മലപ്പുറം: സൂര്യ ടി.വിയിൽ സംപ്രേഷണം ചെയ്യുന്ന 'കുട്ടിപ്പട്ടാളം' എന്ന പരിപാടിക്കെതിരെ ബാലാവകാശ കമീഷനിൽ പരാതി. അവതാരക സുബി സുരേഷിനുമെതിരേയും പരാതിയുണ്ട്.

കുട്ടികളുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യുന്ന പരിപാടി നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ ഹാഷിം കൊളമ്പനാണ് കമീഷനെ സമീപിച്ചത്. ആവശ്യമായ തെളിവുകളുൾപ്പെടെ വിശദമായ പരാതി സമർപ്പിക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടു. പ്രേക്ഷകരെ ചിരിപ്പിക്കാൻ കുട്ടികളെക്കൊണ്ട് എന്തും പറയിക്കുക എന്ന നിലയിലേക്കത്തെിയിരിക്കുന്നു കാര്യങ്ങളെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ചോദ്യങ്ങൾ പലതും ദ്വയാർഥമുള്ളവയാണ്. പങ്കെടുക്കുന്നവരെ മാത്രമല്ല പരിപാടി കാണുന്ന കുട്ടികളെയും ഇത് ദോഷകരമായി ബാധിക്കുമെന്നാണ് ആക്ഷേപം.

ദൃശ്യമാദ്ധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ വ്യക്തമായ മാർഗനിർദ്ദേശമില്ലാത്തത് പ്രശ്‌നമാണെന്ന് കമ്മിഷൻ അംഗങ്ങളായ നസീർ ചാലിയവും ഗ്‌ളോറി ജോർജും ചൂണ്ടിക്കാട്ടി. ടി.വി പരിപാടികളിൽ കുട്ടികളെ മോശമായി ചിത്രീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകാൻ വിദഗ്ധരടങ്ങുന്ന കോർ കമ്മിറ്റിക്ക് ഉടൻ രൂപം നൽകുമെന്നും ഇവർ അറിയിച്ചു. ചൈൽഡ്‌ലൈനിലും ഹാഷിം പരാതി നൽകിയിട്ടുണ്ട്. തെളിവുകൾ നൽകിയാൽ പരിപാടിയുടെ സംപ്രേഷണം നിർത്തി വയ്‌പ്പിക്കുമെന്നാണ് ബാലവകാശ കമ്മീഷൻ നൽകുന്ന സൂചന.

സൂര്യ ടിവിയിലെ ജനപ്രിയ പരിപാടികളിൽ ഒന്നാണ് കുട്ടിപ്പട്ടാളം. കൊച്ച് കുട്ടികളെ അണിനിരത്തിയുള്ള റിയാലിറ്റി ഷോയാണ് അത്. തമാശ ചോദ്യങ്ങളിലൂടെ കുട്ടികളിൽ നിന്ന് നർമ്മ പ്രധാനമായ ഉത്തരങ്ങൾ ഉണ്ടാക്കുന്നതാണ് കുട്ടിപ്പട്ടാളം.