കാസർകോട്/കോഴിക്കോട്: മുസ്ലിംങ്ങളല്ലാത്തവരോട് ചിരിക്കരുത്, ജോലിക്കു നിർത്തരുത്, പ്രശംസിക്കരുത് തുടങ്ങി മതവിദ്വേഷംവളർത്തുന്ന രീതിയിൽ പ്രസംഗിച്ച സലഫി പ്രഭാഷകൻ ഷംസുദ്ദീൻ ഫരീദ് പാലത്തിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയ ഷുക്കൂർ വക്കീൽ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്‌ക്കെതിരെയും പരാതി നൽകി. മതവിദ്വേഷംവളർത്തുന്ന പ്രസംഗം നടത്തിയതിന് ശശികലയ്‌ക്കെതിരെ ഇന്നലെയാണ് കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. കാസർകോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സി ഷുക്കൂർ മുസ്ലിംലീഗ് നേതാവും എം.ജി യൂണിവേഴ്‌സിറ്റി പ്രൊ വൈസ്ചാൻസിലർ ഷീന ഷുക്കൂറിന്റെ ഭർത്താവുമാണ്.

ശശികലയുടെ വിദ്വേഷ പ്രസംഗത്തിന്റെ യുട്യൂബ് ലിങ്കുകൾ സഹിതമാണ് പരാതി നൽകിയത്. മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ മത വിഭാഗങ്ങളെ അവേഹേളിക്കുന്നതും മതവിദ്വേഷം വളർത്തുന്നതുമായ 12 ലിങ്കുകളും ഇവ ഡൗൺലോഡ് ചെയ്ത് കോപ്പി ചെയ്ത സിഡികളും സഹിതമാണ് പരാതി നൽകിയിട്ടുള്ളത്.

സാധാരണ ഹിന്ദു വിശ്വാസികളെ പ്രകോപിപ്പിക്കുന്നതിനും ഒത്തൊരുമിച്ച് ജീവിക്കുന്ന കേരളീയരെ അകറ്റാനും പരസ്പരം ശത്രുതയുണ്ടാക്കുവാനും ഉദ്ദേശിച്ചുള്ളതുമാണ് പ്രസംഗങ്ങളെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്ത് ,ഒഡീഷ, യു.പി എന്നിവിടങ്ങളിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തും തരത്തിൽ മാറാട് നടത്തിയ പ്രസംഗം, മതർതരേസയെ ആക്ഷേപിക്കുകയും മതം മാറ്റാൻ വന്ന കാട്ടുകള്ളിയാണെന്നും പറഞ്ഞ് നടത്തിയ പ്രസംഗം, ഏറ്റവും ഒടുവിൽ മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു കടലുകളെ കുറിച്ചു നടത്തിയ പ്രസംഗം എന്നിവയുടെ ലിങ്കുകളും പരാതിയിൽ നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി പ്രഭാഷണം നടത്തുന്ന ശശികലയുടെ നിരവധി പ്രസംഗങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. തെളിവുകളായി പ്രസംഗങ്ങളുടെ യുട്യൂബ് ലിങ്കുകളും സി.ഡികളും ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.

ഇത്തരം പ്രസംഗങ്ങൾ ആവർത്തിക്കുന്നത് മതേതര ജാനാധിപത്യ സമൂഹത്തിന് ഗുണകരമല്ലെന്നും നിയമവാഴ്‌ച്ചയെ വെല്ലുവിളിക്കുന്ന ഇവരുടെ പ്രസംഗങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്. കാഞ്ഞങ്ങാട്ടുവച്ചാണ് ശശികയുടെ പ്രസംഗങ്ങൾ കേട്ടതും ഡൗൺലോഡ് ചെയ്തതെന്നും ഇക്കാര്യത്തിൽ നിയമ നടപടികൾ സ്വീകരിച്ച് ഭാവിയിൽ ഇത്തരം പ്രസംഗങ്ങൾ നടത്തുവാൻ സാഹചര്യങ്ങൾ നൽകരുതെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്.കഴിഞ്ഞ മാസം ഏഴിനായിരുന്നു മതവിദ്വേഷ പ്രസംഗം നടത്തിയതിന് ശംസുദ്ധീൻ പാലത്തിനെതിരെ ഇദ്ദേഹം കാസർഗോഡ് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. തുടർന്ന് പരാതിന്മേൽ കേസെടുക്കുകയും. അന്വേഷം കോഴിക്കോട് നടക്കാവ് സ്‌റ്റേഷനിലേക്കു കൈമാറുകയും ചെയ്തിരുന്നു. എന്നാൽ രാജ്യം നിരേധിച്ച ഐസിസിന്റെ ആശയമായ വലാഉംബറാഉം പ്രസംഗിച്ച ശംസുദ്ദീനെതിരെ യു.എ.പി.എ വകുപ്പ് ചുമത്തുകയുണ്ടായി. ഈ കേസ് കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിച്ചു വരികയാണ്.

