ചെങ്ങന്നൂർ: സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തെ കുറിച്ചുള്ള പരാതികൾ പുതുതല്ല. കോവിഡ് കാലത്ത് വിശേഷിച്ചും ഇത്തരം സംഭവങ്ങൾ വാർത്തകളായി. അനാവശ്യമായ ഐസിയു വാസം, കൃത്യമല്ലാത്ത രോഗ നിർണയം, ബില്ലിലെ കഴുത്തറുപ്പ് എന്നിങ്ങനെ പലവിധത്തിലാണ് ചൂഷണം. തന്റെ പിതാവിനെ ചെങ്ങന്നൂർ, കല്ലിശേരിയിലെ ഡോ കെ.എം ചെറിയാൻ ഇൻസ്റ്റ്യൂട്ടിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചപ്പോൾ ഉണ്ടായ ദുരനുഭവമാണ് ചെങ്ങന്നൂർ സ്വദേശിയായ രാജ്‌മോഹൻ കെ ആർ എഴുതുന്നത്. കരൾ സംബന്ധമായ അസുഖത്തിന് 28 ദിവസം ഐസിയുവിലും റൂമിലുമായി പിതാവിനെ ചികിത്സിച്ചു. ആശുപത്രിയിൽ ഗ്യാസ്‌ട്രോ വകുപ്പുണ്ടെങ്കിലും, അവസാനത്തെ 15 ദിവസം ഡോക്ടർ ഉണ്ടായിരുന്നില്ല. എൻഡോസ്‌കോപിയിൽ വയറ്റിൽ അൾസർ കണ്ടതോടെ ബയോപ്‌സി റിപ്പോർട്ട് വരും മുമ്പേ തന്നെ കാൻസറെന്ന് ഡോക്ടർ വിധി എഴുതി. റിസൽറ്റ് വന്നപ്പോൾ കാൻസർ ഇല്ല. 9 ദിവസം അങ്ങനെ തീ തീറ്റിച്ചു. ഗ്യാസ്‌ട്രോ പേഷ്യന്റ് ആയ അച്ഛനെ നോക്കിയത് അവസാന 15 ദിവസം ജനറൽ ഫിസിഷ്യനാണ്.

പിതാവിനെ രക്ഷിക്കാൻ ആയില്ലെങ്കിലും, ബില്ലിൽ ഒരുകുറവും ഉണ്ടായില്ല. വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്ത അച്ഛന്റെ ബില്ലിൽ മോർച്ചറി ചാർജ്. ഐസിയുവിൽ അച്ഛന് കൊടുത്തിരുന്നത് പൊറോട്ടയും ഒപ്പം ചില്ലി ചിക്കനും. എല്ലാം കൂടി ഏകദേശം അഞ്ചര ലക്ഷം രൂപ. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ, ഉപഭോക്തൃ കോടതി എന്നിവിടങ്ങളിൽ പരാതി നൽകി നിയം നടപടിയുമായി മുന്നോട്ട് പോകാനാണ് രാജ്‌മോഹന്റെയും കുടുംബത്തിന്റെയും തീരുമാനം.

രാജ്‌മോഹൻ കെആറിന്റെ ഫേ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഡോ കെ.എം ചെറിയാൻ ഇൻസ്റ്റ്യൂട്ട് ഓഫ് അറവ്ശാല
ചെങ്ങന്നൂർ .....

ഇതെന്റെ അനുഭവ കുറിപ്പ് ....

ദയവ് ചെയ്ത് ആരും പോകരുത്. പ്രിയപ്പെട്ടവരെ വിടുകയും അരുത്. മാനസികമായും സാമ്പത്തികവുമായി നമ്മളെ തളർത്തുകയും കൊല്ലാക്കൊല ചെയ്യുകയും ചെയ്യും എന്നല്ലാതെ, ഒരു ഗുണവും നമുക്കുണ്ടാവാൻ പോവുന്നില്ല. ഞങ്ങൾക്ക് സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനി ഒരാളും ഈ അറവ് ശാലയിലേക്ക് പോവാതിരിക്കാനാണ് ഈ കുറിപ്പ്.

