കൊച്ചി: ലൈംഗിക ചുവയോടെ യുവ നടിയോട് സംസാരിച്ചതിന് ലാൽ ജൂനിയർ ജീൻ പോൾ ലാൽ അടക്കം നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു. സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകാത്തതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെയാണ് അശ്ലീലചുവയോടെ നടിയോട് സംസാരിച്ചെന്നാണ് പരാതി. നടൻ ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ്, എന്നിവരടക്കം നാലുപേർക്കെതിരെയാണ് കേസെടുത്തു.

2016 ൽ ഹണി ബി ടു ചിത്രീകരണത്തിനിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് കേസിനാസ്പദമായ സംഭവം. നടി ഇന്നലെ സിറ്റി പൊലീസ് കമ്മീഷ്ണർക്ക് നടി നേരിട്ടെത്തി നൽകിയ പരാതി അന്വേഷണത്തിനായി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. വഞ്ചന കുറ്റം, സ്ത്രീകൾക്കെതിരെ അപമര്യാദയായി പെരുമാറൽ തുടങ്ങിയ, ഐപിസി 420 എ, 354, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് ജീൻ പോൾ അടക്കമുള്ളവർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പരാതിയിൽ ഇന്നലെ പനങ്ങാട് പൊലീസ് യുവനടിയിൽ നിന്ന് മൊഴിയെടുത്തു. ഇന്ന് ജീൻ പോൾ ലാൽ അടക്കമുള്ളവരെ നടിയുടെ പരാതിയിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. നാളെയോ മറ്റന്നാളോ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇവരോട് ആവശ്യപ്പെടുക. കേസിനാസ്പദമായ സംഭവം നടന്നത് പനങ്ങാട് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഹോട്ടലിലായതിനാലാണ് കേസ് പനങ്ങാട് എസ് ഐയ്ക്ക് കേസ് കൈമാറിയത്. പ്രതിഫലം ചോദിച്ചപ്പോൾ, ജീനും സുഹത്തുക്കളും ചേർന്ന് പരിഹസിച്ചെന്നും, സഹകരിക്കാമെങ്കിൽ എത്രകാശ് വേണമെങ്കിലും നൽകാമെന്ന് പറഞ്ഞതായാണ് യുവനടിയുടെ മൊഴി.

അതേസമയം പ്രതിഫലം നൽകിയില്ലെന്ന പരാതി ഈ നടി താരസംഘടനായായ അമ്മയ്ക്ക് നൽകിയിട്ടില്ലെന്നാണ് വിവരം. ഇത്തരം സംഭവങ്ങൾ ആദ്യം അമ്മയെ അറിയിക്കണമെന്ന ചട്ടം നിലനിൽക്കെ കമ്മീഷ്ണർക്ക് നേരിട്ട് പരാതിനൽകിയതിന്റെ വിശാദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദിലീപിനെ അനുകൂലിക്കുന്ന ഈ യുവനടിയെ ആരെങ്കിലും ലാലിനോടുള്ള വ്യക്തിവൈരാഗ്യം തീർക്കുന്നതിന് വേണ്ടി ഉപയോഗിച്ചതാണോയെന്നും പൊലീസ് പരിശോധിച്ച് വരുകയാണ്.

ചിത്രത്തിലെ അഭിനയിക്കുന്നതിനിടെ 2017 ഫെബ്രുവരി മാസമാസമാണ് കൊച്ചിയിൽ നടിക്ക് നേരെ വാഹനത്തിൽ വെച്ച് പീഡനം നടന്നത്. ഡബ്ബിംഗിനായി തൃശ്ശൂരിലെ നടിയുടെ വീട്ടിൽ നിന്ന് ലാൽ ക്രിയേഷൻസിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു ആക്രമണം. കേസിൽ പൾസർ സുനിയടക്കം ഏഴ് പേരെ പൊലീസ് അന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് ഗൂഢാലോചന കേസിൽ നടൻ ദീലീപും അറസ്റ്റിലായി.

ഗുഡാലോചന സംബന്ധിച്ച അന്വേഷണത്തിന്റെ ആദ്യഘട്ടം പൂർത്തിയാകുന്നതിന് മുമ്പാണ് അതേസിനിമയിലെ മറ്റൊരു യുവ നടി സംവിധായകനും സുഹൃത്തുക്കൾക്കുമെതിരെ ലൈംഗിക ചുവയോടെ സംസാരിച്ചതിന് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.