കോഴിക്കോട്: നിർദ്ധനയായ വിദ്യാർത്ഥിക്ക് ലോൺ നൽകാമെന്ന് ഉറപ്പു നൽകി ജോയിന്റ് എക്കൗണ്ട് എടുപ്പിച്ച ശേഷം ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞ ബ്രാഞ്ച് മാനേജർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ. ഫെഡറൽ ബാങ്ക് തൊട്ടിൽപ്പാലം ശാഖ മാനേജർ കെ.എം ബാലകൃഷ്ണനെതിരെ പതിനാല് ദിവസങ്ങൾക്കുള്ളിൽ നടപടിയെടുക്കാൻ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റിക്കും കോഴിക്കോട് റൂറൽ എസ്‌പിക്കും മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ ഡെപ്യൂട്ടി സെക്രട്ടറി നിർദേശിച്ചിരിക്കുന്നത്. വിവിധ ന്യായങ്ങൾ പറഞ്ഞ് വിദ്യാർത്ഥിനിക്ക് അർഹമായ ലോൺ നിഷേധിച്ച ഇയാൾക്കെതിരെ വിദ്യാർത്ഥിനിയുടെ അമ്മയോട് അമാന്യമായി പെരുമാറിയാതിന്റെ പേരിൽ ഡിജിപിക്കും കോഴിക്കോട് കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് നവംബർ 7-ന് അയച്ച പരാതിയിന്മേൽ നടപടി ഇല്ലാതെ വന്നപ്പോൾ വീണ്ടും പരാതി അയച്ചതിനെ തുടർന്നാണ് പരാതിയിന്മേൽ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ ഡെപ്യൂട്ടി സെക്രട്ടറി സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റിക്കും കോഴിക്കോട് റൂറൽ എസ്‌പിക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയും രാജസ്ഥാനിലെ ഉദയ്പൂർ പസിഫിക് യൂണിവേഴ്‌സിറ്റിയിൽ ഒന്നാം വർഷ ബി.ടെക്. ഡെയറി ടെക്‌നോളജി വിദ്യാർത്ഥിയുമായ വിസ്മയ വിനോദ് നൽകിയ വിദ്യാഭ്യാസ ലോൺ അപേക്ഷയാണ് വ്യക്തമായ കാരണങ്ങൾ ഇല്ലാതെ തട്ടി നീക്കിയത്.

ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയുടെ സഹോദരൻ വിമൽ വിനോദ് ഫേസ്‌ബുക്കിൽ ഇട്ടിരിക്കുന്ന പോസ്റ്റ് ഇതിനോടകം തന്നെ വൈറൽ ആയിട്ടുണ്ട്.

വിമൽ വിനോദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം:

തൊട്ടിൽപ്പാലം ഫെഡറൽ ബാങ്ക് മാനേജറെ ഇന്ത്യൻ നിയമത്തിന്റെ പരിധിയിൽ കൊണ്ടു വരാനാകുമോ?

വളരെ വിചിത്രവും വ്യക്തിപരവും ദുഃഖകരവുമായ ഒരു അനുഭവം പങ്കു വെക്കേണ്ടതായി തോന്നുന്നു. കാരണം കേവലം വ്യക്തിപരം എന്നതിലുപരി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥി- പൊതുസമൂഹത്തെ മുഴുവൻ ബാധിക്കുന്ന ഒരു കാര്യമാണിത്. ബാങ്ക് മാനേജർമാർ പലവിധ കാരണങ്ങൾ പറഞ്ഞ് അർഹരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ലോൺ നിഷേധിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ തൊട്ടിൽപ്പാലം ഫെഡറൽ ബാങ്ക് മാനേജറുമായുള്ള കഴിഞ്ഞ ആറുമാസക്കാലയളവിലെ സമ്പർക്കത്തിൽ നിന്നും ഇതിന്റെ ഭയാനകമായ വേർഷൻ എന്താണെന്ന് നേരിട്ട് മനസ്സിലാക്കാനിടയായി.

