കൊച്ചി: സഹോദരിയുടെ വിവാഹത്തിനു സ്വർണം വാങ്ങാൻ മുവാറ്റുപുഴ ഐ.സിഐസി.ഐ ബാങ്കിൽ നിക്ഷേപിച്ച 5.15 ലക്ഷം രൂപ നഷപ്പെട്ടിട്ടു മൂന്നു മാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങും എത്തിയില്ലെന്ന് ആക്ഷേപം. തന്റെ തുക നഷ്ടമായി എന്നാരോപികുന്ന അക്കൗണ്ട് ഉടമ എറണാകുളം മഴുവന്നുർ സ്വദേശിയായ ബേസിൽ കെ. മേലെത്താണ് മൂവാറ്റുപുഴ ഐ.സിഐസി.ഐ ബാങ്കിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നല്കിയിട്ടുള്ളത്. അരമണിക്കൂർ സമയം ലക്ഷങ്ങൾ വേറെ ഏതോ അക്കൗണ്ടിലേക്കു മാറി എന്ന സന്ദേശം ലഭിച്ചെന്നാണു പരാതി.

കഴിഞ്ഞ ഓഗസ്റ്റ് 24ന് നടന്ന തന്റെ സഹോദരിയുടെ വിവാഹത്തിന് സ്വർണം വാങ്ങിക്കാനായാണ് മാസങ്ങൾക്ക് മുൻപ് ബേസിൽ മുവാറ്റുപുഴ ഐ.സിഐസി.ഐ ബാങ്കിലെ സ്വന്തം അക്കൗണ്ടിൽ തുക നിക്ഷേപിച്ചത്. എന്നാൽ ജൂലായ് 9നു രാത്രി 19,000 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറിയതായി രാത്രി ഫോണിൽ മെസ്സേജ് വന്നു. ഇത് കണ്ടയുടൻ ബാങ്കിൽ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല എന്നാണ് പരാതി. അല്പസമയത്തിനകം 1.81 ലക്ഷവും, തുടർന്ന് 1.5 ലക്ഷവും, 1.65 ലക്ഷവും അക്കൗണ്ടിൽ നിന്ന് പിൻവലിക്കപ്പെട്ടു.

അവസാനം വെറും നാലായിരത്തോളം രൂപ മാത്രമാണ് ബേസിലിന്റെ അക്കൗണ്ടിൽ ബാക്കി ആയത്. വേറെ പല സ്ഥലത്തുനിന്നു പണമുണ്ടാക്കിയാണ് സഹോദരിയുടെ വിവാഹം നടത്തിയത് എന്നാണ് ബേസിൽ പറയുന്നത്. മൂവാറ്റുപുഴ എസ്‌ഐ കേസ് എടുത്തു അന്വേഷണം ആരംഭിച്ച ഈ കേസ് പിന്നീട് സൈബർ സെല്ലിന് വിട്ടു. പഞ്ചാബ്, ഹരിയാന തുടങ്ങിയ സ്ഥലങ്ങളിലുള്ള അക്കൗണ്ടിലേക്കാണ് തുക മാറ്റിയത് എന്നാണു കണ്ടെത്തൽ. അനേഷണത്തിനു പരിമിതികളുണ്ടെന്നും അതുകൊണ്ട് ഇത് പൂർത്തിയാക്കാൻ സാധിച്ചില്ല എന്നുമാണ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ പറയുന്നത്.

ഇന്റർനെറ്റ് ബാങ്കിങ് വഴി ഉടമക്ക് പറ്റിയ പിഴവുമാത്രമാണ് ഇതെന്നും ഇതിൽ ബാങ്കിനോ ഇവിടത്തെ സ്റ്റാഫുകൾക്കോ പിഴവുകൾ ഒന്നും സംഭവിച്ചിട്ടില്ല എന്നുമാണ് ബാങ്കിൽനിന്ന് കിട്ടുന്ന വിശദീകരണം. ബാങ്കിന്റെ ഓംബുഡ്‌സ്മാന് ഇത് കാണിച്ചു അക്കൗണ്ട് ഉടമ ബേസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടർന്ന് എംഡിക്കും പരാതി അയച്ചു. എന്നാൽ പണം മാറ്റിയ അക്കൗണ്ട് വിവരങ്ങൾ ലഭിച്ചു എന്നല്ലാതെ വേറെയൊന്നും ഇവിടെ നിന്നു കിട്ടിയില്ല എന്നാന്നു ആക്ഷേപം. നഷ്ടപ്പെട്ട തുക തിരികെ കിട്ടണമെന്നും ബാങ്കിന്റെ ഇത്തരത്തിലുള്ള ദുരുഹമായ ഇടപാടുകളെക്കുറിച്ച് ഡി.വൈ.എസ്‌പി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥന്റെ കീഴിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് ബേസിൽ ആവശ്യപ്പെടുന്നത്.

സ്വകാര്യ ബാങ്കുകളെ കുറിച്ചുള്ള ഇത്തരം പരാതി മുൻപും ഉയർന്നു വന്നിട്ടുണ്ട്. പലപ്പോഴും പല ചാർജുകൾ എന്ന പേരിലും, ഒരു പേരും പറയാതെയും അനധികൃതമായി അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നതായി ഇത്തരം ന്യൂ ജനറേഷൻ ബാങ്കുകൾകെതിരെ വ്യാപകമായ ആരോപണമുണ്ട്. വലിയ തുക മിനിമം ബാലൻസ് വേണം എന്നുള്ളതുതുകൊണ്ട് ഇത്തരത്തിലുള്ള ചെറിയ ചാർജുകൾ ബാങ്ക് അക്കൗണ്ടിൽനിന്ന് പിടിക്കുന്നത് പലപ്പോഴും ഇവിടെ അക്കൗണ്ടുള്ള ബാങ്ക് ഉപയോക്താക്കൾ അറിയാറില്ല എന്നുള്ളതാണ് സത്യം. ബാങ്ക് തട്ടിപ്പ് വൻതോതിൽ മൂവാറ്റുപുഴയിൽ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബാങ്കിന്റെ പേരിൽ വിളിച്ചു എ.ടി.എം. പിൻ നമ്പർ വാങ്ങിച്ചു കവർച്ചകൾ നടത്തുന്ന ഗൂഢസംഘം മൂവാറ്റുപുഴയിൽ ശക്തമാകുന്നുവെന്നും അക്കൗണ്ട് ഉടമകളോട് ആര് ബാങ്കിന്റെ പേര് പറഞ്ഞു ഫോണിൽ ബന്ധപെട്ടാലും എ.ടി.എം പിൻ നൽകരുതെന്നും കാണിച്ചു എസ്.ബി.ടി. സർക്കുലറും പത്രക്കുറിപ്പും ഇറക്കിയിരുന്നു.