കൊല്ലം: പ്രസവസംബന്ധമായ ചികിത്സക്കെത്തിയ യുവതിക്കു ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കുറിച്ചുനൽകിയ സംഭവത്തിൽ യുവതിയുടെ ഭർത്താവും ബന്ധുക്കളും ഡോക്ടറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. ആശുപത്രിയുടെ മറവിൽ ഫീസ് വാങ്ങി ഗർഭഛിദ്രം ഡോക്ടർ നടത്തിവരുന്നതായി യുവതിയുടെ ഭർത്താവും ബന്ധുക്കളും ആരോപിച്ചു.

കഴിഞ്ഞദിവസമാണു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ ആദിനാട് നോർത്ത് പ്രവീണാലയത്തിൽ പ്രവിതക്ക് സീനിയർ ഗൈനക്കോളജിസ്റ്റ് ഷൈനി ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് മാറി നൽകിയത്. രണ്ടുമാസം ഗർഭിണായായ യുവതി പതിവ് സ്‌കാനിങ് റിപ്പോർട്ടുമായാണ് ആശുപത്രിയിൽ എത്തിയത്. എന്നാൽ ഇന്നലെ പറഞ്ഞിരുന്നയാളല്ലേയെന്നു മാത്രം പറഞ്ഞ് ഡോക്ടർ മരുന്നു കുറിച്ചു നൽകുകയായിരുന്നുവെന്നു യുവതിയുടെ ഭർത്താവ് അനുലാൽ പറഞ്ഞു.

ഡോക്ടർ നൽകിയ കുറിപ്പിലെ മരുന്നു വാങ്ങാനായി മെഡിക്കൽ സ്റ്റോറിൽ സമീപിച്ചപ്പോഴാണു ഗർഭച്ഛിദ്രത്തിനുള്ള മരുന്നാണ് ഡോക്ടർ കുറിച്ചു നൽകിയതെന്നു യുവതി അറിയുന്നത്. മരുന്ന് കുറിച്ച് നൽകിയ ശേഷം ലുങ്കിയും, ബനിയനും വാങ്ങി ലേബർ റൂമിൽ വരാൻ ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ പെൺകുട്ടി നേഴ്‌സമാരോട് തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. പിന്നീട് തിരിച്ച് ആശുപത്രിയിലെത്തി ഡോക്ടറോട് കാര്യം പറഞ്ഞപ്പോൾ അബദ്ധം മനസിലായ ഡോക്ടർ ക്ഷമാപണം നടത്തുകയും ചെയ്തു.

എന്നാൽ ആശുപത്രിയിൽ സീനിയർ ഡോക്ടറുടെ നേതൃത്വത്തിൽ നിയമവിരുദ്ധമായി പ്രസവം അലസിപ്പിക്കൽ നടത്തുന്നുണ്ടെന്ന ആരോപണമാണ് യുവതിയുടെ ബന്ധുക്കൾ ഉന്നയിക്കുന്നത്. യുവതി വീട്ടിലെത്തിയശേഷം ഭർത്താവ് അനുലാലിനോടു കാര്യങ്ങൾ വിശദീകരിച്ചപ്പോഴാണു പരാതിയുമായി മുന്നോട്ടു പോകണമെന്ന് നിർദേശിച്ചത്. ഇതനുസരിച്ച് ഡോക്ടർക്കെതിരെ ആശുപത്രി സൂപ്രണ്ടിന് യുവതിയുടെ ബന്ധുക്കൾ പരാതി നൽകി. സർക്കാർ ആശുപത്രികളിൽ പ്രസവം അലസിപ്പിക്കൽ നിയമം വഴി നിരോധിച്ചിട്ടും ഇതു കാറ്റിൽപറത്തി ഡോക്ടറുടെ നേതൃത്വത്തിൽ ഗർഭഛിദ്രം നടത്താറുണ്ടെന്നു യുവതിയുടെ ഭർത്താവ് പറയുന്നു. യുവതിക്ക് മുൻപ് ഒ.പി ടിക്കറ്റിൽ നിന്നിരുന്ന രോഗി പ്രസവ അലസൽ സംബന്ധമായ കേസുമായാണ് ഡോക്ടറെ സമീപിച്ചിരുന്നത്.

ഡോക്ടർ ആളുമാറി കുറിപ്പു നൽകുകയായിരുന്നെന്നു യുവതി പറയുന്നു. ഡോക്ടറുടെ വീട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ട്. ഇവിടെ ഇത്തരം കേസുകളാണ് കൂടുതലും നടക്കുന്നതെന്നാണ് ആരോപണം. ഒരു വർഷം മുൻപ് ഇരട്ടകുട്ടികളെ പ്രസവിച്ച കുലശേഖരപുരം സ്വദേശിയായ യുവതി ചികിത്സാപിഴവുമൂലം ലേബർ റൂമിൽ മരിച്ചിരുന്നു. കുറ്റാരോപിതയായ ഈ ഡോക്ടർക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ല.

ഡോക്ടർക്കെതിരായ പരാതിയിൽ ഡി.എം.ഒക്ക് റിപ്പോർട്ട് സമർപിച്ചിട്ടുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു. എന്നാൽ, രോഗികളുടെ തിരക്കുകാരണം മരുന്നു കുറിച്ചത് മാറിപ്പോയതാണെന്നാണ് ഡോക്ടറുടെ വിശദീകരണം. മരുന്നുമായി എത്തിയ രോഗിയെ ഇക്കാര്യം ബോധ്യപ്പെടുത്തിയെന്നും നിയമാനുസൃതമായി മാത്രമേ ഗർഭഛിദ്രം നടത്താൻ സാധിക്കൂ എന്നും ഡോക്ടർ പറഞ്ഞിട്ടുണ്ട്.