എന്റെ അനിയത്തി വിസ്മയ വിനോദ് രാജസ്ഥാനിലെ ഉദയ്പൂരിലുള്ള പസിഫിക് യൂണിവേഴ്‌സിറ്റിയിൽ (Pacific Academy of Higher Education and Research University) ഒന്നാം വർഷ ബി.ടെക്. ഡെയറി ടെക്‌നോളജി വിദ്യാർത്ഥിയാണ്. രാജസ്ഥാനിലെ വളരെ പ്രശസ്തമായ യൂണിവേഴ്‌സിറ്റികളിലൊന്നാണിത്. NEET ക്ലിയർ ചെയ്തിരുന്നെങ്കിലും ഗവൺമെന്റ് കോളെജുകളിൽ കിട്ടാനുള്ള സാധ്യത കുറവായതിനാൽ (കേരളത്തിൽ ഡെയറി ടെക്‌നോളജിക്ക് സീറ്റുകളും കുറവാണ്) ഈ കോഴ്‌സിനുള്ള ജോലിസാധ്യതയും കേരളത്തിന് പുറത്ത് പോയി പഠിക്കാനുള്ള അവളുടെ ആഗ്രഹവും മാനിച്ചാണ് ഈ വർഷം ജൂൺ മാസം തന്നെ അവിടെ അഡ്‌മിഷനെടുത്തത്.

അഡ്‌മിഷൻ എടുക്കുന്നതിന് മുൻപ് വിദ്യാഭ്യാസ ലോണിനെക്കുറിച്ചറിയാൻ ഫെഡറൽ ബാങ്ക് മാനേജരെ നേരിൽപ്പോയിക്കണ്ടിരുന്നു. ബോണഫൈഡ് സർട്ടിഫിക്കറ്റ്, ഫീ സ്ട്രക്ചർ, യൂണിവേഴ്‌സിറ്റിക്കുള്ള അംഗീകാരം കാണിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുമായിച്ചെന്നാൽ ലോൺ നൽകാം എന്നും അതിന് ആദ്യം Rs.1500/- അടച്ച് ജോയിന്റ് എക്കൗണ്ട് തുടങ്ങണമെന്നും ഇയാൾ പറഞ്ഞു. അതനുസരിച്ച് അമ്മയും അനിയത്തിയും പ്രസ്തുത ബ്രാഞ്ചിൽ ജോയിന്റ് എക്കൗണ്ട് ഓപൺ ചെയ്തു. ഞാനും അനിയത്തിയും അഡ്‌മിഷൻ എടുത്ത് തിരിച്ച് നാട്ടിൽ ചെന്നപ്പോൾ ബോണഫൈഡ് സർട്ടിഫിക്കറ്റ്, ഫീ സ്ട്രക്ചർ, രാജസ്ഥാൻ ലെജിസ്ലേറ്റീവ് ആക്റ്റ് പ്രകാരം യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിന്റെയും, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (UGC) ഈ യൂണിവേഴ്‌സിറ്റിയെ അംഗീകരിക്കുന്നതിന്റെയും അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസി(AIU)ൽ അംഗത്വം നൽകുന്നതിന്റെയും തെളിവുകളും അഡ്‌മിഷൻ ഓഫർ ലെറ്ററും വരുമാന സർട്ടിഫിക്കറ്റും സമർപ്പിച്ചു. ഇത് നടന്നത് ജൂൺ മാസത്തിലാണ്. പക്ഷേ, അപ്പോൾ ഇയാൾ പറഞ്ഞത് ഇയാൾക്ക് 2018-ലെ സർട്ടിഫിക്കറ്റുകൾ വേണം, യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റിൽ ഇയാൾ ഈ കോഴ്‌സ് കാണുന്നില്ല എന്നാണ്. മൊബൈലിൽ നിന്ന് ഞാനും അനിയത്തിയും അത് കാണിച്ചു കൊടുത്തപ്പോൾ കോണ്ടാക്ട് നമ്പർ കാണുന്നില്ല എന്നായി അടുത്ത വാദം. കോണ്ടാക്ട് നമ്പർ എടുത്തുകൊടുത്തപ്പോൾ 'ഞാൻ കോണ്ടാക്ട് ചെയ്തിട്ട് പറയാം' എന്ന് പറഞ്ഞു.

