മയ്യിൽ: സിവിൽ സർവീസുകാരനാകാൻ മോഹിച്ച യുവാവ് തങ്കഭസ്മം കഴിച്ച് കാഴ്‌ച്ചശക്തി പോയ സംഭവം കേരളത്തിന്റെ സാമാന്യ യുക്തിയെ ഞെട്ടിക്കുന്നതായിരുന്നു. കണ്ണൂരിൽ നിന്നാണ് ഇത്തരമൊരു പരാതി പുറത്തുവന്നത്. കണ്ണാടിപ്പറമ്പിലെ ജ്യോത്സ്യനാണ് ഇത്തരം തട്ടിപ്പു നടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. 18 ലക്ഷത്തോളം രൂപയാണ് ഈ വ്യാജ ജ്യോത്സ്യൻ തട്ടിയെടുത്തത്. വാഹനപകടത്തിൽ നിന്നും രക്ഷപ്പെടുത്താൻ ഗരുഡരത്‌നത്തിന് കഴിയുമെന്ന് പറഞ്ഞ് യുവാവിനെ വിശ്വസിപ്പിച്ച് ജ്യോത്സ്യൻ 11,75000രൂപ തട്ടിയെടുത്തകത്. കണ്ണുർ കോർപറേഷൻ പരിധിയിലെ കൊറ്റാളി സ്വദേശി മൊബിൻ ചന്ദാണ് മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരേ പരാതി നൽകിയത്.

ഓൺലൈനിൽ ശുഭമുഹൂർത്തത്തിന് സമീപിക്കുക എന്ന പരസ്യം കണ്ടാണ് മൊബിനും ഭാര്യയും പുതിയ വീടിനായി കുറ്റിയടിക്കുന്നതിന് മുഹൂർത്തം കുറിക്കാനായി ജോത്സ്യനെ സമീപിച്ചത്. എന്നാൽ മൊബിന് വാഹനപകടത്തിൽ മരണമുണ്ടാകുമെന്ന് തന്റെ അത്ഭുത സിദ്ധിയിൽ തെളിഞ്ഞു കാണുന്നുവെന്ന് ഇയാൾ പറഞ്ഞു ഭയപ്പെടുത്തി. വാഹനാപകട മരണം തടയാൻ ശക്തിയുള്ള ഗരുഡ രത്‌നമെന്ന അത്ഭുത രത്‌നം തന്റെ പക്കലുണ്ടെന്നും ഇതുപയോഗിച്ചാൽ ദീർഘായുസുണ്ടാകുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ഗരുഡന്റെ തലയിൽ നിന്നെടുത്തതുമായി കോടികൾ വിലമതിക്കുന്ന ഗരുഡരത്‌നം പത്തെണ്ണം വീട്ടിൽ സൂക്ഷിക്കണമെന്നും കൂടാതെ ഓരോ ദിവസവും രത്‌നം തൊട്ട് പത്ത് പ്രാവശ്യം ഗരുഡമന്ത്രം ജപിക്കണമെന്നും മൊബിന്റെ ഭാര്യയെ പറഞ്ഞു വിശ്വസിപ്പിച്ചു. ഗരുഡരത്‌നത്തിന് പത്ത് ലക്ഷം രൂപ ചെലവുവരുമെന്നും പറഞ്ഞു. ഭർത്താവിന്റെ ജീവൻ രക്ഷിക്കാനായി ഭാര്യ പണം നൽകുകയായിരുന്നു.

കൂടാതെ മകന് തങ്കഭസ്മം പാലിൽ കലക്കി കൊടുത്താൽ അമാനുഷിക കഴിവും ഭാവിയിൽ ഐഎഎസ് ലഭിക്കുമെന്നും പറഞ്ഞു. ഇതിന് 1,25000 രൂപയാണ് ചെലവായി ജോത്സ്യൻ പറഞ്ഞത്. വിദേശത്ത് ജോലിയുണ്ടായിരുന്ന മൊബിന് വീണ്ടും വിദേശത്ത് പോകാനായി അൻപതിനായിരം രൂപ വിലയുള്ള വിദേശലക്ഷ്മി യന്ത്രം വീട്ടിൽ സൂക്ഷിക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 11,75000 രൂപയും മൊബിൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഗരുഡ രത്‌നം നൽകിയ നാല് പേർ ഇന്നത്തെ മന്ത്രിസഭയിൽ മന്ത്രിമാർ ആണെന്നും പ്രമുഖരായ ബിസിനസ്മാന്മാർ വിദേശലക്ഷ്മി യന്ത്രം അവരുടെ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് തങ്ങളെ ജോത്സ്യൻ വിശ്വസിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.

ആദിവാസികളിൽ നിന്നാണ് ഗരുഡരത്‌നം ലഭിക്കുന്നതെന്നാണ് ജോത്സ്യൻ പറഞ്ഞത്. കണ്ണവത്ത് ഓഫീസ് ഉണ്ടെന്നും പറഞ്ഞു. ഓഗസ്റ്റിലാണ് മാസം കണ്ണവത്തെ ഓഫീസിൽ എത്താൻ പറയുകയും ഓഫീസിൽ കയറ്റാതെ ജോത്സ്യന്റെ വാഹനത്തിൽ വെച്ച് ആറ് വലുതും നാല് ചെറുതുമായ രത്‌നം തരുകയും പത്ത് ലക്ഷരൂപ ജോത്സ്യന് കൈമാറുകയും ചെയ്തു.എന്നാൽ കണ്ണവത്ത് ഇങ്ങനെയൊരു ഓഫീസ് ഉണ്ടായിരുന്നില്ല. മകന്റെ ദോഷം പരിഹരിക്കാനായി തങ്കഭസ്മം തരികയും 1,25000 രൂപ ജോത്സ്യന് നൽകുകയും ചെയ്തു.

എന്നാൽ ഇയാൾ നൽകിയ തങ്കഭസ്മം കഴിച്ച് മകന്റെ കണ്ണിന്റെ കാഴ്ച നഷ്ടപെട്ടു. തുടർന്ന് ഇയാൾ നൽകിയ തങ്കഭസ്മവും ഗരുഡരത്‌നവും വിദേശലക്ഷ്മി യന്ത്രവും പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തെളിഞ്ഞതെന്നും മൊബിൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പരാതിയിൽ പറഞ്ഞ ജ്യോത്സനെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.