തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റിയിലെ സ്ത്രീ സംവരണം സംബന്ധിച്ച ചോദ്യത്തെ പരിഹസിച്ച പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. അമ്പത് ശതമാനം സ്ത്രീ സംവരണം കമ്മിറ്റിയിലുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, നിങ്ങൾ കമ്മിറ്റിയെ തകർക്കാൻ വേണ്ടി നടക്കുന്നതാണോയെന്ന ചോദ്യമാണ് ചിരിയോടെ കോടിയേരി ഉന്നയിച്ചത്.

സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് കെ.ഫാത്തിമ തെഹ്ലിയ വനിതാ കമ്മിഷനു പരാതി നൽകി. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം കോടിയേരി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി. പ്രസ്താവന ഗുരുതരവും പൊതുപ്രവർത്തകരായ സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ളതാണെന്നും പരാതിയിൽ പറയുന്നു.

കോടിയേരി ബാലകൃഷ്ണൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുൻ ആരോഗ്യമന്ത്രിയും സിപിഐഎം സംസ്ഥാന സമിതി അംഗവുമായ കെകെ ശൈലജ ടീച്ചർ. ചില വാക്കുകൾ മാത്രം അടർത്തിയെടുത്ത് അങ്ങനെ പറയുന്നത് ശരിയല്ലെന്നും കണ്ണൂരിൽ അവർ പറഞ്ഞു.

'കോടിയേരിയെ അറിയാത്തവർ ആരും ഈ നാട്ടിലില്ല. അങ്ങനെയൊരു സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്നയാളാണ് കോടിയേരിയെന്ന് അഭിപ്രായം ഇന്നാട്ടിൽ ആർക്കുമില്ല. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടില്ല. തമാശ പറഞ്ഞത് എടുത്തിട്ട് അത് സ്ത്രീവിരുദ്ധമാണെന്ന് പറയാൻ കഴിയില്ല. കോടിയേരി സിപിഐഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമാണ്. അങ്ങനെയൊരു പരാമർശം ആ അർത്ഥത്തിൽ ഉണ്ടാവില്ലെന്ന് കേരളീയ സമൂഹത്തിന് ആകെ അറിയാം', ശൈലജ ടീച്ചർ പറഞ്ഞു.

അമ്പത് ശതമാനം സ്ത്രീകൾ സംസ്ഥാന സമിതിയിൽ എത്തിയാൽ കമ്മിറ്റി തകരുമെന്നാണ് അദ്ദേഹം പറഞ്ഞത് എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ആ ഒരു അർത്ഥത്തിൽ അദ്ദേഹം പറയാനേ ഇടയില്ലെന്ന് ശൈലജ ടീച്ചർ ആവർത്തിച്ചു. അങ്ങനെ പറയുകയില്ലെന്നും അവർ കൂട്ടിച്ചേർത്തു.വീണ്ടും മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം അതിൽ ചോദിക്കേണ്ടതില്ലല്ലോ എന്ന് ശൈലജ ടീച്ചർ മറുപടി നൽകി. 'സ്ത്രീ സമത്വത്തിന് വേണ്ടി ഏറ്റവും നന്നായി പ്രവർത്തിക്കുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് കോടിയേരി. ഇപ്പോൾ തന്നെ സിപിഎമ്മിന്റെ രംഗത്ത് നന്നായി സ്ത്രീകൾ മുന്നോട്ട് വരുന്നുണ്ട്. എത്രയാളുകൾ ബ്രാഞ്ച് സെക്രട്ടറിമാരായി വന്നിട്ടുണ്ട്. സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും നല്ല തത്വശാസ്ത്രത്തിന്റെ നേതാവാണ് കോടിയേരി. ഒരു വാചകം മാത്രം അടർത്തിയെടുത്ത് അങ്ങനെ പറയുന്നത് ഒരു ശരിയല്ല. ആ അർത്ഥം വെച്ച് പറയുന്നവരെ നമ്മൾ മുമ്പ് വിമർശിച്ചിട്ടുണ്ടല്ലോ'. ഇത് അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും അവർ ന്യായീകരിച്ചു.

കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്: 'എല്ലാ കമ്മിറ്റികളിലും വനിതാ പ്രാതിനിധ്യം വർധിച്ചിട്ടുണ്ട്. 50 ശതമാനമോ, നിങ്ങൾ കമ്മിറ്റിയെ തകർക്കാൻ വേണ്ടി നടക്കുന്നതാണോ. പ്രായോഗികമായി നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുക.'സ്ത്രീ പുരുഷ സമത്വം പാർട്ടിയിൽ ഉണ്ടാകണമെന്ന പരാമർശത്തിന് പിന്നാലെയായിരുന്നു കോടിയേരിയുടെ ഈ പരിഹാസം. 'സ്ത്രീപക്ഷ കേരളം മുദ്രാവാക്യം ഉയർത്തണം. പാർട്ടി സ്ത്രീ സൗഹൃദമാകണം. നിർഭയമായ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് സിപിഐഎം.'-കോടിയേരി പറഞ്ഞു.