ആദ്യ സെമസ്റ്ററിന് ഫീസടച്ചിരുന്നു. രണ്ടാമത്തെ സെമ്മിന് ഫീസടയ്ക്കാൻ സമയമായി. Tuition & Hostel Fee മുഴുവൻ ആറു ലക്ഷം രൂപയാകും. Our only osurce of income is mother who is working as a baby-sitter in Bangalore. We don't even have a house to live in. ഡെൽഹിക്കടുത്ത് യു.പി. ബുലന്ദ്ഷഹറിൽ ഒരു CBSE സ്‌കൂളിൽ Higher Secondary സ്‌കൂളിൽ ജോലി ചെയ്തിരുന്നുവെങ്കിലും ചില കാരണങ്ങളാൽ ജോലിയുപേക്ഷിച്ച് ഞാനിപ്പോൾ നാട്ടിലാണ്. ഇപ്പോൾ ഫോൺ ചെയ്യുമ്പോൾ ഇയാൾ ദേഷ്യപ്പെടുകയും കട്ട് ചെയ്യുകയും ചെയ്യുന്നു.

ഇയാൾ എല്ലാവരെയും കൊണ്ട് എക്കൗണ്ട് തുറപ്പിക്കും, വിദ്യാഭ്യാസ ലോൺ കൊടുക്കാതെ കളിപ്പിക്കും എന്ന് നാട്ടുകാരിൽ പലരും പറയുന്നു. ഇതിനെത്തുടർന്ന് ഞങ്ങൾ എറണാകുളത്തുള്ള ഹെഢോഫീസിൽ വിളിച്ച് പറഞ്ഞു. അവർ ഇയാളോട് പേപ്പറുകൾ അയച്ചു കൊടുക്കാൻ പറഞ്ഞു. തുടർന്ന് ഇയാളെ ഫോണിൽ വിളിച്ച എന്റെ അമ്മയോട് മോശം ഭാഷയിലാണ് ഇയാൾ സംസാരിച്ചതെന്ന് അമ്മ പറയുന്നു. ഇയാൾക്കറിയേണ്ടിയിരുന്നത് അമ്മയും എറണാകുളത്തെ ഓഫീസറുമായുള്ള ബന്ധം എന്താണെന്നതായിരുന്നു! ഇത് കേട്ടപ്പോൾ ഇനി ഈ വിഷയം അങ്ങനെ വിടരുതെന്ന് ഞാൻ അനിയത്തിയോട് പറഞ്ഞു. അതു പ്രകാരം അവൾ മുഖ്യമന്ത്രിക്ക് നവംബർ 7-ന് ഇ-മെയിൽ വഴി പരാതിയയച്ചു. മുഖ്യമന്ത്രി ഈ പരാതിയിന്മേൽ നടപടിയെടുക്കാൻ State Level Bankers Committee-യ്ക്ക് ഫോർവാഡ് ചെയ്തു. പ്രസ്തുത പരാതി(E.ptn 7569/2018)യുടെ ഒരു കോപ്പി ഫെഡറൽ ബാങ്ക് സിഇഒ.യ്ക്കും അയച്ചിരുന്നു. ഇതോടെ അൽപ്പം അയഞ്ഞ ഇയാൾ അനിയത്തിയോട് 'പേപ്പറുകൾ അയയ്ക്കാം പക്ഷേ ചില പേപ്പറുകളിൽ അവൾ ഒപ്പിടണ'മെന്ന് പറഞ്ഞു. ജൂണിൽ കൊടുത്ത അപേക്ഷയ്ക്ക് ഒപ്പിടാൻ ഇയാൾ വിളിക്കുന്നത് നവംബറിലാണ്, അതും പരാതി കൊടുത്തതിനെത്തുടർന്ന്!

