെന്നും രാമൻ വ്യക്തമാക്കി. രക്തം ഛർദ്ദിച്ച് അവശനിലയിൽ പാതവക്കിൽ കിടന്നിരുന്ന രാമനെ താനാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ഇതിനിടയിൽ അക്രമികൾ തന്നെയും മർദ്ദിച്ചെന്നും ഇതേത്തുടർന്ന് രാമനൊപ്പം താനും ആശുപത്രിയിൽ അഡ്‌മിറ്റാണെന്നും സുഹൃത്ത് ജോബി പറഞ്ഞു.

സംഭവത്തെക്കുറിച്ചു ഡ്യൂട്ടി ഡോക്ടറിൽ നിന്നും ആശുപത്രി സൂപ്രണ്ട് വിശദീകരണം തേടിയിട്ടുണ്ടെന്ന് പി ആർ ഒ മാത്യൂസ് ജോയി അറിയിച്ചു. രാമനും അശോകൻ എന്നൊരാളുമായി അടിപിടിയുണ്ടായെന്നും ഇതിൽ പരിക്കേറ്റ് ഇരുവരും ആശുപത്രിയിലെത്തിയെന്നും ഇതിൽ അശോകനെ ഡോക്ടർ അഡ്‌മിറ്റുചെയ്തെന്നുമാണ് പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്നും ഡോക്ടറിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരുന്നതേയുള്ളുവെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.

പെരുമ്പാവൂരിലെ മകന്റെ ബേക്കറിയിൽനിന്നു വീട്ടിലേക്കുവരും വഴിയാണ് ആക്രമണമേറ്റതെന്നും കടംകൊടുത്ത 200 രൂപ തിരിച്ചുചോദിച്ചതിൽ പ്രകോപിതനായി അശോകൻ തന്നെ ആക്രമിക്കുകയായിരുന്നെന്നും കൂടെ ഇയാളുടെ സഹോദരന്മാരും ഉണ്ടായിരുന്നെന്നും മർദ്ദനത്തിൽ നിലത്തുവീണ തന്റെ മുതുകിലും നെഞ്ചത്തും ഇയാൾ ചവിട്ടിയെന്നുമാണ് രാമന്റെ വെളിപ്പെടുത്തൽ. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഉന്നതാധികൃതർക്ക് പരാതി നൽകുമെന്നും രാമൻ പറഞ്ഞു.