കൊച്ചി: പിണറായി വിജയന്റെ കുടുംബ വീട് ആഡംബരമാണോ എന്ന ചോദ്യം ചർച്ച ചെയ്ത് മടുത്തവരാണ് മലയാളികൾ. പിണറായിയുടെ വീടിന്റെ പടമെടുക്കാൻ പോലും വിലക്കുണ്ടെന്ന ചർച്ചകൾ സോഷ്യൽ മീഡയയും ഏറ്റെടുത്തു. ഒടുവിൽ പ്രചരിച്ച ചിത്രം വ്യാജമാണെന്ന് അന്വേഷണത്തിലെ കണ്ടെത്തലോടെ ആ വിവാദം കെട്ടടങ്ങി. രാഷ്ട്രീയത്തിൽ വീണ്ടുമൊരു വീടുനിർമ്മാണം വിവാദമാകുന്നു. കോൺഗ്രസിലാണ് ആഡംബര വീടു നിർമ്മാണം ചർച്ചയാകുന്നത്. ഗ്രൂപ്പ് പ്രശ്‌നങ്ങൾ തന്നെയാണ് ആഡംബര വീടിനെ ശ്രദ്ധേയമാക്കുന്നത്. കൊച്ചി മേയർ ടോണി ചമ്മിണിയാണ് ആഡംബര വീട് കഥയിലെ കേന്ദ്രസ്ഥാനത്ത്.

കർക്കശക്കാരനായ കെപിസിസി പ്രസിഡന്റായി വി എം. സുധീരൻ തുടരുന്നു. അതുകൊണ്ട് ഗ്രൂപ്പിന്റെ പേരിൽ പരസ്പ്പരം പോരടിക്കാൻ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ പരസ്യ പ്രതികരണത്തിലൂടെ പൊല്ലാപ്പിലാകാൻ കൊച്ചിയിലെ കോൺഗ്രസ് നേതാക്കൾ തയ്യാറല്ല. പിന്നൊരാശ്വാസം വിഷയം കെപിസിസി. ഏറ്റെടുക്കുമെന്നതാണ്. അതുകൊണ്ടാണ് കത്തിലൂടെ കെപിസിസി പ്രസിഡന്റിന് മുന്നിൽ കൊച്ചി മേയറെ കുറിച്ചുള്ള പരാതി നിരത്തിയത്.

ഏതായാലും കോർപ്പറേഷൻ മേയർ ടോണി ചമ്മിണിയുടെ ആഡംബരവീട് നിർമ്മാനത്തെക്കുറിച്ച് കെപിസിസി നേതൃത്വം പരിശോധിച്ചേക്കും. ജില്ലയിലെ ഒരു മുൻകേന്ദ്രമന്ത്രി ഉൾപ്പെടെയുള്ള ഐ ഗ്രൂപ്പ് നേതൃത്വം കെപിസിസി പ്രസിഡന്റിന് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. ആരോപണത്തെക്കുറിച്ച് പഠിക്കാൻ വി എം സുധീരൻ മുതിർന്ന കോൺഗ്രസ്സ് നേതാക്കളെ ഉൾപ്പെടുത്തി കമ്മീഷനെ നിയോഗിക്കുമെന്നും സൂചനയുണ്ട്.

എന്നാൽ ഇക്കാര്യത്തെപ്പറ്റി പരസ്യപ്രതികരണം നടത്തരുതെന്ന് ഡി.സി.സി നേതൃത്വത്തിനും, ഐ ഗ്രൂപ്പ് നേതാക്കൾക്കും വി എം സുധീരൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കലൂരിലെ റസിഡൻഷ്യൽ ഏരിയയിൽ 3300ൽ പരം ചതുരശ്ര അടിയിൽ നിർമ്മിച്ച മൂന്നുനില വീടിന്റെ കുടിയിരിക്കൽ ചടങ്ങ് കഴിഞ്ഞതോടെയാണ് സംഭവം വിവാദമായിരിക്കുന്നത്. മൂന്ന് നിലകളുള്ള വീട്ടിൽ 5 കിടപ്പുമുറികളും, ലിഫ്റ്റും, മിനി തിയേറ്ററും ഉണ്ടെന്നാണ് ഐ ഗ്രൂപ്പ് ആരോപണം.

വീടിന്‌വേണ്ട ടൈലും മറ്റും വിദേശത്തുനിന്നും നേരിട്ട് ഇറക്കുമതി ചെയ്തതായും ആക്ഷേപമുണ്ട്. നഗരസഭയിലെ കൗൺസിലർമാർക്കും മുതിർന്ന പാർട്ടി നേതാക്കൾക്കും മാത്രമായിരുന്നു രണ്ട് ദിവസം മുൻപ് നടന്ന വീടിരിക്കൽ ചടങ്ങിനും, തുടർന്നുള്ള സൽക്കാരത്തിനും ക്ഷണം ലഭിച്ചത്. സംഭവം വിവാദമായതോടെ തനിക്ക് കുടുംബപരമായി ലഭിച്ച സ്വത്തുപയോഗിച്ചാണ് വീട് നിർമ്മിച്ചതെന്ന വിശദീകരണവുമായി മേയർ ടോണി ചമ്മിണി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം സംഭവം രാഷ്ട്രീയ വിവാദമാക്കാൻ തന്നെയാണ് പ്രതിപക്ഷത്തുള്ള സിപിഐ(എം) തീരുമാനം. ഐ ഗ്രൂപ്പിന്റെ മൗനാനുവാദവും ഇതിനുണ്ട്. നഗരത്തിലെ കവലകൾ കേന്ദ്രീകരിച്ച് മേയറുടെ വീടിന്റെ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിക്കാനും എതിർപക്ഷത്തിന് പദ്ധതിയുണ്ട്. അതേസമയം ഭരണം. അവസാനിക്കാൻ ഒരുവർഷം മത്രം ശേഷിക്കെ ടോണി ചമ്മിണിയുടെ രാജി ആവശ്യപ്പെടേണ്ടെന്നും ഐ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്.

എ ഗ്രൂപ്പിന്റെ അഴിമതി മുൻനിർത്തി അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് സമ്മർദ്ദം രൂപപ്പെടുത്തി കൂടുതൽ സീറ്റ് പാർട്ടി നേതൃത്വത്തിൽ നിന്നും നേടിയെടുക്കാനായിരിക്കും ഐ ഗ്രൂപ്പ് ശ്രമം. കൊച്ചി മേയറുടെ വിദേശയാത്രകൾ നേരത്തെ തന്നെ ഏറെ വിവാദമായിരുന്നു. 23 തവണയാണ് മേയറായ ശേഷം ടോണി ചമ്മിണി ഓരോ കാര്യങ്ങൾ പറഞ്ഞ് വിദേശത്തേക്ക് പറന്നത്. ഈ യാത്രകൾ വിവാദമാകാൻ കാരണവും കൊച്ചിയിലെ ഗ്രൂപ്പ് രാഷ്ട്രീയം തന്നെയായിരുന്നു.