തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഭരക്കുന്നത് രാജഭരണത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണെന്ന ആക്ഷേപങ്ങൾ നിരവധിയാണ്. തനിക്ക് ഇഷ്ടമുള്ളവരെ വഴിവിട്ട് സഹായിക്കുന്ന അദ്ദേഹം സത്യസന്ധരായ ഉദ്യോഗസ്ഥരെ ഒതുക്കാനും മിടുക്കന്മാരാണെന്നത് വ്യക്തമായ കാര്യമാണ്. അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് ജേക്കബ് തോമസ് ഇപ്പോഴും വീട്ടിലിരിക്കുന്നത്. ഏറ്റവും മുതിർന്ന ഡിജിപി ആയിട്ടു കൂടി വൈരാഗ്യ ബുദ്ധിയോടെയാണ് പിണറായി ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കുന്നത്. എന്നാൽ, ക്രിമിനൽ പൊലീസുകാരെ പ്രമോട്ട് ചെയ്യുന്നതിന് യാതൊരു മടിയും അദ്ദേഹത്തിന് ഇല്ലതാനും. അത്തരമൊരു നടപടിയാണ് ഇപ്പോൾ സംസ്്ഥാന പൊലീസിൽ നിരവധി ചുമതലകൾ വഹിക്കുന്ന എസ്‌പിയുടെ കാര്യത്തിൽ സർക്കാർ കൈക്കൊണ്ടിരിക്കുന്ന തീരുമാനം.

ക്രൈംബ്രാഞ്ച് എസ്‌പി കൂടിയായ ആർ.നിശാന്തിനിക്കു സേനയ്ക്കു പുറത്തും പുതിയ ചുമതലകൾ നൽകുകയാണ് സർക്കാർ. പൊലീസ് ഉദ്യോഗസ്ഥരുടെ അഭാവം കൊണ്ടല്ല ഈ തീരുമാനം. മറിച്ച് തങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് അധിക ചുമതല നൽകുക എന്നതു മാത്രമാണ് ഈ തീരുമാനത്തിന് പിന്നിൽ. വനിതാ ശിശുക്ഷേമ വകുപ്പിലെ മൂന്നു പ്രധാന തസ്തികകളുടെ അധികച്ചുമതലയാണ് ഇപ്പോൾ നിശാന്തിനിക്ക് നൽകിയിരിക്കുന്നത്. നിശാന്തിനിയെ ഈ സ്ഥാനത്ത് നിയമിച്ചതോടെ പണി കിട്ടിയത് വകുപ്പിലെ മറ്റു ചില ജീവനക്കാർക്കാണ്. അവർക്ക് പ്രമോഷൻ പോസ്റ്റായി ലഭിക്കേണ്ട തസ്തികയിൽ ഇരിക്കാൻ സാധിക്കാത്ത അവസ്ഥ വന്നു.

തങ്ങൾക്കു സ്ഥാനക്കയറ്റത്തിലൂടെ കിട്ടേണ്ട തസ്തികകളാണ് ഇതുവഴി ഇല്ലാതായതെന്ന പരാതിയുമായി വകുപ്പിലെ ചില ഉദ്യോഗസ്ഥർ മന്ത്രി കെ.കെ.ശൈലജയെ സമീപിച്ചു. എന്നാൽ, യുഎന്നിൽ ഡപ്യൂട്ടേഷനിൽ പോകാൻ ആവശ്യമായ ജോലി പരിചയത്തിനു വേണ്ടിയാണു നിശാന്തിനിക്കു വനിതാ ശിശുക്ഷേമ വകുപ്പിലെ ചുമതലകൾ നൽകിയതെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. നിർഭയ നോഡൽ ഓഫിസർ, ജെന്റർ പാർക്ക് സിഇഒ, ഇന്റഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി സ്‌പെഷൽ ഓഫിസർ എന്നീ ചുമതലകളാണു നൽകിയത്. നിലവിൽ ക്രൈംബ്രാഞ്ച് എസ്‌പിയായ നിശാന്തിനിക്കു വനിതാ ബറ്റാലിയൻ കമൻഡാന്റിന്റെ അധിക ചുമതലയുമുണ്ട്.

