മലപ്പുറം: പരപ്പനങ്ങാടി സിഐ വനിതാ ജീവനക്കാരിയെ അപമാനിച്ചതായി പരാതി. അവധി ദിവസങ്ങളിൽ പ്രത്യേക ഡ്യൂട്ടിക്ക് പോവുകയായിരുന്ന വനിതാ ജീവനക്കാരിയെ അപമാനിക്കുകയും കൂടെ ഉണ്ടായിരുന്ന ഭർത്താവിനെ മർദ്ദിക്കുകയും ചെയ്ത പരപ്പനങ്ങാടി സിഐ സിഐ ഹണി കെ ദാസിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കാണിച്ചു ജോ.കൗൺസിൽ വനിതാ കമ്മിറ്റി കലക്ടർക്ക് പരാതി നൽകി.

തിരൂരങ്ങാടി താലൂക്കിൽ ഞായറാഴ്ച ജോലിക്ക് എത്തിയ ടൈപ്പിസ്റ്റ് ലേഖ ഭർത്താവ് പ്രമോദ് എന്നിവരെയാണ് പരപ്പനങ്ങാടിങ്ങാടി സിഐ തടഞ്ഞു വെച്ചത്. പ്രമോദിന്റെ മൊബൈൽ പിടിച്ചെടുത്ത ശേഷം ലാത്തി കൊണ്ട് അടിക്കുകയും ചെയ്തു. തുടർന്ന് ലേഖയും തിരൂരങ്ങാടി താലൂക്ക് ഡെ.തഹസിൽദാരും പൊലീസ് സ്റ്റേഷനിൽ ചെന്നു സംസാരിക്കാൻ ശ്രമിച്ചപ്പോഴും അവരോട് കയർക്കുകയും അപമാനിക്കുകയും ആണ് സി ഐ ചെയ്തത്.

മർദ്ദനമേറ്റ പ്രമോദ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സ്വന്തം സുരക്ഷയും കുടുംബത്തിന്റെ സുരക്ഷയും പരിഗണിക്കാതെ അവധി ദിവസങ്ങളിൽ പോലും ജോലിക്ക് എത്തുന്ന വനിതാ ജീവനക്കാരടക്കമുള്ളവരെയും കൂടെ യാത്ര ചെയ്യുന്ന ബന്ധുക്കളേയും പൊലീസ് തടഞ്ഞു വെച്ചു അപമാനിക്കുന്നത് അവസാനിപ്പിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് കാണിച്ചു ജോ.കൗൺസിൽ വനിതാ കമ്മിറ്റി പ്രസിഡന്റ് ജി സത്യറാണി സെക്രട്ടറി സീമ സി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കവിതാ സദർ, എം ഗിരിജ എന്നിവർ കലക്ടർക്ക് പരാതി നൽകി.

സംഭവം അന്വേഷിച്ച് വൈകുന്നേരത്തോടെ നടപടി സ്വീകരിക്കണമെന്ന് കലക്ടർ ജില്ലാ പൊലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകിയിട്ടുണ്ട്.