ഇതിനു പിന്നാലെയാണ് ശശികലക്കെതിരെയുള്ള പരാതിയുമായി അഡ്വ.ഷുക്കൂർ രംഗത്തു വന്നിട്ടുള്ളത്. വർഗീയതക്കും മതസ്പർദ വളർത്തുന്ന ഇത്തരം പ്രസംഗങ്ങൾക്കുമെതിരെ ശക്തമായ നിലപാട് തുടരുക തന്നെ ചെയ്യുമെന്ന് ഷുക്കൂർ വക്കീൽ മറുനാടൻ മലയാളിയോടു പറഞ്ഞു. വർഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയ ശംസുദ്ദീൻ ഫരീദ് പാലത്തിനെതിരെ പരാതിപ്പെട്ടതിന്റെ പേരിൽ നേരെ ഭീഷണിയും സമ്മർദവും തന്തക്കു വിളിയും നിരന്തരം കേൾക്കേണ്ടി വന്നിരുന്നു അഡ്വ.ഷുക്കൂറിന്. ശശികലക്കെതിരെ എന്തുകൊണ്ട് പരാതിപ്പെട്ടില്ലെന്നായിരുന്നു എതിർക്കുന്നവരുടെ ചോദ്യം. എന്നാൽ ഷുക്കൂർ വക്കീലിനെ എതിർത്തവരാരും ശശികലക്കെതിരെ പരാതി നൽകാൻ തയ്യാറായതുമില്ല. ശംസുദ്ദീന്റേതു പോലെതന്നെ ശശികലയുടെ പ്രസംഗവും മതേതര ജനാധിപത്യ സമൂഹത്തിന് അപകടവും ഭീഷണിയുമാണെന്ന് തിരിച്ചറിഞ്ഞ വക്കീൽ തന്നെ ഇതിനെതിരെയും പരാതിപ്പെടുകയായിരുന്നു. ഇരു മതവിഭാഗത്തിൽപ്പെട്ട വർഗീയ വിഷം ചീറ്റുന്ന രണ്ട് പ്രഭാഷകർക്കെതിരെ ഷുക്കൂർ വക്കീൽ നടത്തിയ ഇടപെടലിൽ സോഷ്യൽ മീഡിയയിൽ വൻ പിന്തുണ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. നേരിട്ടും ഫോണിലൂടെയും വിവിധ മത രാഷ്ട്രീയ വിഭാഗങ്ങളുടെ പ്രശംസയും പിന്തുണയും എത്തുകയും ചെയ്യുന്നു.

വിദ്വേഷ പ്രസംഗം നടത്തുന്നുവെന്ന നിരന്തര ആക്ഷേപം ശശികലക്കെതികെ നേരത്തേ ഉയർന്നിരുന്നു. ശശികല, ആറ്റിങ്ങൽ കടലിനെ സംബന്ധിച്ച് നടത്തിയ പ്രസംഗവും, ഓണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളുമെല്ലാം വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. പ്രസംഗങ്ങൾ അധികവും വർഗീയ വിഷം വമിക്കുന്നതാണെന്ന ആരോപണം മുൻപുതന്നെ നിലനിലവിലുണ്ട്. ഇതിന് പിന്നാലെയാണ് പ്രസംഗത്തിനെതിരെ പരാതി പൊലീസിന് മുന്നിലെത്തുന്നത്.

പ്രാഥമിക ദൃഷ്ടിയിൽ കേസെടുക്കാൻ നിരവധി വകുപ്പുകളുണ്ടെന്നാണ് പൊലീസ് നിരീക്ഷണം. പരാതിയിൽ പറഞ്ഞ ലിങ്കുകളും സിഡികളും പരിശോധിച്ചു വരികയാണെന്നും പ്രസംഗങ്ങൾ ഓരോന്നും എവിടെയൊക്കെ നടത്തിയതാണെന്നും പരിശോധിച്ച ശേഷമായിരിക്കും എവിട കേസ് രജിസ്റ്റർ ചെയ്യണമെന്നത് തീരുമാനിക്കുകയെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി മറുനാടൻ മലയാളിയോടു പറഞ്ഞു.