നേരത്തെ ബാങ്ക് മാനേജറെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവത്തിൽ നിശാന്തിനി തെറ്റുകാരിയാണെന്ന് അന്വേഷണത്തിലും വകുപ്പുതലത്തിലും വ്യക്തമായ കാര്യമായിരുന്നു. എന്നിട്ടും കാര്യമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. ക്രിമിനൽ സ്വഭാവം കാണിച്ച വ്യക്തിക്ക് കൂടുതൽ അധികാരം നൽകുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. ബാങ്ക് മാനേജർ പേഴ്സി ജോസഫിനെ 2011 ജൂലൈയിൽ തൊടുപുഴ പൊലീസ് സ്റ്റേഷന്റെ മുകൾ നിലയിലെ എഎസ്‌പി ഓഫിസിൽവച്ച് നിശാന്തിനിയും പൊലീസുകാരും ചേർന്നു മർദിച്ചെന്ന ആരോപണത്തിലെ കേസ് ഹൈക്കോടതിയിലാണ്.

തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് ഏബ്രഹാമിനെ അന്വേഷണ ഉദ്യോഗസ്ഥനായും ഹെഡ് ക്വാർട്ടേഴ്സ് ഐജി ദിനേന്ദ്ര കശ്യപിനെ പ്രിസൈഡിങ് ഓഫിസറായും നിയമിച്ചു അന്വേഷണവും നടത്തിയിരുന്നു. നിശാന്തിനി നേരത്തേ ആരോപണം നിഷേധിച്ചിരുന്നു. വായ്പയെടുക്കാൻ എത്തിയ പ്രമീളയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചു തന്നെ വിളിച്ചു വരുത്തി മർദിച്ചെന്നാണു പേഴ്സിയുടെ പരാതി. ഹൈക്കോടതിയുടെ വിധിയുള്ളതുകൊണ്ട് തന്നെ നിശാന്തിനിക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്നാണ് സൂചന. ഐഎഎസ് ഉദ്യോഗസ്ഥനായ രാജമാണിക്യത്തിന്റെ ഭാര്യയാണ് നിശാന്തിനി.

പേഴ്സി ജോസഫ് ഡെസ്മണ്ടിനെ കസ്റ്റഡിയിൽ ദ്രോഹിച്ചെന്ന കേസിൽ പൊലീസുദ്യോഗസ്ഥരുടെപേരിൽ അച്ചടക്കനടപടി ആവശ്യമാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതിക്കാരന്റെ പ്രഥമവിവരമൊഴി വിളിച്ചുവരുത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഈ നിർദ്ദേശം. തൊടുപുഴ മജിസ്ട്രേറ്റുകോടതിയിൽ കേസുള്ള കാര്യം മറച്ചുവെച്ച് അതിലുൾപ്പെട്ട ഏതെങ്കിലും പൊലീസുദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയിട്ടുണ്ടോയെന്നും സംസ്ഥാന പൊലീസ് മേധാവി പരിശോധിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യം നിലനിൽക്കെ തന്നെയാണ് നിശാന്തിനിക്ക് കൂടുതൽ ചുമതലകൾ നൽകിയിരിക്കുന്നത്.