വലിയ രീതിയിൽ കൊട്ടിഘോഷിച്ച് ചെങ്ങന്നൂരെയും സമീപപ്രദേശങ്ങളിലേയും ആളുകൾക്ക് അവരുടെ ആരോഗ്യ പരിപാലനത്തിനായി നിലകൊള്ളുന്ന മഹദ് സ്ഥാപനം എന്ന് കരുതിയാണ്, കരൾ സംബന്ധമായ അസുഖമുള്ള എന്റെ പിതാവിനെ ഞങ്ങൾ ജനു: മാസം അവിടെ അഡ്‌മിറ്റ് ചെയ്യുന്നത്.

ഇന്ന് ഈ കുറിപ്പെഴുതുമ്പോൾ അച്ഛൻ ഞങ്ങളെ വിട്ട് പോയിരിക്കുന്നു. എറണാകുളം ലിസി ഹോസ്പിറ്റലിൽ ആണ് സ്ഥിരമായി അച്ഛനെ കാണിച്ചിരുന്നത്. ഓമിക്രോൺ വ്യാപകമായ സമയമായതിനാൽ ലിസി ഹോസ്പിറ്റലിലെ ഡോക്ടറുടെ കൂടി നിർദ്ദേശ പ്രകാരമാണ് മെഡിക്കൽ കെയർ മാത്രമാണാവശ്യം അതിനാൽ അടുത്തുള്ള ഏതെങ്കിലും ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചാൽ മതി എന്നതിൻ പ്രകാരം
കല്ലിശേരിയിലെ കെഎം ചെറിയാൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നത്.

പല പല കാരണങ്ങൾ പറഞ്ഞ് 28 ദിവസങ്ങൾ അച്ഛനെ ഐസിയുവിലും റൂമിലും ഒക്കെയായി ചികിത്സിച്ചു. ഗ്യാസ്‌ട്രോ പേഷ്യന്റ് ആയ അച്ഛനെ നോക്കാൻ അവസാനത്തെ 15 ദിവസം ഒരു ഗ്യാസ്‌ട്രോ ഡോക്ടർ അവിടെ ഉണ്ടായിരുന്നില്ല. ഇന്നും ഗ്യാസ്‌ട്രോ വകുപ്പ് ഉള്ളതല്ലാതെ ഡോക്ടർ ഇല്ല.

പണം ഈടാക്കുന്ന വഴികൾ

ആദ്യ 4 ദിവസത്തെ ഐസിയു വാസത്തിന് ശേഷം അച്ഛനെ സിടി സ്‌കാൻ ചെയ്യുന്നു, കുഴപ്പമില്ല. കോൺട്രാസ്റ്റ് കൂട്ടി നോക്കാൻ മരുന്ന് കുടിപ്പിച്ച് വീണ്ടും ചെയ്യുന്നു കുഴപ്പമില്ല. [ ആദ്യമേ കോൺട്രാസ്റ്റ് കൂട്ടി ചെയ്താൽ രണ്ട് തവണ ചെയ്യാനാവില്ലല്ലോ ] എൻഡോസ്‌കോപ്പി ചെയ്യുന്നു അച്ഛന്റെ വയറ്റിൽ ഒരു അൾസർ കണ്ട് പിടിക്കുന്നു. മറ്റ് പരിശോധനകൾക്ക് വിടും മുൻപേ ക്യാൻസർ എന്ന് ഡോക്ടർ ഉറപ്പിക്കുന്നു. തുടർന്ന് ബയോപ്‌സി റിസൽട്ട് വരുന്നത് വരെയുള്ള 8 ദിവസം സംസാരം മുഴുവൻ ക്യാൻസറിനെ കുറിച്ച് ചികിത്സയ്ക്ക് വരാവുന്ന ഭീമമായ ചെലവ് , ചികിത്സ ചെയ്താലും എന്താവും എന്നറിയില്ല - ഒടുവിൽ 9 ാമത്തെ ദിവസം ബയോപ്‌സി റിസൽട്ട് വരുന്നു ക്യാൻസറസ്സ് അല്ല. ഈ 9 ദിവസം ഞങ്ങളെ തീ തീറ്റിച്ചതുകൊണ്ട് എന്താണ് അവർ നേടിയത്. ആദ്യമായാണ് ഇങ്ങനെ ഒരു ഡോക്ടറെ കാണുന്നത്.ഇവരൊക്കെ ഇങ്ങനെ ഒരു പ്രൊഫഷന് യോജിച്ചവരാണോ എന്ന് ആത്മ പരിശോധന നടത്തുന്നത് നല്ലതാവും.