അങ്ങനെ രാജസ്ഥാനിൽ നിന്നും നവംബറിൽ നാട്ടിലെത്തിയ അനിയത്തി അമ്മയോടൊപ്പം ഇയാളെ കാണാൻ ചെന്നു. അപ്പോൾ ഒരു അപ്ലിക്കേഷൻ ഫോം കൊടുത്ത ഇയാൾ അതുമായി അടുത്ത ദിവസം ചെല്ലാൻ പറഞ്ഞു. ആ ദിവസം ഇയാൾ അവധിയിലായിരുന്നതിനാൽ തൊട്ടടുത്ത ദിവസം ഫോം സമർപ്പിച്ചു. അപ്പോൾ ഇയാളുടെ അടുത്ത വാദം 2018-ലെ സർട്ടിഫിക്കറ്റുകൾ കൊണ്ടു വരണമെന്നായി! 2010-ൽ രാജസ്ഥാൻ ലെജിസ്ലേറ്റീവ് അസംബ്ലി രൂപം നൽകിയ സർവ്വകലാശാലയ്ക്ക് എങ്ങനെ 2018-ൽ അപ്‌ഡേഷൻ കൊണ്ടു വരാനാകും?!

അനിയത്തി രാജസ്ഥാനിലേക്ക് തിരിച്ചു പോവുകയും ഞാൻ പറഞ്ഞതിനെത്തുടർന്ന് വിവരാവകാശ നിയമപ്രകാരം യൂജീസിയോട് പസിഫിക് യൂണിവേഴ്‌സിറ്റിയുടെ സ്റ്റാറ്റസിനെക്കുറിച്ച് നവംബർ 17-ന് ആരായുകയും ചെയ്തു. 'Pacific Academic of Higher Education & Research University, (PAHER), Pacific Hills, AirportRoad, Pratap Nagar Extension, Debari, Udaipur, Rajasthan is a Private University as per status attached.'-എന്ന് ഡിസംബർ 2-ന് യുജിസി.യുടെ മറുപടി ലഭിക്കുകയും ചെയ്തു.

UGC-യുടെ വിശദമായ മറുപടി ഇവിടെ: ''The University has been established by an Act of State Legislature as a Private
University and is empowered to award degrees as specified under Section 22 of the
UGC Act to the students studying in its main campus at regular mode with the approval
of Statutory Bodies/Councils, wherever its required, after creating required academic
and physical infrastructure facilities including library, laboratories and appointment of
teaching and supporting staffs as per the norms and standards laid down by UGC and
other relevant Statutory Council(s).'' അതായത് യുജിസി. അംഗീകരിച്ച സ്വകാര്യ സർവ്വകലാശാലയ്ക്ക് യുജിസി.യുടെ 22-ആം വകുപ്പിൽപ്പെടുന്ന കോഴ്‌സുകൾ റെഗുലർ മോദിൽ നടത്താം. അതു പ്രകാരം അനിയത്തി റെഗുലർ മോദിൽ പഠിക്കുന്ന ബി.ടെക്. കോഴ്‌സ് യുജിസി. അംഗീകാരമുള്ളതാണ്. ഇത് കാണിച്ചപ്പോൾ ഇയാൾ പറയുന്നത് AICTE അംഗീകാരം കൊണ്ടു വരണമെന്നാണ്. എന്തൊക്കെയാണ് പേപ്പറുകൾ വേണ്ടതെന്നത് ഫോണിൽക്കൂടി പറയാനാകില്ല, അതിന് നേരിട്ട് ബാങ്കിൽ ചെല്ലണമെന്നാണ് ഇയാൾ പറയുന്നത്. ഇയാൾക്ക് നന്നായറിയാം രാജസ്ഥാനിൽ നിന്നും തോന്നുമ്പോൾ അവൾക്ക് നാട്ടിലെത്താനാകില്ലെന്ന് .