2011 ജൂലായ് 27-ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരാതിക്കാരന്റെ പ്രഥമവിവരമൊഴിയെടുത്തയാളാണ് ഹർജിക്കാരനായ മുഹമ്മദ് എന്ന പൊലീസുകാരൻ. മൊഴി സ്റ്റേഷൻ ഹൗസ് ഓഫീസറെ ഏൽപ്പിച്ചതിന്റെ രേഖ ഹർജിക്കാരൻ ഹാജരാക്കി. പരാതി ഉന്നതപൊലീസുദ്യോഗസ്ഥരുടെ പേരിലാണെന്നതിനാലാണ് അങ്ങനെ ചെയ്തതെന്നും ബോധിപ്പിച്ചു. അക്കാര്യം വിലയിരുത്തി ഹർജിക്കാരന്റെ പേരിൽ തൊടുപുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് സിംഗിൾ ബെഞ്ച് റദ്ദാക്കുകയും ചെയ്തു. എന്നാൽ, അന്നത്തെ എ.എസ്‌പി.യും രണ്ടു വനിതകളുൾമുൾപ്പെടെ നാലു പൊലീസുദ്യോഗസ്ഥർ നടത്തിയ കടുത്തപീഡനത്തെക്കുറിച്ചാണ് മൊഴിയിൽ പറയുന്നതെന്ന് കോടതി വിലയിരുത്തി. പേഴ്സിയെ എ.എസ്‌പി.യുടെ ഓഫീസിലെത്തിച്ചായിരുന്നു മർദിച്ചവശനാക്കിയത്.

വായ്പയ്ക്ക് ബാങ്കിലെത്തിയ വനിതാ പൊലീസുദ്യോഗസ്ഥയുടെ കൈയിൽ കയറിപ്പിടിച്ചെന്നായിരുന്നു പേഴ്സിയുടെ പേരിലെ ആക്ഷേപം. വായ്പ നിഷേധിച്ചതിന്റെ പേരിൽ ആക്ഷേപമുന്നയിച്ച് എ.എസ്‌പി.യുടെ ഓഫീസിലെത്തിക്കുകയായിരുന്നു. അത്തരമൊരു പരാതിയിൽ കുറ്റാരോപിതരുടെപേരിൽ ശരിയായ രീതിയിൽ അച്ചടക്കനടപടി വേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിക്കുന്നു. പരാതിക്കാരന്റെ പ്രഥമവിവരമൊഴി ഏറെക്കാലം പൊലീസുദ്യോഗസ്ഥർ മനപ്പൂർവം ഒതുക്കിയെന്നും കോടതി അഭിപ്രായപ്പെട്ടു. ആരോപണവിധേയരെ നിയമനടപടിയിൽനിന്ന് രക്ഷിക്കാനുള്ള ഉദ്ദേശ്യത്തോടെയാകാമിത്. ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് പ്രഥമവിവരറിപ്പോർട്ട് പുറത്തുവന്നതെന്നും ഹൈക്കോടതിയിൽ ഹാജരാക്കിയതെന്നും സിംഗിൾ ബെഞ്ച് വിലയിരുത്തി.

ഇതേ കേസിൽ കേസിൽ നിശാന്തിനി ഉൾപ്പെടെ ആറു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചിരുന്നു. ആരോപണ വിധേയനായ വ്യക്തി ബാങ്ക് മാനേജരായിട്ടും നിശാന്തിനി കേസ് കൈകാര്യം ചെയ്തത് പ്രഫഷനൽ സമീപനത്തോടെയായിരുന്നില്ല. നിശാന്തിനിക്കെതിരെ പൊതുഭരണ വകുപ്പ് തുടർനടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു്. 2011ലാണ് പേഴ്സി ജോസഫിനെ നിശാന്തിനി ഐപിഎസ് അടക്കം ഒരു കൂട്ടം പൊലീസുകാർ ചേർന്ന് കള്ളക്കേസിൽ കുടുക്കിയത്. സ്‌കൂട്ടർ വാങ്ങാൻ ലോണിനായി ചെന്ന പ്രമീളാ ബിജു എന്ന പൊലീസുകാരിയുടെ കയ്യിൽ കടന്നു പിടിച്ചു എന്ന് കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നു. പേഴ്സി ജോസഫിനെ കുരുക്കാൻ കെട്ടി ചമച്ച കള്ളക്കേസാണെന്ന് കണ്ട് 2016 ഏപ്രിൽ 15ന് ഇദ്ദേഹത്തെ കോടതി കുറ്റ വിമുക്തനാക്കിയിരുന്നു.