കോഴിക്കോട്: തനിച്ച് യാത്ര ചെയ്ത വിദ്യാർത്ഥിനിയെ അർദ്ധരാത്രി ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതെ കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത. ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെ ഹൈവേ പൊലീസ് ദേശീയപാതക്ക് കുറുകെ വാഹനമിട്ട് ബസ് തടഞ്ഞ് വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കി. കഴിഞ്ഞ പുലർച്ചെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പാലാ ബ്രില്യന്റ് എൻട്രൻസ് കോളേജിൽ പഠിക്കുന്ന പയ്യോളി സ്വദേശിനിയായ പതിനെട്ടുകാരിക്കാണ് കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ഇത്തരത്തിൽ ദുരനുഭവമുണ്ടായത്.

രാത്രി എട്ടര മണിക്ക് പാലയിൽ നിന്ന് പയ്യോളിയിലെ വീട്ടിലേക്ക് എ.ടി.സി 234 കെഎസ്ആർടിസി ബസിൽ കയറിയതായിരുന്നു വിദ്യാർത്ഥിനി. ഓൺലൈൻ വഴി ബുക്ക് ചെയ്ത ടിക്കറ്റ് കോഴിക്കോട് വരെയായിരുന്നു ഉണ്ടായിരുന്നത്. ബസ് കാസർഗോഡ് വരെയുണ്ടെന്നു മനസ്സിലായതിനെ തുടർന്ന് കോഴിക്കോട് കഴിഞ്ഞപ്പോൾ വിദ്യാർത്ഥിനി പയ്യോളിക്കുള്ള ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ കണ്ണൂരിലേക്കുള്ള ടിക്കറ്റ് എടുക്കണമെന്ന് പറഞ്ഞതിനെ തുടർന്ന് നൂറ്റിപതിനൊന്ന് രൂപ നൽകി ടിക്കറ്റ് എടുക്കുകയും ചെയ്തു. പയ്യോളിയിൽ ഇറങ്ങണമെന്നാവശ്യപ്പെട്ടപ്പോൾ നിർത്താൻ സാധ്യമല്ലെന്നും ഇനി കണ്ണൂരിൽ മാത്രമേ നിർത്തുകയുള്ളൂ എന്നും കണ്ടക്ടർ പറഞ്ഞു.

ഇതോടെ പയ്യോളിയിൽ കാത്ത് നിൽക്കുകയായിരുന്ന പിതാവിനോട് വണ്ടി നിർത്തില്ല എന്ന് വിദ്യാർത്ഥിനി മൊബൈൽ വഴി ധരിപ്പിച്ചു. പിതാവ് ഉടൻ പയ്യോളി പൊലീസ് സ്റ്റേഷനിൽ ചെന്ന് കാര്യം അവതരിപ്പിച്ചു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും പിതാവും ചേർന്ന് പയ്യോളിയിൽ പുലർച്ചെ രണ്ട് മണിക്ക്‌ബസ്സിന് കൈകാണിച്ചെങ്കിലും ബസ് നിർത്താതെ പോയി. പയ്യോളി പൊലീസ് മൂരാട് ട്രാഫിക്ക് ഡ്യൂട്ടിയിലുള്ള പൊലീസിനോട് ബസ് തടയാൻ ആവശ്യപ്പെട്ടെങ്കിലും അവിടെയും ബസ് നിർത്തിയില്ല.

പിന്നീട് പൊലീസ് കണ്ട്രോൾ റൂമിലേക്ക് സന്ദേശം നൽകിയതിനെ തുടർന്ന് ദേശീയപാതയിൽ ചോമ്പാല പൊലീസ് കുഞ്ഞിപ്പള്ളിയിൽ വെച്ച് പൊലീസ് വാഹനം കുറുകെയിട്ട് ബസ് തടയുകയായിരുന്നു. ബസിന് പുറകെ പോയ രക്ഷിതാവ് കുഞ്ഞിപ്പള്ളിയിൽ എത്തുമ്പോഴേക്കും ബസ് വിദ്യാർത്ഥിനിയെ ഇറക്കി പോവുകയും ചെയ്തു. സ്ത്രീകൾ ആവശ്യപ്പെട്ടാൽ രാത്രി പത്ത് മണി കഴിഞ്ഞാൽ സ്വകാര്യ ബസ് ഉൾപ്പെടെയുള്ളവ ഏത് സ്ഥലത്തും നിർത്തണമെന്ന നിർദ്ദേശം നിലനിൽക്കുമ്പോഴാണ് കെഎസ്ആർടിസി ബസ് ജീവനക്കാരുടെ ക്രൂരത.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പൊലീസിനും കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയതായി പിതാവ് അബ്ദുൾ അസീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. അതേ സമയം പരാതിയുടെ ചോമ്പാല പൊലീസ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ കേസെടുത്തു. പൊലീസ് കൈകാണിച്ചിട്ടും വാഹനം നിർത്താതിരുന്നതിന് പയ്യോളി പൊലീസ് ബസ് ഡ്രൈവർക്കെതിരെ സ്വമേധയാ കേസെടുത്തു.