പിന്നെ AICTE എന്ന Statutory body-യുടെ അംഗീകാരം ബി.ടെക്. കോഴ്‌സുകൾക്ക് നിർബന്ധമല്ല. പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിലെ എം.ടെക്. കോഴ്‌സുകൾക്ക് AICTE റെകഗ്‌നിഷൻ ഇല്ലെങ്കിലും അവിടെ ബി.ടെകും എം.ടെകും ചെയ്യുന്നവർക്ക് ലോൺ കിട്ടാറുണ്ട്. യുജിസി. അംഗീകരിച്ച കേന്ദ്ര-സ്വകാര്യ സർവ്വകലാശാലകൾക്ക് റെഗുലർ മോദിൽ മെയിൻ ക്യാംപസിൽ യുജിസി. 22-ാം വകുപ്പ് പ്രകാരമുള്ള കോഴ്‌സുകൾ നടത്താൻ എല്ലാ അവകാശവുമുണ്ട്.

മറ്റൊരു കാര്യം ബി.ടെക്. ഡെയറി ടെക്‌നോളജി Mathematics-ന് മേൽക്കൈയുള്ള എൻജിനീയറിങ് സ്ട്രീം അല്ല എന്നതാണ്. നമ്മുടെ നാട്ടിൽ Physics, Chemistry, Mathematics & Biology (PCMB) എന്ന കോഴ്‌സാണുള്ളതെങ്കിൽ ഉത്തരേൻഡ്യയിൽ പൊതുവെ Physics, Chemistry, Mathematics or Biology (PCM/B) എന്ന ഓപ്ഷനാണ് വ്യാപകം. CBSE-യിലും ഈ ഓപ്ഷനുണ്ട്. ഇതിൽ ബയോ-സയൻസ് (PCB) പഠിച്ചവർക്കും B.Tech. Dairy Technology ചെയ്യാം. Microbiology, Bio-chemistry...etc. ആണ് അതിൽ പ്രധാന പാഠ്യവിഷയങ്ങൾ. എന്റെ അന്വേഷണങ്ങളിൽ നിന്ന് മനസ്സിലാക്കാനായത് പൂക്കോട് Kerala Veterinary and Animal Sciences University-യുടെ ക്യാംപസിലെ B.Tech. Dairy Technology കോഴ്‌സിന് AICTE അംഗീകാരമില്ലെന്നാണ്, because they simply don't need it.

2018 ഡിസംബറിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചതിനെത്തുടർന്ന് യുജിസി. തന്ന വിവരമനുസരിച്ചു പോലും തെളിവുകൾ നൽകിയിട്ടും ഒരു വിദ്യാർത്ഥിനിയെ കുരങ്ങു കളിപ്പിക്കാനും അമ്മയോട് അമാന്യമായി പെരുമാറാനും മാത്രം ധാർഷ്ട്യം കാണിക്കുന്ന ഇയാൾക്കെതിരെ ഡിജിപിക്കും (File No: Q1/176727/2018/PHQ) കോഴിക്കോട് കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നവംബർ 7-ന് അയച്ച പരാതിയിന്മേൽ (E.ptn 7569/2018) മാസമൊന്നാകാറായിട്ടും യാതൊരു നടപടിയുമുണ്ടാകാത്തതിനെത്തുടർന്ന് വീണ്ടും പരാതി അയയ്ക്കുകയും തുടർന്ന് ഇന്നലെ പതിനാല് ദിവസങ്ങൾക്കുള്ളിൽ നടപടിയെടുക്കാൻ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റിക്കും ഇന്ന് കോഴിക്കോട് റൂറൽ എസ്‌പിക്കും ഫോർവാഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇനിമേലിൽ ഇതുപോലെ ഒരു നിർദ്ധന വിദ്യാർത്ഥിയെയും ഇയാൾ കഷ്ടപ്പെടുത്തരുത്, അമാന്യമായി സംസാരിക്കരുത്.