- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നേതാക്കന്മാർ കുടുംബവുമൊത്ത് സുഖമായി ജീവിക്കുമ്പോൾ അണികൾ മാരകായുധങ്ങളുമായി പരസ്പരം കൊല വിളിച്ച് നടക്കുന്നു; ഇവർക്ക് വേണ്ടി നിങ്ങൾ ബലിയാടാവരുത്! മുഖ്യമന്ത്രി അടക്കം നേതാക്കളുടെ കുടുംബത്തിന്റെ ചിത്രങ്ങളുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ പോസ്റ്റ്; ഡിജിപിക്ക് പരാതി
കൊച്ചി: ഫേസ്‌ബുക്ക് പോസ്റ്റിൽ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗങ്ങളെ അവഹേളിച്ചെന്ന് കാട്ടി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെ ഡിജിപിക്ക് പരാതി. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് എതിരെ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫേസ്‌ബുക്കിൽ പങ്കുവച്ച പോസ്റ്റാണ് പരാതിക്ക് അടിസ്ഥാനം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടമാണ് പരാതി നൽകിയിരിക്കുന്നത്.
Never again let there be a political murder in our state എന്ന തലക്കെട്ടിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫേസ്‌ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും, അതോടൊപ്പം മുഖ്യമന്ത്രിയുൾപ്പടെയുള്ള മറ്റ് ചില നേതാക്കളുടെയും കുടുംബത്തെ അവഹേളിച്ചിരിക്കുകയാണ്. സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന്റെയും കെ.സുരേന്ദ്രന്റെ കുടുംബത്തിന്റെയും ചിത്രങ്ങളും പോസ്റ്റിന് ഒപ്പം കൊടുത്തിട്ടുണ്ട്.
നേതാക്കന്മാർ കുടുംബവുമൊത്ത് സുഖമായി ജീവിക്കുമ്പോൾ അണികൾ മാരകായുധങ്ങളുമായി പരസ്പരം കൊല വിളിച്ച് നടക്കുന്നു. ഇവർക്ക് വേണ്ടിയാണോ നിങ്ങൾ ആയുധമെടുക്കുന്നത്? ഇവർക്ക് വേണ്ടി നിങ്ങൾ ബലിയാടാവരുത്! നിങ്ങളുടെ കുടുംബങ്ങൾ പട്ടിണിയിലാവും, മറക്കരുത് സ്വന്തം കുടുംബത്തെ കുറിച്ച് ഓർമയുണ്ടാകണം, എന്നാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ പോസ്റ്റിലെ ആഹ്വാനം.
ഫേസ്‌ബുക്ക് പോസ്റ്റിൽ ഉമ്മൻ ചാണ്ടിയുടെയും, രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കന്മാരുടെയും കുടുംബത്തെയും പൊതുസമൂഹത്തിൽ അവഹേളിച്ചിരിക്കുകയാണ് എന്നും പരാതി കുറ്റപ്പെടുത്തുന്നു. ഫേസ്‌ബുക്ക് പോസ്റ്റ് രാഷ്ട്രീയപ്രവർത്തനവുമായി യാതൊരു ബന്ധവും ഇല്ലാത്ത കുടുംബാംഗങ്ങളെ ഇകഴ്‌ത്തി കാണിക്കുന്നതാണ്.
ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയും നാളിതുവരെ ഒരു അക്രമപ്രവർത്തനവും നടത്തുന്നതിന് ആഹ്വാനം ചെയ്യുകയോ, അക്രമങ്ങളിൽ പ്രതിയാവുകയോ ചെയ്തിട്ടില്ല. കേരളത്തിൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ചിത്രത്തിനും മുന്നേ ഉമ്മൻ ചാണ്ടിയുടെയും കുടുംബത്തിന്റെയും ഫോട്ടോയിട്ട് മനപ്പൂർവ്വം അവഹേളിക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെ കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