പത്തനംതിട്ട: തിരുവനന്തപുരത്തെ സ്വകാര്യ കാർ റെന്റൽ കാൾ ടാക്സി സെർവീസ് ഏജന്റുമാരുമായ മാംഗോ കാബ്സിനെതിരെ മോശം സേവനത്തിന്റെ പേരിൽ പരാതി. പത്തനംതിട്ട സ്വദേശി മാത്യുവിനാണ് മാംഗോ കാബ്സിൽ നിന്നും മോശമായ അനുഭവമുണ്ടായത്. 

ഒമാനിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മാത്യു  2013ൽ നാട്ടിലെത്തിയപ്പോൾ വാങ്ങിയ മഹിന്ദ്ര സൈലോ എന്ന വാഹനം മാംഗോ കാബ്സിനു വാടകയ്ക്ക് നൽകിയിരുന്നു. മാത്യുവിന്റെ ഭാര്യയുടെ  പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ വീട്ടിലെ ഡ്രൈവർ കൂടി വിദേശത്ത് പോയതോടെയാണ് വാഹനം വെറുതെ വീട്ടിൽ ഇടണ്ടെന്നു കരുതി റെന്റിനു നൽകാൻ തീരുമാനിച്ചത്.

ഇതിനായി മാംഗോ കാബ്സ് പത്രത്തിൽ നൽകിയ പരസ്യം കണ്ട ശേഷം അവരുമായി ബന്ധപ്പെടുകയായിരുന്നു. ജിപിഎസ് ഘടിപ്പിച്ചാൽ വിദേശത്താണെങ്കിലും  വാഹനത്തിനെ സംബന്ധിച്ച് എല്ലാ വിവരവും അറിയാനാകുമെന്നും അധികൃതർ പറഞ്ഞിരുന്നു. തിരുവനന്തപുരം ടെക്നോപാർക്കിലെ കമ്പനിക്കു വേണ്ടിയാകും വാഹനം ഉപയോഗിക്കുകയെന്നാണ് കരാറിൽ സൂചിപ്പിച്ചിരുന്നത്. കരാറിലെത്തുന്നതിന് മുൻപ് വളരെ മാന്യമായും ഒരു സംശയവും തോന്നാത്ത രീതിയിലും തീർത്തും പ്രഫഷണലായുമായിട്ടായിരുന്നു മാംഗോ കാബ്സിന്റെ പെരുമാറ്റം. മാംഗോ കാബ്സ് ഉടമ അനുരാജുമായി സംസാരിച്ചപ്പോൾ വിശ്വാസ്യത തോന്നിയെന്നും അതിനാലാണ് കരാറിലെത്തിയതെന്നും  പറയുന്നു.

2014 ഒക്ടോബർ മാസത്തിലാണ് വാഹനം മാംഗോ കാബ്സിനു കൈമാറാൻ കരാറൊപ്പിട്ടത്. എന്നാൽ വാഹനം കൈമാറിയ ശേഷം വളരെ മോശമായ രീതിയിലായിരുന്നു പെരുമാറ്റവും വാഹനം കൈകാര്യം ചെയ്ത രീതിയും. മാത്രവുമല്ല സാമ്പത്തിക ഇടപെടലുകളിലും മാത്യുവിന്‌  നഷ്ടമാണ് സംഭവിച്ചതെന്നും പറയുന്നു. കിലോമീറ്ററിനു പതിനൊന്ന് രൂപ എന്ന രീതിയിലായിരുന്നു വാടക കണക്കാക്കിയിരുന്നത്. എന്നാൽ 11 മാസത്തോളം വാഹനം ഉപയോഗിച്ച ശേഷം വെറു 25,000 രൂപ മാത്രമാണ് വാടകയിനത്തിൽ മാത്യുവിന്‌
ലഭിച്ചത്.

എന്നാൽ വാഹനം കൈമാറുന്ന സമയത്ത് ടയർ മാറുന്നതിനായി 20000 രൂപയും ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്നതിനായി 9700 രൂപയും നൽകിയിരുന്നു. എന്നാൽ ജിപിഎസ് വഴി വിശദാംശങ്ങൾ അറിയുന്നതിനായുള്ള ലിങ്ക് അയച്ചു നൽകുകപോലും ചെയ്തില്ലാ എന്നും മാത്യു  പറയുന്നു. കൃത്യമായി വാടക ലഭിക്കാത്തതിനെ തുടർന്ന് കമ്പനിയുമായി ബന്ധപ്പെടുമ്പോൾ പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിടുണ്ടെന്ന മറുപടിയാണ് ലഭിക്കുക. കമ്പനി ഉടമ അനുരാജിനെ വിളിക്കുമ്പോൾ ഫോൺ കോളുകൾ ഡൈവേർട്ട് ചെയ്ത് കമ്പനി റിസപ്ഷനിലെ കസ്റ്റമർ സെർവീസ് സെന്റെറിലെ ടെലി കോളർമാർക്കാണ് ലഭിക്കുന്നത്. ഇവരുടെ പെരുമാറ്റവും വളരെ മോശമായ രീതിയിലാണെന്നും മാത്യു പറയുന്നു.

സ്ഥിരമായി വാടക ലഭിക്കാതെയും ബന്ധപ്പെടാൻ സാധിക്കാതെയും വന്നപ്പോൾ  മാത്യു തിരുവനന്തപുരത്തെ മാംഗോ കാബ്സിന്റെ ഓഫീസിൽ എത്തിയെങ്കിലും വളരെ മോശമായിട്ടാണ് പെരുമാറിയത്. തുടർന്ന്  വണ്ടി തിരിച്ചെടുത്തപ്പോൾ ആകെ കേടുപാടുകൾ സംഭവിച്ച സ്ഥിതിയിലായിരുന്നു. കിലോമീറ്റർ അടിസ്ഥാനത്തിലാണ് നിരക്ക് ഈടാക്കേണടതെന്നിരിക്കെ സ്പീഡോമീറ്റർ കേബിൾ ഊരി മാറ്റിയ ശേഷമാണ് വാഹനം ഓടിച്ചിരുന്നത്. മാത്രവുമല്ല വണ്ടി അനേകം സ്ഥലങ്ങളിൽ ഇടിച്ചതായും പോറലുകൾ ഉണ്ടായ അവസ്ഥയിലുമായിരുന്നു. എന്നാൽ വാടക പോലും കൃത്യമായി നൽകാത്തവരിൽ നിന്നും വണ്ടിയുടെ കേടുപാടുകൾ തീർക്കുന്നതിനുള്ള നഷ്ട പരിഹാര തുക ലഭിക്കില്ലെന്ന് അറിയാമായിരുന്നതുകൊണ്ടാണ് അതിനു ശ്രമിക്കാതെ വാഹനം തിരികെയെടുത്തതെന്നും    മാത്യു പറയുന്നു. എന്നാൽ തന്റെ വാഹനം ശരിക്കും അലക്ഷ്യമായി ഉപയോഗിച്ച ശേഷമാണ് തിരികെ ലഭിച്ചത്. ഇതോടൊപ്പം വാഹനം കമ്പനിയുടെ കൈവശമായിരുന്ന ഘട്ടത്തിൽ ട്രാഫിക്ക് നിയമലംഘനത്തിന് 550 രൂപയുടെ പിഴയും ലഭിച്ചതായും   മാത്യു  പറയുന്നു.