ഇടുക്കി: അനർഹർക്ക് 'ബാഡ്ജ് ഓഫ് ഓണർ 'നൽകുന്ന ഉന്നതരുടെ നടപടിക്കെതിരെ പൊലീസ് സേനയ്ക്കുള്ളിൽ പ്രതിഷേധം ശക്തിപ്പെടുന്നു. ഇടുക്കിയിൽ അടുത്തിടെ നടന്ന ഇത്തരത്തിൽപ്പെട്ട ബഹുമതി വിതരണത്തിനെതിരെ വെള്ളത്തൂവൽ എസ് ഐ ശിവലാൽ ഡി ജി പി ക്ക് പരാതി നൽകിയതോടെയാണ് സേനയ്ക്കുള്ളിലെ ഇതു സംമ്പന്ധിച്ച തർക്കം മറനീക്കി പുറത്ത് വന്നിരിക്കുന്നത്.

യുവതിയെ കനാലിൽ തള്ളിയിട്ട് കൊന്ന സംഭവത്തിൽ കേസ് തെളിയിച്ച എസ്‌ഐയെ മറികടന്ന് മൃതദ്ദേഹം കണ്ടെടുക്കാൻ പോയ സി ഐ യ്ക്കും സംഘത്തിലെ പൊലീസുകാർക്കും ബഹുമതി നൽകിയെന്നും ഇത് അനീതിയാണെന്നുമാണ് ശിവലാൽ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.കൊന്നത്തടി തിങ്കൾക്കാട് പൊന്നെടുത്തുംപാറയിൽ ബാബുവിന്റെ ഭാര്യ ശാലു കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണമികവിന് അടിമാലി സി ഐ യായിരുന്ന ടി യു യൂനസ്, എസ്‌ഐമാരായ സി ആർ സന്തോഷ് സജി എൻ പോൾ തുടങ്ങിയവർക്കാണ് ഇപ്പോൾ സേവന മികവിന് സേനിൽ നൽകിവരുന്ന ബാഡ്ജ് ഓഫ് ഓണർ ലഭിച്ചിട്ടുള്ളത്.

2016 ഓഗസ്റ്റ് 29-ന് ശാലുവിനെ കാണാതാവുകയും ഭർത്താവ് വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.പിന്നീട് കേസെടുത്ത് എസ് ഐ യുടെ നേതൃത്വത്തിൽ എ എസ് ഐ സോമൻ, സിവിൽ പൊലീസ് ഓഫീസർ ടോമി, ഷിനു എന്നിവർ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. ഉപ്പുതറ ചപ്പാത്ത് കരിന്തരുവി സ്വദേശി അമ്പലാനപുരം സലിനെ (പാസ്റ്റർ സലിൻ-39) ചോദ്യം ചെയ്തതിൽ നിന്നും ശാലു കൊല്ലപ്പെട്ടു എന്ന് വ്യക്തമായി.

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തമിഴ്‌നാട്ടിലേക്ക് വെള്ളമൊഴുക്കുന്ന ഇരച്ചിൽപ്പാലം വെള്ളച്ചാട്ടത്തിൽ മൃതദ്ദേഹം ഉപേക്ഷിച്ചെന്നായിരുന്നു സലിന്റെ വെളിപ്പെടുത്തൽ.തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി റിമാന്റ് ചെയ്തു. ഇതിന് ശേഷം സി ഐ യുടെ സ്‌ക്വാഡിലെ പൊലീസുകാർ ശാലുവിന്റെ മൃതദേഹം കണ്ടെടുത്ത് കരയ്‌ക്കെത്തിച്ചെന്നും ഇതുമാത്രം കണക്കിലെടുത്ത് അവസാനമെത്തിയ ഇവർക്ക് മാത്രം പരിഗണന നൽകിയത് ശരിയായില്ലെന്നുമാണ് പരക്കെയുള്ള വിലയിരുത്തൽ.

മൂന്നാറിൽ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്നു എന്ന ഒറ്റക്കാരണത്താൽ രണ്ട് വനിതകൾ അടക്കമുള്ള നാല് പൊലീസുകാർക്ക് ഈ ബഹുമതി നൽകിയതും ഒരു വിഭാഗത്തിന്റെ വിമർശനത്തിന് കാരണമായിട്ടുണ്ട്. മാസത്തിൽ മൂന്നോനാലോ ദിവസം മാത്രം കോളനിയിലെത്തി 'കൃത്യനിർവ്വഹണം' നടത്തുന്ന ഇവർക്ക് ആദരവ് നൽകിയത് ഒട്ടും ശരിയായില്ലെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം.

ഏ ഡി ജി പി ബി സന്ധ്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും മറ്റുള്ള ഉദ്യോഗസ്ഥർ തങ്ങളുടെ കൃത്യനിർവ്വഹണത്തിൽ ഇടപെടേണ്ടെന്നുമാണ് ഇവവരുടെ നയമെന്നും ആരെങ്കിലും തങ്ങൾക്കെതിരെ നീങ്ങുന്നതായി ബോദ്ധ്യപ്പെട്ടാൽ ഉന്നത ഉദ്യോഗസ്ഥരോട് പരാതിപ്പെട്ട് ഇവരെ മൂലയ്ക്കിരുന്ന നയമാണ് ഇവർ പിൻതുടരുന്നതെന്നുമാണ് പുറത്തായ വിവരം.

മൂന്നാർ സ്റ്റേഷനിൽ ആവശ്യത്തിന് പൊലീസുകാരില്ലാത്തപ്പോൾ ഇവിടെ ചുമലയിലുണ്ടായിരുന്ന പൊലീസുകാർ ആദിവാസി കോളനിയിലെ ജോലിയുടെ പേരുപറഞ്ഞ് മാസത്തിൽ ഒരാഴ്ച പോലും ജോലിചെയ്യാതെയാണ് ശമ്പളം പറ്റുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.സ്‌പെഷ്യൽ ഡ്യൂട്ടിക്കാർ ദിവസവും സ്റ്റേഷനിൽ എത്തേണ്ട സാഹചര്യമില്ല.ഇത് ഇത്തരം ഡ്യൂട്ടിയിൽ നിയോഗിക്കപ്പെടുന്നവർക്ക് ആനുഗ്രഹവുമാണ്.ഡ്യൂട്ടിയെ സംമ്പന്ധിക്കുന്ന വിവരങ്ങൾ കൈവശമുള്ള നോട്ട് ബുക്കിൽ ഇവർ തന്നെ രേഖപ്പെടുത്തും.ഇത് സ്റ്റേഷനിൽ ഹാജരാക്കി രേഖയിലാക്കുകയാണ് അടുത്തപടി.പിന്നെ എല്ലാം ശുഭം.മാസം ശമ്പളവും ഇതര ആനൂകില്യങ്ങളും കൃത്യമായി കീശയിലെത്തും.

സ്‌പെഷ്യൽ ഡ്യൂട്ടിയുടെ പേരിൽ പണിയെടുക്കാതെ ഒരു വിഭാഗം ശമ്പളം വാങ്ങുകയും ബഹുമതികൾ സ്വന്തമാക്കുകയും ചെയ്യുമ്പോൾ ഊണും ഉറക്കവുമില്ലാതെ പണിയെടുത്ത്, മാനസിക സമ്മർദ്ദം മൂർഛിച്ച് ജീവൻ വെടിഞ്ഞ സേനാംഗങ്ങളെക്കുറിച്ച് നല്ലവാക്ക് പോലും പറയാൻ ഉന്നതർ തയ്യാറാവുന്നില്ല എന്നതാണ് ഏറെ ഖേദകരം.