തുടർന്നും അച്ഛന്റെ ചികിത്സ തുടരുന്നു എല്ലാം ഓക്കെ എന്ന് പറയുന്നു. പിന്നെയും ചികിത്സിക്കുന്നു. ഒരു ദിവസം പൊടുന്നനെ ഗ്യാസ്‌ട്രോ ഡോക്ടർ അപ്രത്യക്ഷയാകുന്നു. പിന്നെയും അച്ഛനെ അവിടെ നിർത്താൻ മറ്റ് പല അഭ്യാസങ്ങൾ. (ആ അഭ്യാസങ്ങൾ വിശദമായി പിന്നീട് പോസ്റ്റ് ചെയ്യാം)അങ്ങനെ ഗ്യാസ്‌ട്രോ പേഷ്യന്റ് ആയ അച്ഛനെ നോക്കിയത് അവസാന 15 ദിവസം ജനറൽ ഫിസിഷ്യൻ ...

ബില്ലിംഗിലെ കളികൾ

വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്ത അച്ഛന്റെ ബില്ലിൽ മോർച്ചറി ചാർജ്. ഐസിയുവിൽ അച്ഛന് കൊടുത്തിരുന്നത് പൊറോട്ടയും ഒപ്പം ചില്ലി ചിക്കനും. എല്ലാം കൂടി ഏകദേശം അഞ്ചര ലക്ഷം രൂപ

നമ്മുടെ ചെങ്ങനൂര് പോലെ ഒരു സാംസ്‌കാരിക ഭൂമികയിൽ ഇത്തരം ഒരു സ്ഥാപനം വേണോ എന്ന് നമ്മൾ ചിന്തിക്കണം. ഞങ്ങൾക്ക് സംഭവിക്കാനുള്ള തീരാ നഷ്ടം ഞങ്ങൾക്ക് സംഭവിച്ചു. നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ ഇത് പോലെ ഒരനുഭവമുണ്ടാവരുത്.
സൂക്ഷിക്കുക

ഏതറ്റം വരെയും നിയമ നടപടികൾക്ക് പോവാനാണ് ഞങ്ങളുടെ തീരുമാനം. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ, ഉപഭോക്തൃ കോടതി എന്നിവിടങ്ങളിൽ പരാതികൾ നൽകുന്നുണ്ട്. ചെങ്ങന്നൂർ ബാർ അസോസിയേഷനിൽ അഭിഭാഷകൻ കൂടിയായിരുന്ന അച്ഛന് സംഭവിച്ച ഈ ദുരനുഭവത്തിനെ തിരെ ഏതറ്റം വരെയും ഞങ്ങൾ പോവും. ഈ പോസ്റ്റ് വായിക്കുന്ന അച്ഛന്റെ സഹപ്രവർത്തകർ ആയിരുന്നവർക്ക് എന്തെങ്കിലും നിയമോപദേശം നൽകാനാവുമെങ്കിൽ സഹായിക്കണം.

കാരണം അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു
ഞങ്ങൾക്ക്
ഞങ്ങളുടെ അച്ഛൻ ...

ഇനിയും ഒരു മക്കൾക്കും ഈ അറവ് ശാലയിൽ നിന്ന് ഞങ്ങൾക്ക് നേരിട്ട അനുഭവം ഉണ്ടാവരുത് ...